Kerala

അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് ആയി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ യുവാവ് പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ മരിച്ചനിലയിൽ. ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലിൽ പി എസ് അഖിലാണ്(31) മരിച്ചത്. അച്ഛന്റെ ശാസ്ത്രക്രിയയ്ക്ക് കൂട്ടിരിപ്പിനായി എത്തിയതായിരുന്നു യുവാവ്.

മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിന് മുൻവശത്ത് കാർ പാർക്ക് ചെയ്താണ് ഇയാൾ കിടന്നിരുന്നത്. കാറിന്റെ എസിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്ന് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടത്തിനും ഫോറൻസിക് പരിശോധനയ്ക്കും ശേഷം മാത്രമേ മരണകാരണം കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കൂവെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച അഖിലിന്റെ പിതാവിന് കോട്ടയം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു അഖിൽ. ചൊവ്വാഴ്ച രാവിലെ അമ്മയോട് തലവേദന എടുക്കുന്നു, അല്പനേരം ഇരിക്കട്ടെ എന്നു പറഞ്ഞ് അഖിൽ കാറിന്റെ അടുത്തേക്ക് പോയത്. നാലുമണിയായിട്ടും കാണാതായപ്പോൾ അമ്മ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെയാണ് അന്വേഷിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാറിൽ ബോധരഹിതനായി കിടന്ന അഖിലിനെ കണ്ടെത്തുകയായിരുന്നു. പെട്ടന്ന് അടുത്തുണ്ടായിരുന്നവരുടെ സഹായത്തോടെ അഖിലിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. കാറിന്റെ സ്റ്റിയറിങ്ങിൽ കൈവെച്ച് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ശരീരത്തിന് പുറത്തും കൈകളിലും പൊള്ളലേറ്റതുപോലെ പാടുകളുണ്ടായിരുന്നു. ഇതാണ് എസിയിൽ നിന്നുള്ള കാർബൺ അടങ്ങിയ മാലിന്യം ശ്വസിച്ചതാവാം മരണകാരണം എന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനം. ഗാന്ധിനഗർ പോലീസ് എത്തി മരണത്തിന് പിന്നാലെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അമിതലഹരിയില്‍ വാഹനമോടിച്ച് മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച സിനിമ- സീരിയല്‍ നടിയും, സുഹൃത്തും കസ്റ്റഡിയില്‍. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് കസ്റ്റഡിയിലായത്. കുസാറ്റ് ജംഗ്ഷന്‍ മുതല്‍ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഈ സംഭവം അരങ്ങേറിയത്.

അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലാണ് കാര്‍ ഓടിച്ചിരുന്നത്. കുസാറ്റ് സിഗ്‌നലില്‍ വാഹനം നിര്‍ത്തി മുന്നോട്ടും പിന്നോട്ടും എടുത്തപ്പോള്‍ പല വാഹനങ്ങളില്‍ ഇടിച്ചിരുന്നു. നിര്‍ത്താതെ പോയ നടിയുടെ വാഹനത്തെ പിന്തുടര്‍ന്നു വന്ന ഒരാള്‍ വാഹനം വട്ടം വച്ചു തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു.രക്ഷപെടാന്‍ നോക്കിയെങ്കിലും ടയര്‍ പൊട്ടിയതിനെ തുടര്‍ന്നു നടന്നില്ല. പിന്നാലെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇരുവരും അടുത്തുള്ള സ്‌കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പൊലീസെത്തി നൗഫലിനെ പിടികൂടി. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ നടിയെയും കണ്ടെത്തി. ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

ലഹരി മരുന്ന് കേസില്‍ നേരത്തെ നടി ശ്വതി ബാബു അറസ്റ്റിലായിരുന്നു. ഇരുവരും ജയിലിലായെങ്കിലും ലഹരി ഉപയോഗം അവസാനിപ്പിച്ചിരുന്നില്ലെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

 

ബി.ജെ.പിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മാണി സി കാപ്പന്‍. രാഷ്ട്രീയമല്ലേ, അത് കാലാകാലം മാറി വരുമെന്നുമായിരുന്നു കാപ്പന്റെ മറുപടി. ബി.ജെ.പിയിലേക്ക് ഇപ്പോള്‍ പോകുമോ എന്ന ചോദ്യത്തിന് പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി. അവസരം കിട്ടിയാല്‍ പോകുമോ എന്നു ചോദിച്ചപ്പോള്‍ അവസരം എല്ലാവര്‍ക്കും വരില്ലേ എന്നായിരുന്നു കാപ്പന്റെ പ്രതികരണം.

ഇത്രയും കാലം യു.ഡി.എഫിലുണ്ടായിരുന്ന ജോസ് കെ.മാണി എല്‍.ഡി.എഫിലേക്ക് പോയി. എന്തുമാത്രം ബഹളവും വിപ്ലവും കെ.എം മാണി സാറിനെതിരെ ഉണ്ടാക്കിയതാണ്. അപ്പുറത്തുണ്ടായിരുന്നയാള്‍ സീറ്റില്ലാതെ ഇപ്പുറത്തുവന്നു…കാപ്പന്‍ പറഞ്ഞു.

യു.ഡി.എഫിന്റെ പരിപാടികളില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തുന്നുവെന്ന് കാപ്പന്‍ അടുത്തിടെ പരാതി ഉന്നയിച്ചിരുന്നു. പല തവണ രേഖാമൂലം പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

പാലായില്‍ എല്‍.ഡി.ഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് കെ.മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി.കാപ്പന്‍ പരാജയപ്പെടുത്തിയത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍സികെ) എന്ന പാര്‍ട്ടി രൂപീകരിച്ച കാപ്പന്‍, പാലായില്‍ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായാണ് മത്സരിച്ചത്.

ദേശീയ അവാര്‍ഡ് ലഭിച്ചതിനെ വിമര്‍ശിക്കുന്നവരോട് മറുപടിയുമായി
നഞ്ചിയമ്മ. വിമര്‍ശന വാര്‍ത്തകളൊന്നും മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് നഞ്ചിയമ്മ പറഞ്ഞു.

‘ആദിവാസികളുടെ പാട്ടിനെ കുറിച്ച് ഒന്നും അറിയാത്തവരാണ് വിമര്‍ശിക്കുന്നത്. ഞങ്ങള്‍ പാടുന്നത് എന്താണെന്ന് മനസിലാക്കുന്നവരും ചിന്തിക്കുന്നവരും വിമര്‍ശിക്കില്ല. വിമര്‍ശനത്തിന് പിന്നില്‍ അസൂയയാണെന്നും നഞ്ചിയമ്മ പറഞ്ഞു.

‘ചെറുപ്പം മുതല്‍ പാടുന്നുണ്ട്. പാട്ടിനായി ഒന്നും ഉപേക്ഷിക്കാറില്ല. തങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണങ്ങള്‍ കഴിച്ചാണ് പാട്ടുപാടുന്നത്. പരമ്പരാഗതമായി പാട്ട് കൈമാറി വരുന്നു. എല്ലാ സംഗീതവും ശുദ്ധമാണ്.

നമ്മുടെ പാട്ടിന് ലിപിയില്ല. ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. പക്ഷേ അതിന്റെ അര്‍ത്ഥതലങ്ങള്‍ വലുതാണ്. മനുഷ്യന്റെ ജീവിതത്തെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് ഈ മരിച്ച പക്ഷികളെക്കുറിച്ച് മരങ്ങളെക്കുറിച്ച് ഒക്കെയാണ് പാടുന്നത്. നഞ്ചിയമ്മ പറയുന്നു.

നഞ്ചിയമ്മയ്ക്ക് പിച്ച് അനുസരിച്ച് പാടാനാവില്ലെന്ന് പറഞ്ഞ് ലിനു ലാലാണ് വിമര്‍ശനം ഉന്നയിച്ചത്. അതേസമയം, നിരവധി താരങ്ങളാണ് നഞ്ചിയമ്മയെ പിന്തുണച്ചും എത്തിയിരുന്നത്.

യുവാവ് മദ്യലഹരിയില്‍ ഓടിച്ച കാര്‍ അപകട പരമ്പര സൃഷ്ടിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയില്‍ ആലുവ മുട്ടത്ത് നിന്ന് ആരംഭിച്ച കാര്‍ ചെയ്‌സ് അവസാനിച്ചത് തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെ പോസ്റ്റില്‍ ഇടിച്ചതോടെയാണ്.

മദ്യലഹരിയില്‍ വണ്ടിയോടിച്ച യുവാവിനൊപ്പം ഒരു സീരിയല്‍ നടിയും കാറിലുണ്ടായിരുന്നു. അപകടം ഉണ്ടായ ഉടന്‍ നടി സ്ഥലംവിട്ടു. യുവാവിനെ നാട്ടുകാര്‍ പോലീസിന് കൈമാറി. കാറിന്റെ മരണപ്പാച്ചിലില്‍ ഒരു കാറും നാല് ഇരുചക്ര വാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് ആലുവ മുതല്‍ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ചത്.

ഇടിച്ചിട്ടും നിര്‍ത്താതെ പോയ ഇവരുടെ കാറിനു പിന്നാലെ മറ്റ് വാഹനങ്ങള്‍ പാഞ്ഞതോടെ സിനിമ സ്‌റ്റൈല്‍ ചെയ്‌സായി. ഒടുവില്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപത്തെത്തിയപ്പോള്‍ കാറിന്റെ ഒരു ടയര്‍ പൊട്ടി. എന്നിട്ടും വാഹനവുമായി പായാന്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചത്.

തിരുവനന്തപുരത്തെ സി എസ് ഐ ആസ്ഥാനത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതരുടെ റെയ്ഡ് ബിജെപി കേന്ദ്ര നേതൃത്വതിന്റെ നിര്‍ദേശ പ്രകാരം എന്ന് സൂചന. വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരത്തെ പ്രബലമായ നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തെ തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരാനുള്ള സമ്മര്‍ദ്ദതന്ത്രത്തിന്റെ ഫലമായിട്ടാണ് ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതെന്നാണ് കരുതപ്പെടുന്നത്.

കേരളത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള ലോക് സഭാ മണ്ഡലം ആണ് തിരുവനന്തപുരം.2024 ലേ ലോകസഭാ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്ന ഏക ലോക് സഭാ മണ്ഡലവും തിരുവനന്തപുരമാണ്. എന്നാല്‍ പലപ്പോഴും ആ മണ്ഡലം കൈവിട്ടു പോകുന്നത് ജനസംഖ്യയില്‍ പ്രബലമായ നാടാര്‍ ക്രിസ്ത്യന്‍ സമുദായം ബിജെപിക്ക് എതിരായത് കൊണ്ടാണ് എന്ന യാഥാര്‍ഥ്യം ബിജെപി കേന്ദ്ര നേതൃത്വം മനസിലാക്കിയിട്ടുണ്ട്. 2014 ലേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ വിജയത്തിന് വക്കെത്തെത്തിയിങ്കിലും അവസാനം ശശി തരൂര്‍ ജയിച്ചുകയറുകയായിരുന്നു.

കഴിഞ്ഞ മാസം ഹൈദരാബാദില്‍ ചേര്‍ന്ന ബിജെപി ഉന്നത തല യോഗം വരുന്ന ലോക് സഭാ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് മിഷന്‍ 2024 രൂപപ്പെടുത്തിയിരുന്നു. അതില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്ന ലോക് സഭാ മണ്ഡലങ്ങളില്‍ തിരുവനന്തപുരവും ഉണ്ട്. എന്നാല്‍ നാടാര്‍ ക്രിസ്ത്യന്‍ സമുദായം തങ്ങളുടെ നിസഹകരണം തുടര്‍ന്നാല്‍ ആ സ്വപ്‌നം ഫലിക്കില്ലന്നു പാര്‍ട്ടിക്കറിയാം . സി എസ് ഐ സഭക്ക് തങ്ങളുടെ വിശ്വാസി സമൂഹത്തില്‍ കനത്ത സ്വാധീനമാണ് ഉള്ളത്. പിണറായി വിജയന്‍ അധികാരത്തിലെത്തിയ ശേഷം സി എസ് ഐ സഭ സി പി എമ്മുമായി വളരെ അടുപ്പം പുലര്‍ത്തിവരികയാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കോണ്‍ഗ്രസ് യു ഡി എഫ് നേതൃത്വവുമായായിരുന്നു സഭക്ക് അടുപ്പം. എന്നാല്‍ ബി ജെ പിയുമായി അടുക്കാന്‍ സഭ ഇതുവരെ ശ്രമിച്ചിട്ടില്ല. സംസ്ഥാന ബി ജെ പിനേതൃത്വം കൊണ്ടുപിടിച്ച ശ്രമം നടത്തിയിട്ടും. ഫലമുണ്ടായില്ല.

2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ജയിക്കണമെങ്കില്‍ സി എസ് ഐ സഭയുടെയും നാടാര്‍ ക്രൈസ്തവ വിഭാഗങ്ങളുടെയും പിന്തുണ വേണം. അതിന് സഭയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്ന തന്ത്രമാണ് ബി ജെ പി കേന്ദ്ര നേതൃത്വം പ്രയോഗിക്കുന്നത്്.യു കെ യിലേക്ക് പോകാന്‍ വേണ്ടി വിമാനത്താവളത്തിലെത്തിയ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തടഞ്ഞതും ചോദ്യം ചെയ്യണമെന്ന് പറഞ്ഞ് തിരിച്ചുകൊണ്ടുവന്നതും സി എസ് ഐ സഭയെ കടുത്ത സമ്മര്‍ദ്ധത്തിലാക്കാന്‍ വേണ്ടിയാണ്.

കാരക്കോണം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ ഡി യുടെ റെയ്ഡിനും അന്വേഷണത്തിനും കാരണമായത് എന്ന് പറയുന്നുണ്ടെങ്കിലും അതിനെക്കാളുപരി രാഷ്ട്രീയ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സൂചന. നാടാര്‍ സമുദായത്തിലെ ഹിന്ദുവിഭാഗങ്ങള്‍ ബി ജെപിക്ക് ഒപ്പമാണെങ്കിലും അവര്‍ എണ്ണത്തില്‍ കുറവാണ്. അ്ത് കൊണ്ട് തന്നെ തിരുവനന്തപുരം ലോക്‌സഭാ സീറ്റ് പിടിക്കണമെങ്കില്‍ സി എസ് ഐ സഭയെ അനുകൂലമാക്കിയേ പറ്റു. അതിന്റെ ഭാഗമാണ് ഇ ഡി റെയ്ഡുകളും കേസുകളുമെന്നും സഭയില്‍ തന്നെയുള്ള ഒരു വലിയ വിഭാഗം വിശ്വസിക്കുന്നുണ്ട്.

സീരിയലുകളിലും സിനിമകളിലും ചോക്ലേറ്റ് പരിവേഷണുണ്ടായിരുന്ന നടൻ കൃഷ്ണ മുൻപ് അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന്  വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ മാസങ്ങൾക്ക് മുൻപുള്ള ഈ വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ചയും ആയിരുന്നു.

ഇപ്പോഴിതാ കൃഷ്ണയെ അനിയത്തിപ്രാവ് സിനിമയിലേക്ക് പരിഗണിച്ചിട്ടേ ഇല്ലായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഫാസിൽ ഒരു അഭിമുഖത്തിൽ ആണ് സംവിധായകന്റെ വെളിപ്പെടുത്തൽ.

അനിയത്തിപ്രാവിലേക്കല്ല ഹരികൃഷ്ണൻസിലേക്ക് ആണ് കൃഷ്ണയെ പരിഗണിക്കാൻ ആലോചിച്ചിരുന്നതെന്ന് വാർത്ത നിഷേധിച്ചുകൊണ്ട് ഫാസിൽ പറഞ്ഞത്. ഹരികൃഷ്ണൻസിൽ കുഞ്ചാക്കോ ബോബൻ ചെയ്ത വേഷം ചാക്കോച്ചന് ഡേറ്റ് ഇല്ലെങ്കിൽ കൃഷ്ണയെ കൊണ്ട് ചെയ്യിക്കാം എന്നായിരുന്നു ആലോചന.

എന്നാൽ, ആ വേഷം ചാക്കോച്ചൻ തന്നെ ചെയ്യാമെന്ന് പറഞ്ഞതോടെ പിന്നെ ആ വേഷത്തിലേക്ക് മറ്റാരെയും ചിന്തിച്ചില്ലെന്നും ഫാസിൽ പറയുന്നു. കൃഷ്ണ എന്റെ കുടുംബസുഹൃത്തും കൂടിയാണെന്നും തെറ്റിദ്ധാരണ തിരുത്തി ഫാസിൽ പ്രതികരിക്കുന്നു.

അനിയത്തിപ്രാവ് കഥ തയ്യാറായ ശേഷം പറ്റിയ ഒരു ആളെ തേടി നടന്നിരുന്നു. ആ സമയമാണ് പുതിയ വീട് വെച്ചത്. അന്ന് വീട് കാണാൻ അച്ഛനും അമ്മയ്ക്കും ഒപ്പം കുഞ്ചാക്കോ ബോബനും വന്നിരുന്നു. അന്നെടുത്ത ഒരു ഫോട്ടോ പിന്നീട് ആൽബത്തിൽ കണ്ടപ്പോൾ എന്റെ ഭാര്യയാണ് ചാക്കോച്ചനെ അനിയത്തിപ്രാവിലേക്ക് പരിഗണിച്ചാലോ എന്ന ആശയം പറഞ്ഞത്.

‘ആ ചിത്രം കണ്ടപ്പോൾ എനിക്കും ഇഷ്ടമായി. പിന്നെ ഞാൻ ചാക്കോച്ചന്റെ അമ്മയെയും അച്ഛനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് അനിയത്തിപ്രാവിലേക്ക് അദ്ദേഹം എത്തുന്നത്. മറ്റാരെയും പരിഗണിച്ചിട്ടില്ല.’- ഫാസിൽ തുറന്നുപറയുന്നു.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ ന്നാ താൻ കേസു കൊട്’. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്ന സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ആണ് ഇദ്ദേഹം. പുതിയ ചിത്രത്തിൽ നായകനായ എത്തുന്നത് കുഞ്ചാക്കോ ബോബൻ ആണ്. ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കാതോട് കാതോരം എന്ന പഴയ മലയാള ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ.

പുറത്തിറങ്ങിയ വീഡിയോയിൽ ഏറെ ശ്രദ്ധ നേടുന്നത് കുഞ്ചാക്കോ ബോബൻ തന്നെ. വ്യത്യസ്ത രൂപഭാവങ്ങളോടെ, നല്ല കിടിലൻ റോക്ക് ഡാൻസുമായി സ്ക്രീനിൽ നിറയുകയാണ് ചാക്കോച്ചൻ. റോക്ക് ഡാൻസ് എന്നതിലുപരി പാമ്പു ഡാൻസ് പ്ലസ് റോക്ക് ഡാൻസ് എന്ന് പറയുന്നതായിരിക്കും ഒരുപക്ഷേ കുറച്ചുകൂടി നല്ലത്. ഏതോ ഒരു ഉത്സവ ആഘോഷവേളയിൽ സ്റ്റേജിൽ ഒരുകൂട്ടം ഗായകർ ഗാനം ആലപിക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഇതിനനുസരിച്ച് ചുവടുവെക്കുന്ന കഥാപാത്രത്തെ ചിത്രത്തിൽ കാണാം.

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ഇത് ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെയുള്ള സ്റ്റെപ്പുകൾ ഒക്കെ ഇത് എങ്ങനെ സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്. ഉത്സവപ്പറമ്പുകളിൽ സ്ഥിരമായി കാണുന്ന പാമ്പ് ഡാൻസ് ആണല്ലോ ഇത് എന്നും ചിലർ കമൻറ് ചെയ്യുന്നുണ്ട്. എന്തായാലും സംഭവം കലക്കിയിട്ടുണ്ട് എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്.

എസ് ടി കെ ഫ്രെയിംസ് ബാനറിൽ സന്തോഷ് ടി കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിച്ചേഴ്സ് എന്നീ ബാനറുകളിൽ കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ രതീഷ് ബാലകൃഷ്ണൻ തന്നെയാണ്. ആഗസ്റ്റ് 11നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

ഷെറിൻ പി യോഹന്നാൻ

ഒരു മലയോരഗ്രാമത്തിൽ ഇലക്ട്രോണിക്സ് ജോലികളുമായി ജീവിക്കുകയാണ് അനിക്കുട്ടൻ. നിർബന്ധ ബുദ്ധിയുള്ള, പ്രത്യേക സ്വഭാവക്കാരനായ അനി പുലർച്ചെ മൂന്നരയ്ക്ക് എണീറ്റാണ് ജോലി ചെയ്യുന്നത്. തന്റെ ജോലിക്ക് തടസ്സമാകുന്നവരോട് അയാൾ ദേഷ്യപ്പെടുന്നുണ്ട്. അസ്വസ്ഥമായ മനസ്സുമായി ജീവിക്കുന്ന, കടുത്ത ജാതീയത വച്ചു പുലർത്തുന്ന കഥാപാത്രത്തെ വ്യക്തമായി സ്‌ക്രീനിൽ എത്തിക്കുന്നുണ്ട് തിരക്കഥാകൃത്ത് മഹേഷ് നാരായണൻ.

റിലീസിന് മുൻപ്, ഒരു സർവൈവൽ ത്രില്ലർ എന്ന നിലയിലാണ് ‘മലയൻകുഞ്ഞ്’ സ്വീകാര്യത നേടിയത്. ഫഹദ്, എ ആർ റഹ്മാൻ, മഹേഷ് നാരായണൻ തുടങ്ങിയവർ ഒന്നിക്കുമ്പോൾ ഒരു നല്ല സിനിമയിൽ കുറഞ്ഞൊന്നും പ്രേക്ഷകൻ പ്രതീക്ഷിക്കില്ല. ആദ്യ പകുതിയിൽ അനിയുടെ ജീവിതം വളരെ വിശദമായി പകർത്തുന്നതിനൊപ്പം അയാളുടെ മാറ്റങ്ങൾക്ക് കാരണമായ ഭൂതകാല സംഭവങ്ങളെയും പരാമർശിക്കുന്നുണ്ട്. ഫ്ലാഷ്ബാക്ക് സീനിൽ മാത്രമാണ് ചിരിക്കുന്ന അനിയെ നാം കാണുന്നത്. ആ ചിരി മായാനുള്ള കാരണം സിനിമ പറയുമ്പോൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുകൂടി ചിന്തിക്കാൻ പ്രേക്ഷകൻ തയ്യാറാകുന്നു.

അപ്രതീക്ഷിതമായ ദുരന്തത്തിൽ പെട്ടുപോകുന്ന അനിയുടെ കഥയാണ് രണ്ടാം പകുതിയിൽ. പ്രളയകാലത്തെ ഉരുൾപൊട്ടലാണ് സിനിമയുടെ പ്രധാന പ്ലോട്ട്. ആ ദുരന്തത്തിൽ അകപ്പെട്ടു പോകുന്ന അനി രക്ഷപെടാൻ പരിശ്രമിക്കുന്നുണ്ട്. അത് തിരിച്ചറിവിലേക്കുള്ള കരകയറ്റം കൂടിയാണ്. ഇവിടെയാണ് ‘മലയൻകുഞ്ഞ്’ ഒരു സർവൈവൽ ത്രില്ലർ എന്നതിലുപരി നല്ലൊരു ഡ്രാമയാകുന്നത്.

ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനവും എ. ആർ റഹ്മാന്റെ പശ്ചാത്തലസംഗീതവുമാണ് രണ്ടാം പകുതിയെ താങ്ങിനിർത്തുന്നത്. സംവിധായകന്റെ ക്രാഫ്റ്റോ തിരക്കഥയുടെ മേന്മയോ രണ്ടാം ഭാഗത്തു കാണാൻ കഴിയില്ല. എന്നാൽ ഫഹദിന്റെ ഭാവപ്രകടനങ്ങളിലൂടെയും മികച്ച ബിജിഎമ്മിലൂടെയും പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാവുന്നുണ്ട്. ജാഫർ ഇടുക്കിയുടെ പ്രകടനവും നന്നായിരുന്നു. കാഴ്ചകാരനുമായി ഒരു വൈകാരിക ബന്ധം സൃഷ്ടിക്കാൻ ക്ലൈമാക്സിനാവുന്നു.

മഴയുടെ ഭീകരതയും കഥാപരിസരവും കൃത്യമായി സ്‌ക്രീനിൽ എത്തിക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതിയിലെ രംഗങ്ങളെല്ലാം എത്രമാത്രം ബുദ്ധിമുട്ടിയാണ് ചിത്രീകരിച്ചതെന്ന് സിനിമ കണ്ടാൽ ബോധ്യമാകും. സജിമോൻ എന്ന സംവിധായകന്റെ ക്രാഫ്റ്റ് കാണാനാകില്ലെങ്കിലും കഥ പറച്ചിലിലും ഈയൊരു വിഷയം കൈകാര്യം ചെയ്ത രീതിയിലും അദ്ദേഹം നീതി പുലർത്തിയിട്ടുണ്ട്.

തന്റെ ജീവിതാനുഭവങ്ങൾ കാരണം ഒതുങ്ങി, ഒറ്റപ്പെട്ട്, കടുത്ത ജാതീയതയിൽ ജീവിക്കുന്ന ഒരു മനുഷ്യൻ. പ്രകൃതി അയാളെ കൊണ്ടെത്തിക്കുന്നത് തിരിച്ചറിവുകളുടെ മലവെള്ളപാച്ചിലിലേക്കാണ്. ‘മലയൻകുഞ്ഞ്’ മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആവുന്നതും അവിടെയാണ്.

Bottom Line – കഥാപാത്ര സൃഷ്ടിയിലും ആഖ്യാനത്തിലും മികച്ചു നിൽക്കുന്ന ചിത്രം സർവൈവൽ ത്രില്ലർ എന്നതിലുപരി നല്ലൊരു ഡ്രാമയായാണ് എനിക്ക് അനുഭവപ്പെട്ടത്. അനിയുടെ താഴ്ചയും ഉയർച്ചയും അടയാളപ്പെടുത്തുന്നതിനൊപ്പം കൃത്യമായ രാഷ്ട്രീയവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നടൻ വിനീത് തട്ടിൽ (45) അറസ്റ്റിൽ. പുത്തൻപീടിക സ്വദേശിയാണ്. ആലപ്പുഴ തുറവൂർ സ്വദേശി അലക്‌സിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് പണം കടം കൊടുത്തത് ചോദിക്കാൻ വിനീതിന്റെ വീട്ടിലെത്തിയ അലക്‌സിനെ വടിവാളുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. അന്തിക്കാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. പുത്തൻപീടികയിലെ വീട്ടിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്

 

Copyright © . All rights reserved