Kerala

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരേ സമ്മര്‍ദതന്ത്രവുമൊരുക്കി ക്രൈംബ്രാഞ്ച്‌. അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ വിവരങ്ങള്‍ തേടി കുടുംബാംഗങ്ങളില്‍ രണ്ടുപേരെ കൂടി ചോദ്യം ചെയ്യുമെന്നാണു ക്രൈംബ്രാഞ്ച്‌ ദിലീപിനെ അറിയിച്ചത്‌. ഇവരുടെ ഫോണുകളും പരിശോധനയ്‌ക്കയയ്‌ക്കും.

കേസില്‍ ദിലീപ്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി അടുത്തമാസം രണ്ടിനു മാറ്റിയിരിക്കേ അതിനുള്ളില്‍ കൊലപാതക ഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുക്കാനുളള അന്വേഷണത്തിലാണു ക്രൈംബ്രാഞ്ച്‌. മൂന്നു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലിലും ദിലീപ്‌ പല വിവരങ്ങളും മറയ്‌ക്കുന്നുവെന്നു വ്യക്‌തമായതോടെയാണു ചില കാര്യങ്ങളില്‍ വ്യക്‌തതവരാന്‍ അടുത്ത ബന്ധുക്കളില്‍ ചിലരെ വിളിച്ചുവരുത്തേണ്ടിവരുമെന്ന്‌ അന്വേഷണ സംഘം ദിലീപിനെ അറിയിച്ചത്‌.

ഇതിനി​ടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്ര കുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്ന് ക്രൈംബ്രാഞ്ചിനു കൊടുത്ത മറുപടിക്കത്തില്‍ ദിലീപ് ആവശ്യപ്പെട്ടു.

കൊലപാതക ഗൂഢാലോചന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ അടുത്ത സുഹൃത്തുക്കളായ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. നേരത്തെ നല്‍കിയ മൊഴിയില്‍ ഉറച്ചുനില്‍ക്കാതെ ദിലീപിന്‌ അനുകൂലമായി സാക്ഷിമൊഴി മാറ്റിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്‌. ഇവരുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കും.

സിനിമാരംഗത്തുനിന്ന്‌ അരുണ്‍ ഗോപി, റാഫി, വ്യാസന്‍ എടവനക്കാട്‌ എന്നിവരുടെ മൊഴിയെടുക്കുകയും വധഭീഷണി സ്വരത്തിലുള്ള റെക്കോഡ്‌ ചെയ്‌ത ശബ്‌ദ ഭാഗങ്ങള്‍ ദിലീപ്‌ പറഞ്ഞതു തന്നെയെന്നു സ്‌ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ സജിത്തിന്റെ മൊഴിയും എടുത്തു. ഇദ്ദേഹം തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് നടപടി. ദിലീപിനു ജാമ്യം ലഭിക്കാന്‍ ഇടപെട്ടതായി ബാലചന്ദ്രകുമാര്‍ പറഞ്ഞതായാണ് അഭിഭാഷകന്റെ മൊഴി. താന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും അഭിഭാഷകന്‍ കൈമാറി. ദിലീപടക്കം പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് അഭിഭാഷകന്റെ മൊഴിയെടുത്തത്.

നടന്‍ ദിലീപിനെ പിന്തുണച്ച് വീണ്ടും ധര്‍മജന്‍ ബോള്‍ഗാട്ടി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കേസില്‍ തനിക്കൊന്നും പറയാനില്ല എന്നും പറയാനുള്ളത് കോടതി പറയട്ടെ എന്നായിരുന്നു ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ ധര്‍മജന്‍ പറഞ്ഞത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഒന്നും നോക്കാറില്ലെന്നും അവയിലൊന്നും വിശ്വാസമില്ലെന്നും ധര്‍മജന്‍ മറുപടി നല്‍കി.

‘കുറെ വാര്‍ത്തകള്‍ കണ്ടിട്ടൊന്നും കാര്യമില്ല. ചില മാദ്ധ്യമങ്ങളിലെ വാര്‍ത്തകളിലൊന്നും കാര്യമില്ല. ചിലപ്പോള്‍ നാളെ നിങ്ങള്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു എന്നൊരു വാര്‍ത്ത ഞാന്‍ കേള്‍ക്കേണ്ടി വരും. സത്യം അതായിരിക്കില്ല. ഞാന്‍ അങ്ങനത്തെ വാര്‍ത്തയൊന്നും നോക്കാറില്ല. ഇവിടെ കോടതിയുണ്ട്, നിയമങ്ങളുണ്ട്. ആന്വേഷിക്കുന്നുണ്ട്, പോലീസുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ.- ധര്‍മ്മജന്‍ വ്യക്തമാക്കി.

നേരത്തെ, ദിലീപിനെ കുറിച്ച് സംവിധായകന്‍ ജോണി ആന്റണിയും വെളിപ്പെടുത്തിയിരുന്നു. താന്‍ ഒന്നും ആകാതിരുന്ന കാലത്ത് തന്റെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം തന്നത് ദിലീപ് ആണെന്ന് അദ്ദേഹം പറയുന്നു. അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബിക്കും എനിക്കുള്ളത് പോലെ പോലുള്ള കമ്മിറ്റ്മെന്റ് ദിലീപുമായി ഉണ്ടെന്നും ജോണി ആന്റണി പറഞ്ഞു.

ഓണ്‍ലൈന്‍ പണമിടപാടിനെ തുടര്‍ന്ന് പൂനെയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. തലശ്ശേരി സ്വദേശി അനുഗ്രഹ് ആണ് മരിച്ചത്. 22 വയസായിരുന്നു.

ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണം വായ്പ നല്‍കുന്ന ഒരു മൊബൈല്‍ ആപ്പില്‍ നിന്നും അനുഗ്രഹ് 8000 രൂപ വായ്പ എടുത്തിരുന്നു. പിന്നീട് ഈ വായ്പയുടെ വിവരം ഓണ്‍ലൈന്‍ ആപ്പ് അനുഗ്രഹിന്റെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്കെല്ലാം അയച്ചു.

ഇതിന് പുറമെ ഈ ആപ്പ് യുവാവിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അയക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാവ് കടുത്ത് മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ പൊലീസ് അനുഗ്രഹിന്റെ ഫോണും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് ഒമൈക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 94 ശതമാനവും ഒമിക്രോണ്‍ കേസുകളെന്നും 6 ശതമാനം പേരിലാണ് ഡെല്‍റ്റ സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനം പേര്‍ക്കും ഒമൈക്രോണ്‍ വകഭേദമാണ് സ്ഥിരീകരിക്കുന്നത്.

വെന്റിലേറ്ററിന്റെ ഉപയോഗത്തില്‍ സംസ്ഥാനത്ത് നേരിയ കുറവ് വന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ ഉയരാനാണ് സാധ്യത അടുത്ത മൂന്നാഴ്ച്ച നിര്‍ണ്ണായകമാണ്. ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കോവിഡ് വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്ലും പ്രവര്‍ത്തനമാരംഭിച്ചു. മോണിറ്ററിംഗ് സെല്‍ നമ്പര്‍ 0471-2518584

സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം 3922, പാലക്കാട് 2683, മലപ്പുറം 2517, ആലപ്പുഴ 2506, കണ്ണൂര്‍ 2333, ഇടുക്കി 2203, പത്തനംതിട്ട 2039, വയനാട് 1368, കാസര്‍ഗോഡ് 866 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിലെ മാണ്ഡ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇനി നാല് കുട്ടികളെ കൂടി കണ്ടെത്താനുണ്ട്.

ബുധനാഴ്ച്ച വൈകിട്ടാണ് വെളളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. അടുക്കള വഴി പുറത്തേക്ക് ഏണിവച്ച് കയറി ഇവര്‍ രക്ഷപ്പെട്ടെന്നാണ് സൂചന. കോഴിക്കോട് ജില്ലക്കാരായ ആറ് പെണ്‍കുട്ടികളും 15 നും 18നും ഇടയില്‍ പ്രായമുളളവരാണ്. വിവിധ കേസുകളുടെ ഭാഗമായി താല്‍ക്കാലികമായി ഇവിടെ പാര്‍പ്പിക്കപ്പെട്ടവരാണ് എല്ലാവരും.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കാണാതായവരില്‍ ആദ്യത്തെ കുട്ടിയെ ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കണ്ടെത്തിയത്. ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ ബെഗളൂരുവില്‍ എത്തിയത് എന്ന് പൊലീസ് പറയുന്നു. മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു.

സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ ഇന്നലെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ബാക്കി അഞ്ച് പേര്‍ ഓടിരക്ഷപെട്ടു. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്ക് ബംഗളൂരുവില്‍ എത്താന്‍ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. ബാക്കി നാലുപേരും അധിക ദൂരത്തേക്ക് പോയിട്ടുണ്ടാകില്ല. അവരെയും ഉടനെ കണ്ടെത്താനാകും എന്നാണ് പൊലീസിന്റെ പ്രതീക്ഷ.

അട്ടപ്പാടിയില്‍ മധു കൊലപാതക കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വിമര്‍ശനം നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ്. സംസ്ഥാനത്തെ കോവിഡ് സാഹചര്യത്തിലാണ് പല സമയത്തും എത്താന്‍ കഴിയാത്തതെന്നും പകരം അഭിഭാഷകനെ ചുമതലപ്പെടുത്തിയിരുന്നെന്നും വി ടി രഘുനാഥ് പറഞ്ഞു.

‘2019 അവസാന കാലത്താണ് മധു കേസില്‍ എന്നെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുന്നത്. രണ്ടുതവണ ഞാന്‍ കേസില്‍ വിചാരണ വേളയില്‍ ഹാജരായി. പിന്നെ രണ്ടോ മൂന്നോ തവണ എനിക്ക് വേണ്ടി ശ്രീജിത്ത് എന്ന പാലക്കാട് നിന്നുള്ളയാളാണ് ഹാജരായത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി എത്തിപ്പെടാന്‍ സാധിക്കാതിരുന്നതിനാലാണ് എന്റെ തന്നെ നിര്‍ദേശ പ്രകാരം അദ്ദേഹം എത്തിയത്’ വി ടി രഘുനാഥ് പറഞ്ഞു.

താനുള്ളത് കൊണ്ട് മാത്രം നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും കേസില്‍ പ്രതികള്‍ക്ക് നല്‍കേണ്ട ഡിജിറ്റല്‍ തെളിവുകളുടെ കോപ്പി പൊലീസ് നല്‍കാന്‍ കാലതാമസം നേരിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018 ഫെബ്രുവരി 22 നാണ് കേരളത്തെ നടുക്കിയ മധുവിന്റെ കൊലപാതകം നടന്നത്. മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ഒരു സംഘം ആളുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ട് പോവുന്ന വഴി യുവാവ് മരണപ്പെട്ടു. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ പ്രതികള്‍ എല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.

കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്.

ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്‌സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമവം.

മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളെയാണ് സി കാറ്റഗറിയില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

തിരുവനന്തപുരം ജില്ലയെ നേരത്തെ തന്നെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അത് തുടരും. സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ സി കാറ്റഗറിയില്‍ അനുവദിക്കില്ല.

മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. തുടങ്ങിയവയാണ് സി കാറ്റഗറിയിലെ നിയന്ത്രണങ്ങള്‍.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ജില്ലകളെ മൂന്ന് കാറ്റഗറിയായി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയ്ക്ക് നേരെ രാത്രിയിൽ അതിക്രമം. രാത്രി ഒൻപത് മണിയോടെ ആറ്റിങ്ങൽ ബസ്റ്റാൻഡിലാണ് സംഭവം നടന്നത്. ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇതോടെ യുവതി ബഹളം വയ്ക്കുകയും നാട്ടുകാർ ഓടികൂടുകയും ചെയ്തു. നാട്ടുകാർ അക്രമിയെ പിടികൂടിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. പോലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.

മലയാളി നഴ്‌സ് സൗദിയില്‍ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശിയായ യുവതി റിയാദില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുറ്റിക്കാട് പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്‌കുമാര്‍ ആണ് റിയാദിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ മരിച്ചത്. 32 വയസായിരുന്നു. റിയാദിലെ അല്‍ ജാഫല്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ നാല് വര്‍ഷമായി നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു.

ഭര്‍ത്താവ് വിജേഷ് കുമാര്‍ റിയാദില്‍ ഒപ്പമുണ്ട്. ഏകമകള്‍ അലംകൃത (4) നാട്ടിലാണ്. പിതാവ് – ബാബുരാജന്‍, മാതാവ് – ലത, സഹോദരി – അനശ്വര. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ഭര്‍ത്താവ് അറിയിച്ചു.

ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റര്‍ അബ്ദുറസ്സാഖ് വയല്‍ക്കര, സര്‍വ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി , അഷ്റഫ് അഹ്‌സനി എന്നിവര്‍ രംഗത്തുണ്ട്.

RECENT POSTS
Copyright © . All rights reserved