Kerala

ഷെറിൻ പി യോഹന്നാൻ

കേരളത്തിലെ ഒരു ക്ഷേത്രമുറ്റത്ത് ഒരു ദിവസം രാവിലെ അപൂർണാനന്ദൻ എന്ന സ്വാമി പ്രത്യക്ഷപ്പെടുന്നു. ആളുകളെല്ലാം വലിയ ആരാധനയോടെ ചുറ്റും കൂടി. അപ്പോഴാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയതായി അറിയുന്നത്. വിഗ്രഹം സ്വാമിയുടെ അടുത്തുനിന്ന് കണ്ടെടുക്കുന്നതോടെ അദ്ദേഹം കള്ളനാകുന്നു. അങ്ങനെ സ്വാമി വിചാരണയ്ക്കായി കോടതിയിൽ എത്തുന്നു. ഇത് വർത്തമാനകാലത്തെ കഥയാണ്. ഭൂതകാലത്തെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.

രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെ രോഗവും അതിന് പരിഹാരമാർഗം കാണാനുള്ള മന്ത്രിയുടെ ശ്രമവും തുടക്കത്തിൽ പറയുന്നുണ്ട്. ടൈം ട്രാവൽ, ഫാന്റസി എലമെന്റുകൾ ഉൾപ്പെടുന്ന ‘മഹാവീര്യർ’ ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ ശക്തമാണ്. ഒപ്പം കൃത്യമായ ആക്ഷേപഹാസ്യവും ചിത്രം ഒളിച്ചുവെക്കുന്നുണ്ട്. പരീക്ഷണ ചിത്രമെന്ന നിലയിൽ താല്പര്യമുണർത്തുമ്പോഴും ശരാശരി സിനിമ അനുഭവം സമ്മാനിക്കാനേ ‘മഹാവീര്യർ’ക്ക് സാധിക്കുന്നുള്ളൂ.

ചിരിയും ചിന്തയുമുണർത്തുന്ന ആദ്യ പകുതി മികച്ചു നിൽക്കുന്നു. കോടതി വിചാരണയിൽ ഉയരുന്ന ചോദ്യങ്ങളൊക്കെയും പ്രസക്തമാണ്. തിരക്കഥയുടെ ശക്തിയും സംഭാഷണങ്ങളും ആദ്യ പകുതിയെ സമ്പന്നമാക്കുന്നു. നിവിൻ പോളി, ലാലു അലക്സ്‌, മല്ലിക സുകുമാരൻ എന്നിവരുടെ പ്രകടനം ആദ്യ പകുതിയിൽ ശ്രദ്ധേയമാണ്. എല്ലാ കാലത്തും പ്രസക്തമായ വിഷയമാണ് സിനിമ സംസാരിക്കുന്നത്. എന്നാൽ പറയുന്ന രീതി വ്യത്യാസപ്പെട്ടിരിക്കും.

പരീക്ഷണത്തിൽ അധിഷ്ഠിതമായ രണ്ടാം പകുതിയാണ് എബ്രിഡ് ഷൈൻ നമുക്ക് മുന്നിലെത്തിക്കുന്നത്. രാജഭരണത്തിനു കീഴിലുള്ള വിചാരണയെ പറ്റി പറയുമ്പോഴും സംഭാഷണങ്ങളുടെ കാഠിന്യവും അതിനാടകീയതയിലേക്ക് വഴുതിപ്പോയ രംഗങ്ങളും ആസ്വാദനത്തെ ബാധിക്കുന്നു. സിനിമയുടെ ഗ്രാഫ് താഴുന്നതിനൊപ്പം അപൂർണാനന്ദനെ പോലെ സിനിമയും അപൂർണമായി അനുഭവപ്പെടും. രണ്ടാം പകുതിയിൽ നിവിൻ പോളി കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. ആസിഫ് അലി, സിദ്ദിഖ്, ലാൽ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ പൂർണതയിൽ എത്തിച്ചിട്ടുണ്ട്.

സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. ഛായാഗ്രഹണം, കലാസംവിധാനം, കളർ ഗ്രേഡിങ് എന്നിവയെല്ലാം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നുണ്ട്. ‘വരാനാവില്ലേ’ എന്ന ഗാനം മനോഹരമാണ്.

രാജഭരണത്തിന് കീഴിൽ, ഏകാധിപത്യത്തിന് കീഴിൽ നിയമവും നിയമപാലകരും നിയമസംവിധാനവും നോക്കുകുത്തിയാവുന്ന സ്ഥിതിയെ ദൃശ്യവത്കരിക്കുകയാണ് ‘മഹാവീര്യർ’. അത് ഇന്നത്തെ സാമൂഹിക – രാഷ്ട്രീയ അവസ്ഥകളോട് ചേർന്ന് നിൽക്കുകയും ചോദ്യമുന്നയിക്കുകയും ചെയ്യുന്നു. ഭരണാധികാരിയുടെ അധികാരത്തിൻ കീഴിൽ കണ്ണീർ വറ്റി പോകുന്ന പ്രജകളെ ബിംബവത്കരിക്കുന്നതിനൊപ്പം അവരിൽ നിന്ന് സന്തോഷ കണ്ണീർ ഒഴുക്കാൻ ഭരണാധികാരികൾക്ക് കഴിയുമോ എന്ന ചോദ്യവും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു.

Bottom Line – എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച ‘മഹാവീര്യർ’ ആക്ഷേപ ഹാസ്യ ചിത്രം എന്ന നിലയിലും പരീക്ഷണ ചിത്രം എന്ന നിലയിലും മികവ് പുലർത്തുന്നു. എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളും ആസ്വാദനത്തിന് വിലങ്ങുതടിയാവുന്നുണ്ട്. ഒരാത്മാവിനെയും അധികാരത്തിന്റെ ചാട്ടകളിൽ തളച്ചിടാനാവില്ലെന്ന് പറയുമ്പോഴും വീര്യം കുറഞ്ഞ മഹാവീര്യരാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്.

 

കഠിനമായ ആർത്തവ വേദനയുണ്ടെങ്കിലും അത് നിസാരമായി കാണുന്ന നിരവധി പേരുണ്ട്. എന്നാൽ ഇത്തരം വേദനയ്ക്ക് പിന്നിൽ ചിലപ്പോൾ വേറെ എന്തെങ്കിലും രോഗം ഒളിഞ്ഞിരിക്കുന്നുണ്ടാകാം. അത്തരത്തിൽ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ലിയോണ ലിഷോയ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ട് വർഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതമെന്ന്’ പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ട് വർഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതമെന്ന്’ പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.

എനിക്ക് എൻഡോമെട്രിയോസിസ് (സ്റ്റേജ് 2) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വർഷം. രണ്ട് വർഷത്തെ ഭയാനകമായ വേദനകൾ…വേദന മൂലം രണ്ട് വർഷത്തോളം സാധാരണ ജീവിതം നഷ്ടമായി.എൻഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീർച്ചയായും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാൻ ഒരുപാട് മുന്നോട്ട് പോയി എന്ന് വിശ്വസിക്കുന്നു.

എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്. ഇത് വായിക്കുന്ന സ്ത്രീകൾ ഇക്കാര്യം മനസിലാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കഠിനമായ ആർത്തവ വേദന സാധാരണമല്ല !! ദയവായി ഒരു ഡോക്ടറെ സമീപിക്കുക.’- എന്നാണ് നടി കുറിച്ചിരിക്കുന്നത്.

ഗര്‍ഭപാത്രത്തിനകത്തുള്ള കോശകലകള്‍ അസാധാരണമായി പുറത്തേക്ക് കൂടി വളരുന്ന അവസ്ഥയാണിത്. അണ്ഡാശയത്തിലും, അണ്ഡവാഹിനിക്കുഴലിലും, കുടലിലും ഈ കോശകലകളുടെ വളര്‍ച്ച ഉണ്ടാകും.

അച്ഛന്‍ മരിച്ചതറിഞ്ഞ് ബസിലിരുന്നു കരയുകയായിരുന്ന യുവതിക്കാണ് ഒരു പരിചയവുമില്ലാതിരുന്നിട്ടും അധ്യാപികയായ യുവതി സ്‌നേഹത്തണല്‍ ഒരുക്കിയത്. വളയംകുളം അസ്സബാഹ് കോളേജിലെ അധ്യാപിക അശ്വതിയാണ് നൂറിലേറെ കിലോമീറ്റര്‍ സാന്ത്വനമായി സഞ്ചരിച്ച് യുവതിയെ സുരക്ഷിതയായി വീട്ടിലെത്തിച്ചത്.

കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. ഒറ്റയ്ക്കിരുന്ന് വിതുമ്പുകയായിരുന്നു യുവതി. അധ്യാപികമാരായ അശ്വതിയും മജ്മയും ജോലിസ്ഥലത്തേക്കു പോകാന്‍ വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍നിന്ന് ഈ ബസില്‍ കയറി. ഇടതുവശത്തെ സീറ്റിലിരുന്ന് അടക്കിപ്പിടിച്ച് കരയുന്ന യുവതിയെ കണ്ടെങ്കിലും ആദ്യം കാര്യമാക്കിയില്ല. പാതിമുറിഞ്ഞ ഫോണ്‍ സംഭാഷണത്തിന് ഒടുവില്‍ കരച്ചില്‍ ഉയര്‍ന്നതോടെ ഇരുവരും യുവതിക്കരികിലെത്തി.

എറണാകുളത്തെ ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയാണ് യുവതി. അച്ഛന്റെ രോഗവിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ഇടയ്ക്കുവെച്ച് അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞതോടെയാണ് കരച്ചിലുയര്‍ന്നത്. ദുഃഖത്തില്‍ ഒപ്പം ചേര്‍ന്ന അധ്യാപികമാര്‍ യുവതിയെ ആശ്വസിപ്പിച്ചു. എറണാകുളത്തുനിന്ന് കയറുമ്പോള്‍ത്തന്നെ യുവതി അടക്കിപ്പിടിച്ച് വിതുമ്പുകയായിരുന്നുവെന്ന് ബസ് ജീവനക്കാരും പറഞ്ഞു. വളയംകുളത്ത് ബസ് എത്തിയെങ്കിലും അച്ഛന്‍ മരിച്ചതറിഞ്ഞ് തളര്‍ന്നുപോയ യുവതിയെ ഒറ്റയ്ക്ക് വിടാന്‍ അധ്യാപികമാരുടെ മനസ്സ് വിസമ്മതിച്ചു.

ഇരുവരും ചേര്‍ന്ന് ആലോചിച്ചു. ഒരാള്‍ കൂടെപ്പോകാന്‍ തീരുമാനിച്ചു. മജ്മ ജോലിസ്ഥലത്ത് ഇറങ്ങി. അശ്വതി യുവതിക്കൊപ്പം കൂടി. ഒരിക്കലും കണ്ടിട്ടില്ലാത്ത, ഒരിക്കലും പോയിട്ടില്ലാത്ത യുവതിയുടെ നാട്ടിലേക്ക് സാന്ത്വനം പകര്‍ന്നൊരു യാത്ര. കോഴിക്കോട്ടെത്തി പയ്യോളിയിലേക്ക് മറ്റൊരു ബസില്‍ക്കയറി വീട്ടുകാരുടെ കരങ്ങളില്‍ ആ യുവതിയെ സുരക്ഷിതമായി ഏല്‍പ്പിച്ചാണ് മടങ്ങിയത്. വൈകുന്നേരത്തോടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കനിവിന്റെ ഉറവ വറ്റാത്ത ഹൃദയത്തെ കോളേജും നാടും നമിച്ചു.

കോളേജിലെ ജോലിത്തിരക്കോ അവധിയുടെ കാര്യമോ വീട്ടുകാരുടെ സമ്മതമോ ഒന്നുംനോക്കാതെ ഒപ്പംപോയ അധ്യാപികയ്ക്ക് കണ്ടക്ടറും പിന്തുണയേകി. വളയംകുളം മുതല്‍ കോഴിക്കോടുവരെയുള്ള യാത്രയ്ക്ക് സഹായമേകിയാണ് കണ്ടക്ടറും തന്റെ മനുഷ്യത്വം തെളിയിച്ചത്.

എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണമെങ്കിലും ഇതില്‍നിന്ന് ഒരു നേട്ടവുമുണ്ടാക്കാനായില്ല.

സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും പിന്നീട് ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹി വരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയാതാവുകയും പ്രതിയെ തിരിച്ചറിയാന്‍ പറ്റാതെ വരികയുമായിരുന്നു.

ഇതിന് പിന്നാലെ പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുടെ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. ഇതോടെ ഈ വഴിക്കുള്ള അന്വേഷണവും മുട്ടി.

കഴിഞ്ഞ ജൂണ്‍ 30-ന് രാത്രി 11.30 ഓടെയായിരുന്നു എ.കെ.ജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. ആക്രമണം നടത്തിയത് കോണ്‍ഗ്രസ്സുകാരാണന്ന് ഉറപ്പിച്ച് പറഞ്ഞ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തിയതോടെ സംഭവം വന്‍ വിവാദമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിരുന്നു.

തലയോലപ്പറമ്പിൽ പ്ലസ് ടു വിദ്യാർഥിനി പുഴയിൽ ചാടി ജീവനൊടുക്കി. വെട്ടിക്കാട്ടുമുക്ക് കുഴിയം തടത്തിൽ പൗലോസ് മാത്യുവിന്റെ മകൾ ജീൻസി ആണ് മരിച്ചത്. 17 വയസായിരുന്നു. വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളിൽ നിന്നാണ് മൂവാറ്റുപുഴയാറിലേക്ക് ജീൻസി ചാടി ജീവൻ കളഞ്ഞത്. കഴിഞ്ഞ അർധരാത്രി 12.30 നാണ് സംഭവം.

തിരുവനന്തപുരം നവോദയ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പോകാനിരിക്കുകയായിരുന്നു. സാധനങ്ങൾ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെൺകുട്ടി ആരും അറിയാതെ വീടിന് പുറത്തേയ്ക്ക് പോയത്. പെൺകുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടോ ഡ്രൈവർ കണ്ടു.

തുടർന്ന് കടുത്തുരുത്തി അഗ്‌നിരക്ഷാ സേനയിൽ നിന്നുള്ള സംഘം എത്തി തിരച്ചിലിൽ നടത്തി മൃതദേഹം പുലർച്ചെ രണ്ടരയോടെ കണ്ടെത്തി. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടത്തി. മാതാവ്: മോളി പൗലോസ്. സഹോദരങ്ങൾ: ജിൻസ്, ജിനു.

ചലച്ചിത്രതാരം ശ്രീനാഥ് ഭാസി പണം വാങ്ങിയിട്ടും പരിപാടിക്ക് എത്തിയില്ലെന്ന് ആലപ്പുഴ കാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളുടെ ആരോപണം. കഴിഞ്ഞ 14ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയന്‍റ് കഫെ ഉദ്‌ഘാടനത്തിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു.

ആറു ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ നാലുലക്ഷം മുൻക്കൂറായി നൽകുകയും ബാക്കി തുക ഉദ്‌ഘാടന ദിവസവും കൈമാറാമെന്നായിരുന്നു ധാരണ. എന്നാൽ, പരിപാടിക്ക് ഒരു ദിവസം മുമ്പ് താൻ യു.കെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റാനും ശ്രീനാഥ്‌ ആവശ്യപ്പെട്ടു. തുടർന്ന് പരിപാടി 22ലേക്ക് മാറ്റി.

എന്നാൽ, വീണ്ടും പരിപാടി മാറ്റിവെക്കാൻ അദ്ദേഹം ആവശ്യപ്പെട്ടതോടെ ഒരുമാസം നീളുന്ന ടൂർണമെന്‍റ് നടത്താനായില്ല. ഇതുമൂലം ക്ലബിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ശ്രീനാഥ്‌ ഭാസിക്കെതിരെ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ക്ലബ് പാർട്ണർമാരായ സക്കീർ ഹുസൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നുമാണ് നടനെതിരെ ഉയരുന്ന ആരോപണം.സംഭവത്തിൽ, ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത. ഇന്ന് ചേര്‍ന്ന ഫിലിം ചേമ്പര്‍ യോഗത്തിലാണ് നടപടിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അടുത്തദിവസം ശ്രീനാഥ് ഭാസി ചേമ്പറില്‍ വിശദീകരണം നൽകണം.

ശ്രീനാഥ് ഭാസിക്ക് എഎംഎംഎയില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തതിനാലാണ് നടപടിക്ക് ഫിലിം ചേമ്പര്‍ മുന്‍കൈയെടുക്കുന്നത്.

കൊച്ചി വരാപ്പുഴ സ്വദേശി ശിവകുമാര്‍ വിശ്വനാഥനെയും‍, തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവില്‍ ഗ്രിഗറി ബ്രൂസിനെയും കൊലപ്പെടുത്തി വനമേഖലയിലെ ക്വാറിയില്‍ തള്ളിയിട്ടു മൂന്നു ദിവസം പിന്നിടുകയാണ്. ഇരുവരും താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ സേലം മേട്ടൂര്‍ സ്വദേശിയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ കേന്ദ്രീകരിച്ചാണു നിലവില്‍ അന്വേഷണം മുന്നോട്ടു പോകുന്നത്. സേലം എ.വി.ആര്‍. സര്‍ക്കിളിലെ ശരവണ ഡീലക്സ് എന്ന ഹോട്ടലില്‍ നാലുദിവസം ഇവര്‍ തങ്ങിയതായി കണ്ടെത്തി.

നിരവധി പേര്‍ ഇരുവരെയും കാണാന്‍ ഹോട്ടലില്‍ വന്നിരുന്നു എന്നാണ് ജീവനക്കാരുടെ മൊഴി. ഒന്നില്‍കൂടുതല്‍ പേര്‍ ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തു. ഇവരെയെല്ലാം തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.കാറില്‍ നിന്നു ലഭിച്ച ഫോണുകളില്‍ നിന്നാണ് അക്രമി സംഘത്തിലെ പ്രധാനി മലയാളിയാണന്ന സൂചന പൊലീസിനു കിട്ടിയത്.

കൊച്ചിയിലെെത്തിയ തമിഴ്നാട് പൊലീസ് സംഘം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കും. അതേ സമയം കൃത്യമായ ആസൂത്രണത്തോടെയാണ് ഇരട്ടകൊലപാതകമെന്നു സ്ഥിരീകരിച്ചു. മറ്റൊരു സ്ഥലത്തുവച്ചു കൊലപ്പെടുത്തിയതിനു ശേഷം രക്തക്കറകള്‍ തുടച്ചു വൃത്തിയാക്കി കിടക്കവിരിയില്‍ പൊതിഞ്ഞാണു ധര്‍മ്മപുരിയിലെ വനമേഖലയിലെ ക്വാറിയില്‍ ഉപേക്ഷിച്ചത്. യാത്രക്കിടയില്‍ വിശ്രമിക്കാനായി വാഹനം ഒതുക്കിയതാണെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ കാറ് ദേശീയപതയ്ക്ക് അരികില്‍ ഉപേക്ഷിച്ചു. ഫോണുകളും താക്കോലും കാറില്‍ ഉപേക്ഷിച്ചതും തെറ്റിധരിപ്പിക്കാനാണന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കല്ലേരി സ്വദേശി സജീവൻ (42) ആണ് മരിച്ചത്. സജീവനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ സജീവനെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചത്.

സ്റ്റേഷനിലിക്കെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി സജീവൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അതുകേൾക്കാതെ പൊലീസ് മർദ്ദിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ‌‌സിഗ്നൽ കടക്കുന്നതിനിടെ സജീവൻ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഈ തർക്കത്തെ തുടർന്നാണ് വടകര പൊലീസ് ഇന്നലെ രാത്രി സജീവനെ കസ്റ്റ‍ഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലിക്കെ സജീവൻ കുഴഞ്ഞുവീണു.

പുലർച്ചെ 2.30ന് സ്റ്റേഷനിൽ വളപ്പിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവർമാർ ആംബുലൻസ് വിളിച്ച് വടകര സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തി അരമണിക്കൂറിനകം മരിച്ചു. എന്നാൽ, കസ്റ്റഡിയിലിരിക്കെ അല്ല സജീവൻ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും അതിനുശേഷം കുഴഞ്ഞുവീണതാകുമെന്നും പൊലീസ് പറഞ്ഞു. സജീവന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ഉലകനായകൻ കമൽഹാസനു പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് മലയാളികളുടെ അഭിമാനതാരമായ ഫഹദ് ഫാസിൽ.​ ഫഹദിലെ നടനോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് മുൻപും അഭിമുഖങ്ങളിൽ കമൽ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ഇഷ്ടം തന്നെയാണ്, വിക്രം എന്ന ചിത്രത്തിലെ ഏറെ അഭിനയസാധ്യതയുള്ള വേഷത്തിലേക്ക് ഫഹദിനെ ക്ഷണിക്കാൻ കമലഹാസന് പ്രചോദനമായതും. ഫഹദിന്റെ കഥാപാത്രത്തിന് ‘വിക്ര’ത്തിൽ ലഭിക്കുന്ന പ്രാമുഖ്യവും ചേർത്തുനിർത്തലുകളും ഇരുതാരങ്ങൾക്കുമിടയിലെ സ്നേഹവായ്പു കൂടി വെളിവാക്കുന്നതായിരുന്നു.

ഫഹദിന്റെ പുതിയ ചിത്രം മലയൻകുഞ്ഞ് നാളെ തിയേറ്ററുകളിലേക്ക് എത്താനിരിക്കെ, തന്റെ പ്രിയപ്പെട്ട നടന് ആശംസകൾ നേർന്നുകൊണ്ട് കമൽഹാസൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നു. മലയൻകുഞ്ഞിന്റെ ട്രെയിലർ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു കമലിന്റെ പ്രതികരണം. ഫാസിലിന്റെ കുഞ്ഞ് തന്റെയുമാണെന്നാണ് സ്നേഹവായ്പോടെ കമൽ കുറിച്ചത്.

“ഫാസിലിന്റെ കുഞ്ഞ് എന്റെയുമാണ്. എല്ലാ സമയത്തും മികവ് വിജയിക്കട്ടെ. ഫഹദ് മുന്നേറുന്നു. എന്റെ എല്ലാ ഏജന്റുമാരും വിജയിക്കണം. പരാജയം ഒരു തിരഞ്ഞെടുപ്പല്ല. ഒരു ടീം എന്താണെന്ന് അവരെ കാണിക്കൂ,” കമൽ കുറിക്കുന്നു.

 

‘ഫാസിൽ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു’, എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.

ഫഹദ് നായകനാകുന്ന ‘മലയൻകുഞ്ഞ്’ സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സജിമോനാണ്. മഹേഷ് നാരായണൻ, വൈശാഖ്, വി.കെ. പ്രകാശ് എന്നിവരുടെ അസോഷ്യേറ്റ് ആയിരുന്നു സജിമോൻ. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഉരുൾപ്പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള ഒരു സർവൈവൽ ത്രില്ലറാണ് ചിത്രം. “ഒരാളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ അലട്ടിയ ശബ്ദം അയാളുടെ ജീവിതത്തിന്റെ പ്രതീക്ഷയായി മാറുകയാണ് ചിത്രത്തിൽ. നിങ്ങൾ ട്രെയിലറിൽ കണ്ടതെന്താണോ അതാണ് ഈ സിനിമ. പരസ്യങ്ങളിൽ പറയുന്നതുപോലെ ക്ലോസ്ട്രോഫോബിയ ഉള്ള ആളുകൾക്ക് ഈ സിനിമ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അവർക്കേ ഇത് കുറച്ചുകൂടി മനസ്സിലാകൂ. ഇതുപോലൊരു സിനിമ മലയാളത്തിൽ വേറെ ഇല്ലെന്ന് എനിക്ക് പറയാനാകും,” എന്നാണ് ചിത്രത്തെ കുറിച്ച് ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്.

രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥയൊരുക്കിയത്. സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങൾക്കു ശേഷം ഇരുവരും ഒന്നിക്കുകയാണ് ‘മലയൻകുഞ്ഞി’ലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നതും മഹേഷ് ആണ്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍മാർ.

കടുവ സിനിമ തീയേറ്ററുകളിലെത്തുന്നതിന് മുൻപ് തന്നെ ആരംഭിച്ചതാണ് സിനിമയെ ചൊല്ലിയുള്ള കലഹം. തീയ്യേറ്ററുകളിൽ സിനിമ നിറഞ്ഞോടുമ്പോഴും സിനിമയ്ക്ക് ആധാരമായത് തന്റെ കഥയാണെന്നും തനിക്കിത് അംഗീകരിക്കാനാകില്ലെന്നും കാണിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതി വരെ കയറിയിരുന്നു. എങ്കിലും ഏറെ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ചിത്രം തീയ്യേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് കലഹം മതിയാക്കി ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ കടുവ കാണാനെത്തിയിരുന്നു.

ഇപ്പോഴിതാ കടുവ സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ജോസ്. പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണമെന്നും പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നതെന്നും കുറുവച്ചൻ ചോദ്യം ചെയ്യുന്നു.

‘ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ല. ഒന്നാമതായി സിനിമയിൽ പറയുന്നത് പാലാ ഭാഷയല്ല. ‘എന്നതാടാ’ എന്ന് ഇവിടെയാരും പറയാറില്ല. ‘എന്നാടാ’ എന്നാണ് ചോദിക്കുന്നത്.

പിന്നെ ഒരു പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന ഒരു പാലാ അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നത്. എന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവ. അപ്പോൾ ഞാനുമായിട്ട് അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കിൽ നന്നായിരുന്നേനെ. സുരേഷ്‌ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം.’- വീണ്ടും തന്റെ ആഗ്രഹം കുറുവച്ചൻ പ്രകടിപ്പിച്ചു.

കഥയിൽ പലതും അനാവശ്യമായി കൂട്ടിച്ചേർത്തതാണെന്നും താനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും കുറുവച്ചൻ പറയുന്നു. സിനിമയാകുമ്പോൾ ഭാവനയുണ്ടാകും പക്ഷേ, ഒരാളെ അപകീർത്തിപ്പെടുത്തുന്നത് പോലെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും കുറുവച്ചൻ കൂട്ടിച്ചേർത്തു.

Copyright © . All rights reserved