കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. അധിക കുറ്റപത്രം 30ന് സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണസംഘം ഉപേക്ഷിച്ചു. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം.
ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ നടി കാവ്യ മാധവന്‍ കേസില്‍ പ്രതിയാകില്ല. സംഭവത്തിനു പിന്നിൽ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മൊഴി നൽകിയിരുന്നു.
അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തിവിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരീഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതോടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താൽപര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചു.
കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികൾക്കു പുറമേ വിചാരണക്കോടതിയെതന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ വാദവും അതേ വിചാരണക്കോടതി മുൻപാകെ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയ കേസിനിടെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധന. കൊച്ചി ഡിസിപി വിയു കുര്യാക്കോസ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പിസി ജോര്‍ജ് വീട്ടിലില്ലെന്നാണ് വിവരം.
പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പിസിയെ തേടി ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് സംഘമെത്തിയത്.
തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം 80 ശതമാനം പൂര്‍ത്തിയായതായും സംഭവത്തില്‍ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കേസില്‍ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് പാലാരിവട്ടം പോലീസിന് ഇനി നിയമപ്രശ്‌നങ്ങള്‍ ഇല്ല. എന്നാല്‍ അറസ്റ്റ് ഉടന്‍ വേണ്ടെന്നാണ് പോലീസ് തീരുമാനം.
അതേസമയം പിസിയുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയില്‍ വീട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പിസി ജോര്‍ജിന്റെ നിലപാട്. എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
യാത്രക്കാരനില്‍ നിന്നും കുപ്പികളിലാക്കി സൂക്ഷിച്ച ഗോമൂത്രം പിടികൂടി നശിപ്പിച്ചതായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. ക്രൈസ്റ്റ്ചര്‍ച്ച് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ബയോസെക്യൂരിറ്റി വിഭാഗം ഗോമൂത്രം പിടിച്ചെടുത്തത്.
അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ പതിവ് പരിശോധനയിലാണ് യാത്രക്കാരനില്‍ നിന്നും ‘ഗോമാതാ’ ഗോമൂത്രം പിടികൂടി നശിപ്പിച്ചത്. ന്യൂസിലാന്‍ഡിന്റെ മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് വിമാനത്താവളത്തിലാണ് സംഭവം. ജൈവ സുരക്ഷാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് രണ്ട് കുപ്പികളിലായി ഗോമൂത്രം കണ്ടെത്തിയത്.
ജൈവായുധമായി കണക്കാക്കിയാണ് ഇവ പിടിച്ചെടുത്ത് നശിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹിന്ദു വിശ്വാസ പ്രകാരം ചിലയിടങ്ങളില്‍ ഗോമൂത്രം പൂജകള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശുദ്ധീകരണത്തിനായി ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഗുരുതരമായ രോഗങ്ങള്‍ക്കിടയാക്കിയേക്കാമെന്നാണ് അധികൃതരുടെ വിശദീകരണം.
ഒപ്പം ലഗേജിലെ ഒരു ഇനം ബയോസെക്യൂരിറ്റി അപകടസാധ്യതയുള്ളതാണോ എന്ന് ഉറപ്പാക്കിയില്ലെങ്കില്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
അതേസമയം ശരിയായ രീതിയിലുള്ള ഉപയോഗത്തിനാണ് ഗോമൂത്രം കയ്യില്‍ കരുതിയതെന്ന് യാത്രക്കാരന്‍ വിശദീകരിച്ചു. യാത്രക്കാരന്റ വ്യക്തി വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നെത്തിയ യാത്രക്കാരന്റെ ബാഗേജില്‍ നിന്നും യുഎസ് വിമാനത്തിവളത്തിലെ കസ്റ്റംസ് വിഭാഗം ചാണക വറളി പിടിച്ചെടുത്ത് നശിപ്പിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വാഷിങ്ടണിലെ വിമാനത്താവളത്തിലായിരുന്നു സംഭവം.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടിച്ചോദിക്കില്ല. നടിയും ദിലിപിന്‍റെ ഭാര്യയുമായ കാവ്യാ മാധവൻ കേസിൽ പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും.
അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് കേസില്‍ ക്രൈംബ്രാഞ്ചിന്റെമ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും പോലീസ് അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.
തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക (Playback Singer) സംഗീത സചിത് (Sangeetha Sachith) അന്തരിച്ചു. 46 വയസായിരുന്നു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ ‘നാളൈതീര്‍പ്പി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ ‘മിസ്റ്റർ റോമിയോ’യില്‍ പാടിയ ‘തണ്ണീരും കാതലിക്കും’ വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്’ അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി സമ്മാനിച്ചു.
മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകള്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. കര്‍ണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത സംഗീത എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. ” അടുക്കളയിൽ പണിയുണ്ട് “എന്ന സിനിമയുടെ സംഗീതസംവിധായകയുമാണ്.
കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങൾ: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ.
വിശ്വഹിന്ദുപരിഷത്തിന്റെ യുവജന വിഭാഗമായ ബജറംഗ ദളും പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്‍റെ ഭാഗമായ വോളണ്ടിയര്‍ മാര്‍ച്ചും ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ പത്ത് മണിക്കാണ് ബജറംഗ ദളിന്‍റെ ഇരുചക്ര വാഹനറാലി.
വൈകീട്ട് നാലരക്കാണ് കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാര്‍ച്ചും ബഹുജന റാലിയും നടക്കുന്നത്. ഒരേസമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രണ്ട് സമയം നിശ്ചയിച്ചു നല്‍കുകയായിരുന്നു. പ്രകടനങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ആലപ്പുഴക്ക് പുറമേ ,എറണാകുളം , കോട്ടയം ജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും. എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത നേരിട്ട് സ്ഥിതി ഗതികള് നിയന്ത്രിക്കും. പ്രകടനം കടന്നുപോകുന്ന വഴികളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ബജ്റംഗ് ദള്‍ പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണി വരെ കടകള്‍ തുറക്കാന്‍ പാടില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മുതൽ കടകള്‍ അടച്ചിടണം
ഹൈദരാബാദിൽ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന് കണ്ടെത്തൽ. കൊലപാതകം ലക്ഷ്യമിട്ട് പ്രതികൾക്ക് നേരെ പോലീസ് ബോധപൂർവം വെടിവെയ്ക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി കണ്ടെത്തി. പ്രതികളെ വധിച്ച പത്ത് പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സമിതി ശുപാർശ ചെയ്തു.
2019 നവംബറിൽ വെറ്ററിനറി ഡോക്ടറെ കുട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളാണ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. പോലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് വെടിവെക്കുകയായിരുന്നു എന്നായിരുന്നു ആദ്യ വിശദീകരണം. 2019 ഡിസംബറിലാണ് തെളിവെടുപ്പിനെത്തിച്ച പ്രതികൾ കൊല്ലപ്പെട്ടത്. ഇവരിൽ മൂന്നുപേർ പ്രായപൂർത്തിയാവാത്തവരായിരുന്നു.
ഹൈദരാബാദ് ഏറ്റുമുട്ടൽ കേസ് അന്വേഷിക്കാൻ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്ന രണ്ട് അഭിഭാഷകരുടെ ആവശ്യം പരിഗണിച്ച് 2019 ഡിസംബർ 12-നാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി സമിതിയെ നിയോഗിച്ചത്.
മുൻ സുപ്രീം കോടതി ജഡ്ജി വിഎസ് സിർപുർകർ, ബോംബെ ഹൈക്കോടതി മുൻ ജഡ്ജി രേഖ ബൽദോത്ത, സിബിഐ മുൻ ഡയറക്ടർ ഡിആർ കാർത്തികേയൻ എന്നിവരടങ്ങുന്ന സമിതിയാണ് വിഷയത്തിൽ അന്വേഷണം നടത്തിയത്. തുടർ നടപടികൾക്കായി കേസ് തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കോഴിക്കോട് അമിത അളവിൽ ഗുളിക കഴിച്ച യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്കു സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്.
യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് അവശയായ അശ്വതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം, രക്തസമ്മർദം വളരെ കുറഞ്ഞ നിലയിലായിരുന്നു.
അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് പിതാവ് പൊലീസിൽ പരാതി നൽകി.
വീട്ടിൽനിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്. അമ്മ: ഷീല. സഹോദരൻ: അശ്വിൻ.
ഷെറിൻ പി യോഹന്നാൻ
സിദ്ധാർഥിന്റെ ബാച്ചിലര്‍ പാർട്ടിക്ക് വേണ്ടിയാണ് ആ പതിനൊന്നു പേർ കുളമാവിലുള്ള റിസോർട്ടിൽ എത്തിയത്. ആറ് സ്‍ത്രീകളും അഞ്ച് പുരുഷൻമാരും അടങ്ങുന്ന സംഘം. ഇവർ പണ്ട് തൊട്ടേ നല്ല സുഹൃത്തുക്കളാണ്. ബാച്ചിലര്‍ പാര്‍ട്ടി പുരോഗമിക്കവേ ഒരു കളി കളിക്കാൻ ഇവർ ഒരുങ്ങുന്നു. എന്നാൽ വലിയ പ്രത്യാഘാതങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പകുതിക്ക് വച്ച് നിർത്തിയ ആ കളി പുനരാരംഭിക്കാൻ ഒരു പന്ത്രണ്ടാമൻ എത്തുന്നു – അതിലൂടെ ഒരു ഉത്തരം തേടാനും.
ജിത്തു ജോസഫിന്റെ മേക്കിങ് ശൈലിയോട് വലിയ താല്പര്യമില്ലെങ്കിലും രഹസ്യാത്മകത നിലനിർത്തിയുള്ള അദ്ദേഹത്തിന്റെ തിരക്കഥകൾ മികച്ചതാണ്. ഇവിടെ ഒരു ക്രൈം ഡ്രാമയിൽ whodunit എന്ന ചോദ്യമുന്നയിച്ച് അതിനുത്തരം കണ്ടെത്തുകയാണ് സംവിധായകൻ. മിസ്റ്ററി നിലനിർത്തി കഥ പറയുമ്പോൾ തന്നെ പല പോരായ്മകളും സിനിമയിൽ മുഴച്ചുനിൽക്കുന്നു.
പശ്ചാത്യ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള കഥാഗതിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചത്. 2016 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രമായ ‘Perfect Strangers’ നോട് സമാനമായ കഥാഗതി ഇവിടെയും കാണാം. ഉറ്റ സുഹൃത്തുക്കളുടെ സംഘം, ഒരു കളി, അതിലൂടെ ഉണ്ടാവുന്ന ഒരാപത്ത്, പുറത്തുവരുന്ന രഹസ്യങ്ങൾ എന്നിങ്ങനെ കഥ പുരോഗമിക്കുന്നു. സിനിമയിലെ അന്വേഷണം ഒരു അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. കഥാപാത്രങ്ങളുടെ തുറന്നു പറച്ചിലിലൂടെയാണ് പല സത്യങ്ങളും മറ നീക്കി പുറത്തു വരുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്ത ആഖ്യാനത്തിലൂടെ കഥയെ മുന്നോട്ട് കൊണ്ടുപോയത് നന്നായിരുന്നു. ഒപ്പം ആ ഉത്തരം കണ്ടെത്തുന്ന വഴിയും.
രണ്ടാം പകുതിയിലാണ് ചിത്രം എൻഗേജിങ് ആവുന്നത്. കഥാപാത്രങ്ങളുടെ വെളിപ്പെടുത്തലുകൾ പലതും കഥയെ കൂടുതൽ ഇൻട്രസ്റ്റിങ് ആക്കുന്നു. പ്രകടനങ്ങളിൽ എല്ലാവരും തങ്ങൾക്ക് ലഭിച്ച വേഷം ഭംഗിയാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ പ്രകടനമാറ്റവും ശ്രദ്ധേയമാണ്. കഥാപരിസരവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ ട്രില്ലടിപ്പിക്കുന്ന തരത്തിലുള്ള വൗ മൊമെന്റസ് കുറവാണെന്നതാണ് പ്രധാന പോരായ്മ.
പതിനൊന്ന് സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തിയുള്ള തുടക്കം തന്നെ അനാവശ്യമായി തോന്നി. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിലെ തുടക്ക രംഗങ്ങളൊക്കെ ദുർബലമായിരുന്നു. ഒരു സീരിയൽ ഫീലാണ് നൽകിയത്. എന്നാൽ പുരോഗമിക്കുന്തോറും കഥ ഗ്രിപ്പിങ്ങായി അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആ സംഘത്തിലെ ഒരാളാണ് കുറ്റവാളിയെന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ ക്ലൈമാക്സും വലിയ ഞെട്ടലുണ്ടാക്കാതെ അവസാനിക്കുന്നു.
Last Word – പുതുമയില്ലെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ’12th Man’. രണ്ടാം പകുതിയിലെ കഥ പറച്ചിലും കാഴ്ചകളുമാണ് ചിത്രത്തിന്റെ ശക്തി. എന്നാൽ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടെ അഭാവം ചിത്രത്തെ ബാധിക്കുന്നുണ്ട്. മൊത്തത്തിൽ, ഒരു ശരാശരി അനുഭവം.
മമ്മൂട്ടി-പാർവതി ചിത്രം പുഴു ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന ആരോപണവുമായി രാഹുൽ ഈശ്വർ. സിനിമയിൽ അഭിനേതാക്കൾ നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സിനിമ ബ്രാഹ്മണ സുമാദായമാകെ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണെന്നും രാഹുൽ ഈശ്വർ റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞു.’എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണ്. ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പക്ഷെ പുഴു എന്ന സിനിമയിൽ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ,’ രാഹുൽ ഈശ്വർ ചോദിച്ചു.
സിനിമയിലെ ഒരു രംഗം ദളിത്, പിന്നോക്ക വിഭാഗ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണ് കാണിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ‘പുഴുവിൽ ഒരു രംഗമുണ്ട്. അതിലദ്ദേഹം (കുട്ടപ്പൻ) പറയുന്നത് വേണമെങ്കിൽ എസ് സി,എസ് ടി ആക്ടിന്റെ പേരിൽ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് വേണമെങ്കിൽ ഞാനൊരു കള്ളക്കേസ് ഫയൽ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്റെയും പാർവതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസർ സംസാരിക്കുമ്പോൾ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോഗമാണെന്നും നമ്മൾ മറക്കരുത്,’ രാഹുൽ ഈശ്വർ പറഞ്ഞു.
മമ്മൂട്ടി ഗംഭീരമായി അതഭിനയിച്ചിട്ടുണ്ട്. പക്ഷെ ബ്രാഹ്മണിക്കൽ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. ഞാൻ വേറൊരു ജാതിയിൽ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ചില എതിർപ്പുകളും കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ടെന്നത് ശരി. എന്റെ അടുത്ത സുഹൃത്ത് മുസ്ലിമാണ്. അദ്ദേഹം കല്യാണം കഴിക്കുന്നത് ബ്രാഹ്മണ പെൺകുട്ടിയെയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരിൽ ആളുകളെ കൊല്ലുന്നത്. ചിലപ്പോൾ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ചില സ്ഥലങ്ങളിൽ ദുരഭിമാനക്കൊല ഉണ്ടായിട്ടുണ്ടാവും.
കേരളത്തിൽ കഴിഞ്ഞ 50 വർഷത്തിൽ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പക്ഷെ സിനിമ നല്ലതാണെന്നും പാർവതി ഗംഭീരമായിട്ട് അഭിനയിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.