India

തെലങ്കാന മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കാനെത്തിയ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശര്‍മിള റെഡ്ഡി സഞ്ചരിച്ച കാര്‍ പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോയി.തെലങ്കാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ, മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വീട് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് നടപടി.

വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ (വൈഎസ്ആര്‍ടിപി) സ്ഥാപക പ്രസിഡന്റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി സഞ്ചരിച്ചിരുന്ന കാര്‍ തെലുങ്കാന പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കൊണ്ട് പോയി. തെലങ്കാന സര്‍ക്കാര്‍ കോടികളുടെ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ വീട് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വൈഎസ് ശര്‍മിള റെഡ്ഡിക്കെതിരെയുള്ള പൊലീസ് നടപടി. ഇതേ തുടര്‍ന്ന് ഹൈദരബാദ് നഗരത്തില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. നഗരത്തിന്റെ പല ഭാഗത്തും ടിആര്‍എസ് പ്രവര്‍ത്തകരും വൈഎസ്ആര്‍ടിപി പ്രവര്‍ത്തകരും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി.

ശര്‍മിള കാറിനകത്ത് ഇരിക്കുന്നതിനിടെയാണ് ക്രെയ്ന്‍ ഉപയോഗിച്ച് പൊലീസ് കാര്‍ നീക്കിയത്. പൊലീസ് പുറത്തിറങ്ങാന്‍ ശര്‍മിളയോട് ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് കാര്‍ വലിച്ചിഴച്ചപ്പോള്‍ ശര്‍മിള കാറിനുള്ളില്‍ ഇരിക്കുന്നതും അവരുടെ അനുയായികള്‍ കാറിന് പുറകെ ഓടുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിനാണ് വൈഎസ് ശര്‍മിള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി സ്ഥാപിച്ചത്.

കെസിആറിന്റെ ഭീഷണിയില്‍ വൈഎസ്ആറിന്റെ കുട്ടി ഭയപ്പെടില്ലെന്ന് വൈഎസ് ശര്‍മിള റെഡ്ഡി പറഞ്ഞു. ചന്ദ്രശേഖര്‍ റാവൂ, നിന്റെ പതനം ഉറപ്പാണെന്നും ശര്‍മിള മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസവും തെലുങ്കാന സര്‍ക്കാര്‍ വൈ എസ് ശര്‍മിളയെ അറസ്റ്റ് ചെയ്തിരുന്നു. ഭാരത രാഷ്ട്ര സമിതി പ്രവര്‍ത്തകരുമായി ശര്‍മിളയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന വാറങ്കലില്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

നര്‍സാംപേട്ടിലെ എംഎല്‍എയായ പി സുദര്‍ശന്‍ റെഡ്ഡിക്കെതിരെ ശര്‍മിള നടത്തിയ പരാമര്‍ശത്തില്‍ പ്രകോപിതരായ ബിആര്‍എസ് പ്രവര്‍ത്തകര്‍ ശര്‍മിളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയും അവരുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു ബസടക്കമുള്ള വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് ബിആര്‍എസ് പ്രവര്‍ത്തകരുമായി ശര്‍മിളയുടെ അനുയായികള്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ശര്‍മിള ഇടപെട്ടതോടെ അവരെ വാറങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. റെഡ്ഡിക്കെതിരെ ശര്‍മിള അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.

ക്ലാസ് മുറിയിൽ വെച്ച് ഭീകരവാദിയെന്ന എന്ന വിളിച്ച അധ്യാപകനോട് കയർത്ത് മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയിൽ വച്ചായിരുന്നു സംഭവം. വിദ്യാർഥിയുടെ പേരെന്താണെന്നു അധ്യാപകൻ ചോദിച്ചു. മുസ്ലിം നാമം കേട്ടപ്പോൾ ”ഓ, നിങ്ങൾ കസബിനെപ്പോലെയാണ് അല്ലേ”യെന്ന് അധ്യാപകൻ ചോദിക്കുകയായിരുന്നു. ഇതാണ് വിവാദത്തിലേയ്ക്ക് വഴിവെച്ചത്.

മറ്റൊരു വിദ്യാർത്ഥി പകർത്തിയ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ”26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിം ആയതിനാൽ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങൾക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയിൽ. അത് അത്രയ്ക്ക് രസകരമല്ല സർ” എന്നാണ് വിദ്യാർഥി മറുപടി നൽകിയത്.

വിദ്യാർഥി പ്രതികരിക്കാൻ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്ന് തിരിച്ചറിഞ്ഞ അധ്യാപകൻ വിഷയം മാറ്റി. നീ എനിക്ക് മകനെ പോലെ അല്ലേ എന്ന് പറഞ്ഞ് സ്ഥിതി തണുപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ, മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്നു വിളിക്കുമോ എന്നാണ് അധ്യാപകനോട് വിദ്യാർത്ഥി മറുചോദ്യമെറിഞ്ഞു.

തുടർന്ന് രക്ഷയില്ലെന്ന് കണ്ടതോടെ വിദ്യാർഥിയോട് അധ്യാപകൻ മാപ്പു ചോദിക്കുകയും ചെയ്തു. ഇത്രയധികം ആളുകളുടെ മുന്നിൽവച്ച് നിങ്ങൾക്ക് എങ്ങനെ എന്നെ അങ്ങനെ വിളിക്കാൻ തോന്നി? നിങ്ങൾ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ്. നിങ്ങളുടെ ക്ഷമാപണം നിങ്ങൾ എങ്ങനെ ചിന്തിക്കുന്നുവെന്നോ എങ്ങനെ ഇവിടെ നിങ്ങളെ തന്നെ ചിത്രീകരിക്കുന്നുവെന്നോ ഉള്ളതിൽ ഒരു മാറ്റവും വരുത്തില്ലെന്നും വിദ്യാർത്ഥി പറയുന്നു. സംഭവത്തിൽ, അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു.

ബസ് യാത്രയ്ക്കിടെ അപസ്മാരബാധയുണ്ടായ മൂന്നു വയസ്സുകാരന് അടിയന്തര ചികിത്സ ഉറപ്പാക്കി മാതൃകയായി 2 വിദ്യാർത്ഥികൾ. തൃക്കണ്ണമംഗൽ എസ്‌കെവി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ വിനായകും ശ്രീഹരിയുമാണു രക്ഷകർ.

അമ്മയെയും കുഞ്ഞിനെയും ഓട്ടോറിക്ഷയിൽ താലൂക്ക് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയ ശേഷം, കുട്ടിയുടെ പിതാവ് വരുന്നത് വരെ തുണയായി ഇരുന്നാണ് ഇരുവരും മികച്ച മാതൃകയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കൊട്ടാരക്കര ബസ് സ്റ്റാൻഡിലായിരുന്നു സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞു ബസിൽ മടങ്ങുകയായിരുന്നു വിദ്യാർഥികൾ.

ചെപ്ര സ്വദേശിനി മകനുമായി ബസിലെത്തി. കുട്ടി വിറയ്ക്കുന്നതും കുഴഞ്ഞുവീഴുന്നതും കണ്ട് അമ്മ നിലവിളിച്ചു. ബസിൽ നിന്നു ചാടിയിറങ്ങിയ വിദ്യാർഥികൾ പോലീസുകാരന്റെ സഹായത്തോടെ ഓട്ടോറിക്ഷ വിളിച്ചു. കുഞ്ഞിനെയും അമ്മയെയും കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വന്തം സ്‌കൂൾ ബാഗ് പോലും ബസിൽ ഉപേക്ഷിച്ചാണു കുട്ടികൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കുട്ടിയുടെ അച്ഛൻ എത്തുംവരെ ഇരുവരും ആശുപത്രിയിൽ തങ്ങി. വിദ്യാർഥികളെ സ്‌കൂളും അനുമോദിച്ചു.

സ്‌കൂളില്‍ രണ്ടുദിവസമായി വിദ്യാര്‍ത്ഥികളുടെ ആഘോഷവും സന്തോഷവും കളിയാടുകയായിരുന്നു. എന്നാല്‍ എല്ലാ സന്തോഷങ്ങളേയും തല്ലി കെടുത്തി രണ്ട് വിദ്യാര്‍ത്ഥികളുടെ മരണ വാര്‍ത്തയാണ ്‌തേടിയെത്തിയത്.

ശാസ്ത്ര സാങ്കേതിക മേളയുടെ ഭാഗമായി നല്‍കിയ അവധി ദിനം ആഘോഷമാക്കാന്‍ പോയ രണ്ട് വിദ്യാര്‍ത്ഥികളാണ് കല്ലടയാറ്റിലെ കയങ്ങളില്‍ മുങ്ങി മരിച്ചത്. സാം ഉമ്മന്‍ മെമ്മോറിയല്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ റൂബൈന്‍ പി ബിജുവും മുഹമ്മദ് റോഷനുമാണ് മരണപ്പെട്ടത്.

മേളയുടെ സമാപനത്തെ തുടര്‍ന്ന് ഇന്നലെ ശുചീകരണത്തിനായി ഹൈസ്‌കൂളിന് അവധി നല്‍കിയിരുന്നു. ഈ അവധിയാണ് വിദ്യാര്‍ത്ഥികള്‍ ആഘോഷമാക്കാന്‍ ഇറങ്ങിയത്. കല്ലടയാറ്റില്‍ കുളിക്കാനായി പോയ എട്ടംഗ വിദ്യാര്‍ത്ഥികളുടെ സംഘത്തിലായിരുന്നു റൂബൈനും മുഹമ്മദ് റോഷനും ഉണ്ടായിരുന്നത്.

കുളിക്കാന്‍ ഇറങ്ങിയ 4 പേരും കയത്തില്‍പ്പെടുന്നതു കണ്ട് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി ഒപ്പുമുള്ളവര്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ അപകടമറിഞ്ഞത്.

ആറ്റിലേക്കു ചാടി 2 പേരെ കരയ്‌ക്കെത്തിച്ചെങ്കിലും റൂബൈനും റോഷനും കയങ്ങളില്‍ പെട്ട് മുങ്ങിപ്പോവുകയായിരുന്നു. കല്ലടയാറ്റിലെ കയങ്ങള്‍ പരിചിതര്‍ക്കു പോലും പിടികൊടുക്കാറില്ല. പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും കയങ്ങള്‍ പലതും മണ്ണടിഞ്ഞു നികന്നിരുന്നെങ്കിലും ആഴമില്ലെന്നു തോന്നുന്ന പലയിടവും കയങ്ങളായി അപകടക്കെണി ഒരുക്കുകയണ്.

പ്രവാസിയായ ഭര്‍ത്താവ് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയപ്പോള്‍ ഭാര്യ കാമുകനോടൊപ്പം നാടുവിട്ടു. നാവായിക്കുളം മുട്ടിയറ നിന്ന് മേനാപ്പാറ താമസമാക്കിയ വൃദ്ധ ദമ്പതികളുടെ 29 വയസുള്ള മകളാണ് 23 കാരനായ യുവാവിനൊപ്പം ഒളിച്ചോടിയത്.

ഭര്‍ത്താവിനെയും 9 വയസായ മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെ പോലീസ് കാമുകനോടൊപ്പം വിട്ടയച്ചു. യുവതിയുടെ ഭര്‍ത്താവ് 5 ദിവസം മുന്‍പ് വിദേശത്ത് നിന്ന് ശബരിമലയില്‍ പോകാനായി നാട്ടിലെത്തിയിരുന്നു.

ഭര്‍ത്താവിന്റെയും യുവതിയുടെ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത കല്ലമ്പലം പോലീസ് യുവതിയുടെ താത്പര്യ പ്രകാരം കാമുകനൊപ്പം വിട്ടയയ്ക്കുകയായിരുന്നു. പണവും സ്വര്‍ണ്ണാഭരണങ്ങളുമടക്കം വന്‍ സാമ്പത്തിക തട്ടിപ്പ് കാമുകനുമായി ചേര്‍ന്ന് യുവതി നടത്തിയതായി ബന്ധുക്കള്‍ പരാതിപ്പെട്ടു.

പത്തനംതിട്ടയിൽ മകളെ പീഢിപ്പിച്ച പിതാവിന് 107 വർഷം കഠിന തടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് 107 വർഷം കഠിന തടവിനും 4 ലക്ഷം രൂപ പിഴയും വിധിച്ചത്.

കുമ്പഴ സ്വദേശിയായ 45 വയസുകാരനായ പിതാവിനാണ് ശിക്ഷ ലഭിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടി പിതാവിനോടൊപ്പം സ്വഭവനത്തിൽ താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്. പിതാവിന്റെ അക്രമങ്ങളെ തുടർന്ന് കുട്ടിയുടെ മാതാവ് നേരത്തെ തന്നെ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. ഇതിനുശേഷമാണ് ഇയ്യാൾ കുട്ടിയെ ഉപദ്രവിക്കാൻ തുടങ്ങിയത്. ക്രൂരമായ പീഢനമായിരുന്നു പിതാവ് കുട്ടിക്കെതിരെ നടത്തിയിരുന്നത്.

സ്കൂളിലെത്തി അധ്യാപകരോട് കുട്ടി വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിനെ അറിയിക്കുകയും പോക്സോ കേസ് ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്യുകമായിരുന്നു. അതിക്രൂരമായ പീഢനമാണ് കുട്ടിക്കെതിരെ നടന്നതെന്നും അതിനാൽ പ്രതി പരോൾ പോലും അർഹിക്കുന്നില്ലെന്നും കോടതി വിധി പ്രസ്താവനത്തിനിടയിൽ പറഞ്ഞു.

തിരുവനന്തപുരം ഉദയന്‍കുളങ്ങരയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. ചെല്ലപ്പന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന ചെല്ലപ്പനെ ഭാര്യ ലൂര്‍ദ് മേരി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ലൂര്‍ദ് മേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

മക്കളുടെയും മരുമക്കളുടെയും പരിപൂർണ്ണ സമ്മതത്തോടെ 78-ാം വയസിൽ വീണ്ടുമൊരു വിവാഹം ചെയ്ത് തിരുവനന്തപുരം ചിറയിൻകീഴ് കീഴ്വിലം പെരുമാമഠം വീട്ടിൽ കെ. സോമൻനായർ. തലവടി തുടങ്ങിയിൽ 59കാരിയായ ബിനാകുമാരിയാണ് സോമൻനായർക്ക് വധുവായത്. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും മക്കളും കൊച്ചുമക്കളും സന്നിഹിതരായി.

റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥനാണ് സോമൻനായർ. പിന്നീട് സംസ്ഥാനത്തെ എൻസിസി വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. ഒരു വർഷം മുൻപാണ് സോമൻനായരുടെ ഭാര്യ മരിച്ചത്. മൂന്ന് മക്കളാണുള്ളത്. ബീനാകുമാരിയുടെ ഭർത്താവ് 10 വർഷം മുൻപാണ് ലോകത്തോട് വിടപറഞ്ഞത്. ബിനാകുമാരിയുടെ വിവാഹത്തിനായി മുൻകൈ എടുത്തത് സഹോദരൻ ടിഡി പ്രവീണും.

ഒരു മകൾ മാത്രമാണ് ഉള്ളത്. വിഡോ ഗ്രൂപ്പ് വഴിയാണ് വിവാഹ ആലോചന എത്തിയത്. പ്രവീൺ സോമൻനായരുടെ മക്കളുമായി സംസാരിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. മൂന്ന് മക്കളും സമ്മതം മൂളിയ ശേഷമാണ് ഇരുവരുടെയും വിവാഹത്തിന് വഴിയൊരുങ്ങിയത്. വിവാഹത്തിന് സോമൻ നായരുടെ മൂത്തമകളും മരുമകനും കൊച്ചുമക്കളും ഉൾപ്പെടെയുള്ളവർ സാക്ഷിയായി. എയർഫോഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് അംഗമാണ് സോമൻ നായർ.

ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും മുക്തമായിട്ടില്ല ഡല്‍ഹി. അതിനിടെ സമാനസ്വഭാവത്തിലുള്ള മറ്റൊരു കൊലപാതകത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച്. മകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയും മൃതദേഹം മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്ത സംഭവമാണ് പോലീസ് വെളിച്ചത്തുകൊണ്ടുവന്നത്.

കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലെ താമസക്കാരിയായ പൂനം എന്ന സ്ത്രീയാണ് ഭര്‍ത്താവ് അഞ്ജന്‍ ദാസിനെ മകന്‍ ദീപക്കിന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്. പൂനത്തിന്റെ ആദ്യഭര്‍ത്താവിലുള്ള മകനാണ് ദീപക്. കൊലയ്ക്കു ശേഷം അഞ്ജന്റെ മൃതദേഹം പത്തുകഷണങ്ങളാക്കി മുറിച്ച് പോളിത്തീന്‍ ബാഗുകളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പലയിടങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. പൂനത്തെയും ദീപക്കിനെയും ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

പൂനത്തിന്റെ സ്വര്‍ണം അഞ്ജന്‍ദാസ് വില്‍ക്കുകയും ആ പണം അദ്ദേഹത്തിന്റെ ആദ്യഭാര്യയ്ക്ക് അയക്കുകയും ചെയ്തിരുന്നു. എട്ടുമക്കള്‍ക്കൊപ്പം ബിഹാറിലാണ് അഞ്ജന്റെ ആദ്യഭാര്യ താമസിക്കുന്നത്. ഈ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് അഞ്ജനെ കൊലപ്പെടുത്താന്‍ പൂനം ദീപക്കുമായി ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. ആദ്യഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് 2017-ലാണ് പൂനം അഞ്ജനൊപ്പം ജീവിക്കാന്‍ ആരംഭിച്ചത്. തന്റെ ഭാര്യയോട് അഞ്ജന്‍ മോശമായി പെരുമാറിയിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്താനുള്ള പൂനത്തിന്റെ പദ്ധതിയില്‍ പങ്കാളിയായതെന്നും ദീപക് പോലീസിനോടു പറഞ്ഞു.

ജൂണ്‍മാസത്തിലാണ് അഞ്ജനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോടു പറഞ്ഞു. പ്രതികള്‍ അഞ്ജന് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയായിരുന്നെന്നും ബോധരഹിതനായതിന് പിന്നാലെ കൊലപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. ശേഷം പ്രതികള്‍ ഇരുവരും ചേര്‍ന്ന് മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിച്ചു. ഉപേക്ഷിച്ച മൃതദേഹഭാഗങ്ങളില്‍ ആറെണ്ണം ഇതുവരെ കണ്ടെത്തിയതായി
പോലീസ് പറഞ്ഞു.

ജൂണില്‍ പാണ്ഡവ് നഗറില്‍നിന്ന് ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ പോലീസ് കൊലപാതക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ശരീരഭാഗങ്ങള്‍ അഴുകിയിരുന്നതിനാല്‍ അന്വേഷണം ഏറെയൊന്നും മുന്നോട്ടുപോയിരുന്നില്ല. തുടര്‍ന്ന് നവംബര്‍ ആദ്യം ശ്രദ്ധയുടെ കൊലപാതകം പുറത്തുവന്നതോടെ പാണ്ഡവ് നഗറില്‍നിന്ന് ലഭിച്ച മൃതദേഹഭാഗം ശ്രദ്ധയുടേതാണോ എന്നറിയാന്‍ വീണ്ടും പരിശോധന നടത്തി. എന്നാല്‍ അവ ഒരു പുരുഷന്റേതാണെന്ന കാര്യം വ്യക്തമായി. തുടര്‍ന്ന് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്ത പാണ്ഡവ്‌നഗറിനു സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. അപ്പോഴാണ് പൂനവും ദീപക്കും പലരാത്രികളില്‍ പ്രദേശത്ത് വന്ന കാര്യം വ്യക്തമായത്. ദീപക്ക് ബാഗുമായി പോകുന്നതും പൂനം പിന്നാലെ പോകുന്നതുമായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്.

പോലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പ്രദേശവാസിയായ അഞ്ജന്‍ദാസിനെ ഏകദേശം ആറുമാസമായി കാണാനില്ലെന്ന് വ്യക്തമായി. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നുമില്ല. ഇതിനു പിന്നാലെ ദീപക്കിനെയും പൂനത്തെയും പോലീസ് ചോദ്യം ചെയ്യുകയും ഇവര്‍ കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ മക്കളോട് അഞ്ജന് മോശം സമീപനമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനാലാണ് ഇങ്ങനെ ചെയ്തതെന്നും പൂനം മാധ്യമങ്ങളോടു പ്രതികരിച്ചു. ദീപക്കാണ് കത്തികൊണ്ട് അഞ്ജനെ കൊലപ്പെടുത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും. പൃഥ്വിരാജ് ലിസ്റ്റിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്നേക്കാള്‍ കൂടുതല്‍ വട്ടുള്ള ഒരാളെ താന്‍ കാണുന്നത് ലിസ്റ്റിന്‍ സ്റ്റീഫനെ പരിചയപ്പെട്ടപ്പോഴാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.

‘കടുവ’ സിനിമയുടെ സക്‌സസ് സെലിബ്രേഷനിലാണ് പൃഥ്വിരാജ് സംസാരിച്ചത്. ”ഒരുപാട് പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത് വന്ന പ്രോജക്ട് ആണ് ‘കടുവ’. ഒരാളെപ്പറ്റി ഇക്കാര്യത്തില്‍ എടുത്തുപറയണം, ലിസ്റ്റിന്‍ സ്റ്റീഫന്‍. കഴിഞ്ഞ ഒന്നൊന്നര വര്‍ഷക്കാലം എന്റെ എല്ലാ സംരംഭത്തിലും ലിസ്റ്റിന്‍ ഒപ്പമുണ്ടായിരുന്നു.”

”കെജിഎഫ് 2, ചാര്‍ലി 777, കാന്താര എന്നീ 3 സിനിമകള്‍ വിതരണത്തിനെടുത്തപ്പോഴും പങ്കാളിയായി ലിസ്റ്റിന്‍ ഉണ്ടായിരുന്നു. ഞാന്‍ വലിയ സ്വപ്നങ്ങള്‍ കാണുന്ന കൂട്ടത്തിലാണ്. കുറച്ച് വട്ടുള്ള കൂട്ടത്തിലെന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ എന്നേക്കാള്‍ വട്ടുള്ള വട്ടനെ കാണുന്നത് ലിസ്റ്റിനെ പരിചയപ്പെട്ടപ്പോഴാണ്.”

”അങ്ങനെ കൂടെ കൂട്ടാന്‍ പറ്റിയ ആളാണെന്ന് തോന്നി. ലിസ്റ്റിന്‍ ഇല്ലായിരുന്നുവെങ്കില്‍ പല പ്രോജക്ടുകളും നടക്കില്ലായിരുന്നു. മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും ഇല്ലായിരുന്നുവെങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഇത്രയും ലാഭമുള്ള നിര്‍മ്മാണക്കമ്പനി ആകില്ലായിരുന്നു” എന്നാണ് പൃഥ്വിരാജ് പറയുന്നത്.

അതേസമയം, കടുവ സിനിമയുടെ രണ്ടാം ഭാഗം എടുക്കുന്നതിനെ കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്. ”കടുവാക്കുന്നേല്‍ കോരുത് മാപ്പിളയായി മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ അഭിനയിക്കണമെന്നതാണ് എന്റെയും ജിനുവിന്റെയും ആഗ്രഹം. ഇനി അവരാരും സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ നരയിട്ട് ഇറങ്ങും” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍:

ഒരു ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞ് പോകുമ്പോള്‍ എന്നെ പൊലീസ് പിടിച്ചു. വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു. ആ സമയത്ത് ഡ്രൈവര്‍ കൂടെയില്ലാത്തതു കൊണ്ട് വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയിട്ട് കണ്ടില്ല. അങ്ങനെയാണെങ്കില്‍ സ്റ്റേഷനിലേക്ക് പോരാന്‍ പറഞ്ഞു. എന്റെ വീട് ഇവിടെ തൊട്ടടുത്താണെന്ന് ഞാന്‍ പറഞ്ഞു. ‘പറ്റില്ല നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംശയമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.

മദ്യപിച്ചിട്ടില്ലെന്നും ബുക്കും പേപ്പറും കയ്യില്‍ ഇല്ലെന്നും വെറുതെ വിടണമെന്നും ഞാന്‍ പറഞ്ഞു. പേര് എന്താണെന്ന് ചോദിച്ച പൊലീസുകാരനോട് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന് പറഞ്ഞപ്പോള്‍, ‘നിങ്ങള്‍ പൃഥ്വിരാജിന്റെ പാര്‍ട്ണര്‍ ആയ പ്രൊഡ്യൂസര്‍ അല്ലേ, ഗോള്‍ഡ് എന്നാണ് റിലീസ് ചെയ്യുന്നത്’ എന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ഇവിടെ നിന്നു റിലീസ് ചെയ്തിട്ട് വേണം ഗോള്‍ഡ് റിലീസ് ചെയ്യാനെന്നു ഞാനും പറഞ്ഞു.

Copyright © . All rights reserved