വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്ത വൈദികനും സുഹൃത്തും ജയിലിലായി. ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും സുഹൃത്ത് ജോബി അബ്രഹാമുമാണ് ജയിലിലായത്. ഈ മാസം അഞ്ചിന് പൊള്ളാച്ചിയില്‍ നിന്ന് വാല്‍പാറയിലേക്കുള്ള യാത്രയ്ക്കിടെയാണ് വൈദികന്‍ വരയാടിന്റെ ഇരു കൊമ്പുകളിലും പിടിച്ചു നിര്‍ത്തി ഫോട്ടോയെടുത്തത്.
ഈ രംഗം ഒരു സഞ്ചാരി എടുത്ത് തമിഴ്‌നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍ പെട്ട തമിഴ്‌നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ എടുത്തിട്ടുള്ളത്.
അതേസമയം, തങ്ങളുടെ പ്രവൃത്തി മറ്റൊരാള്‍ പകര്‍ത്തി തമിഴ്‌നാട് പത്രത്തില്‍ പ്രസിദ്ധീകരിച്ചതും വലിയ പ്രശ്‌നമായതും വൈദികനും സുഹൃത്തും അറിഞ്ഞിരുന്നില്ല. വാല്‍പാറയില്‍ നിന്ന് ആറാം തീയ്യതി തന്നെ ഇവര്‍ തിരിച്ചു പോന്നിരുന്നു.
കഴിഞ്ഞ ദിവസം രാജാക്കാട് നിന്നാണ് വൈദികനേയും സുഹൃത്തിനേയും അറസ്റ്റ് ചെയ്തത്. ഇവര്‍ സന്ദര്‍ശിച്ച വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്‍ന്ന് രാജാക്കാട് പോലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരില്‍ നിന്ന് ആടിനെ പിടിച്ച് നില്‍ക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി.
വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കുഞ്ഞുമോന്റെ ബന്ധുവായ സുധീഷാണ് സംഭവത്തിൽ അറസ്റ്റിലായത്. എന്നാൽ കുഞ്ഞുമോൻ ആയിരുന്നില്ല, സുഹൃത്തായ മനോജ് ആയിരുന്നു സുധീഷിന്റെ ലക്ഷ്യം. ബിവറേജിൽ നിന്നും മദ്യം വാങ്ങി കുപ്പിയിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം ചെർക്കുകയായിരുന്നു എന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
മനോജിനോട് സുധീഷിന് മുൻവൈരാഗ്യം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം. വഴിയിൽ കിടന്ന് കിട്ടിയതാണെന്നു പറഞ്ഞ് പ്രതിയായ സുധീഷാണ് മദ്യം നൽകിയതെന്ന് ചികിത്സയിലിരിക്കുന്നവർ മൊഴി നൽകിയിരുന്നു. ഇതിൻറെ പശ്ചാത്തലത്തിൽ പൊലീസ് സുധീഷിനെ നിരന്തരമായി ചോദ്യം ചെയ്തതിലൂടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
ജനുവരി 8 ആണ് അടിമാലിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ അവശനിലയിലായി ചികിത്സ തേടുന്നത്. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലും ചികിത്സിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കുഞ്ഞുമോൻ മരണപ്പെടുകയായിരുന്നു.
ഭക്ഷ്യ വിഷബാധയല്ല മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളെജിലെ ഡോക്ടർ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. സുധീഷിനെ തുടർച്ചയായി ചോദ്യം ചെയ്ത്‌പ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു. വഴിയിൽ കിടന്ന് ലഭിച്ച മദ്യം സുധീഷാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. ത്തിച്ച നിലയിൽ മദ്യക്കുപ്പിയും പൊലീസ് പിന്നീട് കണ്ടെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സുധീഷിലേക്ക് എത്തിയത്.
ബ്രിട്ടനിലെ ലിവര്‍പൂളിനു സമീപം വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ഥി വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് സഹായഹസ്തവുമായി പ്രവാസി കൂട്ടായ്മ. വിരാല്‍ മലയാളി കമ്മ്യൂണിറ്റി ശേഖരിച്ച 6535 പൗണ്ട് വിജിന്‍ വര്‍ഗീസിന്റെ കുടുംബത്തിന് കൈമാറി.
ഇന്ത്യന്‍ തുകയായ 6,36,320.70 രൂപയാണു മാതാപിതാക്കളായ കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വിവി നിവാസില്‍ ഗീവര്‍ഗീസിനും ജെസിക്കും ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നു വിരാല്‍ മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് ജോഷി ജോസഫ് പറഞ്ഞു.
വിജിന്‍ ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായിരുന്നു. വിജിന്റെ മരണ ശേഷമാണ് പരീക്ഷ ഫലം പുറത്തു വന്നത്. മികച്ച വിജയമായിരുന്നു വിജിനു ലഭിച്ചത്.
ഡിസംബര്‍ 2 നാണു വിജിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുന്ന മെഴ്‌സിസൈഡ് പോലീസ് വിവരങ്ങള്‍ മാര്‍ച്ച് മാസത്തോടെ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്.
ചെസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിജിന്‍ എത്തിയത്. പഠനത്തോടൊപ്പം സ്വകാര്യ ഏജന്‍സി മുഖേന പാര്‍ട്ട് ടൈം ജോലിയും ചെയ്തിരുന്ന വിജിന് ജോലിക്ക് പോയിരുന്ന സ്ഥാപനത്തില്‍ സ്ഥിരമായി ജോലിയും വര്‍ക്കിംഗ് പെര്‍മിറ്റും കിട്ടിയതായി സൂചനയുണ്ട്. ഇത്തരത്തില്‍ സന്തോഷകരായി മുന്നോട്ടു പോകേണ്ടുന്ന സാഹചര്യത്തില്‍ ഉണ്ടായ മരണം ബന്ധുക്കളിലും സുഹൃത്തുക്കളിലും ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു.
പാതിരാത്രിയിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന ഇരുപതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനിയും എറണാകുളം സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയുമായ ബ്ലെയ്‌സി (20) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അർദ്ധരാത്രിയിൽ കൊച്ചി നഗരത്തിലൂടെ കറങ്ങുന്നത് കണ്ട് സംശയം തോന്നിയ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
മാരക മയക്കുമരുന്നായ എംഡിഎംഎ ആവശ്യക്കാർക്ക് രാത്രിയിൽ സ്‌കൂട്ടറിൽ എത്തിച്ച് കൊടുക്കുന്നതിനിടെയാണ് ബ്ലെയ്‌സി എക്സൈസ് പിടിയിലാകുന്നത്. എക്സൈസ് സംഘം പിടികൂടി ചോദ്യം ചെയ്യുമ്പോൾ നൈറ്റ് ഡ്രൈവിന് ഇറങ്ങിയതാണെന്നും ഫ്ലാറ്റിലേക്ക് തിരിച്ച് പോകുകയാണെന്നും പെൺകുട്ടി നുണ പറഞ്ഞു. തുടർന്ന് സംശയം തോന്നി സ്‌കൂട്ടർ പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.
അതേസമയം കോഴിക്കോടുള്ള സുഹൃത്താണ് എംഡിഎംഎ എത്തിച്ച് നൽകുന്നതെന്ന് പെൺകുട്ടി മൊഴി നൽകി. ബ്ലെയ്‌സി വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലും എക്സൈസ് സംഘം റെയ്‌ഡ് നടത്തി. ഫ്ലാറ്റിൽ നിന്നും 2.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഏവിയേഷൻ കോഴ്സ് പഠിക്കുന്നതിന്റെ ഭാഗമായാണ് ബ്ലെയ്‌സി എറണാകുളത്ത് എത്തിയതെന്നും എന്നാൽ പഠനത്തിന് പോകാതെ കൊച്ചിയിലെ സ്പായിൽ ജോലിക്ക് കയറിയെന്നും ആ ജോലി നഷ്ടമായതോടെയാണ് ലഹരിമരുന്ന് വില്പന ആരംഭിച്ചതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
രാത്രി തുടങ്ങുന്ന വില്പന പുലർച്ചെ വരെ നീളുമെന്നും ഒരു ദിവസം ഏഴായിരം രൂപ ലഭിക്കുമെന്നും പെൺകുട്ടി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. ആർഭാട ജീവിതം നയിക്കുന്നതിനായാണ് പണം ചിലവഴിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം വഴിയാണ് ആവശ്യക്കാരെ കണ്ടെത്തുന്നതെന്നും പെൺകുട്ടി പറയുന്നു. കലൂരിൽ അറസ്റ്റിലായ യുവാവിൽ നിന്നാണ് എക്സൈസിന് പെൺകുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. കുറച്ച് ദിവസങ്ങളായി എക്സൈസ് പെൺകുട്ടിയെ നിരീക്ഷിച്ച് വരികയായിരുന്നു.
വൈപ്പിനിൽ ഒന്നര വർഷം മുൻപ് കാണാതായ രമ്യ എന്ന യുവതിയെ ഭർത്താവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന് വ്യക്തമായതോടെ, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി യുവതിയുടെ സഹോദരൻ. രമ്യ എവിടെപ്പോയി എന്നതിൽ ഉൾപ്പെടെ ഭർത്താവ് സജീവൻ തങ്ങളെ തെറ്റിദ്ധരിപ്പിച്ചതായി സഹോദരൻ വെളിപ്പെടുത്തി. സജീവൻ പഠിപ്പിച്ചതാണ് കുട്ടികളും പറഞ്ഞത്. മക്കളും സജീവനും പറഞ്ഞതിലെ പൊരുത്തക്കേടാണ് സംശയമുണ്ടാക്കിയത്. രമ്യയെ കാണാതായി ആറു മാസം കഴിഞ്ഞാണ് പരാതി നൽകിയതെന്നും സഹോദരൻ വെളിപ്പെടുത്തി.
‘കുട്ടികൾ വീട്ടിൽ വരുന്ന സമയത്തൊക്കെ അമ്മ എവിടെ എന്ന് ഞാൻ അന്വേഷിച്ചിരുന്നു. അമ്മ വിളിക്കാറില്ലേയെന്നും പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ലേയെന്നും അവരോട് ചോദിച്ചിരുന്നു. മൂത്ത കുട്ടിയുടെ അഡ്മിഷന്റെ സമയമായിരുന്നു അത്. ആ സമയത്തു പോലും വിളിച്ചില്ലെന്ന് പറഞ്ഞപ്പോൾത്തന്നെ എനിക്ക് സംശയം തോന്നിയിരുന്നു. ഒൻപതു വയസ്സുള്ള ഇളയ കുട്ടിയേപ്പോലും ആദ്യമേ എല്ലാം പറഞ്ഞു പഠിപ്പിച്ചുവച്ചിരുന്നു. അതുകൊണ്ട് സംശയം തോന്നാലുള്ള സാധ്യത കുറവായിരുന്നു. പിന്നീട് ഇരുവരോടും വെവ്വേറെ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പൊരുത്തക്കേടു തോന്നിയത്. അപ്പോഴേയ്ക്കും മാസങ്ങൾ പിന്നിട്ടിരുന്നു’ – രമ്യയുടെ സഹോദരൻ പറഞ്ഞു.
രമ്യ ബെംഗളൂരുവിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിക്കാനായി പോയെന്ന വിശദീകരണവും സജീവൻ നൽകിയിരുന്നു. പിന്നീട് മറ്റൊരാൾക്കൊപ്പം പോയെന്നും പറഞ്ഞുണ്ടാക്കി. സജീവന് രമ്യയെ സംശയമായിരുന്നുവെന്നാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നൽകുന്ന വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ഇരുവർക്കുമിടയിൽ വഴക്ക് പതിവായിരുന്നു. കൊലപാതകം നടന്ന ദിവസം രമ്യയ്ക്കു വന്ന ഒരു ഫോൺകോളിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സജീവൻ കയറുപയോഗിച്ച് രമ്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് മക്കൾ വീട്ടിലുണ്ടായിരുന്നില്ല. പകലാണ് കൊലപാതകം നടത്തിയത്. അന്നു രാത്രി മൃതദേഹം വീടിനോടു ചേർന്ന് മറവു ചെയ്തു. തുടർന്ന് രമ്യയുടെ തിരോധാനത്തെക്കുറിച്ച് മക്കളെ ഉൾപ്പെടെ കള്ളക്കഥ മെനഞ്ഞുണ്ടാക്കി വിശ്വസിപ്പിച്ചു.
ഒന്നര വർഷം മുൻപു കാണാനില്ലെന്നു പരാതി നൽകിയ ഭാര്യയെ താൻ കൊന്നു കുഴിച്ചു മൂടിയതാണെന്നു ഭർത്താവിന്റെ കുറ്റസമ്മതം. എറണാകുളം എടവനക്കാടാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകം. വാചാക്കൽ സജീവന്റെ ഭാര്യ രമ്യയെയാണ് (32) ഭർത്താവു തന്നെ കൊന്നു വീടിനു സമീപം കുഴിച്ചു മൂടിയത്. വീടിന്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി.
ഇയാൾ തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവൻ പരാതി നൽകിയിരുന്നു. എന്നാൽ, മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കേസന്വേഷണത്തിൽ കാര്യമായ താൽപര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടർന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നു സമ്മതിച്ചത്.
ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകം എന്നു നടന്നു എന്നതു സംബന്ധിച്ചു പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം, കൊലപാതകം സംബന്ധിച്ചു നാട്ടുകാർക്കു പോലും കാര്യമായ സംശയം ഉണ്ടായിരുന്നില്ല എന്നാണ് അയൽവാസികൾ പറയുന്നത്. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും പറയുന്നു.
തിരുവനന്തപുരത്ത് അമ്മയുടെ പീഡന മനോഭാവം മൂലം മകൾ തീകൊളുത്തി മരിച്ച സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. തിരുവനന്തപുരം പനയ്ക്കോട് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അമ്മയ്ക്കെതിരെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. മകളെ അമ്മ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും അമ്മയുടെ ശാരീരിക–മാനസിക പീഡനം കാരണമാണ് മകൾ തീകൊളുത്തി മരിച്ചതെന്നും കാട്ടി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ കൂട്ട പരാതി നൽകിയിരിക്കുകയാണ്. ഇക്കാര്യം നിരവധി തവണ ഉന്നയിച്ചിട്ടും പൊലീസിൻ്റെ ഭാഗത്തു നിന്ന് നടപടികളൊന്നുമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
പനയ്ക്കോടിന് സമീപം പാമ്പൂരില്‍ താമസിക്കുന്ന സുജയുടെ മകള്‍ ആശയെന്ന 21കാരിയാണ് ഞായറാഴ്ച വീടിനുള്ളിൽ തീകൊളുത്തി മരിച്ചത്. വീട്ടിനുള്ളിലെ മുറിയിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാൽ അമ്മയുടെ തുടര്‍പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നതും. സുജയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ആശ. രണ്ടാം വിവാഹത്തില്‍ രണ്ട് കുട്ടികളുണ്ട്.
ജീവനൊടുക്കുന്ന അന്ന് രാവിലെയും അമ്മ മര്‍ദിച്ചതായി ആശയുടെ സഹോദരന്‍ പറഞ്ഞതായും ആരോപണമുയരുന്നുണ്ട്. സുജയുടെ രണ്ടാം വിവാഹത്തിൽ കുട്ടികളുണ്ടായപ്പോൾ അവരെ നോക്കിയിരുന്നത് ആശയായിരുന്നു. എന്നാൽ സുധ ആശയോട് തരിമ്പുപോലും സ്നേഹത്ിൽ പെരുമാറുകയോ സംസാരിക്കുയോ ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇരുപത്തിയൊന്ന് വയസ്സായിട്ടും മാതാവ് ആശയെ ക്രൂരമായി മർദദിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. സംഭവ ദിവസം സുജയുടെ ചെരുപ്പിൽ വെള്ളം വീണെന്ന് ആരോപിച്ച് ആശയെ മർദ്ദിച്ചിരുന്നു. ആശയോട് പോയി ചാകാൻ പറഞ്ഞതായും നാട്ടുകാർ പറയുന്നുണ്ട്. തൊഴിലുറപ്പ് സ്ഥലത്ത് വച്ച് പോലും മറ്റുള്ളവർ കാൺകേ ആശയെ സുജ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ആശയോട് മാത്രമല്ല ഇളയ കുട്ടികളോടും സുജ ക്രൂരമായാണ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ഇളയ കുട്ടിയെ ഒരിക്കൽ ക്രൂരമായി മർദ്ദിച്ചത് നാട്ടുകാർ തടഞ്ഞിരുന്നു. പിന്നീട് കുട്ടിയെ കൈയിൽ പ്ലാസ്റ്ററിട്ടാണ് കണ്ടതെന്നും അയൽക്കാർ പറയുന്നുണ്ട്. അതേസമയം ആശ തനിക്ക് നേരിട്ട പ്രശ്നങ്ങൾ മറ്റുള്ളവരോട് പറയാൻ തയ്യാറായിരുന്നില്ല. അതറിഞ്ഞാൽ അമ്മ ഉപദ്രവിക്കുമോ എന്നു ഭയന്നായിരുന്നു ഇക്കാര്യങ്ങൾ മറ്റാരോടും പറയാൻ തയ്യാറാകാതിരുന്നതെന്നും അയൽവാസികൾ ചൂണ്ടിക്കാട്ടുന്നു. ആശയ്ക്ക് മാനസികരോഗമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും സുജയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. സുജയ്ക്ക് എതിരെ അന്വേഷസണമുണ്ടാകണമെന്നും ആശയുടേത് ആത്മഹത്യയെന്ന രീതിയിലേക്ക് മാത്രം പൊലീസ് അന്വേഷണം ചുരുങ്ങരുതെന്നാണ് നാട്ടുകാർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
എറണാകുളം കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവര്‍മ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഇറച്ചിയാണിത്. കളമശ്ശേരി നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.
എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംസ്ഥാനത്ത് വ്യാപകമായി ഇത്തരത്തില്‍ വിവിധ ഹോട്ടലുകളിലേക്ക് വിതരണംചെയ്യുന്നതിനായി കുറഞ്ഞ വിലക്ക് പഴകിയ ഇറച്ചി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ വ്യാപകമായി പരിശോധന നടക്കുന്നതിനിടയിലും വിവിധയിടങ്ങളില്‍ പഴകിയ ഇറച്ചി വിതരണം നടക്കുന്നുണ്ടെന്നാണ് വിവരം.
കേരളത്തിലെ രാഷ്ട്രീയക്കാർക്കെതിരെ തുറന്നടിച്ച് നടൻ ശ്രീനിവാസൻ. കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടത്, അവരെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവാണ് ജനാധിപത്യം. നമ്മുടെ നാട്ടിൽ കുറച്ചു കള്ളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും ഇതിനെ തെമ്മാടിപത്യം എന്നാണ് വിളിക്കാൻ താല്പര്യപ്പെടുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു. ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല എങ്കിലും മനസ്സിൽ വീർപ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങൾ ഒരു മൈക് കിട്ടിയപ്പോൾ പറയാൻ ആഗ്രഹം തോന്നി. പ്രധാനമായിട്ട് നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണ്. ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് 1500 വർഷങ്ങൾക്ക് മുൻപ് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡൽ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രടീസ് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാൻ വേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ്. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്ക് ഉണ്ടാകണം അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്നം എന്ന് അന്നത്തെക്കാലത്ത് അദ്ദേഹം പറഞ്ഞു.
ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് അയാൾ ആത്മഹത്യാ ചെയ്യുമായിരുന്നു കാരണം രാഷ്ട്രീയത്തിലെ പേരും കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്.
ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആൾക്കാർ രാഷ്ട്രീയത്തിൽ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവർ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാർട്ടികളും കണക്കാണ്.’’–ശ്രീനിവാസൻ പറഞ്ഞു.
വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയ മദ്യം കഴിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാറ്റിൽ കുഞ്ഞുമോൻ (40) ആണ് മരിച്ചത്. കളഞ്ഞ് കിട്ടിയ മദ്യം കഴിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞുമോൻ.
അതേസമയം കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തിൽ കീട നാശിനിയുടെ അംശം കണ്ടെത്തിയിരുന്നു. ഈ മാസം എട്ടാം തീയതിയാണ് വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയതാണെന്ന് പറഞ്ഞ് മറ്റൊരു സുഹൃത്ത് ഇവർക്ക് മദ്യക്കുപ്പി നൽകിയത്. മദ്യം കഴിച്ചതിന് ശേഷം മൂന്ന് പേർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. മനോജ്,അനിൽകുമാർ എന്നിവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മദ്യം നൽകിയ ഇവരുടെ സുഹൃത്ത് സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. വഴിയിൽ കിടന്ന് ലഭിച്ചെന്ന് പറഞ്ഞ് സുധീഷാണ് മദ്യം നൽകിയതെന്ന് ചികിത്സയിൽ കഴിയുന്ന യുവാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു.
കുടുംബ കോടതിയിൽ കൗൺസിലിംഗ് കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. സംഭവത്തിൽ പനമണ്ണ സ്വദേശി രഞ്ജിത്ത് (33) നെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. മനിശ്ശേരി സ്വദേശിനി സുബിത (24) നാണ് വെട്ടേറ്റത്.
ഇരുവരും വിവാഹമോചനത്തിനായി കോടതിയിൽ എത്തുകയും തുടർന്ന് കൗൺസിലിംഗിന് വിധേയരാകുകയും ചെയ്തിരുന്നു. കൗൺസിലിംഗ് കഴിഞ്ഞതിന് ശേഷം സുബിത ഇപ്പോൾ കൂടെ താമസിക്കുന്ന യുവാവുമായി സംസാരിച്ച് നിൽക്കുന്നതിനിടയിൽ രഞ്ജിത്ത് സുബിതയോട് വഴക്കിടുകയും വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്.
കൈയിൽ വെട്ടേറ്റ സുബിതയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുബിതയുടെ ഇരു കൈയിലെയും മുറിവുകൾ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെട്ടേറ്റ ഉടനെ ഒറ്റപ്പാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിനെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം പോയ വൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.