ഷെറിൻ പി യോഹന്നാൻ
ഒരു ഇരുട്ടത്ത് അമ്മിണിപ്പിള്ളയുടെ കയ്യിൽ നിന്ന് നല്ല അടി കിട്ടിയതിന്റെ ദേഷ്യത്തിലും നാണക്കേടിലുമാണ് പൊടിയൻ. ഉശിരനാണ് അമ്മിണിപ്പിള്ള. അഞ്ചുതെങ്ങിലെ എല്ലാവരും പേടിക്കുന്ന ഒരാൾ. അദ്ദേഹത്തിന്റെ ശരീരഭാഷയും വാശിയും തന്നെയാണ് അതിന് പിന്നിൽ. അമ്മിണിയുടെ കയ്യിൽ നിന്നും കിട്ടിയതിന്റെ കണക്ക് തീർക്കാൻ പൊടിയനും കുഞ്ഞ്കുഞ്ഞും കുഞ്ഞിപക്കിയും പ്രഭക്കുട്ടനും ലോപസും മുന്നിട്ടിറങ്ങുന്നു. കണക്ക് തീർത്ത് നാട്ടിൽ നിവർന്നു നിൽക്കാൻ അവർക്കാകുമോ?
ജി. ആർ ഇന്ദുഗോപന്റെ മറ്റൊരു കഥ കൂടി സിനിമയായിരിക്കുന്നു. ‘അമ്മിണിപിള്ള വെട്ടുകേസ്’ എന്ന ഉഗ്രൻ കഥയാണ് ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന പേരിൽ ശ്രീജിത്ത് എൻ സിനിമയാക്കിയിരിക്കുന്നത്. ഇതിന് മുമ്പ് ചെന്നായ എന്ന കഥ ‘വുൾഫ്’ എന്ന സിനിമയായി ഒടിടി റിലീസ് ചെയ്തിരുന്നു. ശംഖുമുഖി എന്ന കഥ ‘കാപ്പാ’ ആയും വിലായത്ത് ബുദ്ധ അതേ പേരിലും അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമാശയും നാടൻ തല്ലുമൊക്കെയായി വളരെ രസിച്ചിരുന്ന് കാണാവുന്ന ചിത്രമാണ് തെക്കൻ തല്ല്. പോരായ്മകൾ ഉണ്ടെങ്കിലും തൃപ്തിപ്പെടുത്തുന്ന ഓണചിത്രം.

തൊണ്ണൂറുകളിലാണ് കഥ നടക്കുന്നത്. ഒരു പീരിയഡ് സിനിമയായതിനാൽ കലാസംവിധാനം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. വളരെ ഓർഗാനിക്കായി അതൊക്കെ സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നു. പ്രേക്ഷകനെ അഞ്ചുതെങ്ങിലേക്ക് ഇറക്കി നിർത്തിക്കൊണ്ടാണ് കഥയാരംഭിക്കുന്നത്. പകയും പ്രതികാരും ഒക്കെയാണ് പ്രധാന പ്ലോട്ട്. സംഭവിക്കുന്ന എല്ലാത്തിനും പിന്നിൽ ഒരു കാരണമുണ്ട്. ആ കാരണങ്ങൾ കൃത്യമായി വിശദീകരിച്ചുകൊണ്ടാണ് കഥപറച്ചിൽ.
കഥ വായിക്കുമ്പോൾ അമ്മിണിപിള്ള എന്ന കഥാപാത്രം അതിവേഗം നമ്മുടെ മനസിലേക്ക് എത്തും. എന്നാൽ സിനിമയിൽ അത് പെട്ടെന്നല്ല. ഓരോരോ സന്ദർഭങ്ങളിലൂടെ അമ്മിണിപിള്ള ആരാണെന്ന് നാം അറിയുകയാണ്. ആ വേഷം ബിജുമേനോൻ ഗംഭീരമാക്കിയിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം പത്മപ്രിയയുടേതാണ്. ആ കഥാപാത്ര നിർമിതിയും മികച്ചതാണ്. ക്ലൈമാക്സിൽ അടക്കം ഗംഭീര പ്രകടനം. റോഷനും സംഘവും പ്രേക്ഷകനെ ചിരിപ്പിക്കുമ്പോൾ വാസന്തിയെന്ന കഥാപാത്രത്തെ നിമിഷയും മികച്ചതാക്കിയിട്ടുണ്ട്. ഇതൊരു ഗ്രാമത്തിന്റെയും വിളക്കുമാടത്തിന്റെയും കഥ കൂടിയാണ്. അതിനാൽ അവരൊക്കെയും കഥയുടെ ഒഴുക്കിന് ശക്തി പകരുന്നു.

രസകരമായ ആദ്യപകുതി. അടി തുടരുമെന്ന അറിയിപ്പ് നൽകിയുള്ള ഇടവേള. ചിരിപ്പിക്കുന്ന, ചിലയിടങ്ങളിൽ താളം നഷ്ടപ്പെടുന്നുണ്ടെങ്കിലും ക്ലൈമാക്സിനോടടുത്ത് ടോപ് ഗിയറിലെത്തുന്ന രണ്ടാം പകുതി. കഥയ്ക്ക് വിപരീതമായി ഓപ്പൺ എൻഡിങ്. ഇതാണ് ആകെതുകയിൽ ചിത്രം. ഒരു വാർത്ത നാടുമുഴുവൻ പരക്കുന്ന രീതി വളരെ രസകരമായി സിനിമയിൽ കാണിക്കുന്നുണ്ട്. ഒപ്പം, കോൺഫ്ലിക്ടിലേക്ക് മാത്രം ശ്രദ്ധ നൽകാതെ അമ്മിണി – രുക്മിണി എന്നിവരുടെ ജീവിതം കൂടി സ്‌ക്രീനിൽ എത്തിക്കാൻ സംവിധായകൻ തയ്യാറായിട്ടുണ്ട്. ജസ്റ്റിൻ വർഗീസിന്റെ ഗംഭീര പശ്ചാത്തലസംഗീതം, മധു നീലകണ്ഠന്റെ ക്വാളിറ്റി ഛായാഗ്രഹണം എന്നിവ ചിത്രത്തെ ആവേശഭരിതമാക്കുന്നു. കടലിളകി വരുന്നുണ്ടേ എന്ന ഗാനവും അതിന്റെ പ്ലേസ്മെന്റും ഉഗ്രൻ. സീരിയസ് ടോണിൽ കഥപറയാനുള്ള ഗംഭീര തിരക്കഥയല്ല ചിത്രത്തിനുള്ളത്. അതുപോലെ കഥപറച്ചിലിലും വ്യത്യസ്തത കൊണ്ടുവരുന്നില്ല.
ഇന്ദുഗോപന്റെ കഥയോളം മികച്ചതല്ല സിനിമ. എന്നാൽ മൂലകഥയോട് നീതിപുലർത്തിയിട്ടുണ്ട്. ഇത് പകയുടെയും പ്രതികാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും കഥയാണ്. ഗംഭീര പ്രകടനങ്ങളും സാങ്കേതിക വശങ്ങളിലെ മികവും സിനിമയെ തിയേറ്റർ കാഴ്ചയിൽ പരിഗണിക്കാവുന്ന ഒന്നാക്കി മാറ്റുന്നു. ഒരു ഉശിരൻ അടിപടം.
വീടിനു സമീപം നടന്ന ഓണാഘോഷത്തിൽ മത്സരത്തിൽ ജയിച്ചു സമ്മാനം വാങ്ങി അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയ 12 വയസ്സുകാരിക്കു റോഡപകടത്തിൽ ദാരുണാന്ത്യം. അമ്മയ്ക്കു ഗുരുതര പരിക്ക്. ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറുപ്പംകുളങ്ങര വടക്കേവെളി (മറ്റവനച്ചിറ) സജീവിന്റെ ഏകമകൾ ശ്രീലക്ഷ്മി (12) ആണ് മരിച്ചത്. ചേർത്തല ഗവ. ഗേൾസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. പരിക്കേറ്റ അമ്മ ലേഖയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി എട്ടോടെ ചേർത്തല-കണിച്ചുകുളങ്ങര റോഡിൽ മറ്റവന കവലയ്ക്കു സമീപമായിരുന്നു അപകടം. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. അർത്തുങ്കൽ പോലീസ് വാഹനവും വാഹനത്തിന്റെ ഡ്രൈവറായ തൈക്കാട്ടു സ്വദേശിയെയും കസ്റ്റഡിയിലെടുത്തു.
ഇടിയുടെ ആഘാതത്തിൽ ശ്രീലക്ഷ്മി സമീപത്തെ വീട്ടുവളപ്പിലേക്കു തെറിച്ചുപോയി. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണിച്ചുകുളങ്ങരയിൽ വാടകവീട്ടിലായിരുന്ന ഇവർ ഉത്രാടദിനത്തിലാണ് മറ്റവനയിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത്. മണിക്കൂറുകൾക്കു മുൻപ് സമീപത്തെ മറ്റവന ഫ്രണ്ട്സ് ക്ലബ്ബിൽ നടന്ന കായികമത്സരത്തിലാണ് ശ്രീലക്ഷ്മി മികവുകാട്ടിയത്.
തുമ്പോളിയിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ ചോരക്കുഞ്ഞ് ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിയിൽ സുഖംപ്രാപിക്കുന്നു. പ്രസവിച്ചുവെന്നു സംശയിക്കുന്ന യുവതിയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. തുമ്പോളി വികസന ജങ്ഷനു സമീപം വെള്ളിയാഴ്ച രാവിലെ 11-ഓടെയാണ് ജനിച്ചയുടൻ ഉപേക്ഷിക്കപ്പെട്ട നിലയിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്.
ആക്രിസാധനങ്ങൾ പെറുക്കുന്ന അതിഥിത്തൊഴിലാളികൾ കരച്ചിൽ കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നാട്ടുകാരിടപെട്ട് ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തെരുവുനായ്ക്കളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാലാണ് കുഞ്ഞ് ഇപ്പോഴും ജീവനോടിരിക്കുന്നത്.
കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നതിനു മണിക്കൂറുകൾക്കു മുമ്പാണ് യുവതി ഇതേ ആശുപത്രിയിൽ രക്തസ്രാവത്തിനു ചികിത്സയ്ക്കെത്തിയത്. ഇവർ പ്രസവിച്ചുവെന്ന് പരിശോധന നടത്തിയ ഡോക്ടർമാർക്കു മനസ്സിലായി. പ്രസവിച്ചയുടൻ കുട്ടിയെ ഉപേക്ഷിച്ചശേഷം ചികിത്സതേടി എത്തിയതാകാമെന്നാണ് സംശയം. എന്നാൽ, കുട്ടി അവരുടേതാണോയെന്ന കാര്യത്തിൽ യുവതി വ്യക്തമായ മറുപടി നൽകിയിട്ടില്ല.
സംഭവത്തിൽ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതി ലേബർ റൂമിലായതിനാൽ മൊഴിയെടുക്കാനായിട്ടില്ല. കുറ്റിക്കാട്ടിൽ കുട്ടിയെ കണ്ടതറിഞ്ഞ് നോർത്ത് പോലീസ് അമ്മയെ കണ്ടെത്താൻ ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. അതിനിടെയാണ് വനിത-ശിശു ആശുപത്രിയിൽ ഒരു യുവതി വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയതായും അവർക്കു പ്രസവിച്ച ലക്ഷണങ്ങളുണ്ടെന്നും അറിഞ്ഞത്. യുവതി താമസിക്കുന്ന വീടിന്‍റെ മതിലിനോടു ചേർന്നുള്ള കുറ്റിക്കാട്ടിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് മനസ്സിലാക്കി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മ, ചികിത്സയിലുള്ള യുവതി തന്നെയാണെന്നാണ് പോലീസ് നിഗമനം.
യുവതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. രണ്ടരക്കിലോയുള്ള ‘സ്റ്റോൺ’ ഉണ്ടായിരുന്നുവെന്നാണ് യുവതി ഡോക്ടർമാരോടു പറഞ്ഞത്. അതിനു സാധ്യതയില്ലാത്തതിനാലാണ് ഡോക്ടർമാർക്ക് സംശയം തോന്നിയത്. രണ്ടു കാര്യങ്ങളാണ് അന്വേഷണത്തിൽ കണ്ടെത്തേണ്ടത്. യുവതി പ്രസവിച്ചെന്നു വ്യക്തമായതിനാൽ കുട്ടി അവരുടേതു തന്നെയാണോയെന്ന് അറിയണം. അല്ലെങ്കിൽ, പ്രസവിച്ച കുട്ടിയെവിടെ എന്ന ചോദ്യവുമുണ്ട്.
ഓണാസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയതിനെ തുടര്‍ന്ന് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുക എന്നത് പാര്‍ട്ടി നയമല്ലന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. എന്താണ് നടന്നതെന്ന് മനസിലാക്കിയാലേ കൂടുതല്‍ പ്രതികരിക്കാനാകുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുചീകരണ തൊഴിലാളികള്‍ക്കെതിരായ നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്ത് ഉപേക്ഷിച്ചത്. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു നടപടി.
ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തു. നാല് താത്കാലികക്കാരെ പിരിച്ചുവിട്ടു.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ച് എക്കാലത്തും വാര്‍ത്തകളെത്താറുണ്ട്. ഇതുപോലെ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രവേശനം നടത്തുമെന്ന് ഏറെ തവണ അഭ്യൂഹങ്ങള്‍ ഉയര്‍ന്ന താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ രാഷ്ട്രീയം തന്റെ മേഖലയല്ലെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
താന്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും രാഷ്ട്രീയത്തോട് ഒരിക്കലും താല്‍പ്പര്യം തോന്നിയിട്ടില്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നുമാണ് താരം പറയുന്നത്. ഏത് പാര്‍ട്ടിയായാലും അതിന്റെ നല്ല ആശയങ്ങളോട് സഹകരിക്കുമെന്നും അവയിലൂടെ സഞ്ചരിക്കുമെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
‘എനിക്ക് രാഷ്ട്രീയം ഒരിക്കലും എക്‌സൈന്റ്‌മെന്റായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഒരു കപ്പ് ഓഫ് ടീ അല്ല അത്. ഒരു കക്ഷി രാഷ്ട്രീയത്തിലേക്കും പോകാന്‍ എനിക്ക് താല്പര്യമില്ല. കാര്യം എനിക്കത് അറിയില്ല. ഞാനൊരു പാര്‍ട്ടിയുമായി ബന്ധപ്പെടുക ആണെങ്കില്‍, ഒരുപാട് ആശയങ്ങളോട് നമുക്ക് താല്പര്യം തോന്നാം. ഏത് പാര്‍ട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കാം അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോള്‍, അതിനെ കുറിച്ചൊരു ധാരണ വേണം. ഒരുപാട് പേര്‍ ആ ധാരണകള്‍ ഇല്ലാതെയാണ് സംസാരിക്കുന്നത്.’ ഒരു പാര്‍ട്ടിയെ കുറിച്ച് പഠിച്ച് കഴിഞ്ഞിട്ടെ നമുക്കൊരു അഭിപ്രായം പറയാന്‍ സാധിക്കൂവെന്നും മോഹന്‍ലാല്‍ പറയുന്നു.
അതേസമയം, നടന്‍ മോഹന്‍ലാല്‍ ബിജെപിയുമായി അടുക്കുകയാണെന്നും വൈകാതെ രാഷ്ട്രീയത്തിലേക്ക് എത്തുമെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ താരങ്ങള്‍ മത്സരിക്കുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ മോഹന്‍ലാലിന്റെ പേരും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് താരം തന്റെ രാഷ്ട്രീയ നിലപാട് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
സോഷ്യല്‍മീഡിയയിലടക്കം തനിക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും താരം പ്രതികരിച്ചു. തന്റെ ജീവിതത്തിന്റെ പകുതിയോളം കാലം കഴിഞ്ഞു. ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമര്‍ശനങ്ങളെ പേടിച്ചോ ജീവിക്കാന്‍ പറ്റില്ല. നമ്മള്‍ ഒരു തെറ്റ് ചെയ്താല്‍ അത് അക്‌സപ്റ്റ് ചെയ്യാന്‍ തയ്യാറാണ്. പക്ഷേ അത് തെറ്റാണെന്ന് എനിക്ക് തോന്നണമെന്നും വിമര്‍ശനങ്ങളെ ഞാന്‍ ഗൗരവമായി എടുക്കാറില്ലെന്നും താരം പറയുന്നു.
മലയാളി അല്ലെങ്കിലും മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായി മാറിയ നടനാണ് ബാല. തമിഴും മലയാളവും കൂട്ടി കലർത്തി സംസാരിക്കുന്ന ബാലയുടെ ശബ്ദം അനുകരിച്ചുകൊണ്ടുള്ള ടിനി ടോമിന്റെ മിമിക്രി വെെറലായതോടെ കഴിഞ്ഞ കുറച്ച് നാളുകളായി ബാല ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിതാ മറ്റുള്ളവരെ വേദനിപ്പിച്ച്, കളിയാക്കി സന്തോഷിക്കരുതെന്ന് ജനങ്ങളോട് പറയുകയാണ് ബാല. ഓണാശംസകൾ അറിയിച്ച് കൊണ്ട് നടൻ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.
തനിക്ക് തിരുവോണത്തിന് കേരളത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ചില കാരണങ്ങളാൽ ചെന്നൈയിലായി പോയെന്നും അദ്ദേഹം പറയുന്നുണ്ട്. ഈ ഓണത്തിന് തന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി താൻ ഫോളോ ചെയ്യുന്ന നാല് പോയിന്റുകളും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. സ്നേഹത്തിന് വില സ്നേഹം മാത്രമാണ്. നമുക്ക് സ്നേഹം നേടണമെങ്കിൽ അത് കൊടുക്കണം. ലോകത്ത് പൈസ കൊടുത്തോ പേടിപ്പിച്ചോ സ്നേഹം ഒരിക്കലും നേടാൻ കഴിയില്ലെന്നാണ് ഒന്നാമത്തെ പോയിൻ്‍റായി അദ്ദേഹം പറയുന്നത്.
സെക്കന്റ് പോയിന്റ്, താൻ അടുത്ത കാലത്ത് വായിച്ച ഒരു കാര്യാണ്, നമ്മൾ സ്വന്തം ബോട്ടിൽ ഉറങ്ങി കൊണ്ടിരിക്കുകയാണ്. അപ്പുറത്ത് നിന്ന് വലിയൊരു കാറ്റടിക്കുമ്പോൾ മറ്റൊരു ബോട്ട് വന്നു നമ്മുടെ ബോട്ടിൽ തട്ടി. നമ്മൾ ഉറങ്ങുകയായിരുന്നു. അപ്പുറത്തെയാളും. നമ്മുടെ ദേഷ്യം മുഴുവൻ അപ്പുറത്തെ ആളോട് കാണിക്കും. ഇതേ പോലെ ഒരു ബോട്ട് വന്നു തട്ടുമ്പോൾ ബോട്ടിൽ ആളില്ലെങ്കിൽ ബോട്ടിനോട് ദേഷ്യപ്പെടുമോ?, അപ്പോൾ ദേഷ്യമെന്നത് ആപേക്ഷികമാണെന്നും അദ്ദേഹം പറയുന്നു.
പിന്നെ താൻ പഠിച്ച മറ്റൊരു നല്ല കാര്യം മൊതലാളി-തൊഴിലാളി, അച്ഛൻ-മകൻ, അമ്മ-മകൾ ഏത് റിലേഷൻഷിപ്പ് ആകട്ടെ എല്ലാവരും കുറ്റം ചെയ്യുന്നുണ്ട്. എന്നാൽ ഉള്ളതിൽ നല്ലത് പറയാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് പോസിറ്റീവ് എനർജി കൊടുക്കുക. അതിനേക്കാൾ വലിയ കാര്യം വേറെ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. നാലമത്തെ പോയിന്റ് എല്ലാ മനുഷ്യനുള്ളിലും ഒരു ചെകുത്താനുണ്ട് എന്നതാണ്.
അത് മാറ്റണം, നമ്മുടെ അകത്ത് ഇരിക്കുന്ന ദൈവം പുറത്തുവരണം. മറ്റുള്ളവരെ വേദനിപ്പിച്ച്, മറ്റുള്ളവരെ കളിയാക്കി നമ്മൾ സന്തോഷിക്കുന്നത് മൃഗത്തനമാണോന്നും. നമുക്ക് വിഷമം ഉണ്ടായാലും അത് മറന്നു മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നത് ദൈവത്തനമാണെന്നും അദ്ദേഹം പറയുന്നു.
1997ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ എലിസബത്ത് രാജ്ഞി കൊച്ചിയിലും എത്തിയിരുന്നു. തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് രാജ്ഞി കേരളത്തിലെത്തിയത്. 1997 ഒക്ടോബര്‍ 17നായിരുന്നു അത്. അന്ന് കൊച്ചിയിലെ താജ് മലബാര്‍ ഹോട്ടലിലെ ഉച്ചഭക്ഷണം രാഞ്ജിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു.
അവരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് താജ് മലബാര്‍ ഹോട്ടലിലെ തക്കാളിക്കറിയും മോപ്ല സ്റ്റൈല്‍ ചിക്കനുമായിരുന്നു. ഇത്രയും രുചികരമായ ഭക്ഷണം ഇതിന് മുമ്പ് കഴിച്ചിട്ടേയില്ലെന്നാണ് അന്ന് രാജ്ഞി പറഞ്ഞത്.
അന്നത്തെ ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാങ് കേരളത്തിന്റെ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന മോഹിനിയാട്ടം അന്ന് രാജ്ഞിയെ പരിചയപ്പെടുത്തുകയും ചെയ്തു. സന്ദര്‍ശന വേളയില്‍ ഫിലിപ്പ് രാജകുമാരനും രാജ്ഞിയെ അനുഗമിച്ചിരുന്നു.
അന്ന് കൊച്ചിയിലെ പരദേശി സിനഗോഗും രാഞ്ജി സന്ദര്‍ശിച്ചിരുന്നു. സിനഗോഗ് വാര്‍ഡന്‍ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേര്‍ന്നാണ് രാജ്ഞിയെ സ്വീകരിച്ചത്. സെന്റ് ഫ്രാന്‍സിസ് പള്ളിയിലെ വാസ്‌കോഡ ഗാമയുടെ ശവകുടീരവും ഇവര്‍ സന്ദര്‍ശിച്ചു.
മാന്നാറിൽ നടന്ന 56-ാമത് മഹാത്മാഗാന്ധി ജലോത്സവത്തിൽ വിജയികളായ പോലീസ് ടീമിന് എതിരെ ആരോപണം. പോലീസേ ടീം തുഴഞ്ഞ നിരണം ചുണ്ടന്റെ വിജയം എതിരാളികളായ ടീമിനെ വെള്ളത്തിൽ മുക്കിയാണെന്നാണ് ആരോപണം. നിരണം ചുണ്ടൻ തുഴഞ്ഞ പോലീസുകാർ, ചെറുതന ചുണ്ടന്റെ അമരക്കാരനെ കൈക്കൊണ്ട് തള്ളി വെള്ളത്തിലേക്കിടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെയാണ് ചതിപ്രയോഗത്തെ കുറിച്ച് ആരോപണം ശക്തമായത്.
ഒന്നാം സ്ഥാനം നേടിയ കേരള പോലീസ് തുഴഞ്ഞ നിരണം ചുണ്ടന് കപ്പും പാരിതോഷികവും നൽകരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്നലെ വൈകിട്ടാണ് മഹാത്മാഗാന്ധി ജലോത്സവം അരങ്ങേറിയത്. കേരള പോലീസ് ബോട്ട് ക്ലബ്ബാണ് നിരണം ചുണ്ടൻ തുഴഞ്ഞത്. ഇവരെ പിന്നിലാക്കി ചെറുതന ചുണ്ടൻ മുന്നേറുന്നതിനിടെ നിരണം ചുണ്ടനിലുണ്ടായിരുന്ന പോലീസ് ക്ലബ് അംഗം ചെറുതന ചുണ്ടന്റെ അമരക്കാരനെ തള്ളി വെള്ളത്തിലേക്ക് ഇടുകയായിരുന്നു.
ഇതോടെ ചെറുതന ചുണ്ടൻ നിയന്ത്രണം നഷ്ടപ്പെട്ട് മുങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. മത്സരത്തിന് പിന്നാലെ പോലീസുകാർക്ക് ട്രോഫിയും പാരിതോഷികവും നൽകരുതെന്നാവശ്യപ്പെട്ട് വള്ളംകളി പ്രേമികൾ സംഘടിച്ച് പ്രതിഷേധിച്ചപ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് ഉത്തരവിട്ടിട്ടുണ്ട്.
ബോളിവുഡ് നടൻ റൺബീർ കപൂറിനെയും ആലിയ ഭട്ടിനെയും ബജ്‌റംഗ്ദൾ പ്രവർത്തകർ തടഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ വെച്ചാണ് താരദമ്പതികളെ പ്രവർത്തകർ തടഞ്ഞത്. ബീഫ് ഇഷ്ടമാണെന്ന റൺബീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചാണ് ബജ്രംഗ്ദൾ പ്രവർത്തകർ ഇവരെ തടഞ്ഞത്.
ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് റൺബീറും ആലിയയും ക്ഷേത്രത്തിലെത്തിയത്. അതേസമയം, പ്രതിഷേധക്കാർക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് റൺബീർ പറയുന്ന പഴയ ഒരു വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സൈബറിടത്ത് നിറഞ്ഞത്.
ഇഷ്ടഭക്ഷണങ്ങളെന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് ഭക്ഷണങ്ങൾ വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും റൺബീർ പറഞ്ഞിരുന്നു. ശേഷം, അഭിമുഖത്തിന്റെ ഈ ഭാഗം മാത്രം എഡിറ്റ് ചെയ്ത് ട്വിറ്ററിലിട്ടാണ് ബ്രഹ്മാസ്ത്രയ്ക്കെതിരെ ഹാഷ്ടാഗ് കാമ്പയിനുകളും സജീവമായത്.
ബോയ്കോട്ട് ബ്രഹ്മാസ്ത്ര എന്ന ഹാഷ്ടാഗോടെയാണ് ബഹിഷ്‌കരണാഹ്വാനം തകൃതിയായി നടക്കുന്നത്. 11 വർഷങ്ങൾക്ക് മുമ്പ് റോക്ക്സ്റ്റാർ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു ദേശീയ മാധ്യമം നടത്തിയ ഇന്റർവ്യൂ ആയിരുന്നു ഇത്. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ബജ്രംഗ്ദർ പ്രവർത്തകർ താരദമ്പതികളെ തടഞ്ഞത്.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം പിയുടെ നേതൃത്വത്തില്‍ ‘ഭാരത് ജോഡോ’ എന്ന പേരില്‍ നടത്തുന്ന പദയാത്ര ഇന്ന് ആരംഭിക്കും. രാജീവ് ഗാന്ധി വീരമൃത്യു വരിച്ച ശ്രീപെരുമ്പത്തൂരില്‍ ഇന്ന് രാവിലെ ആദ്യം എത്തി രാഹുല്‍ ഗാന്ധി പ്രാര്‍ത്ഥന നടത്തി. പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കന്യാകുമാരിയിലേക്ക് അദ്ദേഹം പോകും. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളിലായി നടക്കുന്ന യാത്രയില്‍ 118 സ്ഥിരം അംഗങ്ങളാണുള്ളത്.
കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ വൈകുന്നേരം 5 മണിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഫ്ളാഗ് ഓഫ് ചെയ്യും. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോവും. 150 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പദയാത്ര 3500 കിലോമീറ്റര്‍ പിന്നിടും.
ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 9 അംഗങ്ങളാണുള്ളത്. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍, കെഎസ് യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, അസംഘടിത തൊഴിലാളി കോൺഗ്രസ്സ് നാഷണൽ കോഡിനേറ്റർ അനിൽ ബോസ്, ഷീബ രാമചന്ദ്രന്‍, കെ ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങള്‍.
11-ന് കേരളത്തില്‍ പ്രവേശിക്കുന്ന യാത്ര 19 ദിവസം കൊണ്ട് പാറശാല മുതല്‍ നിലമ്പൂര്‍ വരെ 453 കിലോമീറ്റര്‍ ദൂരം പിന്നിടും. കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറി വൈഭവ് വാലിയ എന്നിവര്‍ ഉള്‍പ്പടെ നിരവധി യുവ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.