Kerala

അബൂദാബി നഗരത്തിലെ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. 120 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 64 പേരുടെ നില ഗുരുതരമാണ്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റാറന്റിലാണ് സ്ഫോടനം. തൊട്ടടുത്ത കടകളിലേക്കും തീപടര്‍ന്നു.

വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്‌ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്.

ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.

വന്‍ ശബ്ദത്തോടെയുണ്ടായ അപകടത്തില്‍ സമീപ ഷോപ്പുകളുകളിലെയും ഫ്‌ലാറ്റുകളിലെയും ഗ്ലാസുകളും മറ്റും പൊട്ടിത്തെറിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് വലിയ ശബ്ദം കേട്ടതായും ജനാലകള്‍ കുലുങ്ങിയതായും സമീപ കെട്ടിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു. ആദ്യം ചെറിയൊരു ശബ്ദവും പിന്നീട് വലിയ ശബ്ദവും തങ്ങള്‍ കേട്ടെന്ന് സമീപവാസികള്‍ വെളിപ്പെടുത്തി.

ആദ്യ ശബ്ദം കേട്ടയുടന്‍ ആളുകള്‍ പോലീസിനെയും സിവില്‍ ഡിഫന്‍സിനെയും വിവരമറിയിച്ചു. ഇതിനു പിന്നാലെയായിരുന്നു കാതടിപ്പിക്കുന്ന ശബ്ദം. ഇതോടെ സമീപ കെട്ടിടങ്ങളിലെ ജനാലകള്‍ വിറച്ചു. ചില ജനാലകളുടെ ചില്ലുകള്‍ തകര്‍ന്നുവീഴുകയും ചെയ്തു. റെസ്റ്റോറന്റിന് പുറത്തുനിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മുകളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ പതിച്ചു.

സമീപത്തെ നാലു താമസ കേന്ദ്രങ്ങളില്‍ നിന്ന് ജനങ്ങളെ മുന്‍കരുതലെന്ന നിലയ്ക്ക് അധികൃതര്‍ ഒഴിപ്പിക്കുകയും ചെയ്തു. റസ്റ്റോറന്റില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സിവില്‍ ഡിഫന്‍സ് എത്തി തീയണച്ചുവെന്നും അബൂദബി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ സ്ത്രീധന പീഡന മരണത്തില്‍ പ്രതി കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍. വിസ്മയ കേസിലാണ് ഭര്‍ത്താവ് മുന്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി. ഇതോടെ കിരണ്‍ കുമാറിനെ ഉടന്‍തന്നെ ജയിലിലേക്ക് മാറ്റും. ശിക്ഷ നാളെ പ്രഖ്യാപിക്കും.

സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം, സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദ്ദനം, ആത്മഹത്യ പ്രേരണ, തുടങ്ങിയവ തെളിയിക്കാനായെന്ന് സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ മോഹന്‍കുമാര്‍ അറിയിച്ചു. ഇന്ത്യന്‍ ശിക്ഷ വകുപ്പിലെ മൂന്ന് വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ രണ്ട് വകുപ്പുകളും തെളിയിക്കാനായി. എന്നാല്‍ സെക്ഷന്‍ 323, 506 എന്നിവ കോടതി പരിഗണിച്ചിട്ടില്ലെന്നാണ് പ്രോസിക്യുഷന്‍ പറഞ്ഞു. 10 വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്.

വ്യക്തിക്കെതിരെയുള്ള വിധിയല്ല, സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയുള്ള ശിക്ഷയായാണ് പ്രോസിക്യൂഷന്‍ കാണുന്നത്. പരമാവധി ശിക്ഷ നല്‍കണമെന്നാണ് ആവശ്യം. ഓരോ വകുപ്പിനും പ്രത്യേകം ശിക്ഷ വിധിക്കുമെന്നും പ്രോസിക്യുഷന്‍ അറിയിച്ചു.

താരസംഘടന ‘അമ്മ’ തുടരുന്ന ഇരട്ടത്താപ്പിന് എതിരെ ഹരീഷ് പേരടിയും ഷമ്മി തിലകനും രംഗത്ത്. രാജ്യം പാസ്‌പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് ‘അമ്മ’യിൽ മെമ്പർഷിപ്പുണ്ടാകും പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റൂവെന്ന് ഹരീഷ് പേരടി പരിഹസിക്കുന്നു. അച്ചടക്കമില്ലാതെ സംഘടനയ്ക്ക് മുന്നോട്ട് പോകാൻ പറ്റില്ലെന്നും അമ്മ ഡാ..സംഘടന ഡാ.. എന്നും ഹരീഷ് പേരടി കളിയാക്കി പറയുന്നുണ്ട്.

‘മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല. തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്. ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്. പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക.’- ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് മാനിഷാദാ എന്ന ശ്ലോകം തലക്കെട്ടാക്കി ഷമ്മി തിലകൻ പങ്കുവെച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

രാജ്യം പാസ്‌പോർട്ട് റദ്ധാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ്ബാബുവിന് A.M.M.A യിൽ മെമ്പർഷിപ്പുണ്ടാകും…പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു…കാരണം അച്ചടക്കമില്ലാതെ ഞങ്ങൾക്ക് മുന്നോട്ട് പോവാൻ പറ്റില്ല….A.M.M.A ഡാ…സംഘടന..ഡാ..ഇത് മക്കളെ രണ്ട് തട്ടിൽ നിർത്തുന്നതല്ല..തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ്… ഈ സംഘടനയെ ഞങ്ങൾ വിളിക്കുന്ന പേര് അമ്മയെന്നാണ്..പേറ്റുനോവറിഞ്ഞവരും വളർത്തുനോവറിഞ്ഞവരുമായ എല്ലാ അമ്മമാരും ക്ഷമിക്കുക…??????

നൗഷാദിന്റെ വലിയ മനസും കൈപുണ്യവും അറിഞ്ഞ ആർക്കും ‘ദ് ബിഗ് ഷെഫ്’ ഓർമ്മകൾ മാത്രമാകുന്നത് താങ്ങാനാവില്ല. പിതാവിന്റെ വിയോഗത്തോടെ തളർന്ന ബിരിയാണി പെരുമയുടെ അതിജീവനത്തിനായി ഇപ്പോഴിതാ മകൾ 13കാരി നഷ്‌വ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

നൗഷാദിന്റെ വിയോഗത്തോട് തളർന്നുതുടങ്ങിയ സംരംഭത്തിന് ഊർജ്ജം പകരാൻ വെല്ലുവിളികളെ മറികടന്നു അമരത്തേക്ക് എത്തിയിരിക്കുകയാണ് നഷ്‌വ. താൻ നൽകിയിരുന്നതുപോലെ എല്ലാവർക്കും വയറുനിറയെ ആഹാരം കൊടുക്കണം എന്നായിരുന്നു മരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ പോലും നൗഷാദ് ബന്ധുക്കളോട് ആവശ്യപ്പെട്ടത്.

കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫ്’ ഉടമ, പാചകവിദഗ്ധൻ, സിനിമാ നിർമാതാവ്, ടിവി അവതാരകൻ തുടങ്ങി ഒട്ടേറെ മേഖലകളിലൂടെ മലയാളികൾക്ക് പരിചിതനായിരുന്ന സൗഷാദിന്റെ വിയോഗം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

നട്ടെല്ലിനു നടത്തിയ സർജറിക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്ന് 2021 ഓഗസ്റ്റിലാണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹത്തിന്റെ മരണത്തിനു രണ്ടാഴ്ച മുൻപാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. മാതാപിതാക്കളെ ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട നഷ്വയെ അന്ന് ആശ്വസിപ്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല. അന്നുമുതൽ നഷ്വയുടെ രക്ഷകർതൃത്വം ഏറ്റെടുത്തിരിക്കുന്നത് മാതാവ് ഷീബയുടെ സഹോദരങ്ങളും കുടുംബവുമാണ്.

നൗഷാദിന്റെ മരണത്തോടെ നൗഷാദ് കേറ്ററിങ് ടീം തകർച്ചയിലേക്ക് പോയിരുന്നു. ഇവിടെ നിന്നും കൊഴിഞ്ഞുപോയവരിൽ പലരും സ്വന്തമായി ബിസിനസുകൾ ആരംഭിച്ചു. നൗഷാദിന്റെ പേരിലുള്ള കേറ്ററിങ് സർവീസ് ആണെന്നു തെറ്റിദ്ധരിപ്പിച്ചു മറ്റ് സ്ഥാപനങ്ങൾ ഓർഡർ സ്വീകരിക്കാൻ തുടങ്ങിയതോടെ നൗഷാദിന്റെ കാറ്ററിംഗും കുടുംബവും പ്രതിസന്ധിയിലായി.

ഇപ്പോഴിതാ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിച്ച് കാറ്ററിംഗ് ബിസിനസിന് പുത്തനുണർവ്വ് നൽകാൻ നൗഷാദ് കേറ്ററിങ് സർവീസിന്റെ സാരഥിയായി മകൾ നഷ്വ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ‘പിതാവിന്റെ കൈപ്പുണ്യം ഇനി മകൾ വിളമ്പും’ എന്ന ടാഗ്ലൈനോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ പോസ്റ്റ് ഇതിനോടകം ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു.

അതേസമയം, നൗഷാദിന്റെ ആഗ്രഹം മകളിലൂടെ പൂർത്തിയാകുമ്പോൾ സന്തോഷിക്കുന്നത് കുടുംബം മുഴുവനുമാണെന്നു ഷീബയുടെ സഹോദരി ജുബീനയും ഭർത്താവ് പിഎ നാസിമും പറയുന്നു.

നഷ്വയ്ക്കു ജന്മനാകിട്ടിയ പാചകസിദ്ധിക്കുമപ്പുറം പാചകം പ്രിയമുള്ള മേഖല കൂടിയാണ്. പിതാവിനെ പോലെ ഭക്ഷണവും പാചകവും തന്നെയാണു നഷ്വയുടെയും ഇഷ്ടമേഖല. ചെറുപ്പം മുതൽതന്നെ പിതാവിനൊപ്പം പരിപാടികളിൽ പങ്കെടുക്കാൻ നഷ്വയും പോയിരുന്നു. പിതാവിന്റെ പാചകരീതികൾ ശ്രദ്ധിച്ചിരുന്ന നഷ്വ പിന്നീട് സ്വയം പാചകപരീക്ഷണങ്ങൾ നടത്തിത്തുടങ്ങി.

തിരുവല്ല ബിലീവേഴ്‌സ് സ്‌കൂളിലെ വിദ്യാർഥിനിയാണൂ നഷ്വ. ഭാവിയിൽ വിദേശത്തുപോയി പഠിക്കണമെന്നും പിന്നീട് നാട്ടിലെത്തി ‘നൗഷാദ് ദി ബിഗ് ഷെഫിന്റെ’ സാരഥ്യം മുഴുവനുമായും ഏറ്റെടുത്തു സജീവമാകണമെന്നുമാണു നഷ്വയുടെ ആഗ്രഹം.

കേരളക്കരയുടെ നൊമ്പരമായി തീർത്ത വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. തന്റെ പിതാവിനോട് സങ്കടം പറഞ്ഞ് കരയുന്ന ഓഡിയോ സന്ദേശമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

‘എനിക്കിവിടെ വയ്യ അച്ഛ. എന്നെ അവർ ഒരുപാട് മർദിക്കുന്നുണ്ട്.. ഇനി ഇവിടെ നിർത്തിയാൽ എന്നെ കാണില്ലെന്നും വിസ്മയ കരഞ്ഞു പറയുന്നതാണ് ശബ്ദ സന്ദേശത്തിൽ. സന്ദേശം വൈറലായതോടെ നിരവധി പേർ ആക്രമിക്കുന്നത് വിസ്മയയുടെ പിതാവ് ത്രിവിക്രമനെയാണ്.

വീട്ടിൽ പീഡനം സഹിക്കുന്നു, അവിടെ നിക്കാൻ വയ്യ എന്ന് മകൾ കരഞ്ഞ് പറഞ്ഞിട്ടും എന്തുകൊണ്ടാണ് മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാതിരുന്നത് ? മകളെ തിരിച്ചു കൊണ്ടുവന്നിരുന്നുവെങ്കിൽ വിസ്മയ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നോ ? എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. തെറ്റുകാരൻ ത്രിവിക്രമൻ ആണെന്നാണ് സമൂഹം മുദ്രകുത്തുന്നത്. എന്നാൽ ശബ്ദ സന്ദേശം മാത്രം കേട്ട് കുറ്റംപറയാൻ നിൽക്കുന്നവർക്കുള്ള മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ത്രിവിക്രമൻ.

ത്രിവിക്രമൻ നായരുടെ മറുപടി;

‘ ആ ഓഡിയോ മെസേജ് വന്നതിന് ശേഷം ഞാൻ അവിടെ പോയി. എന്റെ കുട്ടിയെ ഞാൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ കുട്ടി. അല്ലാതെ അവളെ കളഞ്ഞിട്ടില്ല. ഞാൻ 26 വർഷം ഗൾഫിൽ പോയി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കിരണിന് കൊടുത്തത്. 80 പവനും പതിന്നൊകേൽ ലക്ഷത്തിന്റെ വണ്ടിയും, ഒന്നേകാൽ ഏക്കർ വസ്തുവും കൊടുക്കാമെന്ന് പറഞ്ഞതാണ്. അതവന് പോര.

വിസ്മയയുടെ ഫോൺ വന്നതിന് ശേഷം വിസ്മയയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു. ഈ സമയത്തായിരുന്നു മകന്റെ കല്യാണം. ഞാനും എന്റെ ഭാര്യയും അവരെ പോയി വിളിച്ചിരുന്നു. അവരാരും കല്യാണത്തിന് വന്നില്ല. അതിന് ശേഷം ഈ ബന്ധം വേണ്ടെന്ന് മകളോട് ഞാൻ പറഞ്ഞിരുന്നു. അവസാന പരീക്ഷ നടന്ന 17-ാം തിയതി എന്റെ കുട്ടി എന്നോട് പറയാതെ കോളജിൽ നിന്ന് കിരണിനൊപ്പം പോയത്. അവനെന്ത് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് എന്റെ കുട്ടിയെ കൊണ്ടുപോയതെന്ന് അറിയില്ല.

കേരളാ പോലീസിൽ നിന്നും നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി അർച്ചന കവി. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് നടി പറയുന്നു. സ്ത്രീകൾ മാത്രമായി ഓട്ടോയിൽ യാത്ര ചെയ്ത തങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചോദിക്കുകയായിരുന്നു എന്ന് അർച്ചന വ്യക്തമാക്കി.

വളരെ പരുക്കമായാണ് അവർ പെരുമാറിയതെന്നും സുരക്ഷിതമായി തോന്നിയില്ലെന്നും അർച്ചന ആരോപിച്ചു. വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നതെന്ന് പൊലീസ് ചോദിച്ചുവെന്നും അർച്ചന കൂട്ടിച്ചേർത്തു.

ഇൻസ്റ്റഗ്രാം കുറിപ്പിന്റെ പൂർണ രൂപം ;

ജെസ്നയും ഞാനും അവളുടെ കുടുംബത്തിനൊപ്പം മിലാനോയിൽ നിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് ചോദ്യം ചെയ്തു. ആ ഓട്ടോയിൽ ഞങ്ങൾ സ്ത്രീകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവർ വളരെ മോശമായാണ് പെരുമാറിയത്. ഞങ്ങൾക്ക് സുരക്ഷിതമായി തോന്നിയില്ല.

ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ അതിന് ഒരു രീതിയുണ്ട്. ഇത് അങ്ങേയറ്റം ശല്യപ്പെടുത്തുന്നതായിരുന്നു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജപരിശോധനാഫലങ്ങൾ നൽകി രോഗികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത വ്യാജഡോക്‌ടറെ മറ്റു ഡോക്‌ടർമാർ പിടികൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലാണ് (22) പിടിയിലായത്. വാർഡുകളിൽ കൂട്ടിരിപ്പുകാരില്ലാതെ കഴിയുന്ന രോഗികളോട്‌ ഡെർമറ്റോളജി വിഭാഗം പി.ജി വിദ്യാർത്ഥിയാണെന്ന് പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

രക്തപരിശോധനയ്‌ക്കുള്ള സാമ്പിളുകൾ ശേഖരിച്ച് ലാബുകളിൽ നൽകി പരിശോധനാഫലം രോഗികൾക്ക് നൽകുമ്പോൾ മാരകരോഗമാണെന്ന് വ്യാഖ്യാനിച്ചായിരുന്നു തട്ടിപ്പ്. തുടർപരിശോധനയ്ക്കും ചികിത്സയ്ക്കും വളരെയധികം ചെലവുണ്ടെന്നുപറഞ്ഞ് അവരിൽ നിന്ന് പണം വാങ്ങിയശേഷം മുങ്ങുകയായിരുന്നു രീതി. സ്റ്റെതസ്കോപ്പുള്ളതിനാൽ വാർഡുകളിൽ കറങ്ങി നടക്കുമ്പോഴും ആർക്കും സംശയം തോന്നിയില്ല.

ആശുപത്രിയിലെ സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ലാബുകളിലെ റിസൾട്ടുകളാണ് ഇയാൾ രോഗികൾക്ക് തിരികെ നൽകിയിരുന്നത്. പരിശോധനാഫലത്തിലെ ഗുരുതരമായ തെറ്റ് യൂണിറ്റ് ചീഫ് ഡോ. ശ്രീനാഥിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു അന്വേഷണം. മിക്ക ദിവസവും വാർഡുകളിൽ സീനിയർ ഡോക്ടർമാരുടെ പരിശോധന കഴിഞ്ഞശേഷമാണ് വ്യാജൻ എത്തിയിരുന്നത്. തെറ്റായ പരിശോധനാഫലം നൽകിയശേഷം വൃക്ക മാറ്റിവയ്‌ക്കേണ്ടിവരുമെന്നും തുടർപരിശോധനയ്‌ക്ക് കൂടുതൽ പണം കരുതണമെന്നും മൊബൈലും ബൈക്കും വിറ്റ് അത് കണ്ടെത്താമെന്നുമാണ് ഇയാൾ പറയുന്നത്.

ഒരു രോഗിയുടെ പരിശോധനാഫലത്തിലുണ്ടായ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് വ്യാജനെ കണ്ടെത്താൻ ഡോക്‌ടർമാർ തീരുമാനിച്ചത്. തുടർച്ചയായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ വാർഡിൽ എത്തിയപ്പോൾ പിടികൂടിയത്.

ഡോക്‌ടർമാരുടെ ലെറ്റർഹെഡ് ഉൾപ്പെടയുള്ളവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഇയാൾക്കെതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങിയ കുറ്റത്തിന് കേസെടുക്കുമെന്ന് മെഡിക്കൽ കോളേജ് സി.ഐ ഹരിലാൽ പറഞ്ഞു. ഇയാൾക്കൊപ്പം പിടിയിലായ മറ്റു രണ്ടുപേരെ കുറിച്ചും അന്വേഷണം നടത്തും. ആരൊക്കെ സഹായിച്ചു രോഗികൾക്ക് ഇയാൾ കൈമാറിയ കമ്പ്യൂട്ടറിൽ തയ്യാറാക്കിയ പരിശോധനാഫലങ്ങൾ ഇയാൾ വ്യാജമായി ഉണ്ടാക്കിയതാണോ, ആരുടെയെങ്കിലും സഹായം ലഭിച്ചോ, ലാബ് ജീവനക്കാർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷാസംവിധാനമുള്ള ആശുപത്രിയിൽ പാസില്ലാതെ ഒരാൾക്ക് പോലും കയറാൻ കഴിയില്ല. സന്ദർശനസമയത്ത് പോലും പ്രവേശനം പരിമിതമായ ഇവിടെ വ്യാജ ഡോക്ടർ സ്വൈരവിഹാരം നടത്തിയിട്ടും ആരുമറിഞ്ഞില്ലെന്നത് സുരക്ഷാ പാളിച്ചയിലേക്ക് വിരൽചൂണ്ടുന്നു.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

പൊൻകുന്നം: അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ജോസ് പുല്ലുവേലിയുടെ “വഴിയറിയാതൊഴുകുന്ന പുഴ” എന്ന അപ്രകാശിത ഓർമ്മ പുസ്തകം പ്രശസ്ത ചെറുകഥാകൃത്തും മാധ്യമ പ്രവർത്തകനുമായ രാധാകൃഷ്ണൻ മാഞ്ഞൂർ പ്രകാശനം ചെയ്തു. ഞായറാഴ്ച്ച വൈകുന്നേരം നാലു മണിക്ക് പൊൻകുന്നം ജനകീയ വായനശാല ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ വായനശാല പ്രസിഡൻ്റ് ടി. എസ് ബാബുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിലായിരുന്നു പ്രകാശന കർമ്മം നടന്നത്.

കെ എസ്. സെബാസ്റ്റ്യൻ്റെ ആമുഖ പ്രഭാഷണത്തോടെ നടന്ന സമ്മേളനം പൊൻകുന്നം സെയ്ത് ഉദ്ഘാടനം ചെയ്തു. കവി. ബാബു സക്കറിയ ബിനു. എം. പള്ളിപ്പാട് അനുസ്മരണം നടത്തി. പുസ്തകത്തിൻ്റെ ആദ്യ കോപ്പി ജോസ് പുല്ലുവേലിയുടെ കുടുംബാംഗങ്ങൾക്കു നൽകി കൊണ്ട് പ്രശസ്ത ചെറുകഥാകൃത്തും മുതിർന്ന മാധ്യമ പ്രവർത്തകനും കൂടാതെ യുകെയിൽ നിന്ന് പബ്ളീഷ് ചെയ്യുന്ന മലയാളം യുകെ ന്യൂസിൽ സൺഡേ സമരരേഖ കൈകാര്യം ചെയ്യുന്ന രാധാകൃഷ്ണൻ മാഞ്ഞൂർ പ്രകാശനം നിർവ്വഹിച്ചു.

പതിനേഴോളം പുസ്തകങ്ങളുടെ രചയിതാവായിരുന്നു ജോസ് പുല്ലുവേലി. തീഷ്ണമായ ജീവിതാനുഭവങ്ങളിലേക്ക് ഒരെഴുത്തകാരൻ്റെ തിരനോട്ടമാണിത്. ജിവിതയാത്രയിൽ കണ്ടുമുട്ടിയ വ്യത്യസ്തരായ മനുഷ്യരുടെ ലിറിക്കൽ സിംഫണി . ജനകീയ വായനശാല പുറത്തിറക്കിയ ഈ പുസ്തകത്തിൻ്റെ വില 160 രൂപയാണ്.

കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. അധിക കുറ്റപത്രം 30ന് സമര്‍പ്പിക്കും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണസംഘം ഉപേക്ഷിച്ചു. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആരോപണം.

ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ നടി കാവ്യ മാധവന്‍ കേസില്‍ പ്രതിയാകില്ല. സംഭവത്തിനു പിന്നിൽ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മൊഴി നൽകിയിരുന്നു.

അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തിവിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദര‌‌ീഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതോടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താൽപര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചു.

കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികൾക്കു പുറമേ വിചാരണക്കോടതിയെതന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ഗുരുതരമായ വാദവും അതേ വിചാരണക്കോടതി മുൻപാകെ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു.

വിദ്വേഷ പ്രസംഗം നടത്തിയ കേസിനിടെ പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധന. കൊച്ചി ഡിസിപി വിയു കുര്യാക്കോസ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പിസി ജോര്‍ജ് വീട്ടിലില്ലെന്നാണ് വിവരം.

പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പിസിയെ തേടി ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് സംഘമെത്തിയത്.

തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞ ശേഷമേ അറസ്റ്റ് ഉണ്ടാകൂവെന്നും പോലീസ് പറഞ്ഞു. കേസില്‍ അന്വേഷണം 80 ശതമാനം പൂര്‍ത്തിയായതായും സംഭവത്തില്‍ ഗൂഢാലോചന നടന്നോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

കേസില്‍ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ലാ സെക്ഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് പാലാരിവട്ടം പോലീസിന് ഇനി നിയമപ്രശ്‌നങ്ങള്‍ ഇല്ല. എന്നാല്‍ അറസ്റ്റ് ഉടന്‍ വേണ്ടെന്നാണ് പോലീസ് തീരുമാനം.

അതേസമയം പിസിയുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയില്‍ വീട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൊച്ചി ഡിസിപി വി യു കുര്യാക്കോസിന്റെ നേൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമാണ് പിസി ജോര്‍ജിന്റെ നിലപാട്. എന്നാല്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പിസി ജോര്‍ജ് വീണ്ടും ആവര്‍ത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനപൂര്‍വമാണെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. സമാന കുറ്റം ആവര്‍ത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിര്‍ദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷന്‍സ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved