കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് സാധ്യതപട്ടികയ്ക്ക് രൂപം നല്‍കി. തിങ്കളാഴ്ചയാണ് അന്തിമപട്ടിക തയാറാക്കാന്‍ ഡല്‍ഹിയില്‍ സ്ക്രീനിങ് കമ്മിറ്റി യോഗം.
ഇന്ദിരഭവനില്‍ രണ്ടരമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സാധ്യതപട്ടികയ്ക്ക് രൂപമായത്. സിറ്റിങ് സീറ്റുകളില്‍ വയനാട് ഒഴിച്ചുളള മണ്ഡലങ്ങളിലെല്ലാം നിലവിലുള്ള എംപിമാരുടെ പേരുകളേ ഉള്ളൂ. ആലപ്പുഴയില്‍ കെ.സി.വേണുഗോപാലും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനും മല്‍സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും. എറണാകുളത്ത് കെ.വി തോമസിനും പത്തനംതിട്ടയില്‍ ആന്‍റോ ആന്‍റണിക്കും പകരം ആളെ നിര്‍ത്തുന്ന കാര്യത്തിലും ദേശീയനേതൃത്വത്തിന്റേതായിരിക്കും അന്തിമവാക്ക്.
വയനാട് കെ.മുരളീധരന് പുറമെ എം.എം. ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്, ചാലക്കുടി ബെന്നി ബഹനാന്‍, തൃശൂര്‍ വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍, ആലത്തൂര്‍ രമ്യഹരിദാസ്, സി.സി ശ്രീകുമാര്‍, പാലക്കാട് വി.കെ ശ്രീകണ്ഠന്‍, ഇടുക്കി ഉമ്മന്‍ചാണ്ടി, ജോസഫ് വാഴയ്ക്കന്‍, ഡീന്‍ കുര്യാക്കോസ്, കാസര്‍കോട് സുബയ്യ റൈ, എ.പി അബ്ദുള്ളക്കുട്ടി, കണ്ണൂര്‍ കെ.സുധാകരന്‍ തുടങ്ങിയവര്‍ സാധ്യത പട്ടികയിലുണ്ട്.
മുന്‍ കെ.പി.സി സി പ്രസിഡന്റുമാരോടും വി.ഡി.സതീശനോടും അന്തിമഘട്ട ചര്‍ച്ച നടക്കുമ്പോള്‍ ഡല്‍ഹിയില്‍ ഉണ്ടാകണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ക്രിനിങ് കമ്മിറ്റി യോഗത്തിനായി നാളെ വൈകിട്ട് നേതാക്കള്‍ ഡല്‍ഹിക്കുപോകും.
വ്യക്തമായി അറിയാമായിരുന്നിട്ടും തീരദേശ സംരക്ഷണ നിയമവും, തണ്ണീര്‍ത്തട നിയമവും ലംഘിച്ചു കൊണ്ട് 600 മീറ്റര്‍ നീളത്തില്‍ ആറു മീറ്റര്‍ വീതിയില്‍ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ നിന്ന് സുഭാഷ് ചന്ദ്രബോസ് റോഡ് വരെയുള്ള കൊച്ചിക്കായല്‍ റോഡ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത കൊച്ചി മേയര്‍ രാജിവെക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഇത്രവലിയ ഒരു അഴിമതി നടന്നിട്ടും ഇതിനെതിരെ ഒരു അക്ഷരം പ്രതികരിക്കാന്‍ പ്രതിപക്ഷമോ മറ്റു കക്ഷികളോ തയ്യാറായില്ല എന്നത്, അവര്‍ക്കും ഇതില്‍ പങ്കുണ്ട് എന്ന് തെളിയിക്കുന്നു.
ഈറോഡ് നിര്‍മാണത്തിലൂടെ ചിലവന്നൂര്‍ കായലിലെ ഒഴുക്ക് കുറയുന്നു എന്ന് മാത്രമല്ല, ഇതിന്റെ സമീപത്തുള്ള വലിയൊരു പ്രദേശം നികത്തി എടുക്കുവാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കുറുക്കുവഴി കൂടിയായി ഇതിനെ കാണണം. ഇതിന്റെ പിന്നില്‍ ശക്തമായ റിയല്‍എസ്റ്റേറ്റ് മാഫിയ ഉണ്ട്. അതിന്റെ ദല്ലാളായി മേയറും കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥരും ഭരണ-പ്രതിപക്ഷ ങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു.

ഇക്കാര്യത്തില്‍ കായല്‍ നികത്തലിന് സ്റ്റോപ്പ് മെമ്മോ കൊടുത്ത വില്ലേജ് ഓഫീസറെ സ്ഥലം മാറ്റാന്‍ വരെ ശ്രമം നടത്തിയതാണ്. പ്രതിഷേധത്തെ തുടര്‍ന്ന് രാത്രിയില്‍ തന്നെ ഉത്തരവ് പിന്‍വലിക്കുകയാണ് ചെയ്തത്. ഈ അഴിമതി നടത്തിയ മേയര്‍ക്ക് ഇനി ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കുന്നു. പ്രതിഷേധ സമരം ബെന്നി ജോസഫ് ജനപക്ഷം ഉദ്ഘാടനം ചെയ്തു, നിപുന്‍ ചെറിയാന്‍, അഷ്‌കര്‍ ബാബു, ഡൊമിനിക് ചാണ്ടി, ഫോജി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം: അരുവിക്കര എംഎല്‍എ ശബരീനാഥനും തിരുവനന്തപുരം മുന്‍ സബ്കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫെയിസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ മന്ത്രിയും സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി.കാര്‍ത്തികേയന്റെ മകനായ ശബരീനാഥന്‍ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് എംഎല്‍എയായത്. പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യയുമായുള്ള വിവാഹം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും പിന്നീട് സംസ്ഥാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ശബരീനാഥന്‍ വിജയം നേടി. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന ശബരീനാഥന്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലെ ജോലി രാജിവെച്ചാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. കേരള സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറായി വിരമിച്ച ഡോ. എംടി സുലേഖയാണ് അമ്മ.
ഐഎസ്ആര്‍ഓ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും എസ്ബിടിയില്‍ ഓഫീസറായിരുന്ന ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ അയ്യര്‍. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ സിവില്‍ സര്‍വീസിലേക്കെത്തുന്നത്. ഗായിക, നര്‍ത്തകി, അഭിനേതാവ്, എഴുത്തുകാരി തുടങ്ങിയ നിലകളിലും പ്രശസ്തയാണ്.
എതിര്‍ സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് യുഡിഎഫ് നിയുക്ത സ്ഥാനാര്‍ഥി ശശി തരൂര്‍. വ്യക്തികള്‍ക്കല്ല നിലപാടുകള്‍ക്കാണ് പ്രാധാന്യമെന്ന് തരൂര്‍ തിരുവനന്തപുരത്ത് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മറ്റൊരു പാർട്ടിയുടെ സ്ഥാനർഥിയെ പറ്റി ചിന്തിക്കുന്നില്ല. നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാൻ എത്തുമെന്നാണ് ആദ്യം കേട്ടത്. എന്നാൽ ആര് വന്നാലും താൻ ഉയർത്തി കാട്ടുന്നത് സ്വന്തം പ്രവർത്തനമാണന്ന് ശശി തരൂർ പറയുന്നു.
അവരുടെ വ്യക്തിത്വത്തെ അല്ല എതിർക്കുന്നത്. അവരുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തപ്പെടേണ്ടത്. ബിജെപി അഞ്ച് വർഷമായി കേന്ദ്രത്തിൽ ഭരിക്കുന്നു. സിപിഎം കേരളത്തിൽ മൂന്ന് വർഷമായി ഭരണത്തിലുണ്ട്. ഞാൻ ചൂണ്ടികാട്ടുന്നത് പത്ത് വർഷമായി മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളാണന്ന് ശശി തരൂർ പറഞ്ഞു.
കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നടത്തോളം നല്ല മനുഷ്യനാണ് തരൂർ പറഞ്ഞു. മുൻ ഗവറണറും മുൻ മന്ത്രിയുമാണ് എതിർ സ്ഥാനർഥികൾ. അവരുടെ വ്യക്തി പരമായ കാര്യങ്ങൾ പരാമർശിക്കാൻ താനില്ലെന്നും യുഡിഎഫിന്റെ നിയുക്ത സ്ഥാനർഥി പറഞ്ഞു.
മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവെച്ചു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. തിരുവനന്തപുരത്ത് മത്സരിക്കാനാണ് സാധ്യത കൂടുതലും.
ബിജെപി ദേശീയ നേതൃത്യം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. കുമ്മനം ബിജെപി സംസ്ഥാന നേതാക്കളുമായി സംസാരിച്ചുവെന്നാണ് വിവരം. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ലെന്നുമാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയുന്നുണ്ട്.
തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി അറസ്റ്റില്‍. മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അല്‍ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
പതിനഞ്ച് വയസുകാരിയെ കാറില്‍ കയറ്റി വനപ്രദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തൊളിക്കോട് പള്ളിയിലെ ഇമാമായിരുന്ന ഷെഫീഖ് അല്‍ ഖാസിമി പിടിയിലായത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ അല്‍ ഖാസിമി മൂന്നാഴ്ചക്ക് ശേഷമാണ് പിടിയിലാകുന്നത്. അല്‍ ഖാസിമിയും സഹായിയായ ഫാസിലും മധുരയിലെ ഉള്‍പ്രദേശത്തെ ലോഡ്ജിലായിരുന്നു. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന ഇമാം അതെല്ലാം മാറ്റിയാണ് ഒളിവില്‍ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്.
ആദ്യഘട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സഹോദരന്‍ നൗഷാദ് നാല് ദിവസം മുന്‍പ് പിടിയിലായിരുന്നു. നൗഷാദ് നല്‍കിയ മൊഴിയാണ് ഇമാമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തമിഴ്നാട്ടിലെ അതിര്‍ത്തി നഗരങ്ങളിലുണ്ടെന്ന് പറഞ്ഞതിനൊപ്പം ഇമാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും കൂടെയുള്ള ഫാസിലിന്റെ മൊബൈല്‍ നമ്പരും പറഞ്ഞു. ഇത് പിന്തുടര്‍ന്നായിരുന്നു അന്വേഷണം.
പ്രത്യേകസംഘത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഡി.അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്. പഠനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതോടെയാണ് പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് തൊളിക്കോട് പള്ളിയിലെ മുന്‍ ഇമാമായ ഖാസിമി പൊലീസിനോട് പറഞ്ഞു. ഈ പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി വാഹനത്തില്‍ കയറാന്‍ തയാറായത്. പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി മൊഴിനല്‍കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.
മധുര: തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മതപ്രഭാഷകൻ ഷെഫീഖ് അൽ ഖാസിമി പിടിയിലായി. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വ്യാപകമായി ഇമാമിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ഇമാം രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം.
പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഷഫീഖ് അൽഖാസിമിയെ ഇമാം സ്ഥാനത്തുനിന്ന് പള്ളി കമ്മിറ്റി നീക്കിയിരുന്നു. ഒാൾ ഇന്ത്യ ഇമാംസ് കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമിയ ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ സംഘടിപ്പിച്ച ഗാനമേള അവസാനിച്ചത് സംഘര്‍ഷത്തില്‍. പത്താം ഉത്സവത്തോട് അനുബന്ധിച്ചാണ് ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രശസ്ത ഗായിക റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
അതേസമയം സംഘര്‍ഷ സ്ഥലത്തു നിന്നും ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു. തല്ല് മുറുകിയപ്പോഴാണ് റിമി അവിടെ നിന്നും പിന്‍വാങ്ങിയത്. യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്കും നാശം വരുത്തിയിട്ടുണ്ട്.
‘ചേമന്തിച്ചേലും കൊണ്ടേ’ എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഗായകന്റെ ചെവിയില്‍ യുവാവ് എന്തോ പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്റ്റേജില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പിന്നാലെ പോലീസ് എത്തി ലാത്തി ചാര്‍ജ്ജ് വീശുകയായിരുന്നു. ആവശ്യത്തിലധികം സ്റ്റേജില്‍ കേറ്റിയല്ലോ ചേട്ടാ… എന്ന് ഗായകന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്. ‘ചെക്കന്‍ അധികപ്പറ്റാണ് കാണിക്കുന്നതെന്നും, ഈ വഴക്കുണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് കാണികളില്‍ ചിലര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്’. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിരനോടകം വൈറലാകുന്നുണ്ട്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും പിസി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി മത്സരിക്കും. പത്തനംതിട്ടയിൽ ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ നേരിട്ട് മത്സരത്തിനിറങ്ങും.
കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കുന്ന പക്ഷം ജനപക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ജനപക്ഷം എക്സിക്യൂട്ടീവില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന് ഒമ്പതംഗ സമിതിയേയും എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം; ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടംഗസംഘം അവസാനം വലയിലായി. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രായമായ സ്ത്രീകളുടെ അടുത്ത് ബൈക്കിലെത്തിയശേഷം ഒരാള്‍ ഇറങ്ങിച്ചെന്ന് വഴിയോ സ്ഥലപ്പേരോ ചോദിച്ച് അവരുടെ മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. ബൈക്ക് ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റെയാള്‍ കൈകൊണ്ട് മുഖം മറച്ചുമാണ് മാല അപഹരിച്ചിരുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയശേഷമാണ് മാല പൊട്ടിക്കാന്‍ ഇറങ്ങുന്നത്.
ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്ന ചാത്തങ്കരി കളത്തില്‍ ശാരദാമ്മയുടെ (78) ഒന്നര പവന്റെ മാലയും പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്ത് ശാന്തമ്മയുടെ (63) ഒന്നര പവന്റെ മാലയും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് നാലിനായിരുന്നു ശാരദാമ്മയുടെ മാല മോഷ്ടിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും ദീപക്കും കടയില്‍ കയറി സോഡാ വാങ്ങി പണം നല്‍കിയശേഷമാണ് ശാരദാമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഞൊടിയിടയില്‍ സ്ഥലം വിട്ടത്. വെളുത്ത രണ്ടു യുവാക്കളാണ് മാല പൊട്ടിച്ചതെന്ന് ശാരദാമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ മാല ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഫെബ്രുവരി 9നാണ് ശാന്തമ്മയുടെയുടെ ഒന്നര പവന്റെ മാലപൊട്ടിച്ചെടുത്തത്.
തിരുവല്ല മനയ്ക്കച്ചിറയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ് പ്രതികളായ ദീപക്കും വിഷ്ണുവും. സ്വകാര്യ സ്ഥാപനത്തില്‍ മാന്യമായ ശമ്പളത്തില്‍ ജോലി ചെയ്തുവന്ന ഇരുവരും നല്ല സാമ്പത്തികശേഷിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇവര്‍ ആര്‍ഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. വിലകൂടിയ മൊബൈല്‍ ഫോണുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആര്‍ടി ഓഫീസുകളില്‍ നിന്നും ഷോറൂമുകളില്‍ നിന്നും ലഭിച്ച ആയിരത്തോളം ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ കുടുക്കിയത്.
തിരുവല്ല ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റ നേതൃത്വത്തില്‍ തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, പുളിക്കീഴ് എസ്.ഐ വിപിന്‍കുമാര്‍, എസ്.ഐ ബി.ശ്യാം, ഷാഡോ ടീമിലെ എ.എസ്.ഐമാരായ അജി ശാമുവേല്‍, എസ്.രാധാകൃഷ്ണന്‍, ടി.ഡി ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍.അജികുമാര്‍, വി.എസ്. സുജിത്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.