അയോധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ രൂപരേഖ പുറത്തിറക്കി ഇന്ത്യ ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്). സുപ്രിംകോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.

മസ്ജിദിനൊപ്പം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഉള്‍പ്പെടുന്നതാണ് ധന്നിപ്പുര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ അനുവദിച്ച 5 ഏക്കര്‍ ഭൂമിയില്‍ പണിയുന്ന സമുച്ചയം. പദ്ധതിക്കായി യുപി കേന്ദ്ര സുന്നി വഖഫ് ബോര്‍ഡാണ് ട്രസ്റ്റ് രൂപീകരിച്ചത്.

നിര്‍മാണങ്ങള്‍ റിപ്പബ്ലിക് ദിനത്തില്‍ ആരംഭിക്കും. ജാമിയ മില്ലിയ സ്‌കൂള്‍ ഓഫ് ആര്‍കിടെക്ചറിലെ ഡീന്‍ സയ്യിദ് മുഹമ്മദ് അക്തറാണ് ഈ രൂപരേഖ തയ്യാറാക്കിയത്. പോഷകാഹാരക്കുറവുമൂലം രോഗങ്ങളുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഉള്‍പ്പെടെ സമീപ്രദേശങ്ങളിലുള്ളവര്‍ക്ക് ആശുപത്രി ഏറെ പ്രയോജനകരമാകുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. മാനവ സേവയും സമുദായങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയുമാണ് സമുച്ചയത്തിന്റെ ലക്ഷ്യമെന്നാണ് അക്തര്‍ പറഞ്ഞത്.