Kerala

സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പ്രശസ്ത ടെലിവിഷന്‍ നടി വീണാ കപൂറിനെ (74) മകന്‍ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മകന്‍ സച്ചിന്‍ കപൂറിനെയും വീട്ടുജോലിക്കാരന്‍ ലാലു കുമാര്‍ മണ്ഡലിനെയും പോലീസ് അറസ്റ്റു ചെയ്തു.

മുംബൈയിലെ ജുഹുവിലാണ് സംഭവം. വീണയെ ബെയ്‌സ്‌ബോള്‍ ബാറ്റുകൊണ്ട് തുടരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിനു ശേഷം വീട്ടുജോലിക്കാരന്റെ സഹായത്തോടെ മൃതദേഹം നദിയില്‍ വലിച്ചെറിഞ്ഞെന്ന് പോലീസ് അറിയിച്ചു.

90 കിലോമീറ്റര്‍ അകലെയുള്ള കാട്ടിലെ നദിയിലാണ് മൃതദേഹം ഒഴുക്കിയത്. വീണയും സച്ചിനും തമ്മില്‍ ഏറെക്കാലമായി സ്വത്തുതര്‍ക്കമുണ്ട്. ഡിസംബര്‍ ആറിന് വീണ താമസിച്ചിരുന്ന കല്‍പടരു സെസൈറ്റിയിലെ സുരക്ഷ ജീവനക്കാരാണ് ഇവരെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്.

തുടര്‍ന്ന് മകനെ ചോദ്യം ചെയ്തതിലൂടെ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. 12 കോടിയുടെ വസ്തുവകകളുമായി ബന്ധപ്പെട്ട് അമ്മയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഇതിന്റെ ദേഷ്യത്തില്‍ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പുഴയിലെറിഞ്ഞെന്നുമാണ് സച്ചിന്‍ പോലീസിനോടു പറഞ്ഞത്.

കോഴിക്കോട് നിന്നും ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ പാമ്പ്. ദുബായിൽ എത്തിയ വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടെത്തിയത്. ദുബായിൽ എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കാർഗോ ഹോൾഡിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം നടത്തുന്നുണ്ട്.

ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിനിടയിലാണ് കാർഗോ ഹോൾഡിൽ പാമ്പിനെ കണ്ടതെന്നാണ് അധികൃതർ അറിയിച്ചത്. സുരക്ഷിതമായി പുറത്തിറക്കിയ യാത്രക്കാരെ പിന്നീട് ഹോട്ടലിലേക്ക് മാറ്റി.

കോഴിക്കോട് നിന്ന് പുറപ്പെട്ട B737-800 വിമാനത്തിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിൽ അന്വേഷണം നടത്തി വീഴ്ച്ച കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

നടന്‍ ഉണ്ണി മുകുന്ദനെതിരെ വീണ്ടും ആരോപണവുമായി നടന്‍ ബാല രംഗത്ത്. വാര്‍ത്ത സമ്മേളനത്തില്‍ ഉണ്ണിമുകുന്ദന്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. സീരിയല്‍ താരത്തേക്കാള്‍ കുറഞ്ഞ തുക പ്രതിഫലം കൊടുത്തു എന്നു പറയുന്നത് ഉണ്ണിമുകുന്ദന് തന്നെ നാണക്കേടാണെന്നും ബാല പറയുന്നു.

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് ഒഴികെ മറ്റാര്‍ക്കും പ്രതിഫലം ലഭിച്ചില്ലെന്ന ബാലയുടെ ആരോപണത്തിനു മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് വന്നിരുന്നു. എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയെന്നും ബാലയ്ക്ക് പ്രതിദിനം പതിനായിരം രൂപ നിരക്കിലാണ് കൊടുത്തതെന്നുമായിരുന്നു മറുപടി. ഇതിലായിരുന്നൂ ബാലയുടെ പ്രതികരണം.

എന്നാല്‍ എഗ്രിമെന്റ് ഇല്ലാതെ സിനിമയില്‍ അഭിനയിച്ചത് വിശ്വാസത്തിന്റെ പേരിലാണെന്ന് ബാല പറഞ്ഞു. ഡബ്ബിങ്ങിനു മിമിക്രി ആര്‍ട്ടിസ്റ്റിനേ ഉപയോഗിച്ചുവെന്നതും കള്ളമാണന്ന് ബാല പ്രതികരിച്ചു.

മാത്രമല്ല സിനിമാ നിര്‍മാതാവ് അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തതിന് ഉണ്ണി മുകുന്ദനും കാരണക്കാരനാണെന്ന ഗുരുതര ആരോപണവും ബാല ഉന്നയിച്ചു. പ്രതിഫലവുമായി ബന്ധപ്പെട്ട് പരസ്യമായി രംഗത്ത് വരാനുള്ള കാരണവും ഇതായിരുന്നുവെന്നും ബാല പറഞ്ഞു.

ഗള്‍ഫില്‍ പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ വാഹനമിടിച്ചു പ്രവാസി മലയാളി യുവാവ്  മരണപ്പെട്ടു. ചെര്‍പ്പുളശ്ശേരി സ്വദേശി ഷന്‍ഫീദാണു (23) മരിച്ചത്. സൗദി അറേബ്യയിലെ മദീനയിലാണ് സംഭവം നടന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മദീനയില്‍ നിന്ന് 100 കി.മീ അകലെ ജിദ്ദ റോഡില്‍ ഉതൈമില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.ജിദ്ദയില്‍ നിന്നു റൊട്ടിയുമായി മദീനയിലേക്കു പോയ ഷന്‍ഫീദിനെ ടയര്‍ മാറ്റുന്നതിനിടെ എതിരെ വന്ന വാഹനമിടിക്കുകയായിരുന്നു.

ചെർപ്പുളശ്ശേരി കാക്കാതോട് പാലം പാറയിൽ ഷംസുദ്ദീൻ-ഖദീജ ദമ്പതികളുടെ മകനായ ഷൻഫീദ് അവിവാഹിതനാണ്. ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽതന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനേത്തുടര്‍ന്ന് നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കിയതായി റിപ്പോര്‍ട്ട്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നെന്നാണ് വിവരം. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവമുണ്ടായത്.

പുതിയ ചിത്രം ഭാരത് സര്‍ക്കസിന്റെ പ്രമോഷന് വേണ്ടിയാണ് ഷൈനും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും ദുബായിലെത്തിയത്. ഷൈന്‍ ടോമിനൊപ്പം ഇവരും വിമാനത്തിലുണ്ടായിരുന്നു. നടനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെങ്കിലും സംഘത്തിലെ മറ്റ് മലയാളി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് തിരികെ നാട്ടിലേക്ക് യാത്ര ചെയ്യാനായെന്നും വിവരമുണ്ട്.

പൈലറ്റും കോ പൈലറ്റും ചേര്‍ന്ന് വിമാനത്തിന്റെ യാത്രാ ഗതി നിയന്ത്രിക്കുന്ന അതീവ സുരക്ഷാ ഇടമാണ് കോക് പിറ്റ്. അപകട-അട്ടിമറി സാധ്യതകള്‍ ഉള്ളതിനാല്‍ പൈലറ്റിന്റെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കുന്നതില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാരെ കോക് പിറ്റ് കാണാന്‍ പൈലറ്റ് ക്ഷണിക്കാറുമുണ്ട്. സെലിബ്രിറ്റികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ക്കാണ് സാധാരണ അത്തരം അവസരം ലഭിക്കാറ്.

സോഹൻ സിനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്.

ജിദ്ദയിലെ ആശുപത്രികളില്‍ എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരീം (55), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍ പീടിയേക്കല്‍ സൈതലവി (55) എന്നിവര്‍ മരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അബ്ദുല്‍ കരീം ഹയ്യ സനാബീലില്‍ ബഖാല ജീവനക്കാരനായിരുന്നു. സൈതലവി അമീര്‍ ഫവാസില്‍ ഹൗസ്ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ജിദ്ദയില്‍ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെഎംസിസിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുകയാണ്.

ഇലന്തൂരിൽ നരബലിക്കിരയായ റോസ്ലിന്‍റെ മകളുടെ ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന വട്ടോളി വീട്ടില്‍ ബിജു (44) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടക്കാഞ്ചേരി എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടകവീട്ടിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ മഞ്ജു വര്‍ഗീസ് മകനൊപ്പം എറണാകുളത്തുള്ള വീട്ടില്‍ പോയ സമയത്താണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടുദിവസമായി ബിജു വീട്ടില്‍ തനിച്ചായിരുന്നു താമസം.

നരബലിക്ക് ഇരയായ റോസ്ലിന്‍റെ മൃതദേഹം മൂന്ന് ദിവസം മുമ്പാണ് കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് ബന്ധുക്കൾക്ക് കൈമാറിയത്. മക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വടക്കഞ്ചേരിയിലെ വാടകവീട്ടിൽ എത്തിച്ചശേഷമാണ് സംസ്ക്കരിച്ചത്. അതിന് പിന്നാലെയാണ് ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ട്രസ് വർക്ക് തൊഴിലാളിയായ ബിജുവും ഭാര്യയും കുറച്ചുകാലം മുമ്പാണ് വടക്കാഞ്ചേരിയിൽ വാടക വീടെടുത്ത് താസമം തുടങ്ങിയത്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

നരബലിക്ക് ഇരയായ റോസ്ലിന്റെ മൃതദേഹം രണ്ടു ദിവസം മുമ്പാണ് ബന്ധുക്കൾക്ക് കൈമാറിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കൈമാറിയത്. റോസ്ളിന്റെ ക്കളായ മഞ്ജുവും, സഞ്ജുവുമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. റോസ്ളിൻ വാടകയ്ക്ക് താമസിച്ചിരുന്ന കാലടിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഡി എൻ എ പരിശോധനയ്ക്കായി മൃതദേഹം രണ്ടു മാസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പദ്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് നവംബർ 20 ന് കൈമാറിയിരുന്നു. പദ്മയുടെ ഡിഎന്‍എ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്. പദ്മയുടെ മകന്‍ ശെല്‍വരാജും സഹോദരിയും ചേര്‍ന്ന് മൃതദേഹം തമിഴ്നാട്ടിലെ ധര്‍മപുരിയിലേക്ക് കൊണ്ടുപോവുകയും ആചാരപ്രകാരം സംസ്കരിക്കുകയും ചെയ്തു.

വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധൂവരന്മാർ പാറക്കുളത്തിൽ വീണു. 50 അടിയിലേറെ വെള്ളമുള്ള കുളത്തിൽ നിന്ന് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് സാഹസികമായാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തോടെ കല്ലുവാതുക്കലിലെ കാട്ടുപുറം ആയിരവില്ലി പാറക്കുളത്തിലായിരുന്നു അപകടം. പരവൂർ കൂനയിൽ അശ്വതികൃഷ്ണയിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകൻ വിനു.വി.കൃഷ്ണനും കല്ലുവാതുക്കൽ പാമ്പുറം അറപ്പുര വീട്ടിൽ പരേതനായ ശ്രീകുമാറിന്റെയും സരിതയുടെയും മകൾ സാന്ദ്ര.എസ്.കുമാറുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പാരിപ്പള്ളി പാമ്പുറം മഹാവിഷ്ണു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്.

കാൽവഴുതി വീണ സാന്ദ്രയെ രക്ഷിക്കാൻ ചാടിയതായിരുന്നു വിനു. കല്ലുവാതുക്കൽ വിലവൂർകോണം കാട്ടുപുറത്ത് ഇന്നലെ രാവിലെ പത്തേകാലോടെയാണു സംഭവം. പരുക്കേറ്റ ഇവരെ കൊല്ലം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പകൽക്കുറി ആയിരവില്ലി ക്ഷേത്രത്തിനു സമീപത്തെ കൂറ്റൻ ക്വാറിയുടെ മുകളിൽ സെൽഫിയെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇതിനിടെ സാന്ദ്ര കുളത്തിലേക്കു വീണു.

പിന്നാലെ ചാടിയ വിനു വസ്ത്രത്തിൽ പിടിച്ചു സാന്ദ്രയെ വലിച്ചടുപ്പിച്ച ശേഷം പാറയുടെ വശത്തു പിടിച്ചു കിടന്നു. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണു നാട്ടുകാരെ കൂട്ടി രക്ഷാപ്രവർത്തനം തുടങ്ങിയത്. ഇവർ ഇട്ടുകൊടുത്ത കയറിൽ പിടിച്ചുകിടന്ന വിനുവിനും സാന്ദ്രയ്ക്കും അരികിലേക്കു പൈപ്പ് കൊണ്ടുള്ള ചങ്ങാടത്തിൽ നാട്ടുകാരെത്തി. പിന്നീട് അഗ്നിശമന സേനയും പൊലീസും ചേർന്നു കരയ്ക്കെത്തിച്ചു. ദുബായിൽ ജോലിയുള്ള വിനു ഒരാഴ്ച മുൻപാണു നാട്ടിലെത്തിയത്. അപകടത്തെത്തുടർന്നു വിവാഹം മാറ്റിവച്ചു.

കല്ലുവാതുക്കൽ∙ ‘ഒന്നിനു പിറകേ ഒന്നായി വെള്ളത്തിൽ എന്തോ പതിക്കുന്ന ശബ്ദം. രക്ഷപ്പെടുത്തണമെന്ന് ഉച്ചത്തിൽ വിളിക്കുന്നതും കേട്ടു’– സമീപവാസി ജയപ്രകാശ് പറഞ്ഞു. കാട്ടുപുറം പാറക്കുളത്തിനു സമീപം റബർത്തോട്ടത്തിൽ പാൽ എടുക്കുമ്പോഴാണു സംഭവം. പാറക്കുളത്തിന്റെ അക്കരെ രണ്ടു പേർ ജീവനു പിടയുന്നു. ആഴമുള്ള ഭാഗത്തു കിടക്കുന്നവർക്കു പാറയുടെ വശത്തെ അടരിൽ പിടികിട്ടിയത് പിടിവള്ളിയായെന്നു തോന്നി. ബഹളം കേട്ടു സമീപത്തെ കാട്ടുപുറം ബാബുവും എത്തി.

‘ജീവൻ ഉണ്ട്. രക്ഷിക്കണേ’– യുവാവ് അലറി വിളിക്കുകയാണ്. അൻപത് അടിയിലേറെ താഴ്ചയിൽ വെള്ളമുള്ള അപകടം പതിയിരിക്കുന്ന പാറക്കുളത്തിൽ ഇവരുടെ അരികിലേക്കെത്തുക അസാധ്യമാണ്. പ്രദേശത്തുള്ളവർക്കു നീന്തൽ വശമില്ല. മുകളിൽ നിന്നു കയർ ഇട്ടു കൊടുക്കുകയാണ് ഏറ്റവും നല്ല മാർഗമെന്നു കണ്ടു സമീപവാസികളോടു വേഗത്തിൽ കയർ എത്തിക്കാൻ ആവശ്യപ്പെട്ടു.സ്ത്രീകൾ, കിണറുകളിലെ കയറുകളുമായി ഓടിയെത്തി. ആളുകൾ നിൽക്കുന്ന കരയിൽ നിന്നു പാറയുടെ മുകളിൽ എത്താൻ വഴിയില്ല.

കാട്ടുപുറം ബാബു, അഭിലാഷ്, ജോളി എന്നിവർ കയറുകളുമായി, പൊന്തക്കാടുകൾ നിറഞ്ഞ വശത്തു കൂടി ഏറെ ബുദ്ധിമുട്ടി മുകളിലെത്തി. കയറുകൾ കൂട്ടിക്കെട്ടി താഴേക്ക് ഇട്ടുകൊടുത്തു. ശരീരങ്ങൾ പരസ്പരം ബന്ധിച്ചു പിടിച്ചു കിടക്കാനും നിർദേശിച്ചു. ഇതിനിടെ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരെയും വിവരം അറിയിച്ചിരുന്നു.ചാത്തന്നൂർ എസിപി ബി.ഗോപകുമാർ, പാരിപ്പള്ളി ഇൻസ്പെക്ടർ എ.അൽജബ്ബാർ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.പാറയുടെ മുകളിൽ നിന്ന് ഇട്ടുകൊടുത്ത കയറിൽ ബന്ധിച്ചു നിൽക്കുകയാണെങ്കിലും ഓരോ നിമിഷവും അപകടം വർധിക്കുകയാണ്.

ഇതിനിടെ ടയർ കടയിൽ നിന്നു ലോറിയുടെ ട്യൂബ് എത്തിച്ചു. പാറക്കുളത്തിൽ നിന്നു മീൻപിടിക്കാനായി പൈപ്പ് ഉപയോഗിച്ചു നിർമിച്ച ചങ്ങാടവും ഒരു വീട്ടിൽ നിന്നു കൊണ്ടു വന്നു. അഗ്നിരക്ഷാ സേന കല്ലമ്പലം അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ബി. ശ്രീകുമാർ, ഫയർ ഓഫിസർ വി.എസ്.ഷാജി, അഗ്നിരക്ഷാ സേനയിലെ പിപ്രവീൺസ വിഷ്ണു എസ്.നായർ, ആർ.അരവിന്ദ്, അനന്തു, ബിജു, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. കൊല്ലത്തു നിന്നുള്ള അഗ്നിരക്ഷാ സേനയും എത്തിയിരുന്നു.

യുവതിയും യുവാവും പാറക്കുളത്തിൽ അകപ്പെട്ടത് അറിഞ്ഞു കുന്നുംപുറത്തു വീട്ടിൽ സുധീഷും ചെന്തിപ്പിൽ വീട്ടിൽ ശരത്തും സ്ഥലത്തെത്തി. ചങ്ങാടവും റബർ ട്യൂബുമായി ഇരുവരും പാറക്കുളത്തിലേക്കു ചാടി. ഇരുവർക്കും നീന്തൽ അറിയാം. കയറിലെ കെട്ടഴിച്ചു യുവതിയെ ചങ്ങാടത്തിൽ കയറ്റി മറുകരയിലേക്കു തുഴഞ്ഞു. യുവാവിനെ കയറിൽ ബന്ധിച്ചു സുരക്ഷിതമായി നിർത്തിയശേഷം കരയിലേക്കു നീങ്ങി. കുളത്തിന്റെ പകുതിയോളം താണ്ടിയപ്പോഴേക്കും അഗ്നിരക്ഷാസേനയെത്തി. പിന്നാലെ യുവാവിനെയും കരയിൽ എത്തിച്ചു. ഇരുവരെയും രക്ഷിക്കാനായി നാട് ഒരു മനസ്സോടെ ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.

കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ അതിർത്തി വേർതിരിക്കുന്നതാണു കാട്ടുപുറം പാറ. ഒന്നര പതിറ്റാണ്ടു മുൻപു പാറ ഖനനം അവസാനിച്ചതോടെ, ആകാശംമുട്ടെ തലയുയർത്തി നിന്ന പാറയുടെ സ്ഥാനത്ത് അഗാധമായ കുളം രൂപപ്പെട്ടു. കുളത്തിന്റെ ഒരു വശത്തു നൂറ്റിയൻപതോളം അടി ഉയരത്തിൽ അവശേഷിക്കുന്ന പാറക്കെട്ടാണു ജില്ലകളുടെ അതിർത്തി. കാഴ്ചയുടെ സൗന്ദര്യമുണ്ടെങ്കിലും വിജനമായ സ്ഥലമാണിത്. പാറയുടെ താഴ്‌വാരത്ത് ആയിരവില്ലി ക്ഷേത്രം സ്ഥിതി ചെയ്യുകയാണ്.

പാറയുടെ മുകളിൽ എത്തണമെങ്കിൽ ക്ഷേത്രത്തിനു സമീപത്തു കൂടി തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിലൂടെ പോകണം. ക്ഷേത്രത്തിൽ എത്തുന്നവർ ഉൾപ്പെടെ ഒട്ടേറെപ്പേർ പാറയുടെ മുകളിലേക്കു പോകാറുണ്ട്. മുകളിലെത്തിയാൽ ചടയമംഗലം ജടായുപ്പാറ, പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങി ദൂരെയുള്ള സ്ഥലങ്ങൾ കാണാൻ കഴിയും. ഈ കാഴ്ചസൗന്ദര്യം തേടിയാണ് ആളുകളെത്തുന്നത്.

പാറയുടെ അരികിൽ എത്തായാൽ താഴ്ചയിൽ പാറക്കുളമാണ്. ആദ്യമായി എത്തുന്നവർ അപകടം തിരിച്ചറിയില്ല. പാറയുടെ മുകളിൽ സുരക്ഷയ്ക്കായി ഇരുവേലി സ്ഥാപിക്കണമെന്നത് ദീർഘനാളായുള്ള ആവശ്യമാണ്. കല്ലുവാതുക്കൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രവാസി മലയാളിയെ സൂപ്പർമാർക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല പാലച്ചിറ സ്വദേശി വഴവിള വീട്ടിൽ ഷാം ജലാലുദ്ദീൻ ( 53) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ ഇദ്ദേഹം നടത്തുന്ന ഷഹൽനോത്തിലെ സൂപ്പർമാർക്കറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സലാലയിലെ ഔഖത്തിൽ കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി സൂപ്പർമാർക്കറ്റ് നടത്തി വരികയായിരുന്നു ഷാം ജലാലുദ്ദീൻ.

ഭാര്യ: ഷൈല ഷാം, ഏക മകൻ സലാലയിലുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

സൗദി അറേബ്യയിൽ മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം.

അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved