ശനിയാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ അഷ്മുൻജി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സ്‌കൂൾ കുട്ടികളടക്കം 60 പേരെ ഏറ്റുമുട്ടലിൽ നിന്ന് സുരക്ഷാ സേന രക്ഷപ്പെടുത്തി.
ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ സുരക്ഷാ സേന വധിച്ചു.
മറ്റ് രണ്ട് തീവ്രവാദികൾ സ്ഥലത്ത് കുടുങ്ങിയതായും ഇവരെ കീഴ്‌പ്പെടുത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമം തുടരുന്നതുമായാണ് റിപ്പോർട്ട്.
പ്രണയം നിരസിച്ചതിന് ഇടുക്കി അടിമാലിയിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി അറസ്റ്റിൽ. അടിമാലി സ്വദേശിനി ഷീബ (35) ആണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ യുവാവ് പ്രണയത്തിൽനിന്നു പിന്മാറിയതാണ് ആക്രമണത്തിന് കാരണം.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തിനായിരുന്നു ആക്രമണം. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നിൽനിന്നു സംസാരിക്കുന്നതിനിടെ ഷീബ കയ്യിൽ കരുതിയിരുന്ന ആസിഡ് തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുൺ കുമാറിന്റെ മുഖത്തൊഴിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചു. ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു.
രണ്ടു വർഷം മുൻപ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട അരുണും ഷീബയും തമ്മിൽ പ്രണയത്തിലായി. ഷീബയെ വിവാഹം കഴിക്കാമെന്ന് അരുൺ വാക്ക് നൽകി. ഇതിനിടെ ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ അരുൺ ബന്ധത്തിൽനിന്നു പിന്മാറി.
അരുൺ മറ്റൊരു വിവാഹത്തിനു തയാറെടുക്കുന്നുവെന്ന് അറിഞ്ഞ ഷീബ, അരുൺ കുമാറിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. സുഹൃത്തുകൾക്കൊപ്പമാണ് അരുൺ അടിമാലിയിലെത്തിയത്. പരുക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ തേടി.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് ഭർത്താവിന്റെ വീട്ടിൽ നിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.
പാകിസ്താനില്‍ നിന്ന് ചൈനയിലേക്ക് പോവുകയായിരുന്ന റേഡിയോ ആക്ടീവ് വസ്തുക്കളടങ്ങിയ കണ്ടെയ്‌നര്‍ ഗുജറാത്ത് തുറമുഖത്ത് പിടിച്ചെടുത്തു. കറാച്ചിയില്‍ നിന്നും ഷാങ്ഹായിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നറുകളടങ്ങിയ കപ്പല്‍ കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റിലിജന്‍സും ചേര്‍ന്ന് മുന്ദ്ര പോര്‍ട്ടില്‍ വച്ചാണ് പിടിച്ചെടുത്തത്.
നവംബര്‍ 18നാണ് കപ്പല്‍ പിടിച്ചെടുത്തത്.കണ്ടെയ്‌നറുകളില്‍ റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളെ സൂചിപ്പിക്കുന്ന ഹസാര്‍ഡ് ക്ലാസ് 7 എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.ഇത് മുന്ദ്രയിലോ മറ്റ് ഇന്ത്യന്‍ തുറമുഖങ്ങളിലോ പ്രവേശിക്കേണ്ടതായിരുന്നില്ല. കൂടുതല്‍ പരിശോധനകള്‍ക്കായി കണ്ടെയ്‌നര്‍ മുന്ദ്ര പോര്‍ട്ടില്‍ ഇറക്കിയിരിക്കുകയാണ്.
കെപിഎസി ലളിതയുടെ ചികിത്സചിലവ് സര്‍ക്കാര്‍ ഏറ്റടുത്തതിൽ പ്രതികരണവുമായി നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി. താരത്തിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തതില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
അത് സര്‍ക്കാരിന്റെ അവകാശമാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് സഹായം നല്‍കാറുണ്ട്. 36 പേര്‍ക്ക് സഹായം താനും നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണെന്നും അദ്ദേഹം തുറന്നടിച്ചു.
സുരേഷ് ഗോപിയുടെ വാക്കുകള്‍;
‘നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നല്‍കിയത് സര്‍ക്കാരാണ്. അത് സര്‍ക്കാരിന്റെ അവകാശമാണ്. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ വന്നിട്ടുണ്ടാകും. അത് സര്‍ക്കാര്‍ പരിശോധിച്ചു. അവര്‍ക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാകും ഇങ്ങനെയൊരു തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്‍മാര്‍ക്ക് ചികിത്സ സഹായം നല്‍കാറുണ്ട്.
36 പേര്‍ക്ക് സഹായം ഞാനും നല്‍കിയിട്ടുണ്ട്. 2 കോടി 80 ലക്ഷം രൂപ ഇത്തരത്തില്‍ നല്‍കിയിട്ടുണ്ട്. ലളിത ചേച്ചി ആ വിഭാഗത്തില്‍ പെടുന്നുണ്ടോ എന്നത് സര്‍ക്കാര്‍ നിശ്ചയിട്ടുണ്ട്. സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂ. അല്ലാതെ അതിനെക്കുറിച്ച് ഇപ്പോള്‍ പുലഭ്യം പറഞ്ഞുനടക്കുന്നത് തെറ്റാണ്.’
ആന്ധ്രപ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 17 പേര്‍ മരിച്ചു. 100ഓളം പേര്‍ ഒലിച്ചുപോയി. ഇതിനിടെ, തിരുപ്പതിയില്‍ നൂറുകണക്കിന് തീര്‍ഥാടകര്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു.
തിരുപ്പതിയുടെ പ്രാന്തപ്രദേശത്തുള്ള സ്വര്‍ണമുഖി നദി കരകവിഞ്ഞൊഴുകുകയാണ്. ജലസംഭരണികളും നിറഞ്ഞൊഴുകി. പലയിടങ്ങളിലായി നിരവധി ആളുകള്‍ കുടുങ്ങി കിടക്കുകയാണ്.
മിന്നല്‍ പ്രളയത്തില്‍ ബസ് ഒഴുക്കില്‍പെട്ട് 12 പേര്‍ മരിച്ചു. കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാപ്രദേശില്‍ മൂന്ന് ബസുകളാണ് ഒഴുക്കില്‍ പെട്ടത്.
കടപ്പ ജില്ലയിലാണ് ബസ്സുകള്‍ ഒഴുക്കില്‍ പെട്ടത്. അനന്ദപൂര്‍ ജില്ലയിലെ പത്ത് പേരെ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. 30ലധികം ആളുകള്‍ ഒഴുക്കില്‍ പെട്ടിട്ടുണ്ട് എന്നാണ് സൂചന. നന്ദലുരുവില്‍ ഒരു ബസ്സില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും ഗുണ്ടലൂരുവില്‍ നിന്ന് ഏഴ് മൃതദേഹങ്ങളും കണ്ടെടുത്തു.
എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. നെല്ലൂര്‍, ചിറ്റൂര്‍, കടപ്പ ജില്ലകളിലാണ് മിന്നല്‍ പ്രളയമുണ്ടായത്. പ്രളയം ജനജീവിതത്തെ സാരമായി ബാധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മേല്‍ നോട്ടത്തില്‍ നടന്നുവരികയാണെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഢ്ഡി അറിയിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചു. സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി നാളെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തും.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. വെങ്കടേശ്വരക്ഷേത്രം, കപീലേശ്വരക്ഷേത്രം, ആഞ്ജനേയക്ഷേത്രം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്.
‘ഞാന്‍ പോവാ. കുഞ്ഞിനെയും കൊണ്ടുപോവാ. ഇല്ലെങ്കില്‍ ഹരിപ്പാട്ടെ അച്ഛന്‍ ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും. എന്റെ വീട്ടുകാരെയും ദ്രോഹിക്കും…’ അദിതിയുടെ അവസാന ഡയറിക്കുറിപ്പുകളാണ് ഇത്. ഭര്‍ത്താവുമരിച്ച് രണ്ടുമാസം തികഞ്ഞ നവംബര്‍ എട്ടിനു രാത്രിയിലാണ് അഞ്ചുമാസം പ്രായമുള്ള മകന്‍ കല്‍ക്കിക്ക് വിഷം നല്‍കിയ ശേഷം അദിതിയും ജീവനൊടുക്കിയത്.
ചെങ്ങന്നൂര്‍ ആലായിലെ സ്വന്തംവീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അദിതിയുടെ ബന്ധുക്കള്‍ പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പില്‍ ഭര്‍തൃപിതാവിന്റെ മാനസികപീഡനത്തെ കുറിച്ചും അദിതിയുടെ വാക്കുകളില്‍ വ്യക്തമാണ്. ഭര്‍ത്താവ് സൂര്യന്‍ ഡി.നമ്പൂതിരിയും അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ് ചികിത്സയില്‍ കഴിയവേയാണ് സെപ്റ്റംബര്‍ എട്ടിന് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തില്‍ അസ്വഭാവികമരണത്തിനു കേസെടുത്തിരുന്നു. ഭര്‍തൃപിതാവിന്റെ മാനസികപീഡനമാണ് എല്ലാത്തിനും കാരണമെന്ന് അദിതിയുടെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. ഭര്‍തൃവീട്ടില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചു മരിക്കുംമുന്‍പ് അദിതി തുറന്നുപറയുന്ന വീഡിയോയും ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു. ഭര്‍ത്താവുമരിച്ചശേഷം തനിക്കു ജോലികിട്ടാനുള്ള സാധ്യത തകര്‍ത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ന്യൂഡൽഹി : ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡുകൾ പുതുക്കി നൽകുന്ന നടപടിക്രമങ്ങൾ ലളിതമാക്കി കേന്ദ്ര സർക്കാർ. മറ്റ് വിദേശികൾക്ക് ലഭ്യമല്ലാത്ത നിരവധി ആനുകൂല്യങ്ങളുമായി ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള ഒരു ദീർഘകാല വിസയാണ് ഒസിഐ കാർഡ്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം പ്രകാരം കാർഡ് നൽകുന്നതിനുള്ള നിയമത്തിൽ വരുത്തിയ ഇളവുകൾ ഇവയാണ്.
•പ്രായപൂർത്തിയാകാത്തവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഇനി ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
•50 വയസ്സ് തികഞ്ഞവർ ഒസിഐ കാർഡ് പുതുക്കേണ്ടതില്ല.
•20 വയസ്സിനു ശേഷമാണ് കാർഡ് അനുവദിച്ചു കിട്ടിയതെങ്കിൽ വീണ്ടും പുതുക്കേണ്ടതില്ല.
• ഓരോ തവണ പാസ്പോർട്ടിൽ മാറ്റം വരുത്തുമ്പോഴും കാർഡ് പുതുക്കേണ്ടതില്ല.
• മേൽവിലാസം മാറ്റുന്നതിനും ഒസിഐ കാർഡ് പുതുക്കേണ്ട ആവശ്യമില്ല.
http://www.ociservices.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷകർ നിലവിലുള്ള പാസ്പോർട്ടിന്റെ പകർപ്പും
ഫോട്ടോയും ഓൺലൈനായി സമർപ്പിക്കുക. ഇതിനായി പ്രത്യേക ഫീസ് ഈടാക്കുന്നതല്ല. യാതൊരുവിധ ഫോമുകളും പൂരിപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി https://ociservices.gov.in/MiscNew.pdf സന്ദർശിക്കുക.
20 വയസിനു മുമ്പ് ഒസിഐ കാർഡ് ലഭിച്ചവർ 20 വയസ്സ് പൂർത്തിയായി പുതിയ പാസ്പോർട്ട് ലഭിച്ചതിന് ശേഷം കാർഡ് ഒറ്റത്തവണ പുതുക്കിയാൽ മതിയാകും. പേരോ പൗരത്വമോ വ്യത്യാസപ്പെടുത്തണമെങ്കിൽ ഒസിഐ കാർഡ് പുതുക്കേണ്ടത് നിർബന്ധമാണ്.
ഇപ്പോൾ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കോ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കോ യാത്ര ചെയ്യുന്നതിന് നിലവിലെ പാസ്പോർട്ടും ഒസിഐ കാർഡും മതിയാവും. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ ഏറ്റവും പുതിയ ഫോട്ടോയും പാസ്പോർട്ടിന്റെ പകർപ്പും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.
മറ്റു രാജ്യങ്ങളിലെ ഇന്ത്യൻ വംശജർക്കാണ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ അഥവാ ഒസിഐ കാർഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, കാർഷിക ഭൂമി വാങ്ങൽ, സർക്കാർ സേവനം എന്നിവ ഒഴികെ ഇന്ത്യൻ പൗരനുള്ള എല്ലാ ആനുകൂല്യങ്ങളും ഈ കാർഡിലൂടെ ലഭിക്കും. ഇന്ത്യയിലേക്ക് വിസ നിർബന്ധമല്ലാത്ത യാത്രയാണ് മറ്റൊരു ആനുകൂല്യം.
മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തില്‍ ദുരൂഹത നീങ്ങുന്നില്ല. വിഐപി റൂമിലേക്ക് സുന്ദരിമാര്‍ പോയതും അവിടെ എന്താണ് സംഭവിച്ചതെന്നുമുള്ള ഊഹാപോഹങ്ങള്‍ ഉയരുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ സിഡി മാറ്റാന്‍ ഹോട്ടലുടമയ്ക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍. ഇതില്‍ പല ഉന്നതരും പെടുമെന്നുള്ള ഭയം ഇവര്‍ക്കുണ്ട്. നമ്പര്‍ 18 ഹോട്ടലിലെ 208, 218 നമ്പര്‍ മുറികള്‍ സ്ഥിരമായി ഉപയോഗിച്ചിരുന്നതു പൊലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളുമാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ജില്ലയിലെ ഒരു ജനപ്രതിനിധി 218ാം നമ്പര്‍ മുറിയില്‍ ഇടയ്ക്കിടെ രഹസ്യമായി തങ്ങിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. റജിസ്റ്ററില്‍ പേരു ചേര്‍ക്കാതെ സൗജന്യമായാണ് ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവര്‍ക്കു നല്‍കിയിരുന്നത്.
ഈ മുറികള്‍ മറ്റാര്‍ക്കും നല്‍കരുതെന്നു റോയ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും നേതാക്കളുടെയും രഹസ്യ മദ്യപാന കേന്ദ്രം കൂടിയാണ് ഈ മുറികളെന്നാണ് വിവരം. യുവതികള്‍ പാര്‍ട്ടിക്ക് എത്തിയ ഒക്ടോബര്‍ 31 നു രാത്രിയില്‍ ഈ മുറിയില്‍ തങ്ങിയിരുന്ന വിഐപികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനുപിന്നിലുള്ള തടസ്സം ഇതു തന്നെയാകാം. അന്ന് ആ മുറികളിലുണ്ടായിരുന്നത് പ്രമുഖര്‍ തന്നെയായിരുന്നു. ഹോട്ടല്‍ ഉടമ റോയിയും ജീവനക്കാരും ഇതേക്കുറിച്ചു വെളിപ്പെടുത്തിയിട്ടുമില്ല. ഹോട്ടലിന്റെ രണ്ടാം നിലയിലെ ഈ മുറിയുടെ വാതിലുകള്‍ നേരിട്ടു കാണാന്‍ കഴിയുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ലഭ്യമല്ല.
കസ്റ്റംസും സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നു മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ നടത്തിയ റെയ്ഡിന്റെ വിവരം ചോര്‍ന്നതു ലോക്കല്‍ പൊലീസില്‍നിന്നാണെന്നു കസ്റ്റംസ് കണ്ടെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയെയും കസ്റ്റംസ് ഇക്കാര്യം അറിയിച്ചിരുന്നു.208, 218 മുറികള്‍ സ്ഥിതി ചെയ്യുന്ന രണ്ടാം നിലയുടെ പിന്‍ഭാഗത്തു കൂടിയാണ് അന്നു ലഹരിമരുന്നുമായി മൂന്നു പേര്‍ താഴേക്ക് ഇറങ്ങി കടന്നു കളഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഐപികളും തങ്ങിയിരുന്ന ഈ മുറികള്‍ ലഹരി മരുന്ന് ഒളിപ്പിക്കാനും പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അന്ന് സുന്ദരിമാരെ ഈ വിഐപികള്‍ക്ക് റോയി പരിചയപ്പെടുത്തിയിരുന്നു. ഇവര്‍ക്കൊപ്പം കിടപ്പറ പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവിടുന്ന് ഓടി രക്ഷപ്പെട്ടതാകാം മോഡലുകള്‍ എന്നാണ് പറയുന്നത്. ഇതിനിടെയാണ് അപകടം ഉണ്ടാകുന്നതും. ഇവരെ പിന്തുടര്‍ന്ന കാറിനുപിന്നിലുള്ള സംശയത്തിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം, വാഹനാപകടത്തില്‍ ഹോട്ടലുടമയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. മോഡലുകള്‍ മരിക്കുന്നതിന് മുമ്പേ കേസിലെ രണ്ടാം പ്രതിയായ റോയി മയക്കുമരുന്ന് നല്‍കിയെന്നാണ് പോലീസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ടാണ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവ് നശിപ്പിക്കാനായി കായലിലേക്ക് ഹാര്‍ഡ് ഡിസ്‌ക് വലിച്ചെറിഞ്ഞതെന്നും പോലീസ് പറയുന്നു.
റോയി എവിടെ വെച്ചാണ് മയക്കുമരുന്ന് നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുവെച്ചോ അല്ലെങ്കില്‍ ഡിജെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തുവച്ചോ, ഹോട്ടലില്‍ വച്ചോ ആണ് ഇവര്‍ക്ക് മയക്കുമരുന്ന് കലര്‍ന്ന വസ്തുക്കള്‍ നല്‍കിയതെന്നാണ് പൊലീസ് കോടതിയില്‍ വെളിപ്പെടുത്തിയത്.
ടി.എൻ. പ്രതാപൻ എം.പിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ യു ട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എം.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
എം.പിയുടെ തൃശൂർ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ‘പ്രവാസി കെയർ’ എന്ന ജീവകാരുണ്യ പദ്ധതിയുമായി സഹകരിക്കുന്ന ദുബൈയിലെ അൽ-ക്യുസൈസിലെ പ്രവർത്തകർ ‘അൽ-മിക്വാദ്’ റസ്റ്ററൻറിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ അതിഥിയായി പങ്കെടുത്ത് എം.പി ഇടപഴകുന്നതിെൻറ വീഡിയോ കൃത്രിമം കാണിച്ച് ‘നാണമില്ലേ മിസ്റ്റർ പ്രതാപൻ ഇങ്ങനെ വേഷം കെട്ടാൻ’ എന്ന തലക്കെട്ടോടെ വക്രീകരിച്ചും മദ്യപനായി ചിത്രീകരിച്ചും മറുനാടൻ മലയാളി പ്രദർശിപ്പിച്ചുവെന്നാണ് പരാതി. ഈമാസം 12നാണ് യുട്യൂബ് ചാനൽ ഈ വീഡിയോ പ്രദർശിപ്പിച്ചത്.
ജയറാമിന്റെ മകൻ നടൻ കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു.ബില്ല് അടക്കാത്തതിനേ തുടർന്ന് ഇവരെ ഹോട്ടൽ വിട്ട് പോകുന്നതിൽ നിന്നും അധികൃതർ തടയുകയായിരുന്നു.സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്നാണിത്
എന്നാൽ കമ്പിനി ബില്ല് തന്നില്ലെങ്കിൽ സൗകര്യങ്ങൾ ഉപയോഗിച്ചവർ തന്നാലും മതി എന്നായിരുന്നു ഹോട്ടലധികൃതരുടെ നിലപാട്. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും, റസ്റ്ററന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ് താരങ്ങള്‍ അടക്കമുള്ളവരെ തടഞ്ഞത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. മൂന്നാര്‍ പൊലീസെത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ നിര്‍മാണ കമ്പനി പണം അടച്ചു. ഇതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.