Kerala

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍: ജോജി തോമസ്

മണ്‍സൂണിന് തൊട്ടുമുമ്പുള്ള മാസങ്ങള്‍ കേരളത്തില്‍ കുട കച്ചവടത്തിന്റെ കാലഘട്ടമാണ്. മലയാളിയുടെ ജീവിതത്തിന് കുടയുമായി അഭേദ്യ ബന്ധമാണ്. ‘അര്‍ദ്ധരാത്രി കുട പിടിക്കുക’ തുടങ്ങിയ പഴമൊഴികള്‍ ഇതിന് ഉദാഹരണമാണ്. മലയാളിയെ ആധുനിക കച്ചവടത്തിന്റെ പല സങ്കേതങ്ങളും പരിചയപ്പെടുത്തിയത് തന്നെ കുട കമ്പനികളാണ്. ഒരു കാലത്ത് ആകാശവാണി റേഡിയോ ഓണ്‍ ചെയ്താല്‍ മണ്‍സൂണിനോടനുബന്ധിച്ച കാലഘട്ടങ്ങളില്‍ കുട നിര്‍മാണത്തില്‍ അക്കാലത്ത് മേല്‍കോയ്മ ഉണ്ടായിരുന്ന സെന്റ് ജോര്‍ജ് കുടകളുടെ ഇമ്പമാര്‍ന്ന പരസ്യങ്ങളായിരുന്നു എപ്പോഴും. ആ പരസ്യങ്ങളാണ് മലയാളിയെ ആധുനിക മാര്‍ക്കറ്റിങ്ങിന്റെ രീതികള്‍ കാണിച്ചു കൊടുത്തത്. പ്രമുഖ സാമൂഹ്യ നവോത്ഥാന നായകനും, സാഹിത്യകാരനുമായ വി ടി ഭട്ടതിരിപ്പാട് തന്റെ ആത്മകഥയായ ‘കണ്ണീരിലും കിനാവിലും’ താന്‍ ആദ്യമായി കൂട്ടി വായിച്ച അക്ഷരങ്ങള്‍ ശര്‍ക്കര പൊതിഞ്ഞുകൊണ്ടുവന്ന ന്യൂസ് പേപ്പറില്‍ ഉണ്ടായിരുന്ന മാന്‍മാര്‍ക്ക് കുടയുടെ പരസ്യമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്തായാലും കേരളത്തിലെ കുടവ്യവസായം പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലേയ്ക്ക് കടക്കുകയാണ്.

ഓരോ മണ്‍സൂണ്‍ സീസണിലും ഒത്തിരി പുതുമകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ കൊണ്ടുവരാന്‍ കമ്പനികള്‍ മത്സരിക്കുന്നുണ്ടെങ്കിലും ഇത്തവണ ഒരു പ്രമുഖ കമ്പനി നടത്തിയിരിക്കുന്നത് തികച്ചും നൂതനമായ പരീക്ഷണമാണ്. ഹൈടെക് കുടകളാണ് കമ്പനി ഇത്തവണ വിപണിയിലിറക്കിയിരിക്കുന്നത്. ബ്ലൂ ടൂത്ത് ഘടിപ്പിച്ച കുടകളില്‍ മൊബൈല്‍ ഫോണ്‍ കോളുകള്‍ സ്വീകരിക്കാന്‍ സാധിക്കും. വലിയ തോതില്‍ മഴ പെയ്യുമ്പോള്‍ മൊബബൈല്‍ ഫോണുകള്‍ നനയാതെ സംരക്ഷിക്കാമെന്ന മെച്ചമുണ്ട് ഇതിന്. മാത്രമല്ല ഫോണുകള്‍ പോക്കറ്റില്‍ നിന്ന് എടുക്കാനും ബദ്ധപ്പെടേണ്ടതില്ല. കുടകളുടെ പിടിയിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പക്ഷേ ഫോണ്‍ സംസാരത്തിന്റെ സ്വകാര്യത കുറയുമെന്ന പോരായ്മ ഇതിനുണ്ട്. കാറുകളിലെ ബ്ലൂടൂത്ത് സംവിധാനം വഴിയുള്ള ഹാന്‍ഡ് ഫ്രീ ഫോണുകള്‍ പോലെയാണ്, ഇത് പ്രവര്‍ത്തിക്കുന്നത്. മറുതലയ്ക്കല്‍ സംസാരിക്കുന്ന ആളുടെ സംസാരം ചുറ്റുപാടു നില്‍ക്കുന്നവര്‍ക്ക് ശ്രവിക്കാന്‍ സാധിക്കും. കമ്പനി നിര്‍മിച്ച ഹൈടെക് കുടകളെല്ലാം ഇതിനോടകം വിറ്റുപോയി. വര്‍ധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് കൂടുതല്‍ കുടകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍.

അമേരിക്കന്‍ മാധ്യമ ഭീമനായ സിഎന്‍എന്‍ പോലുള്ള മാധ്യമങ്ങളില്‍ കേരളത്തിലെ കുട മാര്‍ക്കറ്റിലെ ഈ ഹൈടെക് വിപ്ലവം വന്‍ വാര്‍ത്തയായി. ഇനിയും എന്തൊക്കെ പുതുമകളാണ് കുടമാര്‍ക്കറ്റില്‍ വരുന്നതെന്ന ആകാംഷയിലാണ് ഉപഭോക്താക്കള്‍.

മലയാളി പ്രവാസി കുടുംബം തീപിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞാറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. അബുദാബിയിലെ നേവി ഗേറ്റിന് സമീപമുള്ള റസിഡൻഷ്യൽ കോംപ്ലക്സിൽ തീ പിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ ആളുകളെയെല്ലാം സിവിൽ ഡിഫെൻസിലെ അധികൃതർ ഫ്ളാറ്റിൾ നിന്നും രക്ഷപ്പെടുത്തി.

ഇതേ ഫ്ലാറ്റിൽ കഴിഞ്ഞ കുറേ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു മലയാളിയായ സാജു ജോണും കുടുംബവും. ജോണിനെ അച്ഛൻ വർഷങ്ങളായി ശരീരം തളർന്ന അവസ്ഥയിലായിരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലായിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. തീ പടർന്നത് അറിഞ്ഞ് കുട്ടികളെയും ഭാര്യയെയും താഴത്തെ നിലയിലേക്ക് ചാടിച്ച് രക്ഷപ്പെടുത്തിയെങ്കിലും പ്രായമായ അച്ഛനെയും അമ്മയെയും താഴെ എത്തിക്കാന്‍ ഒരു വഴിയും കണ്ടെത്താനായില്ല. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജോർജിന്റെ അച്ഛനും പരിക്കേറ്റിരുന്നു. കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാനാകാതെ ജോർജ് നിലവിളിച്ചു. കൃത്യ സമയത്ത് തന്നെ സിവിൽ ഓഫീസേഴ്‌സ് ജോർജിനെയും കുടുംബത്തെയും കണ്ടെത്തി. മൂന്നു പേരെയും സുരക്ഷിതമായി താഴെ എത്തിച്ചു. അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയെന്ന് കുടുംബത്തിന് ഇന്നും വിശ്വസിക്കാനായിട്ടില്ല.

എന്നാൽ അപകടത്തിനിടയിൽ  മറ്റൊരത്ഭുതം നടന്നു. സാജുവിന്റെ എണ്‍പതു കഴിഞ്ഞ പിതാവ് കഴിഞ്ഞ കുറച്ചു വര്‍ഷമായി തളര്‍ന്നു കിടക്കുകയായിരുന്നു. തീപിടുത്തത്തിനിടെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെ വീല്‍ചെയര്‍ കൈതെന്നി താഴേക്ക് പോയി. വര്‍ഷങ്ങളായി സംസാരിക്കാതിരുന്ന പിതാവ് ഈ സമയത്ത് വീണ്ടും സംസാരിക്കുകയും ഉണ്ടായി.

സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയപ്പോള്‍ കുടുംബം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. സിവില്‍ ഡിഫന്‍സ് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു. അഞ്ചു നിലയുള്ള ഫ് ളാറ്റിനാണ് തീപിടിച്ചത്. ഇതില്‍ രണ്ടാം നിലയില്‍ ആയിരുന്നു സാജുവും കുടുംബവും. ഒരോ നിലയില്‍ നിന്നും താഴേക്ക് വന്ന് രക്ഷപ്പെടാന്‍ ആണ് ശ്രമിച്ചത്. പെട്ടെന്ന് പിതാവ് ഇരുന്ന വീല്‍ചെയറില്‍ നിന്നും കൈവിട്ടുപോവുകയായിരുന്നുവെന്ന് സാജു പറയുന്നു.

ഭാഗ്യത്തിന് ആരോ പ്രധാന വാതില്‍ തുറന്നിട്ടിരുന്നു. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷയ്ക്കായുള്ള ഞങ്ങളുടെ നിലവിളി കേള്‍ക്കുകയും ചെയ്തു. കുറച്ച്‌ ഉദ്യോഗസ്ഥര്‍ ഓടിവന്ന് പിതാവിനെ രക്ഷിക്കുകയും മാതാവിനെയും ഞങ്ങളെയും സുരക്ഷിതമാക്കുകയും ചെയ്തു എന്നും സാജു പറഞ്ഞു.

വീല്‍ചെയറില്‍ നിന്നും താഴേക്ക് വീഴുമ്ബോള്‍ ആണ് സാജുവിന്റെ പിതാവ് ജോര്‍ജ് കുട്ടി സംസാരിച്ചത്. 2013ന് ശേഷം ആദ്യമായാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത മുഹൂര്‍ത്തമായിരുന്നു അതെന്ന് സാജു പറയുന്നു. 2013ന് ശേഷം ആദ്യമായാണ് പിതാവിന്റെ ശബ്ദം കേള്‍ക്കുന്നത്. താഴേക്ക്  വീഴുമ്പോൾ അദ്ദേഹം ഉറക്കെ നിലവിളിച്ചുവെന്നും സാജു പറഞ്ഞു.

ശനിയാഴ്ച രാത്രിയാണ് നേവി ഗെയ്റ്റിന് സമീപത്തുള്ള താമസ സ്ഥലത്ത് തീപിടിച്ചത്. സാജു, ഭാര്യ കൊച്ചു മോള്‍ മാത്യു, ഇവരുടെ നാലു മക്കള്‍, പ്രായമായ മാതാപിതാക്കള്‍ എന്നിവര്‍ കഴിഞ്ഞ നിരവധി വര്‍ഷമായി ഇവിടെയാണ് താമസിച്ചിരുന്നതെന്ന് ഖലീജ് ടൈംസിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കോട്ടയം ചങ്ങനാശേരി കറുകച്ചാൽ മേഘയിൽ ജനങ്ങളുടെ സ്വര്യജീവിത നശിപ്പിച്ച് വണ്ടുകൾ പെരുകുന്നു. പകൽ സമയങ്ങളിൽ കല്ലുകളുടെയും കരിയിലകളുടെയും ഇടയിൽ ഒതുങ്ങികൂടുന്ന ഇവ രാത്രികാലങ്ങളിൽ കൂട്ടത്തൊടെയാണ് വീടുകളിലെയ്ക്ക് എത്തിച്ചേരുന്നത്. രാത്രി കാലങ്ങളിൽ വെളിച്ചം തെളിയിക്കുവാനോ ഭക്ഷണം പാകം ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലാണ്. മാത്രമല്ല ഇവയുടെ ശരീരത്തിൽ രൂപപ്പെടുന്ന ആസിഡ് പോലെയുള്ള ഒരു ദ്രാവകം ആളുകളുടെ ശരീരത്തിൽ വലിയ തോതിൽ പൊള്ളൽ ഉണ്ടാക്കുന്നുണ്ട്.

കൊച്ചു കുട്ടികൾ ഉള്ള വീടുകളിൽ രാത്രിയിൽ അന്തിയുറങ്ങാൻ കഴിയാത്ത സാഹചര്യമാണ്, കൊച്ചു കുട്ടികൾ അടക്കമുള്ള ആളുകളുടെ, ചെവിയിലും മൂക്കിലും വണ്ടുകൾ കയറി പൊള്ളലുകൾ ഉണ്ടാക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഒരാളുടെ ചെവിയിൽ അകപ്പെട്ട വണ്ടിനെ വിദഗ്ദ പരിശോദനക്കു ശേഷമാണ് ഡോക്ടർമാർ വെളിയിൽ എടുത്തത്. കൂടുതലും മാർച്ച്, ഏപ്രിൽ, മെയ് സമയങ്ങളിലാണ് ഈ ജീവിയുടെ സാന്നിധ്യം കൂടുതലായി രൂക്ഷമാകുന്നത്.

റബ്ബറർ തോട്ടങ്ങൾ കൂടുതലായി കാണുന്ന മേഘലയിലാണ് ഇവ കൂടുതലായി വിഹാരം നടത്തുന്നത്, റബ്ബറിന്റെ ഇലകൾ പൊഴിയാതിരിക്കാൻ ഉപയോഗിക്കുന്ന ഗന്ധകം പോലുള്ള മരുന്നുകൾ തോട്ടങ്ങളിൽ ഉപയോഗിക്കുന്നതിനാലാണ് ഇവ രൂപപ്പെടുന്നതെന്നാണ് ആളുകൾ പറയുന്നത്. കുടിക്കാനുള്ള ജലത്തിലും മറ്റും ഇവ ചത്ത് വീഴുന്നതിനാൽ ജലം പോലും ഉപയോഗിക്കാൽ കഴിയാത്ത സാഹചര്യമാണ്. കുറച്ചുനാൾ മുമ്പുവരെ ഹൈറേഞ്ച് മേഘലയിൽ ഇതിന്റെ ശല്യം രൂക്ഷമായിരുന്നു.

ഇവയുടെ ശല്യം രൂക്ഷമായതിനാൽ ഇതിന്റെ നശീകരണത്തിന് നാട്ടുകാർ പല വഴികളും നോക്കിയിരുന്നു. എന്നാൽ അവയൊന്നും ഫലം കണ്ടില്ല, ഇവയെ നശിപ്പിക്കുവാൻ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കീടനാശിനികൾ സ്പ്ര ചെയ്യുകയാണ് ഇപ്പോൾ നാട്ടുകാർ. ഈ പ്രശ്നത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്നറിയാതെ നിൽക്കുകയാണ് പ്രദേശവാസികൾ

ജിഷയുടെ മാതാവ് രാജേശ്വരിയും സഹോദരി ദീപയും പാപ്പുവിന്റെ അക്കൗണ്ടിലെ നാലു ലക്ഷത്തിനായി നടത്തുന്ന പിടിവലി പോലീസ് സ്‌റ്റേഷനില്‍ എത്തിയ പരാതിക്ക് പിന്നാലെ വീണ്ടും രാജേശ്വരിയുടെ പൂര താണ്ഡവം പോലീസ് സ്റ്റേഷനിൽ. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയാണ് പൊലീസ് സ്‌റ്റേഷനെ വിറപ്പിച്ച പരാതിക്കാരി. മകള്‍ ദീപയുടെ കൈവശമുള്ള ഭര്‍ത്താവ് പാപ്പുവിന്റെ മരണണ സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു.

ഇതിന്റെ പേരില്‍ നടപടിയെടുത്തില്ല എന്നാരോപിച്ചാണ് കോടനാട് എസ് ഐയെ ജിഷയുടെ ‘അമ്മ രാജേശ്വരി നിര്‍ത്തിപ്പൊരിച്ചത്. പരാതി സ്റ്റേഷനില്‍ പരിഹരിക്കാവുന്നതല്ലന്നും മറ്റ് മാര്‍ഗ്ഗങ്ങളില്‍ പരിഹാരം തോടമെന്നും എസ് ഐ അറിയച്ചതോടെ ഇവർ അക്രമാസക്തയാവുകയായിരുന്നു.

പിന്നീട് ഇവര്‍ ഉച്ചത്തില്‍ എസ്.ഐയെ പ്രതിക്കൂട്ടിലാക്കി സംസാരിച്ചതോടെ എസ് ഐ യ്ക്കും നിയന്ത്രണം വിട്ടു. ഇതോടെ ഇവരെ തന്റെ ഓഫീസില്‍ നിന്നും പിടിച്ചിറക്കാന്‍ വനിത പൊലീസിനോട് എസ് ഐ നിര്‍ദ്ദേശിക്കുകയായിരുന്നു. പരാതിയിക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയാത്ത സാറ് ഈ യൂണിഫോം ഇട്ടിരിക്കുന്നത് എന്തിനാണെന്നും ഞാനല്ല,സാറാണ് ഇറങ്ങിപ്പോവേണ്ടതെന്നും ഈ അവസരത്തില്‍ ഇവര്‍ വ്യക്തമാക്കിയപ്പോള്‍ എസ് ഐ മേശയിലടിച്ച് കലിപ്പ് തീര്‍ക്കുകയായിരുന്നെന്നാണ് അറിവായത്. ഒച്ചപ്പാടുകേട്ട് ഓടിയെത്തിയ മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് ഇവരെ അനുനയിപ്പിച്ചാണ് എസ് ഐ യുടെ മുറിയില്‍ നിന്നും പുറത്തിറക്കിയത്.

എസ് ഐ നിര്‍ദ്ദേശിച്ചതനുസരിച്ച്‌ വനിതപൊലീസുകാരി തഹസീല്‍ദാര്‍ക്ക് എഴുതിനല്‍കിയ പരാതിയുമായിട്ടാണ് ഇവര്‍ ഇവിടെ നിന്നും ഇറങ്ങിയത്. പരേതനായ പാപ്പുവിന്റ മരണ സര്‍ട്ടിഫിക്കറ്റ് മകള്‍ ദീപ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ഭാര്യ രാജേശ്വരി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ദീപയെ പൊലീസ് വിളിച്ചുവരുത്തിയത്.

മരണ സര്‍ട്ടിഫിക്കറ്റ് താനറിയാതെ വാങ്ങിയത് ശരിയായില്ലെന്നും അത് തനിക്ക് വേണമന്നുമായിരുന്നു രാജേശ്വരിയുടെ പ്രധാന ആവശ്യം. എന്നാല്‍ അത് താന്‍ ജോലിയും കളഞ്ഞ് 5 ദിവസം ബുദ്ധിമുട്ടി നടന്ന് വാങ്ങിയതാണെന്നും വേണമെങ്കില്‍ കോപ്പി നല്‍കാമെന്നുമായിരുന്നു ദീപയുടെ നിലപാട്. ഇത് കേട്ടതോടെ രാജേശ്വരി കോപാകൂലയായി. ഈ വിഷയം ഇവിടെ തീരില്ലന്നും കോടതിയി മുഖേന പരിഹാരം കാണുകയേ നിവര്‍ത്തിയുള്ളു എന്നും ബോദ്ധ്യപ്പെടുത്തി പൊലീസ് ഇരുവരെയും ഒരു വിധത്തില്‍ പറഞ്ഞയക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു രാജേശ്വരി വീണ്ടും സ്‌റ്റേഷനിലെത്തി എസ് ഐ യെ പ്രതിക്കൂട്ടിലാക്കിയത്.

പാപ്പുവിന്റെ പേരില്‍ ബാങ്കിലുള്ള 4 ലക്ഷത്തില്‍പ്പരം രൂപയുടെ അവകാശത്തെച്ചൊല്ലിയാണ് ഇപ്പോള്‍ ഇരുവരും തമ്മില്‍ തര്‍ക്കം മൂര്‍ച്ഛിച്ചിട്ടുള്ളത്. ഓടയ്ക്കാലി എസ് ബി ഐ ബാങ്കില്‍ അന്തരിച്ച പാപ്പുവിന്റെ പേരില്‍ 4,32000 രൂപയുടെ നിക്ഷേപമുണ്ടെന്ന് കുറുപ്പംപടി പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.2017  നവംബറിൽ പാപ്പു മരണമടഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്.

തുക തനിക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സഹോദരി ദീപ നേരത്തെ ബാങ്കില്‍ കത്ത് നല്‍കിയിരുന്നു. പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റും ഇവര്‍ ബാങ്കില്‍ ഹാജരാക്കിയിരുന്നു.എന്നാല്‍ ബാങ്ക് അധികൃതര്‍ തുക നല്‍കിയില്ല. മകളുടെ ഈ നീക്കത്തിനെതിരെ രാജേശ്വരി കഴിഞ്ഞ ദിവസം  പെരുമ്പാവൂർ പൊലീസിലെത്തി പരാതി നല്‍കി. ദീപ കരസ്ഥമാക്കിയ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.  പെരുമ്പാവൂർ ഡി വൈ എസ് പി യെ സന്ദര്‍ശിച്ചാണ് രാജേശ്വരി പരാതി ബോധിപ്പിച്ചത്.

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സിഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ് ജാമ്യം അനുവദിച്ചത്. കൊലപാതകത്തില്‍ സിഐക്ക് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഒരുലക്ഷം രൂപയുടെയും ഒരാള്‍ജാമ്യത്തിന്റെയും ഈടിലാണ് ക്രിസ്പിന് ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലോ മറ്റേതെങ്കിലും കൃത്യത്തിലോ ക്രിസ്പിന്‍ സാമിന് പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സിഐയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണ സഘം ബോധിപ്പിച്ചിരുന്നു.

അന്യായമായി തടങ്കലില്‍ വയ്ക്കുക,തെറ്റായ രേഖകള്‍ ചമയ്ക്കുക എന്നീ വകുപ്പുകള്‍ മാത്രമാണ് സിഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവ രണ്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്.

അതേസമയം,ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുകയും ചെയ്തു. സാക്ഷികളെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകള്‍ നടത്താനും കഴിയുന്ന വ്യക്തിയായതിനാല്‍ ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.

ചെങ്ങാലൂര്‍ കുണ്ടുകടവില്‍ പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പുതുക്കാട് പോലീസിന്റെ പിടിയിലായതായി സൂചന. സംഭവത്തിനുശേഷം ഒളിവില്‍പോയ കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവാണ് അറസ്റ്റിലായിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാളെ പുതുക്കാട് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും സൂചന ലഭിച്ചിട്ടുണ്ട്.

കൃത്യം നടത്തിയശേഷം മറ്റൊരാളുടെ ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി പാലക്കാട് എത്തി ട്രെയിന്‍ മാര്‍ഗം മഹാരാഷ്ട്രയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.

പുതുക്കാട് സിഐ എസ്.പി.സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം സംഭവം നടക്കുന്‌പോള്‍ നാട്ടുകാരും പഞ്ചായത്ത് അംഗവും നോക്കിനിന്നുവെന്ന വാദം പോലീസ് തള്ളി. അവര്‍ ഇക്കാര്യത്തില്‍ തെറ്റുകാരല്ലെന്നാണ് പോലീസ് നിലപാട്.

കൊച്ചി: കേരളത്തിലെ വോട്ടര്‍മാര്‍ പ്രബുദ്ധരാണ് എന്നൊരു പറച്ചിലുണ്ടെന്നും എന്നാല്‍ യഥാര്‍ത്ഥത്തില്‍ കേരളത്തിലേതുപോലെ മണ്ടന്‍മാരായ വോട്ടര്‍മാര്‍ ലോകത്ത് മറ്റൊരിടത്തും കാണില്ലെന്നും നടന്‍ ശ്രീനിവാസന്‍.

ആദ്യ തെരഞ്ഞെടുപ്പുമുതല്‍ അത് പ്രകടമാണ്. ഇവിടത്തെ ഇടത് വലത് മുന്നണികള്‍ പത്ത് വര്‍ഷത്തെ കാര്യങ്ങളാണ് പ്ലാന്‍ ചെയ്യുന്നത്. അഞ്ചു വര്‍ഷം ഭരണം. അപ്പോള്‍ ആവശ്യമുള്ളത് കട്ടെടുത്ത് സമ്പാദിച്ചു വെക്കും. പിന്നെ അഞ്ചുവര്‍ഷം വിശ്രമജീവിതം. ആ സമയത്ത് അല്ലറ ചില്ലറ സമരങ്ങളും ചില ജനകീയ യാത്രകളും. ഇനി ഒന്നും ചെയ്തില്ലെങ്കിലും അടുത്ത തവണ അധികാരത്തിലെത്തുമെന്ന് അവര്‍ക്കറിയാം. അങ്ങനെ രണ്ട് മുന്നണികളും വോട്ടര്‍മാരെ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.

ജനാധിപത്യം കുറച്ചുനാള്‍ കഴിയുമ്പോള്‍ സ്വേച്ഛാധിപത്യമാകുമെന്ന് ബുദ്ധിയുള്ള ആരോ പറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ആ തലമൊക്കെ കടന്ന് ഏകാധിപത്യത്തിലേക്കാണ് പോകുന്നത്. കേരളത്തില്‍ പോലും രാഷ്ട്രീയപാര്‍ട്ടികള്‍ മാഫിയ സംഘങ്ങള്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. പണപ്പിരിവ്, ഹര്‍ത്താല്‍, അക്രമം, കൊലപാതകം..പണ്ട് ചമ്പല്‍ക്കൊള്ളക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതൊക്കെ തന്നെയാണ് ഇപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നത്. – ശ്രീനിവാസന്‍ പറയുന്നു.

സിനിമയ്ക്ക് സമൂഹത്തെ തിരുത്താന്‍ പറ്റുമോ എന്ന ചോദ്യത്തിന് വലിയ ബുദ്ധിമുട്ടാണ് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഗാന്ധിജി പറഞ്ഞതു കേള്‍ക്കാത്തവരാണ് നമ്മള്‍. അങ്ങനെയുള്ള ജനങ്ങള്‍ ഒരു സിനിമ കണ്ടാലുടന്‍ നല്ലവരാകും എന്നൊന്നും നമുക്ക് പറയാന്‍ പറ്റില്ല. പിന്നെ ചിലരുടെ ചില തീരുമാനങ്ങളെ സ്വാധീനിക്കാം. അത്രമാത്രം. -എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റുള്ളവര്‍ക്കു വേണ്ടി സ്വന്തം ജീവിതം ത്യജിക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

സിനിമക്കാരുടെ മക്കള്‍ സിനിമയിലേക്ക് വരുന്നതുകൊണ്ട് സിനിമയ്ക്ക് എന്താണ് ഗുണമെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ആര്‍ക്കും ഒരു ഗുണവും ഉണ്ടെന്നു തോന്നുന്നില്ലെന്നുമായിരുന്നു ശ്രീനിവാസന്റെ മറുപടി. സിനിമക്കാരുടെ മക്കള്‍ക്ക് സിനിമയില്‍ വരാന്‍ എളുപ്പമായിരിക്കും. പക്ഷേ സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കഠിനാധ്വാനവും ഭാഗ്യവും കഴിവും വേണം. നിലനിന്നുപോകുക എന്നതാണ് പ്രധാനം, അല്ലാതെ സിനിമയില്‍ വരുക എന്നതല്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ കനിയുന്നു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടും പ്രതികളായ പോലീസുകാര്‍ അറസ്റ്റിലായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായമൊന്നും പ്രഖ്യാപിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുടുംബത്തിന് സഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

അതിനിടെ, കേസില്‍ ഇന്നലെ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിനെ അന്വേഷണ സംഘം ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കും. സി.ഐയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുനശിപ്പിക്കല്‍, കോടതിയില്‍ കൃത്രിമ രേഖ ഹാജരാക്കി, അന്യായമായി തടവില്‍ വച്ചു തുടങ്ങിയ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ ആറിന് രാത്രി അറസ്റ്റിലായ ശ്രീജിത്ത് ഏഴിനാണ് അറസ്റ്റിലായത് എന്നാണ് സി.ഐ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ എഴുതിയിരുന്നത്. എന്നാല്‍ സി.ഐ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനാല്‍ കൊലക്കുറ്റം ചുമത്തിയിട്ടില്ല.

മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ പകല്‍ സമയത്ത് കോടതിയില്‍ എത്തിച്ചേക്കില്ലെന്നാണ് സൂചന. വൈകിട്ട് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയില്ല. ജാമ്യാപേക്ഷ വന്നാല്‍ അന്വേഷണ സംഘം എതിര്‍ക്കുമോ എന്ന് വ്യക്തമല്ല. ജാമ്യം ലഭിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സി.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. എസ്.പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു പോലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയതും ആര്‍.ടി.എഫിനെ സഹായിക്കാന്‍ ഗണേഷന്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കാന്‍ നിര്‍ദേശിച്ചതും എസ്.പിയാണെന്നും സി.ഐ നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന.

ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള എസ്.പിയുടെ ഫോണ്‍ രേഖകളും പരിശോധിക്കും. ചോദ്യം ചെയ്യല്‍ ഇന്നുണ്ടാവില്ല. വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് സൂചന. കസ്റ്റഡി മരണത്തിനു പിന്നാലെ സി.ഐ അടക്കമുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയപ്പോള്‍ എസ്.പിയെ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയതിനെയും മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ജോലിയും അര്‍ഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. സങ്കടത്തോടെയാണെങ്കിലും സഹായം സ്വീകരിക്കും. പോലീസ് അന്വേഷണം ഇപ്പോള്‍ ശരിയായ നിലയിലാണ്. കോടതിയിലേക്ക് എത്തുമ്പോള്‍ വമ്പന്‍മാര്‍ രക്ഷപ്പെടുമോ എന്ന് ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. സഹായത്തില്‍ ആശ്വാസമുണ്ടെന്നും ഗൂഢാലോചനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കൂടി പിടികൂടണമെന്നും ശ്രീജിത്തിന്റെ അമ്മയും പറഞ്ഞു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനിയുടെയും മണ്ടന്‍ പ്രസ്താവനകള്‍ക്ക് പിന്തുണയുമായി ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ്. ഗുജറാത്ത് മുഖ്യമന്ത്രിപുരാതന കാലത്തെ ഗൂഗിളായി നാരദനെ വിശേഷിപ്പിച്ചതില്‍ എന്താണ് തെറ്റെന്നാണ് ടിജി മോഹന്‍ദാസ് ചോദിക്കുന്നത്.

”നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു – ഗൂഗിള്‍ തോറ്റുപോകും: എന്നു പറഞ്ഞാല്‍ എന്താ ഇത്ര വലിയ കുഴപ്പം?” മെന്ന് ട്വിറ്ററിലൂടെ ടിജി മോഹന്‍ദാസ്ചോ ദിക്കുന്നു.

നേരത്തെ പുരാതന കാലത്തെ ഗൂഗിളായി നാരദനെ വിശേഷിപ്പിച്ച് റൂപാനി രംഗത്ത് വന്നിരുന്നു. ഗൂഗിളിനെ പോലെ ലോകത്തിലെ സകല കാര്യങ്ങളിലും നാരദനു അറിവുണ്ടായിരുന്നു. മനുഷ്യ ധര്‍മ്മത്തിനും മാനവിക പുരോഗതിക്കും വേണ്ടിയാണ് നാരദന്‍ വിവരങ്ങള്‍ ശേഖരിച്ചത്. ലോകത്തിലെ സകല വിവരങ്ങളും ഗൂഗിളിന് അറിയുന്ന പോലെ തന്നെ അന്ന് നാരദനും അറിയാമായിരുന്നു. ‘ദേവര്‍ഷി നാരദ് ജയന്തി’ ആഘോഷത്തില്‍ സംസാരിക്കുമ്പോഴാണ് വിജയ് റൂപാനി ഇക്കാര്യം പറഞ്ഞത്. ഈ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ പരിഹാസവും ട്രോളും ഏറ്റുവാങ്ങുമ്പോഴാണ് പ്രസ്താവനയ്ക്ക് പൂര്‍ണ പിന്തുണയുമായി മോഹന്‍ദാസ് എത്തിയിരിക്കുന്നതും ശ്രദ്ധേയമാണ്.

‘സര്‍ക്കാര്‍ ജോലിക്ക് പുറകെയുള്ള ഓട്ടം നിര്‍ത്തി പശുവിനെ കറക്കൂ, ലക്ഷങ്ങള്‍ സമ്പാദിക്കൂ, അല്ലെങ്കില്‍ മുറുക്കാന്‍ കട തുറക്കൂ’. എന്ന ത്രിപുര മുഖ്യമന്ത്രിയുടെ യുവാക്കളോടുള്ള ഉപദേശത്തിനും ബിജെപി നേതാവ് പിന്തുണ നല്‍കിയിയിട്ടുണ്ട്.
യുവാക്കളെ ഉപദേശിച്ച്

”പിഎസ്സി വഴി മുപ്പത്തഞ്ചാം വയസ്സില്‍ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളര്‍ത്താന്‍ പറഞ്ഞാല്‍ എന്താ കുഴപ്പം?” മെന്ന് ടിജി മോഹന്‍ദാസ് ചോദിക്കുന്നത്.

‘സര്‍ക്കാര്‍ ജോലിക്ക് വേണ്ടി നേതാക്കളുടെ പിന്നാലെ നടക്കുന്നതെന്തിന്? ബിരുദക്കാര്‍ പശുവിനെ വാങ്ങി കറവ തുടങ്ങിയാല്‍ 10 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപയെങ്കിലും സമ്പാദിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറകെ നടക്കുന്ന ചെറുപ്പക്കാര്‍ മുറുക്കാന്‍ കട തുടങ്ങിയിരുന്നെങ്കിലോ, അവര്‍ക്കിപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് ബാലന്‍സ് ഉണ്ടാകുമായിരുന്നു.’ എന്നാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് പറഞ്ഞത്.

ടിജി മോഹന്‍സാദിന്റെ ട്വീറ്റുകള്‍ പലപ്പോഴും ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട്. ഈ ട്വീറ്റുകളെയും ട്രോളന്‍മാര്‍ വെറുതെ വിട്ടിട്ടില്ല.

ആലുവ∙ വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കൻ പറവൂർ സിഐ  ക്രിസ്പിൻ സാമിന്റെ അറസ്റ്റ് ഉടനുണ്ടാകും. ക്രിസ്പിനെ കേസിൽ പ്രതി ചേർക്കാൻ തീരുമാനമായിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇദ്ദേഹത്തെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചു. ഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണു ചോദ്യം ചെയ്യുന്നത്. ഇതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് അറിയുന്നത്.

ശ്രീജിത്തിനെ മർദിച്ചവരുടെ കൂട്ടത്തിൽ ഇല്ലാതിരുന്നതിനാൽ ക്രിസ്പിനെതിരെ കൊലക്കുറ്റം ചുമത്താന്‍ സാധ്യതയില്ല. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി എന്നിവയ്ക്കാകും സിഐ പ്രതിയാകുക. ശ്രീജിത്തിനെ രാത്രിയാണു വീട്ടിലെത്തി കൊണ്ടുപോയതെങ്കിലും പിറ്റേന്നു രാവിലെയാണ് അറസ്റ്റ് ചെയ്തതെന്ന മട്ടിൽ രേഖകളിൽ തിരിമറിക്കു ശ്രമിച്ചു എന്നാണ് സിഐയ്ക്കെതിരെയുള്ള പരാതികളിലൊന്ന്.

എസ്ഐയും മറ്റു പൊലീസുകാരും നടത്തിയ കൊടിയ മര്‍ദനത്തെക്കുറിച്ച് ക്രിസ്പിൻ അറിഞ്ഞില്ല; അറിയാന്‍ ആ ഭാഗത്തേക്കു തിരിഞ്ഞു‍നോക്കിയതേയില്ല. മേല്‍നോട്ടത്തിലെ ഈ പിഴവാണു സിഐ ക്രിസ്പിന്‍ സാമിനു വിനയാകുന്നത്. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സിഐ ഒത്താശ ചെയ്തുവെന്നു കണക്കുകൂട്ടിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.

കസ്റ്റഡിമരണത്തിന്റെ തെളിവ് ഇല്ലാതാക്കാന്‍ കൂട്ടുനിന്നതിനുള്ള കുറ്റവും സിഐയുടെ പേരില്‍ വന്നേക്കാം. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് ക്രിസ്പിൻ സാം.

Copyright © . All rights reserved