Kerala

കൊച്ചി: നടന്‍ ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിച്ചു. ചിലവന്നൂര്‍ കായലില്‍ വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ബോട്ട് ജെട്ടിയാണ് പൊളിച്ചു നീക്കിയത്. കൊച്ചി കോര്‍പറേഷനാണ് കയ്യേറ്റത്തിനെതിരെ നടപടിയെടുത്തത്. ഇതി പൊളിക്കുന്നതിനെതിരെ ജയസൂര്യ തദ്ദേശ ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.

പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ജയസൂര്യ കായല്‍ കയ്യേറിയെന്ന പരാതി നല്‍കിയത്. കയ്യേറ്റം പൊളിച്ചു മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒന്നര വര്‍ഷം മുമ്പ് ഹര്‍ജിയില്‍ അനുകൂല വിധി വന്നിരുന്നെങ്കിലും ജയസൂര്യ അപ്പീല്‍ നല്‍കിയതിനാല്‍ തുടര്‍നടപടികള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബോട്ട്‌ജെട്ടിയും ചുറ്റുമതിലും അനധികൃതമായി നിര്‍മിച്ചുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഈ അനധികൃത നിര്‍മാണം പൊളിച്ചുനീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പറേഷന്‍ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ നടപടിയുണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് പരാതിക്കാരന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ രാജന്‍ സീത ദമ്പതികളുടെ മകനായ അരുണ്‍രാജ് (29) ഏഴ് പേര്‍ക്ക് പുതിയ ജീവിതം സമ്മാനിച്ച് യാത്രയായി. ഹൃദയം, കരള്‍, 2 വൃക്കകള്‍, 2 കൈകള്‍, പാന്‍ക്രിയാസ്, 2 കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. മൃതസഞ്ജീവനി വഴി ഇത്രയും അവയവങ്ങള്‍ ഒന്നിച്ച് ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

വേദനയ്ക്കിടയിലും ഇത്രയും പേര്‍ക്ക് ജീവിതം നല്‍കാന്‍ തയ്യാറായ അരുണ്‍രാജിന്റെ കുടുംബത്തിന്റെ തീവ്ര ദു:ഖത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പങ്കുചേര്‍ന്നു. ജാതിമതത്തിനും ഭാഷയ്ക്കും ദേശത്തിനും അതീതമായി മാറി എന്നതും ഈ അവയവദാനത്തിന്റെ പ്രത്യേകതയാണെന്നും മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഒന്നാം തീയതി വൈകുന്നേരം 5.30 നാണ് അപകടം സംഭവിച്ചത്. സഹപ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം വേങ്ങൂര്‍ നായത്തോട് എയര്‍പോര്‍ട്ട് റോഡ് വഴി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു അരുണ്‍ രാജ്. ഇവരുടെ ബൈക്കിന്റെ പുറകില്‍ ഒരു കാര്‍ വന്ന് ഇടിച്ചു. സുഹൃത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ബൈക്കിന്റെ പുറകിലിരുന്ന അരുണ്‍രാജിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ അരുണ്‍രാജിനെ എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ഐ.സി.യു.വില്‍ അഡ്മിറ്റാക്കി. അരുണ്‍രാജിന്റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമവും നടത്തിയെങ്കിലും മസ്തിഷ്‌ക മരണമടയുകയായിരുന്നു.

അരുണ്‍രാജിന്റെ സുഹൃത്താണ് അവയവദാനത്തിന്റെ മഹത്വത്തെപ്പറ്റി ബന്ധുക്കളോട് വിവരിച്ചത്. മറ്റുള്ളവരിലൂടെ തങ്ങളുടെ മകന്‍ ജീവിക്കട്ടെ എന്ന് പറഞ്ഞ് പിതാവ് അവയവദാനത്തിന് സമ്മതിക്കുകയായിരുന്നു.

കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയുമായി ഉടന്‍ തന്നെ ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടു. വിദഗ്ധ പരിശോധനയില്‍ അരുണ്‍ രാജിന്റെ മിക്കവാറും അവയവങ്ങള്‍ മാറ്റിവയ്ക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു. എല്ലാ അവയവങ്ങളും നല്‍കാല്‍ ബന്ധുക്കള്‍ തയ്യാറാകുകയും ചെയ്തതോടെ മുന്‍ഗണനാ ക്രമത്തില്‍ അവയവ സ്വീകര്‍ത്താക്കളെ മൃതസഞ്ജീവനി കണ്ടെത്തുകയായിരുന്നു.

ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ 6 മണിക്കൂര്‍ ഇടവിട്ട് 2 പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.

ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും കൈകള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും, കരള്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശിക്കും, ഒരു വൃക്ക, പാന്‍ക്രിയാസ് എന്നിവ അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള എറണാകുളം സ്വദേശിക്കുമാണ് ലഭിച്ചത്. കണ്ണുകള്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ രോഗികള്‍ക്കാണ് നല്‍കുന്നത്.

കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം തമിഴ്‌നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി (TRANSTAN) ബന്ധപ്പെട്ടു. ചെന്നൈ ഫോര്‍ട്ടിസ് മലര്‍ ആശുപത്രിയിലെ 19കാരനാണ് ഹൃദയം ലഭിച്ചത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളത്തെത്തിച്ച് വിമാനമാര്‍ഗമാണ് ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയത്.

രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അവയവദാനമായതിനാല്‍ ഒട്ടേറെ സങ്കീര്‍ണ പ്രശ്‌നങ്ങളുള്ളതായിരുന്നു ഈ അവയവദാന പ്രകൃയ. എന്നാല്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രശ്‌നത്തിലിടപെടുകയും വേണ്ടത്ര സഹായങ്ങള്‍ നല്‍കുകയും ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് തുടങ്ങിയ അവയവദാന പദ്ധതിക്ക് അന്തിമരൂപം നല്‍കിയതോടെ അവയവദാന പ്രകൃയ വിജയമായി. അവിവാഹിതനാണ് അരുണ്‍രാജ്. വിദേശത്ത് ജോലി ചെയ്യുന്ന അഖില്‍രാജാണ് ഏക സഹോദരന്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

സമൂഹമാധ്യമങ്ങളിലെ കാർട്ടൂണുകളാണ് ട്രോളുകൾ. രാജ്യത്തെ ഇന്ധനവില റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിനെയും ബിജെപി നേതാക്കൾക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഹോൽസവമാണ്. ചാനൽ ചർച്ചകളിൽ ഇന്ധന വിലവർധനയെ ന്യായീകരിച്ച ബിജെപി നേതാവ് ജെ.ആർ.പത്മകുമാറിനും ബി.ഗോപാലകൃഷ്ണനും നൊബേൽ സമ്മാനം നൽകിയാണ് ട്രോളൻമാർ രംഗത്തെത്തിയത്. ഇന്ധനവില സിദ്ധാന്തം കണ്ടുപിടിച്ചതിനാണ് ബിജെപി നേതാക്കളായ ജെ.ആര്‍. പത്മകുമാറിനും‍, ബി. ഗോപാലകൃഷ്ണനും ട്രോളൻമാർ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബൽ പുരസ്കാരം നൽകി ആദരിച്ചത്.

ഇന്ധനവില സിദ്ധാന്ത പ്രകാരം ക്രൂഡോയില്‍ വില എത്ര കുറഞ്ഞാലും ഇന്ധന വില കൂടുകയേ ഉള്ളു. ഇന്ധനവില കൂടുന്നത് അനുസരിച്ച് രാജ്യം വികസിക്കുകയും അങ്ങനെ വിപണിയില്‍ ഉത്പന്നങ്ങളുടെ വില കുറയുകയും ചെയ്യും എന്നാണ് ഇവരുടെ സിദ്ധാന്തം. കേരളത്തിലെ വാർത്താചാനലുകളിലൂടെയാണ് ഇവർ പുതിയ സിദ്ധാന്തം അവതരിപ്പിച്ചതെന്നും ട്രോളൻമാർ പരിഹസിക്കുന്നു.

ഇത് ചാനലിലൂടെ കണ്ട സ്വീഡനിലെ നൊബേല്‍ കമ്മറ്റി അര്‍ദ്ധരാത്രി തന്നെ അസാധാരണ മീറ്റിംഗ് വിളിച്ച് കൂട്ടുകയും അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നുമെന്നാണ് ട്രോളൻമാർ പറയുന്നത്. ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ട്രോളുകളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ രണ്ടുപേർക്ക് കൂടി സമൂഹമാധ്യമങ്ങളിൽ ട്രോള്‍ ഒരുങ്ങിയത്

ട്രോളുകൾ കാണാം………..

troll-nobel-1

troll-2

troll-1

 

കേരളത്തിലെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന പ്രമുഖ കവിയും സാമൂഹിക പ്രവര്‍ത്തകനുമായ കെ.സി ഉമേഷ് ബാബുവിന്റെ വീട് ആക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. കേരളത്തിലെ രാഷ്ട്രീയം ഹിംസാത്മകമാവുന്നതിന് എല്ലാവര്‍ക്കും പങ്കുണ്ടെന്നും ഭരണകൂടത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ഉമേഷ് ബാബുവിനെതിരെയുള്ള ആക്രമണത്തിന്റെ കുന്തമുന ഭരണകര്‍ത്താക്കള്‍ക്ക് നേരെ തന്നെയാണെന്നും ആം ആദ് മി പാര്‍ട്ടി ആരോപിക്കുന്നു. യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

കല്‍ബുര്‍ഗിയെയും ഗൗരിലങ്കേഷിന്റെ എതിരെയും കുറിച്ച് വേവലാതിപ്പെടുന്നവര്‍ കേരളത്തിന്റെ അകത്ത് എതിര്‍ ശബ്ദമുയര്‍ത്തുന്ന സാംസ്‌കാരിക നായകന്മാര്‍ക്ക് എതിരെയുള്ള കയ്യേറ്റങ്ങളെ അവഗണിക്കുന്നതായി ആം ആദ് മി പാര്‍ട്ടി പറയുന്നു.

ജനാധിപത്യപരമായ ഏതൊരു നിലപാടും ഉയര്‍ത്തിപ്പിടിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള മൗലിക അവകാശവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഭരണം ഉണ്ടാകണമെന്നാണ് ഏതൊരു സാധാരണക്കാരനും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടി ഉമേശിനെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റില്‍. വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരി മേലാല്‍ മുക്ക് ടെറുകോട് മിത്തല്‍ വീട്ടില്‍ ദിനേശന്‍ (44), സഹോദരന്‍ സതീശന്‍ (41) എന്നിവരാണ് അറസ്റ്റിലായത്. തൊട്ടില്‍പാലം കുണ്ടുതോട്ടിലുള്ള ചെറിയച്ഛന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മുഖ്യപ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ കൈവേലി സ്വദേശിയ വിബീഷിനെ ഇതുവരെ പിടികൂടിയിട്ടില്ല.

വിജീഷ് 45,000ത്തോളം സ്ത്രീകളുടെ ചിത്രങ്ങളാണ് മോര്‍ഫിങ്ങിനായി എടുത്തത് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഏഴുമാസം മുമ്പ് തന്നെ ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ക്ക് മനസ്സിലായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാള്‍ മോര്‍ഫിങ് തുടര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ ഉടമകള്‍ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തില്‍നിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് സംഭവം പുറത്തായത്.

വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ വിവാഹങ്ങളാണ് കൂടുതലും ഇവര്‍ ഷൂട്ട് ചെയ്തത്. നൂറുകണക്കിന് സ്ത്രീകളുടെ അശ്ലീച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്നാണ് വിവരം. സ്ഥാപന ഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. പ്രദേശത്തെ നാട്ടുകാരാണ് ആദ്യം വിഷയത്തില്‍ ഇടപെട്ടത്. ഇവര്‍ ബിബീഷ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയത്. ഇത് പൊലീസിന് കൈമാറി. അപ്പോഴേക്കും ബിബീഷ് മുങ്ങി. പിന്നാലെ, സ്ഥാപനഉടമകളും ഒളിവില്‍പ്പോയി.

സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റുഡിയോ ഉടമയുടെ മലോല്‍മുക്കിലെ മറ്റൊരു സ്ഥാപനത്തിലേക്ക് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും കഴിഞ്ഞയാഴ്ച മാര്‍ച്ച് നടത്തിയിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന ബഹുജനകണ്‍വെന്‍ഷനിലും ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്നാണ് പൊലീസ് ഉടമകളെ പിടികൂടിയത്.

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചില്ല. ഡിവിഷന്‍ ബഞ്ചിലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളായിരുന്നു ഹര്‍ജി നല്‍കിയത്.

ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തേ ഈ ഹര്‍ജി തള്ളിയിരുന്നു. കേസില്‍ നല്‍കിയിരിക്കുന്ന അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ വിധി വരുന്നതുവരെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

കേസില്‍ യുഎപിഎ ചുമത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണെന്ന് 20 മുതല്‍ 26 വരെയുള്ള പ്രതികള്‍ കോടതിയെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി മാത്രമേ യുഎപിഎ ചുമത്തുമ്പോള്‍ ഉണ്ടായിരുന്നുള്ളു.

ന്യൂഡല്‍ഹി: ജേക്കബ് തോമസ് ഐപിഎസിനെതിരായ കോടതിയലക്ഷ്യ നടപടിക്ക് സുപ്രീം കോടതി സ്റ്റേ. ജഡ്ജിമാര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചുവെന്ന് ആരോപിച്ച് ഹൈക്കോടതിയാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

ജേക്കബ് തോമസ് നടത്തിയത് ജഡ്ജിമാര്‍ക്കെതിരായ വിമര്‍ശനമല്ലെന്ന് സുപ്രീം കോടതി വിലയിരുത്തി. സംവിധാനം മെച്ചപ്പെടണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചതെന്നും ഹൈക്കോടതി ഇത്ര തൊട്ടാവാടിയാകാന്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്ര വിജിലന്‍്‌സ് കമ്മീഷന് ജേക്കബ് തോമസ് അയച്ച പരാതിയാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചത്.

ജഡ്ജിമാര്‍ക്കെതിരെ അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. കേസ് ഇനി സുപ്രീം കോടതി പരിഗണിക്കും. ഹൈക്കോടതിക്ക് ഈ വിഷയത്തില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

വയനാട്ടിലെ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന ഭൂമാഫിയ സംഘം ഒളിക്യാമറയില്‍ കുടുങ്ങി. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് വയനാട് ജില്ലാ കളക്ടറും സിപിഐ ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ കൂടുങ്ങിയത്. തോട്ടത്തറ വില്ലേജിലെ നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് എന്നയാളെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സമീപിക്കുകയായിരുന്നു. ഇയാള്‍ വഴി ഡപ്യൂട്ടി കളക്ടര്‍ സോമരാജന്‍, സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എന്നിവരുമായും ചാനല്‍ റിപ്പോര്‍ട്ടര്‍ ബന്ധപ്പെട്ടു. നാലേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ സഹായിക്കാമെന്ന് ഇവര്‍ വാക്ക് നല്‍കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഡപ്യൂട്ടി കളക്ടറെ സസ്‌പെന്റ് ചെയ്യാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി. നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരപ്പെടുത്താന്‍ 20 ലക്ഷം കൈക്കൂലിയും 20 ലക്ഷം രൂപ സ്ഥല വിലയായും നല്‍കിയാല്‍ മതിയെന്ന് ഭൂമാഫിയ ഇടനിലക്കാരന്‍ പറയുന്നു. സിപിഐ ജില്ലാ സെക്രട്ടറി വഴി കാര്യങ്ങള്‍ ശരിയാക്കി നല്‍കാമെന്നും ഇടനിലക്കാരന്‍ ഉറപ്പ് നല്‍കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം എന്തു നിലപാട് സ്വീകരിക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആദ്യ ഗഡു എന്ന നിലയ്ക്ക് റിപ്പോര്‍ട്ടര്‍ ചെറിയൊരു തുക ഡപ്യൂട്ടി കളക്ടര്‍ക്ക് റിപ്പോര്‍ട്ടര്‍ കൈമാറുന്നതും ഒളിക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റവന്യൂ വകുപ്പില്‍ വരെ ഭൂമാഫിയാ സംഘത്തിന്റെ ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ട് നില്‍ക്കുന്ന ആളുകളുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

കോട്ടയം: പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. സ്കൂളിന്‍റെ ഹയർസെകൻഡറി ക്ലാസുകൾ പ്രവർത്തകർ അടിച്ചു തകർത്തു.‌

പ്രതിഷേധവുമായെത്തിയവർക്കു നേരെ പോലീസ് ലാത്തി വീശി. പ്രകടനമായെത്തിയ പ്രവർത്തകർ സ്‌കൂള്‍ കെട്ടിടത്തിന്‍റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ക്ലാസ് മുറികളിലെ ബഞ്ചും മേശയും തല്ലിത്തകര്‍ക്കുകയും ചെയ്തു. മാര്‍ച്ച് നടത്തുന്ന വിവരമറിഞ്ഞ് വൻ പോലീസ് സന്നാഹം സ്കൂളിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ലാത്തി വീശിയതിനു പുറമേ പോലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു.

വാഴൂര്‍ പുളിക്കല്‍കവല സ്വദേശി ഈപ്പന്‍ വര്‍ഗീസിന്‍റെ മകന്‍ ബിന്‍റോ ശനിയാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്. പത്താം ക്ലാസില്‍ നൂറു ശതമാനം വിജയത്തിനായി മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥിയെ തോല്‍പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് രക്ഷിതാക്കള്‍ വ്യക്തമാക്കിയത്.

അതേസമയം സ്കൂൾ അധികൃതർ ഈ ആരോപണം തള്ളിയിരുന്നു.

അമ്മാവന്റെ മരണാനന്തരചടങ്ങിലെ ബലികര്‍മ്മത്തില്‍ പങ്കെടുത്ത് , കല്ലട ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പന്തളം എന്‍.എസ്.എസ് കോളേജിലെ പ്രഫ.ഡോ.കെ.ജി.പത്മകുമാര്‍ – ഇന്ദു ദമ്ബതികളുടെ മകന്‍ ശ്രീഹരി (18) ആണ് മരിച്ചത്. മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിഭാഗം വിദ്യാര്‍ത്ഥിയാണ് ശ്രീഹരി. ഇന്ന് രാവിലെ 7.45 ന് കല്ലട ആറ്റിലെ മംത്തിനപ്പുഴ കടവിലാണ് സംഭവം.

കഴിഞ്ഞ തിങ്കളാഴ്ച മരണപ്പെട്ട, ശ്രീഹരിയുടെ മാതാവ് ഇന്ദുവിന്റെ സഹോദരന്‍ കുളക്കട ,ആറ്റുവാശ്ശേരി, ഇന്ദുഭവനില്‍ വി.എസ്.വിനു (40) വിന്റെ ബലി കര്‍മ്മങ്ങള്‍ക്കിടെയാണ് ദാരുണ സംഭവം. വിനുവിന്റെ കര്‍മ്മങ്ങള്‍ ശ്രീഹരിയായിരുന്നു ചെയ്തു പോരുന്നത്. നാളെ കുഴി മൂടല്‍ ചടങ്ങ് നടത്താനും നിശ്ചയിച്ചിരുന്നതാണ്. ശനിയാഴ്ച ചടങ്ങ് കഴിഞ്ഞ് അപ്പുപ്പന്‍ വാസുദേവന്‍ പിള്ളയോടൊപ്പമാണ് പുഴയില്‍ പോയത്.

ബലികര്‍മ്മങ്ങളുടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുങ്ങി കുളിച്ച ശേഷം നീന്തുന്നതിനിടയിലാണ് അപകടം. ഓടി കുടിയവര്‍ ശ്രീഹരിയെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുത്തൂര്‍ പോലീസ് കേസെടുത്തു സംസ്ക്കാരം പിന്നീട് പന്തളത്തെ വീട്ടുവളപ്പില്‍ നടക്കും.

Copyright © . All rights reserved