അഫീല്‍ എന്ന വാക്കിന് അര്‍ഥം പ്രകാശം എന്നാണ്. ജീവിതത്തില്‍ എന്നും പ്രകാശം പരത്തുന്നവനാകണം മകന്‍ എന്നോര്‍ത്താണ് ജോണ്‍സണ്‍ ജോര്‍ജ്ജും ഡാര്‍ളിയും ആദ്യത്തെ കണ്‍മണിക്ക് ആ പേരിട്ടത്. എന്നാല്‍ 2019 ഒക്ടോബര്‍ 21-ന് ആ പ്രകാശം പൊലിഞ്ഞു. പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ തലയില്‍ ഹാമര്‍ പതിച്ച് അഫീല്‍ അവരുടെ ജീവിതത്തില്‍ നിന്ന് മാഞ്ഞുപോയി.
ജോണ്‍സണ്‍ന്റേയും ഡാര്‍ളിയുടേയും മുന്നില്‍ വരണ്ട ദിനങ്ങള്‍ മാത്രമാണ് പിന്നീടുണ്ടായിരുന്നത്. ഉച്ചവെയിലില്‍ ചുട്ടുപൊള്ളുന്ന അത്‌ലറ്റിക് ട്രാക്കുകളേക്കാളും ചൂടുണ്ടായിരുന്നു ഡാര്‍ളിയുടെ കണ്ണീരിന്. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ മകന്റെ ചിത്രങ്ങള്‍ മാറ്റി മാറ്റി പോസ്റ്റ് ചെയ്ത് ആ അമ്മ തന്റെ സങ്കടഭാരം കുറയ്ക്കാന്‍ ശ്രമിച്ചു. എന്നിട്ടും പിടിച്ചുനില്‍ക്കാനായില്ല. അവന്റെ ഓര്‍മകള്‍ക്ക് ഓരോ ദിവസവും കനംകൂടി വന്നു.
ഒടുവില്‍ ഇരുണ്ട രണ്ട് ക്രിസ്മസ്, പുതുവത്സര കാലങ്ങള്‍ക്ക് ശേഷം കോട്ടയം കുറിഞ്ഞാംകുളം വീട്ടിലേക്ക് ഒരു മാലാഖക്കുഞ്ഞ് എത്തിയിരിക്കുന്നു. പ്രതീക്ഷയുടെ പുഞ്ചിരിയുമായെത്തിയ ആ കുഞ്ഞിന് ജോണ്‍സണും ഡാര്‍ളിയും പേരു നല്‍കിയിരിക്കുന്നത് എയ്ഞ്ചല്‍ ജോ എന്നാണ്. തിങ്കളാഴ്ച്ച രാവിലെ 9.30നാണ് ഡാര്‍ളി മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
‘ഒരുപാട് സന്തോഷം. അഫീല്‍ പോയശേഷം ജീവിതത്തില്‍ ഇതുവരെ സന്തോഷിച്ചിട്ടില്ല. ഇപ്പോഴാണ് ഉള്ളില്‍ തട്ടി ഒന്നു ചിരിക്കുന്നത്. സിസേറിയനായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോകുമ്പോഴും അഫീലിന്റെ ചിത്രം ഡാര്‍ളി ചേര്‍ത്തുപിടിച്ചിരുന്നു. ജീവിതത്തിന് പുതിയ അര്‍ഥം വന്നതുപോലെ തോന്നുന്നു’, ആശുപത്രിയില്‍ നിന്ന് ജോണ്‍സണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിച്ചു.
2019 ഒക്ടോബര്‍ നാല് വെള്ളിയാഴ്ച്ചയാണ് കായിക കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റിലെ വളന്റിയറായി എത്തിയതായിരുന്നു അഫീല്‍. മത്സരത്തിനിടെ അഫീലിന്റെ തലയില്‍ ഹാമര്‍ പതിച്ചു. ചോരയൊലിക്കുന്ന അഫീലിനേയും എടുത്ത് മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് ഓടി. പിന്നീട് കാത്തിരിപ്പിന്റെ ദിവസങ്ങളായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 25-ാം വാര്‍ഡിന് സമീപത്തെ ന്യൂറോ ഐസിയുവിന് മുന്നില്‍ പ്രാര്‍ഥനയുമായി, കണ്ണു ചിമ്മാതെ ജോണ്‍സണും ഡാര്‍ലിയും കാത്തിരുന്നു. 17 ദിവസത്തിനുശേഷം ഒക്ടോബര്‍ 21ന് വൈകുന്നേരം മൂന്നേ മുക്കാലോടെ ആ കാത്തിരിപ്പ് അവസാനിച്ചു.
നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി എടുക്കാൻ അനുമതി. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്. ഇതിനായി ഒരു മജിസ്ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. സംവിധായകന് സമൻസ് അയച്ച ശേഷം ഒരു തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക. അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംസ്ഥാനസർക്കാർ നൽകിയ രണ്ട് ഹർജികൾ നാളെ ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഈ ഹർജികൾ ഹൈക്കോടതി പരിഗണിക്കുക.
കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്. കേസിൽ പ്രോസിക്യൂഷന് കച്ചിത്തുരുമ്പായേക്കാവുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇത് വരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എന്നാൽ ഈ ആക്രമണദൃശ്യങ്ങൾ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു – ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും, ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു.
”ബാലൂ, എന്‍റെ ഫോണും വാട്സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണിൽ സംസാരിക്കുന്നത് സേഫല്ല. അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്. ഞാൻ കാത്തിരിക്കുകയാണ്”, എന്ന് പറയുന്ന ഓഡിയോ സന്ദേശവും, നേരിട്ട് കാണാൻ കാത്തിരിക്കുകയാണെന്നുള്ള ടെക്സ്റ്റ് മെസ്സേജും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു.
അതിനാലാണ് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാൻ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. ഇതിന് തുടർച്ചയായി ദിലീപിനെയും ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനിൽകുമാറിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.
ഇതിനിടെ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും ആലോചിക്കുന്നുണ്ട്. അന്വേഷണമേൽനോട്ടച്ചുമതലയും ഒരു ഉന്നത ഉദ്യോഗസ്ഥനെ തന്നെ ഏൽപിക്കും. നിലവിലെ അവസ്ഥയിൽ ഈ മാസം ഇരുപതിനകം വിചാരണക്കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് നൽകാനാകില്ല. ഈ സാഹചര്യത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാനാണ് പ്രോസിക്യൂഷൻ നീക്കം. ഇതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ തന്നെ സുപ്രീംകോടതിയെ ഇന്നലെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അടുത്ത മാസം പൂർത്തിയാക്കാനാണ് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ തന്നെ വിചാരണക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം അനിവാര്യമാണെന്നും അതിനാൽ വിസ്താരത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. തനി സാധാരണക്കാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത് എന്ന് സിനിമയുടെതായി പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.
‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നാല്‍ ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് എന്ന് ചിത്രത്തിന്റെ സഹ സംവിധായകനായ ടിനു പാപ്പച്ചന്‍ പറഞ്ഞത്. പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി പക്കാ കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂക്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മമ്മൂട്ടിയുടെ പേരിലുള്ള പുതിയ നിര്‍മാണ കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മിക്കുന്നത്. ലിജോയും മമ്മൂട്ടിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. പൂര്‍ണമായും തമിഴ്‌നാട്ടില്‍ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുങ്ങുന്നത്.
രമ്യ പാണ്ട്യന്‍, അശോകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എസ് ഹരീഷ് ആണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തില്‍ അശോകനും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
ദിലീപ്-നാദിര്‍ഷ കൂട്ടുകെട്ടില്‍ എത്തിയ കേശു ഈ വീടിന്റെ നാഥന്‍ ചിത്രത്തെ കുറിച്ച് സീരിയല്‍ താരം അശ്വതി പങ്കുവച്ച കുറിപ്പിനെതിരെ വിമര്‍ശനം. ചിത്രം ഇഷ്ടപ്പെട്ടില്ല എന്നാണ് അശ്വതി കുറിപ്പിലൂടെ പറയുന്നത്. ഒന്നാം തിയതി മുതല്‍ കാണാന്‍ തുടങ്ങിയ സിനിമ ഇന്നാണ് കണ്ടു തീര്‍ത്തത് എന്നാണ് കുറിപ്പില്‍ അശ്വതി പറയുന്നത്.
”അങ്ങനെ ഒന്നാം തീയതി മുതല്‍ കാണാന്‍ തുടങ്ങിയ കേശുവേട്ടനെ ഇന്നലെ ഒരു വിധം കണ്ടു തീര്‍ത്തു. കേള്‍ക്കട്ടെ നിങ്ങളെല്ലാരും എത്ര ദിവസം എടുത്തു കണ്ടു തീര്‍ക്കാന്‍ എന്ന്” എന്നാണ് അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
”സീരിയല്‍ മാത്രം ശരണം. സിനിമയില്‍ അഭിനയിക്കാനുള്ള യോഗ്യതയും, അവസരവും കിട്ടാത്ത വെറും ഒരു കൂതറ നടിയുടെ രോദനം” എന്നാണ് പോസ്റ്റിന് എതിരെ എത്തിയ ഒരു കമന്റ്. ”ആഹ് അതിനെ അങ്ങനെ കണ്ടാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ” എന്നാണ് മറുപടിയായി അശ്വതി കുറിച്ചിരിക്കുന്നത്.
”പടം ഒന്നും ഇല്ലാതെ ഇരിക്കുവല്ലെ…..ഒരുപാട് അടുക്കള പണി ഉണ്ടാകും പാവത്തിന്…..” എന്നാണ് താരത്തെ വിമര്‍ശിച്ച് എത്തിയ മറ്റൊരു കമന്റ്. ”ബ്ലെസ്സാ അടുക്കള പണി അത്ര മോശം പണിയൊന്നുമല്ല ട്ടാ.. ഒരു അടുക്കളക്കാരീടെ രോദനം എന്ന് കരുതിയാല്‍ മതി ആ ദേഷ്യം അങ്ങ് കുറയും” എന്നാണ് അശ്വതി ഇതിന് മറുപടി നല്‍കുന്നത്.
വിമര്‍ശനങ്ങള്‍ ഏറിയതോടെ താരം മറ്റൊരു കമന്റും പങ്കുവച്ചു. ”അപ്പൊ എല്ലാരും ചീത്ത വിളിച്ചു കഴിഞ്ഞോ ? ബാക്കി വെക്കണേ ബിഗ് ബോസ് വരുന്നോണ്ട് നമുക്കതില്‍ കാണാം എന്ന് ഔട്ട്‌ഡേറ്റഡ് ആയ യാതൊരു എഫേര്‍ട്ടുകളും എടുക്കാതെ ടെലികാസ്‌റ് ചെയ്യുന്ന സീരിയല്‍ പണ്ടെങ്ങാണ്ടോ മുഖം കാണിച്ചു വീട്ടില്‍ കുത്തിരിപ്പായ ഒരു അമ്മച്ചി” എന്നാണ് അശ്വതി കുറിച്ചത്.
തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കാഞ്ചീപുരം മനുസ്വാമി അവന്യുവില്‍ താമസിക്കുന്ന വേലായുധം ആണ് മക്കള്‍ മൂന്നു പേരും ഹിന്ദുമതം ഉപേക്ഷിച്ച് ക്രിസ്ത്യന്‍ മതം സ്വീകരിച്ചതില്‍ മനംനൊന്ത് രണ്ട് കോടിയോളം വിലവരുന്ന സ്വത്തുക്കള്‍ സംഭാവനയായി നല്‍കിയത്.
വേലായുധത്തിന് രണ്ട് പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഹിന്ദുമത വിശ്വാസികളായിരുന്ന ഇവര്‍ അടുത്തിടെയാണ് ക്രിസ്തുമതം സ്വീകരിച്ചത്. ഇതോടെ ഹിന്ദു മതാചാരങ്ങള്‍ പ്രകാരം തന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ മക്കള്‍ തയ്യാറാകില്ലെന്ന് മനസിലാക്കിയതോടെയാണ് വേലായുധം കടുംകൈ ചെയ്തത്. കുമരകോട്ടം മുരുകന്‍ ക്ഷേത്രത്തിനാണ് സ്വത്തുക്കള്‍ കൈമാറിയത്.
വേലായുധത്തിന്റെ കുടുംബക്ഷേത്രം കൂടിയാണിത്. റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആണ് വേലായുധം. 2680 സ്‌ക്വയര്‍ ഫീറ്റ് ഉള്ള ഇദ്ദേഹത്തിന്റെ വീടിന് രണ്ട് കോടിയോളമാണ് വില. തന്റെ അന്ത്യകര്‍മങ്ങള്‍ ഹിന്ദു ആചാരപ്രകാരം നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്തുമതം സ്വീകരിച്ച മക്കള്‍ക്ക് ഒരു കാരണവശാലും സ്വത്തുക്കള്‍ നല്‍കാനാവില്ലെന്നും വേലായുധം തുറന്നടിച്ചു.
ഇപ്പോഴും രണ്ട് മക്കള്‍ തന്റെ കൂടെയാണ് താമസിക്കുന്നത്. താനും ഭാര്യയും ജീവിച്ചിരിക്കുന്നിടത്തോളം അവര്‍ക്കും ഇവിടെ വേണമെങ്കില്‍ താമസിക്കാമെന്നും വേലായുധം അറിയിച്ചു. എന്നാല്‍ തങ്ങളുടെ മരണശേഷം ക്ഷേത്രം വീട് ഏറ്റെടുക്കും. വീടിന്റെ വില്‍പ്പത്രം ക്ഷേത്രത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ഇറ്റലിയില്‍ നിന്ന് പഞ്ചാബിലെ അമൃത്‌സറിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലെ 125 യാത്രക്കാര്‍ കോവിഡ് പോസിറ്റീവായി. അമൃത്സറിലെ വി.കെ സേത്ത് വിമാനത്താവളത്തില്‍ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഈ വിമാനത്തിലെത്തിയ യാത്രക്കാര്‍ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ആകെ 179 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഇത്രയുമധികം യാത്രക്കാര്‍ ഒന്നിച്ച് കോവിഡ് പോസിറ്റിവായത് ആശങ്ക ഉയര്‍ത്തുന്നതാണ്. അതേസമയം ഒമിക്രോണ്‍ ബാധയാണോയെന്ന് വ്യക്തമായിട്ടില്ല. ഇതിനായി പരിശോധന നടത്തും. അതേസമയം രാജ്യത്ത് സമീപ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്.
325 മരണങ്ങള്‍ക്ക് ഒപ്പമാണ് കഴിഞ്ഞ ദിവസം മാത്രം 90,928 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ഉയരുകയാണ്. 6.43 ആണ് നിലവിലെ പോസ്റ്റിവിറ്റി റേറ്റ്. ഒമിക്രോണ്‍ കേസുകളിലും വലിയ വര്‍ധനയാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച ഇന്ത്യയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2,630 ആയി. മഹാരാഷ്ട്ര (797) ഒന്നാം സ്ഥാനത്തും ഡല്‍ഹി (465), രാജസ്ഥാന്‍ (236), കേരളം (234) എന്നിങ്ങനെയാണ്. കര്‍ണാടകയിലും ഗുജറാത്തിലും യഥാക്രമം 226, 204 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശക്തമായ കോവിഡ് വ്യാപനത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ വൈറസിന്റെ വ്യാപനശേഷി ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കായ 2.69 എന്ന നിലയിലേക്ക് എത്തി. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് രോഗിയായ പത്ത് പേരില്‍ നിന്നും 26 പേരിലേക്കു വരെ പകരാന്‍ സാധ്യതയുണ്ട്. ഇതിനൊപ്പമാണ് ഒരാഴ്ചയ്ക്കിടയിലെ രോഗ വ്യാപനം. 8 ദിവസത്തിനിടെ, പ്രതിദിന കേസുകള്‍ 6.3 മടങ്ങ് വര്‍ധിച്ചു. ടിപിആറും കുത്തനെ കൂടിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് കുഞ്ഞിനെ മോഷ്ടിച്ചത്. ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിൽ കുഞ്ഞിനെ കണ്ടെത്തി. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരി സ്വദേശി നീതുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.
ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീ ഗൈനക്കോളജി വിഭാഗത്തിലെത്തി കുഞ്ഞിന്റെ അമ്മയുടെ അടുത്തെത്തി. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു. തുടർന്ന് ഇവർ പുറത്തേയ്‌ക്ക് പോവുകയും ചെയ്തു. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് അമ്മ ആശുപത്രി അധികൃതരോട് തിരക്കിയപ്പോഴാണ് തട്ടിക്കൊണ്ടു പോയതായി മനസിലാകുന്നത്.
ഉടൻ തന്നെ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഹോട്ടലിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. യുവതിയെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത്. ദിലീപ് ഗൂഢാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദീഖും അടുത്തുണ്ടായിരുന്നതായി പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്തില്‍ പറയുന്നു.
2018 ലാണ് ഈ കത്തെഴുതുന്നത്. കത്ത് പള്‍സര്‍ സുനി തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍ കൊടുത്തതായിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ കത്ത് പുറത്തുവിടണമെന്ന് പള്‍സര്‍ സുനി അമ്മക്ക് നിര്‍ദേശം നല്‍കിയിരുന്നു.
”അമ്മ എന്ന സംഘടന ചേട്ടന്‍ എന്ത് തെറ്റ് ചെയ്താലും അതിന് കൂട്ട് നില്‍ക്കും എന്നറിയാം. അന്ന് അബാദ് പ്ലാസയില്‍ വെച്ച് ഇക്കാര്യം പ്ലാന്‍ ചെയ്തപ്പോള്‍ സിദ്ദീഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്നെല്ലാം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം കിട്ടാന്‍ വേണ്ടിയാണോ ചേട്ടന്‍ അറസ്റ്റിലായപ്പോള്‍ സിദ്ദീഖ് ഓടി നടന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് അമ്മയിലെ പലര്‍ക്കും ഒന്നും അറിയാത്തത് ചേട്ടന്‍ അവരുടെ കണ്ണില്‍ പൊടിയിട്ടതുകൊണ്ടല്ലേ,’ സുനി കത്തില്‍ പറയുന്നു.
ദിലീപിനും അടുത്ത പല സുഹൃത്തുക്കള്‍ക്കും സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും പള്‍സര്‍ സുനി കത്തില്‍ പറയുന്നുണ്ട്.
‘അമ്മയില്‍ ചേട്ടന്‍ ഉള്‍പ്പെടെ എത്രപേര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടന്‍ പുറത്തുപോയി പരിപാടി ചെയ്യുന്നത് എന്തിനാണെന്നും എനിക്കറിയാം. പരിപാടിയുടെ ലാഭം എത്രപേര്‍ക്ക് നല്‍കണമെന്നതും ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ എന്താകും ഉണ്ടാവുകയെന്നും എനിക്കറിയാം. പക്ഷെ എന്നെ ജീവിക്കാന്‍ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കില്‍ ചേട്ടന്‍ ഇക്കാര്യങ്ങളെല്ലാം ഓര്‍ക്കുന്നത് നല്ലതായിരിക്കും,’ കത്തില്‍ പറയുന്നു.
തനിക്ക് ശിക്ഷ കിട്ടുന്നതില്‍ പ്രശ്‌നമില്ലെന്നും സത്യം പുറത്തറിഞ്ഞാല്‍ ദിലീപിനെ ആരും ആരാധിക്കില്ലെന്നും കത്തില്‍ പറയുന്നുണ്ട്.
‘എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓര്‍ക്കണം. മൂന്ന് വര്‍ഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാല്‍ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടന്‍ തന്നെ തോണ്ടിയതല്ലേ,’ കത്തില്‍ പറയുന്നു.
കേസില്‍ തന്നെ കുടുക്കിയാല്‍ അറിയാവുന്ന എല്ലാകാര്യങ്ങളും പുറത്ത് പറയുമെന്നും പ്രതികളെയും സാക്ഷികളെയും വിലയ്‌ക്കെടുത്ത് സത്യം മറച്ചുവെക്കാമെന്ന് കരുതേണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
‘യജമാനന്‍ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവല്‍ക്കാരനായതിനാലാണ്. യജമാനനോടുള്ള സ്നേഹത്താല്‍ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാല്‍ ഒന്നിനും പറ്റില്ലെന്ന് കണ്ടാല്‍ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാന്‍ എല്ലാം കോടതിയില്‍ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീര്‍ക്കാം,’ പള്‍സര്‍ സുനി കത്തില്‍ പറയുന്നു.
അതേസമയം, പള്‍സര്‍ സുനി നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നു എന്ന് പള്‍സര്‍ സുനിയുടെ അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.
നടിയെ ആക്രമിക്കുന്നതിന് മുമ്പ് മാസങ്ങള്‍ നീണ്ട ഗൂഢാലോചന നടന്നെന്നും ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പലരും പങ്കാളികളായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
2015 മുതലാണ് ഗൂഢാലോചന നടക്കുന്നത്. കൃത്യം നടത്തുന്നതിന് വേണ്ടി കോടി കണക്കിന് രൂപ പള്‍സര്‍ സുനിക്ക് ദിലീപ് വാഗ്ദാനം ചെയ്തെന്നും അമ്മ പറഞ്ഞു.
ജയിലില്‍ തന്റെ ജീവന്‍ സുരക്ഷിതമല്ലെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്തും സുനിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു. കുടുംബത്തേയും ആരെങ്കിലും അപായപ്പെടുത്തുമോയെന്ന ഭയമുണ്ടെന്നും അമ്മ പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരൂഹതയുണ്ടെന്ന് അമ്മ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചു.
ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം.
അതേസമയം, കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപും സംഘവും അപയപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത് വന്നിരുന്നു.നടന്‍ ദിലീപിന്റേയും കേസിന്റെ ഭാഗമായ വി.ഐ.പി എന്ന് പറയപ്പെടുന്നയാളുടെയും ശബ്ദ രേഖയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.
റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച ഓഡിയോ പുറത്തുവിട്ടിരിക്കുന്നത്. കേസിലെ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കുമെന്ന് ദിലീപ് പറയുന്നതാണ് ശബ്ദരേഖയിലെ ഹൈലൈറ്റ്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സംസാരിക്കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം.
മദർ തെരേസക്കും മിഷണരീസ് ഒഫ് ചാരിറ്റിക്ക് നേരേയും ഗുരുതര ആരോപണങ്ങളുമായി ആർ.എസ്. എസ് മുഖവാരിക പാഞ്ചജന്യ. കുരിശേറ്റൽ, അധികാരം, ഗൂഡാലോചന’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മദർ തെരേസക്കെതിരെയും മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ പാഞ്ചജന്യ ആക്ഷേപങ്ങൾ ഉന്നയിച്ചത്.
കേന്ദ്ര സർക്കാർ അടുത്തിടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ രെജിസ്ട്രേഷൻ പുതുക്കുന്നത് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ആർ.എസ്.എസ് മുഖവാരികയിൽ മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ വിമർശനങ്ങൾ ഉയർന്നത്.
മദർ തെരേസക്ക് ഭാരത രത്നം നൽകാൻ കാരണം ‘ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയം എന്നറിയപ്പെടുന്ന ചില കാരണങ്ങൾ’ കൊണ്ടാണെന്ന് ലേഖനത്തിൽ പറയുന്നു. മദർ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്നും പാഞ്ചജന്യത്തിലെ ലേഖനത്തിൽ പറയുന്നു.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ദിലീപിന് എതിരായ തന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് പോലീസിന് മൊഴിയും രേഖകളും നൽകിയെന്ന് ബാലചന്ദ്ര കുമാർ. പോലീസ് മൊഴി രേഖപ്പെടുത്തുകയും പരിശോധനയ്ക്കായി തന്റെ ഫോൺ അടക്കം കൈമാറിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
കേസിൽ ഐപിസി സെക്ഷൻ 164 പ്രകാരം രഹസ്യ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചതായും ബാലചന്ദ്ര കുമാർ സ്വകാര്യ മാധ്യമത്തോട് വിശദീകരിച്ചു. കേസിൽ തന്റെ പരാതി അനുസരിച്ച് മൂന്ന് കാര്യങ്ങളാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞതെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്.
ഒന്ന്, ദിലീപിന്റെ വീട്ടിൽ പൾസർ സുനിയെ കണ്ടു എന്നത്. രണ്ട്, കേസിലെ സാക്ഷിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നത്. മൂന്ന്, കേസുമായി ബന്ധപ്പെട്ടുള്ള വിഐപിയുടെ പങ്ക്. ഉന്നതന്റെ പങ്ക് എന്ന് പറയുമ്പോഴും അത് ആരാണ് എന്നതിൽ ഇതുവരെ വ്യക്തമായിട്ടില്ല.
ഈ വിഐപിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് അവർ കണ്ടുവെന്നതുമാണ് മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പോലീസ് കാണിച്ചു. ഇതിൽ ഒരു ഫോട്ടോ കണ്ടപ്പോൾ അദ്ദേഹമായിരിക്കാമെന്ന് താൻ പറഞ്ഞു.
നാല് വർഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്ന് പോലീസിനെ അറിയിച്ചതായും ബാലചന്ദ്ര കുമാർ വ്യക്തമാക്കി.
ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവൻ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോൾ എല്ലാവരും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാർ പറയുന്നു.