കണ്ണൂര്‍ വൈസ് ചാന്‍സലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാനുള്ള സമ്മര്‍ദ്ദം തനിക്കുമേല്‍ ഉണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ നിയമോപദേശകനും ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുമാണ് വിദ്യാഭ്യാസമന്ത്രിയുടെ കത്ത് തനിക്ക് നല്‍കിയത്. ആദ്യ അഡ്വക്കേറ്റ് ജനറലിന്റെ ഒപ്പുവെക്കാത്ത നിയമോപദേശവും പിന്നീട് വിദ്യാഭ്യാസമന്ത്രിയുടെ ശുപാര്‍ശകത്തിനൊപ്പം ഒപ്പുവെച്ച നിയമോപദേശവും കൊണ്ടുതന്നു. നിയമവിരുദ്ധമായത് ചെയ്യാനാണ് തന്നെ നിര്‍ബന്ധിക്കുന്നതെന്ന് ഇരുവരോടും അപ്പോള്‍ തന്നെ അറിയിച്ചിരുന്നതായും പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
നിയമോപദേശകനും ഒ.എസ്.ഡിയും വരുന്നതിന് മുമ്പ് മുഖ്യമന്ത്രി നേരിട്ടുവന്നു. കണ്ണൂര്‍ തന്റെ മാതൃജില്ലയാണെന്ന് പറഞ്ഞു. നടപടിക്രമങ്ങള്‍ അവസാനിക്കട്ടേയെന്നും പാനല്‍ വന്നാല്‍ താങ്കളുമായി ഉറപ്പായും കൂടിയാലോചിക്കുമെന്നും മറുപടി നല്‍കി. വി.സി. സ്ഥാനത്തേക്ക് 12 പേരുടെ അപേക്ഷ ലഭിച്ചതിന് ശേഷമാണ് നിയമോപദേശകനും ഒ.എസ്.ഡിയും തന്നെവന്നുകാണുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കണ്ണൂര്‍ വി.സി. നിയമനത്തില്‍ മാത്രമല്ല, മറ്റുകാര്യങ്ങളിലും തന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മുഖ്യമന്ത്രിക്കുള്ള കത്തില്‍ വ്യക്തമാക്കി. അതിനാല്‍ ചാന്‍സലറായി തുടരാന്‍ ആഗ്രഹമില്ലെന്നും മറ്റൊരുമാര്‍ഗം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. സ്ഥാനത്ത് തുടര്‍ന്നാല്‍ ഇനിയും നിയമവിരുദ്ധമായത് ചെയ്യാന്‍ താങ്കള്‍ നിര്‍ബന്ധിക്കുമെന്ന് പറഞ്ഞു. ഗവര്‍ണറാണ് വി.സി നിയമന അതോറിറ്റി. അത് അവര്‍ക്ക് എടുത്തുകളയണം. ഞാന്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ബില്ലുകളില്‍ ഇതാണ് ആവശ്യമുള്ളത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്നത് അവര്‍ക്ക് സ്ഥാപനവത്കരിക്കണം. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയും എ.ജിയും രാജിവെക്കണോ എന്നത് അവര്‍ തീരുമാനിക്കേണ്ട ധാര്‍മിക ചോദ്യമാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി. ‘ഞാന്‍ ആരുടേയും രാജി ചോദിക്കുന്നില്ല. കര്‍മത്തിന്‍റെ അനന്തരഫലങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല’, ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തിയത്. ഇതോടെ നെഞ്ചിടിപ്പിന്റെ 20 മണിക്കൂറുകള്‍ക്ക് അവസാനമായി.
കുട്ടിയെ പോലീസ് ഏറ്റെടുത്ത് കൊല്ലം എ.ആര്‍. ക്യാംപിലെത്തിച്ചു. വൈദ്യപരിശോധനകള്‍ക്ക് ശേഷം ഉടന്‍തന്നെ കുട്ടിയെ വീട്ടിലെത്തിച്ച് രക്ഷിതാക്കള്‍ക്ക് കൈമാറും.
ആശ്രാമം മൈതാനത്ത് ഒറ്റയ്ക്കിരിക്കുന്ന കുട്ടിയെ കണ്ട് നാട്ടുകാരാണ് കാര്യം തിരക്കിയത്. തുടര്‍ന്ന് പേരുംവിവരങ്ങളും ചോദിച്ചപ്പോള്‍ അബിഗേല്‍ സാറാ റെജിയെന്ന് മറുപടിനല്‍കുകയും നാട്ടുകാര്‍ ഫോണില്‍ കാണിച്ചുനല്‍കിയ രക്ഷിതാക്കളുടെ ചിത്രങ്ങള്‍ തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ കുടിക്കാന്‍ വെള്ളംനല്‍കി. ഉടന്‍തന്നെ പോലീസിലും വിവരമറിയിച്ചു.
തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്.
നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് ട്യൂഷന് പോയ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂരിനു സമീപം പൂയപ്പള്ളി കാറ്റാടി ഓട്ടുമലയില്‍ റജി ജോണിന്റെയും സിജി റജിയുടെയും മകളാണ് അബിഗേല്‍ സാറാ റെജി. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ജോനാഥനെ(9)യും കാറിലെത്തിയവര്‍ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും ചെറുത്തുനിന്നതിനാല്‍ അല്പദൂരം വലിച്ചിഴച്ചശേഷം വണ്ടിയില്‍നിന്ന് പുറത്തേക്ക് തള്ളിയിട്ടു. കാലുകള്‍ റോഡിലുരഞ്ഞ് ജോനാഥന് പരിക്കേറ്റിട്ടുണ്ട്.
കൊല്ലത്തു നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ദുരൂഹത തുടരുന്നു. തട്ടിക്കൊണ്ടു പോയ കുട്ടിയുടെ അച്ഛനും അമ്മയും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരാണ്. അച്ഛൻ റെജി ജോൺ കോഴഞ്ചേരി മുത്തൂറ്റ് ഹോസ്പിറ്റലിലും അമ്മ സിജി റെജി കൊട്ടിയം കിംസ് ആശുപത്രിയിലും നേഴ്സുമാരാണ്.യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ആണ് റെജി ജോൺ .
17 മണിക്കൂർ പിന്നിട്ടിട്ടും കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടു പോകപ്പെട്ട ആറുവയസ്സുകാരി അബിഗേൽ സാറ റെജിയേക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. പാരിപ്പള്ളി, പള്ളിക്കൽ പ്രദേശങ്ങൾക്ക് പുറമെ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ചുമാണ് ആദ്യഘട്ടത്തിൽ പോലീസ് അന്വേഷണം നടത്തിയതെങ്കിലും, ഇപ്പോൾ മറ്റു ജില്ലകളിലേക്കുകൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടെ, തിരുവനന്തപുരത്തെ ശ്രീകാര്യം, ശ്രീകണ്ഠേശ്വരം എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തുകയും മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരിൽനിന്ന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ഓട്ടുമല കാറ്റാടി റജി ഭവനിൽ റജി ജോണിന്റെയും സിജി റജിയുടെയും മകൾ അബിഗേൽ സാറാ റജിയെ തിങ്കളാഴ്ച വൈകീട്ട് 4.20-നാണ് വീടിനു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജോനാഥനെ(9)യും പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചെറുത്തതിനാൽ വണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിടുകയായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയത് സ്വിഫ്റ്റ് ഡിസയർ കാറിലാണെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മോചനദ്രവ്യം ആവശ്യപ്പെട്ട് പാരിപ്പള്ളിയിലെ കടയിൽ നിന്ന് ഫോൺ വിളിച്ച സ്ത്രീയോടൊപ്പം കടയിലെത്തിയ വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. കടയുടമയുടെ ഭാര്യ ഗിരിജ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം ഒരുക്കിയത്. കുട്ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 112-ൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 9946923282, 9495578999 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
Stampede എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കപ്പെടുന്ന ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കുസാറ്റ് കാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായത്. കുസാറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ടെക് ഫെസ്റ്റ് ‘ധിഷണ’യുടെ ഭാഗമായി പ്രമുഖ ഗായിക നിഖിതാ ഗാന്ധിയുടെ സംഗീതനിശയ്ക്ക് ഒരുങ്ങുകയായിരുന്നു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം.
നിഖിതാ ഗാന്ധിയുടെ സംഗീതപരിപാടി കാണാനായി കുസാറ്റ് വിദ്യാര്‍ഥികള്‍ക്ക് പുറമെ പുറത്ത് നിന്നുള്ള വിദ്യാര്‍ഥികളും എത്തിയിരുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് താങ്ങാവുന്നതിലും അധികമാളുകള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും ഓഡിറ്റോറിയത്തിന് പുറത്തായിരുന്നു.
ഐ.ഡി. കാര്‍ഡ് പരിശോധിച്ച് ‘ധിഷണ’യുടെ പ്രത്യേക ടീഷര്‍ട്ട് ധരിച്ചവരെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. അകത്തേക്കും പുറത്തേക്കും പോകാന്‍ ആകെയുള്ള ഗെയിറ്റിലൂടെയാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇതിന്റെ നിയന്ത്രണം പൂര്‍ണമായും വിദ്യാര്‍ഥികള്‍ക്കായിരുന്നു.
ഗെയിറ്റ് കഴിഞ്ഞാല്‍ ഉടന്‍ കുത്തനെ താഴോട്ടുള്ള പടിക്കെട്ടാണ്. ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന ഈ ഭാഗത്താണ് കേന്ദ്രീകരിച്ചിരുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.
ആറേമുക്കാലോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ചെറിയൊരു ചാറ്റല്‍ മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവര്‍ ഓഡിറ്റോറിയത്തിലേക്ക് കയറാനായി ഗെയിറ്റിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു.
ഗെയിറ്റ് വഴി അകത്ത് കയറി പടിക്കെട്ടുകള്‍ ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥികളുടെ മുകളിലേക്ക് പിന്നില്‍ നിന്ന് ആളുകള്‍ വീഴാന്‍ തുടങ്ങി. പടിക്കെട്ടിലും പുറത്തുമായി വീണ് പോയ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് വീണ്ടും വീണ്ടും ആളുകള്‍ വീണു. അടിയിലായിപ്പോയ വിദ്യാര്‍ഥികള്‍ ഇതോടെ ശ്വാസം കിട്ടാതെ പിടഞ്ഞു. ചവിട്ടേറ്റും മറ്റും പലര്‍ക്കും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. നാല് പേരാണ് അപകടത്തില്‍ മരിച്ചത്.
ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തൊരു കാമ്പസ് ഓര്‍മയായി മാറേണ്ടിയിരുന്ന ആഘോഷരാവ് ദുന്തത്തിലേക്ക് വഴുതിമാറി. ഇന്നലെ വരെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേതനയറ്റ് കിടക്കുന്നു. മകനെയും മകളെയും കൂടപ്പിറപ്പിനെയും നഷ്ടപ്പെട്ട ദുഃഖം താങ്ങാനാകാതെ അലമുറയിടുന്ന പ്രിയപ്പെട്ടവര്‍. നാടിന്റെയാകെ ചിരി മായ്ച്ച ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കളമശ്ശേരിയിലെ കുസാറ്റ് കാമ്പസില്‍ ഉണ്ടായത്.
സന്തോഷം അവധിയെടുത്ത ഞായറാഴ്ച പുലര്‍ന്നപ്പോള്‍ ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുടെ ചേതനയറ്റ ശരീരമാണ് കുസാറ്റ് കാമ്പസിന്റെ മുറ്റത്ത് സുഹൃത്തുക്കള്‍ കണ്ടത്. പൊട്ടിക്കരയുന്നവരെയും കരച്ചിലടക്കാന്‍ പാടുപെടുന്നവരെയുമെല്ലാം അവിടെ കാണാമായിരുന്നു. മനുഷ്യരായി പിറന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന കാഴ്ചകള്‍… അന്ത്യയാത്രയ്ക്കായി മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചപ്പോഴും വൈകാരികരംഗങ്ങള്‍ മാത്രം.
എന്നാല്‍ വൈകാരികതയ്ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒട്ടേറെ കാര്യങ്ങളിലേക്കാണ് കുസാറ്റ് ദുരന്തം വാതില്‍ തുറന്നിരിക്കുന്നത്. അപകടം എങ്ങനെ സംഭവിച്ചു, ആര്‍ക്കാണ് വീഴ്ച പറ്റിയത്, എങ്ങനെ തടയാമായിരുന്നു, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ മാത്രമേ മേല്‍പ്പറഞ്ഞ വൈകാരിക രംഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കൂ
ന്യൂസ് ഡെസ്ക് മലയാളം യുകെ
ബ്രിട്ടീഷ് സർവകലാശാലകളിൽ വിദ്യാഭ്യാസം തനി കച്ചവടമായി മാറിയിരിക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അഡ്മിഷനുവേണ്ടി കോടികളാണ് ഓരോ സർവകലാശാലകളും കമ്മീഷനായി ഏജന്റുമാർക്ക് നൽകുന്നത്. ഓക്സ്ഫോർഡ് , കേംബ്രിഡ്ജ് പോലുള്ള ഏതാനും സർവകലാശാലകൾ മാത്രമാണ് കുട്ടികളെ പിടിക്കാൻ ഏജൻറുമാർക്ക് കമ്മീഷൻ നൽകാതെയുള്ളൂ.

യുകെയിലെ സർവകലാശാലകളിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അഡ്മിഷനു വേണ്ടി കോടിക്കണക്കിന് പൗണ്ട് ഏജൻറ് ഫീസ് ആയി നൽകുന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. കഴിഞ്ഞവർഷം മാത്രം ഗ്രീൻ വിച്ച് യൂണിവേഴ്സിറ്റി 28 മില്യൺ പൗണ്ട് ആണ് ചെലവഴിച്ചത്. കഴിഞ്ഞവർഷം മാത്രം 5 ലക്ഷം പഠന വിസകളാണ് യുകെയിലെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനുള്ള അന്താരാഷ്ട്ര വിദ്യാർഥികൾക്കായി അനുവദിക്കപ്പെട്ടത്.
പുറത്തുവരുന്ന കണക്കുകൾ ലാഭകരമായ സ്റ്റുഡൻറ് റിക്രൂട്ട്മെൻറ് വ്യവസായത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നതാണ്. കഴിഞ്ഞവർഷം അനുവദിക്കപ്പെട്ട സ്റ്റുഡൻറ് വിസകൾ മുൻവർഷത്തെ അപേക്ഷിച്ച് 23% കൂടുതലാണ്. 2019 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയിലധികം വിദ്യാർത്ഥികളാണ് പഠനത്തിനായി യുകെയിൽ എത്തിച്ചേർന്നത്. യുകെയിലെ സർവകലാശാലകൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അഞ്ചിൽ ഒന്ന് അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ നിന്നാണ്.

ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈടാക്കുന്ന ട്യൂഷൻ ഫീസ് ബ്രിട്ടീഷ് പൗരത്വമുള്ള കുട്ടികളെക്കാൾ വളരെ കൂടുതലാണ്. ബിരുദ വിദ്യാർത്ഥികൾക്ക് ശരാശരി 22,000 പൗണ്ട് ആണ് ബ്രിട്ടീഷ് കൗൺസിൽ ഫീസ് ആയി നിശ്ചയിച്ചിരിക്കുന്നത്. ബിരുദാനന്തര വിദ്യാർത്ഥികൾ ഇതിലും കൂടുതൽ ഫീസുകൾ നൽകണം. കൂടുതൽ വിദ്യാർത്ഥികളെ ലഭിക്കുന്നതിന് ഏജന്റുമാർക്ക് നല്ലൊരു തുകയാണ് സർവ്വകലാശാലകൾ നൽകുന്നത്. 2000 പൗണ്ട് മുതൽ 8000 പൗണ്ട് വരെ ഒരു കുട്ടിയുടെ അഡ്മിഷൻ നൽകുമ്പോൾ ഏജന്റിന്റെ കമ്മീഷൻ ഇനത്തിൽ ലഭിക്കും. ലണ്ടൻ സർവ്വകലാശാല ഒരു വിദ്യാർത്ഥിക്ക് 8235 പൗണ്ട് വരെ ഏജന്റിന് നൽകിയത്. പലപ്പോഴും ഏജന്റുമാരുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ അഭിരുചി അനുസരിച്ച് ആണോ എന്നതിനെക്കുറിച്ച് ആരും പരിഗണിക്കുന്നില്ല എന്ന് യുകെയിലെ ഇന്ത്യൻ വിദ്യാർഥികളെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ നാഷണൽ സ്റ്റുഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കിഷോർ ദത്തു പറഞ്ഞു.
അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തിൽ ലോക പ്രമേഹദിനാചരണം ആചരിച്ചു. പ്രമേഹ രോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ കൂട്ടനടത്തം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഫ്ലാഗ്ഓഫ് ചെയ്തു
ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ, വിദ്യഭ്യാസ പ്രദർശനവും, പ്രമേഹ രോഗ ഭക്ഷണരീതി ബോധവൽക്കരണത്തിന്റെ ഭാഗമായി ആശാവർക്കർമാരുടെ നേത്യത്വത്തിൽ പാചക മത്സരവും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം ജോസ് അമ്പലക്കുളം, , ഡോ ഇന്ദു ജി. , ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു കിഴക്കേടം, ഷീനാമോൾ മാത്യു, അനൂപ്കുമാർ കെ.സി, ഷൈലജ തുടങ്ങിയവർ നേതൃത്വം നൽകി.
സ്വന്തം ലേഖകൻ
ജർമ്മനി : ബാങ്കിംഗ് ഭീമൻ DZ ബാങ്ക് ക്രിപ്‌റ്റോ കസ്റ്റഡി പ്ലാറ്റ്‌ഫോം ആരംഭിച്ചു. മൊത്തം ആസ്തി പ്രകാരം ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ DZ ബാങ്ക് ഒരു ക്രിപ്‌റ്റോ കസ്റ്റഡി പ്ലാറ്റ്‌ഫോം ആരംഭിച്ചു. കൂടാതെ സ്വകാര്യ ഉപഭോക്താക്കളെ ക്രിപ്‌റ്റോ കറൻസികളിൽ നേരിട്ട് നിക്ഷേപിക്കാൻ അനുവദിക്കുന്ന ഒരു പദ്ധതി ജർമ്മനിയുടെ DZ ബാങ്ക് ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. ജർമ്മനിയിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ DZ ബാങ്ക് കഴിഞ്ഞയാഴ്ചയാണ് സ്വന്തം ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്‌ഫോം ലോഞ്ച് പ്രഖ്യാപിച്ചത്.
പുതിയ കസ്റ്റഡി സൊല്യൂഷൻ പ്രവർത്തിപ്പിക്കുന്നതിന്, ഐടി, ഓപ്പറേഷൻസ്, കംപ്ലയിൻസ് എന്നിവയിൽ ഒരു ഡസനിലധികം ജീവനക്കാരെ ബാങ്ക് നിയമിച്ചിട്ടുണ്ട്. ജൂൺ അവസാനത്തെ കണക്കനുസരിച്ച്, ബാങ്കിന്റെ മൊത്തം ആസ്തി 367.50 ബില്യൺ യൂറോയാണ് ($392.35 ബില്യൺ), കൂടാതെ 5,411 ജീവനക്കാരുടെ തൊഴിലാളികളുമുണ്ട്.
2022-ൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലയന്റുകൾക്കായി ഡിജിറ്റൽ കസ്റ്റഡി പ്ലാറ്റ്ഫോം വികസിപ്പിച്ചെടുക്കാൻ തുടങ്ങുന്നതിനുമുമ്പ് വർഷങ്ങളായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുമായി പ്രവർത്തിച്ചിരുന്നുവെന്ന് ബാങ്ക് വിശദീകരിച്ചു. ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്കായി ഇത്തരമൊരു പദ്ധതി ആരംഭിക്കുന്ന ജർമ്മനിയിലെ ആദ്യത്തെ ബാംങ്കിംഗ് സ്ഥാപനങ്ങളിലൊന്നായി ഈ ബാങ്ക് മാറുകയാണ്.
തങ്ങളുടെ ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസി സേവനങ്ങൾ നൽകുന്നതിനായി ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ് ടെക്‌നോളജിയുടെയും ഇൻഫ്രാസ്ട്രക്ചറിന്റെയും ദാതാക്കളായ മെറ്റാക്കോ വികസിപ്പിച്ച ഒരു പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ പദ്ധതിയിട്ടിരുന്നതായി DZ ബാങ്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികളിൽ നിക്ഷേപിക്കാൻ ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്നതിനായി ജൂണിൽ ഫെഡറൽ ഫിനാൻഷ്യൽ സൂപ്പർവൈസറി അതോറിറ്റിയിൽ (BaFin) നിന്ന് ക്രിപ്‌റ്റോ കസ്റ്റഡി ലൈസൻസിനായി അപേക്ഷിച്ചിരുന്നതായും ബാങ്ക് വെളിപ്പെടുത്തുന്നു.
ഒന്നിന് പുറകെ ഒന്നായി ലോക ബാങ്കുകൾ ക്രിപ്റ്റോ കറൻസി സർവീസുകൾ നടപ്പിലാക്കി മുന്നോട്ട് വരുമ്പോൾ ക്രിപ്റ്റോ കറൻസികൾക്ക് വലിയ രീതിയിൽ മൂല്യം വർദ്ധിക്കുകയും , കൂടുതൽ സ്വീകാര്യത ഉണ്ടാവുകയും അങ്ങനെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചവർക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടാകുവാനുള്ള അവസരമാണ് ഇതിലൂടെ ഉണ്ടാകുന്നത്.
ക്രിപ്റ്റോ കറൻസികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുവാനും അവ ഉപയോഗപ്പെടുത്തി ഒരു നിശ്ചിത വരുമാനം നേടുവാനും ആഗ്രഹിക്കുന്നവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
സ്വന്തം ലേഖകൻ
കൊച്ചി : ഡിജിറ്റൽ ലോകത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങളെക്കാൾ ഒരു പടി മുന്നിലേയ്ക്ക് കുതിക്കുന്നു. ഡിജിറ്റൽ ലോകത്തെ ഏറ്റവും നൂതന സാങ്കേതിക വിദ്യയായ ബ്ലോക്ക് ചെയിനിനെ ഉപയോഗപ്പെടുത്തി സാമ്പത്തിക വിജയം നേടാൻ 2024 ജനുവരി 25 ന് തിയേറ്ററുകളിലേയ്ക്കെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ സിനിമയായ മലൈകോട്ടൈ വാലിബൻ തയ്യാറെടുക്കുന്നു. യുകെ , ജെർമ്മനി, സ്വറ്റ്സർലൻഡ്, യു ഐസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യവസായ ശൃംഖലകൾ ഉള്ള പ്രമുഖ മലയാളി വ്യവസായിയായ സുഭാഷ് മാനുവൽ ജോർജ്ജ് നേതൃത്വം നൽകുന്ന ജി പി എൽ മൂവീസാണ് മോഹൻലാൽ സിനിമയ്ക്കായി ലോകത്തിലെ ആദ്യത്തെ ഡി എൻ എഫ് റ്റി ( ഡീഫൈ നോണ്‍ – ഫണ്‍ജബിള്‍ ടോക്കന്‍ / DeFi -NFT ) റിലീസ് ചെയ്തത്.



ജി പി എല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍ എഫ് റ്റിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്‍ എഫ് റ്റികൾ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡി എന്‍ എഫ് റ്റി യില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡി എന്‍ എഫ് റ്റി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജി പി എല്‍ മൂവീസ് അധികൃതര്‍ വ്യക്തമാക്കി.

https://dnft.global എന്ന വെബ്‌സൈറ്റ് വഴിയാണ് സിനിമയുടെ ചിത്രങ്ങള്‍ ലഭിക്കുക. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്റെ നിർമ്മാതാക്കൾ.

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്.പി ആർ ഓ പ്രതീഷ് ശേഖർ.
അതിനൂതന സാങ്കേതിക വിദ്യകളായ ബ്ലോക്ക് ചെയിൻ , ക്രിപ്റ്റോ കറൻസി തുടങ്ങിയ വ്യവസായങ്ങളിലൂടെ നിലവിൽ 3000 കോടി ( 3 ബില്യൺ ) രൂപയുടെ മൂല്യമുള്ള വ്യവസായ ശൃംഖലകളുടെ ഉടമയാണ് സുഭാഷ് മാനുവൽ. യുകെയിൽ ആദ്യമായി ERC 20 ക്രിപ്റ്റോ കറൻസി അവതരിപ്പിച്ചത് ഈ ഗ്രൂപ്പാണ്. ക്രിപ്റ്റോ കറൻസി സാങ്കേതിക വിദ്യയുടെ വളർച്ചയുടെ ഭാഗമായി അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 10 ബില്യൺ മൂല്ല്യമുള്ള വ്യവസായ ഗ്രൂപ്പായി വളരും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Single.id സിംഗിൾ ഐ ഡി ബ്രാൻഡിൽ ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലഭ്യമാകുന്ന തരത്തിലുള്ള ഫ്രീ ക്യാഷ് ബാക്ക് ആപ്പും സുഭാഷ് മാനുവൽ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ലോക പ്രശസ്‌ത ക്രിക്കറ്റർ ക്യാപ്റ്റൻ കൂൾ എം ഐസ് ധോണിയും കേരളത്തിന്റെ ക്രിക്കറ്റ് താരം സഞ്ജു സാംസനുമാണ് സിംഗിൾ ഐഡിയുടെ ഇന്ത്യയിലെ അംബാസിഡർമാർ. വിവിധ രാജ്യങ്ങളിലുള്ള പ്രമുഖ ബാങ്കുകളും , മാധ്യമ ഗ്രുപ്പുകളുമാണ് സിംഗിൾ ഐഡി ബ്രാൻഡിന്റെ പ്രധാന പ്രൊമോട്ടേഴ്സ്.
കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 26 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം സിറ്റിയില്‍ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളും തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലും മറ്റും വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുകയും പങ്കുവയ്ക്കുകയും ചെയ്ത നിരവധി വ്യാജ പ്രൊഫൈലുകളും പോലീസ് കണ്ടെത്തി. വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തി നല്‍കാന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും സൈബര്‍ സെല്‍ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തി.
കളമശ്ശേരി സ്‌ഫോടനത്തെത്തുടര്‍ന്ന് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും പ്രത്യേകനിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹികമാധ്യമങ്ങളിലെ സൈബര്‍ പട്രോളിങ്ങും മറ്റ് നിയമനടപടികളും തുടര്‍ന്നുവരികയാണ്.
കളമശേരിയില്‍ കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു മരണം. നിരവധിപ്പോര്‍ക്ക് പരുക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനം. നിരവധി ആളുകള്‍ ഹാളിലുണ്ടായിരുന്നുവെന്നാണ് വിവരം. 23 പേര്‍ക്ക് പരുക്കേറ്റുവെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ആദ്യം ഒരു പൊട്ടിത്തെറിയുണ്ടായെന്നും പിന്നാലെ തുടര്‍ സ്‌ഫേടനമുണ്ടായെന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടയാള്‍ പറഞ്ഞു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. സാങ്കേതിക തകരാര്‍ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷിക്കേണ്ടതുണ്ട്. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.