മുട്ടത്തറ മാലിന്യസംസ്‌കരണ പ്‌ളാന്റില്‍ കണ്ടെത്തിയ കാലുകള്‍ ബംഗ്ലാദേശ് കോളനിയില്‍ വെച്ച് കൊല്ലപ്പെട്ട പീറ്റര്‍ കനിഷ്‌കറിന്റേതാണെന്നു സ്ഥിരീകരിച്ചു. കനിഷ്‌കറിന്റെയും അമ്മ പൗളറ്റിന്റെയും ഡി.എന്‍.എ. പരിശോധന നടത്തിയാണ് കനിഷ്‌കറാണെന്നു സ്ഥിരീകരിച്ചത്. കന്യാകുമാരി ചിന്നമുട്ടം ശിങ്കാരവേലന്‍ കോളനിയില്‍ 15/267ല്‍ ആന്റണി കനിബല്ലിന്റെയും പൗളറ്റിന്റെയും മൂത്തമകനാണ് പീറ്റര്‍ കനിഷ്‌കര്‍.

പീറ്റര്‍ കനിഷ്‌കറിന്റെ ശരീരാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍ അമ്മ പൗളറ്റും ബന്ധുക്കളും വലിയതുറ സ്റ്റേഷനിലെത്തി. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ മകനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പറയുന്നത്. കനിഷ്‌കറിന്റെ വസ്ത്രാവശിഷ്ടങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്്. തലയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും ലഭിച്ചിട്ടില്ല.

ഓഗസ്റ്റ് ഏഴിനായിരുന്നു വീട്ടില്‍നിന്ന് പുത്തേരി സ്വദേശിയായ മഹേശ്വര്‍ ഖലീഫ എന്ന യുവാവുമായി കനിഷ്‌കര്‍ കേരളത്തിലേക്കു പുറപ്പെട്ടതെന്ന് പൗളറ്റ് പറഞ്ഞു. മത്സ്യത്തൊഴിലാളിയായതിനാല്‍ മീന്‍പിടിത്തത്തിനു പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞിരുന്നത്. മിക്കദിവസവും വീട്ടില്‍ വിളിക്കുമായിരുന്നു. ഓഗസ്റ്റ് 12-ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു കനിഷ്‌കര്‍ അവസാനമായി അമ്മയെ വിളിച്ചത്. തിരികെ വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കേരള പോലീസ് കന്യാകുമാരി പോലീസിനെയുംകൂട്ടി വീട്ടിലെത്തിയിരുന്നു. മഹേശ്വര്‍ ഖലീഫയെ തേടിയായിരുന്നു എത്തിയത്. തുടര്‍ന്നായിരുന്നു തന്റെ മകന്‍ കൊല്ലപ്പെട്ടെന്ന് അറിഞ്ഞത്. ഖലീഫയെ വലിയതുറ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

മത്സ്യത്തൊഴിലാളിയായ കനിഷ്‌കറിന്റെ അച്ഛന്‍ ആന്റണി കനിബാല്‍ 2010-ല്‍ കൊല്ലത്തുനിന്ന് ബോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നുവെന്നു പറഞ്ഞു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതേക്കുറിച്ച് കന്യാകുമാരി പോലീസില്‍ പരാതി നല്‍കിയിരുന്നു. കനിഷ്‌കറിന്റെ തിരോധാനത്തെക്കുറിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നില്ല.

ഓഗസ്റ്റ് 12-ന് രാത്രി ബംഗ്ലാദേശ് സ്വദേശി മനു രമേഷ് തന്റെ വീട്ടിനുള്ളില്‍ വച്ച് പീറ്റര്‍ കനിഷ്‌കറെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. തമിഴ്നാട്ടിലെ ലഹരിക്കച്ചവട സംഘത്തിനുള്ളിലെ തര്‍ക്കങ്ങളായിരുന്നു കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറയുന്നു.

തുടര്‍ന്ന് സുഹൃത്തും ഇറച്ചിവെട്ടുകാരനുമായ ഷെഹിന്‍ ഷായെ വിളിച്ചുവരുത്തി മൃതദേഹം പല കഷ്ണങ്ങളായി മുറിച്ച് കടലിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഉപേക്ഷിച്ചുവെന്നും പോലീസ് പറയുന്നു.