Kerala

മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ നിലപാടിനെ വിമർശിച്ച് നടി പത്മപ്രിയ. അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെയാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതിൽ കാര്യമുള്ളൂവെന്നും താരം പറഞ്ഞു.

എന്നാൽ, പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാനും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനും ഇടപെടൽ തേടി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവിയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ.

ആക്രമിക്കപ്പെട്ട നടിയെ സോഷ്യൽ മീഡിയയിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് നടി പാർവതി തിരുവോത്ത്.

സമൂഹമാധ്യമങ്ങളിൽ പിന്തുണ അറിയിച്ചാൽ മാത്രം പോരെന്നും പാർവതി പറഞ്ഞു. ‘അതിജീവിച്ചവളെ പിന്തുണച്ച് പലരും സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്.

അവരുടെയൊക്കെ പ്രൊഡക്ഷൻ ഹൗസിൽ ഇൻറേണൽ കംപ്ലെയ്ൻറ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് മീഡിയയും വനിതാ കമ്മീഷനും കണ്ടുപിടിക്കണം.

എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്‌ലൈൻ മാത്രം വന്നിട്ടുപോയാൽ പോരാ. നിയമപരമായിട്ട് കംപ്ലെയിൻറ് സെൽ പ്രൊഡക്ഷൻ കമ്പനികളിലുണ്ടോ എന്ന് പരിശോധിച്ചാൽ ഒരു ശതമാനം പോലും ഇല്ല എന്നു കണ്ടുപിടിക്കാനാവുമെന്നും പാർവതി പറഞ്ഞു.

വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ നടിമാരായ പാർവതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ എന്നിവരാണ് സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്.

 

സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു മലയാളി നഴ്സുമാർക്കു ലക്ഷങ്ങൾ നഷ്ടമായി. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണു പണം നഷ്ടമായത്. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നു ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ടു ദിവസം കഴിഞ്ഞാണു തട്ടിപ്പ് നടന്നത്.

അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ വരികയായിരുന്നു ആദ്യം. തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്നു വിശ്വസിച്ചുപോയ ഇവർ സംസാരിക്കാൻ തുടങ്ങി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയത്​.

ഒടിപി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണു കരുതുന്നത്. പുറം രാജ്യത്തെ ഒരു അക്കൗണ്ടിലേക്കാണ് ഇവർ പണം മാറ്റിയത്. വിദേശത്തെ ബാങ്കിലേക്കാണു പണം മാറ്റിയത് എന്നതിനാൽ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നു ലഭിച്ച മറുപടി.

പൊലീസിലും ബാങ്കിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഒട്ടും സംശയിക്കാത്ത നിലയിലായിരുന്നു തട്ടിപ്പ് സംഘം കെണി ഒരുക്കിയത്. ബാങ്കുകളിൽ നിന്ന് ആരും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്നു​ ബാങ്ക്​ അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്​.

ബലാത്സംഗ കേസില്‍ കോടതി വെറുതെ വിട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പി സി ജോര്‍ജിനെ സന്ദര്‍ശിച്ചു. ഈരാറ്റുപേട്ടയിലെ പി സി ജോര്‍ജിന്റെ വീട്ടിലെത്തിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടിക്കാഴ്ച്ച നടത്തിയത്. വിട്ടിലെത്തിയ ഫ്രാങ്കോ മുളയ്ക്കനെ ആലിംഗനം ചെയ്തും കൈയില്‍ മുത്തിയുമാണ് പിസി ജോര്‍ജ്ജ് സ്വാഗതം ചെയ്തത്.സ്വാഭാവിക സന്ദര്‍ശനം മാത്രമാണ് നടന്നതെന്ന് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പി സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പ് നന്ദിയുള്ളവനാണെന്ന് വ്യക്തമായെന്നും പി സി ജോര്‍ജ് പറഞ്ഞു. മതവിശ്വാസവും കുടുംബ ജീവിതവും തകര്‍ത്ത് നക്‌സലിസവും കമ്മ്യൂണിസവും വളര്‍ത്താനാകുമെന്ന് തെറ്റായ ധാരണയാണ് ഇതിനെല്ലാം കാരണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

‘ഫ്രാങ്കോ പിതാവ് മോശം സ്വഭാവമുള്ളവനാണെന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും സഭയോടുള്ള വിശ്വാസം നഷ്ടമാകും. അദ്ദേഹം തെറ്റുചെയ്‌തെന്ന് പറഞ്ഞാല്‍ സ്വാഭാവികമായി കത്തോലിക്കാ ക്രിസ്റ്റ്യന്‍ മതവിശ്വാസികള്‍ക്ക് തന്നെയാണ് പരാജയം ഉണ്ടാകുന്നത്.’അതുതന്നെയാണ് ശബരിമല വിഷയത്തിലും കണ്ടത്. മതവിശ്വാസം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കണ്ടത്. ഭരണാധികാരികള്‍ ചെയ്ത മര്യാദകേടാണ് താന്‍ ചൂണ്ടികാണിക്കുന്നതെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു. ലോകം മുഴുവന്‍ ബ്ലാക്ക് മാസിന്റെ പ്രവര്‍ത്തിയാണ് നടക്കുന്നതെന്നും കേസിലെ വാദിഭാഗം ബ്ലാക്ക് മാസിന്റെ ഭാഗമാണെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.

കേസിന്റെ വിധി പുറത്തുവന്നപ്പോള്‍ പ്രതിഷേധം രേഖപ്പെടുത്തിയ മുന്‍ കോട്ടയം ഡിവൈഎസ്പി ഹരിശങ്കറിനെതിരെ പി സി ജോര്‍ജ് ആരോപണം ഉയര്‍ത്തി. അപ്പീല്‍ കൊടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഹരിശങ്കര്‍ സംസാരിച്ചത് ജഡ്ജിയെ അപമാനിക്കുന്നത് പോലെയാണെന്നും ജോര്‍ജ് പറഞ്ഞു. ഉദ്യോഗസ്ഥനെന്തിനാണ് ഇത്രയും ആവേശമെന്നും ഡിവൈഎസ്പിയേയും സര്‍ക്കിളിനേയും മഠത്തില്‍ നിന്നും ഓടിച്ചത് താനാണെന്നും പി സി ജോര്‍ജ് ആരോപിച്ചു. താന്‍ രാത്രിചെല്ലുമ്പോള്‍ കുടിച്ച് കൂത്താടുകയായിരുന്നുവെന്നും വിശദമായ പത്രസമ്മേളനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളും ഇവർക്കൊപ്പമുണ്ടായിരുന്ന യുവാക്കളും പോലീസിന്റെ പിടിയിൽ. പള്ളിക്കൽ കെ.കെ.കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ, വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28) എന്നിവരാണ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടത്.

വർക്കല രഘുനാഥപുരം ബി.എസ്.മൻസിലിൽ ഷാൻഷൈൻ(38), കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട് മീനത്തോട്ടത്തിൽവീട്ടിൽ റിയാസ്(34) എന്നിവരുടെ കൂടെയാണ് വീട്ടമ്മമാർ കടന്നുകളഞ്ഞത്. നാലുപേരുമാണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. 26-ന് രാത്രി 9.30-നാണ് അടുത്ത ബന്ധുക്കൾ കൂടിയായ സ്ത്രീകൾ നാടുവിട്ടത്.

ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെൺമക്കളെയാണ് ഉപേക്ഷിച്ചത്. നാസിയ ആകട്ടെ, അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും. ഇരുവരുടെയും ഭർത്താക്കന്മാർ ഗൾഫിലാണ്. പിടിയിലായ സുഹൃത്തുക്കളിലെ ഷൈൻ ഇത്തരത്തിൽ ഭർത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിൽ എഴുകോൺ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്.

കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകൾ അയൽവാസികളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേർന്ന് ബെംഗളൂരു, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നിവിടങ്ങളിൽ കറങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടു. കുടുംബക്കാരുടെ പരാതിയെ തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് സംഘം തെന്മലയിലെ ഒരു റിസോർട്ടിൽ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേർന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദിക്കാനായി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനൽ സ്വഭാവക്കാരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി വിഐപിയെ തിരിച്ചറിയാൻ പോലീസ് കാണിച്ച ചിത്രങ്ങളിൽ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഈ ഘട്ടത്തിൽ വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാൻ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നിൽ മെഹബൂബിന്റേതുമുണ്ടായിരുന്നെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇതിനിടെ, വാർത്തകളിൽ പറയുന്ന വിഐപി താൻ അല്ലെന്ന് വ്യക്തിമാക്കി മെഹബൂബ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പരാമർശം.

ബാലചന്ദ്രകുമാർ പറഞ്ഞത്: ”വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാൻ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാൻ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതിൽ മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാൻ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പോലീസിനോട് പറഞ്ഞാൽ മതി.”-ബാലചന്ദ്രകുമാർ പറഞ്ഞു.

അതേസമയം, ദിലീപിന്റെ വീട്ടിൽ പോയ ദിവസം തനിക്ക് ഇപ്പോൾ ഓർമയില്ലെന്ന് മെഹബൂബ് പറഞ്ഞു. രേഖകൾ നോക്കി ആ ദിവസം കൃത്യമായി പറയാൻ സാധിക്കും. പോലീസിന് മുന്നിൽ സംശയം തോന്നുന്നവരുടെ ഫോട്ടോകൾ ഉണ്ടാകും. ഇത് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കാം. അതു കൊണ്ട് ഞാൻ തെറ്റുകാരൻ ആവണമെന്നുണ്ടോ? ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പ്രതികരിച്ചു. തന്റെ പേരിൽ വ്യാജപ്രചരണം നടക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.

”ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടിൽ പോയത്. മൂന്ന് വർഷം മുൻപായിരുന്നു ദിലീപിനെ വീട്ടിൽ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു. മറ്റാരും ഇല്ലായിരുന്നു. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. കാവ്യ തന്നെ വിളിക്കുന്നത് ഇക്കാ എന്നാണ്’- മെഹബൂബ് പറഞ്ഞു.

ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് നല്ല രീതിയിലാണ് പെരുമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.

കന്യാസ്ത്രീയെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് ജന്മനാട്ടിൽ വൻ സ്വീകരണം. പൂമാലകൾ അണിയിച്ചും കതിനകൾ പൊട്ടിച്ചുമാണ് സ്വീകരിച്ചത്. വിശ്വാസികളും ബന്ധുക്കളും ഉൾപ്പടെ വൻ ജനാവലിയാണ് ഫ്രാങ്കോയെ സ്വീകരിക്കാനായി തൃശൂർ മറ്റത്ത് തടിച്ചു കൂടിയത്.

കാറിൽ വന്നിറങ്ങിയ ഉടനെ പൂമാലകൾ അണിയിക്കുകയായിരുന്നു. ആദ്യം ബിഷപ്പ് മറ്റം പള്ളിയിൽ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിൽ പോയി പ്രാർത്ഥന ചൊല്ലി. തുടർന്ന് ദേവാലയത്തിലെ ആരാധനാ ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പള്ളി മുറ്റത്ത് 105 കതിനയാണ് പൊട്ടിച്ചത്. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായാണ് ഫ്രാങ്കോയ്ക്ക് വേണ്ടി 105 കതിനകൾ പൊട്ടിച്ചത്.

വീട്ടിൽ എത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമായിരുന്നു ഫ്രാങ്കോയുടെ മടക്കം. ചാലക്കുടി പള്ളിയിൽ സഹോദരിയുടെ കുഴിമാടത്തിനരികിലും പോയി. ഇവിടെയും നിരവധി പേരാണ് ബിഷപ്പിനെ സ്വീകരിക്കാനായി കാത്തുനിന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.

ഈ കേസുകളിലെല്ലാം ബിഷപ്പിനെ കുറ്റവിമുക്തനാക്കി കൊണ്ടായിരുന്നു കോടതി വിധി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിക്കുന്നതായും ജലന്ധർ രൂപത അറിയിച്ചിരുന്നു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്ക് എതിരെ ചുമത്തിയ കേസ്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി.

തന്നെ, പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. ഒട്ടേറെ പോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ബിഷപ്പിന് എതിരെ കേസെടുത്തത്. തന്നെ വധിക്കാൻ ശ്രമിച്ചെന്നും കന്യാസ്ത്രീ ഇതിനിടെ പരാതി നൽകിയിരുന്നു.

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന.പല പ്രതിസന്ധികളിലൂടെയും കടന്നുപോയ താരം കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമൊത്തുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം നവീനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. വൻ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്.

2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഭാവന അവസാനമായി വേഷമിട്ട ചിത്രം. കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം ’96’ എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ചിത്രത്തിൽ കൈകാര്യം ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്നഡ സിനിമയായ ഭജറംഗി 2 ആണ് ഭാവന ഒടുവിൽ വേഷമിട്ട ചലച്ചിത്രം.

സിനിമയിലും പുറത്തും സുഹൃത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് ഭാവനയുടേത്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ്. മഞ്ജുവുമായുള്ള ചിത്രങ്ങൾ ഭാവന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

ഭാവന പങ്കുവെച്ച ഏറ്റവും പുതിയ ഒരു കാന്റീഡ് ഫോട്ടോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. മഞ്ജുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. വാം ടോണിലുള്ള ചിത്രം ഒരു റെസ്റ്റോറന്റ്ന് അകത്തുവെച്ചുള്ളതാണ്. ഭാവനയുടെ കയ്യിൽ ഒരു ഫോർക്കും ഉണ്ട്.

“ഞങ്ങളെല്ലാം അല്പം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് പ്രകാശം കടന്നുവരുന്നതും.” ഫോട്ടോക്ക് താഴെ ഭാവന കുറിച്ചു. ഇതിനോടകം തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.

 

മെട്രിസ് ഫിലിപ്പ്

മലയാളി അടിപൊളിയാണ്. കഴിഞ്ഞ 5-6 വർഷം കൊണ്ട് കുടിച്ചു തീർത്തത് 47000 കോടിയുടെ മദ്യമാണ്. 2021 ഡിസംമ്പറിൽ 140 കോടി. ബിയർ, വൈൻ, ബാർ അതിന്റെ കണക്ക് വേറെ വരുമേ. ഈ കോടിയെല്ലാം എന്തിനാണ് ചിലവഴിക്കുന്നത്, സർക്കാർ ജോലിക്കാർക്ക് ശമ്പളം, പെൻഷൻ, ബിയർ കെഎസ്ആർടിസിക്ക് 100 കോടി, അങ്ങനെ പോകുന്നു. റോഡ് മുഴുവൻ കുഴിയായി കിടന്നലും കുഴപ്പമില്ല. വാഹനം ഓടിക്കുന്നവർ, കുഴിയിൽ വീഴാതെ വെട്ടിച്ചുകൊണ്ട് പൊയ് ക്കൊള്ളും.

കേരളത്തെ ഇത്രയും താങ്ങി നിർത്തുന്ന മദ്യപൻമാർക്ക്, അവർ ആഗ്രഹിക്കുന്ന ബ്രാൻഡുകൾ, നോക്കി മേടിക്കാൻ പറ്റുന്ന സാഹചര്യമുണ്ടോ കേരളത്തിൽ. പാവങ്ങൾ മഴയും വെയിലും കൊണ്ട്, വൃത്തിഹീനമായ സ്ഥലത്ത് , ക്യു പോലും തെറ്റിക്കാതെ, വളരെ അച്ചടക്കത്തോടെ നിൽക്കുന്നവരുടെ നൊമ്പരം ആരറിയുന്നു. ചിലർ ഹെൽമെറ്റ് വെച്ചാണ് നിൽപ്പ്. ഇത്രയും കഷ്ടപ്പെട്ട്, ക്യാഷരുടെ അടുത്ത് ചെല്ലുമ്പോൾ ആഗ്രഹിച്ച ബ്രാൻഡ് കിട്ടാതെ, വരുമ്പോൾ, പെട്ടെന്ന് എടുക്കുവാൻ പോകുന്ന തീരുമാനം കൊണ്ട്, എത്ര ടെൻഷൻ അടിക്കേണ്ടി വരും. അവസാനം ബില്ല് വാങ്ങി, കളക്ഷൻ പോയിന്റിൽ എത്തുമ്പോൾ, ഒരു ന്യൂസ്‌പേപ്പറിൽ പോലും പൊതിഞ്ഞു തരാതെ, വഴിയിൽ ഉള്ളവരെ മുഴുവൻ കാണിച്ചുകൊണ്ട് പോകുമ്പോൾ ഉണ്ടാകുന്ന അരിശം അത് വേറെ. ബ്രാണ്ടി ഷോപ്പിന്റെ മുന്നിൽ, ഷെയറിനായി കാത്തുനിൽക്കുന്നവരെ വെട്ടിച്ചു പോയി വാങ്ങണം. ബില്ലുകൾ ആരും തന്നെ കൊണ്ട് പോകാറില്ല. അതെല്ലാം റോഡിലും, കൗണ്ടറിന്റെ മുന്നിലും ചിതറികിടക്കുന്നു. ചിലർ ബിഗ്‌ഷോപ്പർ ബാഗുമായിട്ടാണ് വരുന്നത്. ചിലർ ഹാഫ് ബോട്ടിൽ അരയിൽ, തിരുകുന്നത് കാണുമ്പോൾ പേടിയാകും. ദൈവമേ, ഇതെങ്ങാനും താഴെപോയാൽ ഉള്ള അവസ്ഥ എന്താകും. ഇത്രയും കോടികൾ സർക്കാരിലേയ്ക്ക് നൽകുന്നവർക്ക് , അർഹമായ പരിഗണന നൽകണം.

വിദേശരാജ്യങ്ങളിൽ എല്ലാം സൂപ്പർമാർക്കറ്റുകളിലിലും, പെട്ടികടകളിൽ വരെ സുലഭമായി മദ്യം വാങ്ങാം. നമുക്ക് ആഗ്രഹിച്ചത്, നോക്കിയെടുക്കാം. നല്ല കവറിൽ പൊതിഞ്ഞു തരും. അതുപോലെ ഉള്ള സമാധാനം ആണ് നമ്മുടെ നാട്ടിലും വേണ്ടത്. ലോകം, ഉള്ള കാലം മുഴുവൻ മദ്യപിക്കുന്നവർ ഉണ്ടാകും. അവരാണ് സർക്കാരിനെ സാമ്പത്തികമായി പിടിച്ചുനിർത്തുന്നവർ. അതിനാൽ അവർക്കു അവകാശപ്പെട്ട ഫെസിലിറ്റി ചെയ്ത്കൊടുക്കണം. മഴയും വെയിലും കൊള്ളേണ്ടവർ അല്ലെന്ന് ഓർക്കുക. സാധിക്കുന്നിടത്തെല്ലാം, ഷോപ്പുകൾ തുറന്നുകൊടുക്കണം. എന്നോർത്തു മദ്യപാനത്തെ പ്രോൽസാഹപ്പിക്കുകയല്ല.

മദ്യം ഉപയോഗിക്കുന്നവർ ആരൊക്കെയാണ്. പാടത്തും പറമ്പിലും പണിയുടുത്തു, വൈകുന്നേരം, ഒരു കുപ്പി കള്ള് അല്ലെങ്കിൽ 100 മില്ലി ചാരായം കുടിക്കുന്നവരുടെ ഒരു കാലം ഉണ്ടായിരുന്നു. അവരൊകെ 90-100 വയസ്സ് വരെ ജീവിച്ചവരാണ്. എന്നാൽ ഇന്ന് ആ രീതികളും ആളുകളും മാറിയിരിക്കുന്നു. മദ്യപാനം ഒരു ഫാഷൻ ആയി. ഒരു റിലാക്‌സേഷനു വേണ്ടി കുടിക്കുന്നവർ തുടങ്ങി, മദ്യത്തിന് അടിമ ആയവർ വരെ ആയിക്കഴിഞ്ഞിരിക്കുന്നു. രാവിലെ മുതൽ ഒരു ജോലിയും ചെയ്യാതെ കുടിക്കുന്നവർ കുടുംബത്തിനും സമൂഹത്തിനും ബാധ്യതയാണ്. എന്നാൽ അവർ കാരണം, വല്ലപ്പോഴും കഴിക്കുന്നവർ കുറ്റപെടുത്തലുകൾ കേൾക്കേണ്ടിവരുന്നു. പകൽ അരുത് എന്നാണ് പറയുന്നത്, എന്നാൽ ചിലർ പതറിപോകുന്നു.

മദ്യപിക്കുന്നവർ, യൂറോപ്യൻസിനെ കണ്ട് പഠിക്കണം എന്നാണ് പറയുക. അവരുടെ രാജ്യത്തെ, തണുപ്പുള്ള കാലാവസ്ഥയ്ക്ക്, ഒരു പെഗ് അടിക്കും. അതും സിപ് ചെയ്താണ് കഴിക്കുന്നത്. എന്നാൽ നമ്മളോ ഒറ്റവലി. പിന്നെ രണ്ട്, മൂന്ന്, ബോട്ടിൽ തീർക്കുക, ഒരെണ്ണം കൂടി വാങ്ങുക, ഓഫ് ആയി കിടക്കുക. മാക്സിമം 2/3, അതേ ആകാവൂ. ചിലർ പറയും എത്ര അടിച്ചാലും പൂസാക്കില്ല എന്ന്. അവർക്കുള്ളിൽ ഗുരുതര പരുക്ക് ഉണ്ടെന്ന് ഉറപ്പാണ് എന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്.

ഓരോ സാഹചര്യങ്ങൾ കൊണ്ടാണ് ഒരു വ്യക്തി മദ്യപിക്കുന്നവർ ആകുന്നത്. വല്ലപ്പോഴും, എന്നത് മാറി ദിവസേന ആകും. രണ്ടെണ്ണം അടിക്കണം എന്ന് പറഞ്ഞു തുടങ്ങിയിട്ട് പൂസായി ആടി പോകുന്നത്, നല്ലതാണോ. ഫുഡ് കൂടുതലായി കഴിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകും. അതിനാൽ മദ്യപാനം കൊണ്ട്, ശരീരത്തിന് ദോഷം അല്ലാതെ ഒരു ഗുണവും ഉണ്ടാകുന്നില്ല. മുഖവും വീർത്ത് , വയറും ചാടി ആരോഗ്യമില്ലാതെ വരും. രണ്ടെണ്ണം അടിച്ചു വലിയ ഷോ ഒന്നും കാട്ടാതെ വീട്ടിൽ പോയി കുടുംബത്തെ സന്തോഷിപ്പിക്കുന്നവരും ഉണ്ടാകാം. അപ്പോൾ എങ്ങനെ ആണ് ഒരെണ്ണം.

മദ്യപാനം ആരോഗ്യത്തിന് ഹാനീകരം. അതിനാൽ ജാഗ്രതയോടെ മൂന്നോട്ടു പോകാം. Life is beautiful .

 

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയെന്ന ഒറ്റവരി വിധി പ്രസ്താവത്തിന് എതിരെ പ്രോസിക്യൂഷൻ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്നും വെറുതെ വിട്ട കോടതി വിധി അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം മുൻ എസ്പി ഹരിശങ്കർ പ്രതികരിച്ചു.

ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും അറിയിച്ചു.

കൃത്യമായ മെഡിക്കൽ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ല. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും കോട്ടയം മുൻ എസ്പി പ്രതികരിച്ചു.

കേസിൽ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നൽകിയ ആളുകൾക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനിൽപ്പിനേയും വിധി ബാധിക്കും. എത്ര ഉന്നതൻ പ്രതിയാകുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ട് വന്നാൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നൽകാവുന്ന കേസിൽ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേസ് ഇവിടെ അവസാനിപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തീർച്ചയായും അപ്പീല് പോകുമെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാനെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ദൈവത്തിന് സ്തുതി പറഞ്ഞാണ് സഹോദരങ്ങളായ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം മടങ്ങിയത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.

കോട്ടയം∙ പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. നു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്

കോടതിക്കു സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി. വിധി കേൾക്കുന്നതിനായി ബിഷപ് ഫ്രാങ്കോ പിൻവാതിലിലൂടെ കോടതിയിലെത്തിയിരുന്നു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നു കേസന്വേഷണത്തിനു മേൽനോട്ടം നൽകിയ കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എസ്. ഹരിശങ്കർ. ഇന്ത്യയിൽത്തന്നെ വേറിട്ടു നിൽക്കുന്ന വളരെ അസാധാരണമായ കോടതി വിധിയാണിതെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്. വൈക്കം മുൻ ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ ദിവസങ്ങളിൽ തൃശൂരിലെ കുടുംബവീട്ടിൽ തങ്ങിയാണ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായത്. നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു.

പീഡനം, ത‍ടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, ഏഴു മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 6 സാക്ഷികളെ വിസ്തരിച്ചു.

RECENT POSTS
Copyright © . All rights reserved