Kerala

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂൺ 4-ാം തീയതി ഫലപ്രഖ്യാപനം നടന്നപ്പോൾ എല്ലാ പ്രവചനങ്ങളെയും കാറ്റിൽ പറത്തി നിർണ്ണായക മാറ്റങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചത്. അതിരാവിലെ 4 മണി മുതൽ വാശിയേറിയ ചർച്ചകളും സംവാദങ്ങളും ആണ് കേരളത്തിലെയും ദേശീയതലത്തിലെയും തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യുകെയിലുടനീളമുള്ള മലയാളികളുടെ ഇടയിൽ നടന്നത്. അതിൽ ഏറ്റവും കൂടുതൽ ചർച്ചയായത് രാഹുൽഗാന്ധി രണ്ട് മണ്ഡലങ്ങളിലും ജയിച്ച സാഹചര്യത്തിൽ ആര് ഇനി വയനാട് മണ്ഡലത്തിൽ മത്സരിക്കും എന്നുള്ളതായിരുന്നു.

യുകെ മലയാളികൾ ആഗ്രഹിച്ചതു പോലെ പ്രിയങ്ക ഗാന്ധി ലോകമെങ്ങുമുള്ള മലയാളികളുടെ പ്രിയങ്കരിയായി കേരളത്തിൽ മത്സരിക്കുമെന്നുള്ളത് ഏകദേശം ഉറപ്പായതായാണ് സൂചനകൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ വയനാട്ടിൽ നാമനിർദ്ദേശം സമർപ്പിക്കും. അങ്ങനെ ഇന്ദിരയുടെ കൊച്ചുമകനും കൊച്ചുമകളും കേരളത്തിൽ നിന്നുള്ള എംപിമാരായി ചരിത്രം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്.

യുകെയിലെ തിരഞ്ഞെടുപ്പ് അവലോകന മലയാളി കൂട്ടായ്മകളിൽ വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി വരാനുള്ള ആഗ്രഹം ഒട്ടേറെ പേർ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഗാന്ധി കുടുംബത്തോട് എപ്പോഴും വൈകാരികമായ അടുപ്പമുള്ളവരാണ് യുകെ മലയാളികൾ. കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിട്ട അവസരത്തിൽ രാഹുൽഗാന്ധിക്ക് താങ്ങും തണലുമായിരുന്നവരാണ് വയനാട്ടിലെ വോട്ടർമാർ. ഈ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും രണ്ടിടത്തും വിജയിക്കുകയാണെങ്കിൽ വയനാട് ഉപേക്ഷിക്കാനുള്ള വിമുഖത രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ നിർത്തുന്നതിലൂടെ രാഹുൽ ഗാന്ധി മണ്ഡലം കൈയ്യൊഴിയുന്നുവെന്ന എതിരാളികളുടെ പ്രചാരണത്തെയും തടയിടാനാവുമെന്നാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പ്രിയങ്ക ഗാന്ധി അമേഠിയിൽ മത്സരിക്കാതിരുന്നതിന്റെയും പിന്നിലും രാഹുൽ എം.പി സ്ഥാനമൊഴിയുമ്പോൾ വയനാട്ടിൽ മത്സരിക്കും എന്ന ലക്ഷ്യം വച്ചായിരുന്നു .

ഇതിനിടെ കെ . മുരളീധരൻ വയനാട്ടിൽ മത്സരിക്കും എന്ന രീതിയിലുള്ള പ്രചാരണങ്ങൾ അസ്ഥാനത്താണെന്നാണ് അറിയാൻ സാധിച്ചത്. ദേശീയ രാഷ്ട്രീയത്തിനു പകരം കേരളത്തിൽ സജീവമാകാനാണ് അദ്ദേഹം താത്‌പര്യപ്പെടുന്നത്. നേരത്തെ കെപിസിസി പ്രസിഡൻ്റായിരുന്ന കെ മുരളീധരൻ സംഘടനാതലത്തിലും മറ്റും കേരളത്തിൽ സജീവമാകുന്നത് ചിലർക്ക് ഭീഷണിയാകുമെന്ന കണക്കുകൂട്ടലുകളാണ് അദ്ദേഹത്തെ ലോക്സഭയിലേയ്ക്ക് വീണ്ടും മത്സരിപ്പിക്കാനുള്ള ചർച്ചകൾക്ക് പിന്നിലെന്ന സംസാരവും നിലവിലുണ്ട്. നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും കെ മുരളീധരനും ഒത്തുചേർന്ന ഒരു അച്ചുതണ്ട് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ രൂപപ്പെട്ടാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ ദിവസം കെ മുരളീധരന്റെ വീട്ടിലെത്തി കെപിസിസി പ്രസിഡൻറ് നടത്തിയ ചർച്ചകൾ രാഷ്ട്രീയ കേരളം ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയുടെ പരാജയത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ്. നാടുമായി ഒരു ബന്ധവുമില്ലാത്തയാളാണ് അനിലെന്നും ബി.ജെ.പിയുടെ വോട്ട് പോലും അദ്ദേഹത്തിന് കിട്ടിയില്ലെന്നും ജോര്‍ജ് പറഞ്ഞു.

അയാള്‍ക്ക് ഉണ്ടാക്കാവുന്നതില്‍ ഏറ്റവും വലിയ ഓളമാണ് ഇപ്പൊ ഉണ്ടാക്കിയത്. ഇതില്‍ കൂടുതല്‍ പറ്റില്ല. കാരണം നാടുമായി ഒരുബന്ധവുമില്ല. പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ട് വന്നതാണെന്നേ ഉള്ളൂ. ബി.ജെ.പിയുടെ വോട്ട് പോലും വീണില്ല.

തൃശൂരെങ്ങനെയാ സുരേഷ് ഗോപി വോട്ട് നേടിയത്? അയാളവിടെ പോയങ്ങ് കിടക്കുകയാ. നാടുമായിട്ടുള്ള ബന്ധം. എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട്, എല്ലാവരുമായും ബന്ധം സ്ഥാപിച്ചു.’ -ജോര്‍ജ് പറഞ്ഞു.

അനില്‍ ആന്റണിയെ ഞാന്‍ ആദ്യമായി അറിയുന്നത് ഇവിടെ വന്നിട്ടാണ്. അതിന് മുമ്പ് അറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം പാളിപ്പോയി. കെ. സുരേന്ദ്രനോ രമേശോ കുമ്മനം രാജശേഖരനോ ശ്രീധരന്‍പിള്ളയോ നിന്നിരുന്നെങ്കില്‍ ഇവിടെ ബി.ജെ.പി. വിജയിച്ചേനെ. ഇയാളെ ആളുകള്‍ക്ക് അറിയില്ല. മലയാളത്തില്‍ പ്രസംഗിക്കാനും അറിയില്ല.’

കേന്ദ്രത്തില്‍ മോദിസര്‍ക്കാരിന്റെ പ്രഭാവം കുറഞ്ഞിട്ടുണ്ട്. അത് നന്നായി എന്നാണ് എന്റെ അഭിപ്രായം. കാരണം, ജനം ഇങ്ങനെയും ചെയ്യുമെന്ന് നമ്മുടെ പല നേതാക്കളും മനസിലാക്കട്ടെ. അതിന്റെ ഗുണം എന്താന്നുവെച്ചാല്‍ വരുന്നകാലത്ത് കുറവുകള്‍ എന്താണെന്ന് പരിശോധിച്ച് തിരുത്തി ശക്തമായി പോകാന്‍ കഴിയും.

അങ്ങനെ പോയാല്‍ ഇന്ത്യ മഹാരാജ്യം ബി.ജെ.പിയുടെ കയ്യില്‍ 15 കൊല്ലത്തേക്ക് കൂടി സുരക്ഷിതമായിരിക്കുമെന്നതില്‍ സംശയം വേണ്ട.’ -ജോര്‍ജ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരിടത്തും കണ്ടില്ലെന്നും അതുകൊണ്ടാണ് അവിടെ ബി.ജെ.പിയ്ക്ക് തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാഴിക്കാടന്‍ ശുദ്ധനാ, അതിന്റെ നേതാവാ കുഴപ്പക്കാരന്‍. ജോസ് കെ. മാണി ഉള്ളിടത്ത് രക്ഷപ്പെടുകയില്ല. ചാഴിക്കാടന്‍ മാറി ജോസഫിന്റെ കൂട്ടത്തിലെങ്ങാന്‍ കൂടിയാല്‍ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അവനൊരു നല്ല ചെറുക്കനാ. മാണി ഗ്രൂപ്പ് പിരിച്ചുവിടുന്നതാണ് നല്ലത്. ജോസ് കെ. മാണിക്ക് ശ്രീലങ്കയിലൊക്കെ ബിസിനസുണ്ടല്ലോ. നമ്മുടെ പിണറായിയുടെയൊക്കെ ഷെയറായിട്ടാണെന്നാണ് പറയുന്നത്. അതൊക്കെ നോക്കിനടത്തട്ടെ.’ -പി.സി. ജോര്‍ജ് പറഞ്ഞു.

നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായ നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി ധ്യാൻ നാരായണ നാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്.

രക്ഷിതാക്കൾ നീന്തൽ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങി പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ഉടൻ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

ഇടുക്കി പൈനാവിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പരിക്കേറ്റിട്ടുണ്ട്. പൈനാവ് സ്വദേശികളായ അന്നക്കുട്ടി (57) കൊച്ചുമകളായ ദിയ എന്നിവർക്കാണ് പൊള്ളലേറ്റത്. കഞ്ഞിക്കുഴി സ്വദേശിയായ സന്തോഷാണ് ആക്രമണത്തിന് പിന്നിൽ.

വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. സന്തോഷിന്റെ ഭാര്യാമാതാവ്, ഭാര്യയുടെ സഹോദരന്റെ മകൾ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം.

ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കുഞ്ഞിന് 30 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഭാര്യാമാതാവ് അന്നക്കുട്ടിയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. രണ്ടുപേരേയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ കോട്ടയത്തെ താരമണ്ഡലമാക്കിയ ഘടകം കേരളാ കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയിരുന്നു. ആദ്യം ചിഹ്നത്തിന് വേണ്ടിയായിരുന്നു പോരാട്ടം. അന്ന് വിജയം ജോസ് കെ മാണിയ്ക്ക് ഒപ്പം നിന്നു. ലേക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും ചിഹ്നത്തിനായി അവസാനം വരെ കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ അംഗീകാരം കിട്ടിയ ഓട്ടോ ചിഹ്നത്തില്‍ ഡല്‍ഹിയ്ക്ക് ഫ്രാന്‍സിസ് ജോര്‍ജ് ടിക്കറ്റ് എടുക്കുമ്പോള്‍ ആ വിജയം പി.ജെ ജോസഫിന് അവകാശപ്പെട്ടതാണ്.

2020 ല്‍ ആണ് ജോസ് പക്ഷം യുഡിഎഫിനെ വിട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നത്. പിന്നീട് 2021 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മാണി സി കാപ്പനോട് ജോസ് കെ മാണി പരാജയപ്പെട്ടു. എല്‍ഡിഎഫ് തരംഗത്തിലും സ്വന്തം തട്ടകത്തില്‍ ജോസ് കെ മാണി രുചിച്ച പരാജയം ജോസഫ് ജോസ് പോരാട്ടത്തിലെ നാഴികകല്ലാണ്. പിന്നീട് ജോസ് കെ മാണി ഇടതുമുന്നണിയുടെ രാജ്യസഭാംഗമായി.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം.എല്‍.എ ആയ തോമസ് ചാഴികാടനെയാണ് ജോസ് പക്ഷം ഇടതുമുന്നണിയ്ക്കായി രംഗത്തിറക്കിയത്. വോട്ട് ചോദിച്ചത് അത്രയും രണ്ടിലയുടെ പാരമ്പര്യം പറഞ്ഞും, തുടര്‍ച്ചയായി ഒരേ ചിഹ്നത്തില്‍ മത്സരിക്കുന്ന പാര്‍ട്ടിയെന്ന പേരിലുമാണ്. ഈ തിരഞ്ഞെടുപ്പ് യഥാര്‍ത്ഥ കേരളാകോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്ന ഒറ്റ പ്രസ്താവന കൊണ്ടാണ് ഫ്രാന്‍സിസ് ജോര്‍ജും പാര്‍ട്ടിയും ഈ പ്രചാരണത്തെ പ്രതിരോധിച്ചത്.

ജോസ് പക്ഷത്തിന് ഒരു എം.പിയെ ആത്യാവശമായിരുന്നു. ഒരു പാര്‍ട്ടിയായി അംഗീകരിക്കപ്പെടാനും ഒപ്പം സ്വന്തമായി ഒരു ചിഹ്നം ലഭിക്കാനും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ജോസഫ് ഗ്രൂപ്പിന് ജീവന്‍മരണ പോരാട്ടമായിരുന്നു. ആ പോരാട്ടത്തില്‍ പി.ജെ ജോസഫ് വിജയിച്ചിരിക്കുന്നു.

ഈ വിജയം ജോസഫ് ഗ്രൂപ്പിന്റെ ഭാവി ശോഭനമാക്കിയെങ്കിലും ജോസ് പക്ഷത്തിന്റെ ഭാവി ചോദ്യചിഹ്നമാണ്. രാജ്യസഭാ അംഗത്വം നീട്ടിത്തരണമെന്ന് ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. അത് എല്‍ഡിഎഫ് അംഗീകരിച്ചില്ലെങ്കില്‍ ജോസ് പക്ഷത്തേക്ക് ഒരു ലയനമോ യുഡിഎഫിലേക്ക് ഒരു തിരിച്ചുവരവോ മാത്രമായിരിക്കും ഏക പോംവഴി.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ലീഡ് നേടിയ രാജീവ് ചന്ദ്രശേഖറിനെ മറികടന്ന് ശശി തരൂർ ലീഡ് നേടി. നിലവിൽ ശശി തരൂർ 15100 വോട്ടിന് ലീഡ് ചെയ്യുന്നു

രാഷ്ട്രീയകേരളം ഉറ്റുനോക്കിയ വടകരപ്പോരില്‍ ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. എതിരാളിയായ സി.പി.എമ്മിലെ കെ.കെ. ശൈലജയ്ക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്നേറാന്‍ കഴിഞ്ഞില്ല. നിലവില്‍ ഷാഫിയുടെ ലീഡ് 50,000 കടന്നു.

കാല്‍ലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം. ബി.ജെ.പി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.

തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ രാജ്യത്ത് എന്‍ഡിഎ മുന്നേറ്റം. ലീഡ് നിലയില്‍ എന്‍ഡിഎ 250 കടന്നപ്പോള്‍ ഇന്ത്യ മുന്നണി 120 കടന്നു. കേരളത്തില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. യുഡിഎഫ് ഇപ്പോള്‍ 12 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് എട്ട്.

ബിജെപിക്ക് മികച്ച ജയമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. എക്സിറ്റ് പോളുകളെ തള്ളി ജനവിധി അനുകൂലമാകുമെന്നാണ് ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷ. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ അവകാശവാദം.

ഭരണം നിലനിര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എന്‍ഡിഎ. 400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും സഖ്യകക്ഷികളും. രാവിലെ എട്ടിന് വോട്ടെണ്ണല്‍ തുടങ്ങും. ആദ്യ ഫലസൂചനകള്‍ 11 മണിയോടെ പ്രതീക്ഷിക്കാം.

കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ആകെ 194 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 72.07% ആയിരുന്നു പോളിങ്.ഒഡീഷ, ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇന്നാണ്.

ആദ്യം തപാല്‍ ബാലറ്റുകളാണ് എണ്ണുക. തുടര്‍ന്ന് അര മണിക്കൂറിനകം യന്ത്രങ്ങളിലെ വോട്ടെണ്ണും. പിന്നീട് നിശ്ചിത വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും.തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടര്‍ ആപ്പിലും അപ്പപ്പോള്‍ വിവരങ്ങള്‍ കിട്ടും.

മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തിങ്കളാഴ്ച തുറക്കും. സ്കൂൾപ്രവേശനോത്സവ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം എളമക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2,44,646 കുട്ടികളാണ് സംസ്ഥാനത്ത് ഇത്തവണ ഒന്നാംക്ലാസിലെത്തുക.

ഈയാഴ്ചയും പ്രവേശനം തുടരും. അഞ്ച്, എട്ട് ക്ലാസുകളിലും പുതുതായി കുട്ടികളെത്തുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ആറാം പ്രവൃത്തിദിനമായ 10-ന് അന്തിമ കണക്കെടുപ്പ് നടക്കും. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിച്ചതിനാൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ പുതിയ പുസ്തകങ്ങൾ ഉള്ളതാണ് ഈ വർഷത്തെ പുതുമ. ജൂലായ് ഒന്നിന് നാലുവർഷ ബിരുദത്തിലേക്കു പ്രവേശിക്കുമെന്നതാണ് ഉന്നതവിദ്യാഭ്യാസത്തിലെ പ്രത്യേകത.

Copyright © . All rights reserved