മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സ്വത്ത് വിഭജനം സംബന്ധിച്ച തർക്കത്തിൽ ഒത്തുതീർപ്പായില്ല. തർക്കം പരിഹരിക്കാൻ കോടതി നിർദേശ പ്രകാരം നടന്ന മധ്യസ്ഥ ചർച്ചയും അലസിപ്പിരിഞ്ഞു. ഈ ചർച്ച പരാജയപ്പെട്ടതോടെ കൊട്ടാരക്കര സബ് കോടതി കേസിൽ വിശദമായ വാദം കേൾക്കും.
ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്നാണ് മൂത്തമകൾ ഉഷ മോഹൻദാസിന്റെ ആവശ്യം. സഹോദരങ്ങളായ ബിന്ദു ബാലകൃഷ്ണൻ, കെബി ഗണഷ്‌കുമാർ എംഎൽഎ എന്നിവരാണു കേസിലെ എതിർകക്ഷികൾ. കഴിഞ്ഞ 6നു നടന്ന മധ്യസ്ഥ ചർച്ചയിൽ ഉഷ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടിക്ക് കെബി ഗണേഷ്‌കുമാർ സമയം ചോദിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന ചർച്ചയിൽ വിട്ടുവീഴ്ചയ്ക്കു ഗണേഷ്‌കുമാർ തയാറായില്ല.
ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ വ്യാജ വിൽപത്രം തയാറാക്കിയെന്നാണ് ഉഷ മോഹൻദാസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറയുന്നത്. വിൽപത്രം വ്യാജമല്ലെന്നു തെളിയിക്കേണ്ട ബാധ്യതയുള്ളതിനാൽ കോടതി കേസ് പരിഗണിക്കട്ടെയെന്ന നിലപാടാണ് ഉഷ സ്വീകരിച്ചത്.ഇതോടെ മധ്യസ്ഥ ചർച്ച അവസാനിച്ചു. മധ്യസ്ഥ ചർച്ച നടത്തിയ അഡ്വ. എൻ സതീഷ്ചന്ദ്രൻ കോടതിക്ക് ഇതു സംബന്ധിച്ച റിപ്പോർട്ട് കൈമാറും.
അതേസമയം, ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ഉള്ളതെന്നു കോടതിയിൽ മകൾ ഉഷ മോഹൻദാസ് സത്യവാങ്മൂലം സമർപ്പിച്ചു. 33 വസ്തു വകകളുടെ പൂർണ വിവരങ്ങൾ കൊട്ടാരക്കര സബ് കോടതിയിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വാളകം, കൊട്ടാരക്കര, അറയ്ക്കൽ, ചക്കുവരക്കൽ, ഇടമുളക്കൽ വില്ലേജുകളിലെ 29 ഇടങ്ങളിലായി 50 ഏക്കറോളം സ്ഥലം ഉണ്ട്. മിക്ക സ്ഥലങ്ങളും ഉയർന്ന വില ലഭിക്കുന്ന പ്രദേശങ്ങളാണ്. കൊടൈക്കനാലിൽ ഇരുനില കെട്ടിടം, വാളകത്ത് രാമവിലാസം ഹയർ സെക്കൻഡറി സ്‌കൂളും പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാർത്താണ്ഡൻകര തിങ്കൾകരിക്കത്ത് സ്‌കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളജ് എന്നിവയും പട്ടികയിൽ ഉണ്ട്. കൂടാതെ 270 പവൻ സ്വർണാഭരണങ്ങളും ആർ ബാലകൃഷ്ണപിള്ളയുടെ പേരിൽ ഉണ്ടെന്നാണ് ഉഷ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം. രേഖ ചോര്‍ന്നത് എങ്ങനെയാണെന്നു വ്യക്തമാക്കണമെന്ന് വിചാരണ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകള്‍ അടക്കം കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെയും മറ്റും ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടു.
ദിലീപിന്റെ ഫോണില്‍നിന്ന് കോടതി രേഖകള്‍ അടക്കം കണ്ടെത്തിയ സംഭവത്തില്‍ കോടതി ജീവനക്കാരെയും മറ്റും ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. അതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും വധഗൂഢാലോചന കേസിലും തുടര്‍നടപടികള്‍ ആലോചിക്കാന്‍ അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേര്‍ന്നു. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു യോഗം. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ അപേക്ഷ കോടതി തള്ളിയ സാഹചര്യം അനുകൂലമാണെന്ന് യോഗം വിലയിരുത്തും.
കഴക്കൂട്ടം: വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ പിഞ്ചുകുഞ്ഞിനും കുടുംബത്തിനും രക്ഷകനായി നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ഏഴ് മാസം പ്രായമായ കുഞ്ഞ് ഇസാനും കുടുംബത്തിനുമാണ് സ്പീക്കറുടെ അടിയന്തിര ഇടപെടല്‍ ജീവിതം തിരിച്ചുനല്‍കിയത്.
കഴിഞ്ഞ ദിവസം പാലക്കാട് തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ രാത്രി പത്തുമണിയോടെ സ്പീക്കറുടെ വാഹനം നാഷണല്‍ ഹൈവേയില്‍ മംഗലപുരം കുറക്കോട് എത്തിയപ്പോഴായിരുന്നു റോഡില്‍ ഒരു കുഞ്ഞ് കിടക്കുന്നത് കണ്ടത്. വഴിയരികില്‍ വാഹനം നിര്‍ത്തി ഇറങ്ങിയപ്പോള്‍ വലിയ അകലെയല്ലാതെ അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു മാരുതി ആള്‍ട്ടോ കാറും കണ്ടു. തൊട്ടടുത്തായി കുഞ്ഞിന്റെ മാതാവിനെയും പരിക്കുപറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
അപകട സമയത്ത് കുഞ്ഞ് കാറില്‍നിന്നും തെറിച്ചു വീണതാണെന്ന് തിരിച്ചറിഞ്ഞ സ്പീക്കര്‍ ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി, ഒപ്പം കുഞ്ഞ് ഇസാനെ സ്പീക്കറും ഒപ്പമുണ്ടായിരുന്ന പി.എ സുധീഷും ചേര്‍ന്ന് വാരിയെടുത്തു. സ്പീക്കറുടെ വാഹനത്തില്‍ കയറ്റി തൊട്ടടുത്തുള്ള കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ഹോസ്പിറ്റലില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു.നിലവില്‍ കുട്ടിയും മാതാപിതാക്കളും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
കണിയാപുരം ജൗഹറ മന്‍സിലില്‍ ഷെബിന്‍, ഭാര്യ സഹ്‌റ, ഏഴു മാസം പ്രായമുള്ള മകന്‍ ഇസാന്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. എതിരെ വന്ന മറ്റൊരു വാഹനം തട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഷെബിനാണ് വാഹനം ഓടിച്ചിരുന്നത്.
സഹ്‌റക്കും മകന്‍ ഇസാനുമാണ് അപകടത്തില്‍ പരിക്കേറ്റത്. ഇസാന്റെ തലക്കും സഹ്‌റയുടെ ഇടത് കാലിനും തലക്കും കഴുത്തിനുമാണ് പരിക്ക് പറ്റിയത്. ആശുപത്രിയില്‍ എത്തിയതിന് ശേഷവും സ്പീക്കര്‍ എം.ബി രാജേഷ് കുടുംബത്തിന് ചികിത്സക്ക് വേണ്ട ഇടപെടലുകള്‍ നടത്തിയിരുന്നു. കുടുംബത്തെ നിരന്തരം വിളിച്ച് കാര്യങ്ങള്‍ തിരക്കാനും സ്പീക്കര്‍ മറന്നില്ല. ഈ ജന്മം മറക്കാനാകാത്ത അത്രയും വലിയ കാര്യമാണ് സ്പീക്കര്‍ ചെയ്തതെന്നും അദ്ദേഹത്തിനോട് ഏറെ നന്ദി ഉണ്ടെന്നും ഇസാന്റെ പിതാവ് ഷെബിന്‍ പറഞ്ഞു.
പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങളില്‍ നിര്‍ണായ തെളിവുകള്‍ പുറത്ത്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികള്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈറിന്റെ പോസ്റ്റ് മോര്‍ട്ടം നടക്കുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തെളിവുകള്‍.
കൃത്യം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ പ്രതികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. അവിടെ നിന്ന് നേരെയെത്തിയാണ് ശ്രീനിവാസന് നേരെ ആക്രമണം നടത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ പോയ സ്ഥലങ്ങളെ കുറിച്ചും പൊലീസിന് വിവരങ്ങള്‍ ലഭിച്ചു. ഒളിവില്‍ പോകുന്നതിന് മുന്‍പ് പ്രതികള്‍ തങ്ങളുടെ ഫോണുകള്‍ ഉപേക്ഷിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശ്രീനിവാസന്‍ കൊലക്കേസില്‍ പൊലീസ് നേരത്തെ അറിയിച്ച ശഖ്വാരത്തോട് സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ എന്നയാള്‍ക്ക് പുറമെ പട്ടാമ്പി സ്വദേശിയും ഉള്‍പ്പെടുന്നു എന്നാണ് പുതിയ വിവരം. കൊലപാതകങ്ങളില്‍ ആറ് പ്രതികളുണ്ടെന്ന് വ്യക്തമാക്കുമ്പോഴും ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
പാലക്കാട് എലപ്പുളിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് സംഘാംഗങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ മൊഴികളില്‍ നിന്ന് മറ്റ് പ്രതികളെകുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം, സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് ഏപ്രില്‍ 20 വരെ നിരോധനാജ്ഞ നിലനില്‍ക്കും. കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സിനിമ പിആര്‍ഒ വാഴൂര്‍ ജോസില്‍ നിന്നും തനിയ്ക്ക് വധഭീഷണിയുണ്ടായെന്ന് അറിയിച്ച് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ സിനിമകളുമായി സ്ഥിരം സഹകരിക്കുന്ന വ്യക്തിയാണ് വാഴൂര്‍ ജോസ്.
എന്നാല്‍ പുതിയ സിനിമകളില്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിക്കുകയും ഇത് സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ജോസില്‍ നിന്നും വധഭീഷണിയുണ്ടായത് എന്ന് അദ്ദേഹം പറയുന്നു. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘മാര്‍ച്ച് 31ന് കണ്ണൂരില്‍ വെച്ച് പവര്‍ സ്റ്റാര്‍ എന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നിരുന്നു. വാഴൂര്‍ ജോസ് ചടങ്ങിന്റെ തലേദിവസം വിളിച്ച് കര്‍മ്മത്തില്‍ താനും പങ്കെടുക്കുമെന്ന് പറഞ്ഞു. ആ സമയം ഞാന്‍ പ്രതീഷ് ശേഖര്‍ എന്ന വ്യക്തിയ്ക്ക് വര്‍ക്ക് നല്‍കിയിരുന്നു. ഉടന്‍ ഞാന്‍ നിര്‍മ്മാതാവ് സിഎച്ച് മുഹമ്മദിനെ വിളിച്ചു. അദ്ദേഹത്തെ ജോസേട്ടന്‍ വിളിച്ച് വരാമെന്ന് പറയുകയായിരുന്നു അല്ലാതെ മുഹമ്മദിക്ക അദ്ദേഹത്തിന് വര്‍ക്ക് നല്‍കിയിരുന്നില്ല എന്ന് അറിഞ്ഞത്.
വാഴൂര്‍ ജോസ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താനാണ് പിആര്‍ഒ എന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. അത് അറിഞ്ഞ ശേഷം ഞാന്‍ ഫേസ്ബുക്കില്‍ പിആര്‍ഒ പ്രതീഷ് ആണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റ് ഇടുകയും ചെയ്തു,’ ഒമര്‍ ലുലു പറയുന്നു.
ഇതിന് പിന്നാലെയാണ് വാഴൂര്‍ ജോസിന്റെ ഭീഷണി കോള്‍ വന്നത് എന്ന് ഒമര്‍ ലുലു പറയുന്നു. ‘ഒമര്‍ എന്തിനാണ് എഫ്ബിയില്‍ അങ്ങനെ ഒരു പോസ്റ്റ് ഇട്ടത് എന്ന് വാഴൂര്‍ ജോസ് ചോദിച്ചു. ജോസേട്ടനെ ഞാന്‍ പിആര്‍ഒ ജോലി ഏല്‍പ്പിച്ചിട്ടില്ല. പിന്നെ എന്തിനാണ് ഇങ്ങനെ വാര്‍ത്തകള്‍ നല്‍കിയത് ഏന് ഞാനും ചോദിച്ചു. ഒമറേ അങ്ങനെ ആണെങ്കില്‍ നിനക്കുള്ള പണി ഞാന്‍ തരാം. നിന്നേ തീര്‍ത്തുകളയും എന്ന് വാഴൂര്‍ ജോസ് ഭീഷണിപ്പെടുത്തി,’. ഒമര്‍ ലുലു പറഞ്ഞു.
ഇന്നാണ് പുതിയ സിനിമകള്‍ക്കായി വാഴൂര്‍ ജോസിന് പകരം മറ്റൊരാളെ പിആര്‍ഒയായി തീരുമാനിച്ചതായി ഒമര്‍ ലുലു അറിയിച്ചത്. ‘മലയാള സിനിമയില്‍ നമ്മള്‍ വര്‍ഷങ്ങളായി കാണുന്ന ഒരു പേരാണ് പിആര്‍ഒ വാഴൂര്‍ ജോസ് ഒരു ചെറിയ മാറ്റത്തിനായി ജോസേട്ടന് ഞാന്‍ റെസ്റ്റ് കൊടുത്തു. പവര്‍സ്റ്റാറിന്റെയും നല്ലസമയത്തിന്റെയും പിആര്‍ഒ ഒരു പുതിയ ചുള്ളനു അവസരം കൊടുത്തു പ്രതീഷ് ശേഖര്‍ മോനെ പ്രതീഷേ നീയാണ് എന്റെ പ്രതീക്ഷ’ എന്നൊരു പോസ്റ്റും അദ്ദേഹത്തെ പങ്കുവെച്ചിരുന്നു.
‘പവര്‍ സ്റ്റാര്‍’, ‘നല്ല സമയം’ എന്നീ സിനിമകളാണ് ഒമര്‍ ലുലുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാറിന് തിരക്കഥ എഴുതിയത് അന്തരിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ്. പവര്‍ സ്റ്റാര്‍ തിയേറ്ററിലും നല്ല സമയം ഒടിടിയിലുമായിരിക്കും റിലീസ് ചെയ്യുകയെന്ന് ഒമര്‍ ലുലു നേരത്തെ അറിയിച്ചിരുന്നു.
റിപ്പോർട്ടർ ടിവി എംഡി നികേഷ് കുമാറിന്റെ ഭാര്യയും മാധ്യമ പ്രവർത്തകയുമായ റാണിയെയും മകളേയും വാഹനാപകടത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചതായി റിപ്പോർട്ട്. കഴിഞ വെള്ളിയാഴ്ച കാക്കനാട്ട് വച്ചായിരുന്നു സംഭവം. അതേ സമയം സംഭവത്തിൽ ഇതുവരെ പോലീസിന് ആരും പരാതി നൽകിയിട്ടില്ല.
ദുഖവെള്ളിയാഴ്ചയായിരുന്നു സംഭവം. റാണിയുടെ അടുത്ത ബന്ധു കാക്കനാട്ടാണ് താമസം. ഇവരുടെ വീട്ടിൽ നിന്നും ഇവിടെ രാവിലെ പള്ളിയിൽ പോകുകയായിരുന്നു റാണിയും മകളും. നടന്നു പോകുന്നതിനിടെ ദൂരദർശൻ കേന്ദ്രത്തിന് സമീപത്തിനടുത്തുവച്ച് ഒരു വാൻ ഇവർക്കു നേരെ പാഞ്ഞടുത്തത്.
വാഹനം കാലിൽ ഉരസി അതിവേഗം കടന്നു പോയി. പിന്നീട് പുറകോട്ടും ആഞ്ഞു വന്നു. ഒഴിഞ്ഞു മാറിയതു കൊണ്ട് റാണിയും കുട്ടിയും രക്ഷപ്പെടുകയായിരുന്നു.
പരിഭ്രമത്തിനിടയിൽ വാഹനത്തിൻ്റെ നമ്പർ തിരിച്ചറിയാനായില്ലെന്നാണ് വിവരം. ഒരു സാധാരണ അപകടം ആയിരുന്നോ ഇത് എന്ന സംശയം ഇവർക്ക് തോന്നിയെങ്കിലും ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല.
ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഇന്നലെ രാത്രി പത്തരയോടെ തിരുവനന്തപുരം കുറവൻകോണത്തിന് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തിൽ നിന്ന് മന്ത്രി തലനാരിഴക്കാണ് രക്ഷപെട്ടത്.
മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. ഈ സമയം, വണ്ടിയുടെ നിയന്ത്രണം വിട്ടു. അതേസമയം, വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന്, അപകടത്തിൽപ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. രണ്ട് ലക്ഷം കിലോ മീറ്ററിലേറെ ഓടിയ ഇന്നോവ കാറാണ് മന്ത്രി ഉപയോഗിക്കുന്നത്.
വാഹനത്തിന്റെ മോശം സ്ഥിതിയാണ് അപകടത്തിനു വഴിവെച്ചത് എന്നാണ് നിഗമനം. പുതിയ വാഹനം വാങ്ങാൻ ഉദ്യോഗസ്ഥരിൽ നിന്ന് സമ്മർദ്ദമുണ്ടെങ്കിലും ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ കണക്കിലെടുത്ത് തനിക്ക് പുതിയ വാഹനം വേണ്ടെന്ന നിലപാടിലാണ് മന്ത്രി ബാലഗോപാൽ.
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിലെ അനിശ്ചിതത്വം നീങ്ങിയിട്ടില്ല. എവിടെ വെച്ച് ചോദ്യം ചെയ്യും എന്ന കാര്യക്രൈംബ്രാഞ്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആലുവയിലെ പത്മസത്തില്‍ രോവരം വീട്ടില്‍ വെച്ചാകാം എന്നാണ് കാവ്യയുടെ നിലപാട്. എന്നാല്‍ അന്വേഷണ സംഘം മറ്റൊരു സ്ഥലം നിര്‍ദേശിക്കാന്‍ പറഞ്ഞിരിക്കുകയാണ്.
മാത്രമല്ല, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സാവകാശം വേണമെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. കേസുമായി ബന്ധപ്പെട്ട് അണിയറയില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വര്‍ പല പരാമര്‍ശങ്ങള്‍ നടത്തി. അതില്‍ മലയാളി സ്ത്രീത്വത്തിന്റെ മുഖമാണ് കാവ്യാ മാധവന്‍ എന്നുളള രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബാലചന്ദ്ര കുമാര്‍.
‘മലയാളി സ്ത്രീത്വം കാവ്യാ മാധവനെ പോലെയായിരിക്കണം എന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞത് കേട്ട് അത്ഭുതം തോന്നുന്നു. അവര്‍ നേരത്തെ ഒരു കല്യാണം കഴിച്ച് ആ പയ്യനെ വലിച്ചെറിഞ്ഞു. അവര്‍ സ്വസ്ഥമായി ജീവിച്ച ഒരു കുടുംബത്തിലെ സ്ത്രീയെ റീപ്ലേസ് ചെയ്ത് അവിടെ കയറി ഇരുന്നു. എന്നിട്ടും രാഹുല്‍ ഈശ്വര്‍ കാവ്യാത്മകമായി പറയുന്നു അവര്‍ മലയാളി സ്ത്രീത്വത്തിന് മാതൃകയാണെന്ന്.
ബൈജു പൗലോസ് രേഖ ചോര്‍ത്തി എന്ന് രാഹുല്‍ ഈശ്വര്‍ എല്ലാ ചര്‍ച്ചകളിലും പറയുന്നത് കാണുന്നു. ഇവിടുത്തെ പ്രശ്‌നം കോടതിയിലെ രേഖ ചോര്‍ന്നു എന്നതാണ്. അത് ബൈജു പൗലോസ് എങ്ങനെയാണ് ചോര്‍ത്തിയത്. അദ്ദേഹം കോടതിക്ക് കൊടുത്ത ഒരു അപേക്ഷയുടെ കോപ്പി പുറത്ത് കൊടുത്തു എന്നതാണ് ആരോപണം. വേറെ എന്ത് രേഖയാണ് ബൈജു പൗലോസ് ചോര്‍ത്തിയതായി കോടതിയോ മറ്റാരെങ്കിലുമോ പറഞ്ഞിട്ടുളളത്.
രാഹുല്‍ ഈശ്വര്‍ ഒച്ച വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കോടതി ബൈജു പൗലോസിനോട് മറുപടി പറയാനാവശ്യപ്പെട്ട വിഷയം എന്താണെന്ന് പറയണം. മുന്‍ ഡിജിപി ശ്രീലേഖ ഇപ്പോള്‍ കാണിക്കുന്ന മുതലക്കണ്ണീര്‍ അവര്‍ക്ക് അധികാരം ഉളളപ്പോള്‍ കാണിക്കണമായിരുന്നു. അവര്‍ക്ക് കീഴിലുളള വനിതാ എസ്‌ഐ പരാതി പറഞ്ഞപ്പോള്‍ എന്ത് നടപടിയാണ് എടുത്തത്. ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് ചെയ്തിട്ട് ഇപ്പോഴവര്‍ എന്താണ് പറയുന്നത്.
അവര്‍ ജയിലില്‍ പോയപ്പോള്‍ മൂന്ന് നാല് തടവുകാരുടെ കൂടെ ദിലീപ് കമിഴ്ന്ന് കിടക്കുന്നത് കണ്ടുവെന്ന്. ബാക്കിയുളളവരെല്ലാം തടവുകാര്‍, മറ്റേത് സൂപ്പര്‍സ്റ്റാര്‍ ദിലീപ്. ബാക്കിയുളളവര്‍ക്ക് ജീവനില്ലേ. എന്തേ അവര്‍ക്ക് കരിക്ക് വെള്ളവും രണ്ട് പുതപ്പും പായയും കൊടുക്കാത്തത്. എന്തേ അവര്‍ക്ക് വേണ്ടി ഡോക്ടറെ അറേഞ്ച് ചെയ്യാത്തത്. ദിലീപിന് മാത്രം കൊടുത്തതിന്റെ കാരണമെന്താണ്. ദിലീപിന് എന്താണിത്ര പ്രത്യേകത.
ഐപിസിയില്‍ ദിലീപിന് വേണ്ടി പ്രത്യേകിച്ച് നിയമം എഴുതിയിട്ടുണ്ടോ. അതോ സിആര്‍പിസിയിലോ കേരള പോലീസ് ആക്ടിലോ പ്രത്യേകിച്ച് വകുപ്പുകളുണ്ടോ. അയാളൊരു സാധാരണക്കാരനാണ്. ആരോപണ വിധേയനാണ്. ദിലീപ് കുറ്റവാളിയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അയാള്‍ തെറ്റ് ചെയ്യുന്നത് കണ്ടുവെന്ന് പറഞ്ഞിട്ടില്ല. നടിയെ ആക്രമിച്ച വീഡിയോ കണ്ടതും പള്‍സര്‍ സുനിയുമായി ഒരുമിച്ച് നടക്കുന്നതും സാക്ഷിയെ സ്വാധീനിക്കുന്നതിന്റെ കാര്യങ്ങളും കണ്ടുവെന്നാണ് പറഞ്ഞത്.
പോലീസിനെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടതിന്റെ ബാക്കിപത്രം അവിടെ സംസാരിക്കുന്നത് കണ്ടു, ഇതൊക്കെയാണ് പറഞ്ഞത്. ദിലീപ് കൊട്ടേഷന്‍ കൊടുത്ത് പള്‍സര്‍ സുനിയെ കൊണ്ട് നടിയെ ആക്രമിപ്പിച്ചു എന്ന് ബാലചന്ദ്ര കുമാര്‍ ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. അത് പോലീസ് കണ്ടെത്തേണ്ടതാണ്. പോലീസ് ശരിയായ ട്രാക്കില്‍ തന്നെയാണ്. ഈ കേസില്‍ നമ്മളൊക്കെ കാണാത്ത തരത്തിലുളള ഒരുപാട് ചുഴികളുണ്ട്. സ്വാഭാവികമായും പോലീസിന് ഒരുപാട് ദൂരം ഓടേണ്ടി വരുന്നു.
അവധി ആഘോഷിക്കാൻ മക്കളുമായി ദുബായിലേക്ക് എത്തിയ വീട്ടമ്മയുടെ ജീവൻ കവർന്ന് ഹൃദയാഘാതം. ഒരു മാസം മുൻപ് സന്ദർശക വിസയിൽ ദുബായിലുള്ള ഭർത്താവിന് അരികിലെത്തിയ മലയാളി യുവതിയാണ് ഹൃദയാഘാതം മൂലം അന്തരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ മണമ്പൂർ നീറുവിള തൊട്ടികല്ലിൽ സ്വദേശി അഭിലാഷ് ശ്രീകണ്ഠന്റെ ഭാര്യ പ്രിജി(38)യാണ് മരിച്ചത്.
മാർച്ച് 15നായിരുന്നു പ്രിജി നാട്ടിൽ നിന്ന് രണ്ട് മക്കളോടൊപ്പം ഭർത്താവിന് അരികിലെത്തിയത്. ഇന്നലെ രാവിലെ ജബൽ അലി ഡിസ്‌കവറി ഗാർഡനിലെ ഫ്‌ലാറ്റിൽ വച്ചായിരുന്നു ഹൃദയാഘാതം ഉണ്ടായത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലിയവിള കൊടുവാഴനൂർ പുളിമാത്ത് സ്വദേശി ശങ്കരൻ-ഗീത ദമ്പതികളുടെ മകളാണ്. നടപടികൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മണമ്പബൂർ പ്രവാസി കൂട്ടായ്മയുടെ ട്രഷററാണ് അഭിലാഷ്.
മേലാമുറിയില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ ശരീരത്തില്‍ ആഴത്തില്‍ മുറിവുകളേറ്റെന്ന് ഇന്‍ക്വസ്റ്റ് പരിശോധനയില്‍ വ്യക്തമായി. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയില്‍ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കൈയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ട്. മൃതദേഹത്തിലെ ഇന്‍ക്വസ്റ്റ് പരിശോധനകള്‍ പൂര്‍ത്തിയായി.
ശ്രീനിവാസന്‍ ആക്രമിക്കപ്പെട്ട, അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള കടയില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയത് ആറംഗ സംഘമാണ്. ഒരു സ്‌കൂട്ടറിലും രണ്ട് ബൈക്കിലുമാണ് സംഘം എത്തിയത്.
ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. മൂന്ന് പേരാണ് മാരകായുധങ്ങളുമായി ശ്രീനിവാസനെ ആക്രമിച്ചത്. മൂന്ന് പേര്‍ വാഹനങ്ങളില്‍ തന്നെ ഇരുന്നു. ശ്രീനിവാസനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം മൂന്ന് അക്രമികളും തിരികെ വാഹനത്തില്‍ കയറിയതോടെ സംഘം മടങ്ങി.
സംഭവത്തില്‍ പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു.
മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍ നടന്നത് 1065 കൊലപാതകങ്ങളെന്ന് റിപ്പോര്‍ട്ട്. 2019 മുതല്‍ 2022 മാര്‍ച്ച് 8 വരെയുള്ള കണക്കുകളാണിത്.. കൊലപാതകങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന തന്നെയുണ്ടായതായി സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. 2019ല്‍ 319, 2020ല്‍ 318, 2021ല്‍ 353 കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. മാര്‍ച്ച് 8-ാം തീയതിവരെ 75 കൊലപാതങ്ങള്‍ നടന്നു. ഈ കാലയളവില്‍ 1019 കൊലപാതക കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തത്. 2019ല്‍ 308, 2020ല്‍ 305, 2021ല്‍ 336, 2022ല്‍ 70 (മാര്‍ച്ച് 8വരെ) കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.
ജയിലില്‍നിന്ന് പരോളിലിറങ്ങിയ രണ്ടുപേര്‍ കൊലപാതക കേസുകളില്‍ പ്രതികളായി. തിരുവനന്തപുരം റൂറല്‍ പൊലീസാണ് കൂടുതല്‍ കൊലപാതക കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് -104. രണ്ടാമത് പാലക്കാട്-81. കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്-107.
ഒറ്റയ്ക്കു താമസിക്കുന്നവരും വൃദ്ധരുമായ 38 പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം കൊലപാതകങ്ങളിലും വര്‍ധനയുണ്ട്. 2019ല്‍ 8, 2020ല്‍ 11, 2021ല്‍ 14, 2022ല്‍ 5 (മാര്‍ച്ച് 8വരെ). മലപ്പുറത്താണ് ഇത്തരം കൊലപാതകങ്ങളില്‍ കൂടുതല്‍ പേര്‍ മരിച്ചത് – 12 പേര്‍.