India

അമ്മയറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ആന്ധ്രയില്‍ നിന്ന് കുഞ്ഞിനെ രാത്രി എട്ടരയോടെയാണ് തലസ്ഥാനത്തെത്തിച്ചത്. കുഞ്ഞ് അനുപമയുടേതാണോ എന്ന് ഉറപ്പാക്കാനുള്ള ഡിഎന്‍എ പരിശോധനക്കുള്ള നടപടി ഉടന്‍ തുടങ്ങും.

രാത്രി എട്ട് മുപ്പഞ്ചിന് ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെയും കൊണ്ട് സംഘം തിരുവനന്തപുരത്തെത്തിയത്. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ തീരുമാനിച്ച ഫിറ്റ് പേഴ്സണായിരിക്കും ഡിഎന്‍എ പരിശോധന ഫലം വരും വരെ കുഞ്ഞിനെ സംരക്ഷിക്കുന്നത്.

നാളെയോ മറ്റന്നാളോ തന്നെ അനുപമയുടെയും കുഞ്ഞിന്‍റെയും അജിത്തിന്‍റെയും സാമ്ബിള്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോടെക്നോളജിയില്‍ സ്വീകരിക്കും. ഡി.എന്‍.എ ഫലം രണ്ട് ദിവസത്തിനകം നല്‍കാന്‍ കഴിയും എന്നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയടെക്നോളജി അധികൃതരെ അറിയിച്ചിരിക്കുന്നത്.

ഫലം പോസിറ്റീവായാല്‍ നിയമോപദേശം സ്വീകരിച്ച ശേഷം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാനുള്ള തീരുമാനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എടുക്കും. . ഒരു മാസത്തിലേറെ നീണ്ട വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് കുഞ്ഞ് കേരളത്തിലേക്ക് എത്തുന്നത്.

യുവാവിനെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ മുഹമ്മദിന്‍റെ മകൻ അഷ്കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു മാസം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം കുറങ്ങാട്ട് ചിറയിൽ മഞ്ജുവിനെ വിവാഹം കഴിച്ച് മഞ്ജുവിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്നു അഷ്കര്‍

ഇന്ന് രാവിലെ 6.30 ന് വീടിന്‍റെ അടുക്കള ഭാഗത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. തുടർന്ന് കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലതെത്തി പരിശോധന നടത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഷ്ക്കറിന്‍റെ ബന്ധുക്കൾ ആരോപിച്ചു.

മകൻ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്കറിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകൻ പറഞ്ഞിരുന്നു. മൃതദേഹത്തിൽ അസ്വഭാവിക പാടുകൾ ഉള്ളത് കൂടുതൽ സംശയത്തിന് ഇടവരുത്തുന്നുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളിലെ പൊലീസ് കഥാപാത്രങ്ങളെ കുറിച്ച് നടന്‍ ഇന്ദ്രജിത്ത്. പൊലീസ് വേഷങ്ങളുടെ നീണ്ട നിര തന്നെയാണ് ഇനി പുറത്തിറങ്ങാനുള്ളത് എന്നാണ് ഇന്ദ്രജിത്ത് അഭിമുഖത്തില്‍ പറയുന്നത്.

ആഹാ, കുറുപ്പ് എന്നീ രണ്ട് സിനിമകളാണ് ഇപ്പോള്‍ ഇന്ദ്രജിത്തിന്റെതായി തിയേറ്ററില്‍ ഉള്ളത്. സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന കുറുപ്പ് എന്ന സിനിമയില്‍ ഡി.വൈ.എസ്.പി കൃഷ്ണദാസ് എന്ന കഥാപാത്രമാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

കൊവിഡ് കാലത്തിന് മുമ്പും ഇപ്പോഴും അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും പൊലീസ് വേഷമാണെന്നും താരം പറയുന്നത്. കുറുപ്പ്, തീര്‍പ്പ്, അനുരാധ, മോഹന്‍ദാസ്, നൈറ്റ് ഡ്രൈവ്, പത്താം വളവ് എല്ലാത്തിലും പൊലീസ് തന്നെ.

‘പട്ടാള സിനിമയില്‍ അഭിനയിച്ച് ലാലേട്ടനെ പട്ടാളത്തിലെടുത്ത പോലെ എന്നെ പൊലീസില്‍ എടുക്കുമോയെന്ന് സംശയിക്കാവുന്നതാണ്’ എന്നാണ് ഇന്ദ്രജിത്ത് നര്‍മ്മത്തോടെ ചോദിക്കുന്നത്. യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെല്ലാം.

പൊലീസ് കഥാപാത്രമാണെങ്കിലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും ഇന്ദ്രജിത്ത് പറയുന്നു. മീശമാധവന്‍, വണ്‍വേ, അച്ഛനുറങ്ങാത്ത വീട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ചേകവര്‍, വേട്ട, മസാല റിപ്പബ്ലിക് തുടങ്ങി നിരവധി സിനിമകളില്‍ ഇന്ദ്രജിത്ത് പൊലീസ് വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസ്സാണ് മരിച്ചത്. രാജ് ഭവനിലെ ക്വാട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്.ഇന്നലെ രാത്രി 11 മണിയോടെ ആത്മഹത്യാ കുറിപ്പ് സ്റ്റാറ്റസ് ഇട്ട ശേഷമായിരുന്നു ആത്മഹത്യ.

അതേസമയം, മരണം ആത്മഹത്യയാണെന്നാണ് സൂചന. ഇക്കാര്യം സാധൂകരിക്കുന്ന കത്തും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആണ് കത്തിലെ പരാമർശം എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്.ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

പ്രണയത്തിൽ നിന്ന് പിന്മാറിയതിന്റെ വൈരാഗ്യത്തിൽ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി ഷീബ ആക്രമണത്തിന് പിന്നാലെ മടങ്ങിയത് ഭർത്താവിന്റെ വീട്ടിലേക്കെന്ന്. മുഖത്തേറ്റ പൊള്ളലിനെ കുറിച്ച് ഭർത്താവ് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്നായിരുന്നു മറുപടി.

ആക്രമണത്തിനിടെ ആസിഡ് മുഖത്ത് തെറിച്ചാണ് ഷീബക്കും പൊള്ളലേറ്റത്. അഞ്ച് ദിവസം ഭർതൃവീട്ടിൽ കഴിഞ്ഞ ഇവരെ ശനിയാഴ്ച വൈകീട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

അതുവരെ സംഭവത്തെ കുറിച്ച് ഭർത്താവിനുൾപ്പടെ മറ്റാർക്കും അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം സ്വദേശി അരുണിനെ വിളിച്ചുവരുത്തിയത്. എന്നാൽ അരുൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരം അറിഞ്ഞതോടെ ആക്രമണത്തിന് മുതിരുകയായിരുന്നു.

ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. മൂന്ന് വർഷമായി ഇവർ സൗഹൃദത്തിലായിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി അരുൺ കുമാറിന്റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്പുപാലത്തേക്ക് വിളിച്ച് വരുത്തുകയും പള്ളിയുടെ സമീപത്ത് വെച്ച് ആസിഡ് ആക്രമണം നടത്തുകയുമായിരുന്നു. റബ്ബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയിൽ നിറച്ചുകൊണ്ടുവന്നാണ് അരുണിന്റെ മുഖത്തൊഴിച്ചത്.

സാരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അങ്കമാലിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവുമധികം പണം നൽകിയ സ്ഥാനാർത്ഥി പാലക്കാട് മത്സരിച്ച ഷാഫി പറമ്പിലിന്. ത്രികോണ മത്സരം നടന്ന പാലക്കാട് പാർട്ടി 23 ലക്ഷം രൂപയാണ് ഷാഫിയുടെ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. തൃത്താലയിൽ പരാജയപ്പെട്ട വിടി ബൽറാമിന് വേണ്ടി പാർട്ടി പതിനെട്ടര ലക്ഷം രൂപയും ചെലവഴിച്ചതായാണ് റിപ്പോർട്ട്. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പലരും വിലയിരുത്തിയിരുന്ന സ്റ്റാർ കാൻഡിഡേറ്റ് രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി വിഹിതമായി അഞ്ച് ലക്ഷം മാത്രമാണ് ലഭിച്ചത്.

കോൺഗ്രസ് ആകെ 23 കോടിയാണ് പ്രചാരണത്തിന് വേണ്ടി ചെലവാക്കിയത്. ഇതിൽ, 11 കോടി സ്ഥാനാർത്ഥികൾക്കും 16 കോടി പരസ്യത്തിനും ചെലവഴിച്ചു. അതേസമയം, തെരെഞ്ഞെടുപ്പിലേക്കായി കേരളത്തിൽ ഏറ്റവും കൂടുതൽ സംഭാവന കിട്ടിയത് സിപിഎമ്മിനാണ്. 58 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് ലഭിച്ചത്.

കോൺഗ്രസിന് 39 കോടിയും ബിജെപിക്ക് എട്ട് കോടിയുമാണ് സംഭാവനയായി ലഭിച്ചത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച കണക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ലഭിച്ച 58,86,38,762 രൂപയിൽ പരസ്യത്തിന് വേണ്ടി 17 കോടി സിപിഎം ചെലവഴിച്ചതായാണ് റിപ്പോർട്ട്. സ്ഥാനാർത്ഥികൾക്ക് നൽകിയത് നാല് കോടി 21 ലക്ഷമാണ്. ബേപ്പൂരിൽ മുഹമ്മദ് റിയാസിന് 22 ലക്ഷമാണ് ചെലവിനായി പാർട്ടി നൽകിയത്. ആർ ബിന്ദുവിന് 20 ലക്ഷം, വീണ ജോർജിന് 19 ലക്ഷം, ജെയ്ക്ക് സി തോമസിന് 16 ലക്ഷം എന്നിങ്ങനെയാണ് ചെലവാക്കിയത്.

കോൺഗ്രസ് താരപ്രചാരകരായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമായി ഹെലികോപ്റ്റർ, വിമാന യാത്രയ്ക്കായി മാത്രം ചെലവഴിച്ചത് രണ്ടര കോടിക്ക് മുകളിലാണ്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കേരളത്തിൽ എത്തിക്കാനായി 43 ലക്ഷം രൂപയാണ് ബിജെപി ചെലവഴിച്ചത്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിൽ യോഗി ആദിത്യനാഥ് വന്ന് പോയതിന് 25 ലക്ഷം രൂപയായി. മൂന്ന് റാലികളിൽ പങ്കെടുത്ത മോഡിക്ക് വേണ്ടി ചെലവായത് 43 ലക്ഷം രൂപയാണ്.

15 ലക്ഷം വീതമാണ് എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്കായി ബിജെപി നൽകിയത്. രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച അധ്യക്ഷൻ കെ സുരേന്ദ്രന് പാർട്ടി നൽകിയത് 40 ലക്ഷമാണ്. സ്ഥാനാർത്ഥികൾക്ക് ആകെ നൽകിയത് 9 കോടി 18 ലക്ഷം രൂപയാണ്. വിമാന യാത്രക്കും ഹെലികോപ്റ്റർ യാത്രക്കും മാത്രം ചെലവായത് രണ്ടേ മുക്കാൽ കോടി രൂപയുമാണ്.

മലയാളത്തിൻ്റെ മഹാ നടന്‍ മോഹന്‍ലാലിനെതിരെ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കൊണ്ട് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മരക്കാറിന്‍റെ റിലീസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഫസല്‍ ഗഫൂര്‍ ഇത്തരം ഒരു പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.

പെരിന്തല്‍മണ്ണയിലുള്ള എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ആണ് അദ്ദേഹം ഈ രീതിയില്‍ സംസാരിച്ചത്.

മലയാള സിനിമാ വ്യവസായത്തെ മോഹന്‍ലാല്‍ എന്ന നടന്‍ നശിപ്പിക്കുകയാണ്. മലയാള സിനിമയിലെ ബഫൂണാണ് മോഹന്‍ലാല്‍. പ്രിന്‍സിപ്പലിൻ്റെ റൂമില്‍ കുട്ടികള്‍ പോകുന്നതു പോലെയാണ് മരക്കാര്‍ വിഷയത്തില്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ അടുത്ത് പോയത്. പിന്നീട് സംഭവിച്ചത് എന്താണെന്ന് തനിക്ക് അറിയില്ല.

അപ്പം ചുടുന്നതുപോലെയാണ് മോഹന്‍ലാലിൻ്റെ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് തന്നെ ഒരു ചിത്രം പൂര്‍ത്തിയാക്കി അടുത്ത ചിത്രം തുടങ്ങുകയാണ്. പക്ഷേ സിനിമകളുടെ കഥയോ, സ്‌ക്രിപ്‌റ്റോ ഒന്നും മോഹന്‍ലാലിന് അറിയില്ലന്നും ഫസല്‍ ഗഫൂര്‍ ആക്ഷേപിച്ചു.

മരക്കാര്‍ ഒടിടിയിലൂടെ റിലീസ് പ്രഖ്യാപിച്ചതോടെ ആ വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാവരും അതില്‍ ഇടപെട്ടു. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതി നഷ്ടപ്പെട്ടേക്കുമോ എന്ന ചിന്ത വന്നതോടെയാണ് പിന്നീട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് മലയാള സിനിമാ വ്യവസായത്തെ മരക്കാറും മോഹന്‍ലാലും ചേര്‍ന്ന് ഇല്ലാതാക്കി എന്നും ഗഫൂര്‍ കുറ്റപ്പെടുത്തുന്നു. ഒരു ചിത്രം പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് ഈ രീതിയില്‍ പ്രതികരിക്കുന്നത് എന്തിനാണ്. ഒടിടി വഴി റിലീസ് ചെയ്താല്‍ നികുതി സംസ്ഥാന സര്‍ക്കാരിന് കിട്ടില്ല. സിനിമാ മേഖല ഇല്ലാതായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ നികുതി കുറയ്‌ക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

ബിജെപിയുടെ ഹലാൽ ഹോട്ടലുകളുമായി ബന്ധപ്പെട്ട നിലപാടിനെ തള്ളി സന്ദീപ് വാര്യർ. സംഘപരിവാർ ഹലാൽ ഹോട്ടൽ ബ​ഹിഷ്കരണത്തെ പൂർണമായും തള്ളുന്നതാണ് ബിജെപിയുടെ വക്താവ് കൂടിയായ വാര്യരുടെ നിലപാട്. ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

വ്യക്തിപരമായ ഒരു നിരീക്ഷമാണിതെന്ന് വാദത്തോടെയാണ് സന്ദീപ് പോസ്റ്റ് തുടങ്ങുന്നത്. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്‌ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാമെന്നും അദ്ദേഹം പറയുന്നു. ഹലാൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനില്ലെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. സുരേന്ദ്രന്റെ വാദങ്ങളെ പരസ്യമായി വിമർശിക്കുന്നത് പാർട്ടിയിൽ പടല പിണക്കമുണ്ടാക്കുമെന്നും സൂചനയുണ്ട്.

പോസ്റ്റ് വായിക്കാം….

വ്യക്തിപരമായ ഒരു നിരീക്ഷണം മുന്നോട്ട് വെക്കട്ടെ.

ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും.എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാവും . ആ സ്ഥാപനത്തിലെ ഉപഭോക്താക്കളെ ആശ്രയിച്ച് ജീവിച്ചിരുന്ന ഓട്ടോറിക്ഷക്കാരൻ , അവിടേക്ക് പച്ചക്കറി നൽകിയിരുന്ന വ്യാപാരി, പാൽ വിറ്റിരുന്ന ക്ഷീരകർഷകൻ, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ്… ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോ ? അല്ല … അവരിൽ രാമനും റഹീമും ജോസഫും ഒക്കെയുണ്ടാവാം.

ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നിൽ എത്ര കാലത്തെ അധ്വാനവും പ്രയത്നവും ഉണ്ടാവും ? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫേസ്ബുക്ക് പോസ്റ്റിൽ തകരുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകാം. ഒരു ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത് . അതെല്ലാവരും ഓർക്കണം. ഓർത്താൽ നല്ലത്. ഇന്ത്യൻ സൈനികർക്ക് സൗജന്യ ഭക്ഷണം നൽകുന്ന ചെറുതുരുത്തിയിലെ അബ്ദുൽ സലാമിക്കയുടെ ഹോട്ടൽ കഫെ മക്കാനി ഇതേ പേജിലൂടെ ലോകത്തിനു പരിചയപ്പെടുത്തിയ എനിക്ക് ഇങ്ങനെയെ പറയാനാവൂ. വികാരമല്ല വിവേകമാവണം മുന്നോട്ടു നയിക്കേണ്ടത്.

വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം അപ്രതീക്ഷിതമായി റദ്ദാക്കിയതിനെത്തുടർന്ന് നാല് വലിയ ആവശ്യങ്ങൾ പട്ടികപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശനിയാഴ്ച ഓൺലൈനിൽ ഒരു കത്ത് പോസ്റ്റ് ചെയ്ത് ബിജെപി എം.പി വരുൺ ഗാന്ധി.

നേരത്തെ ഈ തീരുമാനമെടുത്തിരുന്നെങ്കിൽ 700-ലധികം കർഷകർ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നെന്ന് പ്രധാനമന്ത്രിയെ ഓർമ്മിപ്പിച്ച എം.പി, ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ മരിച്ചവർക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.

കർഷകർക്കെതിരെ ചുമത്തിയിട്ടുള്ള എല്ലാ രാഷ്ട്രീയ പ്രേരിത കള്ളക്കേസുകളും പിൻവലിക്കണമെന്നും കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില (എം.എസ്.പി) എന്ന പേരിൽ ഉറപ്പുനൽകുന്ന വില വർധിപ്പിക്കാനുള്ള അവരുടെ ആഹ്വാനങ്ങൾ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതില്ലാതെ കർഷകരുടെ പ്രതിഷേധം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ബിജെപി മന്ത്രി അജയ് മിശ്രയുടെ മകനും സഹായികളും ഒരു കൂട്ടം കർഷകർക്ക് നേരെ കാർ ഓടിച്ചു കയറ്റുകയും അക്രമം അഴിച്ചുവിടുകയും എട്ട് പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവവും വരുൺ ഗാന്ധി കത്തിൽ ഉന്നയിച്ചു.

“ഈ മൂന്ന് നിയമങ്ങളും അസാധുവാക്കുമെന്ന് പ്രഖ്യാപിച്ച നിങ്ങളുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു. 700-ലധികം കർഷക സഹോദരീസഹോദരന്മാർ പ്രദിഷേധങ്ങളിൽ രക്തസാക്ഷികളായി, അവർ വളരെ പ്രയാസകരവും പ്രതികൂലവുമായ സാഹചര്യങ്ങളിൽ സമാധാനപരമായി പ്രതിഷേധിച്ചു. എന്നാൽ ഈ തീരുമാനം നേരത്തെ എടുത്തിരുന്നു എങ്കിൽ, ഈ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു,” വരുൺ ഗാന്ധി കത്തിൽ പറഞ്ഞു.

“പ്രതിഷേധത്തെ തുടർന്ന് നമ്മുടെ കർഷകർക്കെതിരായി രജിസ്റ്റർ ചെയ്ത എല്ലാ രാഷ്ട്രീയ പ്രേരിത എഫ്‌ഐആറുകളും ഉടൻ റദ്ദാക്കണം,” വരുൺ ഗാന്ധി പറഞ്ഞു.

“കർഷകർക്ക് അവരുടെ വിളകൾക്ക് എം.എസ്.പിയുടെ നിയമപരമായ ഗ്യാരണ്ടി ലഭിക്കുന്നത് വളരെ പ്രധാനമാണ്. കാർഷിക ചെലവുകൾക്കും വിലകൾക്കും വേണ്ടിയുള്ള കമ്മീഷന്റെ C2+50% ഫോർമുലയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം എം.എസ്.പി. ഈ ആവശ്യം പരിഹരിക്കാതെ കർഷകരുടെ പ്രതിഷേധം അവസാനിക്കില്ല, അവർക്കിടയിൽ വ്യാപകമായ രോഷം ഉണ്ടാകും, അത് ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ഉയർന്നുവരുന്നത് തുടരും.”

“ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന പല നേതാക്കളും പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നൽകിയിട്ടുണ്ട്. അത്തരം പ്രസ്താവനകളുടെയും പ്രതിഷേധങ്ങൾക്ക് ചുറ്റും സൃഷ്ടിച്ച പ്രതികൂല അന്തരീക്ഷത്തിന്റെയും ഫലമാണ് ഒക്‌ടോബർ 3-ന് ലഖിംപൂർ ഖേരിയിൽ അഞ്ച് കർഷക സഹോദരങ്ങൾ വാഹനങ്ങൾ ഇടിച്ച്‌ കൊല്ലപ്പെട്ട സംഭവം. ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. ഈ സംഭവവുമായി ബന്ധമുള്ള കേന്ദ്രമന്ത്രിക്കെതിരെ ന്യായമായ അന്വേഷണം നടത്തുന്നതിന് ഉചിതമായ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭ്യർത്ഥന,” വരുൺ ഗാന്ധി പറഞ്ഞു.

യുപിയിലെ ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടതിനും കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളിൽ പ്രതിഷേധിക്കുന്ന മറ്റ് കർഷകരെ പിന്തുണച്ച് സംസാരിച്ചതിനും പിന്നാലെ പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവിൽ നിന്ന് പുറത്താക്കപ്പെട്ട വരുൺ ഗാന്ധിയുടെ, ബിജെപിയ്‌ക്കെതിരായ നിശിത വിമർശനമാണ് കത്തിൽ ഉള്ളത്.

പ്രതിപക്ഷമായ കോൺഗ്രസിനെ നിയന്ത്രിക്കുന്ന നെഹ്‌റു-ഗാന്ധി കുടുംബത്തിലെ അംഗമായ വരുൺ ഗാന്ധിയും അമ്മയും 2004-ൽ ബി.ജെ.പിയിൽ ചേർന്നു. എന്നാൽ സമീപ വർഷങ്ങളിൽ ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുകയാണ് വരുൺ ഗാന്ധി.

ശനിയാഴ്ച ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ അഷ്മുൻജി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സ്‌കൂൾ കുട്ടികളടക്കം 60 പേരെ ഏറ്റുമുട്ടലിൽ നിന്ന് സുരക്ഷാ സേന രക്ഷപ്പെടുത്തി.

ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറെ സുരക്ഷാ സേന വധിച്ചു.

മറ്റ് രണ്ട് തീവ്രവാദികൾ സ്ഥലത്ത് കുടുങ്ങിയതായും ഇവരെ കീഴ്‌പ്പെടുത്താനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമം തുടരുന്നതുമായാണ് റിപ്പോർട്ട്.

RECENT POSTS
Copyright © . All rights reserved