വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ വിവാഹത്തിന്
സ്വര്‍ണമാല സമ്മാനിച്ച് കൊച്ചി തഹസില്‍ദാര്‍ സുനിത ജേക്കബ്. ചെല്ലാനത്തുകാരനായ ആന്റണിയുടെ മകളുടെ വിവാഹത്തിനാണ് സുനിത ഒന്നര പവന്റെ മാല നല്‍കിയത്.

കഴിഞ്ഞ ദിവസം ആന്റണി വിവാഹം ക്ഷണിക്കാന്‍ തഹസില്‍ദാറുടെ അടുത്തെത്തിയരുന്നു. ആന്റണി ഭാര്യ മേരിയേയും മകളെയും കൂട്ടി തഹസില്‍ദാറുടെ മുറിയില്‍ എത്തിയപ്പോള്‍ സുനിത മകളെ ചേര്‍ത്തു പിടിച്ച് മാല കൈമാറുകയായിരുന്നു. തന്റെ 25-ാം വിവാഹ വാര്‍ഷികത്തിന്റെ ഓര്‍മ്മക്കായാണ് തഹസില്‍ദാര്‍ സമ്മാനം നല്‍കിയത്.

എന്നാല്‍ വിവാഹത്തിന് മകള്‍ക്ക് കൊടുക്കണമെന്ന് ആഗ്രഹിച്ച സ്വര്‍ണം നല്‍കാനാവാത്ത വിഷമം ആന്റണിക്കുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ സുനിത ആന്റണിയെ സഹായിക്കുകയായിരുന്നു. സുനിതയുടെ സഹപ്രവര്‍ത്തകരാണ് ഈ പ്രവൃത്തി പുറം ലേകത്തെ അറിയിച്ചത്. തിങ്കളാഴ്ചയാണ് ആന്റണിയുടെ മകളുടെ വിവാഹം.

ചെല്ലാനത്തെ പുറംപോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന ആന്റണിയുടെ വീട് കടലേറ്റത്തെ തുടര്‍ന്ന് തകര്‍ന്നിരുന്നു. എല്ലാം നഷ്ടപ്പെട്ട ആന്റണിക്ക് സഹായമായിരുന്നത് കൊച്ചി തഹസില്‍ദാര്‍ സുനിതയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോസഫ് ആന്റണി ഹെര്‍ട്ടിസും സഹപ്രവര്‍ത്തകരുമായിരുന്നു.

ചെല്ലാനത്തെ അങ്കണവാടിയിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. പിന്നീട് എഴുപുന്ന നെടുമ്പിള്ളി സ്വദേശി സേവ്യര്‍ ഭൂമി നല്‍കിയിരുന്നു. റോട്ടറി ക്ലബ് വീട് നിര്‍മ്മിച്ച് നല്‍കാന്‍ എട്ടര ലക്ഷം നല്‍കാമെന്ന് ഏല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ വീട് നിര്‍മ്മിക്കാന്‍ ഇവര്‍ക്കായിട്ടില്ല. വാടക വീട്ടിലാണ് ആന്റണിയും കുടുംബവും കഴിയുന്നത്.