നടി നിത്യാ മേനോൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരനെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമം ഇതു സബംന്ധിച്ച വാർത്ത പുറത്ത് വിട്ടത്. എന്നാൽ വരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. സിനിമയിലെത്തിയ നാൾ മുതൽ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഏറെ നാളായുള്ള പ്രണയ ബന്ധമാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം.
ഇരുവരും കോമൺ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും ഇന്ത്യ ടുഡെയുടെ റിപ്പോർട്ടിൽ പറയുന്നു. നിത്യയുടെ വിവാഹ വാർത്ത പുറത്ത് വന്നതോടെ മലയാളത്തിലെ പ്രമുഖ നടന്മാരുടെ പേരുകളെല്ലാം ഉയർത്തി ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇരുവരുടെയും വീട്ടുകാർ വിവാഹം ഉറപ്പിച്ചതായിട്ടാണ് അറിയുന്നത്. വിവാഹത്തെ കുറിച്ച് സംസാരിക്കാൻ നടി ഇതുവരെയും തയ്യാറായിട്ടില്ല.
വിജയ് സേതുപതി നായകനാകുന്ന 19(1) (എ) ആണ് താരത്തിന്റെ പുതിയ റിലീസ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനത്തിനെത്തുന്നത്. പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്ര കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വിയാണ്.
ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന ചിത്രത്തിലും നിത്യാമേനോനാണ് നായിക. മലയാളത്തിൽ കോളാമ്പിയാണ് താരം അവസാനമായി അഭിനയിച്ച ചിത്രം. പിന്നണി ഗായിക കൂടിയായ നിത്യ കന്നഡ,തെലുങ്ക്, മലയാളം,തമിഴ്,ഹിന്ദി തുടങ്ങിയ സിനിമകളിലും സജീവ സാന്നിധ്യമാണ്
ഭർത്താവിന്റെ പരസ്ത്രീ ബന്ധവും പീഡനവും കാരണം നജ്‌ല പിഞ്ചുമക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി ഭാര്യ ആത്മഹത്യ ചെയ്യുന്നത് പോലീസുകാരനായ ഭർത്താവ് റെനീസ് തത്സമയം കണ്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
ആലപ്പുഴ പോലീസ് ക്വാർട്ടേഴ്സിൽ നടന്ന കൂട്ട ആത്മഹത്യ നാടിനെ ഞെട്ടിച്ചിരുന്നു. ഈ സംഭവത്തിലെ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ. ഭാര്യയുടെയും മക്കളുടെയും മരണം റെനീസ് മൊബൈലിൽ തത്സമയം കണ്ടതായാണ് പോലീസ് നൽകുന്ന സൂചന. ഭാര്യ നജ്‌ല ആത്മഹത്യ ചെയ്ത മുറിയിൽ റെനീസ് രഹസ്യമായി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.
മേയ് ഒൻപതിനാണ് റെനീസിന്റെ ഭാര്യ നജ്ലയെ ആലപ്പുഴ ഏആർ ക്യാമ്പ് പോലീസ് ക്വർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവും പോലീസുകാരനുമായ റെനീസിന്റെ നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനവും പരസ്ത്രീ ബന്ധവുമാണ് നജ്‌ലയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
പിന്നീട് റെനീസും കാമുകിയായ ബന്ധു ഷഹാനയും പിടിയിലായിരുന്നു. തുടർന്ന് നടത്തി അന്വേഷണ വേളയിലാണ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവം റെനീസ് മൊബൈലിലൂടെ തത്സമയം കണ്ടിരിക്കാമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. മൊബൈലുമായി ബന്ധിപ്പിച്ച സിസിടിവി ആത്മഹത്യ നടന്ന മുറിയിൽ ഉണ്ടായിരുന്നു. ഭാര്യ അറിയാതെ റെനീസ് വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ കണ്ടിരിക്കാമെന്നാണ് പോലീസ് നൽകുന്ന സൂചന.
സംഭവ ദിവസം വൈകീട്ട് റെനീസിന്റെ കാമുകിയായ ഷഹാന ക്വാർട്ടേഴ്സിൽ എത്തി ഭീഷണി മുഴക്കിയിരുന്നു. റെനീസിന്റെ നിർദേശപ്രകാരമാണ് ഷഹാന എത്തിയതെന്നാണ് വിവരം. തന്നെയും ഭാര്യ എന്ന നിലയിൽ ക്വാർട്ടേഴ്സിൽ താമസിപ്പിക്കാൻ അനുവദിക്കണമെന്നും ഇവിടെ നിന്നും ഇറങ്ങിത്തരണമെന്നും അല്ലെങ്കിൽ ഇറക്കിവിടുമെന്നും ഷഹാന ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചൊല്ലി ഷഹാനയും നജ്ലയും തമ്മിൽ വഴക്കിടുകയും ചെയ്തിരുന്നു. പിന്നീട് രാത്രിയോടെയാണ് നജ്ല കുട്ടികളെ കൊലപ്പെടുത്തി ആേത്മഹത്യ ചെയ്തത്.
ഈസമയം ആലപ്പുഴ മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിൽ നൈറ്റ് ഷിഫ്റ്റിൽ ഡ്യൂട്ടിയിലായിരുന്നു റെനീസ്. പിറ്റേന്ന് രാവിലെ റെനീസ് വീട്ടിലെത്തിയപ്പോഴാണ് പുറംലോകം ആത്മഹത്യയെ കുറിച്ച് അറിഞ്ഞത്. എന്നാൽ, ക്വാർട്ടേഴ്സിൽ നടന്ന സംഭവങ്ങൾ റെനീസ് തത്സമയം മൊബൈലിലൂടെ കണ്ടിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
ദൃശ്യങ്ങൾ വീണ്ടെടുക്കാൻ തൃപ്പൂണിത്തുറയിലെ ഫോറൻസിക് ലാബിനെയാണ് പോലീസ് സമീപിച്ചിരിക്കുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഈ മാസം അവസാനത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസിന്റെ നീക്കം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവിന്റെ ശബ്ദസാമ്പിൾ ശേഖരിച്ച് അന്വേഷണസംഘം. ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണിൽ നിന്ന് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്‍റെ ഓഡിയോ മെസേജ് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് ശബ്ദസാമ്പിളെടുത്തത്.
ദിലീപ് ഡിലീറ്റ് ചെയ്ത ഈ ഓഡിയോ മെസേജ് ഫോറൻസിക് പരിശോധനയിലൂടെയാണ് വീണ്ടെടുത്തത്. തേടിയവള്ളി കാലിൽ ചുറ്റി ചേട്ടാ എന്ന് പറഞ്ഞുകൊണ്ടാണ് ഓഡിയോ ആരംഭിക്കുന്നത്. വിചാരണക്കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പിന്നീട് പറയുന്നത്. എന്നാൽ ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. സമാനപ്രശ്നങ്ങളിലുള്ള വേറെയും ചില ഓഡിയോകളും ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നില്‍ ഒരു സ്വാമിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണസംഘം തിരിച്ചറിയുകയും അയാളെ തൃശൂരില്‍ പോയി കാണുകയും ചെയ്തു. സ്വാമിയില്‍ നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്. ബിജെപി സംസ്ഥാന കമ്മിറ്റിയംഗമായ ഉല്ലാസ് ബാബു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ സ്ഥാനാർത്ഥിയായിരുന്നു.
ഒളിമ്പ്യന്‍ പിടി ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞയ്ക്ക് ഹിന്ദി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണല്ലോ എന്നായിരുന്നു പിടി ഉഷയുടെ മറുപടി. കായികമേഖലയ്ക്കായി ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പിടി ഉഷ പറഞ്ഞിരുന്നു.
വിവിധ മേഖലകളില്‍ പ്രശസ്തരായ പിടി ഉഷ ഉള്‍പ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയില്‍നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട എംപിയാണ് പിടി ഉഷ.
ചൊവ്വാഴ്ച ഉഷ പാര്‍ലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഭര്‍ത്താവ് വി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.
തനിച്ച് താമസിക്കുന്ന വയോധികയുടെ കാതുപറിച്ച് പട്ടാപ്പകല്‍ കമ്മല്‍ കവര്‍ന്നു. അമ്പലപ്പുഴ കോമന കണ്ടംചേരിയില്‍ ഗൗരി (90)യുടെ കാതാണ് അറ്റുപോയത്. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
പൂട്ടിയിട്ടിരുന്ന വാതിലുകള്‍ കുത്തിത്തുറന്ന് മുറിക്കുള്ളില്‍ എത്തിയ മോഷ്‌ടാവ് ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതില്‍ കിടന്ന കമ്മലുകള്‍ പറിച്ചെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ചെവി അറ്റുപോയി. വയോധിക ബഹളം വച്ചതിനെത്തുടര്‍ന്ന് മോഷ്‌ടാവ് തൊട്ടടുത്ത മതില്‍ ചാടി ഓടി രക്ഷപ്പെട്ടു.
അവശയായ വയോധിക രക്‌തമൊലിപ്പിച്ച് തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോഴാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് അമ്പലപ്പുഴ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി. മീപത്തെ സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
നടിയെ ആക്രമിച്ച മകസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാനസികാരോഗ്യകേന്ദ്രത്തില്‍. ജാമ്യാപേക്ഷ സുപ്രീംകോടതിയും തളളിയതോടെയാണ് പള്‍സര്‍സുനിയുടെ മാനാസീകാരോഗ്യം മോശമായി മാറിയെന്നാണ് ജയില്‍ അധികൃതര്‍ പോലീസിനെ അറിയിച്ചത്.
ഇന്നലെ വൈകിട്ടാണ് പള്‍സര്‍ സുനിയെ തൃശൂരിലെ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. എത്ര ദിവസം ഇവിടെ കഴിയേണ്ടി വരുമെന്ന് വ്യക്തമല്ല. വര്‍ഷങ്ങളിലായി ജയിലില്‍ കിടക്കുന്നത് കൊണ്ട് സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് പള്‍സര്‍ സുനി പ്രതീക്ഷിച്ചിരുന്നതായി ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തളളിയതോടെ പള്‍സര്‍ സുനിയുടെ മാനസികാരോഗ്യം മോശമായി മാറുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും വിചാരണ നീണ്ടുപോവുകയാണെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തളളിയത്.
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കു ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത വ്യക്തിയാണെന്നും ജാമ്യം നല്‍കുന്നതു തെറ്റായ സന്ദേശമാവുമെന്നും സര്‍ക്കാര്‍ വാദിച്ചു.
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേരളത്തിലെ കോടതികളില്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സംസ്ഥാനത്തിനു പുറത്തുളള കോടതിയിലേക്ക് വിചാരണ നടപടികള്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചു. എം.ശിവശങ്കര്‍ ഉള്‍പ്പെട്ട കേസിലാണ് ഇ.ഡിയുടെ നീക്കം.
ബംഗലൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി ആലോചിക്കുന്നതിനിടെയാണ് ഇ.ഡി കോടതി മാറ്റം ആവശ്യപ്പെടുന്നത്. ഡല്‍ഹിയില്‍ നടന്ന ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണ് കോടതിമാറ്റത്തിന് ഹര്‍ജി നല്‍കുന്നത്. വിചാരണ വേളയില്‍ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുമെന്ന് ആശങ്കപ്പെടുന്നുവെന്നാണ് ഇ.ഡി ചൂണ്ടിക്കാട്ടുന്നത്.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള സെഷന്‍സ് കേസ് 610/2020 പുറത്തേക്ക് മാറ്റണമെന്നാണ് ഇ.ഡിയുടെ ആവശ്യം. ഈ കേസില്‍ സ്വപ്‌ന സുരേഷ്, പി.എസ് സരിത്ത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവരാണ് പ്രതികള്‍.
കേസിലെ പ്രതിയായ എം ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണ്ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകാമെന്ന് കേന്ദ്രസര്‍ക്കാര്‍ ആശങ്കപ്പെടുന്നുണ്ട്. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിന്റെ മൊഴി ജൂണ്‍ 22, 23 തീയ്യതികളില്‍ രേഖപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയില്‍ മജിസ്ട്രേറ്റ് കോടതി മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പുതുതായി മൊഴി രേഖപെടുത്തിയത്. സ്വപ്നയുടെ പുതിയ മൊഴിക്ക് ശേഷമാണ് കേസ് കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്ക് മാറ്റാന്‍ ഇ.ഡി നടപടി ആരംഭിച്ചത്. സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമ ഉപദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെയും, നിയമ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്ത ശേഷമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഉന്നതരിലേക്ക് നീട്ടുന്നതിന് മുന്നോടിയാണിതെന്നും സൂചനയുണ്ട്.
നിരവധി കഷ്ടപ്പാടുകളിലൂടെയും ത്യാഗത്തിലൂടെയുമാണ് ഓരോ സൈനികനും തന്റെ രാജ്യത്തിന് കാവൽ ആകുന്നത്. സൈനികരോടുള്ള സ്‌നേഹം പലവിധത്തിലാണ് ജനം പ്രകടിപ്പിക്കുന്നത്. ഇപ്പോൾ ഒരു കൊച്ചു പെൺകുട്ടി ജവാനെ ആദരിക്കുന്ന വീഡിയോ ആണ് മനസ് നിറയ്ക്കുന്നത്.
മെട്രോ സ്റ്റേഷനിൽ വെച്ച് സൈനികനെ കണ്ടപ്പോൾ ഓടിയെത്തി കാൽതൊട്ട് വന്ദിക്കുകയായിരുന്നു ഈ കൊച്ചു മിടുക്കി. ഉത്തരേന്ത്യയിലെ ഒരു മെട്രോ സ്റ്റേഷനിൽ നിന്നാണ് ആളുകളുടെ ഹൃദയം കീഴടക്കിയ ഈ സംഭവം നടന്നത്. ട്രെയിൻ കാത്തു നിന്ന സൈനികരുടെ അടുത്തേക്ക് ഓടിയെത്തുകയായിരുന്നു കുരുന്ന്.
പെട്ടെന്ന് അപ്രതീക്ഷിതമായി പെൺക്കുട്ടി സൈനികന്റെ കാല് തൊട്ട് വന്ദിച്ചു. കുഞ്ഞുങ്ങളിൽ ദേശസ്‌നേഹം വളർത്തുക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് എന്ന അടിക്കുറിപ്പോടെയാണ് ഹൃദയം നിറയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
കുഞ്ഞിന്റെ പ്രവൃത്തി ഏറെ പ്രചോദനമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. 10 ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്.
Raising patriotic young minds is a duty every parent owes to this great nation.
Jai Hind 🇮🇳 pic.twitter.com/mhAjLbtOvG
— P C Mohan (@PCMohanMP) July 15, 2022
വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. മുൻ എം എൽ എയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലാണ് ശബരീനാഥൻ ഇപ്പോഴുള്ളത്. ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നതുവരെ അറസ്റ്റ് രേഖപ്പെടുത്തരുതെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിനേരത്തെ വാക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ പതിനൊന്ന് മണിക്ക് കേസ് പരിഗണിച്ചപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 10.50നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഗൂഢാലോചനയ്ക്ക് പദ്ധതിയിട്ടത് ശബരീനാഥൻ ആണെന്ന തരത്തിലുള്ള വാട്‌സാപ്പ് സന്ദേശമടങ്ങുന്ന സ്‌ക്രീൻ ഷോട്ട് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് വിമാനത്തില്‍ വരുന്നുണ്ടെന്നും പ്രതിഷേധിക്കേണ്ടേ എന്നുമായിരുന്നു ശബരീനാഥന്റെ പേരിലുള്ള സന്ദേശം.
ഇതിനുപിന്നാലെ വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശംഖുമുഖം അസിസ്റ്റന്റ‌് കമ്മീഷണറുടെ ഓഫീസിൽ എത്താൻ ശബരീനാഥന് പൊലീസ് നിർദേശം നൽകുകയായിരുന്നു. പത്തരയോടെയാണ് ശബരീനാഥൻ സ്റ്റേഷനിലെത്തിയത്.
അതേസമയം, ശബരീനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയതുറ പൊലീസ് സ്റ്റേഷന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലുള്ള ഗൂഢാലോചനയാണ് അറസ്റ്റെന്ന് ഹൈബി ഈഡൻ എം പി പ്രതികരിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെള്ളുപനി റിപ്പോർട്ട് ചെയ്യുന്നത് തലസ്ഥാനത്ത്. ആരോഗ്യവകുപ്പ് ചെള്ളുപനിയുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയ 2011 മുതൽ ആദ്യവർഷമൊഴിച്ച് എല്ലാ വർഷങ്ങളിലും തിരുവനന്തപുരത്താണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഓരോ വർഷവും സ്ഥിരീകരിക്കുന്ന രോഗത്തിന്റെ 80 ശതമാനം വരെ തിരുവനന്തപുരത്താണെന്ന് ആരോഗ്യവിദഗ്ധർ സൂചിപ്പിക്കുന്നു. ഈ വർഷം സംസ്ഥാനത്ത് ഇതുവരെ 259 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം മൂന്നുപേർക്ക് രോഗം കണ്ടെത്തിയതിൽ രണ്ടുപേരും തിരുവനന്തപുരത്താണ്.
മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും രണ്ടുമാസത്തിനിടയിൽ മൂന്നുപേരാണ് ജില്ലയിൽ ചെള്ളുപനിയെത്തുടർന്ന് മരിച്ചത്. ജൂണിൽ വർക്കല സ്വദേശി അശ്വതിയും പരശുവയ്ക്കൽ സ്വദേശി സുബിതയും ചെള്ളുപനിയെത്തുടർന്ന് മരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ അനുസരിച്ച് ഈ അസുഖത്തിന് കേരളത്തിലെ മരണനിരക്ക് 2-3 ശതമാനമാണ്.
മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ രോഗനിരക്കും മരണനിരക്കും കൂടാനുള്ള കാരണമെന്താണെന്ന കാര്യത്തിൽ വ്യക്തതയില്ല.സാധാരണ അത്ര അപകടകാരിയല്ല ചെള്ളുപനി. അസുഖം കണ്ടെത്താൻ വൈകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നതെന്ന് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിനിലെ ഡോ. ടി.എസ്.അനീഷ് പറഞ്ഞു.
ചെള്ള് കടിക്കുന്ന ഭാഗത്തുനിന്ന് ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കും. ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന ബാക്ടീരിയയുടെ അളവനുസരിച്ച് രോഗം ഗുരുതരമാകാം. ആന്തരികാവയവങ്ങളെ ബാധിക്കുമ്പോഴാണ് ഗുരുതരമാകുന്നത്. രക്തക്കുഴലുകളിൽ ബാക്ടീരിയ വീക്കം സൃഷ്ടിക്കുന്നു. ഇതു മരണത്തിനുവരെ കാരണമാകാം. ചെള്ളുപനിക്കു കാരണമാകുന്ന ബാക്ടീരിയയ്ക്ക് ജനിതകമാറ്റം അടക്കമുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോയെന്ന പഠനം ഇതുവരെ നടന്നിട്ടില്ല.
മരണനിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഇത്തരം പഠനത്തിന് ആരോഗ്യവകുപ്പ് തയ്യാറാവണമെന്നും ആവശ്യമുണ്ട്.
എന്താണ് ചെള്ളുപനി?
ശ്രദ്ധിക്കണേ…