India

ഷാരൂഖ് ഖാന്‍-അറ്റ്‌ലീ കോംമ്പോയില്‍ എത്താന്‍ ഒരുങ്ങുന്ന ‘ജവാന്‍’ ചിത്രത്തിനെതിരെ പരാതി. ‘പേരരസ്’ എന്ന തമിഴ് ചിത്രത്തിന്റെ കഥ മോഷ്ടിച്ചു എന്നാണ് പരാതി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ മാണിക്കം നാരായണന്‍ ആണ് ചിത്രത്തിനെതിരെ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ജവാനില്‍ ഷാരൂഖ് ഡബിള്‍ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2006ല്‍ പുറത്തിറങ്ങിയ പേരരസ് ചിത്രത്തില്‍ നടന്‍ വിജയകാന്തും ഡബിള്‍ റോളിലാണ് എത്തിയത്. ചെറുപ്പത്തിലേ വേര്‍പിരിഞ്ഞു പോകുന്ന സഹോദരന്‍മാരുടെ കഥയാണ് പേരരസ് പറഞ്ഞത്.

എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ ഒരു കഥാപാത്രം ആര്‍മി ഓഫീസര്‍ ആയാണ്. നവംബര്‍ 7ന് ആണ് മാണിക്കം നാരായണന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതാദ്യമായല്ല അറ്റ്‌ലീ ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം ഉയരുന്നത്. മുമ്പ് ഇറങ്ങിയ അറ്റലീ ചിത്രങ്ങള്‍ക്കെതിരെയും ഇതുപോലെ പരാതികള്‍ ഉയര്‍ന്നിരുന്നു.

അതേസമയം, ജവാന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നയന്‍താര, വിജയ് സേതുപതി, യോഗി ബാബു, വിജയ് സേതുപതി, പ്രിയാമണി, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടും. കൂടാതെ നടി ദീപിക പദുക്കോണ്‍ ചിത്രത്തില്‍ കാമിയോ റോളിലെത്തും.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയത്തിലേക്ക് തിരിച്ചു വരുന്നൊരു ചിത്രമാണ് ജവാന്‍. അടുത്ത വര്‍ഷം ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. ‘പത്താന്‍’ ആണ് ഷാരൂഖിന്റെതായി ഒരുങ്ങുന്ന മറ്റൊരു സിനിമ. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാണ് റിലീസ് ആവുക. ചിത്രത്തിന്റെതായി എത്തിയ ടീസര്‍ പ്രേകഷകരെ ആവേശം കൊള്ളിച്ചിരുന്നു.

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍. പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ പ്രതി ഗ്രീഷ്മയുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് പ്രതിഭാഗം അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

വിഷം കൊടുത്തു കൊന്നു എന്ന എഫ്‌ഐആര്‍ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകള്‍ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.

പ്രതിഭാഗത്തിന്റെ വാദങ്ങള്‍ തള്ളിയ കോടതി ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത് എന്ന് കോടതി ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ഗ്രീഷ്മയും അമ്മയെയും അമ്മാവനെയും രാവിലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെളിവെടുപ്പ് വീഡിയോയായി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും മലയാളിയെ കടാക്ഷിച്ച് ഭാഗ്യദേവത. ഒന്നാം സമ്മാനമായ 2.5 കോടി ദിർഹം (ഏകദേശം 50 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് പ്രവാസി മലയാളിയായ ഹോട്ടൽ ജീവനക്കാരൻ എൻ എസ് സജേഷിന് കൈവന്നത്. ബിഗ് ടിക്കറ്റിൻറെ 245ാം സീരീസ് നറുക്കെടുപ്പിലാണ് സജേഷിന് ഭാഗ്യം എത്തിയത്. ദുബായിയിൽ താമസിക്കുന്ന സജേഷ് രണ്ടു വർഷം മുൻപാണ് ഒമാനിൽ നിന്ന് യുഎഇയിൽ എത്തിയത്.

നാലുവർഷമായി എല്ലാ മാസവും സജേഷ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് ഓൺലൈനായി 20 സുഹൃത്തുക്കളുമായി ചേർന്നാണ് എടുത്തത്. സമ്മാനത്തുക പങ്കിട്ടെടുക്കുമെന്ന് സജേഷ് അറിയിച്ചു. ”ജോലി ചെയ്യുന്ന ഹോട്ടലിൽ 150ൽ അധികം ജോലിക്കാരുണ്ട്. ഇവരിൽ പലരെയും സഹായിക്കാൻ ആഗ്രഹിക്കുന്നുവെന്ന് സജേഷ് കൂട്ടിച്ചേർത്തു. ബിഗ് ടിക്കറ്റിൽ ഭാഗ്യപരീക്ഷണം ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സജേഷ് വാങ്ങിയ 316764 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിന് അർഹമായത്. ഒക്ടോബർ 20നാണ് ഇദ്ദേഹം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ഇത്തവണത്തെ നറുക്കെടുപ്പിൽ 14 പേർക്കാണ് ഉറപ്പുള്ള ക്യാഷ് പ്രൈസുകൾ ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിർഹം സ്വന്തമാക്കിയത് 175544 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഈജിപ്ത് സ്വദേശി മുഹമ്മദ് അബ്ദേൽഗാനി മഹ്മൂദ് ഹാഫേസ് ആണ്.

മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിർഹം സ്വന്തമാക്കിയത് 275155 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയിൽ നിന്നുള്ള മുഹമ്മദ് അൽതാഫ് ആലം ആണ്. 50,000 ദിർഹത്തിന്റെ നാലാം സമ്മാനം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ മൊയ്തീൻ മുഹമ്മദ് ആണ്. 240695 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടികൊടുത്തത്.

അയല്‍വാസിയുടെ മുറ്റത്തുകിടന്ന കാറില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ വയോധികന്‍ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന മാന്തുരുത്തി അരിമാലീല്‍ ചന്ദ്രശേഖരന്‍ നായര്‍ (76) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് ഇയാളെ അയല്‍വാസി കണ്ണമ്പള്ളി ടോമിച്ചന്റെ മുറ്റത്ത് തീപൊള്ളലേറ്റ നിലയില്‍ കണ്ടത്.

വൈകീട്ട് ശബ്ദം കേട്ട് ടോമിച്ചന്റെ ഭാര്യ ജെസി ഇറങ്ങിച്ചെന്നപ്പോള്‍ വീട്ടുമുറ്റത്ത് കിടന്ന കാറിനും ജനലിലും തീപിടിച്ചതാണ് കണ്ടത്. ഒപ്പം ദേഹമാസകലം തീയുമായി ചന്ദ്രശേഖരന്‍ മുറ്റത്തുകൂടി ഓടുന്നതും ജെസിയുടെ നിലവിളികേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.പോലീസെത്തിയാണ് ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രശേഖരനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 12.30-ഓടെ മരണം സംഭവിച്ചു.

അതേസമം, ചന്ദ്രശേഖരന്‍ എന്തിനാണ് വീട്ടിലെത്തിയതെന്നോ തീയിടാന്‍ ശ്രമിച്ചതെന്നോ വീട്ടുടമയായ ടോമിച്ചനും കുടുംബത്തിനും അറിയില്ല. ചന്ദ്രശേഖരനുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കുടുംബം ആവര്‍ത്തിച്ചു പറയുന്നു. കൂടാതെ ഇവരുമായി നല്ല ബന്ധത്തിലുമായിരുന്നെന്നു ടോമിച്ചന്‍ പറഞ്ഞു.

അതേസമയം, ചന്ദ്രശേഖരന്റേത് ആത്മഹത്യയാകാമെന്നാണ് പോലീസ് കരുതുന്നത്. വീട്ടുമുറ്റത്തുനിന്ന്, ചന്ദ്രശേഖരന്‍ കൊണ്ടുവന്നെന്ന് കരുതുന്ന പ്ലാസ്റ്റിക് കുപ്പിയില്‍ മണ്ണെണ്ണയുടെ അംശം കണ്ടെത്തിയിട്ടുണ്ട്. ബന്ധുക്കളുമായി അകന്ന് ചന്ദ്രശേഖരന്‍ ഒറ്റയ്ക്കായിരുന്നു താമസം. ടോമിച്ചന്റെ പരാതിയില്‍ കറുകച്ചാല്‍ പോലീസ് അന്വേഷണം തുടങ്ങി.

കൊല്ലം ബീച്ചിലെ വയലിനിസ്റ്റ് അലോഷ്യസ് ഫെർണാണ്ടസ് നിര്യാതനായി. 76 വയസായിരുന്നു. കൊല്ലം ഇരവിപുരം സ്വദേശിയാണ് അലോഷ്യസ് ഫെർണാണ്ടസ്. ചവറ കോയി വിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിലായിരുന്നു അന്ത്യം.കഴിഞ്ഞദിവസം റോഡരികിൽ അവശനിലയിൽ കാണപ്പെട്ട ഫെർണാണ്ടസിനെ ജീവകാരുണ്യ പ്രവർത്തകർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് ചവറയിലെ അഭയ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് ചവറ കോയി വിള ബിഷപ്പ് ജെറോം അഭയ കേന്ദ്രത്തിൽ വച്ച് മരണപ്പെട്ടത്.

വയലിൻ തന്ത്രികൾ മീട്ടുന്ന അലോഷി ഫെർണാണ്ടസിനെ അറിയാത്തവർ കൊല്ലത്ത് വിരളമാണ്. ബീച്ചിലെത്തുന്നവർക്ക് മുന്നിൽ സ്വർഗസംഗീതം പൊഴിക്കുന്ന, അതിമനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്ന അലോഷി. അലോഷിയെ കടലാഴത്തോളമുള്ള ഏകാന്തതയിലേക്ക് തള്ളിവിട്ടതിന് പിന്നിലും വലിയ കഥയുണ്ട്.

പ്രായം 76, പഠിച്ചതും വളർന്നതും മുംബൈ നഗരത്തിൽ. വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യൻ എയർലൈൻസിൽ സാങ്കേതിക വിഭാഗത്തിൽ ജോലി ലഭിച്ചു. വിദേശ രാജ്യങ്ങളിലെ സൗഹൃദവും ആഡംബര ജീവിതവും കോടീശ്വരനായിരുന്ന അലോഷിയെ കൊണ്ടെത്തിച്ചത് ചൂതാട്ടത്തിലായിരുന്നു. ചൂതാട്ട കളത്തിൽ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടു. കുടുംബ ബന്ധവും ശിഥിലമായി. ഒരു വയലിൻ മാത്രമായിരുന്നു അലോഷിയുടെ പിന്നീടുള്ള ഏക സമ്പാദ്യം.

കൊഴിഞ്ഞുപോയ ഭൂതകാല ഭ്രമങ്ങളെ മറികടക്കാൻ അലോഷിക്ക് കൂട്ടായിരുന്നതും വയലിനായിരുന്നു. വയലിൻ വായിച്ച് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു അലോഷി പട്ടിണിയെ മറികടന്നത്. നഷ്ടമായ ജീവിതത്തിന്റെയും ഏക സമ്പാധ്യമായ വയലിനെ തനിച്ചാക്കി അലോഷിയും യാത്രയായി.

ബോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറി അത്ഭുതം സൃഷ്ടിക്കുന്ന നടി പ്രിയങ്ക ചോപ്രക്ക് എതിരെ ആരോപണവുമായി മുന്‍മിസ് ബാര്‍ബഡോസ് ലെയ് ലാനി മാക്കോണി. പ്രിയങ്ക ലോകസുന്ദരിയായത് തട്ടിപ്പിലൂടെയാണ് എന്നാണ് അന്നത്തെ സഹമത്സരാര്‍ഥിയായ ലെയ് ലാനി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചിരിക്കുന്നത്.

പ്രിയങ്ക മത്സരത്തില്‍ കൃത്രിമം കാണിച്ചുവെന്നും വിധി കര്‍ത്താക്കള്‍ക്ക് പ്രിയങ്കയോട് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നെന്നുമാണ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം ലെയ് ലാനി വെളിപ്പെടുത്തുന്നത്.

പ്രിയങ്ക തന്റെ സൗഹൃദം മത്സരത്തില്‍ മുതലെടുത്തുവെന്നും ആരോപണമുയര്‍ന്നിരിക്കുകയാണ്. 1999 ലും 2000 ലും ഇന്ത്യക്ക് ലോകസുന്ദരി പട്ടം കിട്ടാന്‍ കാരണം പേജന്റിന്റെ സ്‌പോണ്‍സര്‍മാരിലൊരാള്‍ ഇന്ത്യയില്‍ നിന്നായത് കൊണ്ടാണെന്നും ലെയ് ലാനി ആരോപിക്കുന്നു.

കൂടാതെ, മത്സരത്തില്‍ പ്രിയങ്കക്ക് മാത്രം മികച്ച വസ്ത്രങ്ങള്‍ നല്‍കി. കൂടാതെ ഭക്ഷണവും മറ്റും മുറിയില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് രാജകുമാരിയായി മാറിയ മേഗന്‍ മെര്‍ക്കിളിന്റെ സൗഹൃദവും പ്രിയങ്കയ്ക്ക് ഗുണം ചെയ്തു.

കൂടാതെ, മത്സരത്തിന്റെ ഭാഗമായി പ്രിയങ്കയുടെ മാത്രം വലിയ ചിത്രങ്ങള്‍ അന്നത്തെ പത്രങ്ങളില്‍ നിറഞ്ഞിരുന്നു. സ്വിംസ്യൂട്ട് റൗണ്ടില്‍ പ്രിയങ്കക്ക് മാത്രം വസ്ത്രധാരണത്തില്‍ അനുകൂല്യങ്ങള്‍ ലഭിച്ചുവെന്നും ലെയ് ലാനി പറയുന്നുണ്ട്.

തമിഴ്‌നാട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. ചെങ്കല്‍പ്പേട്ട് ഗുഡുവാഞ്ചേരിയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തില്‍ വീട്ടുടമ ഗിരിജ, സഹോദരി രാധ, ബന്ധുവായ രാജ്കുമാര്‍ എന്നിവരാണ് മരിച്ചത്. വെങ്കിട്ടരാമന്‍ എന്നയാളുടെ പേരിലുള്ള ഊരമ്പാക്കം റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ആര്‍ ആര്‍ അപ്പാര്‍ട്ടുമെന്റിലാണ് അപകടമുണ്ടായത്.

വെങ്കിട്ടരാമന്റെ മരണശേഷം ഭാര്യ ഗിരിജയടക്കമുള്ള ബന്ധുക്കള്‍ ദുബായിലാണ് താമസം. കഴിഞ്ഞദിവസമാണ് വെങ്കിട്ടരാമന്റെ ചരമവാര്‍ഷികാചരണത്തിനുവേണ്ടി ഇവര്‍ നാട്ടിലെത്തിയത്. ഇതിനിടെയാണ് ദുരന്തം ഉണ്ടായത്.

ഫ്രിഡ്ജ് പൊട്ടിത്തെറിക്കാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിഷവാതകം ശ്വസിച്ചതാണ് മൂന്നുപേരുടെ മരണ കാരണം.

ഉച്ചത്തിലുള്ള സ്‌ഫോടനശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കുംമൂവരും മരിച്ചിരുന്നു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

അവതാരക, മോഡൽ, സീരിയൽ താരം എന്നീ നിലകളിൽ എത്തി പ്രേക്ഷക മനംകവർന്ന താരമാണ് ശാലിനി നായർ. സോഷ്യൽമീഡിയയിലും സജീവമായി ഇടപെടുന്ന താരം ബിഗ് ബോസ് സീസൺ നാലിൽ എത്തിയതോടെയാണ് പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായത്. ഇപ്പോൾ, തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന് ശാലിനി നൽകിയ മറുപടിയാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ഏതായാലും ദ്രവിക്കാൻ പോകുന്ന ശരീരമല്ലേയെന്നും സഹകരിക്കണമെന്നും വലിയൊരു തുക നൽകാമെന്നുമാണ് സന്ദേശം അയച്ചത്. ഹർഷൻ എന്ന യുവാവാണ് താരത്തിന് അപമര്യാദയായി സന്ദേശം അയച്ചത്. സ്‌ക്രീൻഷോട്ട് ഉൾപ്പടെ പങ്കുവെച്ചാണ് ശാലിനി മറുപടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ കുറിച്ചത്. ആങ്കറിങ് ആണ് തന്റെ ജോലിയെന്നും തന്റെ ശരീരം വിൽപനച്ചരക്കല്ലെന്നും ശാലിനി പങ്കുവെച്ചു. സഹായിക്കാനാണ് ഉദ്ദേശമെങ്കിൽ ആങ്കറിങ് ചെയ്യാനുള്ള അവസരം നൽകുകയാണ് വേണ്ടതെന്നും ശാലിനി കുറിപ്പിൽ പറയുന്നു.

ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ്ണ രൂപം;

അത്ര സങ്കടം നിങ്ങൾക്കുണ്ടെങ്കിൽ അവതരണം ആണ് എന്റെ പ്രൊഫഷൻ. നിങ്ങളുടെ വീട്ടിലോ അറിവിൽ എവിടെയെങ്കിലുമോ വിവാഹങ്ങളോ മറ്റ് ആഘോഷങ്ങളോ ഉണ്ടെങ്കിൽ അവതാരകയായി വിളിക്കൂ,, ഭംഗിയായി പ്രോഗ്രാം ചെയ്യാം. അതിൽ സംതൃപ്തി തോന്നിയാൽ അർഹിക്കുന്ന പ്രതിഫലം തരൂ അങ്ങിനെയും എന്നെയും കുടുംബത്തെയും നിങ്ങൾക്ക് സഹായിക്കാമല്ലോ കഷ്ടപ്പാടിന്റെ വേദനയുൾക്കൊണ്ട് മനസ്സിനെ പാകപ്പെടുത്തി മുന്നോട്ട് പോവുകയാണ്,

സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഉപദ്രവിക്കരുത് ????ഇതൊന്നും മൈൻഡ് ചെയ്യണ്ട എന്ന് പറഞ്ഞാലും നമ്മുടെ ചില സമയത്തെ മൗനം പോലും ഇക്കൂട്ടർ അവർക്ക് അനുകൂലമായി കരുതും,, അച്ഛനും ആങ്ങളയും കുഞ്ഞും ഉൾപ്പെടെ ഈ പോസ്റ്റ് കാണുമെന്നറിയാം,, അവർ കാണാതെ അവർ അറിയാതെ ഇതുപോലെയുള്ള ഒരുപാട് സംഭവങ്ങൾ മറച്ചു വെച്ചിട്ടുണ്ട്.

പക്ഷേ ഇനി അറിയണം.. നാളെ എന്റെ സഹോദരനോ മകനോ വേറൊരു പെൺകുട്ടിയോട് ഇത് പോലെ പെരുമാറില്ല. അത് പോലെ ഒരുപാട് സഹോദരങ്ങൾ ഇത് മനസ്സിലാക്കുമെന്ന് കരുതുന്നു. നിങ്ങൾക്കുള്ള വിൽപ്പന ചരക്കല്ല എന്റെ ശരീരം. ഇതിൽ ഉയിർ വാഴുന്നുണ്ടെങ്കിൽ അത് എന്റെ പ്രിയപ്പെവർക്ക് വേണ്ടി മാത്രമാണ്.

എഡ്യുക്കേഷന്‍ ടെക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റീന സൂപ്പര്‍ താരം ലിയോണല്‍ മെസി. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എഡ്യുക്കേഷന്‍ ടെക് കമ്പനിയാണ് ബൈജൂസ്. ബൈജൂസുമായി മെസി കരാറില്‍ ഒപ്പുവെച്ചു.

ബൈജൂസിന്റെ ജേഴ്‌സി ധരിച്ച് ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് മെസി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഖത്തറില്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് മെസിയെ ബൈജൂസ് ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചത്.

എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് ബ്രാന്‍ഡ് ആദ്യ ആഗോള അംബാസഡറായാണ് മെസിയെ നിയോഗിച്ചത്. 2020ലാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന സോഷ്യല്‍ ഇനിഷ്യേറ്റീവിന് ബൈജൂസ് തുടക്കമിട്ടത്. ഈ മാസം തുടങ്ങുന്ന ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാര്‍ കൂടിയാണ് ബൈജൂസ്.

ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡര്‍ എന്ന നിലയില്‍ ഇനി മെസി പ്രവര്‍ത്തിക്കും. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്‌പോണ്‍സര്‍മാരാണ് നിലവില്‍ ബൈജൂസ്.

കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഗോളതലത്തില്‍ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളുമായി ബൈജൂസ് കൈകോര്‍ക്കുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.

ബൈക്കിന് പിന്നിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണ മരണം. ബൈക്കിൽ യാത്ര ചെയ്തിരുന്ന ഗോപകുമാറും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മകൾ ഗൗരിയുമാണ് മരണപ്പെട്ടത്. കൊല്ലം മൈലക്കോട് ദേശീയ പാതയിലാണ് ദാരുണ അപകടം നടന്നത്. മകൾ ഗൗരിയെ സ്‌കൂളിൽ കൊണ്ടുവിടാനുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്.

ചാത്തന്നൂർ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്സ് വിദ്യാർത്ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലർ ഇവരുടെ ബൈക്കിന് പിന്നിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്ത് വെച്ചുതന്നെ ഗോപകുമാർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സാരമായി പരിക്കേറ്റ ഗൗരിയെ ഉടനടി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിതാവിന്റെ മരണത്തിന് പിന്നാലെ ഗൗരിയും ലോകത്തോട് വിടചൊല്ലി. 2 ജീവനും പൊലിയാൻ ഇടയാക്കിയത് ലോറി ഡ്രൈവറുടെ ഒരു നിമിഷത്തെ അശ്രദ്ധയും അനാസ്ഥയുമാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.

ബൈക്കിന്റെ പിന്നിൽ വന്നിടിച്ച ശേഷം ലോറി 20 മീറ്ററോളമാണ് വലിച്ചുകൊണ്ടുപോയത്. തുടർന്നും മുന്നോട്ടെടുത്ത ലോറിയെ നാട്ടുകാർ ഓടിക്കൂടിയാണ് പിടിച്ചുവെച്ചത്. അപകട സ്ഥലത്തുനിന്ന് നൂറു മീറ്റർ അകലെയാണ് ലോറി നിർത്തിയത്. പിഴവ് ലോറി ഡ്രൈവറുടെ ഭാഗത്ത് തന്നെയാണെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved