നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമ ബംഗാളിൽ ബിജെപി അഞ്ച് മെഗാ രഥയാത്ര സംഘടിപ്പിക്കുന്നു. ആദ്യ രഥയാത്ര ഫെബ്രുവരി ആറിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ഉദ്ഘാടനം ചെയ്യും. പരിവര്‍ത്തനയാത്ര എന്ന പേരിലാണ് സംസ്ഥാനത്തുടനീളം രഥയാത്രകള്‍ സംഘടിപ്പിക്കുന്നത്.
294 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നു പോകുന്ന രീതിയിലാണ് രഥയാത്രകള്‍ നടത്തുക. ദേശീയ നേതാക്കള്‍ യാത്രകള്‍ക്ക് നേതൃത്വം നല്‍കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന് രീതിയിലാവും യാത്രകള്‍ സംഘടിപ്പിക്കുക.
ദേശീയപാതയില്‍ പന്തിനു പിന്നാലെ ഓടിയെത്തിയ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ഡ്രൈവര്‍ക്ക് ആദരം. പാപ്പനംകോട് യൂണിറ്റിലെ ഡ്യൂട്ടി നമ്പര്‍. 83 സര്‍വീസ് നടത്തിയ ഡ്രൈവര്‍ കെ രാജേന്ദ്രനെയാണ് പാപ്പനംകോട് ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചത്.
തിരുവനന്തപുരം ഉദയന്‍കുളങ്ങരയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രമാണ് വന്‍ അപകടം ഒഴിവായതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.
മികച്ച പ്രവര്‍ത്തനത്തിലൂടെ മാതൃകകാട്ടിയ ഡ്രൈവര്‍ കെ രാജേന്ദ്രന് ഗുഡ് സര്‍വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. തുടര്‍ന്ന് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടുള്ള യോഗം സംഘടിപ്പിക്കുകയും ചെയ്തു. ദൂരെ നിന്ന് തന്നെ കുട്ടി റോഡിലേക്ക് ഓടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും അതിനാലാണ് ബസ് നിര്‍ത്താനായതെന്ന് ഡ്രൈവര്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര സ്വദേശികളുടെ കുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കുഞ്ഞിന് സൈക്കിള്‍ വാങ്ങാന്‍ എത്തിയതായിരുന്നു ഇവര്‍. രക്ഷിതാക്കള്‍ കടയുടെ അകത്ത് കയറിയപ്പോള്‍ കുട്ടികള്‍ കടയ്ക്കു മുന്നില്‍ പന്തുമായി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പന്ത് റോഡിലേക്ക് പോയതോടെ ആറ് വയസ്സുകാരനായ മൂത്ത കുട്ടി റോഡിലേക്ക് ഓടി. എന്നാല്‍ വാഹനം വരുന്നത് കണ്ട് ഒതുങ്ങി നിന്നെങ്കിലും പിന്നാലെ എത്തിയ രണ്ട് വയസ്സുകാരനായ സഹോദരന്‍ പന്തിന് പിറകെ റോഡിലേക്ക് ഓടുകയായിരുന്നു.
കുഞ്ഞ് റോഡിന് നടുവില്‍ എത്തിയപ്പോഴാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇതിനിടയില്‍ കുട്ടിക്ക് സമീപമെത്തിയ ബസ് ബ്രേക്കിട്ട് നിര്‍ത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം തലനാരിഴയ്ക്കാണ് കുഞ്ഞ് രക്ഷപ്പെട്ടത്. കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വാര്‍ത്തയാകുകയും ചെയ്തിരുന്നു.
തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ ചീറിപ്പായുന്ന സമയത്തായിരുന്നു ഇത്. എന്നാല്‍ വാഹനങ്ങളെയൊന്നും ശ്രദ്ധിക്കാതെ രണ്ടുവയസുകാരന്‍ റോഡിലേക്കു ഓടി. ഇതുകണ്ടു മാതാപിതാക്കള്‍ക്ക് നിലവിളിക്കാനെ സാധിച്ചിരുന്നുള്ളു. വേഗതയിലെത്തിയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ശക്തമായി ബ്രേക്കിട്ടതിനാലാണ് കുട്ടി അപകടത്തില്‍നിന്ന് രക്ഷപെട്ടത്.
കുട്ടി നിന്നിരുന്നതിന്റെ രണ്ടു മീറ്റര്‍ മാത്രം അകലെയാണ് വന്‍ ശബ്ദത്തോടെ ബസ് നിന്നത്. റോഡിന് നടുവിലേക്ക് ഓടുന്നതു കണ്ട് ബസിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ ബഹളമുണ്ടാക്കിയിരുന്നു.
ബസിന് മുന്നില്‍നിന്ന് മാത്രമല്ല, എതിര്‍ദിശയില്‍ അമിതവേഗത്തില്‍ വന്ന ബൈക്കും കുട്ടിയെ ഇടിച്ചുവീഴ്ത്താതെ നേരിയ വ്യത്യാസത്തില്‍ കടന്നുപോയി. ഏറെ തിരക്കേറിയ സമയത്തായിരുന്നു ഈ സംഭവം.
അവിടെ കൂടിയവരെല്ലാം കുട്ടിയെ ശ്രദ്ധിക്കാത്തതിന് മാതാപിതാക്കളെ ശാസിച്ചു. ഏതായാലും പന്തെടുക്കാന്‍ നടുറോഡിലേക്ക് ഓടി ബസിന് മുന്നില്‍ അകപ്പെട്ടിട്ടും തലനാരിഴയ്ക്ക് കുട്ടി രക്ഷപ്പെടുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
രണ്ട് പേര്‍ തമ്മിലുള്ള വ്യക്തിപരമായ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും തെറ്റായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനെതിരെ എഴുത്തുകാരന്‍ ബെന്യാമിന്‍. ഒരുവര്‍ഷം മുമ്പ് നടന്ന വാക്‌പോരിലെ പരാമര്‍ശം വ്യാപകമായി പരിഹസിക്കാന്‍ ഉപയോഗിക്കുന്നതിന് കാരണമായതില്‍ ഖേദപ്രകടനം നടത്തിയിരിക്കുകയാണ് ബെന്യാമിന്‍.
ഒട്ടും മനപൂര്‍വ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിനാഥനെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് തനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതില്‍ ശബരിയോട് നിര്‍വ്യാജമായി ക്ഷമ ചോദിക്കുന്നുവെന്നും ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം താനും ശബരീനാഥന്‍ എംഎല്‍എയും തമ്മില്‍ ഉണ്ടായ കടുത്ത വാക് പയറ്റ് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമല്ലോ. അതിനിടയില്‍ താന്‍ തികച്ചും സന്ദര്‍ഭവശാല്‍ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതര്‍ക്കത്തിനിടയില്‍ അപ്പോള്‍ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു വാക്‌പോര് ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ബെന്യാമിന്റെ ഖേദപ്രകടനം.
കുറിപ്പ് ഇങ്ങനെ……
വാഹനത്തിന്റെ ബ്രേക്ക് ശരിയാക്കാന്‍ കഴിയാതിരുന്ന മെക്കാനിക്ക് ഹോണിന്റെ ശബ്ദം കൂട്ടി നല്‍കുന്നതുപോലെയാണ് കേന്ദ്ര ബജറ്റെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിലായിരുന്നു തരൂരിന്റെ പരിഹാസം.
‘ബ്രേക്ക് നന്നാക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ഹോണിന്റെ ശബ്ദം കൂട്ടിയിട്ടുണ്ട് എന്ന് വാഹന ഉടമയോട് പറഞ്ഞ മെക്കാനിക്കിനെയാണ് ഈ ബിജെപി സര്‍ക്കാര്‍ എന്നെ ഓര്‍മപ്പെടുത്തുന്നത്’ എന്നായിരുന്നു ബജറ്റ് 2021 എന്ന ഹാഷ് ടാഗോടെ തരൂര്‍ കുറിച്ചത്.
മറ്റു കോണ്‍ഗ്രസ് നേതാക്കളും ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. തെറ്റിയ രോഗനിര്‍ണയവും തെറ്റായ ചികിത്സയുമാണ് ബജറ്റില്‍ ഉള്ളതെന്നാണ് കോണ്‍ഗ്രസ് വക്താവ് ജയവീര്‍ ഷെര്‍ഗില്‍ ട്വീറ്റ് ചെയ്തത്. ധീരത പ്രകടിപ്പിക്കേണ്ട സമയത്ത് ധനമന്ത്രി ഭീരുവായെന്നാണ് ആനന്ദ് ശര്‍മ പ്രതികരിച്ചത്. കരുത്തുറ്റ ബജറ്റ് ആയിരുന്നു രാജ്യത്തിനു വേണ്ടിയിരുന്നത്. ദുര്‍ബല വിഭാഗങ്ങളുടെ കൈയിലേക്ക് നേരിട്ട് ആനുകൂല്യം എത്തുന്ന വിധത്തില്‍ വേണമായിരുന്നു പ്രഖ്യാപനങ്ങളെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
This BJP government reminds me of the garage mechanic who told his client, “I couldn’t fix your brakes, so I made your horn louder.” #Budget2021
— Shashi Tharoor (@ShashiTharoor) February 1, 2021
രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും പരമാവധി കാലാവധിയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ അവതരിപ്പിച്ചത്.
ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിക്കാന്‍ നിര്‍ദേശിക്കുന്ന വെഹിക്കിള്‍ സ്ക്രാപ്പിംഗ് പോളിസിയും അവതരിപ്പിച്ചു. പഴയ വാഹനങ്ങള്‍ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമാതാരം ധർമജൻ ബോൾഗാട്ടി കോഴിക്കോട് ബാലുശേരിയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്ത പുറത്തുവന്നതിനു പിറകെയാണ് ഇടതുപക്ഷം നഗരത്തിൽ പ്രമുഖനെ മത്സരിപ്പിക്കുന്നുവെന്ന സൂചന പുറത്തുവന്നത്.
കോഴിക്കോട്ടെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പരിപാടികളിലെ നിത്യസാന്നിധ്യമായ രഞ്ജിത്ത് കോഴിക്കോട് നോർത്തിൽ മത്സരരംഗത്തിറങ്ങുമെന്ന കണക്കുക്കൂട്ടലിലാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ. തുടർച്ചയായി മൂന്ന് തവണ സിപിഎമ്മിലെ എ.പ്രദീപ് കുമാർ പ്രതിനിധീകരിച്ച കോഴിക്കോട് നോർത്ത് ഇടതുപക്ഷത്തിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്.
മൂന്ന് തവണ മത്സരിച്ചവർ മത്സരത്തിൽനിന്ന് മാറിനിൽക്കണമെന്ന സിപിഎം നിർദേശം പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കുകയാണെങ്കിൽ ശക്തനായ പിൻഗാമിയെ രംഗത്തിറക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരൻകൂടിയായ രഞ്ജിത്തിന്റെ പേര്‍ സജീവമായി പരിഗണിക്കുന്നത്.
2011-ലെ നിയമസഭാതെരഞ്ഞെടുപ്പിൽ സിനിമാ നിർമാതാവ് പി.വി.ഗംഗാധരനായിരുന്നു യുഡിഎഫിന്റെ സ്ഥാനാർഥിയായി പ്രദീപ്കുമാറിനെ നേരിട്ടത്. സിനിമാരംഗത്തുനിന്നുള്ള പിന്തുണയ്ക്കായി പലരെയും മണ്ഡലത്തിലെത്തിക്കാൻ ഗംഗാധരൻ ശ്രമിച്ചപ്പോൾ പ്രദീപ്കുമാറിനായി രഞ്ജിത്ത് നേരിട്ട് രംഗത്തിറങ്ങിയിരുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കോഴിക്കോട് കോർപറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയത് രഞ്ജിത്തായിരുന്നു. കോവിഡ് കാലത്ത് ഇടതുപക്ഷം നടപ്പിലാക്കിയ ഭക്ഷ്യധാന്യകിറ്റ് വിതരണത്തെ പ്രകീർത്തിച്ച് രഞ്ജിത്ത് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായും രഞ്ജിത്തിന് അടുത്ത ബന്ധമാണുള്ളത്. കോഴിക്കോടുവച്ച് നടന്ന പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്.
മുൻ ദേവസ്വംബോർഡ് പ്രസിഡന്റും കോഴിക്കോട് മേയറുമായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ, മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റും നാടക നടനുമായ ബാബു പറശേരി തുടങ്ങിയവരുടെ പേരുകളും കോഴിക്കോട് നോർത്തിൽ പരിഗണിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ റോഡ്, റെയിൽ ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യവികസനമേഖലകളിൽ വൻ വികസനപാക്കേജുകൾ വാഗ്ദാനം ചെയ്ത് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിന്‍റെ ദേശീയപാതാ വികസനത്തിനും കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിന്‍റെ വികസനത്തിനും ഇത്തവണത്തെ ബജറ്റിൽ കേന്ദ്രസർക്കാർ തുക വകയിരുത്തി.
കേരളത്തിന് പുറമേ, തമിഴ്നാട്, അസം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് റോഡ് വികസനത്തിനും മെട്രോ, റെയിൽ വികസനത്തിനുമായി വലിയ പാക്കേജുകൾ അനുവദിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിന് വലിയ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോൾ സഭയ്ക്ക് അകത്ത് തന്നെ കയ്യടികളുയർന്നു.
ദേശീയതലത്തിൽ 11,000 കിലോമീറ്ററിന്‍റെ ദേശീയപാതാ കോറിഡോറുകൾ വരുന്നു. അതിൽപ്പെടുത്തിയാണ് കേരളത്തിലും 1,100 കിലോമീറ്റർ റോഡ് വികസനം വരുന്നത്. ഇതിനായി വകയിരുത്തിയിരിക്കുന്നത് 65,000 കോടി രൂപയാണ്. കേരളത്തിലെ റോഡ് വികസനത്തിലെ 600 കിലോമീറ്റർ കേരളത്തിലൂടെ കടന്നുപോകുന്ന മുംബൈ – കന്യാകുമാരി ഹൈവേയാണ്. കൊച്ചി ഫിഷിങ് ഹാർബർ വാണിജ്യഹബ്ബാക്കും.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്‍റെ വികസനത്തിന് 1957.05 കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 11.5 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാംഘട്ടത്തിന്‍റെ നിർമാണത്തിനാണ് ഈ തുക വകയിരുത്തുക.
തമിഴ്നാടിനായി വൻ തുകയാണ് റോഡ് വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്. 3500 കിലോമീറ്റർ റോഡിനായി 1.03 ലക്ഷം കോടി രൂപ. ഇതിൽ മധുര – കൊല്ലം കോറിഡോർ, ചിറ്റൂർ – തച്ചൂർ കോറിഡോർ എന്നിവയുടെ നിർമാണം അടുത്ത വർഷം തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. ചെന്നൈ മെട്രോയ്ക്കും വൻതുക വകയിരുത്തിയിട്ടുണ്ട്. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിന് 63,246 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പശ്ചിമബംഗാളിലെ 675 കിലോമീറ്റർ റോഡ് വികസനത്തിനായി വകയിരുത്തിയിരിക്കുന്നത് 25,000 കോടി രൂപയാണ്. ഇതിൽ കൊൽക്കത്ത – സിലിഗുരി ഹൈവേയുടെ വികസനവും ഉൾപ്പെടും.
അസമിൽ മൂന്ന് വർഷം കൊണ്ട് 1300 കിമീ റോഡുകൾ നിർമിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നു. ഇതിനായി 34,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തുന്നത്.
58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളുരു മെട്രോയുടെ 2എ, 2ബി ഘട്ടങ്ങളുടെ വികസനത്തിനായി 14,788 കോടി രൂപയും കേന്ദ്രസർക്കാർ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നാഗ്പൂർ, നാഷിക് മെട്രോകൾക്കും സർക്കാർ തുക മാറ്റി വയ്ക്കുന്നു.
ജോജി തോമസ്
നരേന്ദ്രമോദി ഗവൺമെൻറിനെ പോലെ ഇത്രയധികം ജനവികാരത്തെ മാനിക്കാത്തതും, ജനദ്രോഹപരമായ നടപടികൾക്ക് യാതൊരു ഉളുപ്പുമില്ലാതെ നടപ്പിലാക്കുന്നതുമായ ഒരു ഭരണം സ്വതന്ത്ര ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലെന്നുള്ളതിന് യാതൊരു സംശയവുമില്ല. പുതിയതായി കൊണ്ടുവന്ന കാർഷിക ബില്ലുകളുടെ കാര്യത്തിലായാലും സാധാരണ ജനജീവിതത്തെ എല്ലാവിധത്തിലും ദുസ്സഹമാക്കുന്ന ഇന്ധന വിലവർദ്ധനവിന്റെ കാര്യത്തിലാണെങ്കിലും ജനവികാരം നരേന്ദ്രമോദിയെന്ന സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വേഛാധിപതിയ്ക്കും, ഭരണകക്ഷിക്കും പുല്ലുവിലയാണ്. അമിതമായ ദേശീയതയും, വർഗ്ഗീയ ചിന്താഗതിയും കൊണ്ട് എങ്ങനെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ഓടിയൊളിക്കാമെന്നതിൻെറ ഏറ്റവും വലിയ ഉദാഹരണമാണ് ആധുനിക ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് ലോകമാകെ ഇന്ധനവില കൂപ്പുകുത്തിയപ്പോൾ അതിൻറെ പ്രയോജനം അല്പം പോലും ലഭിക്കാത്ത ഒരു ജനത ഇന്ത്യയിൽ മാത്രമായിരിക്കും ഉണ്ടാവുക. ഇന്ധനവില തകർച്ചയിൽനിന്ന് നേട്ടമുണ്ടാക്കിയത് സർക്കാരും കോർപ്പറേറ്റുകളും മാത്രമാണ്. 30 രൂപയിൽ താഴെ മാത്രം ഉൽപാദന വിതരണ ചിലവുള്ള ഒരു ലിറ്റർ പെട്രോളിന് ഇന്ത്യയിൽ അധികം താമസിയാതെ 100 രൂപയിൽ എത്താൻ സാധ്യതയുണ്ട്. കോവിഡ് കാലത്ത് ക്രൂഡോയിൽ വില താഴ്ന്നപ്പോൾ അതിൻറെ പ്രയോജനം ജനങ്ങൾക്ക് നൽകാതിരുന്ന എണ്ണകമ്പനികൾ, വാക്സിൻ ലോകവിപണിയിൽ ഉണ്ടാക്കിയ സാമ്പത്തിക ഉണർവിന് തുടർന്ന് ഉയരുന്ന ക്രൂഡോയിൽ വിലയ്ക്കനുസരിച്ച് ഇന്ധന വില വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാത്ത പെട്രോൾ ഡീസൽ വിലകളിലൂടെ ജനങ്ങളെ കൊള്ളയടിച്ച കോർപ്പറേറ്റുകളും സർക്കാരും കാർഷിക നയത്തിലൂടെ ചൂഷണത്തിനുള്ള പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താനുള്ള അത്യാഗ്രഹത്തിലാണ്. കർഷകർക്കുവേണ്ടിയെന്ന് അവകാശപ്പെടുന്ന പുതിയ കാർഷിക നിയമങ്ങൾ വേണ്ടെന്ന നിലപാട് കർഷകർ തന്നെ എടുത്തിട്ടും, നടപ്പാക്കിയേ തീരൂ എന്ന വാശി കാട്ടുന്നത് ആർക്കുവേണ്ടിയെന്നെന്ന ചോദ്യം അവശേഷിക്കുന്നു. ഞങ്ങളെ ഒത്തിരി സ്നേഹിച്ച് കൊല്ലരുതേ എന്നാണ് കർഷകർക്ക് കേന്ദ്ര സർക്കാരിനോട് പറയാനുള്ളത്.
ഇന്ത്യയുടെ ഭരണം കോർപറേറ്റുകൾക്കുവേണ്ടി ഒരു സേച്ഛാധിപതി നടത്തുന്നതായി തീർന്നിട്ടുണ്ട്. അതുകൊണ്ടാണ് കാർഷിക ബില്ല് ഒരു ചർച്ച പോലും ഇല്ലാതെ പാർലമെൻറ് പാസാക്കിയത്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ പാർലമെൻറിൻെറ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുകയുണ്ടായി. ആ പ്രണാമത്തിൻെറ സമയത്ത് മോദിയുടെ മനസ്സിൽ ഇന്ത്യൻ ജനാധിപത്യവും, ജനതയും അല്ലായിരുന്നു മറിച്ച് അംബാനിയും അദാനിയും മാത്രമായിരുന്നു എന്നാണ് കാലം തെളിയിക്കുന്നത്.

ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.
മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
കോവിഡ് വ്യാപനത്തിനിടയിൽ രാജ്യത്തെ സാമ്പത്തികരംഗം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് തിങ്കളാഴ്ച ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും. ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന വിശേഷണമാണ് ധനമന്ത്രി നിർമല സീതാരാമൻ തന്നെ നൽകുന്നത്. കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്ചാത്തലം ചൂണ്ടികാട്ടിയാണ് ധനമന്ത്രി അത്തരമൊരു വിശേഷണം ബജറ്റിന് നൽകിയത്. കോവിഡ് പ്രതിസന്ധിക്കും സാമ്പത്തിക മാന്ദ്യത്തിനും കർഷക പ്രക്ഷോഭങ്ങൾക്കുമിടെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം പൊതുബജറ്റ് ഉറ്റുനോക്കുന്നത്.
അസ്വസ്ഥമായ കാർഷികമേഖലയ്ക്ക് കൂടുതൽ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ‘ആത്മനിർഭർ ഭാരതി’ന്റെ ഭാഗമായുള്ള നടപടികൾക്ക് ഊന്നൽ ലഭിക്കും. രാവിലെ പതിനൊന്നിനാണ് ബജറ്റ് അവതരണം.
സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിൽ ആരോഗ്യ സംരക്ഷണ ചെലവ് ഇരട്ടിയാക്കാൻ സാദ്ധ്യതയുണ്ട്. വ്യവസായമേഖലയുടെ തിരിച്ചുവരവിനും ഓഹരിവിറ്റഴിക്കൽ മുൻനിർത്തിയുള്ള ധനസമാഹരണത്തിനും നിർമല സീതാരാമൻ കാര്യമായ പരിഗണന നൽകും.
സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ൽ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാൻ രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ ഉല്പാദന ശേഷിയാണെന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ്.
ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിൽ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കവെയായിരുന്നു അദ്ദേഹം രാജ്യത്തെ വാഴ്ത്തിയത്. ‘ഇന്ത്യ വികസിപ്പിച്ച വാക്‌സിനുകളുടെ വലിയതോതിലുളള ഉല്പാദനം ഇന്ത്യയിൽ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്.
ആഗോള വാക്‌സിൻ ക്യാംപെയിൻ യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്‌സിൻ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂർണ്ണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാൻ കരുതുന്നു.’
ഇന്ത്യ അയൽ രാജ്യങ്ങൾക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്‌സിനുകൾ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു യുഎൻ സെക്രട്ടറി ജനറലിന്റെ പ്രസ്താവന. ഇന്ത്യ അയൽരാജ്യങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകിയതിന് പുറമേ ബ്രസീൽ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്ക് വിപണനാടിസ്ഥാനത്തിൽ ഇന്ത്യ വാക്‌സിൻ കയറ്റുമതി ചെയ്തിരുന്നു.
ജനുവരി 21 മുതൽ 55 ലക്ഷം ഡോസ് വാക്‌സിനാണ് അയൽരാജ്യങ്ങൾക്ക് ഇന്ത്യ സമ്മാനിച്ചിട്ടുളളത്. 1.5 ലക്ഷം ഡോസുകൾ ഭൂട്ടാനും, മാലദ്വീപ്, മൗറീഷ്യസ്, ബെഹ്‌റിൻ എന്നീ രാജ്യങ്ങൾക്ക് ഒരുലക്ഷം വീതവും 10 ലക്ഷം ഡോസുകൾ നേപ്പാളിനും 20 ലക്ഷം ബംഗ്ലാദേശിനും 15 ലക്ഷം മ്യാന്മറിനും 50,000 ഡോസുകൾ സീഷെൽസിനും 5 ലക്ഷം ഡോസുകൾ ശ്രീലങ്കയ്ക്കും ഇന്ത്യ നൽകിയിരുന്നു.
സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്കു വിപണനാടിസ്ഥാനത്തിൽ വാക്‌സിനുകൾ ഉടൻ കയറ്റുമതി ചെയ്യും. ഒമാൻ, പസഫിക് ദ്വീപ് സ്റ്റേറ്റുകൾ, കരീബിയൻ കമ്യൂണിറ്റി രാജ്യങ്ങൾ തുടങ്ങിയക്ക് വാക്‌സിൻ സമ്മാനിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുത്തിട്ടുളളതായി വിദേശ കാര്യമന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വാക്‌സിനുകൾക്കായി നിരവധി രാജ്യങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുളളതായും അദ്ദേഹം വ്യക്തമാക്കി.