Kerala

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകന്റെ ഫോണ്‍കോള്‍ എത്തിയതോടെ മറന്നുപോയ സന്തോഷം വീണ്ടെടുത്തിരിക്കുകയാണ് കുടുംബം. ആര്യനാട് തോളൂര്‍ മണികണ്ഠ വിലാസത്തില്‍ എസ്.പ്രവീണ്‍ ആണ് ഒമ്പതുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കുടുംബത്തിന് മുന്നിലേക്ക് വീഡിയോ കോളിലൂടെ എത്തിയത്.

കാറ്ററിങ് ജോലി തേടിയാണ് ഒന്‍പതു കൊല്ലം മുമ്പ് പ്രവീണ്‍ അബുദാബിയില്‍ പോയത്. നാട്ടില്‍ പെയിന്റിങ് ജോലിയായിരുന്ന പ്രവീണിന്. പോയതിന് ശേഷം രണ്ട് വര്‍ഷം വരെ വീട്ടുകാരെ വിളിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ഒരു വിവരവും ഇല്ലാതായി.

മറ്റൊരു സ്ഥലത്തെ കമ്പനിയില്‍ ജോലിക്ക് പോകുകയാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു, ഇതിന് ശേഷം ഒരു വിളിയും ഉണ്ടായില്ല. പ്രവീണിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. പിതാവ് സി.സുന്ദരേശനും മാതാവ് ബി.എസ്.മണിയും സഹോദരിമാരായ പ്രീയയും പ്രീയങ്കയും അടങ്ങിയ കുടുംബം തകര്‍ന്നുപോയിരുന്നു.

തങ്ങളാല്‍ കഴിയും വിധം ഇവര്‍ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ഇവര്‍ കാത്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ഐ.പി.ബിനുവിന് പ്രവീണിന്റെ വിവരവുമായി സുഹൃത്തായ പ്രവാസിയുടെ അപ്രതീക്ഷിതമായ ഫോണ്‍ വിളി എത്തുന്നത്.അതേസമയം, പ്രവീണിന്റെ അജ്ഞാത വാസത്തിന്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. പ്രവീണിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

പഴയ കൂട്ടുകാരായി ആ പ്രീഡിഗ്രി കാലം ഓർത്തെടുക്കാൻ —– പഴയ പൂവരശിൻ്റെ നിഴൽ വീണ വഴിയിൽ ഒരു നിമിഷം നിൽക്കാൻ എല്ലാ ജോലി തിരക്കുകളും മാറ്റി വച്ച് അവർ ഒത്തുകൂടുകയായിരുന്നു.
അന്നത്തെ പ്രീഡിഗ്രി ആൺകുട്ടികളും, പെൺകുട്ടികളും കോളേജ് പഠനകാലം കഴിഞ്ഞ് പല വഴി പിരിയുകയായിരുന്നു.

പഴയ സഹപാഠികളെ ഓരോരുത്തരെയും കണ്ടെത്തുകയെന്നത് വളരെ ശ്രമകരമായ ദൗത്യമായിരുന്നു – അതിനായ് ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവർത്തനമാരംഭിച്ചു. ആ പ്രവർത്തനങ്ങൾ വളരെ വിജകരമായി പൂർത്തിയായി. അങ്ങനെയാണ് 2022 ഡിസംബർ 27 ന് എല്ലാവരും ഒത്തുകൂടിയത്. പഴയ ചങ്ങാതികളെ കണ്ട് പൊട്ടിച്ചിരിച്ചും സന്തോഷം കൊണ്ടു കണ്ണൂനിറഞ്ഞും പഠന കാലം ഓർത്തെടുത്തു. ഒന്നു തിരിഞ്ഞു നടന്നാൽ എത്താനാവുന്നത്ര അടുത്താണ് നമ്മുടെ കലാലയമെന്ന് ഓർമ്മിക്കുന്നു .. എത്രയും കാല്പനികമായ ആ കാലം മറക്കാനാനാവില്ലല്ലോ ആർക്കും ….

അടുത്ത വർഷം കുടുംബ സംഗമം വളരെ വിപുലമായി നടത്താൻ തീരുമാനിച്ചു. ഫാദർ ജെയിംസ് നിരവത്ത് (രക്ഷാധികാരി ) ബേബി മാത്യു (പ്രസിഡൻ്റ്) വി.ബി.സന്തോഷ് കുമാർ, പി.ടി. ബാബു, സി.സി.സുരേഷ് (സെക്രട്ടറി) എന്നിവരടങ്ങുന്ന 15 അംഗ കമ്മറ്റിക്കു രൂപം നൽകി.

ഒമർ ലുലു ചിത്രം ‘നല്ല സമയം’ എക്സൈസ് കേസിൽ പെട്ടതിന് പിന്നാലെ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കാൻ തീരുമാനം. ചിത്രം പിൻവലിക്കുന്നതായും ബാക്കി കാര്യങ്ങൾ കോടതി വിധിക്ക് ശേഷം തീരുമാനിക്കുമെന്നും സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഡിസംബർ 30നായിരുന്നു ചിത്രത്തിന്റെ റിലീസ്.

സിനിമയുടെ ട്രെയ്‌ലറിൽ എംഡിഎംഎ ഉപയോഗം പ്രോൽസാഹിപ്പിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തി എന്ന പരാതിയിലാണ് ഒമർ ലുലുവിനെതിരെ കേസ്. കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരൻ ആണ് കേസെടുത്തത്.

മയക്കുമരുന്ന് ഉപയോഗം സിനിമയിൽ കാണിക്കുന്നത് ഇതാദ്യമല്ല. നല്ല സമയം എന്ന സിനിമയുടെ വിഷയത്തിൽ മാത്രം എന്തിന് ഇത്തരം നടപടികൾ എന്ന് മനസിലാകുന്നില്ല. തന്റെ സിനിമയും സെൻസർ ബോർഡിന്റെ അനുമതിയിടെയാണ് പുറത്തിറങ്ങിയത് എന്നായിരുന്നു ഒമർ ലുലുവിന്റെ പ്രതികരണം. ‘കെജിഎഫി’നോളം അടുത്ത് യൂത്തിനെ സ്വാധീനിച്ച സിനിമ വേറെയുണ്ടായിട്ടില്ല. കെജിഎഫ് കണ്ടിട്ട് ആരെങ്കിലും വഴിയേ പോകുന്നവരെ തല്ലാൻ പോകുന്നുണ്ടോ എന്നും സംവിധായകൻ ചോദിച്ചിരുന്നു.

ഇർഷാദ് നായകനാകുന്ന സിനിമയിൽ ഏറെയും പുതുമുഖങ്ങളായ നായികമാരാണ് അണിനിരക്കുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ‘ഹാപ്പി വെഡ്ഡിങ്’, ‘ചങ്ക്സ്’, ‘ഒരു അഡാറ് ലൗ’, ‘ധമാക്ക’ എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്ത ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ചിത്രത്തിന്റെ നിർമ്മാണം. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്ന് ഒരുക്കിയതാണ് തിരക്കഥ.

ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നഴ്സ് മരണത്തിനു കീഴടങ്ങി. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ്, രശ്മി(33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്നാണ് രശ്മി അൽഫാം കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദ്ദിയും തുടർന്നു വളറിക്കവും അനുഭവപ്പെട്ടു.

ശാരീരികമായ തളർന്നതിനെ തുടർന്നു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഡയാലിസിസിനും വിധേയമാക്കി. ഈ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച മറ്റ് 20 പേർക്കും ശാരീരിക ബുദ്ധിമുട്ടു ഉണ്ടായിരുന്നു. ഇതിൽ 14 വയസ്സുകാരനായ സംക്രാന്തി സ്വദേശി മെഡിക്കൽ കോളജിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയുകയാണ്.

സംഭവത്തെ തുടർന്നു ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. രശ്മിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

പൃഥ്വിരാജും ബേസില്‍ ജോസഫും ഒന്നിക്കുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ചിത്രത്തിനെതിരെ അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ.എച്ച്.പി) നേതാവ് പ്രതീഷ് വിശ്വനാഥ്. ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന പേരാണ് പ്രതീഷ് വിശ്വനാഥിനെ പ്രകോപിപ്പിച്ചത്.

ഗുരുവായൂരപ്പന്റെ പേരില്‍ എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ പൃഥ്വിരാജ് വാരിയം കുന്നനെ ഓര്‍ത്താല്‍ മതി എന്നാണ് പ്രതീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനെ പ്രശംസിച്ചു കൊണ്ടാണ് കുറിപ്പ് ആംരഭിക്കുന്നത്. ഉണ്ണി മുകുന്ദന്‍, മാളികപ്പുറം എന്നീ ഹാഷ് ടാഗുകളും കുറിപ്പിനൊപ്പമുണ്ട്.

”മലയാള സിനിമാക്കാര്‍ക്ക് ദിശ ബോധം ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി .എന്നാല്‍ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയം കുന്നനെ ഒന്നോര്‍ത്താല്‍ മതി. ജയ് ശ്രീകൃഷ്ണ” എന്നാണ് പ്രതീഷ് കുറിച്ചിരിക്കുന്നത്.

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദിസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ‘ഒരു വര്‍ഷം മുമ്പ് കേട്ടപ്പോള്‍ മുതല്‍ ചിരിപടര്‍ത്തുന്ന കഥ’ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിച്ചത്. ‘കുഞ്ഞിരാമായണം’ സിനിമയ്ക്ക് ശേഷം ദീപു പ്രദീപ് രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.

സംവിധായകന്‍ ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി ‘വാരിയം കുന്നന്‍’ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നില്ല. പ്രഖ്യാപിച്ചത് മുതല്‍ സിനിമ വിവാദത്തിവലായിരുന്നു. കടുത്ത സൈബര്‍ ആക്രമണങ്ങള്‍ നടന്‍ പൃഥ്വിരാജിന് നേരെ ഉയര്‍ന്നത്. പിന്നീട് പൃഥ്വിരാജ് സിനിമ ഉപേക്ഷിച്ചിരുന്നു.

യുവസംവിധായികയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്ന നയനാ സൂര്യ (28)യുടെ മരണമാണ് മൂന്നുവര്‍ഷത്തിനുശേഷം ചര്‍ച്ചയാവുന്നത്. കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇത് കൊലപാകമെന്ന സംശയം ബലപ്പെടുത്തുന്നതായി മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം പോലീസ് നടത്തിയ മൃതദേഹപരിശോധനയില്‍ കഴുത്തിലുണ്ടായിരുന്ന 31.5 സെ.മീ മുറിവും മറ്റു ക്ഷതങ്ങളും രേഖപ്പെടുത്തിയിട്ടില്ല. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. അടിവയറ്റില്‍ മര്‍ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിട്ടും പോലീസ് അന്വേഷിക്കുകപോലും ചെയ്യാതെ കേസ് അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പരാതി.

2019 ഫെബ്രുവരി 24 -നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയനാസൂര്യയെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പത്തുവര്‍ഷത്തോളമായി സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന. ‘ക്രോസ് റോഡ്’ എന്ന ആന്തോളജി സിനിമയില്‍ ‘പക്ഷികളുടെ മണം’ എന്ന സിനിമ നയന സംവിധാനംചെയ്തിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ നയനയുണ്ടായിരുന്നു.

ലെനിന്‍ രാജേന്ദ്രന്റെ മരണംനടന്ന് ഒരുമാസം കഴിഞ്ഞപ്പോഴായിരുന്നു നയനയുടെ മരണം. വിഷാദരോഗത്തിന് ചികിത്സതേടിയിരുന്ന നയന ആത്മഹത്യചെയ്തതാവാം എന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. പ്രമേഹരോഗിയായിരുന്ന നയന ഷുഗര്‍താഴ്ന്ന അവസ്ഥയില്‍ മുറിക്കുള്ളില്‍ കുഴഞ്ഞുവീണ് പരസഹായംകിട്ടാതെ മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.

ഫോണ്‍വിളിച്ചിട്ട് എടുക്കാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് താമസസ്ഥലത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ നയനയെ കാണുന്നത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്.അസ്വാഭാവികമരണത്തിനാണ് മ്യൂസിയം പോലീസ് കേസെടുത്തത്. എന്നാല്‍, കേസ് എങ്ങുമെത്തിയില്ല. പോസ്റ്റ്മോര്‍ട്ടം, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ആര്‍.ഡി.ഓഫീസ് നല്‍കുന്ന വിവരം.

എന്നാല്‍, നയനയുടെ സഹൃത്തുക്കള്‍ക്ക് ഇതിന്റെ കോപ്പി ലഭിച്ചിട്ടുണ്ട്. നയനയുടെ വീട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് . കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊച്ചിയിലെ പുതുവര്‍ഷാഘോഷം വന്‍ ദുരന്തമായി മാറി. ആഘോഷത്തില്‍ പങ്കെടുത്ത 200 പേര്‍ ചികിത്സ തേടി. പുതുവത്സരം ആഘോഷിക്കാനായി അഞ്ച് ലക്ഷത്തോളം പേരാണ് കൊച്ചിയില്‍ ഒത്തുകൂടിയത്. പുതുവത്സര ദിനത്തിന് തലേന്നും കൊച്ചിയില്‍ വലിയ ജനതിരക്കായിരുന്നു. പോലീസുകാര്‍ക്കുള്‍പ്പടെ നിരവധിയാളുകള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുണ്ടാവുന്ന വന്‍ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് അപകടമുണ്ടാക്കിയത്. അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.

പരിപാടിയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കിടത്തിയാണ്. തിരക്കില്‍പെട്ട് ശ്വാസതടസം അനുഭവപ്പെട്ട യുവതിയെ കിടത്താന്‍ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളില്‍ കിടത്തി കൊണ്ടുപോയത്. ഇവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയതും ഓട്ടോയ്ക്ക് മുകളില്‍ കിടത്തിയായിരുന്നു. ഇത്തരം അടിയന്തിര സാഹചര്യം നേരിടാന്‍ അടിയന്തിര ആരോഗ്യ സേവനങ്ങളൊന്നും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല.

മൂന്ന് ആംബുലന്‍സുകളാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്. ഒരു ഡോക്ടറും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അടുത്തുള്ള താലൂക്ക് ആശുപത്രിയിലും ഒരു ഡോക്ടര്‍ മാത്രമായിരുന്നു ഡ്യൂട്ടിയില്‍. റോറോ സര്‍വീസിലേക്ക് ജനം ഇരച്ചു കയറിയതും വലിയ അപകടസാധ്യതയാണ് ഉണ്ടാക്കിയത്. രണ്ട് റോറോ സര്‍വീസുകള്‍ നടത്തണമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഒന്ന് മാത്രമായിരുന്നു പ്രവര്‍ത്തിച്ചത്, അതും അപകടത്തിന് വഴിവച്ചു.

വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത് തങ്ങളുടെ അനുമതിയില്ലാതെയാണെന്ന് വ്യക്തമാക്കി കോളജ് അധികൃതര്‍. ക്രിസ്മസ് അവധിയായതിനാല്‍ കോളജ് പ്രവര്‍ത്തിക്കുന്നില്ല. കോളജ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

വളാഞ്ചേരി ആതവനാട് സ്വദേശിയായ മില്‍ഹാജ് ആണ് അപകടത്തില്‍ മരിച്ചത്. വളാഞ്ചേരിയിലെ ഒരു ക്ലബ്ബുമായി സഹകരിച്ചാണ് വിദ്യാര്‍ഥികള്‍ ടൂര്‍ സംഘടിപ്പിച്ചതെന്നാണ് സൂചന. മറ്റൊരു കോളജിലെ വിദ്യാര്‍ഥികളും യാത്രയില്‍ ഉണ്ടെന്നാണ് അറിഞ്ഞതെന്നും പ്രിന്‍സിപ്പല്‍ സന്തോഷ് പറഞ്ഞു.

തിങ്കള്‍ക്കാട്ടെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ നേരമെടുത്താണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. രാവിലെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വാഹനത്തിനടിയില്‍ കുടുങ്ങിയ നിലയില്‍ മില്‍ഹാജിനെ കണ്ടെത്തിയത്.

കാണാതായ പന്ത്രണ്ട് വയസുകാരനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയന്നൂർ സ്വദേശിയായ പന്ത്രണ്ടുകാരനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ കുട്ടി വെള്ളിയാഴ്ച പതിനൊന്ന് മണിയോടെ വീട്ടിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താത്തതിനാൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്ന് ഉച്ചയോടെ കുട്ടിയെ വീടിന് സമീപത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുതുവത്സരം ആഘോഷിക്കുന്നതിനിടയിൽ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലമൂട് സ്വദേശി അഖിൽ രാജേന്ദ്രൻ (26) നെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കൊല്ലം ബീച്ചിൽ പുതുവത്സര ആഘോഷത്തിനെത്തിയതായിരുന്നു അഖിൽ.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അഖിൽ തിരയിൽ പെട്ടത്. അതേസമയം അഖിൽ തിരയിൽപെട്ട കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് കൂടെയുള്ള സുഹൃത്തിനെ കാണാനില്ലെന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞത്.

കടലിന്റെ കരയിൽ പോകുമ്പോൾ അഖിൽ ഉണ്ടായിരുന്നതായും തിരിച്ചെത്തിയപ്പോൾ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌മെന്റും അഖിലിനായി തിരച്ചിൽ നടത്തി വരികയാണ്.

RECENT POSTS
Copyright © . All rights reserved