തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ നിന്നുള്ള കേരളത്തിന്റെ പിന്മാറ്റത്തെ തുടർന്ന് സിപിഐ നേതാക്കളെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി തുറന്നടിച്ചു. ജിആർ അനിൽ സിപിഐ ഓഫീസിന് മുമ്പിൽ തന്നെ അപമാനിച്ചതായും, ഫോണിൽ വിളിച്ച് സംസാരിച്ചു കഴിഞ്ഞാണ് ഓഫീസിൽ പോയതെന്നും അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വവുമായി പദ്ധതിയെക്കുറിച്ച് സംസാരിച്ച ശേഷം അനിൽ മാധ്യമങ്ങളോട് അപമാനകരമായ പരാമർശങ്ങൾ നടത്തിയതായും ശിവൻ കുട്ടി ആരോപിച്ചു.
പ്രകാശ് ബാബുവും എം.എ. ബേബിയെയും അവഹേളിച്ചുവെന്നും, പാർട്ടി ജനറൽ സെക്രട്ടറിയെ ‘നിസ്സഹായൻ’ എന്ന് വിളിച്ചത് മര്യാദയില്ലായ്മയാണെന്നും മന്ത്രി പറഞ്ഞു. എഐഎസ്എഫ്, എഐവൈഎഫ് പ്രവർത്തകർ തനിക്കെതിരെ അതിരുകടന്ന് പ്രതിഷേധം നടത്തിയെന്നും, തന്റെ കോലം കത്തിക്കുകയും വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തുകയും ചെയ്തുവെന്നും ശിവൻ കുട്ടി ആരോപിച്ചു. ഇവർ തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പിഎം ശ്രീ പദ്ധതിയിൽ തുടർനടപടി നിർത്തിവെക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്തിമ തീരുമാനം കേന്ദ്രത്തിനായിരിക്കും. സിപിഐയുടെ സമ്മർദ്ദത്തിൻറെ ഫലമായാണ് ഉപസമിതി രൂപീകരിച്ചതെന്ന് സൂചനയുണ്ട്. എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡൂവായ 300 കോടി ലഭിക്കാൻ ഇരിക്കെയാണ് ഈ പിന്മാറ്റം വന്നത്. ഇതോടെ വിദ്യാഭ്യാസ വകുപ്പിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
മുംബൈ: മുംബൈയിലെ പൊവായിയിലെ ആർ.എ സ്റ്റുഡിയോയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവം മൂലം നഗരം മുഴുവൻ ഉത്കണ്ഠയിലായി. ഓഡിഷൻ നിമിത്തം കുട്ടികളെ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തിയ വെബ് സീരീസ് സംവിധായകനെന്ന് അവകാശപ്പെട്ട രോഹിത് ആര്യ പിന്നീട് 17 കുട്ടികളടക്കം 19 പേരെ ബന്ദികളാക്കി. ഈ വിവരം പുറത്തറിഞ്ഞതോടെ പോലീസ് വൻതോതിൽ സേനയെ സ്ഥലത്തെത്തിച്ചു.
രണ്ടുമണിയോടെ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘങ്ങൾ കെട്ടിടം വളഞ്ഞു. പ്രതിയുമായി സംസാരിച്ചു കുട്ടികളെ വിട്ടയക്കാൻ ശ്രമിച്ചെങ്കിലും രോഹിത് സമ്മതിച്ചില്ല. തുടർന്ന് കുളിമുറിയിലെ ഗ്രിൽ തകർത്താണ് പോലീസ് സംഘം സ്റ്റുഡിയോയ്ക്കുള്ളിൽ കടന്നത്. അപ്പോഴാണ് കെട്ടിടത്തിനുള്ളിൽ വെടിയൊച്ചകൾ മുഴങ്ങിയത്. രോഹിത് പോലീസിനെതിരെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയും പോലീസ് തിരിച്ചടിക്കുകയും ചെയ്തു. വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മൂന്നു മണിക്കൂറോളം നീണ്ട ഓപ്പറേഷനിന് ശേഷം വൈകിട്ട് 4.45ഓടെ കുട്ടികളടക്കം എല്ലാവരെയും സുരക്ഷിതരാക്കി. 13 മുതൽ 17 വയസുവരെയുള്ള കുട്ടികളാണ് ബന്ദികളായിരുന്നത്. ഇവരെല്ലാം ബന്ധുക്കളോടൊപ്പം സുരക്ഷിതമായി വീട്ടിലെത്തിച്ചതായി പോലീസ് അറിയിച്ചു.
സംഭവസ്ഥലത്ത് നിന്ന് എയർ ഗണും ചില രാസവസ്തുക്കളും പോലീസ് പിടിച്ചെടുത്തു. സംഭവത്തിന് മുമ്പ് രോഹിത് ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. താൻ തീവ്രവാദിയല്ലെന്നും ചില ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പണം ആവശ്യപ്പെട്ടതല്ലെന്നും, തനിക്ക് സംസാരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ സ്ഥലം കത്തിക്കുമെന്നും വീഡിയോയിൽ പറഞ്ഞിരുന്നു.
പോലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച് പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. രോഹിതിന് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ പിന്നാമ്പുറവും രോഹിത്തിന്റെ ബന്ധങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി വില്പനക്ക് ഉപയോഗിച്ച കേസിൽ എക്സൈസ് പിടികൂടി ജാമ്യത്തിൽ വിട്ട പ്രതിയെ ഗാന്ധിനഗർ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കല്ലേപറമ്പിൽ ജിതിൻകുമാർ (21) ആണ് പിടിയിലായത്.
പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചെന്ന എക്സൈസ് റിപ്പോർട്ടിനെത്തുടർന്നാണ് അറസ്റ്റ്. 7നു രഹസ്യവിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പ്രതിയുടെ വീട്ടിൽ 13 വയസ്സുകാരിയെ കണ്ടെത്തിയത്.
പെൺകുട്ടിക്കൊപ്പം 9 വയസ്സുകാരി സഹോദരിയുമുണ്ടായിരുന്നു. പനിയായതിനാൽ ആശുപത്രിയിൽ പോകാനാണു താൻ ചേച്ചിക്കൊപ്പം വന്നതെന്നു കുട്ടി എക്സൈസിനോട് പറഞ്ഞു. പെൺകുട്ടികളെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.
ജിതിൻ 13 വയസ്സുകാരിയെ സ്കൂൾ യൂണിഫോമിൽ ബൈക്കിന്റെ പിന്നിലിരുത്തി എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്ക് കഞ്ചാവും രാസലഹരിയും കടത്തിയെന്ന് എക്സൈസ് പൊലീസിനു റിപ്പോർട്ട് നൽകി.
പ്രതിയിൽനിന്ന് 15 ഗ്രാം കഞ്ചാവാണു പിടിച്ചെടുത്തത്. ഇക്കാരണത്താൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സ്കൂളിലേക്ക് പോകുന്ന പെൺകുട്ടിയെ രാവിലെ ബൈക്കിൽ എത്തുന്ന പ്രതി കൊണ്ടുപോകുകയും വൈകിട്ട് സ്കൂൾ സമയം കഴിയാറാകുമ്പോൾ തിരിച്ചെത്തിക്കുകയുമായിരുന്നു.
വീട്ടിലെ സാഹചര്യം മോശമായിരുന്ന പെൺകുട്ടിയെ പ്രതി സ്വാധീനിക്കുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ക്ഷേമപദ്ധതികളുടെ രണ്ടാം ഘട്ടം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് ജനപ്രിയമായ പ്രഖ്യാപനങ്ങളുമായി സർക്കാർ ഇറങ്ങിയത് എൽഡിഎഫിന്റെ രാഷ്ട്രീയ നീക്കമായി ആണ് വിലയിരുത്തപ്പെടുന്നത് . ക്ഷേമ പെൻഷൻ വർധന, പുതിയ സ്ത്രീധനപദ്ധതി, കർഷകർക്ക് താങ്ങുവില ഉറപ്പ് തുടങ്ങിയ പ്രഖ്യാപനങ്ങൾ ജനപിന്തുണ ഉറപ്പിക്കാനുള്ള ‘മിനിബജറ്റ്’ നീക്കമാണെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരുടേത്. കോവിഡ് കാലത്തെ സൗജന്യ കിറ്റുകൾ പോലെ തന്നെ, ഈ ക്ഷേമനടപടികളും വോട്ടർമാരുടെ മനസ്സിൽ സർക്കാരിനോടുള്ള വിശ്വാസം പുനഃസ്ഥാപിക്കാനാകും എന്നതാണ് എൽഡിഎഫിന്റെ പ്രതീക്ഷ.
വിവാദങ്ങളുടെ ചുഴിയിൽ പെട്ട സർക്കാരിന് ഈ പ്രഖ്യാപനങ്ങൾ പ്രതിഛായാ പുനർനിർമ്മാണത്തിനുള്ള പ്രധാന ആയുധമായി മാറും . പിഎംശ്രീ സ്കൂൾ വിവാദം, സാമ്പത്തിക പ്രതിസന്ധി, മന്ത്രിമാരെ ചുറ്റിപ്പറ്റിയ ആരോപണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനങ്ങൾ നടന്നത്. അതിനാൽ തന്നെ ‘ക്ഷേമത്തിലൂന്നിയ ജനബജറ്റ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ നീക്കം എതിർപ്പിനെ മറികടക്കാനും പാർട്ടി ഘടനയിലെ അസ്വസ്ഥതകൾ നിയന്ത്രിക്കാനുമുള്ള തന്ത്രപ്രധാനമായ നീക്കമായി കാണപ്പെടുന്നു. സർക്കാർ പ്രവർത്തനങ്ങളിൽ താളപ്പിഴകളുണ്ടെങ്കിലും സാമൂഹ്യനീതി, ക്ഷേമം എന്നീ ആശയങ്ങൾ മുന്നോട്ടുവെച്ച് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനാണ് പിണറായിയുടെ നീക്കം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീകൾക്കും കർഷകർക്കും ഗസ്റ്റ് അധ്യാപകർക്കും നൽകിയ ആനുകൂല്യങ്ങൾ എൽഡിഎഫിന് രാഷ്ട്രീയ നേട്ടമാകുമോ എന്നത് ഇനി സമയം തെളിയിക്കേണ്ടതാണ്. ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ ക്ഷേമപദ്ധതികൾ ഭരണ തുടർച്ചയ്ക്ക് കാരണമായതുപോലെ, കേരളത്തിലും ഈ ‘സ്ത്രീധനപദ്ധതി’യും പെൻഷൻ വർധനയും വോട്ടർമാരുടെ മനസിൽ നല്ല പ്രതിഫലനം ഉണ്ടാക്കുമെന്ന വിശ്വാസത്തിലാണ് ഭരണകൂടം. എങ്കിലും സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനത്തിന് ഈ വൻ ചെലവുകൾ എത്രത്തോളം ദീർഘകാലത്തേക്ക് നിലനിർത്താനാകും എന്നതാണ് വലിയ ചോദ്യം. രാഷ്ട്രീയമായും സാമ്പത്തികമായും ഭാവി നിർണയിക്കാവുന്ന ഒരു നീക്കമായിട്ടാണ് ഈ ‘മിനിബജറ്റ്’ വിലയിരുത്തപ്പെടുന്നത്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈമാസം സന്ദര്‍ശിച്ചപ്പോള്‍ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നതായും ജോര്‍ജ് കുര്യന്‍ ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.
കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റയില്‍വേ മന്ത്രിതന്നെയാണ് ഉദ്യോഗസ്ഥര്‍ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോര്‍ജ് കുര്യന്‍ റെയില്‍വേ മന്ത്രിക്കൊപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു.
വിമാന യാത്രക്കാര്‍ക്ക് വളരെ സൗകര്യപ്രദമായ ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
കമ്പളക്കാട്ടെ നിർമാണം നടക്കുന്ന മൂന്നുനിലക്കെട്ടിടത്തിനു മുകളിൽ പോക്‌സോ കേസ് പ്രതിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശിയായ സുനിൽ കുമാർ (അൽ അമീൻ-50)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ കമ്പളക്കാട് പള്ളിക്കുന്ന് റോഡിലെ കെട്ടിടത്തിന് മുകളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കാണുന്നത്. കെട്ടിടത്തിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കമ്പളക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇരുകാലുകളും വയറുകൾ ഉപയോഗിച്ച് കെട്ടിയിട്ട നിലയിലാണ്.
മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പും ആധാർ കാർഡും പോലീസ് കണ്ടെടുത്തു. ഇയാൾ വ്യത്യസ്തമായ പേരുകളിൽ മൂന്നുവിവാഹം കഴിച്ചിട്ടുണ്ട്. 2024 നവംബറിൽ വെള്ളമുണ്ടയിൽ രജിസ്റ്റർചെയ്ത പോക്‌സോ കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളിൽ പണിയെടുത്താണ് ഇയാൾ ജീവിച്ചിരുന്നത്. മൃതദേഹം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂര്‍: വാരാപ്പുഴയിലെ കൂനമ്മാവ് അഗതി മന്ദിരത്തിൽ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേര്‍ പൊലീസ് പിടിയിലായി. അഗതി മന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. എറണാകുളം അരൂര്‍ സ്വദേശിയും 11 കേസുകളിലെ പ്രതിയുമായ സുദര്‍ശന്‍ (44) ഗുരുതരാവസ്ഥയിലാണ്.
വഴിയാത്രക്കാരെ ശല്യപ്പെടുത്തിയെന്നാരോപിച്ച് കൊച്ചി സെന്‍ട്രൽ പൊലീസ് സുദര്‍ശനെ പിടികൂടി അഗതിമന്ദിരത്തിലെത്തിച്ചതിനുശേഷമാണ് സംഭവം നടന്നത്. മന്ദിരത്തിൽ എത്തിയ ശേഷം സുദര്‍ശൻ അക്രമം കാട്ടിയതിനെ തുടര്‍ന്നാണ് ഇയാളെ മര്‍ദിച്ചതെന്ന് പൊലീസ് പറയുന്നു. കത്തികൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചതായും പ്രതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ സുദര്‍ശനെ അഗതിമന്ദിരത്തിലെ വാഹനത്തിൽ കൊടുങ്ങല്ലൂരില്‍ എത്തിച്ച് വഴിയരികില്‍ ഉപേക്ഷിച്ചതായാണ് വിവരം. സുദര്‍ശനെ തൃശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത് കൂനമ്മാവ് ഇവാഞ്ചലോ കേന്ദ്രത്തിന്റെ ഉടമസ്ഥരേയും പൊലീസ് ചോദ്യം ചെയ്യുകയാണ്.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഏഴു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മോൻതാ ചുഴലിക്കാറ്റ് നീങ്ങിയാൽ കേരളത്തിൽ മഴയുടെ ശക്തി കുറയും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റോടും ഇടിയോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. മോൻതാ ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്നത് അനുസരിച്ച് കേരളത്തിൽ മഴയുടെ ശക്തിയിൽ
കുറവുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇന്ന് (ഒക്ടോബര്‍ 28) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചത്. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല.
ചെങ്ങന്നൂർ . വെൺമണി സ്വദേശിനിയായ 14കാരിയോട് പ്രണയമെന്ന നാടകമാടി ലൈംഗിക അതിക്രമം നടത്തിയ 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വെൺമണി ഏറംമുറി കല്ലിടാംകുഴി സ്വദേശി അച്ചു എന്ന യുവാവാണ് (19) അറസ്റ്റിലായത്. പെൺകുട്ടിയോട് പ്രായപൂർത്തിയായാൽ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്താണ് ഇയാൾ വിശ്വാസം നേടിയെടുത്തത്.
ഇതിനു ശേഷം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡനം നടത്തുകയായിരുന്നു. മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച മാതാപിതാക്കളെ ഇയാൾ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തതായി പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ തിരുവല്ല ഭാഗത്ത് വച്ച് പൊലീസ് പിടികൂടി. ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് വെൺമണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ന്യൂഡൽഹി ∙ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവിനെ ക്രൂരമായി കൊന്നു മൃതദേഹം കത്തിച്ച കേസിൽ ലിവ് ഇൻ പങ്കാളിയും മുൻ കാമുകനും ഉൾപ്പെടെ മൂന്നു പേർ പൊലീസ് പിടിയിലായി. തിമർപുരിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന രാംകേശ് മീണ (32) നെയാണ് കൊലപ്പെടുത്തിയതെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. പ്രതികളായി ലിവ് ഇൻ പങ്കാളിയായ അമൃത ചൗഹാൻ (21), മുൻ കാമുകൻ സുമിത് കശ്യപ്, സുഹൃത്ത് സന്ദീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ആദ്യം അപകടമരണം പോലെ തോന്നിച്ച സംഭവം സിസിടിവി ദൃശ്യങ്ങളും ഫോണിന്റെ ലൊക്കേഷൻ ഡേറ്റയും പരിശോധിച്ചതോടെ കൊലപാതകമാണെന്ന് തെളിഞ്ഞു.
അന്വേഷണത്തിൽ നിന്നു വ്യക്തമായത്, രാംകേശ് തന്റെ പങ്കാളിയായ അമൃതയുടെ സ്വകാര്യ ദൃശ്യങ്ങൾ ഹാർഡ് ഡിസ്ക്കിൽ സൂക്ഷിച്ചതാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന്. ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് അമൃത ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും രാംകേശ് അതിന് തയ്യാറായില്ല. ഇതോടെ അമൃത തന്റെ മുൻ കാമുകൻ സുമിത്തിനെ സമീപിച്ചു. സുമിത്തും അമൃതയും ചേർന്ന് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തു, തുടർന്ന് സുഹൃത്തായ സന്ദീപിനെയും കൂട്ടുപിടിച്ചു.
ഒക്ടോബർ 5നാണ് കൊലപാതകം നടന്നത്. ഫ്‌ളാറ്റിൽ എത്തിയ സുമിത്തും സന്ദീപും ചേർന്ന് രാംകേശിനെ ശ്വാസംമുട്ടിച്ച് കൊന്നു. മൃതദേഹം കത്തിക്കാനായി എണ്ണ, നെയ്യ്, വൈൻ എന്നിവ ഒഴിച്ചു. ഗ്യാസ് സിലിണ്ടർ തുറന്ന് മുറിയിൽ നിറഞ്ഞതിനു ശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തി വാതിൽ പൂട്ടി പ്രതികൾ പുറത്ത് പോയി. പിന്നാലെ ഫ്‌ളാറ്റ് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി. സംഭവസ്ഥലത്ത് നിന്നുള്ള ലാപ്‌ടോപ്പുകളും ഹാർഡ് ഡിസ്‌ക്കും പൊലീസ് പ്രതികളിൽ നിന്ന് വീണ്ടെടുത്തു. മുഖ്യപ്രതിയായ അമൃത ഫോറൻസിക് സയൻസ് വിദ്യാർത്ഥിനിയായതിനാൽ കൊലപാതകം ആസൂത്രണം ചെയ്യാൻ ക്രൈം വെബ്‌സീരീസ് കഥകളിൽ നിന്നുള്ള പ്രചോദനമാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.