പാക്കിസ്ഥാൻ വ്യോമസേനയുടെ കൈവശമുളള പോര്‍വിമാനങ്ങളിൽ 40 ശതമാനവും ഉപയോഗിക്കാനാവാതെ കട്ടപ്പുറത്ത് കിടക്കുകയാണെന്ന് റിപ്പോർട്ട്. ടൈംസ് നൗവിന്റെ റിപ്പോർട്ട് പ്രകാരം പ്രധാനമായും ചൈനീസ് പോര്‍വിമാനങ്ങൾ ഉപയോഗിക്കുന്ന പാക്ക് വ്യോമസേന വന്‍ പ്രതിസന്ധിയാണ് നേരിടുന്നുവെന്നാണ്.
ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പോർവിമാനം റഫാലുകള്‍ ഇന്ത്യയിൽ വിന്യസിച്ചതോടെ പാക്കിസ്ഥാൻ വെപ്രാളത്തിലാണ്. പാക്കിസ്ഥാന്റെ രണ്ട് വ്യോമസേനാ താവളങ്ങളിലെ ജെഎഫ് -17 ഫൈറ്ററുകളിൽ 40 ശതമാനവും വിവിധ കാരണങ്ങളാൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പോർവിമാനങ്ങളുടെ ഘടനാപരമായ പ്രശ്നങ്ങളായതിനാൽ പെട്ടെന്ന് പരിഹരിക്കാനും കഴിയുന്നില്ല.
ഇതിനിടെ ചൈനീസ് നിർമിത പാക്ക് യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നതും തുടരുകയാണ്. കഴിഞ്ഞ 18 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ പതിനഞ്ചിൽ കൂടുതൽ എഫ്–7പിജി പോർവിമാനങ്ങളാണ് തകർന്നു വീണത്. കേവലം പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ ദുരന്തങ്ങൾ അന്വേഷിച്ചു റിപ്പോർട്ടു നൽകുന്നുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നൽക്കാൻ ചൈനയും തയാറാകുന്നില്ല.
മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ മരണത്തിന് കീഴടങ്ങി.
മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരന്‍ പ്രഹ്ലാദ് ആണ് മരണത്തിന് കിഴടങ്ങിയത്. 96 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചയോടെ കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഹര്‍കിഷന്‍- കപൂരി ദമ്പതികളുടെ മകനായ പ്രഹ്‌ളാദ് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണത്. കുഴല്‍ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നത്.
ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതിനിടെ കുഴിയില്‍ വെള്ളം നിറഞ്ഞത് ഒരു ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. കുട്ടിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.
കുരിശുപള്ളി മാതാവിന്റെ മുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്ന നടന്‍ സുരേഷ് ഗോപിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കൈയ്യടക്കുന്നത്. കുമളിയില്‍ കാവല്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങുന്ന വഴിയാണ് സുരേഷ് ഗോപി പാലായില്‍ എത്തിയത്. ദൈവകൃപയോടെ മുന്നോട്ട് എന്ന് കുറിച്ചുകൊണ്ട് താരം ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കുരിശുപള്ളിയില്‍ തിരി കത്തിച്ച് പ്രാര്‍ഥിച്ചതിന് ശേഷം കീഴ്തടിയൂര്‍ യൂദാ സ്ലീഹാ പള്ളിയിലും സുരേഷ് ഗോപി സന്ദര്‍ശിക്കുകയും ചെയ്തു. സുരേഷ് ഗോപിയുടെ ഇരുനൂറ്റിയന്‍പതാമത് ചിത്രമായ ഒറ്റക്കൊമ്പന്റെ ആദ്യ ഷോട്ട് എടുത്തതും ഈ പള്ളിമുറ്റത്തുവച്ചായിരുന്നു. ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ഒറ്റക്കൊമ്പനില്‍ പാലാക്കാരന്‍ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്.
യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിന്റെ വിജയം ആഘോഷമാക്കി തമിഴ്നാട്ടിലെ തിരുവാരൂര്‍ ഗ്രാമവും. കമലാഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ ജന്മദേശമായ തിരുവാരൂരുകാര്‍ വീടുകളില്‍ കമലയ്ക്ക് വേണ്ടി കോലം വരച്ചും പോസ്റ്റര്‍ പതിപ്പിച്ചുമാണ് വിജയം ആഘോഷിച്ചത്.
Congratulations Kamala Haris, Vanakkam America, Pride of our Village എന്നിങ്ങനെ എഴുതിയ കോലങ്ങളാണ് നിരവധി വീടുകളുടെ മുറ്റത്ത് പതിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും തിരുവാരൂരിലും തുളസേന്ദ്രപുരത്തും കമലയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകളും ബാനറുകളും നിറഞ്ഞിരുന്നു. തമിഴ്നാട്ടിലെ തിരുവാരൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ശ്യാമള ഗോപാലനും അമേരിക്കയില്‍ മനുഷ്യാവകാശപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
ജമൈക്കയില്‍ നിന്നുള്ള ഡോണാള്‍ഡ് ഹാരിസിനെയാണ് അവര്‍ വിവാഹം ചെയ്തത്. 1964ലാണ് ഇവര്‍ക്ക് കമല ജനിച്ചത്. പിന്നീട് വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ശ്യാമള ഗോപാലന്‍ ഒറ്റയ്ക്കാണ് കമലയെ വളര്‍ത്തിയതും പരിപാലിച്ചതും. 2009ല്‍ ഇവര്‍ മരണപ്പെടുകയും ചെയ്തു.
കോഴിക്കോട് തലയാട് മണിച്ചേരി മലയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മണിച്ചേരിമല പന്നിയാനിച്ചിറ സണ്ണിയുടെ ഭാര്യ റീന സണ്ണിയാണ് മരിച്ചത്. 47 വയസായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിനു പുറകിലെ അടുക്കള ഭാഗത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്.
പരിക്കേറ്റ റീനയെ തലയാട്, പൂനൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.ശക്തമായ ഇടിമിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. റോണി സണ്ണി, സോണി സണ്ണി എന്നിവരാണ് മക്കള്‍.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറഖപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം).
മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്ന് പ്രത്യേകം നിര്‍ദേശം നല്‍കുന്നു.
*കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്*
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
*പൊതു നിര്‍ദ്ദേശങ്ങള്‍*
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ജനലും വാതിലും അടച്ചിടുക. ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം. ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല. പട്ടം പറത്തുവാന്‍ പാടില്ല. തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക. ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്. വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തേയ്ക്ക് പോകരുത്.
മലപ്പുറത്ത് അമ്മയെയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി നാലുകാരിയായ രഹ്ന, മക്കളായ ആദിത്യന്‍, (12) അര്‍ജുന്‍ (10) ഏഴു വയസകാരനായ അനന്തു എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയിലാണ് സംഭവം
രഹ്നയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ വിഷം അകത്തുചെന്ന് മരിച്ച നിലയിലുമാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു. വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത സമയത്ത് ടാപ്പിങ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല.
ഒരു കുട്ടിയെ കണ്ടെത്തുമ്പോള്‍ അനക്കമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡിയും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതി അംഗവുമായ ടി.കെ. പൂക്കോയ തങ്ങള്‍ ഒളിവിലെന്ന് പോലീസ്. തങ്ങള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് പോലീസ്. എസ്പി ഓഫിസില്‍ ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എംസി കമറുദ്ദീന്‍ പിടിയിലായതോടെ തങ്ങള്‍ ഒളിവില്‍ പോയെന്നു പോലീസ് സ്ഥിരീകരിച്ചു.
കമറുദ്ദീന്‍ ചെയര്‍മാനും ടി.കെ. പൂക്കോയ തങ്ങള്‍ മാനേജിങ് ഡയറക്ടറുമായി 2003 ലാണു ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ശാഖകളിലേക്ക് 749 പേരില്‍ നിന്നു നിക്ഷേപം സ്വീകരിച്ചു. 2019 നവംബറില്‍ 3 ശാഖകളും പൂട്ടിയതോടെയാണു നിക്ഷേപകര്‍ ആശങ്കയിലായത്. നിക്ഷേപം തിരികേ കിട്ടാതായതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി എത്തിയത്.
തട്ടിപ്പ് കേസില്‍ ഇതുവരെ 117 കേസ് ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിക്ഷേപകര്‍ പോലീസിനെ സമീപിക്കുന്നത് തുടരുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മൊത്തം 77 കേസുകള്‍ അന്വേഷിക്കുന്നുണ്ട്. 13 കോടി രൂപയുടെ തിരിമറിക്കു തെളിവു ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിലെ എഎസ്പി വിവേക് കുമാര്‍ പറഞ്ഞു.
ജുഡീഷ്യൽ കാലാവധിയിൽ കഴിയവെ തലോജ ജയിലിലേക്ക് മാറ്റുന്നതിനിടെ സുപ്രീംകോടതി തന്നെ രക്ഷിക്കണമെന്ന് കരഞ്ഞ് അഭ്യർത്ഥിച്ച് റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി. തന്റെ ജീവൻ അപകടത്തിലാണെന്നും രക്ഷിക്കാൻ സുപ്രീംകോടതി ഇടപെടണമെന്നും പറഞ്ഞായിരുന്നു ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ അർണബിന്റെ രോദനം.
”ഞാൻ അവരോട്അഭിഭാഷകനോട് സംസാരിക്കാൻ സമയം ചോദിച്ചു. പക്ഷേ അനുവദിച്ചില്ല. എന്റെ ജീവൻ അപകടത്തിലാണെന്ന് ഈ രാജ്യത്തെ ജനങ്ങളോട് പറയുന്നു. ഞാൻ പുറത്തു വരുന്നത് അവർക്കാവശ്യമില്ല. അവർ കാര്യങ്ങൾ വൈകിക്കുകയാണ്. നിങ്ങൾക്ക് എന്റെ സാഹചര്യം കാണാം. അവർ രാവിലെ എന്നെ വലിച്ചിഴച്ചു. ഇന്നലെ രാത്രി ജയിലിലടക്കാൻ നോക്കി. എനിക്ക് ജാമ്യം ലഭിക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന് ഞാൻ അപേക്ഷിക്കുന്നു”-അർണബ് പോലീസ് വാനിലിരുന്നുകൊണ്ട് റിപ്ലബ്ലിക് ടിവി റിപ്പോർട്ടറോട് കരഞ്ഞുപറഞ്ഞു.
ചാനലിന്റെ ഇന്റീരിയർ ഡിസൈനർ അൻവയ് നായികും മാതാവ് കുമുദ് നായികും 2018ൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അർണബിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ പോലീസ് വീട്ടിലെത്തി അർണബിനെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റായിഗഡ് ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് അർണബ് ഗോസ്വാമിയെ പാർപ്പിച്ചിരുന്നത്.
സ്വയം പ്രഖ്യാപിത ആള്‍ ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ ആശ്രമം പൊളിച്ചുമാറ്റി. കൈയ്യേറ്റം ആരോപിച്ചാണ് കെട്ടിടം പൊളിച്ച് നീക്കിയത്. മധ്യപ്രദേശില്‍ കഴിഞ്ഞയാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇയാള്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു.
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആശ്രമം പൊളിച്ചു മാറ്റിയത്. ത്യാഗിയുടെ ആശ്രമം 46 ഏക്കറോളം സ്ഥലം കൈയ്യേറിയതായി അധികൃതര്‍ ആരോപിച്ചു. ഏകദേശം 80 കോടി രൂപ വിലമതിക്കുന്നതാണിത്.
ത്യാഗിക്ക് നോട്ടീസ് നല്‍കി രണ്ട് മാസത്തിന് ശേഷം ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേന്‍ അധികൃതരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഈ സ്ഥലം വൃത്തിയാക്കിയിരുന്നു. ഇന്‍ഡോറിലെ ജാമോര്‍ഹി ഗ്രാമത്തിലെ ഈ സ്ഥലം 2016 ല്‍ ഗോസംരക്ഷണ കേന്ദ്രത്തിനായി മാറ്റിവെച്ചതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശര്‍മ പറഞ്ഞു. കൈയ്യേറ്റത്തെക്കുറിച്ച് ചിലര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് നോട്ടീസ് നല്‍കിയിരുന്നതായി അജയ് ശര്‍മ കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ തിരഞ്ഞെടുപ്പിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. സി വോട്ടര്‍ സര്‍വേയില്‍ മഹാസഖ്യത്തിന് മുന്‍തൂക്കം. ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യം 120, എന്‍ഡിഎ 116, എല്‍ജെപി 1, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് കണക്ക്. റിപ്പബ്ലിക്കിന്റെ ജന്‍കി ബാത് സര്‍വേയിൽ മഹാസഖ്യം 118–138, എന്‍ഡിഎ 91–117. എബിപി സര്‍വേയിൽ മഹാസഖ്യം 108–131, എന്‍ഡിഎ 104–128, എല്‍ജെപി 1-3, മറ്റുള്ളവര്‍ 4–8. ഇടതുപാര്‍ട്ടികള്‍ നേട്ടമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ബിഹാറില്‍ CPI(ML) ഉള്‍പ്പെടെ ഇടതുപാര്‍ട്ടികള്‍ മികച്ച പ്രകടനം നടത്തുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. സിപിഐ എംഎല്‍ 12 മുതല്‍ 14 വരെ സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക് ടിവി–ജന്‍കി ബാത് സര്‍വേ പറയുന്നു. മൂന്നാംഘട്ട വോട്ടെടുപ്പില്‍ അഞ്ചു മണിവരെ 54.17 ശതമാനം വോട്ടുരേഖപ്പെടുത്തി. ചൊവ്വാഴ്ച്ചയാണ് വോട്ടെണ്ണല്‍.
അതേസമയം, മധ്യപ്രദേശില്‍ ബിജെപിക്ക് ആശ്വാസം. ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 16 – 18 സീറ്റുകളെന്ന് ആക്സിസ്–മൈ ഇന്ത്യ സര്‍വേ പറയുന്നു. ബിഹാര്‍ മൂന്നാംഘട്ട വോട്ടെടുപ്പില്‍ അഞ്ചു മണിവരെ 54.17 ശതമാനം വോട്ടുരേഖപ്പെടുത്തി. ചെവ്വാഴ്ച്ചയാണ് വോട്ടെണ്ണല്‍.