Kerala

ഗർഭസ്ഥ ശിശുക്കളെ ഇല്ലാതാക്കാനായി മരുന്ന് നൽകി അണുബാധയേറ്റ് ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവിന് എതിരെ കുടുംബാംഗങ്ങൾ. മരിച്ച കോഴഞ്ചേരി സ്വദേശി അനിതയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. രണ്ട് മുറി വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനിതയും ഭർത്താവും കഴിഞ്ഞിരുന്നത്. മകളെ ജ്യോതിഷ് ഉപദ്രവിച്ചിരുന്നത് വളരെ വൈകിയാണ് മാതാപിതാക്കൾ അറിഞ്ഞത്.

മകൾ രണ്ടാമതും ഗർഭിണിയായത് പുറത്തറിയിക്കാതിരിക്കാൻ ജ്യോതിഷ് ശാരീരികമായി നിരന്തരം പീഡിപ്പിച്ചിരുന്നു. മർദ്ദിക്കുന്നത് പുറത്തറിയാതിരിക്കാൻ വായിൽ തുണി തിരുകിയായിരുന്നു പീഡനം. 35 പവൻ സ്വർണവും കാറും നൽകിയാണ് താൻ മകളെ വിവാഹം കഴിപ്പിച്ചതെന്ന് മോഹനൻ പറയുന്നു. പക്ഷേ അതെല്ലാം ജ്യോതിഷ് വിറ്റ് തുലക്കുകയായിരുന്നു. മദ്യപാനിയായിരുന്നു ജ്യോതിഷെന്നും ഇവർ പറയുന്നു.

മരുമകൻ ഡ്രൈവറാണ് എന്ന് അറിഞ്ഞപ്പോൾ കാർ ഓടിച്ചായാലും ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് വണ്ടി വാങ്ങി നൽകിയത്. എന്നാൽ ഓട്ടം കിട്ടിയാൽ മറ്റ് ഡ്രൈവർമാർക്ക് നൽകിയും ലഭിക്കുന്ന വരുമാനം കൊണ്ട് മദ്യപിക്കുകയുമാണ് ഇയാൾ ചെയ്ത് വന്നിരുന്നതെന്നും അനിതയുടെ വീട്ടുകാർ പറയുന്നു.

ജ്യോതിഷ് ഒരു ജോലിക്കും പോകാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുമ്പോഴും വീട്ടുചെലവുകൾക്കും മകളുടെയും മരുമകന്റെയും ആവശ്യങ്ങളും നിറവേറ്റിയിരുന്നത് അനിതയുടെ വീട്ടുകാരായിരുന്നു.

അനിത അണുബാധയേറ്റ് മരിച്ച കേസിൽ ഭർത്താവ് ജ്യോതിഷിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 28നാണ് അനിത മരിച്ചത്. ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ചിട്ടും നീക്കം ചെയ്യാതെയിരുന്നതാണ് അനിതയുടെ മരണത്തിന് കാരണമായത്. ഗർഭിണിയാണെന്ന വിവരം ദമ്പതികൾ മറ്റാരെയും അറിയിക്കാത്തതാണ് തിരിച്ചടിയായത്.

സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ മകള്‍ ഗൗരി കൃഷ്ണകുമാര്‍ വിവാഹിതയായി. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തില്‍വെച്ച് ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ് ഭര്‍ത്താവ്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. അതേസമയം, സ്വപ്ന ചടങ്ങില്‍ പങ്കെടുത്തില്ല.

പാലക്കാട് സ്വപ്നയ്‌ക്കൊപ്പമുണ്ടായിരുന്ന മകള്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭര്‍ത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്.

സ്വര്‍ണക്കടത്ത് കേസിന് മുന്‍പേ ഗൗരിയും ആനന്ദും പ്രണയത്തിലായിരുന്നു. മകളുടെ വിവാഹത്തിന് കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടാതിരിക്കാനാണ് സ്വപ്ന എത്താതിരുന്നതെന്നാണ് സൂചന.

അതേസമയം, അടുത്തിടെ സ്വപ്ന സുരേഷ് പാലക്കാട് നിന്ന് കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം മാറിയത്.

നിലവില്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ വീട് മാറല്‍. കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ ഭാഗമായി കൂടുതല്‍ സൗകര്യം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട് ബന്ധമുള്ള അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് അവധിയെടുക്കാനൊരുങ്ങി ജനറല്‍ സെക്രട്ടറിയായ നടന്‍ ഇടവേള ബാബു. സംഘടനയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് ഇടവേള ബാബു താത്കാലികമായി അവധി എടുക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പ്രസിഡന്റ് മോഹന്‍ലാലും എക്‌സിക്യൂട്ടീവ് അംഗങ്ങളും അത്തരമൊരു തീരുമാനത്തിന്റെ ആവശ്യമില്ലെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡിയില്‍ വിജയ് ബാബു പങ്കെടുത്തത് പല അംഗങ്ങളിലും വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെയാണ് അമ്മയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ടത്.

ഇതില്‍ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ മോഹന്‍ലാല്‍ വിളിച്ചുവരുത്തി യോഗത്തില്‍ ശകാരിക്കുകയും ചെയ്തു. ഇതിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യവും ഉയര്‍ന്നു. ഇടവേള ബാബുവും ചേര്‍ന്നുകൊണ്ടാണ് ഇത്തരമൊരു നടപടി ഉണ്ടായത് എന്ന ആരോപണവും ഉണ്ടായി. ഇതിന് പിന്നാലെയാണ് ഇടവേള ബാബു അവധിയെടുക്കാന്‍ ഒരുങ്ങിയത്.

ഇന്ന് നടന്ന ‘അമ്മ’യുടെ ജനറല്‍ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തതില്‍ മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചു. വിജയ് ബാബു യോഗത്തില്‍ വരുമെന്ന് പറഞ്ഞപ്പോള്‍ മാറിനില്‍ക്കാന്‍ പറയാമായിരുന്നു എന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിജയ് ബാബുവിനെ യോഗത്തില്‍ എത്തിച്ചതാണ് ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയായത് എന്നും ഇന്ന് നടന്ന എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. യുട്യൂബ് ഉള്ളടക്ക നിയന്ത്രണ ചുമതല ബാബുരാജ് അടങ്ങുന്ന വര്‍ക്കിങ്ങ് കമ്മിറ്റിക്ക് കൈമാറി.

യുവതികൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമല കയറി വാർത്തകളിൽ നിറഞ്ഞ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. ഭാര്യ ഭര്‍തൃ ബന്ധം എന്നതിലുപരി പരസ്പരം സഖാക്കളായി ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയും പിന്നാലെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം റജിസ്റ്റർ ചെയ്യുകയുമായിരുന്നു.

‘രണ്ട് പേരും ഒറ്റയ്ക്ക് ജീവിക്കുന്നവരാണ്. ആക്ടിവിസ്റ്റുകളാണ്. ഐക്യത്തോടെ ജീവിക്കാമെന്ന് തീരുമാനിച്ചു. കഴിഞ്ഞ മേയ് മാസം മുതലുള്ള പരിചയമാണ്. വിവാഹിതരായെങ്കിലും ഒരാൾ ഒരാൾക്ക് മുകളിലെന്ന ചിന്തയില്ല. അവരുടെ പ്രവർത്തനങ്ങൾ അവരും തന്റേത് താനും തുടരുമെന്നും വിളയോടി ശിവൻകുട്ടി വ്യക്തമാക്കുന്നു. ഈയടുത്ത് പുറത്തിറങ്ങിയ ചലച്ചിത്രം ‘പട’യിലെ യഥാർഥ സമരനായകനാണ് വിളയോടി ശിവൻകുട്ടി.

ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി വിമർശിച്ചു. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ വിമർശനം.

”മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് ഞാൻ പറയും. ബ്രിട്ടീഷുകാർ തയാറാക്കിക്കൊടുത്തൊരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു. അതിന്റെ ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നു. ആരു പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. അതിൽ കുറച്ച് മുക്കിലും മൂലയിലുമൊക്കെയായി ഇച്ചിരി ഗുണങ്ങളൊക്കെ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തവും കൊടച്ചക്രവുമൊക്കെ അതിന്റെ മൂലയിൽ എഴുതിവച്ചിട്ടുണ്ട്. പക്ഷെ, കൃത്യമായി കൊള്ളയടിക്കാൻ പറ്റിയതാണ്ഭരണഘടന അതുകൊണ്ടാണ് അംബാനിയും അദാനിയും ഒക്കെ വളർന്നു വരുന്നത്.” സജി ചെറിയാന്‍ പറഞ്ഞു.

മന്ത്രിയുടെ പരാമർശം ഇതിനകം വിവാദമായി മാറിയിട്ടുണ്ട്. ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രി രാജിവയ്ക്കണം അല്ലെങ്കിൽ പുറത്താക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ അതിന് തയാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മന്ത്രിയുടെ പ്രസംഗം ഭരണഘടനാ ശിൽപികളെ അപമാനിക്കുന്നതാണ് വി ഡി സതീശൻ പറഞ്ഞു. ജനാധിപത്യം,മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രിയുടെ പരാമർശമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിഞ്ജാ ലംഘനമാണെന്നും മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയാണ് സജി ചെറിയാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയൻ മനസിലാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, വിവാദ പ്രസംഗത്തിൽ മുഖ്യമന്ത്രി മന്ത്രി സജി ചെറിയാനോട് വിശദീകരണം തേടി. പരാമർശം വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. എന്നാൽ ഭരണകൂടം നടത്തുന്ന ഇടപെടലിനെയാണ് വിമര്‍ശിച്ചതെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസംഗം പരിശോധിക്കുമെന്ന് പരിശോധിക്കുമെന്ന് സിപിഎമ്മും വ്യക്തമാക്കി. സജി ചെറിയാന്റെ പ്രതികരണം കണ്ടശേഷം മറുപടി പറയാമെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ പ്രതികരണം. അതിനിടെ, വിവാദപ്രസംഗത്തിൽ രാജ്ഭവനും വിശദാംശങ്ങള്‍ തേടിയെന്നാണ് വിവരം.

മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാരനുമായ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്‌നേഹ റോയിയാണ് വധു. പെരുമ്പാവൂർ സ്വദേശിയായ ബേസിൽ മുല്ലമംഗലം എം എം തമ്പിയുടെയും ലിസിയുടെയും മകനാണ്.

കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും പങ്കെടുത്തിരുന്നു. കേരള രഞ്ജി ട്രോഫി ടീം പരിശീലകന്‍ ടിനു യോഹന്നാനും ക്യാപ്റ്റൻ സച്ചിൻ ബേബിയും വിവാഹത്തിനെത്തി.

ഫാസ്റ്റ് ബൗളറായ ബേസിൽ 2014-15 സീസണിലാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറുന്നത്. 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച ബേസിലിനെ ഇക്കഴിഞ്ഞ താര ലേലത്തിലാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്നത്.

38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 90 വിക്കറ്റും 69 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റും ബേസിൽ സ്വന്തമാക്കിയിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Sachin Babyy (@sachin.baby11)

 

ജില്ലയില്‍ രണ്ടുപേര്‍ക്ക് എച്ച്1എന്‍1. (പന്നിപ്പനി.). രണ്ടുവര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പന്നിപ്പനി സ്ഥിരീകരിക്കുന്നത്. തൃക്കരിപ്പൂര്‍ താലൂക്കാസ്പത്രിയില്‍ പനിയുമായി എത്തിയവരില്‍ ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്‍ഫ്ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് എച്ച്1 എന്‍1. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും തക്കാളിപ്പനിയും മലേറിയയും മഞ്ഞപ്പിത്തവും പടരുന്നുണ്ട്. ജില്ലയില്‍ എച്ച്1എന്‍1. (പന്നിപ്പനി) സ്ഥിരീകരിച്ചതോടെ അതിജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗലക്ഷണങ്ങള്‍

പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.

രോഗം പകരുന്നത് വായു വഴി

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ പടര്‍ന്ന് മറ്റൊരാളിലെത്തുന്നു. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്‍ക്കാന്‍ ഇടയുണ്ട്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. മാസ്‌ക് ധരിക്കല്‍, കൈ കഴുകല്‍ തുടങ്ങി കോവിഡ് കാലത്ത് കൈക്കൊണ്ട മുന്‍കരുതലുകളെല്ലാം എടുക്കണം.

ആറു മാസം, പനിച്ചത് 1.06 ലക്ഷം പേര്‍ക്ക്

മാസ്‌ക് അഴിച്ചുവച്ചപ്പോള്‍ പനി കൂടുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതു തെളിയിക്കുന്നതാണ് കഴിഞ്ഞവര്‍ഷത്തേയും ഈ വര്‍ഷത്തേയും പനിക്കണക്ക്. കഴിഞ്ഞ വര്‍ഷം ജനുവരിമുതല്‍ ജൂണ്‍വരെ പനിച്ചത് 52,040 പേര്‍ക്കാണ്. എന്നാല്‍ ഇക്കുറി ഈ കാലയളവില്‍ പനിച്ചത് 1,06,068 പേര്‍ക്ക്.

സ്ത്രീധനത്തിന്റെ ബാക്കി നൽകണമെന്നാവശ്യപ്പെട്ട് ഭർത്തൃമാതാവും ഇവരുടെ സഹോദരിയും ചേർന്ന് തീക്കൊള്ളികൊണ്ട് യുവതിയുടെ തലയ്ക്കടിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന മകനെ പുറത്തിറക്കാനാണ് ഈ പണം എന്നുപറഞ്ഞാണ് യുവതിയെ അമ്മായിയമ്മയും സഹോദരിയും ചേർന്ന് മർദിച്ചത്. മുഖത്ത് പരിക്കേറ്റ യുവതി നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. നെടുങ്കണ്ടം പോലീസ് കേസെടുത്ത് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

തൂക്കുപാലം ശൂലപ്പാറ ബ്ലോക്ക് നമ്പർ 559-ൽ ഹസീന (29) ആണ് പരാതിക്കാരി. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. സ്ത്രീധനത്തുകയിൽ ബാക്കിയുള്ള 50,000 രൂപ ഉടൻ വേണമെന്ന് ആവശ്യപ്പെട്ടാണ് ഭർത്തൃമാതാവ് ഉപദ്രവിച്ചതെന്ന് ഹസീന പറഞ്ഞു. അടുപ്പിൽനിന്ന്‌ തീക്കൊള്ളിയെടുത്ത് യുവതിയുടെ തലക്കടിച്ചതിനെത്തുടർന്ന് നെറ്റിയിലും കവിളിലും പൊള്ളലേറ്റിട്ടുണ്ട്. പാത്രങ്ങൾകൊണ്ട് അമ്മായിയമ്മയുടെ സഹോദരി പുറത്തും തോളിലും അടിച്ചതായും ഹസീന പറഞ്ഞു.

ബോധരഹിതയായ യുവതിയെ സഹോദരനും ഭാര്യയും എത്തിയാണ് ആശുപത്രിയിലാക്കിയത്. ഒൻപതുവർഷം മുമ്പാണ് ഹസീനയും സുധീറും തമ്മിലുള്ള വിവാഹം നടന്നത്.

ഇവർക്ക് മൂന്ന് കുട്ടികളുമുണ്ട്. ഡ്രൈവറായ സുധീറിന് വിവാഹശേഷം 50,000 രൂപ നൽകാമെന്ന് ഹസീനയുടെ വീട്ടുകാർ അറിയിച്ചിരുന്നു. എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾമൂലം ഇത് ഇതുവരെയും നൽകിയിരുന്നില്ല. ഈ പണം നൽകാത്തതുമായി ബന്ധപ്പെട്ട് നിരവധി തവണ തർക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. കുടുംബ പ്രശ്നമായതിനാൽ അന്ന് പരാതിളൊന്നും നൽകിയില്ല. എറണാകുളത്ത് ജോലിചെയ്യുകയായിരുന്ന സുധീർ ഒരുമാസംമുമ്പാണ് ട്രാൻസ്‌ജെൻഡർ യുവതിയെ ഉപദ്രവിച്ച കേസിൽ എറണാകുളം പോലീസിന്റെ പിടിയിലാകുന്നത്. കോടതി ഇയാളെ കാക്കനാട് ജയിലിൽ റിമാൻഡ് ചെയ്തു. ഈ കേസ് ഒത്തുതീർപ്പാക്കാൻ 1.50 ലക്ഷം രൂപ വേണം. ഇതിനായാണ് സ്ത്രീധനബാക്കി വേണമെന്ന് അമ്മായിയമ്മ ആവശ്യപ്പെട്ടതെന്ന് ഹസീന പറയുന്നു. കേസ് തീർക്കാനായി പണം നൽകില്ലെന്നും കുട്ടികളുടെയോ, ഹസീനയുടെയോ ആവശ്യങ്ങൾക്കായേ പണം നൽകൂ എന്നും വീട്ടുകാർ അറിയിച്ചു. ഇതോടെയാണ് പീഡനം ആരംഭിച്ചത്. താൻ തൂക്കുപാലത്തെ ഡി.ടി.പി. സെന്ററിൽ ജോലിക്കുപോകുന്നത് അമ്മായിയമ്മ വിലക്കിയെന്നും ഹസീന പറഞ്ഞു.

ലൈം​ഗിക പീഡനക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കാനുള്ള ഹർജികൾ നാളെ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. സംസ്ഥാന സർക്കാരിന്റെയും അതിജീവിതയുടെയും ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ.കെ മഹേശ്വരി എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ചിന്റെ തീരുമാനം. സർക്കാരിന്റെയും, അതിജീവിതയുടെയും ഹർജികളാണ് നാളെ സുപ്രീം കോടതി പരിഗണിക്കുന്നത്.

ഉപാധികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ അനുവദിച്ചത് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്‌തയും സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ജൂൺ ഇരുപത്തിയേഴ് മുതൽ ജൂലൈ മൂന്ന് വരെയാണ് ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയത്. എന്നാൽ കേസിൽ ഇനിയും വിജയ് ബാബുവിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. അതും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇരുവരും സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

പ്രതിയായ വിജയ് ബാബു സമൂഹ മാധ്യമത്തിലൂടെ ഇരയുടെ പേര് പരസ്യപ്പെടുത്തിയെന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ രാകേന്ദ് ബസന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവഴി പരാതി പിൻവലിക്കാനുള്ള സമ്മർദ്ദം ആണ് സൃഷ്ടിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. തുടർന്നാണ് മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ നാളെ അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്.

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും നാട്ടില്‍ സജീവമാകുന്നു. കോട്ടയം സ്വദേശിനിയായ വീട്ടമ്മ 10,000 രൂപ വായ്പയെടുത്ത് ഒരു മാസത്തിനുളളില്‍ തിരിച്ചടച്ചത് 70,000 രൂപ. തുടര്‍ന്നും പണം അടയ്ക്കില്ല എന്നറിയിച്ചതോടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെയാണ് വീട്ടമ്മ തട്ടിപ്പ് സംഘത്തിന്റെ കുരുക്കിപ്പെട്ടത്. 10,000 രൂപ വായ് എടുക്കുന്നതിനായി ഇവര്‍ ഫെയ്‌സ്ബുക്കിലെ പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുകയും ഒപ്പം ഗ്യാലറിയും കോണ്‍ടാറ്റും ആക്‌സസ് ചെയ്യാനുളള അനുവാദവും നല്‍കി. 10,000 രൂപ തിരിച്ചടച്ചതിന് ശേഷവും പുതിയൊരു യുപിഐ ഐഡി അയച്ചുതന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

കോണ്ടാക്ടുകള്‍ ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം വീട്ടമ്മയുടെ ഫോണിലുണ്ടായിരുന്ന എണ്ണൂറോളം നമ്പറുകളിലേക്ക് അശ്ലീല ചിത്രങ്ങളും ഭീഷണികളും അയച്ചു തുടങ്ങി. അതിനോടൊപ്പം മോര്‍ഫ് ചെയ്ത വീട്ടമ്മയുടെ ചിത്രങ്ങളും. ഇതിനിടയില്‍ ഇന്‍സ്റ്റന്റ് ലോണ്‍ എന്ന ആപ് വഴി 10,000 രൂപ കൂടി വായ്പയെടുപ്പിച്ചു. ശല്യം സഹിക്കാതെ പരാതിക്കാരി ഫോണ്‍ എടുക്കാതെയായതോടെ കോണ്‍ടാക്ടിലുളള സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിത്തുടങ്ങി. ഇരുവരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

RECENT POSTS
Copyright © . All rights reserved