Kerala

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ കൂട്ടരാജി. മാലാ പാര്‍വതിക്കു പിന്നാലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍നിന്ന് രാജിവച്ച് ശ്വേത മേനോനും കുക്കു പരമേശ്വരനും. ലൈംഗിക പീഡന പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര പരാതി പരിഹാര സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

വിജയ് ബാബു വിഷയത്തിൽ അമ്മ കൈക്കൊണ്ട തീരുമാനം അംഗീകരിക്കില്ല എന്ന നിലപാട് വ്യക്തമാക്കിയായിരുന്നു മാലാ പാ‍ർവതി രാജി സമർപ്പിച്ചത്. വിജയ് ബാബു മാറിനിൽക്കുമെന്നു പറയുന്നത് അച്ചടക്ക നടപടിയല്ല. എക്സിക്യൂട്ടീവിൽനിന്നു മാറ്റിനിർത്തണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്. ‘അമ്മ’ എക്സിക്യൂട്ടീവിന്റേത് തെറ്റായ നടപടിയാണ്. ഇത് അംഗീകരിക്കാനാകില്ലെന്നും മാലാ പാര്‍വതി പറഞ്ഞിരുന്നു.

ഇതേ തീരുമാനത്തിനെതിരെയാണ് മാലാ ‍പാർവതിക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നു രാജിവച്ചത്. ഐസിസി അധ്യക്ഷ കൂടിയായിരുന്ന ശ്വേത മേനോന്‍ അമ്മയുടെ വൈസ് പ്രസിഡന്റാണ്.

‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാമെന്നു നടന്‍ വിജയ് ബാബു അറിയിച്ചിരുന്നു. നിരപരാധിത്വം തെളിയിക്കുന്നതുവരെ മാറിനില്‍ക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. വിജയ് ബാബു നല്‍കിയ കത്ത് അമ്മ എക്‌സിക്യൂട്ടീവ് അംഗീകരിച്ചു.

മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാണ് ജഗദീഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിക്കുന്നത് കഴിഞ്ഞ മാസമാണ്. ഭാര്യ രമയുടെ വേര്‍പാടുണ്ടാക്കിയ വേദനയില്‍ നിന്നും നടന്‍ ഇപ്പോഴും മുക്തനായിട്ടില്ല. പല വേദികളിലും രമയെ കുറിച്ച് വാചാലനാവാറുള്ള ആളായിരുന്നു ജഗദീഷ്. എന്നാല്‍ ആ വേര്‍പാട് ജഗദീഷിനെ തകര്‍ത്ത് കളഞ്ഞു. ഇപ്പോള്‍ ഭാര്യയുടെ ഓര്‍മ്മകള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടന്‍.

ഫോറന്‍സിക സര്‍ജനായി കേരളത്തിലെ ഒട്ടുമിക്ക് വിവാദ കേസുകളും ഏറ്റെടുത്തിട്ടുള്ള ആളാണ് ജഗദീഷിന്റെ ഭാര്യ രമ. ശരിക്കും ഈ പ്രൊഫഷന്‍ ചെയ്യാന്‍ വേണ്ടി ജനിച്ച ആളാണ് രമയെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നാണ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ ജഗദീഷ് പറയുന്നു. രമയെ പെണ്ണുകാണാന്‍ പോയതിനെ പറ്റിയും വിവാഹത്തെ കുറിച്ചുമൊക്കെ നടന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ,

രമ ഫൊറന്‍സിക് സര്‍ജനാകാന്‍ തന്നെ ജനിച്ചയാളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മക്കളെ മോര്‍ച്ചറിയില്‍ കൊണ്ട് പോയി പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് കാണിച്ചിട്ടുണ്ട്. രണ്ടാമത് ഗര്‍ഭിണിയായ സമയത്ത് പലരും മുഖം ചുളിച്ചിരുന്നു. ഒരു ഗര്‍ഭിണി മൃതദേഹം കീറി മുറിക്കുന്നത് ശരിയാണോ?’ എന്നായിരുന്നു ചോദ്യം. എന്നാല്‍ പ്രസവവേദന വന്നാലെന്താ തൊട്ടടുത്തല്ലേ ലേബര്‍ റൂം. അവിടെ പോയങ്ങ് പ്രസവിക്കും എന്നായിരുന്നു രമയുടെ മറുപടിയെന്ന് ജഗദീഷ് പറയുന്നു.

‘എന്റെ രണ്ടാമത്തെ ചേച്ചി ഹൈസ്‌കൂളിലെ കെമിസ്ട്രി ടീച്ചറായിരുന്നു. പത്താം ക്ലാസ് പരീക്ഷയുടെ പേപ്പര്‍ വാല്യൂവേഷന്‍ കഴിഞ്ഞ് ചീഫ് എക്സാമിനറുടെ വീട്ടില്‍ അവ കൊടുക്കാന്‍ പോയപ്പോള്‍ കണ്ട കാഴ്ചയാണ് ആ വിവാഹത്തിലേക്ക് എത്തിയത്. പറമ്ബില്‍ നിന്ന് തേങ്ങ പെറുക്കി തേങ്ങാപ്പുരയിലേക്ക് ഇടുകയാണ് ടീച്ചറുടെ മകള്‍. അത് കഴിഞ്ഞയുടനെ പാര കൊണ്ട് വന്ന് പൊതിക്കാന്‍ തുടങ്ങി.

മോള്‍ എന്താ ചെയ്യുന്നേന്ന് അളിയനാണ് ചോദിച്ചത്. എംബിബിഎസ് ഫൈനല്‍ ഇയറിന് പഠിക്കുകയാണെന്ന് കേട്ടപ്പോള്‍ അവര്‍ ഞെട്ടി. വീട്ടിലെത്തിയതിന് ശേഷമാണ് ആ കൂട്ടിയെ ഒന്ന് ആലോചിച്ചാലോ എന്നവര്‍ ചോദിക്കുന്നത്’. അന്ന് എംജി കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. അങ്ങനെ രമയെ പെണ്ണുകാണാന്‍ പോയ എന്നെ അവരുമായി ചേര്‍ത്ത് നിര്‍ത്തി മാച്ചിങ് ആണോ എന്നൊക്കെ നോക്കിയത് അമ്മയാണ്. നാടകസംഘത്തില്‍ ഒപ്പമുണ്ടായിരുന്ന തോമസ് മാത്യു രമയുടെ ജൂനിയറാണ്. അദ്ദേഹത്തോട് അന്വേഷിച്ചപ്പോള്‍ രമ അല്‍പം ടഫ് ആണെന്നാണ് പറഞ്ഞത്. കല്യാണത്തിന്റെ പിറ്റേദിവസം ആ ടഫ്നസ് ജോലിയോടുള്ള ഡെഡിക്കേഷന്‍ ആണെന്ന് മനസിലായി. അധികം സംസാരമില്ലെങ്കിലും നല്ല ഹ്യൂമര്‍സെന്‍സാണ് രമ.

പീഡനക്കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാവകാശം വേണമെന്ന നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിന്റെ ആവശ്യം പോലീസ് തളളി. സാവകാശം നല്‍കാനാവില്ലെന്നും എത്രയും വേഗം കീഴടങ്ങണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഹാജരാകാന്‍ ഈ മാസം 19 വരെ സമയം നല്‍കണമെന്നായിരുന്നു വിജയ് ബാബുവിന്റെ ആവശ്യം.

ഔദ്യോഗിക യാത്രയിലായതിനാല്‍ മെയ് 19 വരെ ഇളവ് വേണമെന്ന ആവശ്യമാണ് വിജയ് ബാബു മുന്നോട്ടുവച്ചത്. എന്നാല്‍ സമയം നല്‍കില്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുമുള്ള നിലപാടിലാണ് പോലീസ്.

യുവനടിയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18ന് ഹൈക്കോടതി പരിഗണിക്കും.

അതേസമയം വിജയ് ബാബു വിഷയത്തില്‍ പ്രതിഷേധമറിയിച്ച് താര സംഘടനയായ അമ്മ ഐസിസിയില്‍ നിന്ന് നടി മാല പാര്‍വതി രാജിവച്ചു. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി പ്രഖ്യാപനം. അമ്മയുടെ ആഭ്യന്തര പരിഹാര സമിതിയാണ് ഐസിസി.

വിഷയത്തില്‍ കൂടുതല്‍ പേര്‍ സമിതിയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മാല പാര്‍വതി പറഞ്ഞു. വിജയ് ബാബുവിനെതിരെ നടപടി അനിവാര്യമാണെന്നും അവര്‍ പ്രതികരിച്ചു.

മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പി.സി. ജോര്‍ജിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ മകന്‍ ഷോണ്‍ ജോര്‍ജ് ഫേസ്ബുക്കില്‍ കൈകൂപ്പുന്ന ഇമോജി പോസ്റ്റിട്ടിരുന്നു. ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ആ പോസ്റ്റ് തിരുത്തിയിരിക്കുകയാണ് ഷോണ്‍. പോസ്റ്റ് ഒന്ന് എഡിറ്റ് ചെയ്യുന്നുവെന്നും കൈകൂപ്പിയ തന്നെ ചിത്തവിളിച്ചവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയുള്ള ഇമോജിയാണ് മറുപടിയെന്നുമാണ് ഷോണിന്റെ തിരുത്തിയുള്ള പോസ്റ്റ്.

‘ പോസ്റ്റ് ഒന്ന് എഡിറ്റ് ചെയ്യുന്നു. കൈകൂപ്പി പറഞ്ഞ എന്നെ , ഈ റംസാന്‍ മാസത്തില്‍ ചീത്ത വിളിച്ചവര്‍ക്കായി മാത്രം’ എന്ന് കുറിച്ചാണ് നടുവിരല്‍ ഉയര്‍ത്തിയുള്ള ഇമോജി പങ്കുവെച്ചത്.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി.സി. ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.

ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ് ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു.കേസില്‍ പി.സി. ജോര്‍ജിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു.

ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ജോര്‍ജ് രംഗത്തെത്തിയിരുന്നു. മുസ് ലിം തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമാണ് തന്റെ അറസ്റ്റെന്നും, മതസൗഹാര്‍ദത്തിനു വിരുദ്ധമായി ഒന്നും പ്രസംഗിച്ചിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു.

ഹിന്ദു മഹാസമ്മേളനത്തിലെ ജോര്‍ജിന്റെ പ്രസംഗത്തിലെ പരമാര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗും ഡി.വൈ.എഫ്.ഐയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്‌.

സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കേരളം. ബംഗാളിനെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ പരാജപ്പെടുത്തിയാണ് കേരളത്തിന്‍റെ സ്വപ്ന നേട്ടം.നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1–1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടിൽ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി.

ഗോള്‍ അകന്നുനിന്ന ഇരു പകുതികൾക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97–ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാള്‍ ലീഡ് എടുത്തത് (1–0). പിന്നാലെ എക്സ്ട്രാ ടൈം അവസാനിക്കാൻ 3 മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ ബിബിൻ അജയൻ കേരളത്തിനായി ഗോൾ മടക്കി (1–1). ഇരു പകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും, ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.

58–ാം മിനിറ്റിൽ ബംഗാൾ ഡിഫൻഡർമാരുടെ പിഴവിൽനിന്ന് പന്തു മറിഞ്ഞു കിട്ടിയെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഷോട്ട് പിഴച്ചു. പിന്നാലെ പെനൽറ്റി ബോക്സിനുള്ളിൽനിന്ന് ടി.കെ. ജെസിന്‍ തൊടുത്ത ഷോട്ടും പുറത്തേക്കാണു പോയത്. 2–ാം പകുതിക്കിടെ പരുക്കേറ്റ അജയ് അലക്സിനെ സ്ട്രെച്ചറിൽ പുറത്തേക്കു കൊണ്ടുപോയത് കേരളത്തിന് നിരാശയായി. ബിബിൻ അജയനാണ് പകരം കളത്തിലിറങ്ങിയത്.

ആദ്യ പകുതിയിൽ, 18–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു. പിന്നാലെ, 23–ാം മിനിറ്റിൽ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു. സെമിഫൈനലിൽ കർണാടകയ്ക്കെതിരെ ഇറങ്ങിയ അതേ ടീമിനെത്തന്നെയാണ് കോച്ച് ബിനോ ജോർജ് ഫൈനലിലും അണിനിരത്തിയത്.

സെമി ഫൈനലിൽ പകരക്കാരനായി ഇറങ്ങി 5 ഗോളടിച്ച ജെസിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല. 37–ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾ കീപ്പർ മിഥുൻ കേരളത്തിന്റെ രക്ഷകനായി. പിന്നാലെ 38–ാം മിനിറ്റിൽ വിക്നേഷിനെ പിൻവലിച്ച് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കി.

എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ പ്രതിരോധത്തെ പരീക്ഷിക്കാൻ ജെസിനായെങ്കിലും ഗോൾ മാത്രം വന്നില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളി മിഥുൻ മാത്രം മുന്നിലുള്ളപ്പോള്‍ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കി.

ചങ്ങനാശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്കൂൾ ഹോസ്റ്റലിൽ തൂങ്ങി മരിച്ചു.ചങ്ങനാശ്ശേരി ക്രിസ്തു ജ്യോതി സ്കൂൾ ഹോസ്റ്റലിൽ ആണ്‌ സംഭവം.വയനാട് മാനന്തവാടി സ്വദേശി അനുവിന്ദ് (16) ആണ്‌ മരിച്ചത്.ക്രിസ്തു ജ്യോതി സ്കൂളിൽ എൻട്രൻസ് കൊച്ചിങ്ങിനായി എത്തിയതായിരുന്നു വിദ്യാർത്ഥി. രാവിലെ ഹോസ്റ്റൽ അധികൃതരും മറ്റ് കുട്ടികളുമാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്.

സ്കൂൾ അധികൃതർ ഉടൻതന്നെ പോലീസിൽ വിവരമറിയിച്ചു. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.

മാനന്തവാടി ഇലക്ട്രിക് സെക്ഷനിലെ അസി.എഞ്ചിനീയര്‍ പായോട് വാകയില്‍ ബിനു ആണ് പിതാവ്. മാതാവ്: ഡോ.ജിപിനി (ഗവ.അയുര്‍വേദ ആശുപത്രി, യവനാര്‍കുളം). സഹോദരി: സോനാലി. സംസ്‌കാരം മാനന്തവാടി അമലോത്ഭവമാതാ പള്ളി സെമിത്തേരിയില്‍ നടന്നു.

പഠനത്തിൽ മിടുക്കിയും എല്ലാവരുടേയും പ്രിയപ്പെട്ടവളുമായിരുന്നു എവി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിനി ദേവനന്ദ(17). ഭക്ഷ്യവിഷബാധയെ തുടർന്ന് ദേവനന്ദ ജീവൻ വെടിഞ്ഞത് കരിവെള്ളൂർ ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

മൂന്നുമാസം മുൻപാണ് ദേവനന്ദയുടെ അച്ഛൻ മരിച്ചത്. അതിനുശേഷം പെരളത്തെ വീട്ടിലും ചെറുവത്തൂരിലെ അമ്മയുടെ സഹോദരിയുടെ വീട്ടിലുമായാണ് വിദ്യാർത്ഥിനി താമസിച്ചിരുന്നത്. പഠനത്തോടൊപ്പം ബാലസംഘത്തിന്റെ പ്രവർത്തകയുമായിരുന്നു. കഴിഞ്ഞാഴ്ചയാണ് ചെറുവത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ദേവനന്ദ ട്യൂഷന് ചേർന്നത്. ഇവിടെ സമീപത്തുള്ള കടയിൽ നിന്നാണ് കൂട്ടുകാരിക്കൊപ്പം ഷവർമ കഴിച്ചതും ഭക്ഷ്യവിഷബാധയ്ക്ക് ഇരയായതും.

ദേവനന്ദയുടെ മരണവിവരം അറിഞ്ഞ് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ രക്ഷിതാക്കളും പരിഭ്രാന്തരായി. മക്കളെ ചേർത്തുപിടിച്ച് വീട്ടുകാർ കരഞ്ഞു. നാട്ടുകാരുടെ കണ്ണുകളും നിറഞ്ഞു. അവധി പോലും റദ്ദാക്കി ഡോക്ടർമാരും ഓടിയെത്തി. എന്നാൽ മറ്റു കുട്ടികൾക്കൊന്നും ഗുരുതര ആരോഗ്യ പ്രശ്‌നമില്ലെന്ന് അവർ പറഞ്ഞതോടെ നിരവധി പേർക്കാണ് ആശങ്കയകന്നത്.

ഭക്ഷ്യവിഷബാധയേറ്റ് ജില്ലാ ആസ്പത്രിയിലെത്തിയവരെ ആശ്വസിപ്പിക്കാൻ ജനപ്രതിനിധികളും നാട്ടുകാരുമെല്ലാമെത്തിയിരുന്നു. മരിച്ച ദേവനന്ദയ്ക്കൊപ്പം ഷവർമ കഴിച്ച അർഷ (15) ജില്ലാ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും മറ്റ് 15 പേർ പ്രത്യേക വാർഡിലും ചികിത്സയിലാണ്. തീവ്രപരിചരണവിഭാഗത്തിലുള്ള അർഷ അധികം കഴിയും മുൻപേ അസ്വസ്ഥതയിൽനിന്ന് മുക്തിനേടി.

കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾതന്നെ ആർഎംഒ ഡോ. ശ്രീജിത്ത് മോഹന്റെ നേതൃത്വത്തിൽ ഡോക്ടർമാരുടെ ടീം എത്തി. ദേവനന്ദയെ വെന്റിലേറ്ററിലാക്കി രക്ഷപ്പെടുത്താനുള്ള പരിശ്രമവും നടത്തിയിരുന്നു.

ഷെറിൻ പി യോഹന്നാൻ

ഇന്നിന്റെ രാഷ്ട്രീയ സാഹചര്യങ്ങളോട്, രാഷ്ട്രത്തിന്റെ സമകാല അവസ്ഥയോട്, നീതിപീഠത്തോട് ചോദ്യങ്ങൾ ഉന്നയിക്കാൻ സിനിമ ഒരു ആയുധമാക്കുന്നു. ഇത്തരം സിനിമകൾ നിർമ്മിക്കാനും അതിലഭിനയിക്കാനും പ്രിത്വിരാജ് എന്ന നടൻ തയ്യാറാകുന്നു – അഭിനന്ദനാർഹമായ കാര്യം. ഡിജോ ജോസിന്റെ ‘ജന ഗണ മന’ ഒരു പൊളിറ്റിക്കൽ – കോർട്ട് റൂം ഡ്രാമയാണ്. നമ്മൾ എന്നെങ്കിലുമൊക്കെ ചോദിച്ച, സ്വയം മനസ്സിലാക്കിയ, തിരിച്ചറിഞ്ഞ കാര്യങ്ങളാണ് സിനിമ സധൈര്യം മുൻപോട്ട് വെക്കുന്നത്. അത് വെറുതെ അവതരിപ്പിക്കുകയല്ല. മറിച്ച് ശക്തമായി സ്‌ക്രീനിൽ എത്തിയിട്ടുണ്ട്.

രാമനഗര കേന്ദ്ര സർവകലാശാലയിലെ അധ്യാപികയുടെ മരണത്തെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ പെട്ടെന്നു തന്നെ രാജ്യമൊട്ടാകെ വ്യാപിക്കുന്നു. എത്രയും വേഗം പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തമാകുന്നു. അന്വേഷണ ചുമതല എസിപി സജൻ കുമാറിനാണ്. അദ്ദേഹത്തിന്റെ അന്വേഷണങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത് – ആദ്യ പകുതി വരെ. രണ്ടാം പകുതിയിൽ ഒരു കോർട്ട് റൂം ഡ്രാമയായി ചിത്രം രൂപം മാറുന്നു.

അന്വേഷണത്തിൽ ഭരണകൂടത്തിന്റെ കൈകടത്തൽ ഉണ്ടാവുമ്പോൾ, ഏവരും പ്രതികളെന്ന് വിധിയെഴുതിയവർക്ക് ശിക്ഷ നടപ്പാക്കാൻ കഴിയാതെ വരുമ്പോൾ നീതിയാണോ നിയമമാണോ നോക്കേണ്ടത്? ജനങ്ങളുടെ പൊതുവികാരത്തോടൊപ്പം പ്രേക്ഷകനും സഞ്ചരിക്കുമ്പോൾ അതിനെ റദ്ദ് ചെയ്യുന്ന കാഴ്ചയാണ് രണ്ടാം പകുതിയിൽ. ആ കാഴ്ചകളാണ് ഇന്നത്തെ സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി. അവിടെ തെളിയുന്ന കാഴ്ചയും ഉയരുന്ന സത്യങ്ങളും കാഴ്ചക്കാരനെ ശക്തമായി സ്വാധീനിക്കുന്നുണ്ട്.

എസിപി സജൻ കുമാറായുള്ള സുരാജിന്റെ മികവുറ്റ പ്രകടനമാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്. കൂടുതൽ തീവ്രമായി കഥ പറയാൻ ഒരു നിലമൊരുക്കുന്നു എന്നതിലുപരി ഒന്നാം പകുതിയിൽ താല്പര്യമുണർത്തുന്ന കാഴ്ചകൾ കുറവാണ്. “In the matters of conscience the law of the majority has no place” – ഗാന്ധിജിയുടെ ഈ വാചകങ്ങളാണ് രണ്ടാം പകുതിയിലേക്ക് വഴി തുറക്കുന്നത്. അവിടെ നമ്മൾ അരവിന്ദ് സ്വാമിനാഥൻ എന്ന വക്കീലിനെ കാണുന്നു. രണ്ടാം പകുതിയിലെ കോർട്ട് റൂം സീൻ റിയലിസ്റ്റിക് ആക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. അത് സിനിമാറ്റിക് ആയാണ് അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ശക്തമായ സംഭാഷണങ്ങളും മികവുറ്റ കാഴ്ചകളും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും കടന്നുവരുന്നു.

പ്രിത്വിരാജ്, സുരാജ്, വിൻസി, മംമ്ത, ശാരി, പശുപതി രാജ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ, ജെക്സ് ബിജോയിയുടെ ഗംഭീരമായ പശ്ചാത്തലസംഗീതം, ഷാരിസ് മുഹമ്മദിന്റെ ബോൾഡായ സ്ക്രിപ്റ്റ്, രണ്ടാം ഭാഗത്തിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ എന്നിവയൊക്കെ സിനിമയെ എൻഗേജിങ്‌ ആയി നിലനിർത്തുന്നു. രണ്ടാം ഭാഗത്താണ് ചിത്രം കൂടുതൽ കാര്യങ്ങൾ പറയുക എന്ന് തോന്നുന്നു. അത്തരമൊരു ക്ലൈമാക്സ്‌ നൽകി നമ്മുടെ പ്രതീക്ഷ വർധിപ്പിച്ചുകൊണ്ടാണ് ഈ ചിത്രം അവസാനിക്കുന്നത്.

Last Word – ‘ജന ഗണ മന’ വളരെ ബോൾഡ് ആയ അറ്റംപറ്റ് ആണ്. ഇന്ത്യയിൽ നടന്ന പല സംഭവങ്ങളും സിനിമകാഴ്ചയിൽ നമ്മുടെ മനസ്സിലേക്ക് തികട്ടി വരും. പല യാഥാർഥ്യങ്ങളെ കൂടി സ്‌ക്രീനിൽ എത്തിച്ച്, കാലികപ്രസക്തിയുള്ള സിനിമ ഒരുക്കിയെടുത്തത്തിൽ സംവിധായകനും കൂട്ടർക്കും അഭിമാനിക്കാം. തിയേറ്റർ വാച്ച് അർഹിക്കുന്ന ചിത്രം.

ഉടുത്തിരിക്കുന്ന വേഷങ്ങൾ കൊണ്ട് മനുഷ്യരെ വിധിക്കുന്ന, മുൻവിധികളോടെ സമീപിക്കുന്ന, ഭൂരിപക്ഷത്തിന്റെ ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന, ജാതിക്കൊലപാതകങ്ങളും പീഡനവും നിത്യവാർത്തയാകുന്ന ഒരു രാജ്യത്താണ് ഈ ചിത്രം ജനങ്ങളിലേക്ക് ആളിപടരുന്നത്. ഇന്നും ജനങ്ങൾ കയ്യടിക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളെ (Police Encounter) പ്രതികൂട്ടിൽ നിർത്തി വിചാരണ ചെയ്യുന്നുണ്ട് ചിത്രം. അത്തരം കൊലപാതകങ്ങൾക്ക് നമ്മൾ കയ്യടിക്കുമ്പോൾ വിളവ് കൊയ്യുന്നത് ആരാണെന്ന് കൂടിയോർക്കണം.

സിനിമയിൽ ഒരധ്യാപകൻ പറയുന്ന ആശയത്തോട് വ്യക്തിപരമായ എതിർപ്പുണ്ട്. ‘അവർ ചുംബന സമരത്തിന്‌ പോയതിനല്ല തല്ല്‌ കൊണ്ടത്‌’ എന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് ആക്രമണത്തിനിരയായ വിദ്യാർത്ഥികൾക്ക് വേണ്ടി പോരാടാൻ അദ്ദേഹം പറയുന്നത്. ആ സമരരീതിയോട് വിയോജിക്കാമെങ്കിലും സമരത്തെയും സമര പശ്ചാത്തലത്തെയും പാടെ തിരസ്കരിക്കുന്നത് ശരിയല്ലെന്ന് തോന്നി.

Institutional Murder ചർച്ച ചെയ്യാൻ സിനിമ തയ്യാറായെന്നതും പ്രശംസനീയമായ കാര്യമാണ്. ദളിത്‌ വിദ്യാർത്ഥിയെ കൊണ്ട് കാൽ നക്കിച്ച സംഭവവും രോഹിത്‌ വെന്മുലയും ഫാത്തിമ ലത്തീഫുമൊക്കെ ചോദ്യചിഹ്നങ്ങളായി നിൽക്കുന്നത് അവിടെയാണ്. ഇതൊന്നും ‘ഒറ്റപ്പെട്ട’ സംഭവങ്ങൾ അല്ലെന്ന് സിനിമ സധൈര്യം വിളിച്ചുപറയുന്നു.

പ്രശസ്തയായ യൂട്യൂബർ റിഫ മെഹ്നുവിന്റെ മരണത്തെ സംബന്ധിച്ച് ഉയർന്ന ദുരൂഹത നീക്കാൻ പോലീസ് നീക്കം. കേസ് അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. ഇതിനായി അന്വേഷണസംഘം ആർഡിഒയ്ക്ക് അപേക്ഷ നൽകി. ആർഡിഒയുടെ അനുമതി ലഭിച്ചാൽ ഉടൻ റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

ദുബായിൽവെച്ച് റിഫയുടെ പോസ്റ്റ്മോർട്ടം നടത്തിയെന്നായിരുന്നു ഭർത്താവും സുഹൃത്തുക്കളും റിറയുടെ കുടുംബത്തോട് പറഞ്ഞിരുന്നതെന്ന് വ്യക്തമായി. മെഹ്നു കബളിപ്പിച്ചതായി കുടുംബം പോലീസിൽ നൽകിയ പരാതിയിലും സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് മെഹ്നു എന്തിന് കള്ളം പറഞ്ഞെന്ന് കണ്ടെത്താൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.

മാർച്ച് ഒന്നാം തീയതിയാണ് റിഫയെ ഭർത്താവ് മെഹ്നാസിനൊപ്പം താമസിക്കുന്ന ദുബായിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വ്ളോഗറും ഭർത്താവുമായ കാസർകോട് സ്വദേശി മെഹ്നാസിനെതിരേ കഴിഞ്ഞദിവസമാണ് പോലീസ് കേസെടുത്തത്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

ദുബായിലെ കരാമയിൽ പർദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.

താരസംഘടന അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായ വിജയ് ബാബുവിനെതിരെ പീഡന പരാതി വന്നിട്ടും മോഹന്‍ലാലും ഇടവേള ബാബുവും അടക്കമുളളവര്‍ പ്രതികരിക്കാത്തതിനെതിരെ ബൈജു കൊട്ടാരക്കര

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍

‘വിജയ് ബാബു ചെയ്തത് രണ്ട് തെറ്റുകളാണ്. അതില്‍ ഏറ്റവും വലിയ തെറ്റ് ആ ഇരയുടെ പേര് വെളിപ്പെടുത്തിയതും അതിലൂടെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതുമാണ്. കഴിഞ്ഞ രണ്ട് മാസമായി നാലഞ്ച് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും മദ്യവും രാസലഹരി നല്‍കിയെന്നും അടക്കമുളളത് അവര്‍ തന്നെ ഫേസ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ എന്നത് വലിയൊരു ഗ്ലാമര്‍ ലോകമാണ്. സിനിമയിലേക്ക് കയറിപ്പറ്റാന്‍ ആരും എന്തും വഴിവിട്ട് ചെയ്യുന്ന കാലമാണ് ഇന്ന് സിനിമയില്‍. അതിനൊക്കെ പെണ്‍കുട്ടികള്‍ വശംവദരാകരുത്. ആദ്യമൊക്കെ വിജയ് ബാബു വിളിച്ചപ്പോള്‍ ഈ കുട്ടി പോയിട്ടുണ്ടാകാം,

വിജയ് ബാബുവിനെ കുറിച്ച് സിനിമയില്‍ നിന്ന് തന്നെ അത്ര നല്ല റിപ്പോര്‍ട്ടുകളല്ല പുറത്ത് വരുന്നത്. നേരത്തെ പാര്‍ട്ണര്‍ ആയിരുന്ന സ്ത്രീയെ നാഭിക്ക് ചവിട്ടുകയും തല്ലാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്ത വേറെ കേസുണ്ട്. ആ കേസ് ഒത്തുതീര്‍പ്പാക്കിയതാണ്. വിജയ് ബാബു ഈ കേസില്‍ ഒളിച്ച് നില്‍ക്കുന്നത് ശരിയല്ല.

ആ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ മന്ത്രിക്കും മുഖ്യമന്ത്രിക്കും എന്താണ് ഇത്ര പ്രയാസം. സ്വന്തക്കാരുണ്ടായത് കൊണ്ടാണ്. ബിനീഷ് കോടിയേരിയുടെ കേസ് വന്നപ്പോള്‍ എന്തുകൊണ്ടാണ് അമ്മയില്‍ നിന്ന് പുറത്താക്കാത്തത്. സംഘടനകള്‍ മുഖം തിരിച്ച് നില്‍ക്കുന്നതാണ് ഏറ്റവും വലിയ കുഴപ്പം. ഇന്നേ വരെ അമ്മയിലെ ആരെങ്കിലും മിണ്ടിയോ. മോഹന്‍ലാലോ ഇടവേള ബാബുവോ മിണ്ടിയോ. ഇവരുടെയൊക്കെ വായില്‍ പഴം തിരുകി വെച്ചിരിക്കുകയാണോ. ചങ്കൂറ്റത്തോടെ തുറന്ന് പറയേണ്ടേ?

Copyright © . All rights reserved