Kerala

അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കി സി.പി.ഐ. ജയശങ്കറിന്റെ പരാതിയിന്‍മേല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് സി.പി.ഐയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്.

സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗമായ ജയശങ്കര്‍ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചയിലും ഭരണത്തെയും ഭരണകര്‍ത്താക്കളേയും നിരന്തരമായി വിമര്‍ശിക്കുന്നത് പാര്‍ട്ടിക്കും മുന്നണി സംവിധാനത്തിനും ദോഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനമെടുത്തിരുന്നത്.

ഇതിനെ തുടര്‍ന്ന് സി.പി.ഐ ബ്രാഞ്ച് തലത്തില്‍ ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.2020 ജൂലായിലെ ബ്രാഞ്ച് പൊതുയോഗത്തില്‍ ഇതേ കാര്യങ്ങള്‍ക്ക് ശാസിച്ചിട്ടും അനുസരിച്ചില്ല, പാര്‍ട്ടിയുടെയും പാര്‍ട്ടി ബഹുജന സംഘടനകളുടെയും യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും ക്യാംപെയ്‌നുകളിലും പങ്കെടുത്തില്ല എന്നിവയായിരുന്നു നടപടിക്ക് ആധാരമായ മറ്റ് കാരണങ്ങള്‍.

പാര്‍ട്ടി ലെവിയായ 1330 രൂപ തിരിച്ചു നല്‍കിയതായും ബ്രാഞ്ച് സെക്രട്ടറി അറിയിച്ചിരുന്നു.എന്നാല്‍ ബ്രാഞ്ച് തീരുമാനങ്ങള്‍ക്കെതിരായി ജയശങ്കര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സി.പി. മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.

അന്വേഷണത്തില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ഏകകണ്ഠമായി പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.റിപ്പോര്‍ട്ട് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു.

നടന്‍ ദിലീപിന്റെ കൈവശമുള്ള തോക്കിനെക്കുറിച്ചും ഫോണ്‍ നമ്പറുകളെക്കുറിച്ചും ഗുരുതര വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ കൈവശം പത്ത് നമ്പറുകളുണ്ടെന്നും എന്നാല്‍ ഇതൊന്നും സ്വന്തം പേരിലുള്ളത് അല്ലെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ദിലീപിന്റെ കൈയിലുള്ള തോക്ക് വിദേശനിര്‍മിതമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

”അനൂപിന്റെ വീട്ടില്‍ ദിലീപ് താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ മുകളിലെ ബെഡ് റൂമിലാണ് തോക്ക് കണ്ടത്. ആലുവയിലെ പത്മസരോവരത്തില്‍ അല്ല. ലൈസന്‍സുള്ള തോക്കാണെന്നാണ് ദിലീപ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു. വിദേശ തോക്കാണ്. മെയ്ഡ് ഇന്‍ സ്‌പെയിന്‍ ആണെന്ന് തോന്നുന്നു. വിദേശരാജ്യത്തിന്റെ പേരായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ചെറിയ തോക്കാണ്.”

”10 മൊബൈല്‍ നമ്പറുകളാണ് ദിലീപിനുള്ളത്. ഇതില്‍ കാനഡ, മലേഷ്യന്‍ നമ്പുകളുണ്ട്. ഇതില്‍ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ നമ്പറുകള്‍ റോമിംഗില്‍ കേരളത്തിലും ഉപയോഗിക്കുന്നുണ്ട്. മലേഷ്യന്‍ നമ്പറില്‍ എന്നെ ദിലീപ് വിളിച്ചിട്ടുണ്ട്. അതുകൊണ്ട് നമ്പറുകള്‍ ദിലീപേട്ടന് എന്ന് സേവ് ചെയ്തിട്ടുണ്ട്. പത്തു നമ്പറുകളും പലരുടെയും പേരുകളിലുള്ളതാണ്. ഒരിക്കല്‍ അനൂപ് ദിലീപിനോട് പറയുന്നത് ഒരു ഓഡിയോയില്‍ കേട്ടിട്ടുണ്ട്. സ്വന്തം പേരില്‍ ഇനിയെങ്കിലും ഒരു നമ്പര്‍ എടുക്കാന്‍.”

പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കരയും. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ നടനെ രക്ഷിക്കാന്‍ പത്ത് കോടി ആവശ്യപ്പെട്ടു എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ദിലീപിന്റെ സുഹൃത്തായ ഒരു സംവിധായകനോട് ഫോണ്‍ കോള്‍ മുഖാന്തരമാണ് അയാള്‍ ദിലീപിനെ രക്ഷിക്കാം എന്ന് വാഗ്ദാനം ചെയ്തത്. ഇയാളുടെ ശബ്ദരേഖ ദിലീപിന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍.

ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഒരു സംവിധായകന് കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ആ സംവിധായകന്‍ എന്ന് പറയുന്നത് ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അയാളെ വെച്ച് ഒരു സിനിമ സൂപ്പര്‍ഹിറ്റ് ആക്കുകയും ചെയ്ത സംവിധായകനുമാണ്. ആ സംവിധായകന് വന്ന ഫോണ്‍ കോളില്‍ ‘പത്ത് കോടി രൂപ നിന്റെ ബോസിന്റെ കൈയില്‍ നിന്നും മേടിച്ച് തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യമൊക്കെ ഞങ്ങള്‍ നോക്കിക്കൊളളാം. നീ ബോസുമായി സംസാരിക്ക്’ എന്നാണ് പറഞ്ഞത്. ഇത് കേട്ട് വിറളി പിടിച്ച സംവിധായകന്‍ ഫോണ്‍ കട്ട് ചെയ്തു.

പിന്നാലെ അയാള്‍ വിളിച്ചിട്ട് ‘പത്ത് ഇല്ലെങ്കില്‍ മൂന്ന് കുറയ്ക്കാം, ഏഴെങ്കിലും മേടിച്ച് തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം. ജാമ്യം ഞങ്ങള്‍ ഉണ്ടാക്കി തരാം’ എന്ന് പറഞ്ഞു. ഈ ഫോണ്‍ കോള്‍ സംവിധായകന്‍ റെക്കോര്‍ഡ് ചെയ്തു. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. അത് എന്തേ എന്ന് ദിലീപ് ചോദിച്ചപ്പോള്‍ ‘അത് ഞാന്‍ ഡിലീറ്റ് ചെയ്തു’ എന്ന് സംവിധായകന്‍ മറുപടി നല്‍കി. ‘നിന്നോട് ആര് പറഞ്ഞു ഡിലീറ്റ് ചെയ്യാന്‍’ എന്ന് ദിലീപ് ചൂടായി.

പിന്നാലെ ഈ ഫോണ്‍ പെന്റാ മേനകയിലെ സലീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിച്ചു. ഐഫോണിന്റെ സിക്‌സ് എസ് മോഡല്‍ ഫോണ്‍ ആയിരുന്നു. ആ സലീഷ് മരിച്ചു പോയി. ആലുവയില്‍ ഒരു അപകടത്തിലാണ് അദ്ദേഹം മരിച്ചു പോയത്. സലീഷ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് റിട്രീവ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയാള്‍ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് റിട്രീവ് ചെയ്യാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു. അങ്ങനെ 90,000 രൂപ മുടക്കി ഡോക്ടര്‍ ഫോണ്‍ വാങ്ങുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇത് വാങ്ങിയത്. എന്നാല്‍ അത് ഉപയോഗിച്ചും ഇത് റിട്രീവ് ചെയ്യാന്‍ കഴിയുന്നില്ല.

തുടര്‍ന്ന് ദിലീപിന്റെ ഒരു സുഹൃത്തിന്റെ മുഖാന്തരം ഫോണ്‍ അമേരിക്കയില്‍ കൊടുത്തയച്ചു. ഏകദേശം ഒമ്പത് ലക്ഷം രൂപയോളം ചെലവാക്കി ആ ശബ്ദം ദിലീപ് റിട്രീവ് ചെയ്തു. ആ ശബ്ദരേഖ ദിലീപിന്റെ കൈയിലുണ്ട് എന്നാണ് വിശ്വസിനീയമായ ഒരു കേന്ദ്രത്തില്‍ നിന്നും ലഭിച്ച വിവരം. പൊലീസ് കണ്ടുപിടിച്ച ശേഷം ഈ പ്രമുഖനായ രാഷ്ട്രീയ നേതാവ് ആരെന്ന് പറയാം. ഇന്ന് കൊണ്ടുപോയ ഫോണിന്റെ കൂട്ടത്തില്‍ ആ ഫോണും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരെന്ന് കേരളം അറിയും.

രാത്രി വൈകി കടലില്‍ കണ്ട പോത്തിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി കരക്കെത്തിച്ച് മത്സ്യതൊഴിലാളികള്‍. കോഴിക്കോട് കല്ലായി കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കടലില്‍ നിന്ന് പോത്തിനെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

ബുധനാഴ്ച രാത്രി 12നാണ് എ.ടി.ഫിറോസ്, എ.ടി.സക്കീര്‍, ടി.പി.പുവാദ് എന്നിവര്‍ മീന്‍പിടിത്തത്തിനായി അറഫ ഷദ എന്ന വള്ളത്തില്‍ കടലിലേക്ക് പോയത്. കരയില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരത്തെത്തി മീന്‍പിടിക്കുന്നതിനായി വല ഇട്ടപ്പോഴാണ് അസാധാരണ ശബ്ദം കേട്ടത്. ആദ്യം ഭയന്നെങ്കിലും ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പോത്തിനെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് വല വേഗത്തില്‍ എടുത്ത ശേഷം പോത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. എന്നാല്‍, ഭയന്ന പോത്ത് അടുക്കുന്നുണ്ടായിരുന്നില്ല. വലിച്ചു വള്ളത്തില്‍ കയറ്റാനും സാധിച്ചില്ല. തുടര്‍ന്ന് അടുത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട സല റിസ വള്ളത്തിലുള്ളവരെ സഹായത്തിനായി വിളിക്കുകയായിരുന്നു. മുഹമ്മദ് റാഫി, ദില്‍ഷാദ് എന്നിവരും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ വള്ളത്തിലേക്ക് അടുപ്പിക്കാനായത്.

മുഹമ്മദ് റാഫി വെള്ളത്തിലേക്ക് ചാടി പോത്തിന്റെ കഴുത്തിലെ കയറില്‍ മറ്റൊരു കയര്‍ കെട്ടിയാണ് അതിനെ വള്ളത്തിലേക്ക് അടുപ്പിച്ചത്. ഇതിനിടയില്‍ പോത്തിന്റെ ചവിട്ടടക്കം ഇവര്‍ക്ക് ഏല്‍ക്കേണ്ടിവന്നു. പിന്നീട് പോത്തിനെ വള്ളത്തോട് ചേര്‍ത്ത് നിര്‍ത്തി തിരികെ കരയിലേക്കു യാത്ര തിരിച്ചു. വളരെ സാവധാനത്തില്‍ മാത്രമാണ് സഞ്ചരിക്കാനായത്. വേഗത കൂട്ടുമ്പോള്‍ പോത്ത് വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന സ്ഥിതിയായിരുന്നു.

ഒടുവില്‍ രാവിലെ എട്ടു മണിയോടെയാണ് പോത്തിനെ കരയിലെത്തിച്ചത്. മീന്‍ പിടിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും ജീവനുള്ള പോത്തിനെ കടലിലുപേക്ഷിച്ച് പോരാന്‍ മനസ് വന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഫിറോസ്   പറഞ്ഞു. കരയിലെത്തിച്ച പോത്തിനെ പിന്നീട് ഇവര്‍ ഉടമക്ക് കൈമാറി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പി അന്‍വര്‍ സാദത്ത് എം.എല്‍.എ അല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് വി.ഐ.പി ആണെന്നതുള്‍പ്പെടെ ബാലചന്ദ്രകുമാര്‍ നേരത്തെ പരഞ്ഞിരുന്നു. വി.ഐ.പിയുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതാനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംശയങ്ങളും പലരിലേക്കും ഉയര്‍ന്നിരുന്നു.

അക്കൂട്ടത്തില്‍ ഒരാള്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആയിരുന്നു. ഈ സാഹചര്യത്തിലാണ് വി.ഐ.പി അന്‍വര്‍ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

തിരുവനന്തപുരത്ത് സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിരയെ വിമർശിച്ചുളള വിഡിയോ വൈറലാകാൻ ചെയ്തതല്ലെന്ന് കലാഭവന്‍ അൻസാർ. ഒരു രാഷ്ട്രീയപാർട്ടിയിലും ഉള്ള ആളല്ല താനെന്നും അനവസരത്തിൽ നടന്നൊരു പരിപാടിയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അൻസാർ പറഞ്ഞു.

‘വൈറലാകാൻ വേണ്ടി ചെയ്തതല്ല. ‍ഞങ്ങൾ രാവിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോയപ്പോൾ സംസാരത്തിന്റെ ഇടയിൽ തിരുവാതിര വിഷയം വന്നു. വല്ല കാര്യവുമുണ്ടോ ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് പറഞ്ഞ് ഞാൻ വെറുതെ കാണിച്ചതാ. ദാ ഇങ്ങനെയാ തിരുവാതിര കളിച്ചത് എന്ന് പറഞ്ഞ്. കൂട്ടത്തിലുള്ള എന്റെ ഒരു സുഹൃത്ത് അത് വിഡിയോ എടുത്ത് വാട്സാപ്പ് ഗ്രൂപ്പിലിട്ടു. ഇപ്പോൾ ഇത് മറ്റ് പല ഗ്രൂപ്പിലും പ്രചരിക്കുന്നുണ്ട്.

സർക്കാരിനെതിരെ പറഞ്ഞു എന്ന തരത്തിൽ പേടിയൊന്നുമില്ല. എനിക്ക് ഒരു കക്ഷി രാഷ്ട്രീയവുമില്ല. ഞാൻ സർക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താൻ പാടില്ലായിരുന്നു. അനവസരത്തിൽ ആണ് അത് നടന്നത്. ആ നിലപാടിൽ തന്നെ ഉറച്ച് നില്‍ക്കുന്നു. സ്ത്രീകളെയും അധിക്ഷേപിച്ചിട്ടില്ല ആ വിഡിയോയില്‍. അവരുടെ തന്നെ പാർട്ടിയിലെ ഒരു പയ്യൻ കൊല്ലപ്പെട്ട് ഇരിക്കുന്ന സമയത്തല്ലേ ഇത് നടത്തിയത്. അതിനെയാണ് വിമർശിച്ചത്. ഇപ്പോൾ ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി എങ്കിലും ഞാൻ ഇങ്ങനെ തന്നെ പ്രതികരിക്കും.’–കലാഭവൻ അൻസാർ വ്യക്തമാക്കി.

കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ഇതുവരെ മൗനം പാലിച്ചു നിന്ന പലരും ഇപ്പോള്‍ പിന്തുണയുമായി എത്തിയതോടെ ഒരു വശത്തുനിന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. തുടക്കം മുതല്‍ നടിക്കൊപ്പം നിന്ന ഗായികയാണ് സയനോര. ഇപ്പോള്‍ അതിജീവിതയ്ക്ക് സിനിമാരംഗത്ത് നിന്ന് ലഭിക്കുന്ന പിന്തുണയോടെ പ്രതികരിക്കുകയാണ് താരം.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ സിനിമാരംഗത്തുനിന്ന് വളരെ കുറച്ചുപേര്‍ മാത്രമാണ് പിന്തുണച്ച് എത്തിയിരുന്നത്, എന്നാല്‍ ഇന്ന് അവള്‍ക്കൊപ്പം ഒരുപാടുപേരുണ്ട്. ഇതുകൊണ്ട് അവര്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സയനോര ചോദിക്കുന്നു. ഒരു സമയത്ത് എല്ലാവരും വായും പൂട്ടി ഇരുന്നതായിരുന്നു, ഞങ്ങളെപ്പോലെ കുറച്ചു പേര്‍ മാത്രമായിരുന്നു ഇതില്‍ പ്രതികരിച്ചിരുന്നത്. ഒരു പോസ്റ്റ് ഷെയര്‍ ചെയ്തത് കൊണ്ട് ഒന്നും ആവില്ല എപ്പോഴും , ഞങ്ങളെപ്പോലെ കുറച്ചുപേര്‍ മാത്രമാണ് ഇതില്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നത് . അന്ന് മൗനം പാലിച്ചിരുന്നവര്‍ എന്തുകൊണ്ട് ഇപ്പോള്‍ പോസ്റ്റ് ഷെയര്‍ ചെയ്യുന്നു എന്നും താരം ചോദിക്കുന്നു.

തുടക്കം മുതല്‍ നടിക്കൊപ്പം ഉണ്ടായിരുന്ന സയനോര ആക്രമിക്കപ്പെട്ട നടി അനുഭവിച്ച വേദനകളെ കുറിച്ച് പറയുന്നു, അവളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ ഞങ്ങള്‍. അവള്‍ ഉറങ്ങാതിരുന്ന രാത്രികള്‍ ഉണ്ട് . അവളുടെ വിഷമം ഞങ്ങള്‍ നേരിട്ട് കണ്ടതാണ്, എന്നാല്‍ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നവരാണ് സിനിമാരംഗത്തുള്ള ഭൂരിഭാഗംപേരും. അതേസമയം കൂറുമാറിയ ആളുകള്‍ക്ക് എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുവെന്നും സയനോര ചോദിക്കുന്നു.

നടിക്കൊപ്പം നിന്നതിന്റെ പേരില്‍ അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടാകാം , ഞാന്‍ അതൊന്നും ശ്രദ്ധിക്കാറില്ല .സ്വന്തം ഭാര്യയ്‌ക്കോ സഹോദരിക്കോ മക്കള്‍ക്കോ ആണ് ഈ അവസ്ഥ വരുന്നതെങ്കില്‍ ഇതുപോലെ മിണ്ടാതിരിക്കുമൊ, ഇപ്പോള്‍ അവള്‍ ശക്തയാണ്. എന്നാല്‍ ആ സംഭവം സൃഷ്ടിച്ച മാനസിക ആഘാതത്തില്‍നിന്ന് അവള്‍ എന്ന് പുറത്തു വരും എന്ന് എനിക്കറിയില്ല.

ഇത്രയും വലിയൊരു സംഭവം നടന്നിട്ട് , അവളോടൊപ്പം പ്രവര്‍ത്തിച്ച് മാസങ്ങളോളം ജോലിചെയ്തവര്‍ അവള്‍ക്ക് വേണ്ടി എന്ത് ചെയ്തു. അതേസമയം നീ ഇങ്ങനെ അവളെ കൂടെ നടന്നാല്‍ നിനക്ക് ബുദ്ധിമുട്ട് ആകില്ലേ എന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്ന് സയനോര പറയുന്നു, തന്നെ കൊന്നാലും പ്രശ്‌നമില്ല അവളുടെ കൂടെ തന്നെ ഉണ്ടാവും എന്നും താരം കൂട്ടിച്ചേര്‍ത്തു.

നടൻ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന പൊലീസ് റെയ്ഡ് പൂർത്തിയായി. കംപ്യൂട്ടർ ഹാർഡ് ഡിസ്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂർ നീണ്ടു. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ മാതാപിതാക്കളെ പൊലീസ് വിളിച്ചു വരുത്തി.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോസ്ഥന്‍ ഉള്‍പ്പടെയുള്ളവരെ വധിക്കുന്നതിനു ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് മിന്നല്‍ പരിശോധനയ്ക്കെത്തിയത്. നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. കോടതിയുടെ അനുമതിയോടെയായിരുന്നു റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘത്തിന്റെ പരിശോധന.

ദിലീപിന്റെ ആലുവയിലെ വീട്ടിലും നിര്‍മാണ കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന്‍ അനൂപിന്റെ തോട്ടെക്കാട്ടുകരയിലുള്ള വീട്ടിലുമാണ് റെയ്ഡ് നടന്നത്. അന്വേഷണ സംഘം എത്തുമ്പോള്‍ ദിലീപിന്റെ വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലായിരുന്നെങ്കിലും ഗേറ്റ് ചാടിക്കടന്ന് പൊലീസ് ഉള്‍പ്പടെയുള്ള സംഘം അകത്തു കടന്നു. തുടര്‍ന്ന് ഗേറ്റ് തുറന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാവരും അകത്തു കടന്നു. പിന്നീടു സഹോദരി എത്തി വീടു തുറന്നുനൽകി. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണു മൂന്നായി തിരിഞ്ഞു പരിശോധന നടത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലാചന നടത്തിയെന്ന വെളിപ്പെടുത്തലില്‍ ക്രൈംബ്രാഞ്ച് റജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ വീട്ടിലെ പൊലീസ് പരിശോധന. പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പടെയുള്ള തെളിവുകള്‍ ശേഖരിക്കുന്നതിനു വേണ്ടിയായിരുന്നു പൊലീസ് പരിശോധന.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ നടന്‍ ദിലീപ് തന്റെ മുന്നില്‍ വച്ചു കണ്ടെന്നും കാണാന്‍ ക്ഷണിച്ചെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ ഉള്‍പ്പടെ വധിക്കുന്നതിന് പദ്ധതിയിട്ടെന്നും വെളിപ്പെടുത്തല്‍ ഉണ്ടാകുകയും ഇതിന്റെ ഓഡിയോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സംവിധായകന്‍ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. ഇതെല്ലാം കാണിച്ച് ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്കു കത്തയച്ചതിനു പിന്നാലെയാണ് അന്വേഷണം ശക്തമായിരിക്കുന്നത്.

ആലുവയിലെ പത്മസരോവരത്തില്‍ റെയ്ഡ് നടക്കുന്നതിനിടെ വീട്ടിലേക്ക് പാഞ്ഞെത്തി നടന്‍ ദിലീപ്. റെയ്ഡിന് പോലീസ് എത്തിയപ്പോള്‍ വീട് പുറത്തു നിന്ന് പൂട്ടികിടക്കുന്നു. ഒന്നും ആലോചിക്കാതെ ഒരു പോലീസുകാരന്‍ മതില്‍ ചാടി. അപ്പോള്‍ കണ്ടത് വീട്ടു ജോലിക്കാരെ. ചാനലുകളിലെ വാര്‍ത്ത കണ്ട് എത്തിയ ദിലീപിന്റെ സഹോദരി വീട് പൂട്ടു തുറന്നു നല്‍കി. പോലീസ് വീട്ടിനുള്ളില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോള്‍ ദിലീപും എത്തി.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.

രാവിലെ 11:30-ഓടെയാണ് ആലുവ പാലസിന് സമീപമുള്ള ദിലീപിന്റെ പത്മസരോവരം വീട്ടിലേക്ക് അന്വേഷണസംഘം എത്തിയത്. ദിലീപിന്റെ നിര്‍മാണക്കമ്പനിയിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും ഒരേസമയമായിരുന്നു റെയ്ഡ്. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30-ഓടെ സ്വയം ഇന്നോവ കാര്‍ ഓടിച്ചാണ് ദിലീപ് വീട്ടിലേക്ക് വന്നത്.

ആരും ദിലീപിനെ തിരിച്ചറിഞ്ഞില്ല. കണ്ണടവച്ചായിരുന്നു അതിവേഗം കാറില്‍ വീട്ടിനുള്ളിലേക്ക് ദിലീപ് കടന്നത്. ദിലീപിന്റെ സഹോദരനാണ് ഇതെന്നാണ് എല്ലാവരും കരുതിയത്. പിന്നീട് പുറത്തിറങ്ങിയ ശേഷം റെയ്ഡില്‍ ദിലീപിന്റെ സാന്നിധ്യം ഉണ്ടെന്ന് എസ്പി സമ്മതിച്ചു. ഇതോടെ വീട്ടിനുള്ളില്‍ ദിലീപുണ്ടെന്ന അഭ്യൂഹമെത്തി. പിന്നീട് ദൃശ്യ പരിശോധനയിലാണ് വീട്ടിലേക്ക് കാറില്‍ പോയത് ദിലീപാണെന്ന് വ്യക്തമായത്.

രണ്ടു പോലീസുകാരാണ് മതില്‍ ചാടിക്കടന്നത്. വാതില്‍ പുറത്തു നിന്ന് പൂട്ടി സഹോദരി താക്കോലുമായി പോയി എന്നു വേണം അനുമാനിക്കാന്‍. വെള്ളിയാഴ്ച വരെ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്യില്ല. ഹൈക്കോടതിയുടെ ഉത്തരവ് ദിലീപിന് അനുകൂലമായുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിന്റെ സിനിമാ നിര്‍മ്മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി.

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്ബനിയില്‍ അന്വേഷണസംഘം റെയ്ഡ് നടത്താനെത്തിയത്. ദിലീപുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ തേടാനാണ് ക്രൈംബ്രാഞ്ച് ശ്രമം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം, അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നീ രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് തെളിവുകള്‍ തേടി പരിശോധന നടത്തുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് റെയ്ഡ്. വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.

മലപ്പുറം തിരൂരില്‍ മര്‍ദ്ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന്‍ മരിച്ചു. പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശിയായ മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് മരിച്ചത്. കുട്ടിയുടെ മരണ വിവരം അറിഞ്ഞതോടെ രണ്ടാനച്ഛന്‍ അര്‍മാന്‍ മുങ്ങി. മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം.

അര്‍മാനാണ് ഷെയ്ക്ക് സിറാജിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ ഉണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്. പൊലീസ് ഇവിടെ എത്തി പരിശോധന നടത്തി. അര്‍മാന്‍ ട്രെയിനില്‍ മുങ്ങിയതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പറയുന്നു.

മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പാണ് റഫീക്കുമായുള്ള ബന്ധം പിരിഞ്ഞ് മുംതാസ് അര്‍മാനെ വിവാഹം കഴിച്ചത്. ഒരാഴ്ച മുമ്പാണ് ഇവര്‍ തിരൂരില്‍ താമസിക്കാന്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിലാണ് കേസെടുത്തിരിക്കുന്നത്.

നിവേദ്യത്തിലെ സത്യഭാമയായെത്തി മലയാളത്തിന്റെ ഹൃദയം കവര്‍ന്ന താരമാണ് ഭാമ.
തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ലേഖിത എന്നായിരുന്നു ഭാമയുടെ യഥാര്‍ത്ഥ പേര്. ലോഹിതദാസാണ് ഭാമ എന്ന് പേരുമാറ്റുന്നത്.

അരുണുമായുള്ള വിവാഹ ശേഷം സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം സമൂഹമാധ്യമങ്ങളില്‍ തന്റെ വിശേങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഇരുവര്‍ക്കും പെണ്‍ കുഞ്ഞ് ജനിച്ചത്. ഗൗരി എന്നാണ് കുഞ്ഞിന്റെ പേര്. ഈ അടുത്തായിരുന്നു ഗൗരിയുടെ ഒന്നാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിലാണ് മകളുടെ ഫോട്ടോ ആദ്യമായി നടി പുറത്തുവിട്ടത്.

പിന്നാലെ താന്‍ ഗര്‍ഭകാലത്ത് അനുഭവിച്ച മാനസിക സംഘര്‍ഷത്തെ കുറിച്ചും ഭാമ പറഞ്ഞിരുന്നു. ഇപ്പോള്‍ വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെ കുറിച്ച് വ്യക്തമാക്കുകയാണ് താരം.

ഗര്‍ഭകാലം ആസ്വദിക്കണം, എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, എന്നാല്‍ തന്റെ ആ കാലം ആസ്വദിക്കാന്‍ പറ്റിയ ആയിരുന്നില്ലെന്ന് ഭാമ പറയുന്നു. കുഞ്ഞു ജനിച്ചതിന് ശേഷം കുഞ്ഞിന്റെ അമ്മയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരുപാട് പേരുണ്ടാകും. എന്നാല്‍ ഈ സമയത്ത് ഒരു അമ്മയുടെ മാനസിക ആരോഗ്യത്തിന് എന്തൊക്കെ ചെയ്യണം എന്ന് ആരും പറഞ്ഞു തരാറില്ല. അമ്മയുടെ മനസ്സിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്.

തുടക്കത്തില്‍ മൂന്നുനാലു മാസം ഒട്ടും ഉറക്കം ഉണ്ടായിരുന്നില്ല. പകല്‍ സമയത്ത് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല, രാത്രി ആണെങ്കില്‍ അവള്‍ ഉറങ്ങത്തുമില്ല. ഇതോടെ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു പെട്ടെന്ന് കരച്ചില്‍ വരുന്നു പൊട്ടിത്തെറിക്കുന്നു. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ സപ്പോര്‍ട്ടോട് കൂടിയാണ് പിടിച്ചു നിന്നത്.

ലോക്ഡൗണ്‍ കഴിഞ്ഞു പുറത്തിറങ്ങിയതോടെ പഴയ ജീവിതം തിരിച്ചുകിട്ടിയത്. പിന്നെ നീന്തലും മെഡിറ്റേഷനും എല്ലാം തുടങ്ങി. ഇന്ന് തനിക്ക് കണ്ണാടിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു, ഭാമ പറയുന്നു.

അമ്മയായാല്‍ പൂര്‍ണമായി നമ്മുടെ ഇഷ്ടങ്ങള്‍ മാറ്റി വെക്കേണ്ടെന്നും നടി പറയുന്നു. വീണ്ടും സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് നടി. താന്‍ പാടിയ പാട്ടുകള്‍ ചിത്രീകരിക്കണം എന്ന് ആഗ്രഹമുണ്ട്, അതുപോലെ യാത്രകള്‍ ചെയ്യണം, ഇതൊക്കെ തന്റെ യൂട്യൂബിലൂടെ തന്നെ സ്നേഹിക്കുന്നവര്‍ക്കു മുന്നില്‍ എത്തിക്കുമെന്ന് നടി പറഞ്ഞു.

2020 ജനുവരി 30നായിരുന്നു ഭാമയും അരുണ്‍ ജഗദീശും തമ്മിലുള്ള വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം ആ വര്‍ഷം നടത്തിയ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറിയിരുന്നു.

ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹത്തിലെത്തിയത്.

RECENT POSTS
Copyright © . All rights reserved