ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ ആൻറണിക്ക് കോവിഡ് സ്ഥിരീകരിച്ചു. എ. കെ ആൻറണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആന്റണിയടക്കമുള്ള കുടുംബാംഗങ്ങള്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
മകന്‍ അനില്‍ കെ.ആന്റണിയാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ച കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് നേരത്തെ കൊവിഡ്- 19 സ്ഥിരീകരിച്ചിരുന്നു
സ്കൂളിൽ നിന്ന് തനിക്ക് ലഭിച്ച പണവും അരിയും എടുത്ത അച്ഛനെതിരെ കളക്ടർക്ക് പരാതി നൽകി ആറാം ക്ലാസുകാരി. വീട്ടിൽ നിന്ന് 10 കിലോമീറ്റർ ദൂരം നടന്ന് എത്തിയാണ് 11 വയസ്സുകാരിയായ പെൺകുട്ടി പരാതി നൽകിയത്. സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകുകയും ചെയ്തു.
ഒഡീഷയിലെ ഡുകുക ഗ്രാമത്തിൽ താമസിക്കുന്ന സുശ്രീ സംഗീത സേഥിയാണ് പിതാവിനെതിരെ കളക്ടർക്ക് പരാതി നൽകിയത്. ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് സർക്കാർ നൽകിയ പണവും അരിയും പിതാവ് രമേശ് ചന്ദ്ര സേഥി തട്ടിയെടുത്തു എന്നായിരുന്നു കുട്ടിയുടെ പരാതി. ഉച്ചഭക്ഷണ പദ്ധതിയനുസരിച്ച് നൽകുന്ന പണം വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലാണ് സർക്കാർ നിക്ഷേപിക്കുന്നത്.
എന്നാൽ, തൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം പിതാവ് സ്വന്തം അക്കൗണ്ട് വിവരങ്ങളാണ് നൽകിയതെന്നും ആ അക്കൗണ്ടിലാണ് സർക്കാർ പണം നിക്ഷേപിക്കുന്നതെന്നും കുട്ടി പരാതിയിൽ സൂചിപ്പിക്കുന്നു. പണം ആവശ്യപ്പെട്ടാൽ പിതാവ് നൽകാറില്ലെന്നും തനിക്ക് ലഭിക്കുന്ന അരി പിതാവ് വാങ്ങുന്നുവെന്നും കുട്ടി പരാതിയിൽ പറയുന്നു. പരാതിയിൽ ഇടപെട്ട കളക്ടർ, അനുവദിച്ച പണം ഉടൻ തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകി. പണവും അരിയും വീണ്ടെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കളക്ടർ ഉത്തരവിട്ടു.
രണ്ട് വർഷം മുൻപ് കുട്ടിയുടെ അമ്മ മരിച്ചതിനെ തുടർന്ന് പിതാവ് രണ്ടാം വിവാഹം കഴിച്ചിരുന്നു. എന്നാൽ, പിതാവോ രണ്ടാനമ്മയോ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായില്ല. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ
ജാമ്യാപേക്ഷ കോടതി തള്ളി. ശിവശങ്കറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്.
രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചതായും അതിനു വഴങ്ങാത്തതിനെത്തുടര്‍ന്നാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കഴിഞ്ഞ ദിവസം ശിവശങ്കര്‍ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഏജന്‍സിക്കു രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും താന്‍ അതിന് ഇരയാവുകയാണെന്നും എഴുതി നല്‍കിയ വിശദീകരണത്തില്‍ ശിവശങ്കര്‍ പറഞ്ഞു. ഇതിനെ ഇഡി കോടതിയില്‍ എതിര്‍ത്തു. രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇഡി അഭിഭാഷകന്‍ അറിയിച്ചു. ശിവശങ്കര്‍ ദുരുദ്ദേശ്യപരമായാണ് ഇത്തരം വാദം ഉയര്‍ത്തുന്നതെന്നും ഇഡി നിലപാടെടുത്തു.
സ്വപ്‌നയുമായുള്ള വാട്ട്‌സ് ആപ്പ് ചാറ്റ് വിവരങ്ങള്‍ എന്ന പേരില്‍ ഇഡി നുണ പ്രചരിപ്പിച്ചെന്ന് ശിവശങ്കര്‍ ആരോപിച്ചിരുന്നു. ബാഗ്ഗജ് വിട്ടുകിട്ടാന്‍ കസ്റ്റംസ് ഓഫിസറെ വിളിച്ചു എന്നതും നുണയാണ്. സ്വര്‍ണം അടങ്ങിയ ബാഗ്ഗജ് വിട്ടുകിട്ടാന്‍ ഒരു കസ്റ്റംസ് ഓഫിസറെയും വിളിച്ചിട്ടില്ലെന്ന് ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ശിവശങ്കര്‍ വിശദീകരണത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ ലക്ഷ്യമെന്ന്, ജാമ്യാപേക്ഷയിലെ വാദത്തിനിടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. യാതൊരു തെളിവും ഇല്ലാതെയാണ് ഈ കേസില്‍ ഇഡി അന്വേഷണവുമായി മുന്നോട്ടുപോവുന്നതെന്ന് അഭിഭാഷകന്‍ വാദിച്ചു.
സ്വര്‍ണക്കടത്തു കേസിലെ എന്‍ഐഐ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ കണ്ടെത്തലുകള്‍. ലോക്കറിലെ പണം ലൈഫ് മിഷനിലെ കോഴയാണെന്നാണ് പറയുന്നത്. മറ്റു കേസിലെ കോഴപ്പണം ഇഡിയുടെ കേസുമായി എങ്ങനെ ബന്ധപ്പെടുത്താനാവും? ഒരു തെളിവുമില്ലാതെ പ്രതിയുടെ മൊഴി മാത്രം വച്ചാണ് ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇഡിയുടെ ലക്ഷ്യമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
50ഓളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യു.പി എൻജിനീയർ അറസ്റ്റിൽ. ജലസേചന വകുപ്പിലെ ജൂനിയർ എൻജിനീയറെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. അഞ്ച് മുതൽ 16 വയസു വരെയുള്ള കുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെയായിരുന്നു പീഡനം.
കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാൾ ഓൺലൈനായി വിൽക്കുകയും ചെയ്തു. ചിത്രകൂട്ട്, ബാണ്ഡ, ഹാമിർപുർ തുടങ്ങിയ ജില്ലകളിലായാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ബാണ്ഡയിൽ നിന്നാണ് സി.ബി.ഐ ഇയാളെ അറസ്റ്റ് ചെയ്തത്. ഉടൻ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജൂനിയർ എൻജിനീയറുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ മൊബൈൽ ഫോണുകളും എട്ട് ലക്ഷം രൂപയും കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്.
കേരള കോൺഗ്രസ് (എം) െൻറ ചിഹനമായ രണ്ടില ഇത്തവണ ആർക്കും അനുവദിക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. യു.ഡി.എഫിലുള്ള പി.ജെ. ജോസഫ് വിഭാഗവും എൽ.ഡി.എഫിനൊപ്പമുള്ള ജോസ് കെ. മാണി വിഭാഗവും രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ചിഹ്നം മരവിപ്പിക്കുന്നതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ അറിയിച്ചു. ഇതു സംബന്ധിച്ച് ഹൈകോടതിയിൽ നിലവിലുള്ള കേസിൽ വിധി വന്നിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ. മാണി വിഭാഗത്തിന് ടേബിൾ ഫാനും ചിഹ്നമായി അനുവദിച്ചിട്ടുണ്ട്. ഇരു കക്ഷികളും ഇൗ ചിഹ്നങ്ങളിലായിരുക്കും ഇത്തവണ ജനവിധി തേടുക.
മലേഷ്യയിലെ ബജറ്റ് എയർലൈനായ എയർ ഏഷ്യ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കമ്പനി ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വാർത്തകൾ. ഇന്ത്യയിലെ നിക്ഷേപങ്ങളിൽ പുനഃരാലോചന നടത്തുമെന്ന സൂചനകൾ എയർ ഏഷ്യ നൽകി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജപ്പാനിലെ പ്രവർത്തനങ്ങൾ എയർ ഏഷ്യ നിർത്തിയിരുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജപ്പാനിലെ മാതൃകയിൽ എയർ ഏഷ്യ ഇന്ത്യയിലേയും നിക്ഷേപത്തിൽ പുനഃപരിശോധനയുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
എയർ ഏഷ്യ ഇന്ത്യയിൽ 49 ശതമാനം ഓഹരിയാണ് കമ്പനിക്കുള്ളത്. ബാക്കി ഓഹരികൾ ടാറ്റ സൺസിൻെറ ഉടമസ്ഥതയിലാണ്. ടാറ്റ ഗ്രൂപ്പ് എയർ ഏഷ്യയുടെ ഓഹരികൾ കൂടി വാങ്ങാൻ നീക്കം തുടങ്ങിയതായാണ് വാർത്തകൾ. അതേസമയം ഏഷ്യയിലെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും എയർ ഏഷ്യ അറിയിക്കുന്നുണ്ട്. 2021 മധ്യത്തോടെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്നാണ് എയർ ഏഷ്യയുടെ പ്രതീക്ഷ.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. അതിന്റെ ഭാഗമായി ശനിയാഴ്ച ചെന്നൈയില്‍ രജനീകാന്തുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തും. അത്തരത്തില്‍ കൂടിക്കാഴ്ച നടന്നാല്‍ തമിഴ്നാട്ടില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ നടക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബിജെപി സംസ്ഥാനാധ്യക്ഷന്‍ മുരുകന്റെ നേതൃത്വത്തില്‍ നടക്കുന്ന വേല്‍ യാത്ര അവസാനിക്കുന്ന ഡിസംബര്‍ ആറിന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ രജനീകാന്തിന്റെ ബിജെപി പ്രവേശനം സാധ്യമാക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. ദ്രാവിഡ രാഷ്ട്രീയ ഭൂമിയില്‍ താമര വിരിക്കാന്‍ വേലെടുത്തിരിക്കുന്ന ബിജെപി അതിന്റെ അമരത്ത് നില്‍ക്കാനാണ് രജനീകാന്തിനെ പരിഗണിക്കുന്നത്.
ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി വഴി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണുന്നുവെന്നതിന്റെ സൂചന കൂടിയാണ് ശനിയാഴ്ചത്തെ അമിത് ഷായുടെ ചെന്നൈ സന്ദര്‍ശനം. തമിഴ്‌നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളായിട്ടാണ് ശനിയാഴ്ച അമിത് ഷാ ചെന്നൈയില്‍ എത്തുന്നത്. രജനീകാന്ത് ബിജെപിയില്‍ ചേക്കേറിയാല്‍ അത് ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് പുറത്തേയ്ക്ക് സ്വാധീനം വര്‍ധിപ്പിക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്ക് സുപ്രധാനമാകും.
ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വിദേശ ഇടപാടകുളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്റെ ഡിക്കിയില്‍ നിന്ന് 55 ലക്ഷം രൂപയും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചര്‍ച്ചിന് കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ 30ലേറെ ട്രസ്റ്റുകള്‍ രൂപീകരിച്ച് 60 കേന്ദ്രങ്ങളിലേക്കായി ബിലിവേഴ്സ് ഗ്രൂപ്പ് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഭയുടെ മറവില്‍ നടന്ന വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ തുക വകമാറ്റി വിനിയോഗിച്ചതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.
കാസർകോട് ജില്ലയുടെ അതിർത്തി പ്രദേശമായ കുഞ്ചത്തൂർപദവിൽ ബൈക്ക് മറിഞ്ഞ് മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി പോലീസ്. യുവാവിനെ കൊലപ്പെടുത്തിയ പ്രതികൾ മൃതദേഹവും ബൈക്കും റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഇതാണ് അപകടമരണമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കിയതെന്നും പോലീസ് പറഞ്ഞു.
ദേശീയപാതയോരത്ത് മരിച്ചനിലയിലാണ് കർണാടക ഗദക് രാമപൂർ സ്വദേശിയായ ഹനുമന്തയെ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതോടെ ഭാര്യയും കാമുകനും പിടിയിലായി. ഹനുമന്തയുടെ ഭാര്യ ഭാഗ്യ, കാമുകനായ കർണാടക സ്വദേശി അല്ലാബാഷ (23) എന്നിവരാണ് പിടിയിലായത്. അംഗപരിമിതനാണ് കൊല്ലപ്പെട്ട ഹനുമന്ത.
കൊലപാതകത്തെ കുറിച്ച് പോലീസ് കണ്ടെത്തിയതിങ്ങനെ: ഭാഗ്യയും അല്ലാബാഷയും തമ്മിലുണ്ടായിരുന്ന വഴിവിട്ട സൗഹൃദം ഭാഗ്യയുടെ ഭർത്താവായ ഹനുമന്ത വിലക്കിയിരുന്നു. ഈ വിഷയത്തിൽ ഇവർ വഴക്കടിക്കുന്നതും തർക്കങ്ങളും നിത്യക്കാഴ്ചയായിരുന്നു.
പിന്നീട് ഹനുമന്തയെ ഇല്ലാതാക്കി സൗഹൃദം തുടരാൻ ഭാഗ്യയും അല്ലാബാഷയും തീരുമാനിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അല്ലാബാഷയും ഭാഗ്യയും ചേർന്ന് ഹനുമന്തയെ കൊലപ്പെടുത്തുകയും ചെയ്തു. കൊലയ്ക്ക് ഒരാഴ്ച മുമ്പും ഹനുമന്തയും ഭാര്യയും വഴക്കിട്ടിരുന്നു.
നവംബർ അഞ്ചാം തീയതി പുലർച്ചെ മംഗളൂരുവിലെ ഹോട്ടൽ അടച്ച് വീട്ടിലെത്തിയ ഹനുമന്തയെ മർദ്ദിച്ച് അവശനാക്കി കീഴ്‌പ്പെടുത്തിയ ശേഷം അല്ലാബാഷ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു. മരണ വെപ്രാളത്തിൽ ഹനുമന്ത കാലുകൾ നിലത്തിട്ടടിക്കുമ്പോൾ ഭാഗ്യ കാലുകൾ അമർത്തിപ്പിടിച്ച് കൊലപാതകത്തിൽ പങ്കാളിയായെന്നും പോലീസ് പറയുന്നു.
ഹനുമന്തയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കാമുകന്റെ ബൈക്കിനു പിറകിൽ മൃതദേഹം വച്ച് പ്ലാസ്റ്റിക് വള്ളികൊണ്ട് കെട്ടി ആറുകിലോമീറ്ററോളം സഞ്ചരിച്ച് കുഞ്ചത്തൂർപദവിൽ എത്തിച്ചു. ഇവിടെവെച്ച് മൃതദേഹത്തിന്റെ കെട്ടഴിഞ്ഞതോടെയാണ് മൃതദേഹം അവിടെ തന്നെ ഉപേക്ഷിക്കാൻ കാരണമായതെന്നും സൂചനയുണ്ട്.
ശേഷം അപകടമരണമാണ് എന്ന് വരുത്തി തീർക്കാനായി ഹനുമന്തയുടെ സ്‌കൂട്ടർ ഇവിടെ കൊണ്ടുവന്ന് മറച്ചിടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം നടത്തിയതിനാൽ മരണകാരണം അപകടമല്ലെന്ന് തെളിയുകയായിരുന്നു. ഇതാണ് ഭാഗ്യയേയും അല്ലാബാഷയേയും കുടുക്കിയത്. മഞ്ചേശ്വരം പോലീസാണ് അന്വേഷണം നടത്തുന്നത്.
കൊച്ചി: ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളുടെ ഉടമയായ ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റ നോട്ടീസ്. കൊച്ചിയിലെ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്‍റെ വീട്ടിലും ബിലീവേഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൻസ് അയച്ചത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 6000 കോടിയിലധികം രൂപ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വിദേശസഹായമായി ബിലീവേഴ്സ് ചര്‍ച്ച് സ്വീകരിച്ചതായാണ് കണ്ടെത്തൽ. കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വീകരിച്ച ഈ തുക, റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ഉപയോഗിച്ചതായാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളളത്. അതിനാല്‍ എഫ്സിആര്‍എ നിയമലംഘനം നടന്നിട്ടുണ്ടോയെന്നാണ് വകുപ്പ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കെ പി യോഹന്നാന്‍റെ വീട്ടിലും ബിലീവേഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡിൽ 17 കോടിയിലധികം തുക അനധികൃതമായി കണ്ടെത്തിയിരുന്നു. ചര്‍ച്ചിന്‍റെ കീഴിലുളള ആശുപത്രി, സ്‌കൂള്‍, കോളേജ്, ട്രസ്റ്റ്, എന്നിവിടങ്ങളില്‍ നിന്ന് റെയ്ഡില്‍ ശേഖരിച്ച ഇലക്ട്രോണിക്‌സ് ഡേറ്റകള്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. വിദേശപണം ലഭിച്ചതിൻെറയും ചെലവഴിച്ചതിന്‍റെയും വിശദാംശങ്ങള്‍ തേടുകയും നികുതി റിട്ടേണ്‍ സമര്‍പ്പിച്ച രേഖകളിൽ അടക്കം വൈരുദ്ധ്യങ്ങളുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതിനു പിന്നാലെയാണ് കെ പി യോഹന്നാന് ആദായ നികുതിവകുപ്പിന്‍റ നോട്ടീസ് നല്‍കിയിരിക്കുന്നത്. കെ പി യോഹന്നാൻെറ മൊഴിയുടെ അടിസ്ഥാനത്തിലാകും ആദായ നികുതി വകുപ്പ് തുടർ നടപടി സ്വീകരിക്കുക.