കേരള സർക്കാരിൻ്റെ ഓണം ബംബർ ലോട്ടറി നറുക്കെടുക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. വലിയ പ്രതീക്ഷയോടെയാണ് ഓരോരുത്തരും 500 രൂപ മുടക്കി ലോട്ടറി എടുത്തത്. ഒന്നിലധികം ലോട്ടറി എടുത്തവരും നിരവധിയാണ്.

നിയന്ത്രണങ്ങളില്ലാതെ ഓണം ആഘോഷിച്ച മലയാളികൾ ഓണം ബമ്പറിനെയും കൈവിട്ടില്ല. 500 രൂപയെന്ന ടിക്കറ്റ് വിലയും ആരെയും പിന്തിരിപ്പിച്ചില്ല. 25 കോടിയെന്ന സ്വപ്ന സമ്മാനത്തിനായി സാമ്പത്തിക സ്ഥിതി നോക്കാതെ ആളുകൾ ഭാഗ്യപരീക്ഷണത്തിനിറങ്ങി. അവസാന മണിക്കൂറുകളിൽ വൻ തിരക്കാണ് ലോട്ടറി കടകളിൽ കാണുന്നത്. ഓണം ബമ്പർ ചോദിച്ച് ആളുകൾ സമീപിക്കുന്നത് ചില്ലറ വിൽപനക്കാർക്കും ഊർജമായി.

ഇന്നലെ വൈകുന്നേരം വരെ അറുപത്തിമൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബാക്കിയുള്ള നാലര ലക്ഷം ടിക്കറ്റുകളും ഇന്ന് വിറ്റ് പോകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. കഴിഞ്ഞ വർഷം 12 കോടി രൂപ ഒന്നാം സമ്മാനം നൽകിയ മൂന്നൂറ് രൂപയുടെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് ഇക്കുറി ഓണം ബമ്പറിനുള്ളത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതിയും മറ്റും കഴിഞ്ഞ് 15.5 കോടിയാണ് ഭാഗ്യശാലിക്ക് ലഭിക്കുക.

ഒന്ന് മുതൽ മൂന്ന് വരെയുള്ള സമ്മാനങ്ങൾ വിൽക്കപ്പെട്ട ടിക്കറ്റുകളിൽ ഉറപ്പാക്കി നറുക്കെടുപ്പ് നടത്തും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വിൽക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. ഒന്നാം സമ്മാനാർഹമായ ടിക്കറ്റിന്റെ ബാക്കി 9 പരമ്പരകളിലുള്ള അതേ നമ്പർ ടിക്കറ്റുകൾക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.

സമ്മാനാർഹർ നറുക്കെടുപ്പ് തിയതി മുതൽ 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റുകൾ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂൾഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകൾ സഹിതം ഭാഗ്യക്കുറി ഓഫിസിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപറ്റണം.

ലോട്ടറിയിൽ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങൾ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളിൽ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾ അടിച്ച സമ്മാനത്തുകയെങ്കിൽ ലോട്ടറി ഓഫീസുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാർഹമായ ടിക്കറ്റ് നൽകി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.