സി പി എം മന്ത്രിമാരായിരുന്ന കടകംപിളളി സുരേന്ദ്രനും, തോമസ് ഐസകിനും, സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെ ലൈംഗികാരോപണവുമായി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ്. ഏഷ്യാനെറ്റ് ന്യുസിന് കൊടുത്ത അഭിമുഖത്തിലാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
മന്ത്രിയായിരുന്ന കടകം പിള്ളി സുരേന്ദ്രന്‍ എറണാകുളത്ത് വ്ച്ച് തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായി സ്വപ്‌ന പറഞ്ഞു. ലൈംഗീക ചുവയോടെ സംസാരിക്കുകയും അത്തരത്തിലുള്ള എസ് എം എസ് അയക്കുകയും ചെയ്തിരുന്നു. കടകംപിള്ളിയോട് ഹോട്ടല്‍ മുറിയുടെ പുറത്ത് വച്ച് മോശമായി സംസാരിക്കേണ്ടിയും വന്നു. മന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചു.
മൂന്നാര്‍ നല്ല സ്ഥലമാണെന്നും വരുന്നോ എന്നും ചോദിച്ചു. ഔദ്യോഗിക വസതിയിലെ പാര്‍ട്ടിയില്‍ വച്ചാണ് ഐസക് ഇത്തരത്തില്‍ പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതയില്‍ നടന്ന മദ്യസല്‍ക്കാരിത്തലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള അനുഭവമുണ്ടായെന്നും സ്വപ്‌ന പറഞ്ഞു.
സ്‌പേസ് പാര്‍ക്കിലെ തന്റെ നിയമനം കമ്മീഷന്‍ നേടിയെടുക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ മകള്‍ വീണാ വിജയന്‍ ശിവശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് തന്നെ നിയമിച്ചതെന്നും ഇക്കാര്യങ്ങളുടെ തെളിവ് ഇഡിക്ക് നല്‍കിയിരുന്നുവെന്നും സ്വപ്ന സുരേഷ് വിശദീകരിച്ചു. ഇഡി ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും സ്വപ്ന ആരോപിച്ചു.
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ് മരിച്ചത്. അശ്വിന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്.
നാലുവര്‍ഷം മുമ്പാണ് ഇലക്ട്രോണിക്ക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിക്ക് കയറിയത്. നാട്ടില്‍ അവധിക്ക് വന്ന അശ്വിന്‍ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടില്‍ അറിയിച്ചത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന.
അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാംഗ് മിഗ്ഗിംഗ് ഗ്രാമത്തില്‍ റോഡ് സൗകര്യമില്ലാത്ത പ്രദേശത്താണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. എച്ച്എഎല്‍ രുദ്ര എന്ന അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ ആണ് തകര്‍ന്നത്.
ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റര്‍ നിര്‍മ്മിച്ച ആക്രമണ ഹെലികോപ്ടറാണ് രുദ്ര. ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറിന്റെ വെപ്പണ്‍ സിസ്റ്റം ഇന്റഗ്രേറ്റഡ് വേരിയന്റാണിത്.
ഒരു തൂക്കുപാലം ഒഴികെ ഗ്രാമത്തിലേക്ക് സഞ്ചരിക്കാവുന്ന റോഡുകളൊന്നും ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈ മാസം മാത്രം രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണ് അരുണാചല്‍ പ്രദേശിലുണ്ടാകുന്നത്.
ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിലെ പ്ലേറ്റ്ലെറ്റുകള്‍ കുത്തിവെക്കുന്നതിന് പകരം നല്‍കിയത് മുസംബി ജ്യൂസ്. ഡെങ്കിപ്പനി ബാധിച്ച രോഗി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചുപൂട്ടി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം.
ഡെങ്കിപ്പനി ബാധിച്ച് 32കാരനായ പ്രദീപ് പാണ്ഡെയ്ക്കാണ് ദാരുണാന്ത്യം. രോഗി മരിച്ചതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. പ്രാഥമിക അന്വേഷണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
പ്രയാഗ് രാജിലെ ഗ്ലോബല്‍ ആശുപത്രി ആന്‍ ട്രോമ സെന്ററിലാണ് സംഭവം നടന്നത്.
പ്ലാസ്മ എന്നെഴുതിയ ബാഗില്‍ മുസംബി ജ്യൂസില്‍ രാസവസ്തുക്കള്‍ കലര്‍ത്തിയ ശേഷമാണ് രോഗിക്ക് ഡ്രിപ്പിട്ട് നല്‍കിയത്. ഇതിന് ശേഷം രോഗിയുടെ നില വഷളായതായി ബന്ധുക്കള്‍ ആരോപിച്ചു.
രോഗിയുടെ നില വഷളായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് രോഗി മരിച്ചത്. ഇയാള്‍ക്ക് നല്‍കിയത് പ്ലാസ്മ ബാഗില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത മുസംബി ജ്യൂസാണെന്ന് രണ്ടാമത്തെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കണ്ടെത്തിയത്.
അതേസമയം, രോഗിയുടെ പ്ലേറ്റ്ലെറ്റ് കൗണ്ട് വളരെ താഴെ പോയതോടെ ബന്ധുക്കളോട് ബ്ലഡ് പ്ലേറ്റ്ലെറ്റ് സംഘടിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവരാണ് പ്ലേറ്റ്ലെറ്റ് പുറത്തുനിന്ന് വാങ്ങികൊണ്ടുവന്നതെന്നും ആരോപണ വിധേയരായ ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് പ്ലേറ്റ്ലെറ്റിന്റെ അഞ്ച് യൂണിറ്റുകളാണ് ബന്ധുക്കള്‍ കൊണ്ടുവന്നത്. മൂന്ന് യൂണിറ്റ് നല്‍കിയതോടെ രോഗി പ്രതികരിച്ചു തുടങ്ങി. ഇതോടെ പ്ലേറ്റ്ലെറ്റ് നല്‍കുന്നത് തങ്ങള്‍ നിര്‍ത്തിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ച് നടന്‍ ബാല. കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ബാലയുടെ കുടുംബജീവിതത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളായിരുന്നു. ഇപ്പോള്‍ താരം തന്നെ സങ്കടകരമായ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹവും പരാജയപ്പെട്ടിരിക്കുകയാണെന്ന് താരം പറയുന്നു.
എലിസബത്തുമായി വേര്‍പിരിഞ്ഞുവെന്ന് ബാല പറഞ്ഞു. തന്റെ കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നാണ് ബാല
ഫെയ്‌സ്ബുക്ക് ലൈവില്‍ ആരോപിച്ചു.
കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം താന്‍ തോറ്റു പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും താരം പറഞ്ഞു.
മാത്രമല്ല, എലിസബത്ത് നല്ല വ്യക്തിയാണ്. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്. അവര്‍ക്ക് മനസമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണെന്നും ബാല പറഞ്ഞു. എനിക്കും നാവുണ്ട്. എന്നാല്‍ താന്‍ സംസാരിച്ചാല്‍ ശരിയാകില്ല എന്ന് ബാല പറയുന്നു.
ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. ഇതിനെല്ലാം മറുപടിയായാണ് ബാല തന്നെ ഫേസ്ബുക്ക് ലൈവില്‍ രംഗത്തെത്തിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5ന് ആയിരുന്നു തന്റെ ആരാധികയായ എലിസബത്തുമായി ബാലയുടെ രണ്ടാം വിവാഹം നടന്നത്. ഇവരുടെ വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കിയതായിരുന്നു. വിവാഹശേഷം സുഹൃത്തുക്കള്‍ക്കായി ഗംഭീര വിരുന്നും സംഘടിപ്പിച്ചിരുന്നു.
വിവാഹത്തിന് ശേഷം തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. എല്ലായ്‌പ്പോഴും ബാലയും എലിസബത്തും ഒന്നിച്ചുള്ള വീഡിയോകളായിരുന്നു പങ്കുവച്ചിരുന്നത്. എലിസബത്ത് ഗര്‍ഭിണിയാണെന്ന
സന്തോഷവും താരം പങ്കുവച്ചിരുന്നു.
അടുത്തിടെയായി ബാലയും ഭാര്യ എലിസബത്തും ഒന്നിച്ച് വീഡിയോകളില്‍ എത്താതായതോടെ അഭ്യൂഹം നിറഞ്ഞിരുന്നു. എന്നാല്‍ ബാലയോ എലിസബത്തോ ഒന്നും പ്രതികരിച്ചില്ലായിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയല്ലെന്ന് എലിബത്ത് യുടൂബിലൂടെ പ്രതികരിച്ചിരുന്നു
ചെന്തെങ്ങിൻ കൂട്ടിലെ, ചെങ്ങാലി പെണ്ണിന്; ചിങ്ങം പിറന്നാൽ താലികെട്ട്: ‘.. പ്രശസ്ത കവി പാർപ്പക്കോട് വിക്രമൻ രചന നിർവ്വഹിച്ച ഈ ഗാനം ഓർമ്മകൾ എന്ന മ്യൂസിക് ആൽബത്തിലൂടെ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു.. എം. ജി.രാജൻ ഈണം പകർന്ന ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത് ഗണേഷ് സുന്ദരവും, ശ്രീജ ചോറ്റാനിക്കരയുമാണ്.
ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ ഇരയായ പത്മയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. പ്രതി ഭഗവല്‍ സിംഗിന്റെ മൊഴി അനുസരിച്ച് ഇലന്തൂരിലെ വീട്ടുവളപ്പില്‍ രണ്ടു മണിക്കൂറോളം പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. ഫോണ്‍ എറിഞ്ഞതെന്ന് പ്രതി തറപ്പിച്ച് പറഞ്ഞ സ്ഥലത്തായിരുന്നു പരിശോധന. എന്നാല്‍ ചെളി നീക്കിയുള്ള തെരച്ചിലില്‍ മാത്രമേ ഫോണ്‍ കണ്ടെത്താനാകൂ എന്ന നിഗമനത്തിലാണ് പൊലീസ്.ജീപ്പിലാണ് ഭഗവല്‍ സിംഗിനെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
കറുത്ത തുണി കൊണ്ട് മുഖം മൂടിയിരുന്നു. വടം കൊണ്ട് രണ്ട് വശത്തെയും ആളുകളെ മാറ്റി നിര്‍ത്തിയ ശേഷം അതിന് നടുവിലൂടെയാണ് ഫോണ്‍ വലിച്ചെറിഞ്ഞതെന്ന് കരുതുന്ന തോടിന് സമീപത്തേക്ക് കൊണ്ടുപോയത്. തോട്ടിലേക്ക് ഫോണ്‍ എറിഞ്ഞുവെന്നായിരുന്നു പ്രതിയുടെ മൊഴി.
ആ ഭാഗത്തുനിന്ന് ഇരുവശത്തേക്കും പത്തുമീറ്റര്‍ വീതം കാടും പടര്‍പ്പും മാറ്റി തെരച്ചില്‍ നടത്തി. വെള്ളത്തിലെ ചെളിയില്‍ ചവിട്ടി നോക്കിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. തെരച്ചിലിനിടെ വീടും പുരയിടവും നിരീക്ഷിച്ച ഭഗവല്‍ സിംഗ് തെങ്ങുകളില്‍ ഉണങ്ങിയ തേങ്ങകള്‍ കിടക്കുന്നുണ്ടെന്ന് പൊലീസിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഇതിനിടയില്‍ ഒരു തെങ്ങില്‍ നിന്ന് ഉണങ്ങിയ ഓല വീണത് പൊലീസിനെയും പ്രതിയെയും ഞെട്ടിച്ചു.
അതേസമയം കൊല്ലപ്പെട്ട റോസ്‌ലിയുടെ മൊബൈല്‍ ഫോണും ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എവിടെ നിന്നാണ് ഇവ കണ്ടെത്തിയതെന്ന കാര്യം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കണ്ടെത്തിയ ബാഗും ഫോണും റോസ്‌ലിയുടേത് തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചതായാണ് വിവരം. നരബലിയുടെ മുഖ്യ സൂത്രധാരന്‍ ഷാഫിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് വസ്തുക്കള്‍ എവിടെയുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.
ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കമലേശ്വരം വലിയവീട് ലെയ്ൻ ക്രസന്റ് അപ്പാർട്ട്മെന്റിൽ 52കാരനായ കമാൽ റാഫി, ഭാര്യ 42കാരി തസ്നീം എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് ഇരുവരുടെയും മരണ വാർത്ത പുറംലോകം അറിഞ്ഞത്. ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലാണ് കമാൽ താമസിക്കുന്നത്.
ഉച്ചയോടെ മുകളിൽനിന്ന് വലിയ ശബ്ദം കേട്ടതായി താമസക്കാർ വെളിപ്പെടുത്തി. മരിച്ച ദമ്പതിമാരുടെ മകൻ കോളേജിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ ഖലീഫാ ബി.ബി.എ.യ്ക്ക് പഠിക്കുകയാണ്. വൈകീട്ടാണ് ഖലീഫാ എത്തിയത്. ഫ്‌ളാറ്റിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
ഏറെനേരം വിളിച്ചെങ്കിലും അകത്ത് നിന്നും പ്രതികരണമുണ്ടായില്ല. ഒടുവിൽ അയൽക്കാരെയും പോലീസിനെയും ബന്ധുക്കളെയും വിളിച്ച് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ദുരന്തം കണ്ടത്. തസ്നീം കിടപ്പുമുറിയിൽ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവരുടെ കഴുത്തിൽ കയർ ചുറ്റിയ നിലയിലാണ്. ഇതേ കയറിന്റെ അറ്റംകൊണ്ടാണ് കമാൽ റാഫി ശൗചാലയത്തിലെ വെന്റിലേറ്ററിൽ തൂങ്ങി മരിച്ചത്.
കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. പരിശോധനയിൽ മുറിയിൽ നിന്നും കമാൽ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് അന്വേഷണം നടത്തി വിരകയാണെന്ന് പോലീസ് അറിയിച്ചു. കാറുകളുടെ സ്പെയർ പാർട്സ് കട നടത്തുന്ന കമാൽ റാഫി കന്യാകുമാരി തേങ്ങാപ്പട്ടണം സ്വദേശിയാണ്.
വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും രാത്രിയോടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് വ്യാഴാഴ്ച മാറ്റും. മക്കൾ : ഖലീഫാ, ധനൂറ (ബിരുദ വിദ്യാർഥി), ദൈയ്സീറ (പത്താംക്ലാസ് വിദ്യാർഥി).
’ഗോമാതാ ഉലര്‍ത്ത്’ എന്ന പേരില്‍ പാചക വീഡിയോ ചെയ്ത രഹ്ന ഫാത്തിമയ്ക്ക് എതിരെയുള്ള കേസ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യമാണ് കോടതി തള്ളിയത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് സ്റ്റേ ആവശ്യം തള്ളിയത്.
ബോധപൂര്‍വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനായി യൂട്യൂബ് ചാനല്‍ വഴി പാചക പരിപാടി അവതരിപ്പിച്ചെന്ന് കാട്ടി അഭിഭാഷകന്‍ രജീഷ് രാമചന്ദ്രന്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കുട്ടികളെക്കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച കേസില്‍ രഹ്ന ഫാത്തിമ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. രഹ്ന ഫാത്തിമയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി അന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഈ സംഭത്തില്‍ പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരുന്നത്.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് രഹ്ന ശബരിമല ദര്‍ശനത്തിനെത്തിയത് വിവാദത്തിലായിരുന്നു. പിന്നാലെ ബിഎസ്എന്‍എല്‍ രഹ്നയെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ പരമാര്‍ശത്തില്‍ വിവാദത്തിലായി ബിജെപി എംഎല്‍എ. ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നില്ലെന്നും മുസ്ലീംകള്‍ ചെയ്യാറില്ല, പക്ഷേ അവര്‍ ധനികരാണല്ലോ എന്നുമായിരുന്നു പരാമര്‍ശം.
ബിഹാറില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലാലന്‍ പസ്വാന്‍ ആണ് പ്രസംഗത്തിനിടെ പുലിവാല് പിടിച്ചത്. ” ധനവും ഐശ്വര്യവുമുണ്ടാവാന്‍ ലക്ഷ്മീ ദേവിയെ ആരാധിക്കണമെന്നാണല്ലോ. മുസ്ലിംകള്‍ സാധാരണയായി ലക്ഷ്മിദേവിയെ ആരാധിക്കാറില്ല. അവരെന്താ ധനികരല്ലേ?” എന്ന് ബിജെപി നേതാവ് ചോദിക്കുന്നു.
”അവര്‍ സരസ്വതി ദേവിയെ ആരാധിക്കാറില്ല, അവര്‍ക്കിടയില്‍ നിന്ന് പണ്ഡിതര്‍ ഉണ്ടാകുന്നില്ലേ? അവര്‍ ഐഎഎസോ, ഐപിഎസോ ആവാതെ ഇരിക്കുന്നുണ്ടോ?” എന്നുമായിരുന്നു പരാമര്‍ശം. കൂടാതെ ആത്മ, പരമാത്മ തുടങ്ങിയവ ജനങ്ങളുടെ വിശ്വാസം മാത്രമമാണെന്നും പ്രസംഗത്തില്‍ പസ്വാന്‍ പറഞ്ഞു.
കരുത്തിന്റെ ദൈവം ബജ്‌റംഗബലിയാണെന്നാണല്ലോ വിശ്വാസം, മുസ്ലിംകളോ, ക്രിസ്ത്യാനികളോ ഇത് വിശ്വസിക്കുന്നില്ല. അവരെന്താ കരുത്തരല്ലേ? വിശ്വാസങ്ങള്‍ നിര്‍ത്തുമ്പോഴേ ജനങ്ങളുടെ ബൗദ്ധിക നിലവാരം വികസിക്കുകയുള്ളൂവെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ബിജെപി എംഎല്‍എ നേരിടുന്നത്. എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ ഹിന്ദുവിശ്വാസികളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ബിഹാറില്‍ നടക്കുകയാണ്.