കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും 1985 മുതൽ രാജ്യസഭാംഗവും ആയി പതിറ്റാണ്ടുകളുടെ തട്ടകമായിരുന്ന ഡൽഹിയോടു വിടചൊല്ലി എ.കെ. ആന്റണി വ്യാഴാഴ്ച കേരളത്തിലേക്കു താമസം മാറ്റുന്നു. ഭാര്യ എലിബത്തും ആന്റണിക്കൊപ്പം തിരുവനന്തപുരത്തെ വീട്ടിലേക്കു താമസത്തിനെത്തും.
കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പു പൂർത്തിയാകുന്നതുവരെയെങ്കിലും വർക്കിംഗ് കമ്മിറ്റിയംഗമായി ആന്റണി തുടരും. നിലവിൽ പാർട്ടി അച്ചടക്കസമിതി തലവനാണ്. കോണ്‍ഗ്രസ് തലപ്പത്ത് എല്ലാ സമിതികളിലും അംഗമായ ആന്റണി പാർട്ടിയിലെ ഏറ്റവും സ്വീകാര്യനും അഴിമതിരഹിത മുഖവുമാണ്. സജീവരാഷ്ട്രീയത്തിൽനിന്നു വിരമിക്കുന്പോഴും കേരളത്തിലെ കോണ്‍ഗ്രസിനോടൊപ്പം തുടർന്നും പൂർണമനസോടെ ഉണ്ടാകുമെന്ന് ആന്റണി പറഞ്ഞു. തീർത്തും ഒഴിവാക്കാനാകാത്ത കാര്യങ്ങൾക്കു മാത്രമാകും ഇനി ഡൽഹി യാത്ര.
ആരോഗ്യകാരണങ്ങളും ഡൽഹിയിൽ തീവ്ര തണുപ്പും ചൂടും അന്തരീക്ഷ മാലിന്യവും അടക്കമുള്ള കാരണങ്ങൾ നാട്ടിലേക്കു തിരികെ പറിച്ചുനടാൻ 81-കാരനായ ആന്റണിയെ പ്രേരിപ്പിച്ചു. മുഖ്യമന്ത്രിയായും കെപിസിസി അധ്യക്ഷനായും ഏറെ വർഷം നിറഞ്ഞുനിന്ന തിരുവനന്തപുരത്തേക്കുള്ള തിരിച്ചുവരവ് ആന്റണി ഏതാനും വർഷം മുന്‍പേ തീരുമാനിച്ചിരുന്നു.
രാജ്യസഭയിലേക്ക് ഇനി പരിഗണിക്കേണ്ടതില്ലെന്ന് ഒരു വർഷം മുന്‍പേ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചു. ഇതേത്തുടർന്നാണ് ആന്റണിയുടെ ഒഴിവിൽ ജെബി മേത്തർക്കു നറുക്കു വീണത്. ഏപ്രിൽ ആദ്യം രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ ആന്റണി വീട് ഒഴിയാനും തന്റെ വീട്ടുസാധനങ്ങൾ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലേക്കു മാറ്റാനുമുള്ള നടപടികൾ പൂർത്തിയാക്കി.
ഇന്ത്യയിൽ ഏറ്റവും നീണ്ടകാലം പ്രതിരോധമന്ത്രിയെന്ന റിക്കാർഡും കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മുഖ്യമന്ത്രിയെന്ന റിക്കാർഡും ആന്റണിക്കാണ്. മൂന്നുതവണ മുഖ്യമന്ത്രിയായ ആന്റണി ഇടക്കാലത്ത് കേന്ദ്ര സിവിൽ സപ്ലൈസ് മന്ത്രിയുമായിരുന്നു.
തോമസ് ചാക്കോ
മങ്കൊമ്പ് : കാലാകാലങ്ങളായി വെള്ളപ്പൊക്കവും , കൃഷിനാശവും , കുടിവെള്ള ക്ഷാമമും, മാറാരോഗങ്ങളും , തൊഴിലില്ലായ്മയുമായി ദുരിതമനുഭവിക്കുന്ന കുട്ടനാടൻ ജനതയെ കരകയറ്റുവാൻ ആം ആദ്മി പാർട്ടി പ്രവർത്തകർ കുട്ടനാട്ടിൽ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നു. ഡെൽഹിയിലും , പഞ്ചാബിലും പരീക്ഷിച്ച് വിജയിച്ച ആം ആദ്മി പാർട്ടിയുടെ പ്രകൃതിക്ക് യോജിച്ച വികസന മാതൃക കുട്ടനാട്ടിൽ നടപ്പിലാക്കികൊണ്ട് അരവിന്ദ് കെജ്രരിവാളിന്റെ നന്മയുടെ രാഷ്ട്രീയം കുട്ടനാട്ടുകാരുടെ മനസ്സിൽ ഇടംനേടാനുള്ള പദ്ധതികളാണ് ആം ആദ്മി പാർട്ടിയൊരുക്കുന്നത്.

അതിന്റെ ഭാഗമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും വാർഡ് തലം മുതൽ മണ്ഡലം മുഴുവനിലും താഴെ തട്ടിൽ ആം ആദ്മി പാർട്ടിയുടെ യൂണിറ്റുകൾ രൂപികരിച്ചുകൊണ്ട് നല്ലൊരു സംഘടന സംവിധാനം ഒരുക്കുവാനുള്ള ശ്രമങ്ങൾക്ക് പാർട്ടി തുടക്കം കുറിച്ചു. ആം ആദ്മി പാർട്ടിയുടെ കുട്ടനാട് മണ്ഡലത്തിലെ ആദ്യ കൺവെൻഷൻ 24 ഏപ്രിൽ 2022 ന്, മങ്കൊമ്പിലെ ബ്രൂക്ക്‌ഷോർ ഹോട്ടലിൽ വച്ച് ആലപ്പുഴ ജില്ലാ കൺവീനർ ശ്രീമതി. സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്തു. ആം ആദ്മി പാർട്ടിയുടെ ആശയങ്ങളെ നെഞ്ചിലേറ്റി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പുതിയ അംഗങ്ങൾക്ക് ഹാർദ്ദവായ സ്വീകരണവും , മെമ്പർഷിപ് വിതരണവും നൽകുകയുണ്ടായി. അതോടൊപ്പം പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി പഞ്ചായത്ത് തല അഡ്ഹോക്ക് കമ്മറ്റിയും രൂപീകരിച്ചു.





എ.ടി.എം. കവർച്ചയ്ക്ക് കൂറ്റൻ മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് കള്ളന്മാർ. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൗണ്ടറിലെ എ.ടി.എം. അപ്പാടെ കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എ.ടി.എം. കൗണ്ടറിന്റെ വാതിൽ ഒരാൾ തുറക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് വാതിൽ തകർക്കുന്നതും കാണാം. ശേഷം എ.ടി.എം. അപ്പാടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റിൽ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എ.ടി.എം. മോഷണം പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവർച്ചയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലും വൈറലായി. നിരവധി പേരാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
മണി ഹെയിസ്റ്റ് 2023? എന്ന ചോദ്യത്തോടെയാണ് ഒരാൾ ഈ ദൃശ്യം പങ്കുവെച്ചത്. ‘ക്രിപ്റ്റോ മൈനിങ്ങിന്റെ കാലത്ത് എ.ടി.എം. മൈനിങ് എന്ന പുതിയ കണ്ടുപിടുത്തം’ എന്നായിരുന്നു മറ്റൊരാൾ നൽകിയ വിശേഷണം. മോഷണരീതിയെ തമാശയായി അവതരിപ്പിച്ചും ഒട്ടേറെ പേർ ദൃശ്യങ്ങൾ പങ്കുവെച്ചു. അതേസമയം, തൊഴിലില്ലായ്മയും ഭക്ഷണത്തിന് ഉയർന്നവിലയും ഉണ്ടാകുമ്പോൾ ഇതുപോലുള്ള കൂടുതൽ സംഭവങ്ങളുണ്ടാകുമെന്നായിരുന്നു ചിലരുടെ പ്രതികരണം.
അടുത്തിടെ, ഇന്ത്യയിൽ നടന്ന മറ്റുചില മോഷണങ്ങളും സാമൂഹികമാധ്യമങ്ങളിലെ വൈറൽ പട്ടികയിൽ ഇടംനേടിയിരുന്നു. ഉത്തർപ്രദേശിൽ ഒരു ഹാർഡ് വെയേഴ്സ് കടയിൽ മോഷണം നടത്തിയ ശേഷം കള്ളൻ നൃത്തം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ബിഹാറിൽ പാലം പൊളിച്ചുകടത്തിയ സംഭവവുമാണ് സാമൂഹികമാധ്യമങ്ങളിൽ ചിരിപടർത്തിയത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കുള്ള ജയറാമിന്റെ മടങ്ങിവരവാണ് മകള്‍ എന്ന സിനിമ. ജയറാം-മീര-സത്യന്‍ അന്തിക്കാട് കോമ്പിനേഷനില്‍ എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും.
ഇപ്പോഴിതാ പുതിയ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചുകൊണ്ടുള്ള സത്യന്‍ അന്തിക്കാടിന്റെ കോള്‍ വന്നപ്പോഴുള്ള സന്തോഷത്തെ കുറിച്ച് പറയുകയാണ് ജയറാം. അഭിമുഖ പരിപാടിയിലായിരുന്നു ജയറാമിന്റെ തുറന്നുപറച്ചില്‍. പത്ത് വര്‍ഷമായി സത്യേട്ടന്‍ വിളിക്കും വിളിക്കുമെന്ന് കരുതി ഇരുന്നെന്നും ഈ കോള്‍ വന്നപ്പോള്‍ നേരെ പൂജാ മുറിയിലേക്ക് ഓടുകയാണെന്നുമായിരുന്നു അഭിമുഖത്തില്‍ ജയറാം പറഞ്ഞത്.
ഞാന്‍ പത്ത് വര്‍ഷമായി സത്യേട്ടന്റെ കോളിനായി കാത്തിരിക്കുകയായിരുന്നു. ഈ സിനിമയില്‍ ഞാന്‍ ഉണ്ട് എന്ന് അറിഞ്ഞപ്പോഴാണ് പൂജാ മുറിയിലേക്ക് ഓടിയത്. കഥ കേട്ടതൊക്കെ പിന്നീടാണ്. കഥ കേള്‍ക്കലൊന്നും ഇല്ലല്ലോ. സത്യേട്ടന്റെ ഒരു സിനിമയുടെ കഥയും ഞാന്‍ കേട്ടിട്ടില്ല, ജയറാം പറഞ്ഞു.
നീണ്ട പതിനൊന്ന് വർഷത്തിന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്നചിത്രത്തിൽ നായകനായി ജയറാം. നായികയായി അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മീര ജാസ്‌മിൻ മടങ്ങിയെത്തുകയാണ്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് സത്യൻ അന്തിക്കാട് പുതിയ ചിത്രത്തിന്റെ വിശേഷം അറിയിച്ചത്. തനിക്ക് കിട്ടിയ ഏറ്റവും വിലയേറിയ വിഷുകൈനീട്ടമെന്നാണ് ജയറാം ചിത്രത്തെ കുറിച്ച് വിശേഷിപ്പിച്ചത്.
പരിഗണിച്ചതിൽ നന്ദി, ഭരണസമിതി അംഗമാക്കുന്നത് ധാർമ്മികമായി ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമിയ്‌ക്ക് കത്തയച്ച് ഇന്ദ്രൻസ്
ചുറ്റുപാടുമുളള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർത്തിരിക്കുന്ന സിനിമകളായി മാറുക. എപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണെന്നും പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സത്യൻ അന്തിക്കാട് പറയുന്നു.
‘ഞാൻ പ്രകാശൻ’ ചിത്രത്തിൽ അഭിനയിച്ച ദേവിക സഞ്ജയ്, ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിലുണ്ട്. ഡോ.ഇക്‌ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. എസ്.കുമാർ ഛായാഗ്രഹണം, ‘ഒരു ഇന്ത്യൻ പ്രണയകഥ’ നിർമ്മിച്ച സെൻട്രൽ പ്രൊഡക്‌ഷൻസാണ് നിർമ്മാണം. സംഗീതം വിഷ്‌ണു വിജയ്, വരികൾ ഹരിനാരായണൻ.
ഒരു വര്‍ഷത്തിനുള്ളില്‍ ഏകീകൃത സിവല്‍ കോഡ് നടപ്പിലാക്കാന്‍ ബി ജെ പി ഒരുങ്ങുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടപ്പാക്കാനാണ് നീക്കം . ഏകീകൃത സിവില്‍ കോഡ് നടപ്പാകുന്നതോടെ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവ പൊതുനിയമത്തിന് കീഴില്‍ വരും. ഇവയില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടായിരിക്കുകയില്ല.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ മോദിയോടും അമിത്ഷായോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദ്ധാനമായ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന സൂചന അമിത്ഷാ നേരത്തെ നല്‍കിയിരുന്നു . കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.ഉത്തരാഖണ്ഡില്‍ നടപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡ് പൈലറ്റ് പദ്ധതിയാണ്. സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നീ വിഷയങ്ങള്‍ പരിഹരിച്ചു. ഇനി ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാനുള്ള സമയമാണെന്നും അമിത് ഷാ യോഗത്തില്‍ പറഞ്ഞിരുന്നു.
എല്ലാക്കാര്യങ്ങളും അതിന്റേതായ സമയത്തിന് നടക്കുമെന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടിയ്ക്ക് ദോഷം വരുത്തുന്നതൊന്നും ചെയ്യരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടു.ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കുന്നതിനായി സംസ്ഥാനത്ത് ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞിരുന്നു. സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ അനുവദിക്കില്ല. ഉത്തരാഖണ്ഡില്‍ സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരുമെന്നും ധാമി പറഞ്ഞു. അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന വാഗ്ദ്ധാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്.ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞു.
രാജ്യത്തും സംസ്ഥാനത്തും ഇത് അതിവേഗം നടപ്പിലാക്കാനുള്ള ആലോചനയിലാണെന്നും മൗര്യ കൂട്ടിചേര്‍ത്തു. പിന്നാലെ ഏകീകൃത സിവില്‍ കോഡ് മികച്ച തീരുമാനമാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറും പറഞ്ഞു. സര്‍ക്കാര്‍ വിഷയം പരിശോധിക്കുകയാണെന്നും നടപ്പിലാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും സമാന പ്രസ്താവനയിറക്കി.ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിംഗ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് കത്തയക്കുകയും ചെയ്തു.
ഏകീകൃത സിവിൽകോഡ്
ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.
സമകാലീന ഭാരതത്തിൽ മത-ജാതി അധിഷ്ഠിത വർഗ്ഗീകരണവും വ്യക്തി നിയമവും നിലനിൽക്കുന്നതിനാൽ, ഒരു ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പുരുഷന് തുല്യമായ എല്ലാ അവകാശങ്ങളും ലഭിക്കേണ്ടതുണ്ട്. മാത്രമല്ല, നിലവിലുള്ള സ്ത്രീവിരുദ്ധമായ വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തേണ്ടതും അനിവാര്യമാണ്. ലിംഗസമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ഒന്നാണ്. ഈ തിരിച്ചറിവിൽ നിന്നാണ് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണമെന്ന് മതേതരത്വവാദികൾ ആവശ്യപ്പെടുന്നത്.
മലയാളികളോട് കരുണ കാണിക്കാതെ കർണാടക. കുത്തന്നൂരിൽ ഇന്നലെ വാഹനാപകടത്തിൽ മരിച്ച മലയാളികളായ യുവാക്കളുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് നീക്കം ചെയ്യാൻ ആംബുലൻസുകൾ തയ്യാറായില്ല.
റോഡിൽ അനാഥപ്രേതമായി കിടന്ന ഇവരെ ഒടുവിൽ അംബാസിഡർ കാറിലാണ് ഗുണ്ടൽപേട്ട ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടത്തിൽ കമ്പളക്കാട് പുവനാരികുന്നിൽ നടുക്കണ്ടി വീട്ടിൽ അബ്ദുവിന്റെ മകൻ അജ്മൽ (21), ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് ചീനിയൻ വീട്ടിൽ അബ്ദുൾസലാമിന്റെ മകൻ മുഹമ്മദ് അൽത്താഫ് (21) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് പച്ചക്കറിയുമായി ഗുണ്ടൽപേട്ടഭാഗത്ത് നിന്ന് വരുകയായിരുന്ന ഗുഡ്‌സ് പിക്കപ്പ് ജീപ്പ് എതിരെ വന്ന കർണാടക മിൽമയുടെ വാഹനവുമായി കൂട്ടിയടിച്ചത്. അപകടത്തിൽ ഗുഡ്‌സ് മറിഞ്ഞ് വാഹനത്തിന്റെ അടിയിൽപ്പെട്ടാണ് ഇരുവരും തൽക്ഷണം മരിച്ചത്.
നാട്ടുകാർ ഓടികൂടിയെങ്കിലും മരണം സംഭവിച്ചതോടെ മൃതദേഹം നീക്കം ചെയ്യാൻ ആംബുലൻസിന്റെ സഹായം കിട്ടാതെ വലയുകയായിരുന്നു. അപകടത്തിൽപ്പെട്ടവാഹനം ഉയർത്തി ഇരുവരെയും പുറത്തെടുത്ത് മണിക്കൂറുകളാണ് മൃതദേഹം റോഡിൽ തന്നെ കിടന്നത്.
കർണാടകയിൽ വെച്ച് അപകടം സംഭവിക്കുന്നവർക്ക് ആംബുലൻസിന്റെ സഹായം ലഭിക്കാത്ത അനുഭവം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. പട്ടണങ്ങളിലൊഴിച്ചുള്ള പ്രദേശങ്ങളിൽ അപകടം സംഭവിച്ചാൽ ആരും തിരിഞ്ഞു നോക്കാറില്ല. മലയാളിയായ ഒരു ലോറി ഡ്രൈവർ അപകടത്തിൽപ്പെട്ട് റോഡരുകിൽ കിടന്ന് കയ്യ് ഉയർത്തി സഹായത്തിനായി അപേക്ഷിച്ചപ്പോൾ കയ്യിലെ വാച്ച് ഊരികൊണ്ടുപോയ സംഭവം മുമ്പ് ഉണ്ടായിട്ടുണ്ട്.
പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത് ആത്മഹത്യയെന്ന് പോലീസ്. രവീന്ദ്രന്‍(50), ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുടുംബ പ്രശ്‌നങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
ഹോളിക്രോസ് കോളജിന് സമീപത്തായിരുന്നു ഇവരുടെ ഒറ്റമുറി വീട്. പുലര്‍ച്ചെ മകള്‍ ശ്രീധന്യയുടെ നിലവിളി കേട്ടാണ് വീടിന് തീപിടിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്. പൊള്ളലേറ്റ ശ്രീധന്യയെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചു. ഇവര്‍ എത്തിയ ശേഷമാണ് തീ അണച്ചത്.
ആസ്ബസ്റ്റോസ് ഷീറ്റിട്ട ചെറിയ വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഇതിലെ ഒരു മുറിയിലാണ് തീപ്പിടുത്തമുണ്ടായത്. ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പുറമെ സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്നങ്ങളുമെല്ലാം ആത്മഹത്യക്ക് കാരണമായെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ രവീന്ദ്രന്‍ അയച്ചതായും പോലീസ് പറയുന്നു.
രവീന്ദ്രനെയും ഉഷയെയും ആദ്യം കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. രവീന്ദ്രന്റെയും ഉഷയുടെയും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലാണുള്ളത്. അണക്കരയില്‍ സോപ്പുല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവരികയായിരുന്നു രവീന്ദ്രന്‍.
പ്രേംനസീറിന്റെ ചിറയന്‍കീഴ് വീട് ലൈല കോട്ടേജ് വില്‍ക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് മകള്‍ റീത്ത. വീട് നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കുമെന്ന് റീത്ത പറഞ്ഞു.
സര്‍ക്കാരിന് സ്മാരകത്തിനായി വീട് വിട്ട് നല്‍കാന്‍ താത്പര്യമില്ലെന്നും ഇളയമകളായ റീത്ത അറിയിച്ചു. വീടും സ്ഥലവും സൗജന്യമായി തന്നാല്‍ സംരക്ഷിക്കാമെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു.
ഞങ്ങള്‍ വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. സ്‌കൂളിനൊക്കെ ഞങ്ങള്‍ നേരത്തെ വാടകയ്ക്ക് കൊടുത്തിരുന്നു. അതവര് നാശമാക്കിയപ്പോള്‍ അതും ഞങ്ങള്‍ നിര്‍ത്തി. ആര്‍ക്കും കൊടുക്കുന്നില്ല ഞങ്ങള്‍ ഇടയ്ക്ക് പോയി ക്ലീന്‍ ചെയ്യും വരും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് വീട് വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് ഒരാള്‍ വന്നിരുന്നു. അവര്‍ക്ക് ഈ വീട് ഓഫീസായൊക്കെ ഉപയോഗിക്കണമെന്നും പറഞ്ഞു. മോളോട് വിളിച്ച് ചോദിച്ചപ്പോള്‍ വേണ്ടാന്ന് പറഞ്ഞു. അവരോടും ഞാന്‍ അക്കാര്യം പറഞ്ഞു.
അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഈ വാര്‍ത്ത ഞാന്‍ കാണുന്നത്. മകള്‍ രേഷ്മയുടെ പേരിലാണ് ഇപ്പോള്‍ വീട്. വീട് വില്‍ക്കുന്നുണ്ടോ വാടകയ്ക്ക് കൊടുക്കുന്നുണ്ടോ എന്ന് മകളോട് ചോദിച്ചിരുന്നു. വീട് കൊടുക്കുന്നില്ലെന്നായിരുന്നു മറുപടി. രണ്ട് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അവര്‍ നാട്ടിലെത്തും. വന്ന ശേഷം വീട് നവീകരിക്കും. ശേഷം അവരുടെ ഹോളിഡേ ഹൗസ് ആയി ഉപയോഗിക്കും.
ആ വീട് കെട്ടിത്തീര്‍ന്നപ്പോഴാണ് ഞാന്‍ ജനിച്ചത്. ഡാഡി ഇവിടെ വരുമ്പോള്‍ അവിടയെ താമസിക്കുമായിരുന്നുള്ളൂ. കൂടുതലും മദ്രാസിലായിരുന്നു. സര്‍ക്കാരിനും വീട് വിട്ട് നല്‍കില്ല. ഇക്കാര്യവും പറഞ്ഞ് ആരും എന്നെ സമീപിച്ചിട്ടുമില്ലെന്നും റീത്ത പറയുന്നു.
1956 നസീര്‍ മകള്‍ ലൈലയുടെ പേരില്‍ പണികഴിപ്പിച്ചതാണ് ഈ വീട്. ചിറയിന്‍കീഴിലെ ആദ്യ ഇരുനില മന്ദിരം കൂടിയാണീ വീട്. പ്രേംനസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇരുനിലയില്‍ എട്ട് കിടപ്പുമുറികളുമായി തലയെടുപ്പോടെ നില്‍ക്കുന്ന വീടിനും വസ്തുവിനും കോടികള്‍ വിലവരും.
പ്രേംനസീറിന്റെ ഇളയമകള്‍ റീത്തയുടെ മകള്‍ രേഷ്മയ്ക്കാണ് വീട് അവകാശമായി കിട്ടിയത്. 50 സെന്റും വീടും ഉള്‍പ്പെടുന്ന ഈ സ്ഥലം അമേരിക്കയിലുള്ള അവര്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ഏറെക്കാലമായി പൂട്ടിയിട്ടിരിക്കുന്ന വീട് ഇപ്പോള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്. വാതിലുകളിലും ജനാലകളിലും ചിതല്‍ കയറി. വീട് സര്‍ക്കാരിന് വിട്ട് നല്‍കണമെന്ന് പ്രദേശവാസികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധുക്കള്‍ തയ്യാറായില്ല.
പ്രേംനസീറിന്റെ ചിറയിന്‍കീഴിലെ വീട് വില്‍ക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നിത്യഹരിത നായകന്റെ വീട് സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നാണ് ആവശ്യം. വീട് അവകാശമായി കിട്ടിയ പ്രേം നസീറിന്റെ ചെറുമകളാണ് ചിറയിന്‍കീഴിലെ ലൈല കോട്ടേജ് വില്‍ക്കാനൊരുങ്ങുന്നതെന്നായിരുന്നു വാര്‍ത്തകള്‍.
പ്രേംനസീര്‍ വിടപറഞ്ഞിട്ട് മുപ്പത് വര്‍ഷം പിന്നിടുമ്പോഴും ഇന്നും ഈ വീട് കാണാന്‍ സന്ദര്‍ശകര്‍ എത്താറുണ്ട്. ‘പ്രേം നസീര്‍’ എന്നെഴുതിയ നെയിംബോര്‍ഡ് ഇന്നും തലയെടുപ്പോടെ നില്‍ക്കുന്നു.
യമനിൽ ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞിരുന്ന മൂന്നു മലയാളികൾ ഉൾപ്പെടെ 11 ഇന്ത്യക്കാർ മോചിതരായി. കോഴിക്കോട് മേപ്പയൂർകാരനായ ദിപാഷ്, ആലപ്പുഴ ഏവൂർ സ്വദേശി അഖിൽ, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മോചിതരായ മലയാളികൾ.
ഒമാൻ സുൽത്താന്റെ ഇടപെടലിനെ തുടർന്നാണ് മോചനം. യു.കെ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരേയും മോചിപ്പിച്ചിട്ടുണ്ട്. മോചിതരായവരെ യമനിലെ സൻആയിൽനിന്ന് ഒമാൻ റോയൽ എയർഫോഴ്സിന്റെ വിമാനത്തിൽ മസ്കത്തിൽ എത്തിച്ചതായി ഒമാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ജനുവരിയിൽ യു.എ.ഇ ചരക്കുകപ്പൽ തട്ടിയെടുത്താണ് ഹൂതികൾ അതിലെ ജീവനക്കാരായ ഇന്ത്യക്കാരെ തടവിലാക്കിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് മോചനവിവരം പുറത്തുവന്നത്.
നാലു മാസത്തെ ഊണും ഉറക്കവും ഒഴിഞ്ഞുള്ള കാത്തിരിപ്പിനൊടുവിൽ മേപ്പയൂർ വിളയാട്ടൂരിലെ വീട്ടിൽ ആ സന്തോഷ വാർത്തയെത്തി. മകൻ ഹൂതി വിമതരുടെ പിടിയിൽനിന്ന് മോചിതനായിരിക്കുന്നു. ശുഭവാർത്ത വീട്ടുകാരെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. മേപ്പയൂർ വിളയാട്ടൂരിലെ മുട്ടപറമ്പിൽ കേളപ്പൻ-ദേവി ദമ്പതികളുടെ മകനായ ദിപാഷ് യു.എ.ഇ ചരക്കുകപ്പലിലെ ജീവനക്കാരനായിരുന്നു.
ഈ കപ്പൽ തട്ടിയെടുത്താണ് ഹൂതി വിമതർ ഇദ്ദേഹത്തെ ഉൾപ്പെടെ 11 ഇന്ത്യക്കാരെ ബന്ദിയാക്കിയത്. യമന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദക്ക് സമീപത്തുനിന്നാണ് ദിപാഷ് ജോലി ചെയ്യുന്ന റാബിയെന്ന കപ്പൽ ജനുവരിയിൽ തട്ടിയെടുത്തത്. ആലപ്പുഴ ഏവുർ സ്വദേശി അഖിൽ, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നീ മലയാളികളും ബന്ദികളായിരുന്നു.
ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ദിപാഷ് ഉൾപ്പെടെ മോചിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. മാതാപിതാക്കളെ കൂടാതെ വിവാഹിതരായ രണ്ട് സഹോദരികളും ദിപാഷിനുണ്ട്. ഇവരും മറ്റു ബന്ധുക്കളും നാട്ടുകാരുമെല്ലാം യുവാവിന്റെ മോചനത്തിൽ അതിയായ സന്തോഷത്തിലാണ്. ഞായറാഴ്ച വൈകീട്ടോടെ ദിപാഷ് ഫോണിൽ അച്ഛനമ്മമാരോട് സംസാരിച്ചു. മോചനം സാധ്യമായെങ്കിലും നാട്ടിലെത്താൻ ദിവസങ്ങൾ കഴിയുമെന്നാണ് അറിയുന്നത്. ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ യുവാവിന്റെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.
വീടിന് തീപിടിച്ച് ഭാര്യയും ഭര്‍ത്താവും മരിച്ചു. ഇടുക്കി പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതമായി പൊള്ളലേറ്റ ഇവരുടെ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.
ലൈഫ് പദ്ധതിയില്‍ കിട്ടിയ വീട്ടിലേക്ക് രണ്ടു ദിവസം മുന്‍പാണ് രവീന്ദ്രനും കുടുംബവും മാറിയത്. രാത്രിയായതിനാല്‍ വീടിന് തീപിടിച്ച വിവരം ആരും അറിഞ്ഞിരുന്നില്ല. ശരീരത്തിന് പൊള്ളലേറ്റ ശ്രീധന്യയാണ് വീടിന് വെളിയില്‍ ഇറങ്ങി ആളുകളെ വിളിച്ചു കൂട്ടിയത്. തുടര്‍ന്ന് പോലിസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചു.
ഇവര്‍ എത്തിയതിന് ശേഷമാണ് വീട്ടിലെ തീ പൂര്‍ണമായി അണയ്ക്കാനായത്. അപ്പോഴേക്കും രവീന്ദ്രനും ഉഷയും മരിച്ചിരുന്നു. വീട് പൂര്‍ണമായി കത്തിനശിച്ച നിലയിലാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.