India

സിദ്ധരാമയ്യയെയും ഡി കെ ശിവകുമാറിനെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു.നിയമസഭാ കക്ഷി യോഗത്തിന് ശേഷം എം എല്‍ എമാരെ മൂന്ന് ഐ ഐ സിസി നിരീക്ഷകരും ഒറ്റക്കൊറ്റക്ക് കണ്ടിരുന്നു. അതിന് ശേഷം നിരീക്ഷകര്‍ ഐ ഐ സി സി നല്‍കിയ റിപ്പോര്‍ട്ടില്‍ സിദ്ധരാമയ്യയെയാണ് കൂടുതല്‍ എം എല്‍ എ മാരും പിന്തുണക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം ഡി കെ ശിവകുമാര്‍ തന്റെ സമ്മര്‍ദ്ദം  ശക്തമാക്കിയിട്ടുണ്ട്. വൊക്കലിംഗ സമുദായത്തെയും അതിലെ ആത്മീയ നേതാക്കളെയും മുന്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ നീക്കത്തിനാണ് ഡി കെ ശിവകുമാര്‍ ലക്ഷ്യമിടുന്നത്. അതേ സമയം ഹൈക്കമാന്‍ഡിനെ ധിക്കരിച്ചു കൊണ്ടുള്ള ഒരു നീക്കവും അദ്ദേഹം നടത്തില്ലെന്നും ഉറപ്പാണ്.

ഡി കെ ശിവകുമാറിന് പാരയായത് അദ്ദേഹത്തിന്റെ പേരിലുള്ള ഇ ഡി കേസുകളാണ്. ഡി കെ യെ മുഖ്യമന്ത്രിയാക്കിയാല്‍ ഇ ഡി കേസുകള്‍ ബി ജെ പി മുറുക്കുമെന്ന് കോണ്‍ഗ്രസ് ഭയപ്പെടുന്നുണ്ട്. എന്നാല്‍ സിദ്ധരാമയ്യക്കെതിരെ ഇതുവരെ വ്യക്തിപരമായ ഒരു അഴിമതിയാരോപണവും ഉണ്ടായിട്ടില്ല. അഞ്ച് വര്‍ഷം മുഖ്യമന്ത്രിയും അതിനു മുമ്പ് ഉപമുഖ്യമന്ത്രിയും ആയിരുന്നപ്പോഴും അദ്ദേഹത്തിനെതിരെ ഒരു അഴിമതിയാരോപണവും ബി ജെ പിക്കടക്കം ആര്‍ക്കും ഉയര്‍ത്താന്‍ കഴിഞ്ഞട്ടില്ല. അത് കൊണ്ട് സിദ്ധരാമയ്യ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ്.

തമിഴ്നാട്ടിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. 35 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. 33 പേർ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.

വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യം കഴിച്ച് ആളുകള്‍ മരണപ്പെട്ടത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. തമിഴ്നാട് പൊലീസ് ഐ.ജി എന്‍ കണ്ണനാണ് വിവരങ്ങൾ മാധ്യമങ്ങളെ അറിയച്ചത് .

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുരന്തം റിപ്പോർട്ട് ചെയ്തത്. അന്ന് രണ്ടുപേരാണ് മരിച്ചത്. പിറ്റേദിവസം രണ്ടു പേർകൂടി മരിച്ചു. ഞായറാഴ്ച ആറ് മരണം റിപ്പോർട്ട് ചെയ്തു.വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടുചെയ്തു.

കേരളാ തീരത്ത് പിടിച്ച ഇരുപത്തയ്യായിരം കോടിയുടെ മയക്ക് മരുന്നിന് പിന്നില്‍ പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ഹാജി സലിം നെറ്റ് വര്‍ക്കാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. കറാച്ചിയില്‍ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ മുംബൈ, കൊച്ചി, ചെന്നൈ എന്നിവടങ്ങളിലേക്കും അതോടൊപ്പം ശ്രീലങ്ക, മാലിദ്വീപ് എന്നിവടങ്ങളിലേക്കും കടത്താനുള്ള മയക്ക് മരുന്നാണ് കൊച്ചി തീരത്ത് സുരക്ഷാ സേനകള്‍ പിടിച്ചത്. ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത്രയധികം മയക്ക് മരുന്ന് കറാച്ചിയില്‍ നിന്നും കയറ്റിവിട്ടതെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2500 കിലോ വിരുന്ന മെത്താഫെറ്റാമിന്‍ എന്ന് മയക്കു മരുന്നാണ് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യുറോ, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത നീക്കത്തോടെ കൊച്ചി തീരത്ത് നിന്നും പിടിച്ചത്. ഇതിലും ഇരട്ടിയിലേറെ മയക്കമരുന്ന് ഇത് കൊണ്ടുവന്ന മദര്‍ഷിപ്പിലുണ്ടായിരുന്നുവെന്നാണ് നേവിയും നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യുറോയും പറയുന്നത്. മറ്റു ചില ചെറിയ ബോട്ടുകളിലും മയക്ക് മരുന്നിന്റ പെട്ടികള്‍ ഉണ്ടായിരുന്നു. ഇറാന്‍. അഫ്ഗാന്‍ അതിര്‍ത്തികളില്‍ നിന്നും ശേഖരിക്കുന്ന ഈ മയക്കുമരുന്ന് കറാച്ചിയിലെ ഹാജി സലിം നെറ്റ് വര്‍ക്കാണ് ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് കടത്തുന്നത്. പിടിച്ചെടുത്ത പെട്ടികളില്‍ ‘റോളക്‌സ് 555’ എന്ന മുദ്ര കണ്ടതോടെയാണ് ഹാജി സലിം നെറ്റ് വര്‍ക്കാണ് ഇതിന് പിന്നിലെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉറിപ്പിച്ചത്.

ഇറാനില്‍ നിന്നുള്ള മദര്‍ഷിപ്പാണ് കടലില്‍ മുങ്ങിയതെങ്കിലും അതിലെ മയക്ക് മരുന്നകള്‍ വെള്ളം കയറാത്ത തരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ശ്രീലങ്കയില്‍ എല്‍ ടി ടി ഇ വീണ്ടും പുനരുജ്ജീവനത്തിന് ശ്രമിക്കുന്നണ്ട്. അത് കൊണ്ട് തന്നെ അവശിഷ്ട എല്‍ ടി ടി ഇ കേഡറുകള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി ശ്രീലങ്കയിലും മാലി ദ്വീപിലും മയക്ക് മരുന്ന് ശൃംഖലകള്‍ പരിപോഷിപ്പിക്കുന്നുണ്ട്. ഹാജി സലിം നെറ്റ് വര്‍ക്കിന് അവരുമായി അടുത്ത ബന്ധമുണ്ടെന്നും സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പാക്കിസ്ഥാന്‍ പൌരനെ ഇന്‍റെലിജന്‍സ് ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.

നാള്‍ക്കുനാള്‍ അതിക്രമങ്ങള്‍, കൈയേറ്റം, അന്നേ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതാണ് ജോലിസ്ഥലത്തെ സുരക്ഷയും സംരക്ഷണവും. ഒടുവിലിതാ ഒരു യുവഡോക്ടര്‍ക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു. അതും പോലീസ് കസ്റ്റഡിയിലെടുത്ത് എത്തിച്ചയാള്‍ തന്നെ ഡോക്ടറെ കുത്തിക്കൊന്നുവെന്നത് ഏറെ നടുക്കമുണ്ടാക്കുന്നതാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കേരളത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. പോലീസ് ചികിത്സയ്ക്കായി എത്തിച്ച കൊല്ലം പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറായ വന്ദനാ ദാസിനെ അതിദാരുണമായി കൊലപ്പെടുത്തിയത്. ആശുപത്രിയിലെ പരിശോധനയ്ക്കിടെ അഞ്ചിലേറെ തവണയാണ് ഡോക്ടര്‍ക്ക് കുത്തേറ്റത്. പ്രതിയുടെ ആക്രമണത്തില്‍ പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും കുത്തേറ്റു.

ചെറുകരക്കോണം സ്വദേശിയായ സന്ദീപ് ലഹരിക്കടിമയാണെന്നാണ് പോലീസ് പറയുന്നത്. സ്‌കൂള്‍ അധ്യാപകനായിരുന്ന ഇയാളെ ലഹരിക്കടിമയായതിനാല്‍ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡീഅഡിക്ഷന്‍ സെന്ററിലായിരുന്ന പ്രതി അടുത്തിടെയാണ് വീട്ടില്‍ തിരിച്ചെത്തിയതെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി സന്ദീപ് വീടിന് സമീപമുള്ള ബന്ധുക്കളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് പ്രതിയുടെ കാലില്‍ മുറിവേറ്റത്. ഇയാള്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചാണ് തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പുലര്‍ച്ചെ നാലരയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പ്രതിയെ കാലിലെ മുറിവ് തുന്നിക്കെട്ടനായി സമീപത്തെ മറ്റൊരു മുറിയില്‍ എത്തിച്ചു. ഇവിടെവെച്ചാണ് പ്രതി അക്രമാസക്തനായത്.

ആദ്യം കൂടെയുണ്ടായിരുന്ന ബന്ധുവിനെയാണ് പ്രതി ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിശോധനാമുറിയിലുണ്ടായിരുന്ന കത്രിക കൈക്കലാക്കിയായിരുന്നു ആക്രമണം. പിന്നാലെ പ്രതി കൂടുതല്‍ അക്രമാസക്തനായി. തടയാന്‍ശ്രമിച്ച പോലീസുകാരെയും ഹോംഗാര്‍ഡിനെയും കുത്തിപരിക്കേല്‍പ്പിച്ചു. പിന്നാലെ കണ്മുന്നില്‍ കണ്ട വന്ദനയെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഡോക്ടര്‍ വന്ദനയുടെ കഴുത്തിലും നെഞ്ചിലും പിറകിലും ഉള്‍പ്പെടെ അഞ്ചുതവണയിലേറെ മാരകമായി കുത്തേറ്റു. തുടര്‍ന്ന് കൂടുതല്‍പേരെത്തിയാണ് പ്രതിയെ കീഴടക്കിയത്. അതിഗുരുതരമായി പരിക്കേറ്റ വന്ദനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴുത്തിലും നെഞ്ചിലും നട്ടെല്ലിനും വന്ദനയ്ക്ക് മാരകമായി കുത്തേറ്റെന്നാണ് പ്രാഥമികവിവരം. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റതാണ് മരണകാരണമായതെന്നും പ്രാഥമികവിവരങ്ങളിലുണ്ട്. കോട്ടയം മുട്ടുച്ചിറ സ്വദേശിനിയായ വന്ദനദാസ് കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനാണ്. ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഒരുമാസത്തെ പോസ്റ്റിങ്ങിന്റെ ഭാഗമായാണ് വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കെത്തിയത്. ചൊവ്വാഴ്ച നൈറ്റ് ഷിഫ്റ്റിലായിരുന്നു ഡ്യൂട്ടി. ജോലിക്കിടെ തങ്ങളുടെ സഹപാഠി അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ നടുക്കത്തിലാണ് അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍.

സ്വന്തം ലേഖകൻ
കൊച്ചി : മെയ് ഏഴിന് താനൂരിൽ നടന്ന ബോട്ടപകടത്തിൽ ” മരണപ്പെട്ടവർക്ക് ” ആദരാഞ്ജലികൾ എന്ന് എഴുതുന്നത് ആ മനുഷ്യരോട് കാണിക്കുന്ന അവഹേളനം ആന്നെന്നും… അവരെ കൊന്നതാണെന്നും…. ഇതു ഇന്സ്ടിട്യൂഷണൽ മർഡറാണെന്നും.. മുഖം രക്ഷിക്കാൻ ബോട്ട് ഉടമയ്ക്കെതിരെ കേസെടുത്തതുകൊണ്ടായില്ല..
സമയാസമയങ്ങളിൽ കൃത്യമായ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥരുടെ വീഴ്ചക്കും നടപടി വേണമെന്നും..  ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ സെക്ഷൻ 304 ൽ വരുന്ന മനപ്പൂർവമല്ലാത്ത നരഹത്യയാണിതെന്നും കേരള ആം ആദ്മി പാർട്ടി പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസൻ മരണം നടന്ന അന്ന് തന്നെ അഭിപ്രായപ്പെട്ടിരുന്നു…
കേരള ആം ആദ്മി പാർട്ടി പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസന്റെ അഭിപ്രായങ്ങൾ പൂർണ്ണമായി ശരിവയ്ക്കുന്ന നിലപാടാണ്‌ ഇന്ന് കേരള ഹൈക്കോടതിയും സ്വീകരിച്ചിരിക്കുന്നത് . ഞങ്ങളുടെ ഹൃദയത്തിൽ രക്തം പൊടിയുന്നുവെന്നും , സംഭവത്തിൽ മേയ് 12നകം വിശദമായ റിപ്പോർട്ട് നൽകണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ബോട്ടപകടത്തിൽ കേരള ഹൈക്കോടതി ഇന്ന് സ്വമേധയാ കേസെടുത്തിരിക്കുകയാണ് .
ഓരോ തവണയും നിരവധി ജീവനുകളാണ് പൊലിയുന്നെന്നും , നിരവധി കുട്ടികൾ മരിക്കുമ്പോൾ ഞങ്ങളുടെ ഹൃദയം വാർന്നൊഴുകുന്നുവെന്നും, പോലീസിനെപ്പോലും നിരീക്ഷിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും, ഈ കൂട്ടമരണം ഞെട്ടിക്കുന്നതും വേട്ടയാടുന്നതുമാണെന്നും ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി . ഭാവിയിൽ ഇത് സംഭവിക്കില്ലെന്ന് ഉറപ്പാക്കുക.” എന്നതാണ് ഞങ്ങളുടെ കടമയെന്നും,  സംസ്ഥാനത്ത് സമാനമായ ബോട്ടപകടങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സർക്കാരാണ് ഇതിന് കാരണമെന്നും കോടതി വിമർശിച്ചു. എന്തുകൊണ്ടാണ് ഇവർക്കെതിരെ നടപടിയെടുക്കാത്തതെന്നും കോടതി ചോദിച്ചു.
“ഞങ്ങളുടെ ഹൃദയത്തിൽ രക്തം പൊടിയുന്നു……
ഇതു ഉദ്യോഗസ്ഥ മേലാളന്മാരുടെ കഴിവില്ലായ്‌മ ആണ്”
മലപ്പുറം ബോട്ട് അപകടത്തിൽ സ്വമേധയ കേസ് എടുത്തുകൊണ്ട് കേരള ഹൈക്കോടതി പറഞ്ഞ വാക്കുകൾ ആണിതെന്നും . “ഇത്ര സുരക്ഷതമല്ലാത്ത രീതിയിൽ ഈ ബോട്ട് സർവീസ് നടത്താൻ ആരാണ് അനുമതി കൊടുത്തതെന്നും ?? ,കോടതി ഉയർത്തിയ അതേ ചോദ്യമാണ് കേരളീയ സമൂഹം ചോദിക്കുന്നതെന്നും
കേവലം ഉടമയ്ക്കെതിരെ കേസ് എടുത്തു ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അധികാര വർഗ്ഗത്തിന്റെ തട്ടിപ്പാണ് കോടതി ചോദ്യം ചെയ്യുന്നതെന്നും … അതാണ് ഇത് ഒരു  “ഇന്സ്ടിട്യൂഷണൽ മർഡർ” ആണന്ന്‌….! താൻ പറഞ്ഞതെന്നും, അതുകൊണ്ട് തന്നെയാണ് ജനം ആഗ്രഹിച്ചതുപോലെ കോടതി സ്വാമേധയ കേസ് എടുത്തതെന്നും  ആം ആദ്മി പാർട്ടി പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വിൽസൻ പ്രതികരിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് കയ്യൂർ കല്ലറങ്ങാട്ട് കെ എം മാത്യു (97) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10.30 ന് നടക്കും.

മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പിതാവ് കെ എം മാത്യുവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കും. കൂടാതെ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണവുമുണ്ടാകും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കും. തിരൂരിൽ എത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ശേഷം താനൂരിൽ അവലോകന യോഗം ചേർന്നു. ഇതിനുശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. സംസ്കാരം നടക്കുന്ന മദ്രസയിലും എത്തി. 8 മന്ത്രിമാരും ഡിജിപിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തിരൂരങ്ങാടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പരപ്പനങ്ങാടിയിൽ പൊതുദർശനത്തിനുവച്ചു. ഇതിനുശേഷമാകും സംസ്കാരചടങ്ങുകൾ. 22 പേരാണ് ദുരന്തത്തിൽ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 11 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. അതിൽ 8 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 2 പേർ ആശുപത്രി വിട്ടു. 5 പേർ നീന്തി രക്ഷപ്പെട്ടു.

പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം ഇന്നലെ രാത്രി ഏഴോടെയാണ് അപകടമുണ്ടായത്. ബോട്ട് അപകടത്തിനിടെ കാണാതായ എട്ടുവയസുകാരനെ കണ്ടെത്തിയതായി കുടുംബം. പരുക്കേറ്റ കുട്ടിയെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതിനാലാണ് കാണാനില്ലെന്ന അഭ്യൂഹം പരന്നത്. ഇതോടെ ബോട്ടിലുണ്ടായിരുന്ന ആരെയും കാണാനില്ലെന്ന പരാതിയില്ല. രക്ഷാസംഘത്തിന്റെ തിരച്ചില്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് ഫയര്‍ഫോഴ്സ് ഡിജിപി ബി.സന്ധ്യ അറിയിച്ചു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തു. വിനോദ സഞ്ചാരത്തിനു വേണ്ട ഫിറ്റ്നസ് ബോട്ടിനുണ്ടായിരുന്നില്ലെന്നാണ് വിവരം. മത്സ്യബന്ധനബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

കേരളത്തിൽ നടക്കുന്നത് അഴിമതി മാത്രമെന്ന് ജഗതിയുടെ മകളും ഷോൺ ജോർജിന്റെ ഭാര്യയുമായ പാർവതി ഷോൺ. വളരെ മോശം ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇവിടെ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുകയാണെന്നും പാർവതി ഷോൺ പറയുന്നു. താനൂർ തൂവൽത്തീരം ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാർവതിയുടെ പ്രതികരണം.

‘‘നിങ്ങളെയെല്ലാവരെയും പോലെ ആ വാർത്ത കേട്ട് ഞാനും ഞെട്ടി. മലപ്പുറം താനൂർ കുട്ടുപുറം തൂവൽത്തീരത്ത് നടന്ന ബോട്ടപകടം. 21 മരണം. പിഞ്ചുകുഞ്ഞുങ്ങളുടെ മുഖം ഓർക്കാൻപോലും വയ്യ. ഞാൻ അധികം നേരം ആ വാർത്ത വായിച്ചില്ല. ഒന്നുമാത്രം വായിച്ചു മരിച്ചുപോയവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപാ വീതം കൊടുക്കുന്നു എന്ന്. ഭയങ്കര കേമം ആയിപോയി. രണ്ടുലക്ഷം രൂപയെ ഉള്ളോ കൊടുക്കാൻ? എത്ര കോടി രൂപ കൊടുത്താലും ആ ജീവനോളം വില വരില്ല.

നാട്ടിൽ നടക്കുന്നത് മുഴുവൻ അഴിമതിയാണ്. അവിടെയും ഇവിടെയുമൊക്കെ ക്യാമറ പിടിപ്പിച്ചതിനു എത്രയോ കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് കേട്ടു. എന്തൊരു നാറിയ ഭരണമാണിത്? ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇതിനെപ്പറ്റി ഒന്നും പറയാനില്ലേ ? ആ മനുഷ്യന് ചുറ്റും നടക്കുന്ന ഈ അഴിമതികളെക്കുറിച്ച് ആ മനുഷ്യന് ഒന്നും പറയാനില്ലേ? ഒരു മുഖ്യമന്ത്രി ഇങ്ങനെ ആകാമോ. ഈ അഴിമതി നടക്കുന്ന സമയത്ത് ടൂറിസം ഉള്ള സ്ഥലത്ത് എന്തെങ്കിലുമൊക്കെ പൈസ അതിൽ നിക്ഷേപിച്ച് കുറച്ചു സുരക്ഷിതമായി ആൾക്കാർക്ക് നടക്കാൻ കഴിയുന്ന രീതിയിൽ കാര്യങ്ങൾ ചെയ്തുകൂടെ?

ഈ അഴിമതിയൊക്കെ കാണിച്ച് തിന്നുകുടിച്ചു നടക്കുന്നത് ആർക്ക് ഗുണം ചെയ്യും? കഷ്ടം തോന്നുന്നു. സത്യം പറഞ്ഞാൽ സങ്കടം വന്നു. ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ മുഖമാണ് മനസ്സിൽ വരുന്നത്. അഴിമതി മാത്രമേയുള്ളൂ ചുറ്റും. നാറിയ ഭരണം. ഈ കേരളത്തിൽ ജീവിക്കുന്നതിലും ഭേദം തൂങ്ങിച്ചാവുന്നതാണ്.’’–പാർവതി ഷോൺ പറയുന്നു.

താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ബോട്ട് ഉടമ താനൂർ സ്വദേശി നാസർ ഒളിവിൽ തുടരുന്നു. അതേസമയം, നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവരെ കൊച്ചിയിൽ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. നാസറിന്റെ മൊബൈൽ ഫോണും വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നു.

നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ആൾക്കാരുണ്ടെങ്കിലും ആരും പുറത്തേക്ക് വരുന്നില്ല. നാസർ വീട്ടിലില്ലെന്നാണ് നാട്ടുകാർ പറയുന്നത്. താനൂർ സ്റ്റേഷനു തൊട്ടടുത്താണ് നാസറിന്റെ വീട്. ദീര്‍ഘകാലം വിദേശത്തായിരുന്ന നാസർ, നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ബോട്ട് സർവീസ് തുടങ്ങിയത്.

അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണമുണ്ട്. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ചാണ് രൂപമാറ്റം നടത്തിയത്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽ‌കിയതായും സൂചനയുണ്ട്. ബോട്ടിന് ഫിറ്റ്നസ് നൽകുമ്പോൾ രൂപരേഖയുൾപ്പെടെ നിർമാണത്തിന്റെ സകല വിവരങ്ങളും വ്യക്തമാക്കണമെന്നിരിക്കെയാണ് പോർട്ട് സർവേയറുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതെന്നാണ് വിവരം.

റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിരുന്നില്ല. ഇതിനു മുൻപാണ് ബോട്ട് സർവീസിനിറങ്ങിയതെന്നും മത്സ്യത്തൊഴിലാളികൾ പറ‍ഞ്ഞു. മീൻപിടിത്ത ബോട്ട് ഒരു കാരണവശാലും രൂപമാറ്റം നടത്തി ഉല്ലാസ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്.

ഈ ബോട്ട് സർവീസ് ആരംഭിക്കുമ്പോൾ തന്നെ ബോട്ടിന്റെ ഘടന കണ്ട് മത്സ്യത്തൊഴിലാളികൾ, ഇത് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് രണ്ട് നില ബോട്ടായിരുന്നു. വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്നതിനായി അടിഭാഗം ഫ്‌ളാറ്റായിട്ടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, ഈ ബോട്ടിന്റെ അടിഭാഗം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന് സമാനമായി റൗണ്ടിലാണ്. കൂടുതൽ ആളുകൾ കയറിയാൽ, ഇത് ഒരു ഭാഗത്തേക്ക് ചരിഞ്ഞുപോകും. ഇതാണ് അപകടത്തിനിടയാക്കിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ തങ്ങളുടെ കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ഇന്ത്യൻ കമ്പനിയായ ടാറ്റ സ്റ്റീൽ അറിയിച്ചു. വിപണിയിലെ പ്രതികൂല സാഹചര്യങ്ങൾക്കൊപ്പം സർക്കാരിൽ നിന്നുള്ള സഹായങ്ങളുടെ അഭാവവുമാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം അവസാനത്തോടെ കമ്പനിയുടെ വ്യാപാരം ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ടാറ്റ സ്റ്റീൽ യുകെ പറഞ്ഞു. ഇന്ത്യൻ കമ്പനിയായ ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള ബ്രാഞ്ചുകളിൽ ഏകദേശം 8,000 പേരാണ് ജോലി ചെയ്യുന്നത്. ഇതിൽ ഒട്ടനവധി മലയാളികളും ഉൾപ്പെടുന്നുണ്ട്.

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കമ്പനിക്ക് ബ്രിട്ടൺ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് മാർച്ച് 31 വരെ ലഭിച്ച വരുമാനം 60 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. ഈ പ്രതികൂല സാഹചര്യങ്ങൾക്ക് പിന്നാലെ കമ്പനി അടച്ച് പൂട്ടുകയാണെങ്കിൽ മായാളികൾ ഉൾപ്പെടെയുള്ള നിരവധി ബ്രിട്ടീഷുകാർക്ക് ജോലി നഷ്ടമാവും. ഉയർന്ന പണപ്പെരുപ്പവും പലിശനിരക്കും പോലുള്ള ഘടകങ്ങൾ കണക്കിലെടുത്ത് യൂറോപ്പിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകൾ വിലയിരുത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ ഉടൻ തന്നെ യുകെയിലെ ബിസിനസിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് ടാറ്റ സ്റ്റീൽ പറഞ്ഞു.

ടാറ്റ സ്റ്റീൽ യുകെയിൽ നേരിടുന്ന പ്രതിസന്ധിയിൽ നിന്ന് മുന്നോട്ട് പോകാൻ സർക്കാർ തലത്തിൽ നിന്ന് സഹായം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കാർബൺ എമിഷൻ കുറയ്ക്കുന്ന സ്റ്റീൽ നിർമാണ രീതികൾക്കായി കമ്പനി വലിയൊരു തുക നിക്ഷേപം നടത്തേണ്ടതായുണ്ട്. ഉരുക്ക് നിർമ്മാണ പ്രക്രിയകളിൽ നിന്ന് കുറഞ്ഞ കാർബൺ പുറന്തള്ളുന്ന നിർമ്മാണ പ്രക്രിയയ്ക്ക് സാമ്പത്തിക പിന്തുണയ്ക്കായി കമ്പനി നിലവിൽ യുകെ സർക്കാരുമായി ചർച്ച നടത്തി വരുകയാണ്. നിലവിൽ പ്രകൃതിവാതകവും ഉരുക്ക് നിർമ്മാണ പ്രക്രിയയുടെ ഭാഗമായി ഇരുമ്പ് നിർമ്മിക്കാൻ കാർബണും ആണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് പകരം വൈദ്യുതി ഉപയോഗിക്കുന്നത് കാർബൺ എമിഷൻ ഗണ്യമായി കുറയ്ക്കും. പക്ഷെ ഇതിനായി അടിസ്ഥാന മൂലധനം വലിയ തോതിൽ വേണ്ടി വരുന്നതും കമ്പനി നേരിടുന്ന പ്രതിസന്ധിക്ക് കാരണമാണ്.

RECENT POSTS
Copyright © . All rights reserved