നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിന് അന്വേഷണ സംഘം ഇനി സമയം നീട്ടിച്ചോദിക്കില്ല. നടിയും ദിലിപിന്‍റെ ഭാര്യയുമായ കാവ്യാ മാധവൻ കേസിൽ പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും.
അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് കേസില്‍ ക്രൈംബ്രാഞ്ചിന്റെമ പിൻമാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും പോലീസ് അറിയിച്ചിരുന്നു. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധിക കുറ്റപത്രത്തിൽ പ്രതിയാവുക.
തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തുടർ അന്വേഷണത്തിലെ ആദ്യ അറസ്റ്റാണിത്. കേസിലെ ‘വിഐപി’ ശരത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക (Playback Singer) സംഗീത സചിത് (Sangeetha Sachith) അന്തരിച്ചു. 46 വയസായിരുന്നു. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ശവസംസ്കാരം വൈകിട്ട് മൂന്നു മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാളം,തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി ഇരുനൂറോളം സിനിമകളില്‍ പാടിയ സംഗീത തമിഴില്‍ ‘നാളൈതീര്‍പ്പി’ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.
എ.ആര്‍.റഹ്മാന്റെ സംഗീതസംവിധാനത്തിന്‍ കീഴില്‍ ‘മിസ്റ്റർ റോമിയോ’യില്‍ പാടിയ ‘തണ്ണീരും കാതലിക്കും’ വലിയ ഹിറ്റായി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ‘എന്ന് സ്വന്തം ജാനകിക്കുട്ടി’യിലെ ‘അമ്പിളിപൂവട്ടം പൊന്നുരുളി’എന്ന ഗാനമാണ് സംഗീത മലയാളത്തില്‍ ആദ്യമായി പാടിയത്. ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടില്‍ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരെയേതോ’ ‘കാക്കക്കുയിലി’ലെ ‘ആലാരേ ഗോവിന്ദ’,’അയ്യപ്പനും കോശിയി’ലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങളാണ്. ‘കുരുതി’യിലെ തീം സോങ് ആണ് മലയാളത്തില്‍ ഒടുവിലായി പാടിയത്.
കെ.ബി.സുന്ദരാംബാള്‍ അനശ്വരമാക്കിയ ‘ജ്ഞാനപ്പഴത്തെ പിഴിന്ത്’ അവരുടെ ശബ്ദത്തെ അനുസ്മരിപ്പിക്കും വിധം ആലപിക്കാനുള്ള അപാരമായ സിദ്ധിയും സംഗീതയെ പ്രശസ്തയാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവിതരണച്ചടങ്ങില്‍ സംഗീത ഈ കീര്‍ത്തനം ആലപിക്കുന്നതിന് സാക്ഷിയായ അന്നത്തെ മുഖ്യമന്ത്രി ജയലളിത വേദിയിലേക്ക് കയറിവന്ന് തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വര്‍ണമാല ഊരി സമ്മാനിച്ചു.
മലയാളത്തിലും തമിഴിലുമായി നൂറിലേറെ ഓഡിയോ കാസറ്റുകള്‍ക്കുവേണ്ടിയും പാടിയിട്ടുണ്ട്. കര്‍ണാടക സംഗീതജ്ഞ എന്ന നിലയിലും പേരെടുത്ത സംഗീത എല്ലാ പ്രമുഖ ഗായകര്‍ക്കുമൊപ്പം വിദേശത്ത് ഗാനമേളകളും അവതരിപ്പിച്ചു. ” അടുക്കളയിൽ പണിയുണ്ട് “എന്ന സിനിമയുടെ സംഗീതസംവിധായകയുമാണ്.
കോട്ടയം നാഗമ്പടം ഈരയില്‍ പരേതനായ വി.ജി.സചിത്തിന്റെയും രാജമ്മയുടെയും മകളായ സംഗീത ചെന്നൈയിലായിരുന്നു സ്ഥിരതാമസം. അപര്‍ണ ഏക മകളാണ്. സഹോദരങ്ങൾ: സ്വപ്ന ശ്യാമപ്രസാദ്, സ്മിത അനിൽ.
വിശ്വഹിന്ദുപരിഷത്തിന്റെ യുവജന വിഭാഗമായ ബജറംഗ ദളും പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്‍റെ ഭാഗമായ വോളണ്ടിയര്‍ മാര്‍ച്ചും ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ പത്ത് മണിക്കാണ് ബജറംഗ ദളിന്‍റെ ഇരുചക്ര വാഹനറാലി.
വൈകീട്ട് നാലരക്കാണ് കല്ലുപാലത്ത് നിന്ന് ബീച്ചിലേക്ക് പോപ്പുലര്‍ ഫ്രണ്ടിന്‍റെ മാര്‍ച്ചും ബഹുജന റാലിയും നടക്കുന്നത്. ഒരേസമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങള്‍ നിശ്ചയിച്ചത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രണ്ട് സമയം നിശ്ചയിച്ചു നല്‍കുകയായിരുന്നു. പ്രകടനങ്ങള്‍ കണക്കിലെടുത്ത് നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ആലപ്പുഴക്ക് പുറമേ ,എറണാകുളം , കോട്ടയം ജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും. എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത നേരിട്ട് സ്ഥിതി ഗതികള് നിയന്ത്രിക്കും. പ്രകടനം കടന്നുപോകുന്ന വഴികളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കരുതെന്ന് പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. ബജ്റംഗ് ദള്‍ പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മണി വരെ കടകള്‍ തുറക്കാന്‍ പാടില്ല. പോപ്പുലര്‍ ഫ്രണ്ട് പ്രകടനം കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉച്ചക്ക് രണ്ട് മുതൽ കടകള്‍ അടച്ചിടണം
കോഴിക്കോട് അമിത അളവിൽ ഗുളിക കഴിച്ച യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്കു സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്.
യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. മരുന്ന് അമിതമായി കഴിച്ചതിനെ തുടർന്ന് അവശയായ അശ്വതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം, രക്തസമ്മർദം വളരെ കുറഞ്ഞ നിലയിലായിരുന്നു.
അവിടെനിന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അശ്വതിയുടെ മരണത്തിൽ സംശയങ്ങൾ പ്രകടിപ്പിച്ച് പിതാവ് പൊലീസിൽ പരാതി നൽകി.
വീട്ടിൽനിന്നു പതിവുപോലെ ജോലിക്കു പോയതാണെന്നും മരണകാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു. അഖിലേഷാണ് അശ്വതിയുടെ ഭർത്താവ്. അമ്മ: ഷീല. സഹോദരൻ: അശ്വിൻ.
ഷെറിൻ പി യോഹന്നാൻ
സിദ്ധാർഥിന്റെ ബാച്ചിലര്‍ പാർട്ടിക്ക് വേണ്ടിയാണ് ആ പതിനൊന്നു പേർ കുളമാവിലുള്ള റിസോർട്ടിൽ എത്തിയത്. ആറ് സ്‍ത്രീകളും അഞ്ച് പുരുഷൻമാരും അടങ്ങുന്ന സംഘം. ഇവർ പണ്ട് തൊട്ടേ നല്ല സുഹൃത്തുക്കളാണ്. ബാച്ചിലര്‍ പാര്‍ട്ടി പുരോഗമിക്കവേ ഒരു കളി കളിക്കാൻ ഇവർ ഒരുങ്ങുന്നു. എന്നാൽ വലിയ പ്രത്യാഘാതങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്. പകുതിക്ക് വച്ച് നിർത്തിയ ആ കളി പുനരാരംഭിക്കാൻ ഒരു പന്ത്രണ്ടാമൻ എത്തുന്നു – അതിലൂടെ ഒരു ഉത്തരം തേടാനും.
ജിത്തു ജോസഫിന്റെ മേക്കിങ് ശൈലിയോട് വലിയ താല്പര്യമില്ലെങ്കിലും രഹസ്യാത്മകത നിലനിർത്തിയുള്ള അദ്ദേഹത്തിന്റെ തിരക്കഥകൾ മികച്ചതാണ്. ഇവിടെ ഒരു ക്രൈം ഡ്രാമയിൽ whodunit എന്ന ചോദ്യമുന്നയിച്ച് അതിനുത്തരം കണ്ടെത്തുകയാണ് സംവിധായകൻ. മിസ്റ്ററി നിലനിർത്തി കഥ പറയുമ്പോൾ തന്നെ പല പോരായ്മകളും സിനിമയിൽ മുഴച്ചുനിൽക്കുന്നു.
പശ്ചാത്യ സിനിമകളിൽ നമ്മൾ കണ്ടിട്ടുള്ള കഥാഗതിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചത്. 2016 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ ചിത്രമായ ‘Perfect Strangers’ നോട് സമാനമായ കഥാഗതി ഇവിടെയും കാണാം. ഉറ്റ സുഹൃത്തുക്കളുടെ സംഘം, ഒരു കളി, അതിലൂടെ ഉണ്ടാവുന്ന ഒരാപത്ത്, പുറത്തുവരുന്ന രഹസ്യങ്ങൾ എന്നിങ്ങനെ കഥ പുരോഗമിക്കുന്നു. സിനിമയിലെ അന്വേഷണം ഒരു അടച്ചിട്ട മുറിയിലാണ് നടക്കുന്നത്. കഥാപാത്രങ്ങളുടെ തുറന്നു പറച്ചിലിലൂടെയാണ് പല സത്യങ്ങളും മറ നീക്കി പുറത്തു വരുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്ത ആഖ്യാനത്തിലൂടെ കഥയെ മുന്നോട്ട് കൊണ്ടുപോയത് നന്നായിരുന്നു. ഒപ്പം ആ ഉത്തരം കണ്ടെത്തുന്ന വഴിയും.
രണ്ടാം പകുതിയിലാണ് ചിത്രം എൻഗേജിങ് ആവുന്നത്. കഥാപാത്രങ്ങളുടെ വെളിപ്പെടുത്തലുകൾ പലതും കഥയെ കൂടുതൽ ഇൻട്രസ്റ്റിങ് ആക്കുന്നു. പ്രകടനങ്ങളിൽ എല്ലാവരും തങ്ങൾക്ക് ലഭിച്ച വേഷം ഭംഗിയാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ പ്രകടനമാറ്റവും ശ്രദ്ധേയമാണ്. കഥാപരിസരവും പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ സഹായിച്ചിട്ടുണ്ട്. എന്നാൽ ട്രില്ലടിപ്പിക്കുന്ന തരത്തിലുള്ള വൗ മൊമെന്റസ് കുറവാണെന്നതാണ് പ്രധാന പോരായ്മ.
പതിനൊന്ന് സുഹൃത്തുക്കളെ ഓരോരുത്തരായി പരിചയപ്പെടുത്തിയുള്ള തുടക്കം തന്നെ അനാവശ്യമായി തോന്നി. രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിലെ തുടക്ക രംഗങ്ങളൊക്കെ ദുർബലമായിരുന്നു. ഒരു സീരിയൽ ഫീലാണ് നൽകിയത്. എന്നാൽ പുരോഗമിക്കുന്തോറും കഥ ഗ്രിപ്പിങ്ങായി അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആ സംഘത്തിലെ ഒരാളാണ് കുറ്റവാളിയെന്ന് നമുക്ക് അറിയാം. അതിനാൽ തന്നെ ക്ലൈമാക്സും വലിയ ഞെട്ടലുണ്ടാക്കാതെ അവസാനിക്കുന്നു.
Last Word – പുതുമയില്ലെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ’12th Man’. രണ്ടാം പകുതിയിലെ കഥ പറച്ചിലും കാഴ്ചകളുമാണ് ചിത്രത്തിന്റെ ശക്തി. എന്നാൽ, ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുടെ അഭാവം ചിത്രത്തെ ബാധിക്കുന്നുണ്ട്. മൊത്തത്തിൽ, ഒരു ശരാശരി അനുഭവം.
മമ്മൂട്ടി-പാർവതി ചിത്രം പുഴു ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന ആരോപണവുമായി രാഹുൽ ഈശ്വർ. സിനിമയിൽ അഭിനേതാക്കൾ നല്ല രീതിയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ സിനിമ ബ്രാഹ്മണ സുമാദായമാകെ മോശക്കാരാണെന്ന് ചിത്രീകരിക്കുകയാണെന്നും രാഹുൽ ഈശ്വർ റിപ്പോർട്ടർ ടിവി ചർച്ചയിൽ പറഞ്ഞു.’എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കൽ സ്വഭാവമുള്ള വ്യക്തിയാണ്. ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പക്ഷെ പുഴു എന്ന സിനിമയിൽ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ,’ രാഹുൽ ഈശ്വർ ചോദിച്ചു.
സിനിമയിലെ ഒരു രംഗം ദളിത്, പിന്നോക്ക വിഭാഗ സംരക്ഷണ നിയമത്തെ ദുരുപയോഗം ചെയ്യുന്നതാണ് കാണിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ‘പുഴുവിൽ ഒരു രംഗമുണ്ട്. അതിലദ്ദേഹം (കുട്ടപ്പൻ) പറയുന്നത് വേണമെങ്കിൽ എസ് സി,എസ് ടി ആക്ടിന്റെ പേരിൽ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് വേണമെങ്കിൽ ഞാനൊരു കള്ളക്കേസ് ഫയൽ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്റെയും പാർവതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസർ സംസാരിക്കുമ്പോൾ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോഗമാണെന്നും നമ്മൾ മറക്കരുത്,’ രാഹുൽ ഈശ്വർ പറഞ്ഞു.
മമ്മൂട്ടി ഗംഭീരമായി അതഭിനയിച്ചിട്ടുണ്ട്. പക്ഷെ ബ്രാഹ്മണിക്കൽ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. ഞാൻ വേറൊരു ജാതിയിൽ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ചില എതിർപ്പുകളും കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ടെന്നത് ശരി. എന്റെ അടുത്ത സുഹൃത്ത് മുസ്ലിമാണ്. അദ്ദേഹം കല്യാണം കഴിക്കുന്നത് ബ്രാഹ്മണ പെൺകുട്ടിയെയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരിൽ ആളുകളെ കൊല്ലുന്നത്. ചിലപ്പോൾ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ചില സ്ഥലങ്ങളിൽ ദുരഭിമാനക്കൊല ഉണ്ടായിട്ടുണ്ടാവും.
കേരളത്തിൽ കഴിഞ്ഞ 50 വർഷത്തിൽ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണൻ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു. പക്ഷെ സിനിമ നല്ലതാണെന്നും പാർവതി ഗംഭീരമായിട്ട് അഭിനയിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിവില്‍ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. ദുബായിയിൽ നിന്നുമാണ് ജോർജിയയിലേക്ക് പോയതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയുമായി കുറ്റവാളികളെ കെെമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ. ഉടന്‍ തന്നെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. വിജയ് ബാബു എവിടെയാണെന്ന് സൂചന ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഐപിഎസ് നേരത്തെ പ്രതികരിച്ചിരുന്നു.
അതേസമയം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് പാസ്‌പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാല്‍ വിജയ് ബാബുവിനെതിരെ പുറപ്പെടുവിച്ച ബ്ലൂ കോര്‍ണര്‍ നോട്ടീസിന് യുഎഇ അധികൃതരില്‍ നിന്ന് മറുപടി ലഭിക്കാനുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയ ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം.
വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് രഹസ്യവിവരങ്ങള്‍ ലഭിച്ചതിനേത്തുടര്‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കില്‍ പെടാത്ത പണം സിനിമാ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22 നായിരുന്നു നടിയുടെ പരാതിയില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനക്ഷേമ സഖ്യത്തിന്റെ നിലപാട് ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. . തൃക്കാക്കരയില്‍ ജനക്ഷേമ സഖ്യം രാഷ്ട്രീയ നിലപാടെടുത്ത് കഴിഞ്ഞുവെന്നും സാബു പറഞ്ഞു.
അതിനിടെ, സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ലോ ഫ്‌ലോര്‍ ബസ് ക്‌ളാസ് മുറിയാക്കാനുള്ള നീക്കം നാസയെ വെല്ലുന്ന കണ്ടുപിടിത്തമാണ്. വിദ്യാഭ്യാസ,ഗതാഗത മന്ത്രിമാരെ അഭിനന്ദിക്കുന്നു. കോഴിവളര്‍ത്താന്‍ ബസ് ഉപയോഗിക്കാമെന്ന് കൃഷിമന്ത്രിയും പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ ഈ വിമര്‍ശനം തൃക്കാക്കരയിലെ നിലപാടിനോട് ചേര്‍ത്തുവായിക്കേണ്ടതില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.
മണ്ഡലത്തില്‍ എല്ലാ പാര്‍ട്ടികളും പ്രചാരണം ശക്തമാക്കി മുന്നോട്ടു പോകുകയാണ്. ഈ മാസം 31നാണ് തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. പി.ടി. തോമസിന്റെ വിയോഗത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
പാലക്കാട് മുട്ടിക്കുളങ്ങരയിൽ രണ്ട് പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടന്നതെന്തന്ന് വിവരിച്ച് പിടിയിലായവർ. വയലിൽ കാട്ടു പന്നിയെ കുടുക്കാനായി വൈദ്യൂതി കെണി സ്ഥാപിച്ചിരുന്നെന്നും അതിൽ പെട്ടാണ് ഇരുവരും മരിച്ചതെന്നും പ്രദേശ വാസികൾ കൂടിയായ ഇവർ പറഞ്ഞു.
പൊലീസുകാർ പന്നികെണിയിൽ പെടുന്നത് കണ്ടിരുന്നു. ഷോക്കേറ്റ് മരിച്ച രണ്ടു പേരെയും മാറ്റിക്കിടത്തി. പിന്നാലെ വെെദ്യൂതി കെണി മാറ്റുകയും ചെയ്യ്തു. അത്തിപ്പറ്റ സ്വദേശി മോഹൻദാസ്, എലവഞ്ചേരി സ്വദേശി അശോകൻ എന്നിവരെ ഇന്ന് രാവിലെയാണ് ക്യാംപിനോട് ചേർന്നുള്ള വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കൊയ്ത്തു കഴിഞ്ഞ പാടത്താണ് മൃതദേഹങ്ങൾ കണ്ടത്. 200 മീറ്റർ അകലത്തായിട്ടാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. എആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ.
തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്താറുള്ള മല്ലിക സുകുമാരൻ എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. മക്കളെ കുറിച്ചും, കൊച്ചുമക്കളെ കുറിച്ചുമാണ് മല്ലിക കൂടുതലും വിശേഷങ്ങൾ പറയാറുള്ളത്. കൂടാതെ പല കാര്യങ്ങളിലും മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുള്ള ആളുകൂടിയാണ് മല്ലിക. ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു രാത്രിയെ കുറിച്ചാണ് മല്ലിക തുറന്ന് പറയണത്.
മക്കളുടെ ഒപ്പം നിൽക്കാതെ തിരുവനത പുറത്തെ തന്റെ വീട്ടിൽ ഒറ്റക്കാണ് മല്ലികയുടെ ജീവിതം. താൻ അതാണ് ഇഷ്ടപ്പെടുന്നത് എന്നും, മക്കളുടെ ചിലവിലല്ല താൻ ജീവിക്കുന്നത് എന്നും മല്ലിക പറഞ്ഞിരുന്നു. മല്ലികയുടെ വാക്കുകൾ ഇങ്ങനെ, സാധാരണ പത്ത് മണിയാകുമ്പോഴെ താൻ കിടക്കാറുണ്ട്. പതിനൊന്ന് മണിയൊക്കെയാകുമ്പോൾ ഉറങ്ങും. ഒരു ദിവസം രാത്രി ഒരു മണിയോടെ ഇന്ദ്രന്റെ കോൾ. ഒന്നും പറയാതെ കോൾ കട്ടായി. തൊട്ടുപിന്നാലെ മറ്റൊരു നമ്പരിൽ നിന്നും വീണ്ടുമൊരു കോൾ വന്നു. എടുത്തപ്പോൾ മല്ലികേ എന്നൊരു വിളി. ആരാന്ന് ചോദിച്ചപ്പോൾ ഓഹോ നീ ശബ്ദം പോലും മറന്ന് പോയല്ലേ എന്ന് മറുചോദ്യം.
ഞാനത് കേട്ട് ആകെ ഭയന്നു, എനിക്ക് ചെറിയ വിറയല് പോലെ വരുന്നുണ്ട്. ഒരൊറ്റ നിമിഷം കൊണ്ട് എന്തൊക്കെയോ ചിന്തിച്ചുപോയി. എന്നാൽ നമ്മുടെ നടൻ സുരാജായിരുന്നു അത്. സുകുമാരേട്ടന്റെ അതേ ശബ്ദം. സത്യം പറയണം നിങ്ങൾ ആരാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചു. ആദ്യം മര്യാദയ്ക്ക് ചോദിച്ചെങ്കിലും ഒടുവിൽ ആരാണെന്ന് പറഞ്ഞില്ലെങ്കിൽ ഫോൺ കട്ട് ചെയ്യുമെന്ന് പറഞ്ഞു. പെട്ടെന്ന് ഇന്ദ്രജിത്ത് ഫോൺ മേടിച്ച് സുരാജേട്ടനാണെന്ന് പറയുന്നത്. ഇവരു രണ്ടുപേരും കൂടി മനപൂർവം എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതായിരുന്നു. ഏതായാലും തന്റെ അന്നത്തെ ഉറക്കവും പോയിക്കിട്ടി’ അതുമാത്രമല്ല പിന്നീട് താൻ സുരാജിനെ കണ്ടപ്പോൾ അന്ന് എന്റെ ഉള്ള് കത്തി പോയെന്ന് താൻ പറഞ്ഞിരുന്നു എന്നും മല്ലിക പറയുന്നു.
അതുപോലെ തന്റെ കൊച്ചുമക്കളിൽ എല്ലാവരും മിടുക്കികൾ ആണെങ്കിലും അതിൽ ഏറ്റവും മിടുക്കി അലംകൃത ആണെന്നാണ് മല്ലിക പറയുന്നത്, അവൾ ഇപ്പോഴേ ഈ കൊച്ച് വായിൽ വലിയ വർത്തമാനം പറയുന്ന ആളാണ്, ഇപ്പോഴേ അവൾക്ക് എഴുതാനും വായിക്കാനും വലിയ ഇഷ്ടമാണ്. അടുത്തിടെ എന്റെ പിറന്നാളിന് എനിക്കൊരു ചിത്രം വരച്ചാണ് അവള്‍ പിറന്നാള്‍ ആശംസിച്ചത്. അതൊക്കെ വലിയ സന്തോഷമാണ്. ആ ചിത്രം ഞാന്‍ ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
പണ്ട് രാജുവും ഇന്ദ്രനും ഇതേ സ്വഭാവമുള്ളവരായിരുന്നു. എഴുതാനും വായിക്കാനും അവരെ ചെറുപ്പം മുതല്‍ സുകുവേട്ടന്‍ ശീലിപ്പിച്ചിരുന്നു. യാത്രാവിവരണങ്ങളും വിശേഷങ്ങളും ഒക്കെ എഴുതാന്‍ അവര്‍ക്കും താത്പര്യമായിരുന്നു. ആലി അങ്ങനെയാണ്. ഒന്നും പറഞ്ഞില്ലെങ്കിലും അവള്‍ എഴുതും. അറിയാനുള്ള ആഗ്രഹവും വലിയ ചിന്തകളുമൊക്കെ ഇപ്പോഴേ അവള്‍ക്കുണ്ട്.’ മല്ലിക സുകുമാരന്‍ പറയുന്നു.