Kerala

ഹിമാചൽ സ്വദേശിനിയായ എയർഹോസ്റ്റസ് മരിച്ച സംഭവത്തിൽ കൂടുതൽ വഴിത്തിരിവ്. യുവതിയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ കാസർകോട് സ്വദേശി ആദേശ്, യുവതിയെ അപ്പാർട്മെന്റിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന് ബെംഗളൂരു പൊലീസ് കണ്ടെത്തി. കഴിഞ്ഞദിവസമാണ് അർച്ചന ധിമന്റെ (28) മൃതദേഹം കോറമംഗലയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലെ നാലാം നിലയിൽ നിന്നു വീണ നിലയിൽ കണ്ടെത്തിയത്.

സോഫ്റ്റ്‌വെയർ എൻജിനീയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടതെന്നും 7 മാസമായി അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റൊരു പ്രണയ ബന്ധത്തെ അർച്ചന ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. അർച്ചനയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ ദിവസം തന്നെ ആദേശിനെ അറസ്റ്റ് ചെയ്തിരുന്നു.

ദുബായിൽനിന്ന് അർച്ചന മാർച്ച് 7നാണ് ബെംഗളൂരുവിൽ എത്തിയത്. ബന്ധം പിരിയാൻ തീരുമാനിച്ചതിനെ തുടർന്നാണ് അർച്ചന ദുബായിൽനിന്നു ബെംഗുളൂരുവിൽ എത്തിയതെന്നാണു സൂചന. വെള്ളിയാഴ്ച രാത്രി ഇരുവരും തിയറ്ററിൽ സിനിമ കാണാൻ പോയി. ഇതിനുശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയതു പിന്നാലെയാണ് അർച്ചന നാലാം നിലയിൽനിന്നു വീണു മരിച്ചത്.

28 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ആലക്കോട് സർവീസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജരായ ലിജ (38), മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനിയാണ് ലിജ . രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത് . കുഞ്ഞ് മരിച്ചതിൽ കടുത്ത മാനസിക വിഷമത്തിലായിരുന്നു ലിജ . ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ.

ഇന്നു രാവിലെ ബന്ധുക്കളെല്ലാം പള്ളിയിൽ പോയ സമയത്ത് ലിജയും മകനും മാത്രമായിരുന്നു വീട്ടിൽ. പള്ളിയിൽനിന്നു മടങ്ങിയെത്തിയ ബന്ധുക്കൾ വീട്ടിൽ ലിജയെയും മകനെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ലിജയുടെ മൂത്തകുട്ടി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നേരത്തെ മരിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയാണ് ബെൻ.

കുവൈറ്റ്‌ MOH ന് കീഴിലുള്ള അൽജാബിർ ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആയിരുന്ന കോട്ടയം തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആന്റണി വാഹനാപകടത്തിൽ മരണമടഞ്ഞ അപകടത്തിന്റെ ചൂടാറുംമുമ്പേ മറ്റൊരു നഴ്‌സുകൂടി വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു.

വെറും 36 വയസ്സ് മാത്രം പ്രായമുള്ള NHM മെയിൽ സ്റ്റാഫ്‌ നഴ്‌സ്‌ ആണ് മൂവാറ്റുപുഴയിൽ ഇന്നുണ്ടായ അപകടത്തിൽ മരണമടഞ്ഞിരിക്കുന്നത്.

മുവാറ്റുപുഴ മാറാടി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുജിത്ത് പി ഏലിയാസ് (36) എന്ന മെയിൽ നഴ്‌സ്‌ ദാരുണമായി കൊല്ലപ്പെട്ടത്

നാഷണൽ ഹെൽത്ത്‌ മിഷന് കീഴിൽ പാമ്പാക്കുട കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽ സ്കൂൾ ഹെൽത്ത്‌ നഴ്‌സ്‌ ആയി ജോലി ചെയ്തിരുന്നു മാറാടി സ്വദേശി സുജിത്ത് പി ഏലിയാസ്. യാക്കോബായ സുറിയാനി സഭ ട്രഷറർ പി വി ഏലിയാസിന്റെ മകനാണ് പരേതൻ.

അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഉടനെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുജിത് റോഡിൽ തലയടിച്ചുവീണതാണ് മരണകാരണമായത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

 

കോഴിക്കോട് കോടഞ്ചേരി സ്വദേശിയെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ചമ്പുക്കടവിലെ അബ്ദുൽ സലീം-സുഹറ ദമ്പതികളുടെ മകൻ ഫവാസ് (23) ആണ് മരിച്ചത്. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്കിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിന് പുറത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

രാത്രി വൈകിയിട്ടും താമസ സ്ഥലത്ത് തിരിച്ചെത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പീരുമേട്ടിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് കാണാതായ യുവാവും യുവതിയും പരുന്തുംപാറ കൊക്കയിൽ ഇറങ്ങിയതായി സംശയം. ഇതിനെ തുടർന്ന് 800 അടി താഴ്ചയിൽ ഇറങ്ങി തിരച്ചിൽ നടത്തി. കെപി അഞ്ചാം ബറ്റാലിയൻ ഹൈ ആൾട്ടിറ്റ്യുഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.

2020 മെയ് പതിനെട്ടിനാണ് പീരുമേട് കച്ചേരിക്കുന്ന് സ്വദേശിനി നാല് മാസം ഗർഭിണിയായ അഞ്ജുവിനെയും,കാമുകൻ സെൽവനെയും കാണാതായത്. കാണാതായ ദിവസം ഇരുവരും പരുന്തുംപാറയിൽ എത്തിയിരുന്നു. ടാക്സി ഡ്രൈവറായ സെൽവന്റെ കാർ പരുന്തുംപാറയിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരുടെയും ഫോൺ അവസാനമായി പ്രവർത്തിച്ചതും ഇവിടെവെച്ചായിരുന്നു.

മൂന്ന് തവണ പരുന്തുംപാറയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലാത്തതിനാൽ പരുന്തുംപാറ കേന്ദ്രീകരിച്ച് പുനരന്വേഷണം നടത്തിവരികയാണ് ഇതിന്റെ ഭാഗമായാണ് 800 അടി താഴ്ചയിൽ ഇറങ്ങി തിരച്ചിൽ നടത്തിയത്.

യുവാവിന്റെ മരണം മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ച് നൽകിയത് മൂലമാണെന്ന് പരാതി. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി കരീം (42) മരിച്ച സംഭവത്തിലാണ് പരാതി ഉയരുന്നത്. അനധികൃതമായി മദ്യവിൽപ്പന നടത്തുന്ന കടയിൽ നിന്നും മദ്യം കഴിച്ച കരീം കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

മദ്യത്തിൽ വെള്ളത്തിന് പകരം വിനാഗിരി ഒഴിച്ച് നല്കിയതിനാലാണ് കരീം മരിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മദ്യം കഴിച്ച കരീമിനെ രക്തം ശർദ്ധിച്ച നിലയിൽ ബാറിന് സമീപം വീണ് കിടക്കുന്നത് കണ്ടെത്തുകയും നാട്ടുകാരിൽ ചിലർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കരീമിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നതായും പറയുന്നു. ബാറിന് സമീപത്തുള്ള ഉപ്പിലിട്ട സാധനങ്ങൾ വിൽക്കുന്ന കടയിൽ അനധികൃതമായി മദ്യവില്പനയുള്ളതായി നാട്ടുകാർ പറയുന്നു. ബാറിലെ വിലയ്ക്കാണ് ഇവിടെ മദ്യം വിറ്റിരുന്നത്. കടയിലെ ആവശ്യത്തിനായി സൂക്ഷിച്ച വിനാഗിരിയാണ് വെള്ളത്തിന് പകരം നല്കിയതെന്നുമാണ് ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യാത്രക്കാരുമായി പോയ ആറ്റിങ്ങൽ ഡിപ്പോയിലെ ബസാണ് അഗ്നിക്കിരയായത്. ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. സംഭവം നടക്കുന്ന സമയം 29 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഡ്രെെവറുടേയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്.

ആറ്റിങ്ങൽ നിന്നും ചിറയിൻകീഴ് വഴി തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അഴൂർ കാറ്റാടിമുക്കിലെ കയറ്റം കയറുന്നതിനിടെയാണ് ബസിൻ്റെ ഷഎഞ്ചിൻ്റെ ഭാഗത്തു നിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇക്കാര്യം നാട്ടുകാർ ഡ്രെെവറോട് വിളിച്ചു പറയുകയായിരുന്നു. ഉടൻതന്നെ ഡ്രെെവർ ബസ് നിർത്തി. അപ്പോഴേക്കും തീ പടർന്നു തുടങ്ങിയിരുന്നു. ആൾ താമസമുള്ള സ്ഥലത്താണ് ബസ് നിർത്തിയതെന്നതിനാൽ സമയം കളയാതെ ഡ്രെെവർ ബസ് കുറച്ച് മുന്നിലേക്ക് എടുക്കുകയായിരുന്നു.

മുന്നിലേക്ക് നിർത്തിയ ബസിൽ നിന്നും കണ്ടക്ടറും ഡ്രെെവറും കൂടി യാത്രക്കാരെ മുഴുവനും ഇറക്കി സുരക്ഷിതരാക്കി. തുടർന്ന് അടുത്തുള്ള ഹോട്ടലുകളിലേക്കും വീടുകളിലേക്കും ഡ്രെെവറും കണ്ടക്ടറും ഓടിയെത്തുകയായിരുന്നു. ബസ് തീപിടിച്ച വിവരം അറിയിക്കുന്നതിനൊപ്പം അവിടങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറുകൾ ഓഫാക്കാൻ :ആവശ്യപ്പെടുകയും ചെയ്തു. അപകടവിവരമറിഞ്ഞ ജനങ്ങൾ കണ്ടക്ടറുടെയും ഡ്രെെവറുടേയും വാക്കുകൾ കൂടി കേട്ടതോടെ വലിയ അപകടമാണ് ഒഴിവായത്.

ഇതിനു പിന്നാലെയാണ് ബസിൽ തീ ആളിപ്പടര്‍ന്നത്. യാത്രക്കാരെ ബസിൽ നിന്നും ഇറക്കി സുരക്ഷിതരാക്കിയതിനാൽ ആർക്കും പരിക്കില്ല. ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചതോടെ അവർ സ്ഥലത്തെത്തി. ആറ്റിങ്ങൽ വർക്കല എന്നീ യൂണിറ്റുകളിലെ ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനത്തിലാണ് അധികൃതർ. ഏകദേശം 15 മിനിട്ടോളം എടുത്താണ് തീയണച്ചത്.

തളിപ്പറമ്പിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ വൈകുന്നേരമാണ് നടുവിൽ സ്വദേശിനിയായ കെ ഷാഹിദ (46) ന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഷാഹിദയുടെ രണ്ടാം ഭർത്താവ് ആയ ചപ്പാരപ്പടവ് സ്വദേശി അഷ്‌കർ (52) ആണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഹിദ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തിന് പിന്നാലെ പ്രതി അഷ്കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപത്ത് വെച്ചാണ് ഷാഹിദയ്ക്ക് നേരെ അഷ്‌കർ ആസിഡ് ആക്രമണം നടത്തിയത്. കോടതിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഷാഹിദയെ വഴിയിൽ കത്ത് നിന്ന് അഷ്‌കർ ആക്രമിക്കുകയായിരുന്നു. ഷാഹിദയോട് സംസാരിക്കുകയും തർക്കിക്കുകയും ചെയ്തതിന് പിന്നാലെ കൈയ്യിൽ കരുതിയിരുന്ന ആസിഡ് ഷാഹിദയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ ഷാഹിദയുടെ തലമുടിയും വസ്ത്രങ്ങളും കരിഞ്ഞ് പോയിരുന്നു. ഷാഹിദയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഷ്കറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.

അതേസമയം ഷാഹിദയുടെ രണ്ടാമത്തെ ഭർത്താവാണ് അഷ്‌കർ. ഏഴു മാസം മുൻപ് ഷാഹിദ മതാചാര പ്രകാരം അഷ്കറിനെ വിവാഹം ചെയ്തിരുന്നതായും ഏഴ് മാസത്തോളം കൂടെ താമസിച്ചിരുന്നതായും അഷ്‌കർ പറയുന്നു. ഏഴ് മാസം കൂടെ കഴിഞ്ഞതിന് ശേഷം തന്നെ ഒഴിവാക്കി ഷാഹിദ ആദ്യ ഭർത്താവിന്റെ കൂടെ പോയി താമസിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നും അഷ്‌കർ പറയുന്നു.

പ്രായപൂര്‍ത്തിയാവാത്ത മലയാളി വിദ്യാര്‍ത്ഥിനിയെ അപമാനിച്ച മലയാളിയായ കോളജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍. വൈഎംസിഎ കോളേജ് പ്രിന്‍സിപ്പല്‍ ആയ കോതമംഗലം സ്വദേശി ജോര്‍ജ് അബ്രഹാമാണ് പിടിയിലായത്.

ലൈംഗിക പീഡന പരാതിയില്‍ ജോര്‍ജ് മുമ്പും പിടിയിലായിട്ടുണ്ട്. ജാമ്യത്തില്‍ ഇറങ്ങി ജോലിയില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ്. കോളജിലെ ജിം ട്രെയിനിങ്ങിനിടയില്‍ 18 വയസ്സ് തികയാത്ത ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ ഇയാള്‍ കടന്നുപിടിച്ചു എന്നാണ് ആരോപണം.

ഇതിന് പിന്നാലെ പെണ്‍കുട്ടി പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് പറയരുതെന്ന് ഭീഷണിയും ഉണ്ടായി. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റിന് പെണ്‍കുട്ടി നല്‍കിയ പരാതി സയ്താപേട്ട് പോലീസിനു കൈമാറി. ഇതോടെയാണ് ഇന്നലെ അറസ്റ്റിലായത്.

മുമ്പ് പി ജി വിദ്യാര്‍ഥിനിക്ക് അശ്ലീല മെസ്സേജുകള്‍ അയച്ചതിനും, ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതിനും അദ്യാപകനെതിരെ കേസ് എടുത്തിരുന്നു. വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി ജോര്‍ജ് എബ്രഹാം വീണ്ടും ജോലിയില്‍ പ്രവേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം സമാനമായി കേസില്‍ വീണ്ടും അറസ്റ്റ്. അധ്യാപകനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് പഞ്ഞിക്കിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ മാവൂര്‍ കല്‍പള്ളിയിലാണ് അപകടം. മാവൂര്‍ അടുവാട് സ്വദേശി അര്‍ജുന്‍ സുധീര്‍ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാര്‍ക്കും പരിക്കേറ്റു.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അര്‍ജുന്‍. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം ബസ് പാടത്തേക്ക് മറിയുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

രാവിലെ 10 മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന കാശിനാഥ് ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാവൂര്‍ -കോഴിക്കോട് റോഡില്‍ കല്‍പള്ളി ഗ്രൗണ്ടിന് എതിര്‍വശത്തേക്കാണ് ബസ് മറിഞ്ഞത്. മാവൂര്‍ പൊലീസും മുക്കത്തുനിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Copyright © . All rights reserved