Kerala

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടിരിക്കുകയാണ് ബിജെപി. ഈ അവസരത്തില്‍ ഓണത്തെ മുന്‍നിര്‍ത്തി കേരളത്തില്‍ പുതിയ ഹിന്ദുത്വ രാഷ്ട്രീയ പരീക്ഷണത്തിന് ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നിലവില്‍ മതേതരമായി നടത്തുന്ന ഓണാഘോഷങ്ങളെ പൂര്‍ണമായും ഹിന്ദുത്വ ആഘോഷമാക്കി മാറ്റുന്ന തരത്തിലുള്ള ഒരു ക്യാമ്പയിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പുതിയ നീക്കത്തിന് ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ് അനുമതി നല്‍കിയതായാണ് വിവരം. കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം.

കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് പരീക്ഷണം. ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണം വാമനജയന്തി എന്ന രൂപത്തിലേക്ക് മാറ്റി ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചാരണം സംഘടിപ്പിക്കും. വലിയ വിവാദങ്ങള്‍ സൃഷ്ടിക്കാത്ത തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയാകും ഇതിനായി പ്രചാരണം നടത്തുക. അമിത് ഷായടക്കമുള്ള ബി ജെ പി നേതാക്കള്‍ നേരത്തെ ഓണത്തിന് വാമനജയന്തി എന്ന പേരില്‍ ആശംസ നേര്‍ന്നിരുന്നു.

ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചാരണം സംഘടിപ്പിക്കും. തിരുവോണം ഹൈന്ദവ ഉത്സമാണെന്നും ആചാരങ്ങള്‍ പാലിക്കണമെന്നുമാകും ഈ പ്രചരണം ഊന്നുക. അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. തിരുവോണ ദിവസം മദ്യവും മാംസവും ഒഴിവാക്കാനും പ്രചാരണം നടത്തും. ചിങ്ങം ഒന്നിന് കര്‍ഷക സംഗമവും നടത്തും.

ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി റോഡില്‍ നിര്‍ത്തിയിട്ട മറ്റൊരുകാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാര്‍ വഴിയിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ച് അപകടവുമുണ്ടായി. ചോറ്റാനിക്കരയില്‍ വ്യാഴാഴ്ച രാത്രിയാണ് നാടകീയ സംഭവം നടന്നത്.

ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശിയായ ആഷ്ലി ബാറിന് സമീപം നിര്‍ത്തിയിരുന്ന കാറോടിച്ചു പോവുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരു വ്യക്തിയുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്.

ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കണ്ട കാര്‍ തന്റേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഇയാള്‍ കാറില്‍ കയറിയത്. കാറിന്റെ താക്കോലും അതില്‍ തന്നെയുണ്ടായിരുന്നതിനാല്‍ മദ്യലഹരിയിലായിരുന്ന ആഷ്ലി മറ്റൊന്നും നോക്കിയതുമില്ല.

അപരിചിതനായ ഒരാള്‍ കാര്‍ മുന്നോട്ടെടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താനായി ബഹളം വെച്ചതോടെ ആഷ്ലി പരിഭ്രമിച്ചു. കൂടാതെ വണ്ടി പലയിടങ്ങളിലും തട്ടുകയും ചെയ്തു. വണ്ടിയിലുണ്ടായിരുന്ന വീട്ടമ്മ കാറിന്റെ സ്റ്റീയറിങ്ങില്‍ കയറി പിടിക്കുകയും വണ്ടി ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെയെത്തിയ ചോറ്റാനിക്കര പോലീസ് ആഷ്ലിയെ കസ്റ്റഡിയിലെടുത്തു.

തന്റെ കാറാണെന്നും കാറിലിരുന്നവര്‍ തന്റെ കുടുംബമാണെന്നും തെറ്റിധരിച്ചാണ് താന്‍ കാറെടുത്ത് പോയതെന്നാണ് ആഷ്ലി പറയുന്നത്. കാറിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്ലി ബാറിലെത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

പറവൂരില്‍ ആറാം ക്ലാസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ആശാ വര്‍ക്കറായ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുകര പഞ്ചായത്തില ആശാവര്‍ക്കര്‍ ആയ ഇവര്‍ കുട്ടിയെക്കൊണ്ട് വിസര്‍ജ്യം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് പരാതി. ഭയം കാരണം സംഭവം പുറത്ത് പറയാതിരുന്ന കുട്ടി പിന്നീട് തന്റെ അധ്യാപകരോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ചിറ്റാട്ടുകര പഞ്ചായത്തിലെ ആശ വര്‍ക്കര്‍ രമ്യയെ പൊലീസ് രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തു.

രമ്യ മാനസികമായും ശാരീരികമായും കുട്ടിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് വിവരം. വിസര്‍ജ്യം കഴിപ്പിക്കുക, വെള്ളമാണെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, മുറിയില്‍ പൂട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിക്കുക തുടങ്ങി നിരവധി ക്രൂര കൃത്യങ്ങളാണ് കുട്ടിക്കെതിരെ രമ്യ നടത്തിയത്.

പീഡന വിവരം ആദ്യം അറിയുന്നത് സ്‌കൂള്‍ അധികൃതരാണ്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് രമ്യയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ കാക്കനാട് ജയിലില്‍ റിമാന്‍ഡിലാണ് ഇവര്‍. നിരന്തരം മദ്യപാനിയായ അച്ഛന് രമ്യയുമായുള്ള അടുപ്പം കാരണം കുട്ടികളുടെ അമ്മ ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. സംഭവത്തിന് ശേഷം കുട്ടികളെ രണ്ട് പേരെയും ബന്ധുവീട്ടിലേക്ക് മാറ്റി.

കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ മോഷണം കേസില്‍ പ്രതി പിടിയില്‍. വികാരിയുടെ മകന്‍ ഷൈനോ നൈനാനെയാണ്(35) പോലീസ് പിടികൂടിയത്. പാമ്പാടി പോലീസാണ് ഷൈനിനെ അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് പാമ്പാടി പോലീസ് വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തി. തുടര്‍ന്ന് സ്വര്‍ണം ഒളിപ്പിച്ചുവെച്ച കടയില്‍ എത്തി തെളിവെടുപ്പ് നടത്തി. പ്രതി കുറ്റം സമ്മതിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്‍ വ്യക്തമാക്കി.

പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഷൈനോ കുറ്റം സമ്മതിച്ചത്. 50 പവന്‍ സ്വര്‍ണ്ണമാണ് ഷൈനോ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത്. കടം വീട്ടാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ഷൈനോ സമ്മതിച്ചു.

അതിവിദഗ്ധമായ രീതിയിലാണ് ഷൈനോ മോഷണം നടത്തിയത്. മോഷണം നടക്കുന്ന സമയത്ത് മൊബൈല്‍ ഒരു മണിക്കൂറോളം ഷൈന്‍ ഫ്ളൈറ്റ് മോഡില്‍ ഇട്ടിരുന്നു. ഇതിനൊപ്പം മുളക് പൊടി വിതറി വീട് അലങ്കോലമാക്കുകയും അലമാര തുറന്നിടുകയും അടുക്കള വാതില്‍ പൊളിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു ഷൈന്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുടുംബാംഗങ്ങള്‍ക്ക് തന്നെ മോഷണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ബാക്കിയുള്ള സ്വര്‍ണം ഉള്‍പ്പെടെ പ്രതിയില്‍ നിന്നും കണ്ടെടുത്തു.

അന്വേഷണവുമായി പോലീസ് മുന്നോട്ടു പോയപ്പോള്‍ പിടിയിലാകും എന്ന് ഉറപ്പിച്ച പ്രതി ഇതോടെ വൈദികനായ പിതാവ് ജേക്കബ് നൈനാനോട് കുറ്റസമ്മതം നടത്തി. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.

പാലക്കാട് ചിറ്റില്ലഞ്ചേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകയുടെ കൊലപാതകത്തിൽ പ്രതി സുജീഷിന്റെ മൊഴി പുറത്ത്. സൂര്യപ്രിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി സുജീഷ് പൊലീസിൽ കീഴടങ്ങിയിരുന്നു. ‘ ഞാൻ എന്റെ പെണ്ണിനെ കൊന്നു’ എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത ആലത്തൂർ പൊലീസ് കോന്നല്ലൂരിലേക്ക് എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

ആലത്തൂർ കോ ഓപ്പറേറ്റീവ് കോളേജിൽ പഠിക്കുന്ന കാലം മുതൽ ആറുവർഷമായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് സുജീഷ് പൊലീസിന് മൊഴി നൽകിയിരുന്നു. മറ്റൊരാളുമായി പ്രണയമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് സൂര്യപ്രിയ നിഷേധിച്ചെങ്കിലും സുജീഷ് വിശ്വസിച്ചിരുന്നില്ല. ഇതേ തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് സുജീഷ് പൊലീസ് സ്റ്റേഷനിലെത്തിയത്.

തമിഴനാട്ടിലെ കരൂരിൽ ഈന്തപ്പഴ കമ്പനിയിൽ സെയിൽസ്മാനാണ് സൂജീഷ്.അമ്മ ഗീത, മുത്തച്ഛൻ മണി, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായ ഗീതയുടെ സഹോദരൻ എന്നിവർക്കൊപ്പമാണ് സൂര്യ പ്രിയ താമസിച്ചിരുന്നത്. വീട്ടിൽ ആരും ഇല്ലാത്ത നേരത്തായിരുന്നു കൊലപാതകം. അമ്മ ഗീത തൊഴിലുറപ്പ് ജോലിക്കും രാധാകൃഷ്ണൻ ആലത്തൂർ സഹകരണ ബാങ്കിൽ ജോലിക്കും പോയിരുന്നു. മുത്തച്ഛൻ ചായകുടിക്കാനായി പുറത്തുപോയ സമയത്താണ് പ്രതി വീട്ടിലെത്തിയത്. കൊല്ലപ്പെട്ട സൂര്യപ്രിയ മേലാർകോട് പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അംഗവും ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമാണ്

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഇന്നാണ് തീയ്യേറ്ററിലെത്തിയത്. റിലീസ് ദിനത്തിൽ പുറത്തിറക്കിയ പോസ്റ്റർ ഇപ്പോൾ ചിത്രത്തെ വിവാദത്തിലേയ്ക്ക് വലിച്ചിട്ടിരിക്കുകയാണ്.

‘തിയേറ്റുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കന്ന വാചകം. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. ചാനൽ ചർച്ചകളിൽ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പ്രതികരണം രേഖപ്പെുത്തിയത്. അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് കൊണ്ടുള്ള കുറിപ്പാണ് നടൻ പങ്കുവച്ചിരിക്കുന്നത്. ‘വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് ‘എന്ന് തിരുത്തി വായിക്കേണ്ടതാണെന്നും ജോയ് മാത്യു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

വഴിയിൽ കുഴിയുണ്ട്
മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് –
ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആൾരൂപങ്ങൾക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കിൽ
‘ന്നാ താൻ കേസ് കൊട് ‘

മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ്, സാന്റോ എന്നിവരാണ് മുങ്ങി മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. അക്ഷയും സാന്റോയും ഉൾപ്പെടെ മൂന്നുപേർ രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടത്തിന് അടുത്തേക്ക് വരികയായിരുന്നു.

തുടർന്ന് അക്ഷയും സാന്റോയും വെള്ളത്തിലിറങ്ങി. മൂന്നാമത്തെയാൾ ഫോട്ടോ എടുക്കുന്നതിനും മറ്റുമായി വെള്ളച്ചാട്ടത്തിന് പുറത്ത് നിന്നു. പാറയിടുക്കിനിടയിൽ മുങ്ങിത്താഴ്ന്നാണ് അക്ഷയും സാന്റോയും മരിച്ചതെന്നാണ് വിവരം. നാട്ടുകാരും ഫയർഫോഴ്സുമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

പുറത്തെടുത്തപ്പോഴേക്കും ഇരുവർക്കും ജീവൻ നഷ്ടമായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഒരുകാലത്ത് ഇവിടെ അപകടങ്ങൾ തുടർക്കഥയായിരുന്നു. ശേഷം, സുരക്ഷ ശക്തമാക്കിയതോടെ അപകടങ്ങളും കുറഞ്ഞിരുന്നു.

സിനിമാരംഗത്ത് നിന്ന് തനിക്ക് നേരിടേണ്ടി വന്ന ചതിയുടെ കഥ പറഞ്ഞ് നടന്‍ ബാല. അത് ജീവിതത്തില്‍ തന്നെ അടിമുടി തകര്‍ത്ത് കളഞ്ഞ സംഭവമാണെന്നും എന്നാല്‍ അതില്‍ ഉള്‍പ്പെട്ട വ്യക്തി മലയാള സിനിമയിലെ തന്നെ പ്രമുഖനായ ഒരാളാണെന്നും ബാല പറയുന്നു.

‘ജീവിതത്തില്‍ എന്നെ തകര്‍ത്ത് കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ആരാണ് അതില്‍ ഉള്‍പ്പെട്ട വ്യക്തിയെന്ന് പറയാന്‍ ഞാന്‍ ആഗ്രിഹക്കുന്നില്ല.’ ‘ഒരു പടത്തിന് വേണ്ടി ഒരാള്‍ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുത്തു. അയാളെ എന്നെ പിന്നീട് വലിയ രീതിയില്‍ ചതിച്ചു. അഡ്വാന്‍സ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്’ അദ്ദേഹം പറഞ്ഞു.

അതേസമയം, മോഹന്‍ലാലും മമ്മൂട്ടിയും തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചവരാണെന്നും ബാല കൂട്ടിച്ചേര്‍ത്തു. ആരാധന കൊണ്ട് മാത്രം പുകഴ്ത്തി പറയുന്നില്ല. മോഹന്‍ലാല്‍ സാറിന് റിഹേഴ്‌സലിന്റെ ആവശ്യമില്ല. പക്ഷെ അദ്ദേഹം തന്റെ കൂടെ അഭിനയിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകാന്‍ വേണ്ടി റിഹേഴ്‌സല്‍ ചെയ്യാറുണ്ട്. മമ്മൂക്കയുടെ കൈയ്യില്‍ നിന്ന് ഡിസിപ്ലിന്‍ എന്ന കാര്യമാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. സങ്കടം വിധിയാണ്.”ഹാപ്പിനസ് നമ്മള്‍ കണ്ടെത്തണം. അത് നമ്മുടെ കടമയാണ്. എന്നോടൊപ്പം ഇരിക്കുന്നവര്‍ എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടത് ചെയ്യാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് ഇപ്പോള്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി പ്രണയത്തിലാണ്. അടുത്തിടെയാണ് ഇരുവരും പ്രണയം പരസ്യപ്പെടുത്തിയത്. അമൃത ഗോപി സുന്ദറുമായുള്ള പ്രണയം പരസ്യപ്പെടുത്തിയ ശേഷം ബാല പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി ചെന്നൈയില്‍ പിടിയില്‍. ആദം ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടാണ് ഇയാള്‍ തമ്പാനൂരില്‍ നിന്നും ട്രെയിനില്‍ ചെന്നൈയിലേക്ക് രക്ഷപ്പെട്ടത്.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമ (68)യെ അടുത്ത വീട്ടിലെ കിണറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മനോരമയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിട്ടിയത്. മനോരമയുടെ ഭര്‍ത്താവ് ദിനരാജ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

ഭര്‍ത്താവ് മകളെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ മനോരമയെ കാണാതിരുന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. വീട്ടില്‍ നിന്ന് നിലവിളി കേട്ടതായി അയല്‍വാസികള്‍ ദിനരാജിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പോലീസ് നായ മണം പിടിച്ച് അയല്‍പക്കത്തെ വീട്ടിലെ കിണറിന് സമീപം വന്നു നിന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ എത്തിച്ചു നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു ആദ്യ നിഗമനം. 60,000 രൂപ വീട്ടില്‍ നിന്ന് കാണാതായെന്ന് കരുതിയിരുന്നു. എന്നാല്‍ വിശദ പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ആറ് മാസം മുമ്പാണ് ആദം അലി ഉള്‍പ്പടെയുള്ള അതിഥി തൊഴിലാളികള്‍ മനോരമയുടെ വീടിന് സമീപം ജോലിക്കെത്തിയത്. കൊലപാതക ശേഷം ആദം അലി സുഹൃത്തുക്കളെ വിളിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുതിയ സിം എടുക്കാനാണ് ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചത്.

കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകള്‍ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റില്‍ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.

ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് പിഞ്ചുമക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവായി അന്വേഷണസംഘത്തിന് വീഡിയോ. മരിച്ച നജ്‌ലയുടെ ഭര്‍ത്താവും പോലീസുകാരനുമായ റെനീസിന്റെ കാമുകി മൂന്ന് മരണങ്ങള്‍ആ വീട്ടില്‍നടക്കും മുന്‍പ് ക്വാര്‍ട്ടേഴ്‌സിലെത്തി നജ്‌ലയുമായി വഴക്കിടുന്ന വീഡിയോയാണ് ലഭിച്ചിരിക്കുന്നത്.

റെനീസിന്റെയും ബന്ധുവും കാമുകിയുമായ ഷഹാനയുടെയും നിരന്തര പീഡനങ്ങളെ തുടര്‍ന്നാണ് നജ്‌ല മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന കണ്ടെത്തല്‍ ശരിവെക്കുന്നതാണ് തെളിവുകള്‍.

റെനീസ് ഡ്യൂട്ടിക്കായി പോയ സമയത്തായിരുന്നു രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്‌ല ആലപ്പുഴ എആര്‍ ക്യാമ്പ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മെയ് 9നായിരുന്നു സംഭവം. ഭര്‍ത്താവും പോലീസുകാരനുമായ റെനീസിന്റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കേസിന്റെ അന്വേഷണ വേളയിലാണ് നജ്‌ലയെ നിരീക്ഷിക്കാനായി ങ്ങന റെനീസ് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഈ ക്യാമറയില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണായക ദൃശ്യങ്ങളാണ്.

Copyright © . All rights reserved