പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി വ്യക്തമാക്കി. ഇന്ത്യ നല്‍കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമെന്ന് കോടതി വ്യക്തമാക്കി.
നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ള കേസ് ശക്തമാണെന്ന് ബോധ്യപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന നീരവിന്റെ വാദം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു.
ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് മോദിയുടെ വാദങ്ങള്‍ കോടതി തള്ളി. ‘നീരവ് മോദിയെ ഇന്ത്യയിലേക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്നതില്‍ സംതൃപ്തനാണ്’ ജില്ലാ ജഡ്ജി സാമുവല്‍ ഗൂസെ പറഞ്ഞു. ഉത്തരവില്‍ അപ്പീല്‍ പോകാന്‍ നീരവിന് അവകാശമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2019 മാര്‍ച്ചിലാണ് നീരവ് മോദി ലണ്ടനില്‍ വച്ച് അറസ്റ്റിലായത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.
നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് 14,000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് സിബിഐ യുകെ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞു.
തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തൈക്കാട് ശ്രീവല്ലി ഇല്ലത്ത് വച്ചായിരുന്നു അന്ത്യം. ഭാഷാപണ്ഡിതനും അദ്ധ്യാപകനുമായ വിഷ്ണുനാരായണൻ നമ്പൂതിരി പാരമ്പര്യവും ആധുനികതയും ഒന്നുചേർന്ന കാവ്യസംസ്‌കാരത്തിന്റെ പ്രതിനിധിയായിരുന്നു. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണൻ നമ്പൂതിരി ജനിച്ചത്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം. സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്കൂളിൽ കുറച്ചുകാലം കണക്ക് അധ്യാപകനായിരുന്നു. എംഎയ്ക്ക്ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി. കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു. അതിനുശേഷം മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.
മനുഷ്യനെ കേന്ദ്രമാക്കി പ്രകൃതിയിൽ നിന്നുകൊണ്ട് മനുഷ്യാനുഭവങ്ങളെ ആവിഷ്‌കരിച്ച കവിയായിരുന്നു അദ്ദേഹം. കാലികമായ ജീവിതബോധം കവിതകളിൽ നിറയുമ്പോൾത്തന്നെ ആത്മീയമായ ഒരു ചൈതന്യം അദ്ദേഹത്തിന്റെ കവിതകൾ പങ്കുവെക്കുന്നു. വേദങ്ങൾ, സംസ്‌കൃതസാഹിത്യം, യുറോപ്യൻ കവിത, മലയാളകവിത എന്നിവയുടെ ഒത്തുചേരൽ അദ്ദേഹത്തിന്റെ കവിതകളിൽ കാണാം.
സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം, പ്രണയ ഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, ഉജ്ജയിനിയിലെ രാപ്പലുകൾ എന്നിവയാണ് പ്രധാന കൃതികൾ. അസാഹിതീയം, കവിതയുടെ ഡിഎൻഎ, അലകടലും നെയ്യാമ്പലും എന്നീ നിരൂപണ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.
പത്മശ്രീ പുരസ്‌കാരം (2014), എഴുത്തച്ഛൻ പുരസ്‌കാരം (2014), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1994), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1979), വയലാർ പുരസ്‌കാരം – (2010), വള്ളത്തോൾ പുരസ്‌കാരം – (2010), ഓടക്കുഴൽ അവാർഡ് – (1983), മാതൃഭൂമി സാഹിത്യപുരസ്‌കാരം, പി സ്മാരക കവിതാ പുരസ്‌കാരം – (2009) എന്നിങ്ങനെ നിരവധി സുപ്രധാന പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മാന്നാറിൽ സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പൊലിസ് ഇന്ന് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് കൈമാറും. മുഹമ്മദ് ഹനീഫ് എന്ന വ്യക്തിയാണ് സ്വർണക്കടത്തിനും യുവതിയെ തട്ടിക്കൊണ്ട് പോയതിനും പിന്നിലെന്നാണ് കണ്ടെത്തൽ. അതേ സമയം ഒന്നരക്കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു കടത്തിക്കൊണ്ട് വന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.
എൻഫോഴ്സ്മെൻറിനും, കസ്റ്റംസിനുമാണ് പൊലീസ് റിപ്പോർട്ട് കൈമാറുക. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കേരളത്തിലും ഗൾഫിലും വലിയ ശൃoഖല തന്നെയുണ്ടെന്നാണ് കണ്ടെത്തൽ. വിദേശത്തുള്ളവരാണ് ബിന്ദുവിനെ തട്ടിക്കൊണ്ട് പോകുന്നതിനായി നിർദ്ദേശം നൽകിയത്. മുഹമ്മദ് ഹനീഫയുടെ സ്വർണക്കടത്ത് സംഘത്തിലെ 9 പേരാണ് ആലപ്പുഴയിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചട്ടുണ്ട്.
ബിന്ദുവിൻ്റെ ഭർത്താവ് ബിനോയിയുമായി ഹനീഫക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ബിനോയി മുഖാന്തരമാണ് ബിന്ദു ഹനീഫയുടെ സംഘത്തിൽ എത്തുന്നത്. പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ചാണ് ബിന്ദു സ്വർണം കടത്തിയത്. വിമാന താവളത്തിൽ നിന്നും പുറത്തെത്തിയ ഇവർ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ കണ്ണുവെട്ടിച്ച് മാന്നാറിൽ എത്തുകയായിരുന്നു. സാധാരണ വഴിയിൽ നിന്ന് മാറി പരമാവധി ദൂരം സഞ്ചരിച്ചാണ് ബിനോയിയും ബിന്ദുവും വീട്ടിലെത്തിയത്. ഇതോടൊപ്പം തന്നെ സ്വർണ്ണക്കടത്ത് സംഘവും മാന്നാറിൽ ബിന്ദുവിനെ തേടി എത്തി.
ബിന്ദുവിനെ തട്ടിക്കൊണ്ട് പോയ 9 പേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടുവള്ളി സ്വദേശി രാജേഷിൻ്റെ വീട്ടിൽ പൊലീസ് റെയിഡ് നടത്തിയിരുന്നു. വരും ദിവസങ്ങളിലും ഇത് തുടരും. അതിനിടയിൽ ആരോഗ്യസ്ഥിതി മോശമെന്നറിയിച്ചതിനാൽ ബിന്ദുവിനെ ചോദ്യം ചെയ്യാതെ കസ്റ്റംസ് സംഘം മടങ്ങിയിരുന്നു. ആശുപത്രിയിൽ നിന്ന് വിട്ട ശേഷം ചോദ്യം ചെയ്യാൻ ഹാജരാകാൻ കസ്റ്റംസ് നോട്ടിസ് നൽകും.
22 ന് പുലർച്ചെ രണ്ടരയോടെയാണ് മാന്നാറിലെ വീട്ടിൽ നിന്നും ബിന്ദുവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയത്. കൈകാലുകൾ കെട്ടി വായിൽ തുണി തിരികെ വലിച്ചിഴച്ച് കൊണ്ടു പോയെന്ന് വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്ന് ഭർത്താവ് ബിനോയി പൊലിസിന് മൊഴി നൽകി. പൊലീസ് പരിശോധന കർശനമായതോടെ ബിന്ദുവിനെ സംഘം പാലക്കാട് വടക്കഞ്ചേരിയിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നാട്ടിലെത്തിച്ച ബിന്ദുവിന് ചികിത്സ ആവശ്യമുള്ളതിനാൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാന്നാറിൽ ബിന്ദു എത്തിയ ഉടൻ തന്നെ സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന് ബിന്ദു പോലീസിന് മൊഴി നൽകി. ബിന്ദുവിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്നും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് സൂപ്പർ മാർക്കറ്റിൽ അക്കൗണ്ടൻ്റാണ് എന്നാണ് ബിന്ദുവും കുടുംബവും പറയുന്നതെങ്കിലും അങ്ങനെയല്ല എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹനീഫയുടെ ജീവനക്കാരിയായിരുന്നു ബിന്ദുവും.
പൊലീസ് റിപ്പോർട്ട് കൈമാറുന്നതിന് മുമ്പ് തന്നെ കസ്റ്റംസ് ബിന്ദുവിനെ കണ്ടിരുന്നു. ഇന്നു മുതൽ എൻഫോഴ്സ്മെൻ്റ് അടക്കം കൂടുതൽ കേന്ദ്ര ഏജൻസികൾ കേസന്വേഷണത്തിൽ പങ്കാളികളാകും.
തിരുനെല്ലി കാട്ടില്‍ പോലീസ് വെടിയേറ്റു മരിച്ച നക്‌സല്‍ വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്ക് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1970 ഫെബ്രുവരി 18നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്.
വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
ഭാര്യ പിതാവിനെ കാറിടിച്ചു കൊലപ്പെടുത്തുകയും സ്വന്തം മകനെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിന് വഴിയൊരുക്കിയത് വർഷങ്ങളായുള്ള കുടുംബ പ്രശ്നങ്ങൾ. 15 വർഷം മുൻപാണ് യഹിയയുടെ മകൾ അനീസയെ പാലോട് സ്വദേശിയായ അബ്ദുൽ സലാം വിവാഹം ചെയ്തത്. വിദേശത്തായിരുന്ന അബ്ദുൽ സലാം അബ്ദുൽസലാം നാട്ടിലെത്തുമ്പോഴെല്ലാം ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നതായി പൊലീസ് പറഞ്ഞു. കുടുംബ കോടതിയിലും മജിസ്ട്രേട്ട് കോടതിയിലും അബ്ദുൽ സലാമും അനീസയും തമ്മിൽ കേസ് നിലവിലുണ്ട്.അബ്ദുൽ സലാമിന്റെ പേരിലുള്ള വസ്തു വകകൾ കോടതി അറ്റാച്ച് ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിൽ കടുത്ത വിരോധത്തിന് ഇടയാക്കി. കാറിടിച്ചു കൊലപ്പെടുത്തിയതെന്നു അബ്ദുൽ സാലം പൊലീസിനോട് സമ്മതിച്ചു.
യഹിയുടെ ചെറുമകനും കാർ ഓടിച്ചിരുന്ന അബ്ദുൽ സലാമിന്റെ, മകനുമായ മുഹമ്മദ് അഫ്സൽ(14) ഗുരുതര പരുക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.തട്ടത്തുമല പാറക്കടയിൽ ചൊവ്വാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം.
അബ്ദുൽ സലാമും ഭാര്യയും തമ്മിൽ കൊട്ടാരക്കര കുടുംബ കോടതിയിൽ കേസ് നിലവിലുണ്ട്. സലാം തന്റെ വസ്തുക്കൾ സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലേക്ക് മാറ്റിയിരുന്നു. ഇതിന് ഭാര്യ കൊട്ടാരക്കര കുടുംബ കോടതിയിൽ നിന്നു 23ന് സ്റ്റേ വാങ്ങി. ഈ ഉത്തരവ് നടപ്പാക്കാൻ സലാമിന്റെ സഹോദരി സഫിയയുടെ വീട്ടിലേക്ക് പോകുന്നതിനായി ഭാര്യ പിതാവും മകനും കോടതി ഉദ്യോഗസ്ഥനും കൂടി കാറിൽ തട്ടത്തുമലയിൽ എത്തിയപ്പോഴാണ് കാറിടിപ്പിച്ചുള്ള കൊലപാതകം.
യഹിയയും അഫ്സലും തട്ടത്തുമല പാറക്കടയിൽ ഇറങ്ങി നിന്നു. കോടതി ഉദ്യോഗസ്ഥൻ ഉത്തരവുമായി സഹോദരിയുടെ വീട്ടിലേക്ക് പോയി. സ്റ്റേ ഉത്തരവ് കിട്ടിയതറിഞ്ഞ സലാം കാറിൽ ഇവരെ പിൻ തുടരുന്നുണ്ടായിരുന്നു. പാറക്കടയിൽ റോഡിൽ ഇവരെ കണ്ട് കാറിന്റെ വേഗത കൂട്ടി യഹിയയെയും അഫ്സലിനെയും ഇടിച്ചു തെറിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി യഹിയ മരണപ്പെട്ടു. ഭാര്യ: ഷെരീഫ. മക്കൾ: നിസ, അനീസ, സിയാദ്.
കബറടക്കം തുമ്പമൺതൊടി മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ നടന്നു, കിളിമാനൂർ ഐഎസ്എച്ച്ഒ: എസ്.സനൂജ്, എസ്ഐമാരായ ടി.ജെ.ജയേഷ്, അബ്ദുൽഖാദർ എന്നിവരും സംഘവും അറസ്റ്റ് പ്രതിയെ കോടതിയിൽ ഹാജരാക്കി. സാഹചര്യ തെളിവുകളും സാക്ഷി മൊഴിയും അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണമാണ് അപകടമെന്ന് ആദ്യം കരുതിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞത്. കൈക്കും കാലിനും ഒടിവ് പറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ അഫ്സലിന്റെ മൊഴിയും പിതാവിന് കുരുക്കായി. 9 മാസമായി അബ്ദുൽസലാം ഭാര്യയുമായി പിണങ്ങി കഴിയുകയാണ്.
അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത് വിവാദത്തിൽ. സർദാർ വല്ലഭായ് പട്ടേലിന് പകരം മോദിയുടെ പേര് സ്റ്റേഡിയത്തിന് നൽകിയത് ഓരോ ഇന്ത്യക്കാരനും അപമാനമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. എന്നാൽ പട്ടേലിനെ ഇതുവരെ അംഗീകരിക്കാത്ത ഗാന്ധി കുടുംബത്തിന്റേത് കപട ദുഖമാണെന്ന് ബിജെപി തിരിച്ചടിച്ചു
നരേന്ദ്രമോദി-മൊട്ടേര സ്റേഡിയത്തിനകത്ത് ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുമ്പോൾ പുറത്ത് പേരുമാറ്റൽ വിവാദം കൊഴുക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ കോൺഗ്രസ് ദേശീയ നേതാക്കൾ ആരോപണങ്ങളുമായും ബിജെപിക്കായി പ്രതിരോധം തീർത്ത് കേന്ദ്രമന്ത്രിമാരും മുൻനിരയിൽ. നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ബോളിങ് എൻഡുകൾക്ക് അദാനിയുടെയും റിലയൻസിന്റെയും പേര് നൽകിയത് ചൂണ്ടിക്കാട്ടി, അമിത് ഷായുടെ
മകനായ ബിസിസിഐ സെക്രട്ടറി ജയ് ഷായെ കൂടി പരാമർശിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്ന ആരോപണം ആവർത്തിച്ചാണ് രാഹുലിന്റെ ട്വീറ്റ്. സർദാർ പട്ടേൽ ആർഎസ്എഎസിനെ നിരോധിച്ചതിനാൽ ചരിത്രത്തിൽനിന്ന് പട്ടേലിന്റെ പേര് മാറ്റാൻ ആർഎസ്എസ് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു
വയലാറില്‍ എസ്ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷം. അക്രമത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ആര്‍എസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാംവാര്‍ഡ് തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ(22)യാണ് അക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വയലാര്‍ കടപ്പള്ളി കെഎസ് നന്ദു(23)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കൈയറ്റതായാണ് വിവരം. നില ഗുരുതരമായി തുടരുകയാണ്.
ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. സംഭവത്തില്‍ ഏഴ് പേര്‍ കസ്റ്റഡിലായതായി പോലീസ് അറിയിക്കുന്നു. പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതല്‍ ഹര്‍ത്താല്‍ ആരംഭിച്ചു. രണ്ടുദിവസമായി പ്രദേശത്ത് ഇരുപക്ഷവും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് എസ്ഡിപിഐ നടത്തിയ പ്രചാരണജാഥയിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി.
അതിന്റെ തുടര്‍ച്ചയായി സന്ധ്യയോടെ ഇരുപക്ഷവും പ്രകടനം നടത്തി. പോലീസ് കാവലിലായിരുന്ന പ്രകടനങ്ങളും നടന്നത്. അതിനുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മില്‍ അപ്രതീക്ഷിത സംഘര്‍ഷമുണ്ടാവുകയായിരുന്നു. കല്ലേറും കൂട്ടത്തല്ലുമുണ്ടായതായാണ് വിവരം. അതിനിടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്കുപിന്നിലാണ് വെട്ടേറ്റത്. ഇരുവരെയും ഉടന്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി 8.30-ഓടെ മരണപ്പെടുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട കമിതാക്കൾ മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു. മരിച്ച ആര്യയെ തീകൊളുത്തിയതാണെന്നും ആത്മഹത്യാശ്രമമല്ലെന്നുമാണ് ഉയരുന്ന സംശയം. അബോധാവസ്ഥയിലായിരുന്ന ആര്യയുടെ മൊഴിയും ഇതിനെ സാധൂകരിക്കുന്നതാണ്. ‘ചതിക്കപ്പെട്ടു’ എന്നായിരുന്നു ആശുപത്രിയിൽ വെച്ച് ആര്യ അവസാനമായി പറഞ്ഞത്.
കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് പയ്യന്നൂർ നഗര മധ്യത്തിലുള്ള വാടകകെട്ടിടത്തിൽ നിന്ന് കാസർകോട് വെസ്റ്റ് എളേരി തട്ടിലെ വികെ ശിവപ്രസാദിനെയും പയ്യന്നൂർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി ഏഴിലോട് പുറച്ചേരിയിലെ ആര്യയെയും മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയത്.
പിന്നാലെ, തിങ്കളാഴ്ച രാത്രി ആര്യയും ചൊവ്വാഴ്ച പുലർച്ചെ ശിവപ്രസാദും മരണത്തിന് കീഴടങ്ങി. ഇരുവരും തമ്മിൽ നാല് വർഷത്തിലധികമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ, ഇവരുടെ പ്രണയത്തെ എതിർത്ത വീട്ടുകാർ ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചു. ഈ മാസം 21നായിരുന്നു വിവാഹനിശ്ചയം നടക്കേണ്ടിയിരുന്നത്.
ഇതിനിടെ, വെളളിയാഴ്ച പരീക്ഷ എഴുതാനായി കോളേജിൽ എത്തിയ ആര്യയെ സുഹൃത്തിന്റെ കാറിലെത്തിയ ശിവപ്രസാദ് താമസസ്ഥലത്തേക്ക് കൂട്ടി പോവുകയായിരുന്നു. ഇവിടെ നിന്നാണ് ഇരുവരേയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഒന്നിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നാകട്ടെയെന്നും മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ ഒരു കത്ത് സംഭവ സ്ഥലത്ത് നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
നില അതീവ ഗുരുതരമായതിനാൽ മരണമൊഴി രേഖപ്പെടുത്താൻ പോലും പോലീസിന് സാധിച്ചിരുന്നില്ല. എന്നാൽ അബോധാവസ്ഥയിലാകും മുൻപ് താൻ ചതിക്കപ്പെട്ടെന്ന് യുവതി ആശുപത്രി ജീവനക്കാരോട് പറഞ്ഞിരുന്നു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത ഉയർന്നത്. ആര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ശിവപ്രസാദ് തന്ത്രപൂർവ്വം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് സൂചന. താമസസ്ഥലത്തെത്തിയ ശേഷം ശിവപ്രസാദ് ആര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. തുടർന്ന് ശിവപ്രസാദും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാകാമെന്നും പോലീസ് പറയുന്നു. സംഭവത്തിൽ പയ്യന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരട് ഫ്ലാറ്റുടമകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫ്ലാറ്റുടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തുക പകുതി കെട്ടിവയ്ച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്കായി ഉത്തരവിടുമെന്ന് ജസ്റ്റിസ് നവീന് സിന്‍ഹ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ തവണ നിര്‍മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ വാദം കോടതി ഇന്ന് കേള്‍ക്കും.
ഫ്ലാറ്റ് ഉടമകള്‍ കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ലെന്നാണ് ഹോളിഫെയ്ത്ത് ഫ്ലാറ്റ് നിര്‍മാതാവ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. തീരദേശ ചട്ടവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞാണ് ഉടമകള്‍ ഫ്ലാറ്റുകള്‍ വാങ്ങിയത്. നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നു.