ജബ്ബാർക്കടവിൽ മത്സരപ്പാച്ചിലിനും തർക്കത്തിനുമിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്കു പതിച്ചു 15 പേർക്കു പരുക്ക്. പിറകുവശം മണ്ണിൽ അമർന്നു നിന്നു മലക്കംമറിച്ചിൽ ഒഴിവായതിനാലാണ് വൻ ദുരന്തം ഒഴിവായത്. അപകട സമയം റോഡിൽ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നതും രക്ഷയായി. ആരുടെയും പരുക്ക് ഗുരുതരമല്ല. ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം മടങ്ങി.
ഇരിട്ടി – പായം റോഡിൽ ജബ്ബാർക്കടവ് പാലത്തിനു സമീപം ഇന്നലെ 12 ഓടെ അപ്പാച്ചി എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. അപ്പാച്ചി ബസും 10 മിനിറ്റിനു ശേഷം ഓടേണ്ട പായം എന്ന സ്വകാര്യ ബസും ഇരിട്ടിയിൽ നിന്നു യാത്ര ആരംഭിച്ചപ്പോൾ മുതൽ മത്സരപാച്ചിൽ ആയിരുന്നെന്നു യാത്രക്കാർ പറഞ്ഞു.
പായം ബസ് അപ്പാച്ചി ബസിനെ മറികടന്നു ജബ്ബാർക്കടവ് കയറ്റത്തിൽ കുറുകെ ഇട്ടു. തുടർന്നു വാക്കേറ്റമായി. പിന്നീട് മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട അപ്പാച്ചി ബസ് പിറകോട്ടു ഉരുണ്ട് 20 അടി താഴ്ചയിലേക്കു പതിച്ചു.കുറുകെ ഇട്ട ബസുകാർ അപകടം കണ്ടിട്ടും നിർത്തുകയോ രക്ഷാപ്രവർത്തനം നടത്തുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്.
ഇവർ പോകുന്ന വഴി സമീപത്തെ സിമന്റ് ഗോഡൗണിലെ ചുമട്ടു തൊഴിലാളികളോടു ഒരു ബസ് താഴോട്ടു വീഴുന്നത് കണ്ടതായി പറഞ്ഞു. ഇവിടുന്ന് ഓടിയെത്തിയ ചുമട്ടു തൊഴിലാളികളും നാട്ടുകാരുമാണ് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത്. എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസും എത്തി.
ജബ്ബാർക്കടവിൽ സമയം തെറ്റിച്ചു ഓടുകയും കുറുകെ ഇട്ട് സ്വകാര്യ ബസിന് അപകടം വരുത്തുകയും ചെയ്ത് പായം സ്വകാര്യ ബസ് ഇരിട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.സംഭവത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജോയിന്റ് ആർടിഒ ഡാനിയേൽ സ്റ്റീഫൻ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കു നിർദേശം നൽകി.
(അപകടത്തിൽപെട്ട ബസിലെ യാത്രക്കാരി)
“ബസുകൾ മത്സരിച്ചാണ് ഓടിയത്. യാത്രക്കാരെല്ലാം ഭയന്നാണു ബസിൽ ഇരുന്നത്. ജബ്ബാർക്കടവിൽ ഞങ്ങൾ സഞ്ചരിച്ച ബസിനു മുന്നിൽ കുറുകെ ഇട്ടു മറ്റേ ബസുകാർ തടഞ്ഞു. വാക്കേറ്റത്തിന് ശേഷം ബസ് മുന്നോട്ടു എടുക്കുമ്പോൾ വലിയ ശബ്ദത്തോടെ പിറകോട്ടു ഉരുണ്ടിറങ്ങിയത് ഓർമയുണ്ട്. മരങ്ങളും മറ്റും നിറഞ്ഞ സ്ഥലത്തു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്ന ബസിൽ നിന്നാണു പുറത്തിറങ്ങിയത്.” – ലളിത ആറളം
ലഡോ സരായിയിലെ നാനൂറിലേറെ സീറോ മലബാർ കുടുംബങ്ങളുടെയും നഴ്സുമാരും ആരോഗ്യപ്രവർത്തകരും അടക്കമുള്ള വിശ്വാസികളുടെയും മേഖലയിലെ ഏക ആശ്രയമായിരുന്ന ലിറ്റിൽ ഫ്ളവർ കത്താലിക്കാ പള്ളിയെ മാത്രം ഒറ്റതിരിഞ്ഞ് അന്യായമായി ഇടിച്ചുനിരത്തിയതിനു പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്നു വികാരി ഫാ. ജോസ് കണ്ണംകുഴി ആവശ്യപ്പെട്ടു.
ഒഴിപ്പിക്കൽ നോട്ടീസിലും സർക്കാർ ചില മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതുമായ ഹൈക്കോടതി വിധി മറ്റൊരു അന്പലത്തിന്റെ കാര്യത്തിലാണെന്നും ഇപ്പോൾ പൊളിച്ച പള്ളിയുമായി യാതൊരു ബന്ധവുമില്ലെന്നും ഇടവക കമ്മിറ്റിക്കാരും പറഞ്ഞു.
ഇടിച്ചുനിരത്തിയ സീറോ മലബാർ പള്ളിയുടെ സ്ഥലവുമായി ബന്ധപ്പെട്ട രേഖകളെല്ലാം കൈവശമുണ്ടെന്നും 40 വർഷമായി സ്ഥലത്തിന്റെ കരം, വൈദ്യുതി, വെള്ളം ചാർജുകൾ മുടക്കമില്ലാതെ അടച്ചുവരുന്നുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥനായ ജോണ്‍ ഫിലിപ്പോസ് പറഞ്ഞു.1972ൽ കോഴി കർഷകർക്കായി സർക്കാർ തന്നെ നൽകിയ സ്ഥലമാണ് 1982ൽ താൻ വാങ്ങിയത്. ഈ സ്ഥലത്ത് കൃഷി ആരംഭിക്കാനായിരുന്നു ആഗ്രഹിച്ചത്.
പിന്നീട് തന്റെ ആർട്ട് ഗാലറി ഇവിടെ വർഷങ്ങളോളം പ്രവർത്തിച്ചിരുന്നു. ഒഴിപ്പിക്കൽ നീക്കം വന്നപ്പോൾ ഗാലറി നിർത്തി. പിന്നീട് അഞ്ചു വർഷം സ്ഥലം വെറുതെ കിടക്കുകയായിരുന്നു. 2005ലാണ് സീറോ മലബാർ സമൂഹത്തിനു പള്ളി പണിയാനായി 40 സെന്റ് ഭൂമി ഇഷ്ടദാനമായി നൽകിയതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്ഥലം ഒഴിപ്പിക്കാൻ 2000ൽ സർക്കാർ ശ്രമിച്ചപ്പോൾ പ്രദേശവാസികൾ ഹൈക്കോടതിയെ സമീപിച്ചു സ്റ്റേ ഓർഡർ വാങ്ങി. അന്നു വീടു പൊളിച്ചവർ പോലും ഇപ്പോഴും അംബേദ്കർ കോളനിയെന്നു നാമകരണം ചെയ്ത ഈ മേഖലയിൽ താമസിക്കുന്നുണ്ട്.
നിരവധി ഹൈന്ദവ ക്ഷേത്രങ്ങൾ, ജൈന ക്ഷേത്രം, വൈഷ്ണവ ക്ഷേത്രം, ബുദ്ധമത ആശ്രമം, സിക്ക് ഗുരുദ്വാര, മസ്ജിദ് തുടങ്ങിയവയും ആയുർവേദ കേന്ദ്രവും നിരവധി വീടുകളും പൊളിച്ച പള്ളിക്ക് അടുത്തായുണ്ട്.
ഏതെങ്കിലും ആരാധനാലയത്തെയോ വ്യക്തികളെയോ തെരഞ്ഞുപിടിച്ചു ഒഴിപ്പിക്കാൻ പാടില്ലെന്നു ദേശീയ മനുഷ്യാവകാശ കമ്മീഷനും 2016ൽ ഉത്തരവ് നൽകിയതാണ്. ലിറ്റിൽ ഫളവർ സീറോ മലബാർ പള്ളിയിൽ പഴയതുപോലെ ആരാധകൾ തുടരാമെന്നും വിധിയിൽ വ്യക്തമായി പറയുന്നുണ്ട്.
പള്ളി പൊളിച്ചതു കേന്ദ്രസർക്കാരിനു കീഴിലുള്ള ഡൽഹി വികസന അഥോറിറ്റി (ഡിഡിഎ) ആണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിയമപരമായ വശങ്ങൾ അറിയില്ലെന്നും നീതി നടപ്പാക്കുമെന്നു മാത്രം ഉറപ്പു പറയുകയാണെന്നും ഗോവയിലുള്ള ഡൽഹി മുഖ്യമന്ത്രി വാർത്താ ഏജൻസിയോടു പറഞ്ഞു.അതേസമയം, ഡൽഹി സർക്കാരിന്റെ റവന്യു വകുപ്പിനു കീഴിലുള്ള ബ്ലോക് ഡെവലപ്മെന്റ് ഓഫീസറുടേതാണു പൊളിക്കലിനായി പതിച്ച നോട്ടീസെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണയിൽ നിന്നാകാമെന്നും പള്ളി അധികൃതരും അഭിഭാഷകരും ചൂണ്ടിക്കാട്ടി.
കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള തന്ത്രമായി മാത്രമേ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കാണാനാകൂ എന്നും ഇവർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ താത്പര്യത്തിൽ ലഫ്. ഗവർണറാണോ, അതോ ഭൂമി മാഫിയയുടെ താത്പര്യത്തിൽ ഉദ്യോഗസ്ഥരാണോ ഇത്തരമൊരു നടപടിക്കു പിന്നിലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കട്ടെയെന്നും ഇടവകക്കാർ പറഞ്ഞു.
പൊളിക്കൽ നടപടി ഡൽഹി ഡവലപ്മെന്റ് അഥോറിറ്റിയാണു നടപ്പാക്കിയതെന്നാണു പ്രാഥമികമായി തനിക്കു കിട്ടിയ വിവരം. ഡിഡിഎ കേന്ദ്രസർക്കാരിന്റെ കീഴിലാണ്. ഡൽഹി സർക്കാരിന് ഒരു നിയന്ത്രണവുമില്ല- ഗോവയിൽ കേജരിവാൾ പറഞ്ഞു.
രാജ്യത്ത് ഇന്ധനവില 100 കടന്നതോടെ രാജ്യത്ത് കേന്ദ്രത്തിനെതിരെ പ്ര തിഷേധം ശക്തമായിരിക്കുകയാണ്.
അതേസമയം, പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി മോഡിയുടെ ചിത്രത്തിനുനേരെ കൈ കൂപ്പി നില്‍ക്കുന്ന യുവതിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
‘ഇനിയെങ്കിലും ഈ ജനദ്രോഹ ഇന്ധനവില വര്‍ധന മതിയാക്കാമോ’- കൈ കൂപ്പിയുള്ള ആ നില്‍പ്പിന്റെ അര്‍ഥം ഇതായിരിന്നിരിക്കണം എന്നു പറഞ്ഞാണ് ഫോട്ടോ വൈറലാവുന്നത്.
ഇന്ധനവില വര്‍ധനവിനിടെ ഈ വേറിട്ട പ്രതിഷേധച്ചിത്രം ശ്രദ്ധേയമാകുകയാണ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് അടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം നെറ്റിസണ്‍സ് ഏറ്റെടുത്തിരിക്കുകയാണ്.
സ്വന്തം കാറില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി പെട്രോള്‍ പമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മോഡിയുടെ ഫ്‌ലക്സിന് നേരെ യുവതി കൈകൂപ്പി നില്‍ക്കുന്നതാണ് ചിത്രം. ‘ഇതിന് അടിക്കുറിപ്പ് നല്‍കൂ’ എന്ന കുറിപ്പോടെയാണ് ബിവി ശ്രീനിവാസ് ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
അതിനിടെ, രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായി ഉയരുകയാണ്. കേരളമുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നു. ഡീസല്‍ തൊണ്ണൂറ് രൂപയോട് അടുക്കുകയും ചെയ്തു. മേയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വര്‍ധിച്ചത്.
Caption this 👇 pic.twitter.com/NVC4FBmVIr
— Srinivas B V (@srinivasiyc) July 14, 2021
പിതാവിന്റെ കാമുകിയായ മാതൃസഹോദരി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് രണ്ട് മലയാളി കുട്ടികള്‍ ഷാര്‍ജ പോലീസില്‍ അഭയം തേടി. നാട്ടിലുള്ള മാതാവിന്റെ അരികിലെത്താന്‍ സഹായം ആവശ്യപ്പെട്ടാണ് ഇവര്‍ പോലീസിനെ സമീപിച്ചത്. ഷാര്‍ജയില്‍ ജനിച്ചുവളര്‍ന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 12 വയസുമാണ് പ്രായം. മാഹി സ്വദേശിയായ പിതവിനൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. പിതാവുമായി പിണങ്ങി പത്തനംതിട്ട സ്വദേശിയായ ഇവരുടെ മാതാവ് ഇപ്പോള്‍ നാട്ടിലാണ്.
ഭാര്യാ സഹോദരിക്കൊപ്പമാണ് പിതാവ് കുട്ടികളുമായി താമസിക്കുന്നത്. ഇവരുടെ പീഡനം സഹിക്കാതായതോടെയാണ് പോലീസിനെ സമീപിച്ചതെന്ന് കുട്ടികള്‍ പറയുന്നു. നാലുവര്‍ഷമായി വിസയില്ലാതെ കഴിയുന്ന ഇവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ 60,000 ദിര്‍ഹത്തോളം പിഴയടക്കണം. കുട്ടികളുടെ പഠനം എട്ട്, അഞ്ച് ക്ലാസുകളില്‍ മുടങ്ങിയിരുന്നു.
ഇപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ് കുട്ടികളുള്ളത്. പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനാലാണ് സന്നദ്ധ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കിയത്. കുട്ടികളുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഹാജരാക്കാന്‍ പോലീസ് പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ പതിമൂന്നാം സീസണ്‍ വിജയിയായി ഇന്ത്യന്‍ വംശജന്‍ ജസ്റ്റിന്‍ നാരായണ്‍. ഗ്രാന്റ് ഫിനാലെയില്‍ മൂന്ന് പേരെ പിന്തള്ളിയാണ് ഇന്ത്യയ്ക്ക് അഭിമാനമായി ജസ്റ്റില്‍ ട്രോഫി കരസ്ഥമാക്കിയത്. പാചകപ്രേമികള്‍ക്ക് സുപരിചിതനാണ് ജസ്റ്റിന്‍ നാരായണ്‍.
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരും ഏറെയാണ് ജസ്റ്റിന്. മാസ്റ്റര്‍ ഷെഫ് കിരീടം ലഭിച്ച വിവരം ജസ്റ്റിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നിങ്ങളെ വിശ്വസിക്കുന്നവരെ കണ്ടെത്തൂ, കഠിനമായി അധ്വാനിക്കൂ. നിങ്ങളെ തന്നെ അമ്പരപ്പിക്കൂ എന്ന കുറിപ്പോടുകൂടി ജസ്റ്റിന്‍ അഭിമാന നേട്ടം പങ്കുവെച്ചു.
മാസ്റ്റര്‍ ഷെഫ് എന്ന ട്രോഫിക്കൊപ്പം 1.86 കോടിയോളം തുകയുമാണ് ജസ്റ്റിന് സമ്മാനമായി ലഭിക്കുന്നത്. 27കാരനായ ജസ്റ്റിന്‍ വെസ്റ്റേര്‍ണ്‍ ഓസ്‌ട്രേലിയ സ്വദേശിയാണ്. ജസ്റ്റിന് ഇന്ത്യന്‍ വേരുകളുണ്ട്. ജസ്റ്റിന്‍ കൂടുതല്‍ ഉണ്ടാക്കുന്ന വിഭവങ്ങളും സൗത്ത് ഇന്ത്യനാണ്.
ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി പാചക വീഡിയോകളും ജസ്റ്റിന്‍ പങ്കുവയ്ക്കാറുണ്ട്. ചിക്കന്‍ കറി, പിക്കിള്‍ സാലഡ്, ചിക്കന്‍ ടാക്കോസ്, ചാര്‍ക്കോള്‍ ചിക്കന്‍, ഫ്‌ലാറ്റ് ബ്രഡ് എന്നീ വിഭവങ്ങളാണ് ജസ്റ്റിന്‍ മത്സരത്തില്‍ തയ്യാറാക്കിയത്.
കോവിഡ് ലോക്ക്ഡൗണിന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന സിനിമാ ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കിന് എതിരെ ഫെഫ്ക്ക. ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പടെ നടത്തുന്ന തൊഴിലാളി സംഘടനയായ ഫെഫ്ക്കയ്ക്ക് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നു ഫെഫ്ക്ക പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല.
കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.
സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നാണ് ഫെഫ്ക്ക ആവശ്യപ്പെടുന്നത്.
ഫെഫ്ക്കയുടെ പത്രക്കുറിപ്പ്:
മലയാള സിനിമ ഒരു തൊഴിൽ മേഖല എന്ന നിലയിലും, ഒരു വ്യവസായമെന്ന നിലയിലും അഭിമുഖീകരിക്കുന്നത് വമ്പൻ പ്രതിസന്ധിയാണ്. ഒന്നാം ലോക്ഡൗണിനെ അതിജീവിച്ചു എന്ന തോന്നലുണ്ടായി തുടങ്ങിയപ്പോഴാണ് രണ്ടാം ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. ഒന്നാം അടച്ചിടൽ സമയത്ത്, സർക്കാർ ചലച്ചിത്ര തൊഴിലാളികൾക്ക് സഹായമായി തന്നത് ആളൊന്നുക്ക് 2000 രൂപയാണ്. അതിനു പുറമേ, ഞങ്ങളുടെ സംഘടനാസംവിധാനവും, സംഘടിതശക്തിയും, സഹപ്രവർത്തകരുടെ സ്‌നേഹപൂർവ്വമുള്ള കൈത്താങ്ങും, ബിസിനസ് ഗ്രൂപ്പുകളുടെ സി എസ് ആർ ഫണ്ടുകൾ ലഭ്യമാക്കുന്ന ആസൂത്രണവുമൊക്കെ ചേർന്നപ്പോൾ, സഹായമഭ്യർത്ഥിച്ച ഒരോ ചലച്ചിത്ര പ്രവർത്തകനും 5000 രൂപ അക്കൗണ്ടിൽ എത്തിച്ചു കൊടുക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. കൂടാതെ സ്ഥിരമായി ജീവൻരക്ഷാ മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് ഒരു മാസത്തെ മരുന്ന്, സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എല്ലാവർക്കും ഭഷ്യകിറ്റ്, ചികിത്സാ സഹായം, ആശ്രിതർക്ക് മരണാനതര സഹായം എന്നിങ്ങനെ വിവിധ ക്ഷേമപ്രവർത്തനങ്ങളിലൂടെ തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാനായി. ഏതാണ്ട് 2, 25,00,000 രൂപ സംഘടന കണ്ടെത്തി ചിലവിട്ടു.
രണ്ടാം അടച്ചിടൽ ഘട്ടത്തിൽ, സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ആളൊന്നിന് 1000 രൂപസഹായമാണ്. ഫെഫ്ക അതിന്റെ ഏറെ പരിമിതമായ സാമ്പത്തിക സ്രോതസുകൾ ഉപയോഗിച്ചുകൊണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സ്വകാര്യ ആശുപത്രികളിലൂടെ വാക്‌സിനേഷൻ, കോവിഡ് ബാധിതർക്ക് ചികിത്സാ സഹായം, കുടുംബങ്ങൾക്ക് മരണാനന്തര സഹായം, ഒരു മാസത്തെ ജീവൻ രക്ഷാ മരുന്നുകളുടെ വിതരണം, കുട്ടികൾക്ക് പഠനസഹായം എന്നിങ്ങനെയുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നു. കൂടാതെ, ഓണക്കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനുള്ള സംവിധാനം ആവിഷ്‌ക്കരിച്ച് വരികയുമാണ്. ദീർഘകാല അടിസ്ഥാനത്തിൽ, ഞങ്ങളെപോലുള്ള ഒരു തൊഴിലാളി സംഘടനയ്ക്ക് ഇവ്വിധം മുന്നോട്ട് പോകാനുള്ള സാമ്പത്തിക ശേഷിയില്ല.
ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.
നമ്മുടെ അയൽസംസ്ഥാനങ്ങളിൽ സിനിമ എന്ന തൊഴിൽ മേഖല പിന്നേയും സജീവമായിരിക്കുന്നു. യാതൊരു കാർക്കശ്യവുമില്ലാതെ, നിബന്ധനകളില്ലാതെ അവിടങ്ങളിൽ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ, നിബന്ധനകളോടെ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, ഷൂട്ടിഗ് നടത്താൻ റ്റെലിവിഷൻ സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി. സിനിമയ്ക് മാത്രം അനുവാദമില്ല. മലയാള ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവരിൽ മഹാഭൂരിപക്ഷവും ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരാണ്. ഷൂട്ടിഗിനുമുമ്പ് പിസിയാർ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയൊബബിൾ സൃഷ്ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിഗ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഞങ്ങൾ മാത്രമല്ല നിർമ്മാതാക്കളും സർക്കാരിനോട് പലതവണ അഭ്യർത്ഥിച്ചിട്ടുണ്ട്. സീരിയൽ മേഖലയോടുള്ള അനുകൂല സമീപനം ഞങ്ങൾക്ക് നിഷേധിക്കപ്പെടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.
ഇപ്പോൾ എന്താണ് സംഭവിക്കുന്നത്? പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹൻലാൽ നായകനാവുന്നതുൾപ്പടെ 7ഓളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഞങ്ങളുടെ അടിസ്ഥാനവർഗ്ഗ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. നിർമ്മാണ മേഖലയുൾപ്പടെവയ്ക്ക് പ്രവർത്തിക്കാൻ തടസമില്ല, സിനിമാ ഷൂട്ടിഗ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവർത്തകരോടും തൊഴിലാളികളോടും എന്നും കരുതൽ കാണിച്ചിട്ടുള്ള സർക്കാർ നയവുമായി ഒത്തുപോവുന്ന ഒന്നല്ല. ആയതിനാൽ, ബഹുമാനപ്പെട്ട മുഖ്യമന്ത്രി സത്വരമായി ഇടപെട്ടുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ടിഗുകൾ പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
മൂന്ന് വർഷമായി കൂടെയുള്ള കാമുകന്റെ വിവാഹമാണെന്ന് അറിഞ്ഞ് വിവാഹവെദിക്ക് പുറത്തെത്തി പൊട്ടിക്കരഞ്ഞ് യുവതി. മധ്യപ്രദേശിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയുടെ ഹൃദയം തകർത്തിരിക്കുകയാണ്. ഹോശങ്കാബാദിലാണ് സംഭവം. കാൺപൂർ സ്വദേശിനിയായ യുവതിയാണ് വിവാഹവേദിക്ക് പുറത്ത് ‘ബാബൂ… ബാബൂ…’ എന്ന് കരഞ്ഞുനിലവിളിക്കുന്നത്.
തന്റെ ശബ്ദംകേട്ട് കാമുകൻ വരുമെന്ന പ്രതീക്ഷയിലാണ് യുവതി പുറത്തുനിന്നും ഉറക്കെ വിളിക്കുന്നത്. താൻ മറ്റൊരു വിവാഹം കഴിക്കുകയാണെന്ന് തന്നോട് വന്ന് നേരിട്ട് പറയണമെന്നാണ് യുവതി അഭ്യർത്ഥിക്കുന്നത്.
നിരവധിപേർ യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിന്മാറാൻ തയാറല്ലാതെ യുവതി കരയുന്നതാണ് വീഡിയോയിലുള്ളത്. യുവാവിന്റെ കുടുംബം ഒടുവിൽ പോലീസിനെ അറിയിച്ചതോടെയാണ് യുവതി പിന്മാറിയത്.
മൂന്നുവർഷമായി യുവാവിനൊപ്പം ഒരുമിച്ച് താമസിക്കുകയായിരുന്നു ഈ യുവതി. ഭോപാലിലെ സ്വകാര്യ സ്ഥാപനത്തിലാണ് ഇരുവരും ജോലിചെയ്യുന്നത്. വീഡിയോ പകർത്ത് ആരോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ നിരവധിപേരാണ് കണ്ടത്. യുവതിയുടെ അവസ്ഥയിൽ ദുഃഖം രേഖപ്പെടുത്തുകയാണ് ഓരോരുത്തരും.
In Hoshangabad, Madhya Pradesh, a young woman kept shouting #babu_babu outside the marriage hall and inside her lover got married to someone else. Later the policemen removed the girl from the gate. Video of the incident went #viral.#viralvideo #viral #viralvideos #viralpost pic.twitter.com/2PXmGMToxj
— Amazing info hub (@Amazinginfohub1) July 13, 2021
ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകന്‍ മന്‍മീത് സിംഗിന് ദാരുണാന്ത്യം. സൂഫി ഗായകനും സെയ്ന്‍ സഹോദരന്മാരില്‍ ഒരാളുമായ മന്‍മീത്, കങ്കര ജില്ലയിലെ കരേരി തടാകത്തില്‍ വീണു മരിക്കുകയായിരുന്നു.
കുറച്ചു ദിവസം മുമ്പാണ് മന്‍മീതും സുഹൃത്തുക്കളും ധര്‍മശാലയിലെത്തിയത്. തിങ്കളാഴ്ച സംഘം കരേരിയിലെത്തുകയായിരുന്നു. ഇതിനിടെ പെയ്ത കനത്തമഴക്കിടെ മന്‍മീത കാല്‍വഴുതി തടാകത്തില്‍ വീഴുകയായിരുന്നു.
ഒരു ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് ചൊവ്വാഴ്ച കരേരി തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തത്. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ധര്‍മശാലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
ആലപ്പുഴ പള്ളാത്തുരുത്തി ആറ്റിൽ ഗർഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്ര സ്വദേശി അനീഷിന്റെ ഭാര്യ അനിതയുടെ മൃതദേഹമാണ് ശനിയാഴ്ച രാത്രി ഏഴോടെ പള്ളാത്തുരുത്തി അരയൻതോട് പാലത്തിനു സമീപം കണ്ടെത്തിയത്.
അനിതയുടെ കാമുകൻ മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷ്, ഇയാളുടെ മറ്റൊരു കാമുകി കൈനകരി സ്വദേശി രജനി എന്നിവരെയാണ് നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രബീഷിനൊപ്പമായിരുന്നു അനിത താമസിച്ചിരുന്നത്. ഇവർ അഞ്ച് മാസം ഗർഭിണിയായിരുന്നു. ഇതിനിടെ, രജനിയുമായി അടുപ്പത്തിലായ പ്രബീഷ്, അനിതയെ ഒഴിവാക്കാനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടെയാണ് മൃതദേഹം കണ്ടെത്തിയത്.
പ്രബീഷ് അനിതയെ പള്ളാത്തുരുത്തിയിലെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി. ശാരീരികബന്ധത്തിലേർപ്പെടുന്നതിനിടയിൽ അനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രബീഷ് പൊലിസിനോട് സമ്മതിച്ചു. രജനി സഹായത്തോടെയായിരുന്നു കൊലപാതം. ശേഷം ഒഴുക്കുള്ള സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കാനായി വള്ളത്തിൽ കൊണ്ടു പോകുംവഴി വള്ളം മറിഞ്ഞു. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു.
പ്രബീഷും രജനിയും ഉപയോഗിച്ചിരുന്ന ഫോണുകൾ വിറ്റ ശേഷം നാടുവിടാനായിരുന്നു പദ്ധതി. എന്നാൽ പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. അനിതയുടെ ഫോൺ കോളുകൾ പ്രകാരം നടത്തിയ അന്വേഷണത്തിൽ നിരീക്ഷണത്തിലായിരുന്ന പ്രബീഷിനെയും രജനിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
അനിതയ്ക്കും പ്രബീഷിനും ആദ്യ ബന്ധത്തിൽ കുട്ടികളുണ്ട്. കുഞ്ഞുങ്ങളേയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് പ്രബീഷിനൊപ്പം അനിത ചേർന്നത്. തുടക്കത്തിൽ കുഴപ്പങ്ങളില്ലാതെ പോയ ജീവിതം രജനിയുടെ കടന്നു വരവോടെ കീഴ്മേൽ മറിയുകയായിരുന്നു. രജനിയുമായുള്ള ബന്ധത്തെ തുടർന്ന് അസ്വാരസ്യങ്ങൾ തലപൊക്കി. പിന്നീട് അനിതയെ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളായിരുന്നു. തുടർന്നാണ് അനിത പ്രബീഷ് വിളിച്ചതനുസരിച്ച് കൈനകരിയിൽ എത്തുന്നത്.
കേസന്വേഷണം വേഗം മുന്നോട്ടു കൊണ്ടു പോകാൻ പൊലീസിന് കഴിഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച് 5 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയതായി പൊലിസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ ദിവസം മുതൽ തന്നെ പ്രബീഷിനെയും രജനിയേയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
നിലമ്പൂർ സ്വദേശിയാണ് പ്രബീഷ്. ഇയാൾ വർഷങ്ങളായി ആലപ്പുഴയിൽ താമസിച്ച് വരികയാണ്. രജനിയും മക്കളെ പോലും ഉപേക്ഷിച്ച് പ്രബിഷിന് ഒപ്പം വർഷങ്ങളായി ഉണ്ട്. എന്നാൽ ഇവർ ആരും തന്നെ നിയമപരമായി വിവാഹിതരല്ല. വിവാഹേതര ബന്ധങ്ങളുടെ തുടർച്ചയാണ് കൊലപാതകമെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജയദേവ് പറഞ്ഞു. അനിതയും പ്രബീഷും തമ്മിലുള്ള അടുപ്പം രജനിയുമായും തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒടുവിൽ ഇരുവരും ചേർന്ന് അനിതയെ ഇല്ലാതാക്കാനായി തീരുമാനിക്കുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ പൊലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൈനകരി തോട്ടുവാത്തലയിലെ വീട്ടിലേക്ക് അനിതയെ സനേഹ പൂർവ്വം വിളിച്ച് വരുത്തുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി രജനിയും പ്രബീഷും ചേർന്ന് കായലിൽ തള്ളിയതും.
ദില്ലി: എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീംകോടതിയിലാണ് സംസ്ഥാനം നിലപാട് അറിയിച്ചത്. സർക്കാർ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.
ഇനി മുതൽ സംസ്ഥാനത്തെ എയിഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ നടത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. നിലവിൽ പഠനം തുടരുന്ന വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തിയാക്കാം. പുതിയ കോഴ്സുകൾ അനുവദിക്കരുതെന്നും സർക്കാർ പറഞ്ഞു. സ്വാശ്രയ മാനേജുമെന്റുകൾ നൽകിയ ഹർജി സുപ്രീംകോടതി തീർപ്പാക്കി.