മുക്കം ബീച്ചിനടുത്ത് തീരദേശറോഡിൽ വെച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹത. സിറ്റി പോലീസ് കമ്മീഷണർ സംഭവസ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. മൂന്നുപേർ മരിച്ച ബൈക്കപകടത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചതോടെയാണ് പോലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചത്.
പോലീസിന്റെ ശാസ്ത്രീയ പരിശോധനവിഭാഗവും സ്ഥലത്തെത്തി തെളിവുകളെടുത്തിട്ടുണ്ട്. സംഭവസ്ഥലം പോലീസ് കയർകെട്ടിത്തിരിച്ച് ബന്തവസ്സിലാക്കി. കൂടുതൽ പോലീസുകാരെത്തി വിവരങ്ങൾ ശേഖരിച്ചു.
കടൽകയറ്റം തടയുന്നതിന് കടലോരത്ത് റോഡിനോടുചേർന്ന് നിരത്തിയ കൂറ്റൻ ടെട്രാപോഡിലേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ബൈക്കും മൃതദേഹങ്ങളും. എന്നാൽ കോൺക്രീറ്റ് നിർമിത ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയ നാശങ്ങളൊന്നും ബൈക്കിന്റെ മുൻഭാഗത്തോ വശത്തോ ഇല്ലായിരുന്നു എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
പിൻഭാഗത്തുമാത്രമാണ് ബൈക്കിന് നാശമുണ്ടായിട്ടുള്ളത്. അതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളും നാട്ടുകാരും അപകടത്തിൽ ദുരൂഹത ആരോപിക്കുന്നത്. ടെട്രാപോഡിലേക്ക് നിയന്ത്രണംവിട്ട ബൈക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.
മരിച്ച മൂന്നുപേരിൽ അമീന്റെ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് വണ്ടി ഓടിച്ചിരുന്നയാൾ ധരിച്ചിരുന്നതെന്നു കരുതുന്ന ഹെൽമെറ്റ് അപകടസ്ഥലത്ത് കിടപ്പുണ്ടായിരുന്നു.
കുട്ടനാടിന്റെ തലമുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അംഗവുമായ ബോസ് ചെറുകര അന്തരിച്ചു.സംസ്‍കാരം ഇന്ന് (ഓഗസ്റ്റ് 21) ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെറുകരയിലെ വീട്ടുവളപ്പിൽ. പതിനെട്ടാം വയസ്സിൽ രാഷ്ട്രീയപ്രവർത്തനത്തിൽ ഇറങ്ങിയ അദ്ദേഹം അന്ന് കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വയലാർ രവിയുടെ മാതാവ് ദേവകി കൃഷ്ണയ്ക്കൊപ്പം ഡിസിസി അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കുട്ടനാടിന്റെ ചുമതലയുള്ള കോൺഗ്രസ്സ് നേതാവും അസംഘടിത തൊഴിലാളി ദേശിയ കോഡിനേറ്ററും സുപ്രീകോടതി അഭിഭാഷകനുമായ അനിൽ ബോസ് മകനാണ്. മറ്റുമക്കൾ അനീഷ് ബോസ്. അജിത് ബോസ്. സ്വതന്ത്ര സമര സേനാനി പട്ടം നാരായണന്റെ മകനാണ് അന്തരിച്ച ബോസ് ചെറുകര.
ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ യോഗ്യതാ മത്സരം കളിക്കുന്ന യുഎഇ ടീമിനെ മലയാളി താരം സി.പി.റിസ്‍വാൻ നയിക്കും. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ അലിഷാൻ ഷറഫുവും ടീമിലുണ്ട്. ഒമാനിൽ നാളെ ആരംഭിക്കുന്ന യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള 17 അംഗ ടീമിനെയാണ് യുഎഇ പ്രഖ്യാപിച്ചത്.
തലശ്ശേരി സ്വദേശിയായ റിസ്‌വാൻ 2019ൽ മുതൽ യുഎഇ ദേശീയ ടീമംഗമാണ്. 2014ൽ ജോലിക്കായി യുഎഇയിലെത്തിയ റിസ്‌വാൻ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിൽ ഇടം നേടിയത്. കഴിഞ്ഞവർഷം അയർലൻഡിനെതിരായ മത്സരത്തിൽ സെഞ്ചറി നേടിയ റിസ്‌വാൻ (109) യുഎഇയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ഭാവന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ച വിശേഷങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തൻ്റെ ഇഷ്ടങ്ങളെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെയാണ് ഭാവന വാചാലയായത്. നവീന് മലയാളം കുറച്ചോക്കെയെ അറിയൂ. തനിക്ക് കന്നഡ അത്ര ഈസിയായല്ലന്നും വീട്ടിൽ കന്നഡ പറയേണ്ടി വരാറില്ലന്നും ഭാവന പറഞ്ഞു.
നവീൻ്റെ വീട്ടുകാർ കൂടുതലും തെലുങ്കാണ് പറയാറുള്ളത് തെലുങ്കും തട്ടീം മുട്ടീം ഒക്കെയാണ് താൻ പറയാറുള്ളതെന്നും ഭാവന പറയുന്നു. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ പഠിച്ചേ പറ്റുള്ളു. അങ്ങനെ നോക്കിയാൽ ഒരുവിധം അഞ്ച് ഭാഷകൾ തനിക്കറിയാം. തെലുങ്ക്, തമിഴ്, കന്നഡ, ഇംഗ്ലീഷ്, മലയാളം ഭാഷകൾ അറിയാം. ഹിന്ദി തനിക്ക് അറിയില്ലെന്നും ഭാവന പറയുന്നുണ്ട്. ഹിന്ദി കേട്ടാൽ മനസിലാകും പക്ഷേ തിരിച്ച് മറുപടി പറയാറില്ലെന്നും ഭാവന പറയുന്നു.
തെലുങ്കും കന്നഡയുമൊക്കെ അത്ര ഫ്ലുവൻ്റല്ല, ഇപ്പോഴും അത് തനിക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നുണ്ട്. വഴക്കുകളുണ്ടാക്കുമ്പോൾ രണ്ട് പേരുടെയും ഭാഷ ഇപ്പോൾ അത്ര ബുദ്ധിമുട്ടാവുന്നില്ല, കുറച്ച് കുറച്ച് മനസിലാകുന്നുണ്ട് കേട്ടോ എന്ന് നവീൻ ഇപ്പോൾ പറയാറുണ്ട്. എന്നാലും ഇപ്പോഴും നവീന് മലയാളം ബുദ്ധിമുട്ടാണെന്നും ഭാവന പറയുന്നു. തെലുങ്ക് ഭാഷ സംസാരിക്കുമ്പോൾ ചില വാക്കുകളാണ് ചെറിയ ചില തമാശകളായി മാറാറുള്ളതെന്നും ലൊക്കേഷനിൽ കൂടെയുള്ളവർ അത് കേട്ട് ചിരിക്കുമെന്നും അവർ പറയുന്നു.
തുടക്ക കാലത്തായിരുന്നു ആ കൺഫ്യൂഷൻ ഉണ്ടായതും അബദ്ധം പറ്റിയതുമൊക്കെ. ഇപ്പോൾ അതൊക്കെ തിരിച്ചറിയാനാകുന്നുണ്ടെന്നും ഭാവന പറഞ്ഞു. തൻ്റെ അമ്മയ്ക്ക് തെലുങ്കോ കന്നഡയോ അറിയില്ല. അമ്മയും മരുമകനും തമ്മിലുള്ള സംഭാഷണങ്ങൾ വൻ കോമഡിയാണ്. നവീൻ തമിഴിലും അമ്മ മലയാളത്തിലുമാണ് സംസാരിക്കുക. അവർ കാര്യങ്ങൾ കറക്ടായി കമ്യൂണിക്കേറ്റ് ചെയ്യുകയും ചെയ്യും.
അതെങ്ങനെയാണ് എന്ന് തനിക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും ഭാവന പറയുന്നു. മരുമകനെ കുറിച്ച് അമ്മ എൻ്റെയടുത്ത് പറയാറുള്ളത് അത് മകനെന്നും താൻ മരുമകളാണ് എന്നുമാണ്. ഓടിടി പ്ലാറ്റ്ഫോമുകളിൽ സിനിമകൾ കാണാറുണ്ട് ഹൊറർ സിനിമ അധികം കാണാറില്ല. തനിക്ക് പേടി പണ്ട് തൊട്ടെയുണ്ട്, പ്രേതത്തിൽ വിശ്വാസമുണ്ടായിട്ടല്ല, ഉള്ളിലുള്ള പേടിയാണ് എന്നും ഭാവന പറഞ്ഞു. അവസാനമായി കണ്ട സിനിമ ഭൂതകാലമാണ് എന്നും അത് വീട്ടിൽ എല്ലാവരുമായി ഇരുന്നാണ് കണ്ടതെന്നും ഭാവന പറഞ്ഞു.
.
ചങ്ങലയില്‍ പൂട്ടിയിട്ട് കത്തിക്കരിഞ്ഞ നിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിന്നക്കനാലില്‍ 301 കോളനയിലെ തരുണ്‍(21) ആണ് മരിച്ചത്.
ചങ്ങല ഉപയോഗിച്ച് ജനല്‍ കമ്പിയുമായി ചേര്‍ത്ത് കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഇന്ന് വൈകീട്ട് തരുണിന്റെ വീടിന്റെ പുറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായ് ഒരു വടിയും കണ്ടെത്തിയിരുന്നു. ഇന്ധനം കൊണ്ടുവന്നതെന്ന് കരുതുന്ന ഒരു കുപ്പിയും ലൈറ്ററും സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ശാന്തന്‍പാറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ശനിയാഴ്ച ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യും. സംഭവത്തില്‍ അസ്വാഭാവികത ഉള്ളതായതും ദുരൂഹത ഉണര്‍ത്തുന്നതായും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ തരുണ്‍ മേഖലയിലൂടെ അമിതവേഗതയില്‍ സ്‌കൂട്ടര്‍ ഓടിച്ച് പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിനുശേഷം യുവാവിനെ കണ്ടിട്ടില്ലെന്നും പറയപ്പെടുന്നു.
ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ പൂഞ്ഞാർ പനിച്ചികപ്പാറയിൽ വിവിധ പ്രദേശങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ ഭാഗമായി ശോഭായാത്രകൾ നടന്നു. പൂഞ്ഞാർ പഞ്ചായത്തിൽ തണ്ണിപ്പാറ, പുളിക്കൽപാലം,മണിയംകുന്ന്, പെരുനിലം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ പടിക്കമുറ്റം അയ്യപ്പന്റെ അമ്പലത്തിൽ ക്ഷേത്രസന്നിധിയിലെത്തി.
ഉണ്ണിക്കണ്ണന്റെയും ഗോപികാമാരുടെയും വേഷമണിഞ്ഞ് ശോഭയാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ ക്ഷേത്രം മഠാധിപതിയിൽ നിന്ന് അനുഗ്രഹം ഏറ്റുവാങ്ങി അവിടെ നിന്നും സംഗമിച്ചു മഹാശോഭായാത്രയായി പനിച്ചികപ്പാറ കവലയിലൂടെ വലംവച്ചു മങ്കൊമ്പു കാവ് ക്ഷേത്ര സന്നിധിയിൽ എത്തി ഉറിയടിയും കുട്ടികളുടെ കലാപരിപാടികൾക്കും ശേഷം കൊട്ടാരം ശ്രീകൃഷ്ണ സാമി ക്ഷേത്രത്തിൽ സമാപിച്ചു.
പനിച്ചിപ്പാറ നടന്ന ശോഭായാത്ര….
പാർട്ടി അതീതമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭയാത്രയെന്ന് വ്യക്തമാക്കി നടി അനുശ്രീ. ശോഭയാത്രയിൽ രാഷ്ട്രീയം കാണരുതെന്നും താരം കൂട്ടിച്ചേർത്തു. കുട്ടിക്കാലം മുതലേ അമ്പലത്തിലെ എന്തുപരിപാടിക്കും ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് താനെന്നും വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയിൽ വേഷം അണിയാതിരുന്നതെന്നും അനുശ്രീ വ്യക്തമാക്കി. നടി ബിജെപി അനുഭാവിയാണെന്ന പ്രചരണം ശക്തമായതോടെയാണ് അനുശ്രീ തുറന്ന് പറഞ്ഞ് രംഗത്ത് വന്നത്.
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കമുകുംചേരിയിലെ ശോഭായാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ശ്രീകൃഷ്ണന്റെ വേഷത്തിയ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രങ്ങൾ ആരാധകരുടെ അഭിനന്ദനങ്ങൾ നേടിയെടുത്തു.
അനുശ്രീയുടെ വാക്കുകൾ;
”കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാൻ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാൻ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവൻ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം.
വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാൻ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കിൽ കാവി അണിഞ്ഞ് വരില്ലല്ലോ? ഇതൊന്നും പാർട്ടി അതീതമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തിൽ എന്ത് പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് ഞാൻ. ഒരിക്കലും അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഓർമവച്ച കാലം മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പത്തിൽ നമ്മളൊക്കെ രാഷ്ട്രീയം അറിഞ്ഞിട്ടാണോ ഇതുപോലെ വേഷമിട്ടത്”
സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും പേ വിഷബാധ മരണം. ഒരാഴ്ചക്കിടെ മൂന്നുപേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. തെരുവുനായ് വന്ധ്യംകരണവും പേ വിഷനിർമാർജനവും ഊർജിതമെന്ന് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ അവകാശപ്പെടുന്നതിനിടെ ഉണ്ടായ മരണങ്ങൾ ഞെട്ടിക്കുന്നത്.
കഴിഞ്ഞ ഏഴര മാസത്തിനിടെ 17 ജീവനാണ് തെരുവുനായ്ക്കൾ കാരണം നഷ്ടപ്പെട്ടത്. ഇത് ഏതാണ്ട് സംസ്ഥാനത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഡെങ്കിപ്പനി മരണങ്ങളുടെ കണക്കിനൊപ്പം വരും .പേവിഷബാധയേറ്റ് 2021ൽ ആകെ മരണം 11 ആയിരുന്നു. 2020ൽ അഞ്ചും. സാധാരണ വർഷത്തിൽ ശരാശരി രണ്ട് ഡസനോളം പേവിഷമരണങ്ങളാണ് റിപ്പോർട്ട് ചെയ്യാറ്. അതിപ്പോൾ ഏഴരമാസം പിന്നിടുമ്പോൾ ഒന്നര ഡസനോളമെത്തി.
പേവിഷ ബാധയേറ്റ് മരിച്ചവരിൽ വാക്‌സിൻ സ്വീകരിച്ചവരും ഉൾപ്പെടുന്നു. പാലക്കാട്, മങ്കരയിൽ ബിരുദ വിദ്യാർഥിനി വാക്‌സിനെടുത്തിട്ടും മരിച്ച സംഭവം ഏറെ വിവാദമായിരുന്നു. അതിനു ശേഷം ഊർജിതമായ നടപടികളിലേക്കാണ് ആരോഗ്യ- മൃഗസംരക്ഷണ വകുപ്പുകൾ കടന്നത്. വാക്‌സിനുകളുടെ ഗുണമേന്മ പരിശോധനയടക്കം പ്രഖ്യാപിച്ചു.
വാക്‌സിൻ നൽകുന്ന നഴ്‌സുമാർക്ക് കൂടുതൽ പരിശീലനവും വാക്‌സിൻ സൂക്ഷിക്കുന്ന കോൾഡ് സ്റ്റോറേജ് സംവിധാനം കാര്യക്ഷമമാക്കാൻ നടപടികളും പ്രഖ്യാപിച്ചു. എന്നിട്ടും കാര്യമായ നേട്ടം ഉണ്ടാകുന്നില്ലെന്നാണ് തുടർച്ചയായ പേവിഷമരണങ്ങൾ നൽകുന്ന സൂചന.
ബേക്കറിയിൽ കയറിയ കള്ളൻ കാശൊന്നും കിട്ടാത്തതിന്റെ നിരാശയിൽ കൊണ്ടുപോയത് 35,000 രൂപയുടെ പലഹാരം. 6 ചാക്കുകളിലായാണ് പലഹാരങ്ങൾ കുത്തിനിറച്ച് കൊണ്ടുപോയത്. സംഭവത്തിൽ കള്ളനെ പിടികൂടി. ജ്യോതി നഗർ കോളനി കുറ്റിക്കാട്ടിൽ 24കാരനായ അഹമ്മദ് അസ്ലമാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ 1.30നും ഇടയ്ക്കു കടയുടെ ഗ്രിൽ തകർത്താണ് ഇയാൾ അകത്തു കയറിയത്.
പണം കിട്ടാതെ വന്നപ്പോൾ നിരാശനായി, എന്നാൽ വെറുതെ പോകാൻ പ്രതിക്കും മനസ് അനുവദിച്ചില്ല. ഇതോടെ ഹൽവ, ബിസ്‌കറ്റ്, ഈത്തപ്പഴം എന്നിവയും വിലയേറിയ ചോക്ലേറ്റും തിരഞ്ഞെടുത്ത് ചാക്കിലാക്കി കടന്നുകളയുകയായിരുന്നു. പ്രതിയെ 24 മണിക്കൂറിനകം വേങ്ങരയിൽവച്ച് പോലീസ് സംഘം പിടികൂടി.
ഒട്ടേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഓട്ടോയിലാണ് പ്രതി വന്നതെന്ന് കണ്ടെത്തിയിരുന്നു. നമ്പർ വ്യക്തമല്ലെങ്കിലും അന്വേഷണ സംഘം മേഖലയിലെ ഇരുനൂറോളം ഓട്ടോകൾ പരിശോധിച്ചു. ഓട്ടോ ഡ്രൈവറായ പ്രതി മുഖം മറച്ചാണ് കടയുടെ അകത്ത് പ്രവേശിച്ചത്. മൊത്തം 35,000 രൂപ വിലവരുന്ന പലഹാരങ്ങളാണ് ഓട്ടോയിൽ കയറ്റി കൊണ്ടുപോയത്. മിക്ക പലഹാരങ്ങളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
അച്ഛനെന്ന നിലയില്‍ മകള്‍ വിസ്മയയെ പറ്റി ഏറെ അഭിമാനം തോന്നുന്നെന്ന് നടന്‍ മോഹന്‍ലാല്‍. മകള്‍ വിസ്മയയുടെ കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
‘കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്, അച്ഛനെന്ന നിലയില്‍ മകള്‍ വിസ്മയയെ പറ്റി ഏറെ അഭിമാനം തോന്നുന്നു’ – മോഹന്‍ലാല്‍ കുറിച്ചു.
ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയായ ‘നക്ഷത്രധൂളികള്‍’ പ്രകാശനം ചെയ്യുന്നു. അച്ഛനെന്ന നിലയില്‍ തനിക്ക് ഏറെ അഭിമാന നിമിഷമാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഓഗസ്റ്റ് 19നാണ് നക്ഷത്രധൂളികളുടെ പ്രകാശനം. സംവിധായകരായ സത്യന്‍ അന്തിക്കാടും, പ്രിയദര്‍ശനും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.
എന്റെ മകള്‍ വിസ്മയ എഴുതി പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികള്‍’ ഓഗസ്റ്റ് 19 ന് തൃശ്ശൂരില്‍ പ്രകാശനം ചെയ്യപ്പെടുകയാണ്.
കവയിത്രി റോസ്‌മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്ന് മാതൃഭൂമി ബുക്ക്സ്റ്റാളില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്.
യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!