തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തോട് പ്രദേശവാസികള്‍ സഹകരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലിഗയെ കാണാതായി ദിവസങ്ങള്‍ നീണ്ട തെരെച്ചില്‍ നടത്തിയിട്ടും വിവരങ്ങളൊന്നും നല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറാവാതിരുന്നതാണ് പോലീസിനെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. ലിഗയെ കാണാതായി ഒരു മാസത്തിന് ശേഷമാണ് തിരുവല്ലത്തിന് സമീപം വാഴമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്തെ മൃതദേഹം കണ്ടെത്തുന്നത്. പ്രദേശത്തെ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്.
എന്നാല്‍ പ്രദേശവാസികളായ ചിലര്‍ മൃതദേഹം നേരത്തെ കണ്ടിരുന്നുവെന്നും പോലീസിനെ മനഃപൂര്‍വ്വം വിവരമറിയിക്കാതിരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശരീരം കിടന്നിരുന്നതിന് തൊട്ടടുത്തായി 30 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജീര്‍ണിച്ച മൃതശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായിട്ട് പോലും ആരും സംഭവ സ്ഥലത്ത് എത്തിയില്ലെന്നത് അവിശ്വസനീയമാണ്. ലിഗയെ പലരും കണ്ടിരുന്നെങ്കിലും പോലീസിനെ അറിയിച്ചില്ല. രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികള്‍ വാഴമുട്ടത്തിന് സമീപങ്ങളില്‍ താമസിക്കുന്നവരാണെന്ന് പോലീസിന് സംശയമുണ്ട്. അതേസമയം കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന നാല് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ശക്തമായ തെളിവുകളുടെ അഭാവമുള്ളതു കൊണ്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താത്തത്. വരും ദിവസങ്ങളില്‍ കേസിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിയില്‍ സ്‌ഥലം എം.എല്‍.എയെ ക്ഷണിച്ചുവരുത്തി അപമാനിച്ചെന്നു പരാതി. കഴിഞ്ഞദിവസം എറണാകുളം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിച്ച ഇന്ത്യ സ്‌കില്‍സ് കേരള-2018 പരിപാടിയില്‍ വിളിച്ചുവരുത്തി അപമാനിച്ചെന്നാരോപിച്ച് ഹൈബി ഈഡന്‍ എം.എല്‍.എ, നിയമസഭാ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന് അവകാശലംഘന നോട്ടീസ് നല്‍കും.
പരിപാടിക്കു ക്ഷണിച്ചെങ്കിലും സ്‌ഥലം എം.എല്‍.എയെ, പ്രോട്ടോക്കോള്‍ ലംഘിച്ച്, സദസില്‍ ഇരുത്തുകയായിരുന്നു. വകുപ്പ് ഡയറക്‌ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്കു വേദിയിലായിരുന്നു ഇരിപ്പിടം. നൈപുണ്യവികസനം ലക്ഷ്യമിട്ടു വ്യവസായ പരിശീലനവകുപ്പും തൊഴില്‍ വകുപ്പിനു കീഴിലുള്ള കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും(കെയിസ്) ചേര്‍ന്നാണ് ഇന്ത്യ സ്‌കില്‍സ് കേരള-2018 പരിപാടി സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ഉദ്‌ഘാടകന്‍. പരിപാടിയില്‍ എം.എല്‍.എയ്‌ക്ക് അര്‍ഹമായ സ്‌ഥാനം നല്‍കാതെ അപമാനിച്ചെന്നാണു പരാതി.സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പ്രകാരം, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വകുപ്പുമന്ത്രിയാകണം അധ്യക്ഷന്‍. സ്‌ഥലം എം.എല്‍.എയ്‌ക്കു വേദിയില്‍ പ്രധാനസ്‌ഥാനം നല്‍കണം. അല്ലെങ്കില്‍ സംഘാടകര്‍ക്കെതിരേ നടപടിയെടുക്കും. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേയാണു കൊച്ചിയില്‍ എം.എല്‍.എയെ വിളിച്ചുവരുത്തി സദസിലിരുത്തിയത്.
വ്യവസായ പരിശീലനവകുപ്പ് ഡയറക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമനാണു ഹൈബിയെ ചടങ്ങിലേക്കു ക്ഷണിച്ചത്. മന്ത്രി ടി.പി. രാമകൃഷ്‌ണനായിരുന്നു അധ്യക്ഷന്‍. വേദിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് എം.ഡി: ശ്രീറാം വെങ്കിട്ടരാമന്‍ എന്നിവരുമുണ്ടായിരുന്നു. അപമാനിച്ചതില്‍ പ്രതിഷേധിച്ച് ഹൈബി പരിപാടി അവസാനിക്കും മുമ്പ് ഇറങ്ങിപ്പോയി. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി ടി.പി. രാമകൃഷ്‌ണന് എം.എല്‍.എയുടെ ഓഫീസ് പരാതി നല്‍കി. ഇന്നു രാവിലെ സ്‌പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കും.
സോണി കെ. ജോസഫ്
മൂന്നാര്‍: മൂന്നാറില്‍ സ്വന്തമായി വീടില്ലാതെ ഒരു വൃദ്ധന്‍ സന്മസുള്ളവരുടെ കരുണ തേടുന്നു. കുടിയിറക്കു ഭീഷണിയും ഭൂമികൈയ്യേറ്റവും നടക്കുന്ന മൂന്നാറിലാണ് ആരെയും വേദനിപ്പിക്കുന്ന ഈ ഖേദകരമായ കാഴ്ച. മൂന്നാര്‍ ന്യൂ കോളനിയില്‍ ഗംഗാധരന്‍ എന്ന വൃദ്ധനായ മനുഷ്യനാണ് സ്വന്തമായി വീടില്ലാതെ നാട്ടുകാരുടെ കരുണയാല്‍ കഴിയുന്നത്. ഇവിടെ ആകെയുള്ള 4 സെന്റ് സ്ഥലത്ത് ഒരു കുടുംബം തങ്ങളുടെ കൂടെ ചാക്ക് മറയാക്കി ഷെഡ് അടിച്ചുകൊടുത്താണ് ഈ അനാഥനായ മനുഷ്യനെയും താമസിപ്പിച്ചിരിക്കുന്നത്.
സഹായിക്കുന്ന കുടുംബവും പാവങ്ങളാണ്. ഈ ഒരു കുടുംബത്തില്‍ തന്നെ 6 വീട്ടുകാരാണ് ഉള്ളത്. ഇതിനോട് ചേര്‍ന്ന് നിര്‍മ്മിച്ചു കൊടുത്ത ഷെഡിലാണ് ഈ വൃദ്ധനായ മനുഷ്യന്റെയും താമസം. ഗംഗാധരന് മക്കളില്ല. ഭാര്യ രണ്ട് മാസം മുന്‍പ് മരിച്ചു. മൂന്നാറിലെ കുറെ നല്ല മനുഷ്യരുടെ കാരുണ്യം കൊണ്ട് ഈ വൃദ്ധന്‍ ഇന്ന് മരിക്കാതെ ജീവിക്കുന്നു. വാര്‍ദ്ധക്യ സഹജമായ പല രോഗങ്ങളും ഇയാളെ വലയ്ക്കുന്നുണ്ട്. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പോലും പരസഹായം വേണം.
ജൂണ്‍, ജൂലൈ മാസത്തില്‍ കാലവര്‍ഷം ശക്തിപ്പെടുന്നതിന് മുന്‍പ് ഒരു സുരക്ഷിതമായ മുറി ഇദേഹത്തിന് പണിത് കൊടുത്തില്ലെങ്കില്‍ തണുപ്പും മഴയും സഹിക്കാനാവാതെ ഇയാള്‍ മരണപ്പെടാനും സാദ്ധ്യതയുണ്ട്. കരുണയുള്ള നല്ല മനുഷ്യരുടെ സഹായം തേടുകയാണ് ഈ മനുഷ്യന്‍. സഹായിക്കുവാന്‍ സന്മനസുള്ളവര്‍ സഹായിക്കുക. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ : 9447825748, 9446743873, 9447523540.
മഞ്ചേരിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ് സുബൈദ. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആരോ ആസിഡ് ഒഴിച്ചെന്നാണ് ആദ്യം നല്‍കിയ മൊഴി. പിന്നീട് ചോദിച്ചറിഞ്ഞപ്പോള്‍ ഭര്‍ത്താവിന് ചില സ്ത്രീകളുമായി ബന്ധമുണ്ടെന്നും അതാണ് കൊലപാതകത്തിലെത്തിയതെന്നും സുബൈദ പറഞ്ഞു. കൊലപാതകത്തിന് തൊട്ടുമുമ്പും ഇരുവരും വഴക്കുണ്ടായി. ആസിഡ് സുബൈദ വാങ്ങിയതാണോ എന്നും സംശയമുണ്ട്.
ഇരുപതാം തീയതി അര്‍ദ്ധരാത്രിയാണ് സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ വാടക വീട്ടില്‍ ഭാര്യ സുബൈദയ്ക്ക് ഒപ്പം കിടന്നുറങ്ങവേ ബഷീറിന് മേല്‍ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖവും നെഞ്ചും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ ഉടന്‍ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും അടുത്ത ദിവസം മരിച്ചു.ചോദ്യം ചെയ്യലില്‍ സുബൈദ കുറ്റം ഏറ്റുപറയുകയായിരുന്നു. മലപ്പുറത്ത് മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപനം നടത്തി വരികയായിരുന്നു ബഷീര്‍.
ആലുവ: രാജയുടെ ജീവിതം സിനിമാ കഥകളേക്കാളും നാടകീയമാണ്. ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത രാജ ഇന്നലെ മാനസയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി. അങ്കമാലി ചെറിയ വാപ്പാലശ്ശേരിയില്‍ പൈനാടത്ത് വീട്ടില്‍ ബിജു-ബിന്ദു ദമ്പതിമാരുടെ മകളായ മാനസയാണ് വധു. ചെറിയ വാപ്പാലശ്ശേരി ശ്രീദുര്‍ഗാദേവീ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
2002ലാണ് തമിഴ്‌നാട് സ്വദേശിയായ രാജ അച്ഛനുമൊത്ത് തൃശൂര്‍ ജില്ലയിലെത്തുന്നത്. അമ്മ വളരെ ചെറുപ്പത്തിലെ തന്നെ നഷ്ടപ്പെട്ട രാജയ്ക്ക് ഏക ആശ്രയം. എട്ടുവയസ്സുകാരന്‍ രാജയെ ഭിക്ഷാടന മാഫിയ തട്ടിയെടുത്ത് നിര്‍ബന്ധിത ഭിക്ഷാടനം ചെയ്യിപ്പിച്ചു. ഭിക്ഷ യാചിച്ച് ദിവസം അന്‍പത് രൂപ നേടിയില്ലെങ്കില്‍ ഭിക്ഷാടന മാഫിയ തലവന്‍ ക്രൂരമായി മര്‍ദിക്കുകമായിരുന്നു. രാജയുടെ ശരീരത്തിലും മനസിലും ഇയാള്‍ ഏല്‍പ്പിച്ച മുറിവുകള്‍ ഏറെയായിരുന്നു.
ഭിക്ഷാടനത്തിനിടയില്‍ നാട്ടുകാരുടേയും പോലീസിന്റെയും സഹായത്തോടെയാണ് ജനസേവാ ശിശുഭവന്‍ ഒരു ദിവസം രാജുവിനെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുമ്പോള്‍ രാജയുടെ ശരീരമാസകലം കത്തിച്ച സിഗററ്റു കൊണ്ട് കുത്തിയതിന്റെയും കമ്പി പഴുപ്പിച്ച് പൊള്ളിച്ചതിന്റെയും വ്രണങ്ങളായിരുന്നു. ചികിത്സയ്ക്ക് ശേഷം ശിശുഭവനില്‍ രാജ ജീവിതം ആരംഭിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തിയതോടെ കൂടുതല്‍ പഠിപ്പിക്കാന്‍ ശിശുഭവന്‍ തയ്യാറായി.
2008-ല്‍ ജനസേവാ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ജനസേവാ സ്പോര്‍ട്സ് അക്കാദമി’യാണ് രാജയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കി. സ്‌പോര്‍ട്‌സ് അക്കാഡമി വഴി സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ടീമിലേക്ക് രാജ സെലക്ട് ചെയ്യപ്പെട്ടു. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സെന്‍ട്രല്‍ ബാങ്ക് ഇന്ത്യയുടെ എറണാകുളം ശാഖയിലെ ഉദ്യോഗം രാജയെ തേടിയെത്തി. ഇപ്പോള്‍ മാനസയുമൊത്ത് പുതിയ ജീവിതത്തിലേക്ക്.
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. കൃത്യം നടത്തിയത് മൂന്ന് പേരടങ്ങിയ സംഘമാണെന്നാണ് വിവരം. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്.
വള്ളത്തില്‍ നിന്നും സമീപ പ്രദേശങ്ങളിലും ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. നേരത്തെ ലിഗയെ കൊലപ്പെടുത്തിയത് ഒന്നിലേറെ ആളുകള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴുത്ത് ഞെരിച്ചാവാം കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അതേസമയം പോലീസിനെതിരെ വിമര്‍ശനവുമായി ലിഗയുടെ സഹോദരി ഇലിസ് രംഗത്തെത്തി. കാണാതായപ്പോള്‍ ശക്തമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തന്റെ സഹോദരി കൊല്ലപ്പെടില്ലായിരുന്നുവെന്ന് ഇലിസ് പറഞ്ഞു.
കാസര്‍കോട്: വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. വിശ്വഹിന്ദു പരിഷത്തും ഭജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു വര്‍ഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയത്.
മുസ്‌ലിം ക്രിസ്ത്യന്‍ സമുദായത്തെ വാളു കൊണ്ട് വെട്ടിക്കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് പ്രദേശത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടയാക്കിയെന്നും പരിപാടി നേരത്തെയുള്ള ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമാണെന്നും പരാതിയില്‍ പറയുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രസംഗം നടത്തിയവര്‍ക്കെതിരെയും പരിപാടിയുടെ സംഘാടക സമിതി ഭാരവാഹികള്‍ക്കെതിരെയും കേസെടുത്ത് നിയമത്തിന്റെ മുന്നുല്‍ കൊണ്ട് വരണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ലൗ ജിഹാദുമായി വരുന്നവരുടെയും ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ച് കഴുത്തു വെട്ടണം എന്നാണ് വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതി പ്രസംഗിച്ചത്.
‘ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണം. ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാവീടുകളിലും വെക്കണം. ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈവാള്‍ ഉപയോഗിക്കണം’. എന്നായിരുന്നു സ്വാധി സരസ്വതി പ്രസംഗിച്ചത്. കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡിന്റ് അദ്ധ്യക്ഷനായ പരിപാടിയിലായിരുന്നു പ്രസംഗം.
രക്ഷാബന്ധന ദിവസം നിങ്ങള്‍ സഹോദരികള്‍ക്കു മധുരവും സമ്മാനങ്ങളും നല്‍കി അവരെ സംരക്ഷിക്കുമെന്ന് വാക്ക് നല്‍കുന്നു. എന്നാല്‍ പെങ്ങന്‍മാരുടെ സംരക്ഷണത്തിന് വാല് പോലെ പുറകെ നടക്കാന്‍ കഴിയില്ല. അതുകൊണ്ട് അവര്‍ക്ക് വാള്‍ സമ്മാനിക്കണം. ഈ വാള്‍കൊണ്ട് ജിഹാദികളുടെ കഴുത്തു വെട്ടാന്‍ ഉപകരിക്കും. നിങ്ങളെല്ലാം പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം.
പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെയും വെട്ടാന്‍ തയ്യാറാവണം. ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാന്‍ ആവില്ല. ഞാന്‍മുസ്ലീമിന് എതിരല്ല, എ.പി.ജെ അബ്ദുല്‍ കലാമിനെയും റഹിമിനെയും ബഹു മാനിക്കുന്നവളാണ്. ഹിന്ദു ആഘോഷത്തില്‍ ഒരു മുസ്ലിമുംപങ്കെടുക്കുന്നില്ല. എന്നാല്‍ എല്ലാ മുസ്ലിം ആഘോഷങ്ങളിലും ഹിന്ദുക്കള്‍ പങ്കെടുക്കുന്നു. ഇത് നാണക്കേടാണെന്നും സ്വാധി സരസ്വതി പറഞ്ഞു.
അതേസമയം ഡി.സി.സി നേതൃത്വത്തിന്റെയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് വി.എച്ച്.പിയുടെ ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്തത് വിവാദമാകുന്നു. വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും ഹിന്ദു സമാജോത്സവ സമിതിയും ബദിയടുക്കയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായ കെ.എന്‍ കൃഷ്ണഭട്ട് അധ്യക്ഷനായത്.
നേരത്തെ ഹിന്ദുസമ്മേളനത്തില്‍ പങ്കെടുത്താല്‍ പഞ്ചായത്ത് പ്രസിഡന്റിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ സമ്മേളനത്തില്‍ നിന്ന് കൃഷ്ണഭട്ട് വിട്ടുനില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഡി.സി.സിയുടേയും ലീഗിന്റെയും എതിര്‍പ്പ് അവഗണിച്ച് കൃഷ്ണഭട്ട് സമ്മേളനത്തില്‍ അദ്ധ്യക്ഷനാവുകുയായിരുന്നു.
കണ്ണൂര്‍: യാത്രക്കാരെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് ഹൈജാക്ക് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ഗുണ്ടകളാണ് ബസ് ഹൈജാക്ക് ചെയ്തതെന്ന് കര്‍ണാടക പോലീസ് അറിയിച്ചു.
സിനിമ കഥകളെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. നിറയെ യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് വരുന്ന ലാമ ട്രാവല്‍സ് ബസാണ് ഹൈജാക്ക് ചെയ്തത്.
ബംഗളൂരുവില്‍ നിന്നും രാത്രി ഒന്‍പതു മുപ്പതിന് ബസ് പുറപ്പെട്ട് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘം ബസ് തടഞ്ഞു നിര്‍ത്തി.
അക്രമികളില്‍ ഒരാള്‍ പോലീസ് വേഷം ധരിച്ചിരുന്നു. ബസ് ഡ്രൈവറെ പിടിച്ചു താഴെ ഇറക്കി അക്രമികളില്‍ ഒരാള്‍ ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ഊട് വഴികളിലൂടെ സഞ്ചരിച്ചു ഒറ്റപ്പെട്ട സ്ഥലത്തുള്ള ഗോഡൗണില്‍ ബസ് എത്തിച്ചു. ആരെയും ഫോണ്‍ വിളിക്കരുതെന്നും പോലീസിനെ അറിയിക്കരുതെന്നും പറഞ്ഞു യാത്രക്കാരെ ഭീഷണിപ്പെടുത്തി.
എന്നാല്‍ ചില യാത്രക്കാര്‍ തന്ത്രപരമായി പോലീസിനെ വിവരം അറിയിച്ചു. വൈകാതെ രാജ രാജേശ്വരി നഗര്‍ പോലീസ് സ്ഥലത്ത് എത്തി ബസ്സും യാത്രക്കാരെയും മോചിപ്പിച്ചു. ഗുണ്ടകളെ അറസ്റ്റ് ചെയ്തു.
നിയമനടപടികള്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷമാണ് ബസ് വിട്ടയച്ചത്.
സ്വകാര്യ ധനകാര്യ സ്ഥാപനം നല്‍കിയ വായ്പ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ബസ് ഹൈജാക്ക് ചെയ്യുന്നതില്‍ കലാശിച്ചത്.
ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന രാത്രി ബസ്സുകള്‍ അക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നത് നിത്യ സംഭവം ആയിരിക്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബസ് ഹൈജാക്ക് ചെയ്ത സംഭവം.
എന്‍സിപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. നെടുമ്പാശേരിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്. ശശീന്ദ്രന്‍ പക്ഷക്കാരനായ പി.കെ രാജന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റായും ബാബു കാര്‍ത്തികേയന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ശരത് പവാറുമായി എന്‍സിപി നേതാക്കള്‍ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു.
പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.മന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രന്തിരികെ ലഭിച്ചതോടെ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്ന നിലപാടായിരുന്നു തോമസ് ചാണ്ടി വിഭാഗത്തിന്റേത്.
ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് എ കെ ശശീന്ദ്രന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തെത്തിയത്. തുടര്‍ന്ന് കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്നാരോപിച്ച് കേസെടുത്ത നടപടിക്കെതിരെ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. സ്വന്തം പോക്കറ്റില്‍ നിന്നും പണം ചിലവഴിച്ചാണ് അന്വേഷണം നടത്തിയതെന്ന് അശ്വതി ജ്വാല പറഞ്ഞു. യാതൊരുവിധ പണപ്പിരിവും നടത്തിയിട്ടില്ല. പരാതിക്കാരനെ അറിയില്ലെന്നും അശ്വതി പ്രതികരിച്ചു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി തെറ്റാണെന്നും അനാവശ്യ വിവാദങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടാക്കരുതെന്നും ലിഗയുടെ സഹോദരി ഇലിസും വ്യക്തമാക്കി.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടത്താനെന്ന പേരില്‍ ജ്വാലയുടെ നേതൃത്വത്തില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് കോവളം സ്വദേശിയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇയാളുടെ പരാതി സ്വീകരിച്ച പോലീസ് അശ്വതിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നോട്ടീസ് ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ അതിനെ നിയമപരമായി തന്നെ നേരിടുമെന്നും അശ്വതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലിഗയുടെ ബന്ധുക്കള്‍ ഇവിടെ നിന്ന് തിരിച്ചുപോകുന്നതുവരെ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കി കൂടെ തന്നെ നില്‍ക്കും. ലിഗയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ ആവശ്യപ്രകാരമാണ് വിഷയത്തില്‍ അന്വേഷണം നടത്തിയതെന്നും അശ്വതി ജാല പറഞ്ഞു. തെരുവില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജ്വാല. തെരുവില്‍ ഇനിയും ആളുകള്‍ പെരുകട്ടെയെന്നും ഇനിയും കൂടുതല്‍ പേര്‍ കൊല്ലപ്പെടട്ടെയെന്നുമായിരിക്കും ഇത്തരം കേസുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നതെന്നും അശ്വതി ജ്വാല പറഞ്ഞു.