മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയതില്‍ പങ്കാളികളായത് മൂന്നു സംഘങ്ങളില്‍പ്പെട്ടവര്‍. യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറിനുള്ളില്‍ പ്രതികളെ തിരിച്ചറിയാനും വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. നേരത്തെയും യുവതി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി.
മലബാര്‍, എറണാകുളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും പ്രാദേശികമായി തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ സഹായിച്ചവരുമാണ് ഇവര്‍. ഈ മൂന്നു സംഘത്തിനും സ്വര്‍ണക്കടത്ത് സംഘം ഓരോ ചുമതലകള്‍ വീതിച്ചു നല്‍കിയിരുന്നു. ഈ മൂന്നു സംഘത്തിലും പെട്ടവര്‍ അറസ്റ്റിലായവരിലുണ്ട്. മാന്നാർ കുരട്ടിക്കാട് സ്വദേശി ബിനോയിയുടെ വീടു ആക്രമിച്ച് ഭാര്യ ബിന്ദുവിനെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്.
എറണാകുളം പറവൂർ മന്നം കാഞ്ഞിരപ്പറമ്പിൽ വെടിമറ വീട്ടിൽ അൻഷാദ് (36), പൊന്നാനി ആനയടി പാലയ്ക്കൽ അബ്ദുൽ ഫഹദ് (35), തിരുവല്ല കുരിശുകവല ശങ്കരമംഗലം വീട്ടിൽ ബിനോ വർഗീസ് (39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് ( കുട്ടപ്പായി– 37), പരുമല കോട്ടയ്ക്കമാലി സുധീർ (കൊച്ചുമോൻ– 36) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു സംഘവുമായി ബന്ധപ്പെട്ടവരാണെന്നും ഇതിൽ അൻഷാദ്, അബ്ദുൽ ഫഹദ് എന്നിവരൊഴികെയുള്ളവർ സ്വർണക്കടത്തു സംഘത്തിനു പ്രാദേശികമായി സഹായം നൽകിയവരാണെന്നും പൊലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയതിനു പിന്നാലെ വീട്ടിലെത്തിയ പൊലീസ് സംഘത്തോട് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ ബിന്ദുവിന്‍റെ ഭര്‍ത്താവടക്കമുള്ളവര്‍ തയാറായില്ല. തട്ടിക്കൊണ്ടുപോയവര്‍ ബിന്ദുവിനെ വഴിയിലുപേക്ഷിച്ചപ്പോള്‍ ആദ്യം വിളിച്ചത് മാന്നാര്‍ പൊലീസിനെയാണ്. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസ് വടക്കഞ്ചേരി പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.
അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്ന മാന്നാര്‍, പരുമല സ്വദേശികളാണ് വീടാക്രമിച്ച് യുവതിയെ പിടിച്ച് സംഘത്തെ ഏല്‍പ്പിച്ചത്. പ്രധാന പ്രതി രാജേഷ് പ്രഭാകറിന്റെ ഭാര്യയുടെ പേരിലുള്ള ഇന്നോവ കാറിലാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നും കാർ ഓടിച്ചിരുന്നത് അബ്ദുൽ ഫഹദ് ആണെന്നും പൊലീസ് പറഞ്ഞു. ആ വാഹനത്തിൽ അൻഷാദുമുണ്ടായിരുന്നു. ഒന്നരകിലോയിലധികം സ്വര്‍ണമാണ് യുവതി കടത്തിയത്. മാലിയില്‍ സ്വര്‍ണം ഉപേക്ഷിച്ചു എന്ന വാദം കളവാണെന്നാണ് പൊലീസിന്‍റെ നിഗമനം.
അറസ്റ്റിലായ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍.ജോസിന്‍റെ നേതൃത്വത്തില്‍ മാന്നാര്‍ സി.ഐ എസ്.ന്യൂമാന്‍, എടത്വ സിഐ ശിവപ്രസാദ്, ചെങ്ങന്നൂര്‍ സിഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇനി ഏതാനും പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.
സ്വർണക്കടത്തു സംഘം വിദേശത്തുനിന്നു കൊടുത്തയച്ച സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴി സംബന്ധിച്ചും അവ്യക്തത നീങ്ങിയിട്ടില്ല. വ്യക്തത വരുത്താൻ മാലി, നെടുമ്പാശേരി വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കമിഷൻ. കേരളം, തമിഴ്‌നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആകെ 18.69 കോടി വോടർമാരാണുള്ളത്.കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ സുനില്‍ അറോറ അറിയിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ 824 നിയമസഭാ മണ്ഡലങ്ങളിലാണ് വോടെടുപ്പ് നടക്കുന്നത്. ആകെ 2.7 ലക്ഷം പോളിങ് സ്റ്റേഷനുകൾ. മൂന്നു ലക്ഷം സർവീസ് വോടർമാർ. എല്ലാ സംസ്ഥാനങ്ങളിലും പോളിങ് സ്റ്റേഷനുകളുടെ എണ്ണം വൻതോതിൽ ഉയരും. കേരളത്തിൽ 2016ൽ പോളിങ് സ്റ്റേഷനുകളുടെ എണ്ണം 21,498 ആയിരുന്നു. ഇത് ഇക്കുറി 40,771 ആയി വർധിപ്പിക്കും.
ആരോഗ്യരംഗത്ത് അഭൂതപൂർവമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമിഷണർ സുനിൽ അറോറ പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് വാതിലടച്ചതിന് പിന്നാലെ പി.സി ജോർജിന്റെ ജനപക്ഷം പാർട്ടി വീണ്ടും എൻ.ഡി.എയിലേക്കെന്ന് സൂചന.
കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്.
സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നാണ് കോൺഗ്രസ് നിലപാട്. യുഡിഎഫിൻറെ ഔദാര്യം കേരള ജനപക്ഷത്തിന് ആവശ്യമില്ലെന്നാണ് പി.സി ജോർജ്ജ് ഇതിനോട് പ്രതികരിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ഭാഗമാവുകയും പത്തനംതിട്ട മണ്ഡലത്തിൽ കെ. സുരേന്ദ്രന് വേണ്ടി പി.സി ജോർജ് പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തിരുന്നു.
എന്നാൽ പ്രതീക്ഷിച്ച വിജയം എൻഡിഎയ്ക്ക് ലഭിക്കാതിരുന്നതോട കേരളത്തിൽ എൻ.ഡി.എ എന്നത് തട്ടിക്കൂട്ട് സംവിധാനമാണെന്ന് ആക്ഷേപിച്ച് പി.സി. ജോർജ് മുന്നണി വിടുകയായിരുന്നു.
നിലവിൽ ഒരുമുന്നണിയുടെയും ഭാഗമല്ലാതിരിക്കുന്ന പി.സി ജോർജിനെ എൻഡിഎയിലേക്ക് തിരികെ കൊണ്ടുവരാൻ ബിജെപി ശ്രമിക്കുന്നുണ്ട്.
മുന്നണിയിലേക്കെത്തിയാൽ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബിജെപി വിട്ടുകൊടുത്തേക്കും.
മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാടകീയ നീക്കങ്ങൾ. പ്രതികൾ തങ്ങൾ ആണെന്നവകാശപ്പെട്ട് കീഴടങ്ങാൻ നാലുപേർ മാന്നാർ പോലീസ് സ്റ്റേഷനിൽ എത്തി.
ബുധനാഴ്ചയാണ് സംഭവം. എറണാകുളം പറവൂർ സ്വദേശികളായ നാലുപേർ ഒരു കാറിലാണ് മാന്നാർ പോലീസ് സ്റ്റേഷനിൽ യുവതിയെ തട്ടിക്കൊണ്ടു പോയത് ഞങ്ങളാണ് എന്ന് അവകാശപ്പെട്ടു കീഴടങ്ങാൻ എത്തിയത്. എന്നാൽ പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഇവർ വ്യക്തമായ മറുപടി നൽകിയില്ല.
കേസിലെ പ്രധാന പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെ ഒരു നീക്കം എന്നാണ് പോലീസിന്റെ നിഗമനം.യുവാക്കളെ ഇപ്പോൾ മാന്നാർ പോലീസിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.
വാഷിംഗ്ടൺ: ഇന്ത്യ-പാക് വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് അമേരിക്ക. ദക്ഷിണേഷ്യയിൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള ക്രിയാത്മക നടപടിയാണിതെന്ന് അമേരിക്ക പ്രസ്താവനയിൽ പറഞ്ഞു.
ബൈഡൻ ഭരണകൂടം പാക്കിസ്ഥാനുൾപ്പെടെ മേഖലയിലെ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിവരികയാണ്. അതിർത്തിയിലെ ഈ പുരോഗതി മുന്നോട്ടുകൊണ്ടുപോകാൻ ഇരു രാജ്യങ്ങളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചെന്ന് ആരോപിച്ച് പ്രശസ്ത ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിനു നേരെ സംഘപരിവാർ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സൈബര്‍ ആക്രമണം.
ടോമിന്റെ വരാനിരിക്കുന്ന സ്‌പൈഡര്‍ മാന്‍ 3 എന്ന സിനിമ നിരോധിക്കണമെന്നാണ് പ്രചാരണം നടന്നത്.
ബോയ്‌കോട്ട് സ്‌പൈഡര്‍മാന്‍ എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. മോട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് പേര് നല്‍കിയതിനെ കളിയാക്കി കൊണ്ട് ടോം ഹോളണ്ട് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ് പ്രശ്നങ്ങൾക്ക് കാരണമായത്. യഥാര്‍ത്ഥത്തില്‍ ഇംഗ്ലീഷ് എഴുത്തുകാരനും ക്രിക്കറ്ററുമായ ടോം ഹോളണ്ട് എന്ന വ്യക്തിയാണ് ട്വീറ്റ് ചെയ്തത്.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപത്ത് സ്ഫോടകവസ്തു കണ്ടെത്തിയ സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി. വാഹനപരിശോധന കർശനമാക്കിയ പൊലീസ് പട്രോളിങ് വർധിപ്പിച്ചു. ഇന്നലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്കോർപിയോ കാറിൽ നിന്ന് ലഭിച്ച ജലാറ്റിൻ സ്റ്റിക്കുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാന ആഭ്യന്തരമന്ത്രി ഇന്നലെ രാത്രി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. ഇന്ന് ഉന്നതതല യോഗം ചേരും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 മുതല്‍ 40 സീറ്റ് ലഭിച്ചാല്‍ ബിജെപി കേരളം ഭരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ബിജെപിയുടെ കണക്കില്‍ ജയസാധ്യതയുള്ള 15 സീറ്റുകള്‍ വരെയുണ്ട്. മത്സരസാധ്യതയുള്ളത് കൂടി ചേര്‍ത്താല്‍ ആകെ എണ്ണം 40 വരും. ഇവയില്‍ പരമാവധി സീറ്റുകളില്‍ ജയിക്കുകയും ബാക്കിയുള്ളവയില്‍ രണ്ടാം സ്ഥാനത്തെത്തുകയുമാണ് ബിജെപി പ്രയോഗത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്.
ഇതിനിടെ സംസ്ഥാന അധ്യക്ഷന്റെ അഭാവത്തിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകളും ഏകോപനവുമായി സജീവമാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ പ്രഹ്ളാദ് ജോഷിയും ഒപ്പമുണ്ട്. പഴയ ശക്തിയില്ലെങ്കിലും ബിഡിജെഎസിനെയും, പിസി തോമസിനെയും ഒപ്പം കൂട്ടി കേരളത്തില്‍ കരുക്കള്‍ നീക്കുകയാണ് ബിജെപി.
ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുരേന്ദ്രന്റെ അവകാശവാദം.
കേരള സന്ദര്‍ശനം നടത്തിയ മുന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധിയെ മല്‍സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി എംപിയെ കടലില്‍ ചാടിച്ചത് അപകടം ക്ഷണിച്ചു വരുത്താനായിരുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ.സെക്രട്ടറി ബിന്നി ഇമ്മട്ടി പറഞ്ഞു.
അപകടത്തിന് ഇടയാക്കുന്ന വിധത്തില്‍ രാഹുല്‍ ഗാന്ധിയെ ആഴകടലിലറക്കിയ, കൂടെ ഉണ്ടായിരുന്ന കെ.സി. വേണുഗോപാല്‍, ടി.എന്‍. പ്രതാപന്‍ എന്നിവരുടെ ഗൂഡ ലക്ഷ്യം അന്വേഷിക്കണമെന്ന് ബിന്നി ഇമ്മട്ടി ആവശ്യപ്പെട്ടു. കിസാന്‍ സംഘര്‍ഷ് – കോ – ഓഡിനേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നടക്കുന്ന കര്‍ഷക സത്യാഗ്രഹത്തിന്റെ 66ാം ദിവസത്തെ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.ജി.ശങ്കരനാരായണന്‍ അദ്ധ്യക്ഷനായിരുന്നു. സംവിധായകന്‍ പ്രിയനന്ദനന്‍ സമരം ഉല്‍ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്ര ബാബു, കര്‍ഷക സംഘം നേതാക്കളായ എം.എം. അവറാച്ചന്‍, സെബി ജോസഫ് പെല്ലിശ്ശേരി, കെ.രവീന്ദ്രന്‍ ,എം.ശിവശങ്കരന്‍ , സണ്ണി ചെന്നിക്കര, എം.എസ്.പ്രദീപ് കുമാര്‍ , ടി.എസ്. സജീവന്‍, ഇ എം. വര്‍ഗിസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി മില്‍ട്ടന്‍ ജെ. തലക്കോട്ടൂര്‍ , ജില്ലാ പ്രസിഡന്റ് ബാബു ആന്റെണി, ജോ. സെക്രട്ടറി ജോയ് പ്ലാശ്ശേരി, കിസാന്‍ സഭ ജില്ലാ വൈ.പ്രസിഡന്റ് ഒ.എസ്. വേലായുധന്‍, തൃശൂര്‍ മണ്ഡലം പ്രസിഡന്റ് ഏ.സി.വേലായുധാന്‍ എന്നിവര്‍ സംസാരിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്ര സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. കൊല്ലം വാടി കടപ്പുറത്ത് നിന്ന് തൊഴിലാളികള്‍ക്കൊപ്പം പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെട്ട രാഹുല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെയെത്തിയത്.
മല്‍സ്യത്തൊഴിലാളികളുടെ അധ്വാനം നേരിട്ടുമനസിലാക്കുക എന്നതായിരുന്നു യാത്രയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് രാഹുല്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബിജെപി വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. ഒരു ചോദ്യ ചിഹ്നമാണ് സോഷ്യല്‍ മീഡിയയില്‍ എപി അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്.
ഇതിന് പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴേ കമന്റുകളുമായി എത്തിയിരിക്കുന്നത്. ‘ഇനി ഏത് പാര്‍ട്ടിയിലേക്ക് ചാടാം എന്നാണോ നോക്കുന്നത്’ എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.
കേരളത്തിലെ മൂന്ന് മുന്നണിയിലേക്കും ചാടിയെന്നും ഇനി ചാടാന്‍ മുന്നണികളില്ലെന്നും എപി അബ്ദുള്ളക്കുട്ടിയോട് ചിലര്‍ പറയുന്നുണ്ട്. ‘ഇനി എങ്ങോട്ട്? നല്ലവരായ മനുഷ്യസ്നേഹികളില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടുന്നു’ എന്നും ഫേസ്ബുക്കില്‍ കമന്റ് വരുന്നുണ്ട്.
എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച എപി അബ്ദുള്ളക്കുട്ടി 1995 മുതല്‍ 1999 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായും 1998 മുതല്‍ 2000 വരെ എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
സിപിഎമ്മില്‍ നിന്ന് എംപിയായ അദ്ദേഹത്തെ 2009 ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടി 2009ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗമായി.
2011-ലും കണ്ണൂരില്‍ നിന്ന് വീണ്ടും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 2016-ല്‍ തലശ്ശേരിയില്‍ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും തോറ്റു.
തുടര്‍ന്ന് 2019 ല്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. നിലവില്‍ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് എപി അബ്ദുള്ളക്കുട്ടി.