Kerala

മാനഭംഗക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് വ്യക്തമാക്കി താരസംഘടനയായ അമ്മ. കൊച്ചിയിലെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് അമ്മ നിലപാടെടുത്തത്. ജനറല്‍ ബോഡിയില്‍ വിജയ്ബാബുവും പങ്കെടുത്തിരുന്നു. കോടതി തീരുമാനത്തിന് മുന്‍പ് എടുത്തുചാടി തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് സംഘടന വ്യക്തമാക്കി.

വിജയ് ബാബുവിനെതിരെ കടുത്ത നടപടിക്കുള്ള ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ എക്‌സിക്യൂട്ടീവ് കമ്മിറ്റി തള്ളിയതിനെ ഇടവേള ബാബുവും സിദ്ദിഖുമാണ് പ്രതിരോധിച്ചത്. കോടതി തീരുമാനം വരുംമുന്‍പ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ല. അമ്മ ഒരു ക്ലബ് മാത്രമാണെന്നും വിജയ് ബാബു അംഗമായ മറ്റ് സംഘടനകള്‍ അയാളെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.

അമ്മയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരിഹാര സമിതിയില്ലെന്നും സിനിമയ്ക്ക് മൊത്തമായി ഫിലിം ചേംബറിന് കീഴില്‍ ഒറ്റ സമിതിയുണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു. അതിനിടെ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഷമ്മി തിലകനെ പുറത്താക്കാന്‍ ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അന്തിമ നിലപാട് പ്രഖ്യാപിക്കും.

പുറത്താക്കിയതില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍. അമ്മയുടെ കത്തിന് ഓരോ വാക്കിനും കൃത്യമായ മറുപടി നല്‍കിയെന്ന് ഷമ്മി തിലകന്‍ വ്യക്തമാക്കി. തൃപ്തികരമല്ലെന്ന മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. തെറ്റെന്തെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു

സംഘടനയ്ക്ക് മതിയായ വിശദീകരണം നല്‍കിയില്ലെന്നാണ് ആരോപണം. ശാസനയോ മാപ്പെഴുതി വാങ്ങലോ ഉണ്ടാകുമെന്നാണ് കരുതിയത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

അമ്മയില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. അമ്മയുടെ ലെറ്റര്‍ പാഡിന്റെ പ്രൈസ് കൊടുത്തത് താനാണ്. പുറത്താക്കിയെന്ന് അതില്‍ എഴുതി വരട്ടെ. താന്‍ നല്‍കിയ റിപ്പോര്‍ട്ട് ചിലര്‍ക്ക് മനസിലായിട്ടുണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കാര്യം ബോധ്യപ്പെട്ടാല്‍ അവര്‍ പുറത്താക്കും എന്ന നിലപാടില്‍ നിന്ന് പിന്മാറുമെന്നാണ് പ്രതീക്ഷയെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി. അമ്മയിലെ ഭൂരിഭാഗം അംഗങ്ങള്‍ക്കും കാര്യങ്ങള്‍ എന്തെന്ന് മനസിലായിട്ടില്ല. അതിനാലാണ് പുറത്താക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചത്.

സംഘടനയെ മാഫിയ സംഘം എന്നു വിളിച്ചിട്ടില്ല. മമ്മൂട്ടി തന്നെ പിന്തുണച്ചു എന്നാണ് കരുതുന്നത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് നിരവധി കത്തുകള്‍ നല്‍കി. ഒന്നിനും മറുപടി ലഭിച്ചില്ല. അച്ഛനോട് ദേഷ്യമുള്ള ചിലര്‍ക്ക് തന്നെ പുറത്താക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

തനിച്ച് താമസിച്ചിരുന്ന റിട്ട. എഎസ്‌ഐയുടെ മൃതദേഹത്തിന് ഒരു ദിവസം മുഴുവനും കാത്തിരുന്ന വളർത്തുനായ നൊമ്പരകാഴ്ചയാകുന്നു. അടിമാലി എസ്.എൻ. പടിയിൽ 67കാരനായ കൊന്നയ്ക്കൽ കെ.കെ. സോമനാണ് മരിച്ചു കിടന്നത്. ഇദ്ദേഹത്തിന്റെ മരുമകൻ എത്തുന്നതുവരെയാണ് വളർത്തുനായ ‘ഉണ്ണി’ കാവൽ നിന്നത്.

ശനിയാഴ്ച വൈകീട്ട് മുതൽ സോമനെ ആരും കണ്ടിരുന്നില്ല. മരുമകൻ ഉമേഷ്, സോമന്റെ ഫോണിലേക്ക് നിരന്തരം വിളിച്ചു. എന്നാൽ, ഫോൺ ആരും എടുത്തില്ല. ഈ സമയം വളർത്തുനായ നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നു കിടക്കുകയായിരുന്നു. ശേഷം, ഞായറാഴ്ചയും വിളിച്ചു, പക്ഷേ ഫോൺ എടുത്തില്ല. ഉച്ചയോടെ ഉമേഷ് എസ്.എൻ. പടിയിലെ വീട്ടിലെത്തി. അപ്പോഴും മൃതദേഹത്തിന് സമീപം നായ കാവലിരിക്കുകയായിരുന്നു. ഉടനെ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു.

സംഭവമറിഞ്ഞ്, കൂടുതൽ ആളുകൾ വീട്ടിലേയ്ക്ക് എത്തി തുടങ്ങി. എന്നാൽ, വളർത്തുനായ ആരേയും വീട്ടിൽ കയറ്റാതായി. ഒടുവിൽ നാട്ടുകാരും പോലീസും സ്ഥലത്തുനിന്നും മാറി നിന്നു. ഉമേഷ് തനിയെ എത്തിയപ്പോൾ വളർത്തുനായ ശാന്തമായി. പിന്നീട് ഉമേഷ് വളർത്തുനായയെ അവിടെനിന്ന് നീക്കി. അഞ്ചുമണിയോടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 10 വർഷമായി സോമനോടൊപ്പം ജീവിക്കുകയാണ് ഈ വളർത്തുനായ. ഗീതയാണ് സോമന്റെ ഭാര്യ. മകൾ: മോനിഷ.

ജർമ്മനിയിൽ തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് ചില തൽപ്പരകക്ഷികൾ പ്രചരിപ്പിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്..?

ബിനു അച്ചന്റെ മരണ വാർത്ത കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നപ്പോൾ അല്പം അവ്യക്തതകൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്ന് പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ മരണത്തെ വളച്ചൊടിച്ചു വിവാദമാക്കാൻ നോക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയനീയമാണ്.

ജൂൺ 21 ന് യൂറോപ്യൻ സമയം രാത്രി 10. 20 ഓടെ ആണ് എന്റെ സുഹൃത്തായ ഒരു അച്ചൻ ഈ ദുരന്തത്തെക്കുറിച്ച് പറഞ്ഞ് ഇങ്ങനെ ഒരു മെസേജ് എനിക്ക് അയച്ചത്: സോണിയാമ്മേ, ഒരു പ്രാർത്ഥന സഹായം ചോദിക്കുന്നു, എന്റെ ഒരു സുഹൃത്ത് അച്ചൻ ജർമ്മനിയിൽ തടാകത്തിൽ വീണ് കാണാതായി. നല്ല ഒരു വൈദികൻ ആയിരുന്നു, അദ്ദേഹത്തിന്റെ അതിഥികളിൽ ഒരാൾ തടാകത്തിൽ വീണു. ആ കുട്ടിയെ രക്ഷിക്കാൻ പരിശ്രമിക്കുന്നതിന് ഇടയിൽ അദ്ദേഹത്തെ കാണാതെ പോവുകയായിരുന്നു. ആ പ്രദേശത്തു നിന്നുള്ള 250 ഓളം ആൾക്കാർ തിരച്ചിൽ നടത്തുന്നുണ്ട്. ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണം എന്ന്.

ഒപ്പം അച്ചന്റെ ഫോട്ടോയും കൊറോണ കാലത്ത് അച്ചന്റെ മാതാപിതാക്കളുടെ വിശേഷങ്ങൾ അടങ്ങിയ പത്രവാർത്തയും ഒക്കെ അയച്ചു തന്നു. ഉടൻ തന്നെ ഞാൻ എന്റെ സുഹൃത്തുക്കൾക്കും പരിചയം ഉള്ള സിസ്റ്റേഴ്സിനും അച്ചൻമാർക്കും മെസേജ് അയച്ച് പ്രാർത്ഥന സഹായം ചോദിച്ചു. ഒരു കുഴപ്പവും കൂടാതെ ആ അച്ചനെ തിരികെ കിട്ടാൻ ദൈവത്തോട് യാചിച്ചു കൊണ്ടിരുന്നു…പെൺസുഹൃത്തിന്റെ കൂടെ തടാകത്തിൽ കറങ്ങാൻ പോയി അച്ചൻ മുങ്ങി മരിച്ചു എന്ന് ആഘോഷിക്കുന്നവരോട്…

ഒരു കുട്ടിയെ രക്ഷിക്കാൻ എന്ന് കേട്ടപ്പോൾ ആദ്യം ഞാനും ഓർത്തത് ഒരു കൊച്ചു കുട്ടി ആയിരിക്കും എന്നാണ്. പിന്നീടാണ് മനസ്സിലായത് ആ കുട്ടി ഒരു നേഴ്സിംഗ് സ്റ്റുഡന്റ് ആയിരുന്നു എന്നത്, അതും ഒരു യുവതി. സത്യത്തിൽ ആ അച്ചൻ മരിക്കുന്നത് കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ പരിശ്രമിക്കുന്നതിനിടയിൽ തന്നെയായിരുന്നു.

നേഴ്സിംഗ് പഠിക്കുന്ന അച്ചന്റെ ഒരു നാട്ടുകാരിയും അവളുടെ മറ്റ് 3 കൂട്ടുകാരികളും കൂടി ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ഉള്ള അച്ചനെ കാണാൻ ജൂൺ 21 -ന് ഉച്ചതിരിഞ്ഞ് അവിടെ ചെന്നതായിരുന്നു. വിദേശ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ഒറ്റപ്പെടലിൽ നമ്മളിൽ ആരും ചെയ്യുന്ന ഒരു പ്രവൃത്തിയാണ് പരിചിതരായ ആരെയെങ്കിലും അന്വേഷിച്ച് പോയി അല്പം ഇന്ത്യൻ ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ച് വിശേഷങ്ങൾ പറഞ്ഞ് തിരിച്ചു പോരുക എന്നത്. ഒരു പെൺകുട്ടി തനിച്ചല്ല, അവർ നാലു പേർ ഉണ്ടായിരുന്നു.

അച്ചന്റെ ഇടവകയുടെ പരിധിക്കുള്ളിൽ ഒരു തടാകം ഉണ്ടായിരുന്നു. ധാരാളം ടൂറിസ്റ്റുകളും അവിടെ പോകാറുണ്ട്. ആ തടാകം കാണാൻ പോകുന്ന ജർമ്മനിയിലുള്ള മലയാളികൾ മിക്കവാറും ബിനു അച്ചന്റെ സഹായം ആയിരുന്നു തേടിയിരുന്നത്. അവരിൽ ആൺ-പെൺ എന്ന വ്യത്യാസം ഇല്ലാതെ അച്ചൻ എല്ലാവരെയും വളരെ സൗഹാർദപൂർവം സ്വീകരിക്കുകയും, അച്ചന് പറ്റുന്ന സഹായങ്ങൾ അവർക്ക് ചെയ്തു കൊടുക്കുകയും പതിവായിരുന്നു. മാത്രമല്ല, ആ ദേശത്തെ ഓരോ വ്യക്തിക്കും വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയായിരുന്നു ബിനു അച്ചൻ. വെരി സിമ്പിൾ  ഹംബിൾ പേഴ്സൺ.

തടാകത്തിൽ കൂടി Stand Up Paddleboard തുഴയാൻ പോകാൻ ആഗ്രഹിച്ചായിരുന്നു (SUP ) പച്ച മലയാളത്തിൽ: നിന്ന് തുഴയുന്ന ഒരു തരം മോഡേൺ പലക) ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികൾ അടക്കമുള്ള ടൂറിസ്റ്റുകൾ അവിടെ എത്തിച്ചേർന്നിരുന്നത്. വളരെ സോഷ്യൽ മെന്റാലിറ്റി ഉണ്ടായിരുന്ന, ഒപ്പം നന്നായി നീന്തൽ അറിയാവുന്ന ബിനു അച്ചൻ അവിടെ ചെല്ലുന്നവരിൽ ധൈര്യവും അല്പം എങ്കിലും നീന്താൻ അറിയാവുന്ന എല്ലാവരെയും തന്റെ Stand Up Paddleboard (SUP) ൽ കയറ്റി തുഴയാൻ കൊണ്ടുപോവുക പതിവായിരുന്നു.

ജൂൺ 21 ന് അവിടെ എത്തിയ ജർമ്മനിയിൽ നേഴ്സിങ്ങ് പഠിക്കുന്ന അച്ചന്റെ നാട്ടുകാരിയായ യുവതി ഉൾപ്പെടെ 4 പേരിൽ മൂന്നുപേർ നീന്തൽ അറിയാത്തതിനാലുള്ള ഭയം മൂലം കരയ്ക്ക് നിന്നു. പക്ഷെ അച്ചന്റെ കുടുംബ സുഹൃത്തായ യുവതിക്ക് അല്പം നീന്തൽ അറിയാവുന്നതിനാൽ അവളുടെ ആഗ്രഹം അനുസരിച്ച് അച്ചൻ അവളെ തന്റെ Stand Up Paddleboard (SUP) ൽ നിർത്തിയത്, അവൾ തന്റെ ഭർത്താവിനെ വീഡിയോ കോളിൽ വിളിച്ച് കാണിച്ചു. ശാന്തമായി SUP യിൽ തുഴഞ്ഞ് കുറച്ചകലം പിന്നിട്ടപ്പോൾ ബാലൻസ് നഷ്ടപ്പെട്ടതാകാനാണ് സാധ്യത.

StandUp Paddleboard ചരിഞ്ഞ് രണ്ടു പേരും വെള്ളത്തിൽ വീണു. ആ യുവതിയോട് SUP യിൽ പിടിവിടാതെ കിടക്കാൻ പറഞ്ഞ അച്ചൻ, ആ പെൺകുട്ടിയെ കരയ്ക്ക് എത്തിക്കാൻ വേണ്ടി തടാകത്തിൽ ഉണ്ടായിരുന്ന മറ്റൊരു ബോട്ടിന്റെ സഹായം അഭ്യർത്ഥിച്ചു. കാലുകൊണ്ട് ചവിട്ടി ഓടിക്കുന്ന അല്പം വലിപ്പം കൂടിയ ഒരു തരം ബോട്ടായിരുന്നു അത്. ബിനു അച്ചനും ബോട്ടിലുള്ളവരും കൂടി ആ യുവതിയെ വലിയ ബോട്ടിൽ കയറ്റി കിടത്തി.

അച്ചന് നന്നായി നീന്തൽ അറിയാം എന്നതിനാൽ വെള്ളം കുടിച്ച് അവശയായ യുവതിക്ക് ബോട്ടിലുള്ളവർ പ്രാഥമിക ശുശ്രൂഷ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. യുവതിയെ രക്ഷിക്കാനുള്ള വെപ്രാളവും പെട്ടെന്നുള്ള ടെൻഷൻ കാരണവും ബിനു അച്ചന് എന്തോ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും വെള്ളത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തു. ഏതാനും മിനിറ്റുകൾ കഴിഞ്ഞിട്ടും അച്ചൻ ബോട്ടിൽ കയറാഞ്ഞതിനാൽ ചുറ്റും പരതിയപ്പോൾ അച്ചനെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ രക്ഷാപ്രവർത്തനം ആവശ്യപ്പെടുകയാണ് ചെയ്തത്.

ഉടൻ തന്നെ രക്ഷാപ്രവർത്തകരും ആ ദേശത്തുള്ള 250 ഓളം ആൾക്കാരും എത്തി രാത്രി 12 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ബിനു അച്ചനെ കണ്ടെത്താൻ സാധിച്ചില്ല. ജൂൺ 22 -ന് രാവിലെ 7.30 മുതൽ റോബോട്ടിന്റെ സഹായത്തോടെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു, അവസാനം 30 അടി താഴ്ചയിൽ അദ്ദേഹത്തിന്റെ ബോഡി കണ്ടെത്തുകയും ചെയ്തു (ആ പ്രദേശവാസികൾക്ക് പോലും അറിയില്ലായിരുന്നു അത്രയും താഴ്ച ആ തടാകത്തിന് ഉണ്ടായിരുന്നു എന്നത്).

ഈ ദുരന്തത്തിൽ ആർക്കും ആരെയും പഴിക്കാൻ സാധിക്കില്ല. ആ യുവതിയുടെ ജീവിതത്തിൽ എന്നും ഒരു തേങ്ങലായി, ഭയപ്പെടുത്തുന്ന ഒരു ഓർമ്മയായി മാത്രം ഈ സംഭവം നിലനിൽക്കും. അവളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചല്ലോ എന്ന സമാധാനം ആഴങ്ങളിലേയ്ക്ക് താഴ്ന്നു പോകുമ്പോൾ ബിനു അച്ചനെയും ആശ്വസിപ്പിച്ചിരിക്കണം.

അച്ചൻ എന്ന് നാട്ടിൽ വരും എന്ന് കണ്ണും നട്ടിരുന്ന മാതാപിതാക്കൾക്കും ഉറ്റവർക്കും ബിനു അച്ചന്റെ വേർപാട് നൽകിയ വേദന ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോൾ ആണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്ന പല കിംവദന്തികളും അവരുടെ ഹൃദയത്തിന് ഏറ്റ മുറിവിലേയ്ക്ക് മുളക്ക് പൊടി വിതറുന്ന അവസ്ഥ ഉടലെടുത്തത്…

ഒന്നേ പറയാനുള്ളൂ കൂടുതൽ ലൈക്ക് കിട്ടാൻ നിങ്ങളുടെ ജീവിതത്തെ ഒരിയ്ക്കലും ഒരു ഫെയ്ക്ക് ആക്കി മാറ്റരുത്…

ഒത്തിരിയേറെ വേദനയോടെ,

സി. സോണിയ തെരേസ് ഡി. എസ്. ജെ

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആരും എടുക്കാതെ അരമണിക്കൂറോളം റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ കോളേജ് ജീവനക്കാരി. വാമനപുരം ആനാകുടി അമ്പാടി ഹൗസില്‍ അഖിലി(20)നെയാണ് വെഞ്ഞാറമൂട് സ്വദേശിയും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസ് ക്ലര്‍ക്കുമായ അക്ഷര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

വെള്ളിയാഴ്ച രാവിലെ 9.40-ഓടെയാണ് കോലിയക്കോട് കലുങ്ക് ജങ്ഷനു സമീപം കാറിനെ മറികടക്കുന്നതിനിടെ ലോറിയില്‍ ബൈക്കിടിച്ച് അഖിലിനു പരിക്കേറ്റത്.ഓഫീസിലേക്കു പോകുമ്പോള്‍ രക്തം വാര്‍ന്നു കിടക്കുന്ന യുവാവിനെ കണ്ട അക്ഷര അതുവഴി വന്ന ബാലരാമപുരം പോലീസ് സ്റ്റേഷനിലെ ജീപ്പ് കൈകാണിച്ചു നിര്‍ത്തി അതില്‍ പരിക്കേറ്റ അഖിലിനെയും കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച അഖിലിന്റെ ബന്ധുക്കളെത്തിയ ശേഷമാണ് അക്ഷര അവിടെനിന്നു പോയത്. കൃത്യസമയത്ത് എത്തിച്ചതിനാലാണ് യുവാവിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഡോളര്‍ കടത്തു കേസില്‍ സ്വപ്‌ന സുരേഷ്‌ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി നല്‍കാനാവില്ലെന്നു കസ്‌റ്റംസ്‌ അറിയിച്ചതോടെ സ്വന്തം നിലയില്‍ മുന്നോട്ടുപോകാന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റി(ഇ.ഡി)ന്റെ നീക്കം. കസ്‌റ്റംസിനു സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയും ഇപ്പോള്‍ ഇ.ഡിയുടെ കേസില്‍ നല്‍കിയ രഹസ്യമൊഴിയും തമ്മില്‍ വൈരുധ്യമുണ്ടോ എന്നറിയാനാണു പകര്‍പ്പ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍, തങ്ങളുടെ അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ പകര്‍പ്പുനല്‍കാന്‍ കഴിയില്ലെന്ന നിലപാടാണു കസ്‌റ്റംസ്‌ ഇന്നലെ കോടതിയില്‍ സ്വീകരിച്ചത്‌.

നേരത്തെ സ്വര്‍ണക്കടത്തു കേസില്‍ കസ്‌റ്റംസിനെ മറികടന്നായിരുന്നു ഇ.ഡിയുടെ അന്വേഷണം പോയത്‌. ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനായ എം. ശിവശങ്കറിനെ കേസില്‍ ഉള്‍പ്പെടുത്താന്‍ ആദ്യം കസ്‌റ്റംസ്‌ മടിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ ഉടന്‍ തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്ന ശിവശങ്കറിനെ ഇ.ഡി. അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം കസ്‌റ്റംസ്‌ പ്രതീക്ഷിച്ചതുമല്ല. കസ്‌റ്റംസും പുറകേ എത്തിയെങ്കിലും കസ്‌റ്റഡിയിലെടുത്ത എം. ശിവശങ്കറിനെ വിട്ടുകൊടുക്കാന്‍ ഇ.ഡി. തയാറായില്ല. ഇതു കസ്‌റ്റംസിനു നാണക്കേടായി.

സ്വര്‍ണക്കടത്തു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. എന്നാല്‍, ഡോളര്‍ കടത്തു കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണു കസ്‌റ്റംസ്‌ ഇന്നലെ കോടതിയെ അറിയിച്ചത്‌. സ്വര്‍ണക്കടത്തില്‍ സംഭവിച്ചതുപോലെ ഡോളര്‍ കടത്തുകേസിലും ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം കസ്‌റ്റംസ്‌ തള്ളിക്കളയുന്നില്ല. സ്വപ്‌ന കുറ്റം ആരോപിക്കുന്ന ചിലരെയെങ്കിലും വിളിപ്പിച്ചു ചോദ്യംചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്‌. ഇവരുടെ പങ്കു തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങളും സ്വപ്‌ന ഇ.ഡിയെ അറിയിച്ചതായാണു വിവരം.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ എടുക്കുന്ന നിലപാടും ഇ.ഡിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്‌. കേരളത്തില്‍ സി.പി.എം. സര്‍ക്കാരിനെയും നേതാക്കളെയും വിവാദനിഴലില്‍ നിലനിര്‍ത്തി കേസ്‌ മുന്നോട്ടുകൊണ്ടുപോകാനാവും ബി.ജെ.പി. ശ്രമിക്കുക. പാര്‍ലമെന്റ്‌് തെരഞ്ഞടുപ്പു വരെ അന്വേഷണം നീട്ടിക്കൊണ്ടുപോകാനാനും സാധ്യതയുണ്ട്‌. മുഖ്യമന്ത്രിയില്‍നിന്നു മൊഴിയെടുക്കുന്നതുവരെ ഇ.ഡിയുടെ നടപടികള്‍ നീണ്ടുപോകാമെന്ന കണക്കുകൂട്ടല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കുമുണ്ട്‌.

എന്നാല്‍, സ്വപ്‌നയുടെ ആരോപണം മാത്രം വച്ചുകൊണ്ടു മുന്നോട്ടുപോകാന്‍ ഇ.ഡിയ്‌ക്കു താല്‍പര്യമില്ല. അന്വേഷണത്തില്‍ കഴമ്പുണ്ടെന്നു കാണിക്കുന്ന തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഉന്നതതലത്തിലേക്ക്‌ അന്വേഷണം എത്തുകയുള്ളൂ. അതിനു കൂടുതല്‍ സമതം ആവശ്യമാണ്‌. സ്വപ്‌നയുടെ മൊഴികളില്‍ പൊരുത്തക്കേട്‌ നിരവധിയാണ്‌. ഇ.ഡിയുടെ നടപടികളെ ആരോപണ വിധേയര്‍ കോടതിയില്‍ ചോദ്യംചെയ്യാനും സാധ്യതയേറെ. അപ്പോള്‍ തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയും പരിശോധിച്ച ശേഷമാകും ഇ.ഡി. തുടരന്വേഷണത്തില്‍ തീരുമാനമെടുക്കുക.

വൈദ്യുതി നിരക്ക് നാളെ മുതൽ കൂടും. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പാലക്കാട് പറഞ്ഞു. വർധനയുടെ തോത് അറിയില്ല. വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് ആവശ്യപ്പെട്ടത്. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണെന്നും മന്ത്രി പറഞ്ഞു. വലിയ വർധന ഉണ്ടാകില്ല. പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വർധനയാണ്ആഗ്രഹിക്കുന്നതെന്നും കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി.

ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിട്ടുള്ളത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ദ്ധനക്കുള്ള താരിഫ് പ്ലാനാണ് കെഎസ്ഇബി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് നിലവില്‍ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയര്‍ത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

അതേസമയം വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത് 2,117 കോടി രൂപയാണ്. വൈദ്യുതി നിരക്ക് വര്‍ദ്ധനവിനായി കെഎസ്ഇബി , റഗുലേറ്ററി കമ്മീഷന് താരിഫ് പെറ്റീഷന്‍ സമര്‍പിച്ച സാഹചര്യത്തിലാണ്, വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞ് കിട്ടാനുള്ള തുക സജീവ ചര്‍ച്ചയായത്. ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ചുള്ളതാണ് ഈ തുക. ഇതില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയും. വന്‍കിട ഉപഭോക്താക്കളുടെ കുടിശിക പിരിച്ചെടുക്കാന്‍ സത്വര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ആത്മഹത്യക്ക് തൊട്ടു മുന്‍പ് അഷ്ടമിയുടെ ഉച്ചത്തിലുള്ള സംസാരം ഏറെ നേരം അയല്‍വാസികള്‍ കേട്ടിരുന്നു. ഫോണില്‍ കലഹിക്കുന്നതായി തോന്നിയെന്നാണ് അയൽവാസികൾ പറയുന്നത്. ആത്മഹത്യക്ക് പിന്നില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നതോടു കൂടിയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഫോണില്‍ ആരോടാണ് സംസാരിച്ചതെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഫോണില്‍ സംസാരിച്ചയാളെ കിട്ടിയാല്‍ അഷ്ടമിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമാകൂ.

അഷ്ടമി ഒരു ഫോട്ടോ ഗ്രാഫറുമായി സൗഹൃദത്തിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. ഇന്ന് സംസ്‌ക്കാര ചടങ്ങുകള്‍ ആയതിനാല്‍ മാതാപിതാക്കളെ നേരില്‍ കണ്ട് നാളെ പൊലീസ് മൊഴിയെടുക്കും. പിന്നീടാകും ബാക്കി നടപടിക്രമങ്ങള്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം അഷ്ടമിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരൂര്‍ അഷ്ടമിയില്‍ അജിത്ത് കുമാറിന്റെയും റെനയുടെയും മകളാണ് അഷ്ടമി. കൊട്ടാരക്കര കോടതിയിലെ അഭിഭാഷകയാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവിടെ അഭിഭാഷകയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്.

അഷ്ടമി എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു. അവള്‍ എന്തിന് സ്വയം ജീവിതം ഇല്ലാതാക്കി എന്ന ചോദ്യമാണ് ഇനിയും ബാക്കിയാകുന്നത്. ദുരൂഹതയുടെ കരിനിഴലുകള്‍ അഷ്ടമിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഉണ്ടോ എന്ന സംശയം ഹ്യദയഭേദകമായ വേദനയിലും ബന്ധുക്കളിലും സമീപവാസികളിലും ഉയരുകയാണ്.കൊട്ടാരക്കര കുടവട്ടൂര്‍ മാരൂര്‍ അഷ്ടമിഭവനില്‍ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളാണ് അഷ്ടമി. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച്‌ നിയമബിരുദധാരിയാക്കിയതിന്‍റെ അഭിമാനത്തിലായിരുന്നു ഈ മാതാപിതാക്കള്‍. ചെറുതെങ്കിലും സന്തുഷ്ടകുടുംബം. കൊല്ലം എസ്.എന്‍ ലോ കാളേജില്‍ നിന്നും കഴിഞ്ഞ വര്‍ഷം നിയമബിരുദം പൂര്‍ത്തിയായ അഷ്ടമി 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയില്‍ പ്രാക്ടിസീനു പോയി തുടങ്ങിയത്. പിതാവ് അജിത്ത് പതിവ് പോലെ വണ്ടി ഓടിക്കാനും അമ്മ തൊഴിലുറപ്പ് ജോലിക്കായും പോയി.
​നിലവിളി കേട്ട് ഓടിയെത്തി

അമ്മ മടങ്ങിയെത്തിയപ്പോഴാണ് മകളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിലുറപ്പ് ജോലിസ്ഥലത്ത് നിന്നും ഉച്ചയ്ക്ക് ഉണ്ണാനായി വീട്ടിലേക്ക് വന്ന അമ്മ റെന അഷ്ടമിയുമായുമൊത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ചു. അമ്മ തൊഴിലിടത്തേക്ക് മടങ്ങി പോയി. വൈകിട്ട് അഞ്ചേകാലോടെ ചായക്കുള്ള പാലുമായി വീട്ടിലേക്ക് വന്ന മാതാവ് ചാരിയിരുന്ന മുന്‍ഭാഗത്തെ കതക് പതുക്കെ തുറന്ന് അകത്തേക്ക് കയറി. ശബ്ദം ഒന്നും കേള്‍ക്കാത്തതുകൊണ്ട് അഷ്ടമിയുടെ മുറിയുടെ വാതില്‍ തള്ളി നോക്കി. മകള്‍ ഉറങ്ങുകയാണ് എന്ന് കരുതി വാതില്‍ തുറന്ന ആ മാതാവ് നടുങ്ങി പോയി. ഉച്ചയ്ക്ക് തന്നോടോപ്പം ഭക്ഷണം കഴിച്ച തന്റെ ജീവന്റെ പാതിയായ മകള്‍ കണ്‍മുന്നില്‍ തൂങ്ങിയാടുന്നു. നിലവിളി കേട്ടാണ് സമീപത്തെ പറമ്പില്‍ ജോലി ചെയ്തു കൊണ്ടിരുന്നവര്‍ ഓടി എത്തിയത്. വീടിനുള്ളിലേക്ക് പ്രവേശിച്ചവര്‍ കണ്ടത് കിടപ്പ്മുറിയില്‍ തൂങ്ങി നില്‍ക്കുന്ന അഷ്ടമിയേയും സമീപത്ത് ബോധരഹിതയായി വീണ അമ്മയേയുമാണ്. ഉടന്‍ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയര്‍ അറുത്തു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
​വീടിന് വെളിയിൽ നിന്ന് ഫോൺ ചെയ്തു

പരിശോധനകള്‍ നടത്തി മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പൊലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും അഷ്ടമിയുടെ മോബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു. അതില്‍ വൈകിട്ട് 3.06 ന് വരെ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട് . വീടിനു സമീപം അടുത്ത പറമ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്നവര്‍ മൂന്ന് മണി സമയത്ത് അഷ്ടമി വീടിന് വെളിയില്‍ നിന്ന് ഫോണ്‍ ചെയ്തിരുന്നത് കണ്ടതായി പറയുന്നു. ആരോടോ കലഹിക്കുന്നത് പൊലെ ആണ് സംസാരിച്ച്‌ കൊണ്ടിരുന്നത് എന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. സംസാരാത്തിനൊടുവില്‍ ശബ്ദമുയർത്തി ദേഷ്യപ്പെടുകയോ നിലവിളിക്കുകയോ ചെയ്തതായി കേട്ടത് പൊലെ തോന്നിയതായും ഇവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ പോസ്മാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. എല്ലാവരോടും സൗമ്യമായി ഇടപെടുന്ന നിയമവിദ്യാര്‍ത്ഥിയായ അഷ്ടമിയുടെ മരണത്തില്‍ അതുകൊണ്ട് തന്നെ ദൂരുഹത ഉണ്ട് എന്നാണ് ബന്ധുമിത്രാദികള്‍ ആരോപിക്കുന്നത്. എന്താണ് കാരണമെന്ന് അറിയില്ലെന്ന് നിസഹായനായി പിതാവ് അജിത്ത് പറയുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ക്യത്യമായ അന്വേഷണം വേണമെന്നതാണ് അഷ്ടമിയുടെ മാതാപിതാക്കളും ബന്ധുമിത്രാദികളും ആവിശ്യപ്പെടുന്നത്.

പ്രാരാബ്ദങ്ങൾക്കിടയിലും പഠനത്തിൽ മിടുക്കിയായ മകളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് അഭിഭാഷകയാക്കിയ മാതാപിതാക്കൾക്ക് ഇനിയും അഷ്ടമിയുടെ വിയോഗം വിശ്വസിക്കാനായിട്ടില്ല. അഷ്ടമിയെ കുറിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം പറയാൻ നല്ലതുമാത്രം.

കൊട്ടാരക്കര കുടവട്ടൂർ മാരൂർ അഷ്ടമിഭവനിൽ ഡ്രൈവറായ അജിത്തിന്റെയും റെനയുടെയും ഏകമകളായ അഷ്ടമിയാണ് വീടിനുള്ളൽ തൂങ്ങിമരിച്ചത്. തുച്ഛമായ വരുമാനത്തിലും മകളെ പഠിപ്പിച്ച് നിയമബിരുദധാരിയാക്കിയതിന്റെ അഭിമാനത്തിലായിരുന്ന ഈ മാതാപിതാക്കൾക്ക് ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ചെറുതെങ്കിലും സന്തുഷ്ടകുടുംബത്തിലെ ഈ പെൺകുട്ടി എന്തിനാണ് ജീവനൊടുക്കിയത് എന്നാണ് എല്ലാവരിലും ഉയരുന്ന ഏക ചോദ്യം. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് നാട്ടുകാരും ആരോപിക്കുന്നു.

കൊല്ലം എസ്എൻ ലോ കാളേജിൽ നിന്നും കഴിഞ്ഞ വർഷം നിയമബിരുദം പൂർത്തിയായ അഷ്ടമി 2022 ജനുവരി മുതലാണ് കൊട്ടാരക്കര കോടതിയിൽ പ്രാക്ടിസീനു പോയി തുടങ്ങിയത്. വ്യാഴാഴ്ച കോടതിയിൽ പോകാതെ അഷ്ടമി ലീവാക്കിയിരുന്നു. പിതാവ് അജിത്ത് വണ്ടി ഓടാനായി പോയി. അമ്മ തൊഴിലുറപ്പ് ജോലിക്കായും പോയിരുന്നു.

തൊഴിലുറപ്പ് ജോലിസ്ഥലത്ത് നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വന്ന അമ്മ റെന അഷ്ടമിയുമായി സന്തോഷത്തോടെ ഭക്ഷണം കഴിച്ചിട്ട് മടങ്ങിയിരുന്നു. പിന്നീട് വൈകീട്ട് അഞ്ചേകാലോടെ വന്ന മാതാവ് അകത്തുനിന്നും അനക്കം ഒന്നും കേൾക്കാത്തതുകൊണ്ട് അഷ്ടമിയുടെ മുറിയുടെ വാതിൽ തുറന്നതോടെയാണ് മകൾ തൂങ്ങിനിൽക്കുന്നത് കണ്ടത്.

റെനയുടെ നിലവിളി കേട്ടാണ് സമീപത്തെ പറമ്പിൽ ജോലി ചെയ്തു കൊണ്ടിരുന്നവർ ഓടി എത്തിയത്. ഉടൻ തന്നെ അഷ്ടമിയുടെ കഴുത്തിലേ കയർ അറുത്തുകൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. പരിശോധനകൾ നടത്തി മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലെക്ക് മാറ്റി. പൂയപ്പള്ളി പോലീസ് എത്തി അഷ്ടമിയുടെ മുറി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു.

അഷ്ടമിയുടെ മൊബൈൽ ഫോണിൽ നിന്ന് 3.06 ന് വരെ സംസാരിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വീടിനു സമീപം അടുത്ത പറമ്പിൽ ജോലി ചെയ്തുകൊണ്ടിരുന്നവർ മൂന്ന് മണി സമയത്ത് അഷ്ടമി വീടിന് വെളിയിൽ നിന്ന് ഫോൺ ചെയ്തിരുന്നത് കണ്ടതായി പറയുന്നു. ആരോടോ കലഹിക്കുന്നത് പോലെ ആണ് സംസാരിച്ച് കൊണ്ടിരുന്നതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.

ശബ്ദമുയർത്തി ദേഷ്യപ്പെടുകയോ നിലവിളിക്കുകയോ ചെയ്തതായി കേട്ടെന്നാണ് ഇവർ പറയുന്നു. കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകും.

എല്ലാവരോടും സൗമ്യമായി ഇടപെടുന്ന നിയമവിദ്യാർത്ഥിയായ അഷ്ടമിയുടെ മരണത്തിൽ അതുകൊണ്ട് തന്നെ ദൂരുഹത ഉണ്ട് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത് ഇവർ ലക്ഷങ്ങളാണ് തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി. നിരവധി പേരാണ് ബിൻഷയുടെ തട്ടിപ്പിന് ഇരയായത്.

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് ബിൻഷ തോമസ് പണം തട്ടിയെന്ന് അഞ്ചു പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി ലഭിക്കാൻ സഹായിക്കാമെന്നും പറഞ്ഞായിരുന്നു ബിൻഷ പണം വാങ്ങിയത്. കൊടുത്തതിൽ പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെയുണ്ടായിരുന്നു.

അഞ്ചുപേരിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നടത്തിയ അന്വേഷണത്തിലാണ് ബിൻഷ അറസ്റ്റിലായത്. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായി. ഇരിട്ടിയിലെ ഒരു ഫ്‌ലാറ്റ് കേന്ദ്രീകരിച്ചാണ് ബിൻഷ തട്ടിപ്പ് നടത്തിയിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായും വിവരം ലഭിച്ചു.

തിരുവമ്പാടി പ്രദേശത്തെ മോശപ്പെടുത്തി സംസാരിച്ച ധ്യാന്‍ ശ്രീനിവാസന് മറുപടിയുമായി തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ധ്യാനിന് എംഎല്‍എ മറുപടി നല്‍കിയത്. തിരുവമ്പാടിയുടെ പ്രത്യേകതകളും സവിശേഷതകളും എണ്ണി പറഞ്ഞുകൊണ്ടായിരുന്നു ലിന്റോ ജോസഫിന്റെ മറുപടി പോസ്റ്റ്.

അത്രയേറേ സ്നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യര്‍ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ചേര്‍ന്ന് ഈ നാടിനെ കൈ പിടിച്ചുയര്‍ത്തിയവരാണ് തിരുവമ്പാടിക്കാര്‍.! എന്നും എംഎല്‍എ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

പ്രിയപ്പെട്ട Dhyan Sreenivasan അറിയുന്നതിന്

താങ്കള്‍ ഒരു സിനിമ പ്രമോഷന്റെ ഭാഗമായുള്ള ഇന്റര്‍വ്യുവില്‍ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി.ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമര്‍ശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അത്രയേറേ സ്നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷ്യര്‍ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്.

ഒരു മലയോര മേഖലയില്‍ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ചേര്‍ന്ന് ഈ നാടിനെ കൈ പിടിച്ചുയര്‍ത്തിയവരാണ് തിരുവമ്പാടിക്കാര്‍.!

താങ്കളുടെ ഫിലിം ഷൂട്ടിനിടയില്‍ താങ്കള്‍ സഞ്ചരിച്ച റോഡുകളിലൊന്ന് മലയോര ഹൈവേയാണ്. ഈ റോഡിന്റെ മുഴുവന്‍ ദൂരവും ഇരുവശത്തും സ്ഥലം സൗജന്യമായി നല്‍കി വികസനത്തെ ഹൃദയത്തില്‍ സ്വീകരിച്ചവരാണ് തിരുവമ്പാടിക്കാര്‍..!അതിമനോഹരമായ ഈ പാത നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

താങ്കളുടെ ഫിലിം ഷൂട്ടിംഗ് നടന്ന ഒരു ലൊക്കേഷനായ ആനക്കാംപൊയിലില്‍ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടണല്‍ പാതയായ ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത്. ബാംഗ്ലൂര്‍ കൊച്ചി ഇടനാഴിയെ എറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പാതയായിരിക്കും.

ഈ തുരങ്കപാതയുടെ അനുബന്ധ റോഡായ തിരുവമ്പാടി മറിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കാന്‍ പോവുകയാണ്. പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് ശേഷം ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം അങ്ങ് ഇവിടെ വരണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

ഞങ്ങളുടെ കുട്ടികളെല്ലാം പഠിക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്. സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതിയകാല നിര്‍മ്മാണത്തിന്റെ രൂപഭംഗി ഉള്‍ക്കൊണ്ട് ഇവരെ സ്വീകരിക്കുന്നു..

താങ്കളുടെ സിനിമയുടെ മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനായ പുല്ലുരാംപാറയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമി എന്നൊരു സ്ഥാപനമുണ്ട്. ദേശീയ അന്തര്‍ദേശിയ കായിക ഇനങ്ങളില്‍ രാജ്യത്തിന് അഭിമാനമായത് ഈ കുഞ്ഞു പ്രദേശത്തെ കുഞ്ഞു സ്ഥാപനത്തിലെ കുട്ടികളാണ്.

സന്തോഷ് ട്രോഫി നേടി കേരളത്തിന് അഭിമാനമായ കേരളടീമിന്റെ വിജയ ഗോളിന് വഴിയൊരുക്കിയത് ഞങ്ങളുടെ സൂപ്പര്‍ താരം തിരുവമ്പാടിയിലെ കോസ്മോസിന്റെ പ്രിയപ്പെട്ട കളിക്കാരന്‍ നൗഫലാണ്.

ലോകത്തെ പ്രശസ്തമായ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഫെസ്റ്റിവല്‍ നടക്കുന്നത് ഞങ്ങളുടെ ഇരവഴിഞ്ഞിപുഴയിലും ചാലിപ്പുഴയിലുമാണ്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് അടുത്ത മാസം ആരംഭിക്കും.

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഞങ്ങളുടെ സുല്‍ത്താന്‍ ബി പി മൊയ്തീന്റെയും കാഞ്ചനേടത്തിയുടെയും കഥയാണ്. എന്തിനേറെ, കേരളത്തിലെ മികച്ച മൂന്ന് ഫിലിം തീയേറ്ററുകളെടുത്താല്‍ അതിലൊന്ന് ഞങ്ങളുടെ നാട്ടിലാണ്. മുക്കത്ത്.!

ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങളീ അബദ്ധം പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ വയനാട് ചുരവും തുഷാരഗിരിയും മറിപ്പുഴയും അരിപ്പാറയും പൂവാറന്‍തോടും മേടപ്പാറയും കക്കാടംപൊയിലുമെല്ലാമുള്‍പ്പെടുന്ന ഗിരിശ്രേഷ്ഠന്‍മാര്‍ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. ഇവിടുത്തെ കാലവസ്ഥയും അന്തരീക്ഷവുമെല്ലാം ഞങ്ങള്‍ക്ക് അമ്മയേപ്പോലെ പ്രിയപ്പെട്ടതാണ്.

താങ്കളുടെ ഒപ്പമുണ്ടായിരുന്ന സിനിമാ പിന്നണി പ്രവര്‍ത്തകര്‍ക്കും താങ്കളുടെ അതേ അഭിപ്രായമാണോ എന്നറിയാന്‍ താത്പര്യമുണ്ട്. താങ്കള്‍ താങ്കളുടെ
പ്രസ്താവന തിരുത്താന്‍ തയ്യാറാകണം.

ഒരിക്കല്‍ കൂടി പറയുന്നു..
തിരുവമ്പാടി ഒരു ഓണംകേറാ മൂലയല്ല..
അഭിമാനമാണ്
തിരുവമ്പാടി..!

ലിന്റോ ജോസഫ്
എം.എല്‍.എ,തിരുവമ്പാടി

RECENT POSTS
Copyright © . All rights reserved