പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സല്‍ദാന്‍ (25) ആണ് അറസ്റ്റിലായത്. ഡെന്റല്‍ ക്ലിനിക്കില്‍ ശനിയാഴ്ച വൈകിട്ട് 6.45ന് ആയിരുന്നു സംഭവം.
ക്ലിനിക്കിൽ ആരുമില്ലാതിരുന്ന സമയത്താണ് സൽദാൻ എത്തിയത്. വനിതാ ഡോക്ടറെ കടന്നുപിടിച്ച ശേഷം വായില്‍ തുണി തിരുകിയായിരുന്നു പീഡനശ്രമം. ഡോക്ടര്‍ ബഹളം വച്ചതോടെ ക്ലിനിക്കിലെ ജീവനക്കാരെത്തി. ഇതോടെ സൽദാൻ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശവാസികൾ ഓടിക്കൂടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ സൽദാനെ റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
നാടിന്റെ നൊമ്പരമെന്നോണം ശനിയാഴ്ച തോരാതെ മഴപെയ്തു. കരിങ്കണ്ണിക്കുന്നിലെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിലേക്ക് നാടൊന്നാകെ ഒഴുകിയെത്തി. അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ കരച്ചിലും കണ്ണീരുമായി വീട്ടുമുറ്റമൊരു സങ്കടക്കടലായി.
ആര്‍ക്കും പരസ്പരം ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ സാധിച്ചില്ല. ഹൃദയംപൊട്ടുന്ന വേദനയില്‍ സഹോദരങ്ങളായ അനൂപിനും ഷിനുവിനും തോരാമഴയില്‍ ജന്മനാട് യാത്രാമൊഴിയേകി.
വികാരി ഫാ. ജോര്‍ജ് കിഴക്കുംപുറത്തിന്റെ സാന്നിധ്യത്തില്‍ വീട്ടില്‍ നടന്ന മരണാനന്തരച്ചടങ്ങുകളില്‍ എല്ലാവരും അനൂപിനും ഷിനുവിനുമായി പ്രാര്‍ഥിച്ചു. പൊതുദര്‍ശനത്തിനുശേഷം പതിനൊന്നോടെ ഇരുവരുടെയും മൃതദേഹങ്ങള്‍ തെനേരി ഫാത്തിമമാത പള്ളിയിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോള്‍ തേങ്ങലുകള്‍ പൊട്ടിക്കരച്ചിലുകളായി. ഇരുവരുടെയും അവസാനയാത്ര നൊമ്പരക്കാഴ്ചയായി.
തെനേരി ഫാത്തിമമാത പള്ളിയിലെത്തിച്ചപ്പോഴും വലിയ ജനക്കൂട്ടമുണ്ടായിരുന്നു. മാനന്തവാടി രൂപത സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. വിടനല്‍കാന്‍നേരം മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം നെഞ്ചുപൊട്ടിക്കരഞ്ഞു. പിതാവ് വര്‍ക്കിയുടെയും മാതാവ് മോളിയുടെയും അനൂപിന്റെ ഭാര്യ ജിന്‍സി ജോസഫിന്റെയും സുഹൃത്തുക്കളുടെയും അന്ത്യചുംബനങ്ങളേറ്റുവാങ്ങി ഇരുവരും എന്നന്നേക്കുമായി മടങ്ങി.
രൂപത പിആര്‍ഒ ഫാ. ജോസ് കൊച്ചറക്കല്‍, മുള്ളന്‍കൊല്ലി ഫൊറോന വികാരി ജോര്‍ജ് ആലുക്ക, ഫാ. ജോര്‍ജ് കിഴക്കുംപുറം തുടങ്ങി ഒട്ടേറെ വൈദികരും സന്യസ്തരും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രീയ-സംസ്‌കാരിക രംഗത്തുള്ളവരും ഇരുവര്‍ക്കും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കോഴിഫാമില്‍നിന്ന് ഷോക്കേറ്റാണ് സഹോദരങ്ങളായ വാഴവറ്റ കരിങ്കണിക്കുന്ന് പൂവ്വംനില്‍ക്കുന്നതില്‍ അനൂപ്(38) സഹോദരന്‍ ഷിനു(35) എന്നിവര്‍ മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് കോഴിഫാമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഫെന്‍സിങ്ങില്‍നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രഥമിക നിഗമനം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അനൂപും ഷിനുവും നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവരുമായിരുന്നു.
കരിങ്കണ്ണിക്കുന്നില്‍ ലീസിനെടുത്ത് നടത്തിയ കോഴിഫാമിലായിരുന്നു അപകടം. 10 ദിവസം മുന്‍പാണ് കോഴിഫാം പ്രവര്‍ത്തനം തുടങ്ങിയത്. പ്രതീക്ഷയോടെ തുടങ്ങിയ ഫാമിലെ ദുരന്തത്തില്‍ പ്രിയപ്പെട്ടവര്‍ നഷ്ടമായതിന്റെ വേദനയിലാണ് വാഴവറ്റ, കരിങ്കണ്ണിക്കുന്ന് ഗ്രാമങ്ങള്‍.
യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ ജിം ട്രെയിനര്‍ അറസ്റ്റില്‍. വെസ്റ്റ്ഹില്‍ ശ്രീവത്സം വീട്ടില്‍ സംഗീത് (31) നെ കസബ പോലീസ് പിടികൂടി.
കോഴിക്കോട്ടുള്ള ജിമ്മിലെ ട്രെയിനറായ പ്രതി കാസര്‍കോടുള്ള യുവതിയുമായി പരിചയപ്പെടുകയും സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കഴിഞ്ഞ മാര്‍ച്ച് എട്ടിന് നഗരത്തിലെ ഒരു ലോഡ്ജിലെ റൂമില്‍ കൊണ്ടുപോയി ബലാത്സംഗംചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. വെസ്റ്റ് ഹില്ലില്‍ വെച്ച് പ്രതിയെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി രാജിവെച്ചു. വിവാദ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് രാജിവെച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ.ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. ഫോണ്‍ സംഭാഷണം ചോര്‍ത്തിയതിനാണ് ജലീലിനെ പുറത്താക്കിയത്.
നിലവിലെ സ്ഥിതിയില്‍ പോയാല്‍ സംസ്ഥാനത്ത് വീണ്ടും എല്‍ഡിഎഫ് അധികാരത്തിലേറുമെന്നുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് പുറത്തായത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ ബിജെപി കടന്നുകയറ്റം നടത്തുമെന്നും അദ്ദേഹം സംഭാഷണത്തിൽ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ള തര്‍ക്കങ്ങളിലും പ്രവര്‍ത്തനരീതികളിലും ആശങ്കപ്പെട്ട് പാര്‍ട്ടി പ്രാദേശിക നേതാവുമായുള്ള പാലോട് രവിയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്. ഇതിന് പിന്നാലെ വൻതോതിൽ വിമർശനങ്ങളുയർന്നിരുന്നു.
സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നദികളിൽ അപകടകരമാംവിധത്തിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പലയിടത്തും മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. അടുത്ത മൂന്ന് ദിവസം കേരളത്തിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത് കാലവർഷക്കാറ്റ് ശക്തമാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കണ്ണൂരിൽ വീടിന് മുകളിൽ മരണം വീണ് ഗൃഹനാഥൻ മരിച്ചു. താമരശ്ശേരിയിൽ മലവെള്ളപ്പാച്ചിൽ. ആലപ്പുഴയിൽ റെയിൽവേ ട്രാക്കിൽ മരം വീണു. കനത്ത മഴയിൽ നെന്മാറയിലും തൃശ്ശൂരിലും വീടുകൾ തകർന്നു. കാസർകോട് കൊന്നക്കാട് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം വീണു. ഇടുക്കിയിൽ മലയോരപാതയിൽ മണ്ണിടിഞ്ഞു.
കൊല്ലം ശാസ്താംകോട്ടയിൽ കട ഇടിഞ്ഞ് ഭൂമിയിലേക്ക് താണുപോയി. പള്ളിക്കശ്ശേരി ശ്രീമംഗലത്ത് കൃഷ്ണൻകുട്ടിയുടെ കടയാണ് ഇടിഞ്ഞ് താണു പോയത്. 23 വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റിൽ നിർമ്മിച്ച കടാണ് തകർന്നത്. ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പുനലൂർ മൂവാറ്റുപുഴ ദേശീയപാതയിൽ പത്തനാപുരം അലിമുക്കിൽ ലോറിക്ക് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീഴുകയായിരുന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം തകർന്ന സ്ഥിതിയാണ്. അലിമുക്ക് ജങ്ഷനിൽ സിമന്റ് ഇറക്കുന്നതിനായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.
പത്തനാപുരം മേഖലയിൽ വലിയ രീതിയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിറവന്തൂർ മേഖലയിൽ ഏഴോളം വൈദ്യുതത്തൂണുകളാണ് തകർന്നു വീണത്. വൈദ്യുതി വിതരണം പൂർണമായും നിലക്കുന്ന സ്ഥിതിയും ഉണ്ടായി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലം തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. അഞ്ച് സെന്റി മീറ്റർ വീതം രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. ജലനിരപ്പ് കുറഞ്ഞില്ലെങ്കിൽ 80 സെന്റി മീറ്റർ വരെ ഷട്ടറുകൾ ഉയർത്തുമെന്നാണ് വിവരം.
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വ്യാപകനാശനഷ്ടം. താമരശ്ശേരി കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. മണ്ണാത്തിയേറ്റ് മലയുടെ ഒരു ഭാഗമാകെ ഇടിഞ്ഞ് താഴോട്ട് പതിച്ചു. താഴ്വാരത്ത് പതിനേഴ് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ച മഴ കോഴിക്കോട് ഇപ്പോഴും പെയ്തു കൊണ്ടിരിക്കുകയാണ്. വിലങ്ങാട്ട് മിന്നൽച്ചുഴലിയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതിത്തൂണുകൾ നശിക്കുന്ന സാഹചര്യം ഉണ്ടായി. കുറ്റ്യാടി ചുരത്തിലെ ഒന്നാം വളവിൽ മരം വീണ് ഗതാഗതത്തടസ്സമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ശോഭ എന്ന സ്ത്രീയുടെ വീട്ടിലെ കിണർ ഇടിഞ്ഞു താണു.
ഇടുക്കിയിലെ മലയോരപാതകളിൽ മണ്ണിടിച്ചിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നേര്യമംഗലം ആറാം മെയിലിൽ മരം വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തേക്കടി മൂന്നാർ സംസ്ഥാന പാതയിലും നെടുങ്കണ്ടം – കമ്പം അന്തർ സംസ്ഥാന പാതയിലും വ്യാപകമായി മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കല്ലാർ, കൂട്ടാർ, ബാലഗ്രാം തുടങ്ങിയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ജില്ലയിൽ മഴ ശക്തമായിത്തന്നെ തുടരുന്നുണ്ട്. മലയോര മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതുകൊണ്ട് തന്നെ തോടുകളും പുഴകളും നിറഞ്ഞ് ഒഴുകുന്നുണ്ട്. ദേവിയാർ പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. നേര്യമംഗലം കുളമാങ്കുഴി ആദിവാസി ഉന്നതിയിലേക്കുള്ള പാതയിൽ വെള്ളം കയറിയിട്ടുണ്ട്.
പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ എട്ട് ഇഞ്ച് വീതമാണ് നാല് ഷട്ടറുകളും തുറന്നിട്ടുള്ളത്. ഇത് ഘട്ടം ഘട്ടം ആയി വർധിപ്പിച്ച് 12 ഇഞ്ച് ആക്കി ഉയർത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇരിങ്ങാലക്കുട പടിയൂരിൽ മിന്നൽച്ചുഴലിയും റിപ്പോർട്ട് ചെയ്തു. വീടിന്റെ മേൽക്കൂര പറന്നു പോയി. മരങ്ങൾ കടപുഴകി വീണു.
കോട്ടയം ജില്ലയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ജില്ലയില്‍ അങ്ങോളമിങ്ങോളം നിരവധി സ്ഥലങ്ങളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വൈദ്യുതി വിതരണവും താറുമാറായി. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരുമെന്ന് കെഎസ്ഇബി അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് മിക്കയിടങ്ങളിലും ശക്തമായ കാറ്റ് വീശിയത്. വൈക്കം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരം വീണ് വാഹനങ്ങള്‍ക്ക് കേടുപാട് പറ്റി. കിടങ്ങൂര്‍, കാണക്കാരി, കുറുപ്പുന്തറ എന്നിവിടങ്ങളില്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി ചോറ്റി, പൈങ്ങന എന്നിവടങ്ങളിലും മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു.
കൂടല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തും കുമരകം റോഡിലും സിഎംഎസ് കോളേജിന്റെ മുന്നിലും മരം വീണു. മണിക്കൂറുകള്‍ ശ്രമപ്പെട്ടാണ് അഗ്നിരക്ഷാസേന മരങ്ങള്‍ മുറിച്ചുമാറ്റിയത്. പനച്ചിക്കാട് സഹകരണ ബാങ്കിന്റെ മേല്‍ക്കൂരയിലെ ഏഴ് സോളാര്‍ പാനലുകള്‍ പറന്നു പോയി. പാനലുകള്‍ സമീപത്തെ കൃഷിഭവന്റെ മേല്‍ക്കുരയില്‍ വീണ് സീലിംഗ് തകര്‍ന്നു. ഈരാറ്റുപേട്ട വെയില്‍കാണാംപാറ വയലില്‍ ജോര്‍ജിന്റെ വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ചേര്‍പ്പുങ്കലില്‍ മരം വീണ് ഉപ്പുതറ സ്വദേശിയുടെ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു. കാറ്റ് കനത്ത ദുരിതം വിതച്ചെങ്കിലും ആളപായമില്ല എന്നത് മാത്രമാണ് ആശ്വാസം. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നത്. അതിസുരക്ഷാ ജയിലില്‍ നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ശക്തമായ തിരച്ചിലിനിടെ രണ്ട് കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്.
ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏകാന്ത സെല്ലിലാണ് പാര്‍പ്പിക്കുക. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടും കുറ്റവാളികള്‍ മാത്രമാണ് ഉള്ളത്. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജ്ജമാണ്. സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാന്‍ പോലും സെല്ലിന് പുറത്തേക്കിറക്കില്ല. സെല്ലില്‍ ഇരുന്നുകൊണ്ട് തന്നെ കഴിക്കണം. ആറ് മീറ്റര്‍ ഉയരത്തില്‍ 700 മീറ്റര്‍ ചുറ്റളവിലാണ് വിയ്യൂരിലെ മതില്‍ പണിതിരിക്കുന്നത്.
കണ്ണൂര്‍ ജയിലില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തില്‍ നാല് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലിനകത്തെ ഇലക്ട്രിക് ഫെന്‍സിങും സിസിടിവികളും പ്രവര്‍ത്തന ക്ഷമമാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകള്‍ തുടരുകയാണ്. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ ജയിലില്‍ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായിട്ടുണ്ട്. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്നാണ് ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. ആരോ ഒരാള്‍ ജയില്‍ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ട ശേഷം മാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്.
സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയുടെ എതിര്‍പ്പ് തള്ളി സര്‍ക്കാര്‍. ഈ വര്‍ഷം പുതുക്കിയ സമയക്രമം തുടരും. സംസ്ഥാനത്ത് നടപ്പാക്കിയ സ്‌കൂള്‍ സമയമാറ്റം ഈ അധ്യയനവര്‍ഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ എടുത്ത തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്തുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ചിലര്‍ അഭിപ്രായവ്യത്യാസം അറിയിച്ചു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. രാവിലെ 10ന് തുടങ്ങുന്ന ക്ലാസുകള്‍ 9.45ന് ആരംഭിക്കുന്നുവെന്ന് മാത്രമേ ഉള്ളൂ. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും പരാതി അടുത്ത വര്‍ഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സമസ്തയ്ക്ക് ഇതു സംബന്ധിച്ച് ഒരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
സിഎംഎസ്, കെപിഎസ്എംഎ, എയിഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍, മദ്രസാ ബോര്‍ഡ്, മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി, എല്‍എംഎസ്, എസ്എന്‍ ട്രസ്റ്റ് സ്‌കൂള്‍സ്, എസ്എന്‍ഡിപി യോഗം സ്‌കൂള്‍സ്, കേരള എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍, സമസ്ത ഇകെ വിഭാഗം, എപി വിഭാഗം, എന്‍എസ്എസ് എന്നീ സംഘടനകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളിൽ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.
ശനിയാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
മഹാരാഷ്ട്ര തീരംമുതൽ കേരള തീരംവരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നു.
ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി പോലീസിന്റെ പിടിയിലായി. തളാപ്പിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്തെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടി. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.
തളാപ്പിലുള്ള കണ്ണൂര്‍ ഡിസിസി ഓഫീസ് പരിസരത്തു വെച്ചാണ് ഗോവിന്ദച്ചാമിയെ കണ്ടതായുള്ള സൂചനകള്‍ ലഭിച്ചത്. ഒമ്പത് മണിയോടെയാണ് ഇത്തരത്തിലുള്ള ഒരാളെ കണ്ടത്. ജയില്‍ ചാടിയ വാര്‍ത്ത ഇതിനോടകം പുറത്ത് വന്നതിനെത്തുടര്‍ന്ന് സംശയം തോന്നി ഗോവിന്ദച്ചാമിയെന്ന് ബസ് ഡ്രൈവര്‍ വിളിച്ച് പറഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ ഓടിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടർന്ന് തളാപ്പ് മേഖലയിലെത്തിയ ഗോവിന്ദച്ചാമി സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് കയറിയതായി സൂചനകൾ ലഭിച്ചിരുന്നു. വീട് വളഞ്ഞ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പിടിയിലായ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രതിക്കായി പഴുതകളടച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. നഗരം വിട്ടുപോയിട്ടില്ലെന്നുതന്നെയായിരുന്നു പോലീസ് നിഗമനം. ഇത് ശരിവെക്കുന്നതായിരുന്നു പിന്നീട് പ്രതിയെ കണ്ണൂർ നഗരത്തിൽ പ്രതിയെ കണ്ടെന്ന സൂചനകൾ. ഗോവിന്ദച്ചാമി നടന്നുനീങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇത് പ്രതിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്. സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില്‍ തുണികള്‍ കൂട്ടിക്കെട്ടി ചാടിക്കടക്കുകയായിരുന്നു.