ന്യൂസ് ഡെസ്ക് മലയാളം യുകെ
ഉക്രൈൻ: ബിറ്റ് കോയിൻ കാർഡുകളും പുതിയ ക്രിപ്റ്റോ സേവനങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാരംഭിച്ച് ഉക്രൈൻ. ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കൊപ്പം, അനുബന്ധ സേവനങ്ങളും രംഗത്തെത്തിക്കുകയാണ് അവർ. ക്രിപ്റ്റോ നാണയങ്ങൾ വാങ്ങാനും വ്യാപാരം ചെയ്യാൻ സാധിക്കുന്നതിന് പുറമേ രാജ്യത്തെ ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ കറൻസികൾ സ്റ്റോറുകളിലും ഓൺലൈനിലും ഇനി ചെലവഴിക്കാം. ഇതിനായി രണ്ട് ബിറ്റ് കോയിൻ കാർഡുകൾ പുറത്തിറക്കുകയാണ്.
യുകെ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ പേയ്‌മെന്റ് പ്രോസസറായ വൈറെക്സ് (Wirex) വഴി ക്രിപ്‌റ്റോകറൻസികൾ വാങ്ങാനും കൈമാറ്റം ചെയ്യാനും സാധിക്കും. ക്രിപ്‌റ്റോ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കാനും ഉക്രൈൻകാർക്ക് കഴിയും. വ്യാപാരത്തിലും മറ്റ് സേവനങ്ങളിലും ക്രിപ്‌റ്റോ നാണയങ്ങൾ ചെലവഴിക്കാനായി തങ്ങളുടെ കാർഡ് നൽകാനും വൈറെക്സ് പദ്ധതിയിടുന്നു.
അതേസമയം ഉക്രേനിയൻ ഓൺലൈൻ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ മോണോബാങ്ക് സ്വന്തം ക്രിപ്‌റ്റോകറൻസി കാർഡ് പുറത്തിറക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാഷണൽ ബാങ്ക് ഓഫ് ഉക്രെയ്നിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മൂന്ന് മാസത്തിലേറെയായി കാത്തിരിക്കുകയാണെന്നും കമ്പനി പരാതിപ്പെട്ടു.
കൊച്ചി: തൃക്കാക്കര എംഎൽഎ പി.ടി. തോമസ് (71) അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്കൂളിൽ പഠിക്കുമ്പോൾ കെഎസ്‍യുവിലൂടെയാണ് പി.ടി. തോമസ് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നൂ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി. കെപിസിസി. നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം നിലപാടിൽത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. ‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്‌ണു തോമസ്, വിവേക് തോമസ്
കൊച്ചിയിലെ മോഡലുകളുടെ മരണം രാജ്യസഭയില്‍ പരാമര്‍ശിച്ച് സുരേഷ് ഗോപി എംപി. മോഡലുകളുടെ മരണം കൊലപാതകമാണെന്ന് സുരേഷ് ഗോപി പറഞ്ഞു.കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മോഡലുകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം നടന്നെന്നും അദ്ദേഹം ആരോപിച്ചു.
രക്ഷനേടുന്നതിനായാണ് മോഡലുകള്‍ ചെറുപ്പക്കാരുടെ സഹായം തേടിയത്. എന്നാല്‍ ലഹരിക്ക് അടിമയായ ആള്‍ പിന്തുടര്‍ന്നു. കൊച്ചിയിലെ റോഡില്‍വെച്ച് രണ്ട് മോഡലുകളെയും ഇല്ലാതാക്കി. ഇതിന് അപകടമെന്ന് പറയാനാവില്ലെന്നും സുരേഷ് ഗോപി രാജ്യസഭയില്‍ പറഞ്ഞു.
കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും മയക്കുമരുന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സുരേഷ് ഗോപി സഭയില്‍ പറഞ്ഞു.
ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതെന്ന പരാതിയിൽ അത്‌ലറ്റ് പിടി ഉഷയടക്കം ഏഴ്‌പേർക്കെതിരെ പോലീസ് കേസെടുത്തു. വഞ്ചന കുറ്റം ചുമത്തിയാണ് കേസെടുത്തത്. മുൻ ഇന്റർനാഷണൽ അത്‌ലറ്റായ ജെമ്മ ജോസഫ് നൽകിയ പരാതിയെ തുടർന്നാണ് നടപടി.
മെല്ലോ ഫൗണ്ടേഷൻ നിർമ്മാണ കമ്പനിയുടെ ഡയറക്ടർമ്മാർ അടക്കമുള്ളവർക്കതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കരാറിൽ പറഞ്ഞ സമയത്തിനകത്ത് ഫ്ലാറ്റ് രജിസ്റ്റർ ചെയ്ത് തന്നില്ലെന്നും, നൽകിയ പണം തിരിച്ച് തന്നില്ലെന്നുമാണ് ജെമ്മ ജോസഫിന്റെ പരാതിയിൽ പറയുന്നത്.
നാല്പത് വർഷത്തോളം പരിചയമുള്ള പിടി ഉഷയുടെ നിർബന്ധവും പ്രേരണയും പ്രകാരമാണ് ഫ്‌ളാറ്റിനായി 46 ലക്ഷം രൂപ നൽകിയതെന്നും. സ്‌കൈവാച്ച് എന്ന ഫ്ലാറ്റ് വാങ്ങാനായി നിർമാണ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ ആർ മുരളീധരനാണ് പണം വാങ്ങിയതെന്നും ജെമ്മ ജോസഫിന്റെ പരാതിയിൽ പറയുന്നു.
ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശികളായ നിഷാദ്, ആസിഫ്, സുധീർ, അർഷാദ്, അലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണ്ണഞ്ചേരിയിൽ നിന്ന് ഇന്നലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ജില്ലയിൽ നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ നീട്ടി. മറ്റന്നാൾ രാവിലെ ആറ് മണി വരെ നിരോധനാജ്ഞ തുടരും. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുവെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട്. അതേസമയം, ജില്ലയിലെ കൊലപാതകങ്ങളിൽ ഗൂഢാലോചന അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്ത് ഇന്ന് ചേർന്ന സർവകക്ഷിയോഗം പിരിഞ്ഞു. ആർഎസ്എസ് നേതാക്കളുമായി പ്രത്യേക ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി. കൊലപാതകങ്ങളെ സർവ്വകക്ഷി യോഗം ഐകകണ്ഠേനെ അപലപിച്ചു.
തിങ്കളാഴ്ച വൈകിട്ടായിരുന്നു കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകൾ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
കേരള കോൺഗ്രസ് ബി പിളർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷനായി ആർ ബാലകൃഷ്ണ പിള്ളയുടെ മകൾ ഉഷാ മോഹൻദാസിനെ തെരഞ്ഞെടുത്തു. കെ ബി ഗണേഷ് കുമാറിനെ എതിർക്കുന്ന നേതാക്കൾ കൊച്ചിയിൽ യോഗം ചേർന്നാണ് പുതിയ ചെയർമാനെ തെരഞ്ഞെടുത്തത്. ഗണേഷ് കുമാർ പാർട്ടി ചെയർമാൻ ആയത് ആരുടെയും അറിവോടെയല്ല എന്നാണ് വിമത വിഭാഗത്തിൻറെ നിലപാട്.
ഗണേഷ് കുമാർ പാർലമെൻററി പാർട്ടി നേതാവായി തുടരുമെന്ന് ഉഷ മോഹൻദാസ് പറഞ്ഞു. പാർട്ടിയുടെ ബോർഡ് കോർപ്പറേഷൻ പി എസ് സി മെമ്പർ പദവികളുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയെ സമീപിക്കാനാണ് പുതിയ ഭാരവാഹികളുടെ നീക്കം. സംസ്ഥാന കമ്മിറ്റിയിലെ 84 അധികം പേരുടെ പിന്തുണയുണ്ടെന്നാണ് ഉഷ മോഹൻദാസ് അവകാശവാദം.
രണ്ടാം പിണറായി സർക്കാരിൽ ഒന്നാം ഊഴത്തിൽ തന്നെ മന്ത്രിയാവാനുള്ള ഗണേഷ് കുമാറിൻ്റെ സാധ്യത ഇല്ലാതാക്കിയത് സഹോദരി ഉഷയുമായി ഉണ്ടായിരുന്നു കുടുംബപ്രശ്നങ്ങളാണ്. കേരള കോൺഗ്രസ് ബിയുടെ സ്ഥാപക ചെയർമാൻ ആർ.ബാലകൃഷ്ണണപിള്ളയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി സഹോദരിയുമായുണ്ടായ തർക്കം മന്ത്രിസഭ രൂപീകരണ ചർച്ചയിൽ ഗണേഷിന് തിരിച്ചടിയാകുകയായിരുന്നു. മരണത്തിന് മുൻപ് ബാലകൃഷ്ണ പിള്ളയെഴുതിയ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്ന പരാതിയാണ് സഹോദരി ഉയർത്തുന്നത്.
ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹൻദാസും മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഭർത്താവ് മോഹൻദാസും ഈ പരാതിയുമായി മുഖ്യമന്ത്രിയേയും കോടിയേരി ബാലകൃഷ്ണനേയും കണ്ടു. ചില തെളിവുകളും ഇവർ ഹാജരാക്കിയെന്നാണ് സൂചന. ഈ ഘട്ടത്തിൽ ഗണേഷിനെ മന്ത്രിയാക്കുന്നത് മന്ത്രിസഭയുടെ പ്രതിഛായക്ക് കളങ്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷിനെ ആദ്യ ടേമിൽ മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചത്.
അതേ സമയം ബാലകൃഷ്ണപിള്ളയെഴുതിയ വിൽപ്പത്രത്തിൽ യാതൊരു തിരിമറിയും നടന്നില്ലെന്ന് അദ്ദേഹത്തിൻ്റെ സന്തത സഹചാരിയും വിൽപ്പത്രത്തിലെ സാക്ഷിയുമായ പ്രഭാകരൻ പിള്ള വെളിപ്പെടുത്തിയിരുന്നു. ഉഷ മോഹൻദാസിന്റെ ആരോപണങ്ങൾ തള്ളിയ സാക്ഷി പ്രഭാകരൻ പിള്ള ഗണേഷിന് വിൽപ്പത്രത്തെ കുറിച്ച് അറിവില്ലായിരുന്നെന്നും പറഞ്ഞിരുന്നു.
കോട്ടയം ∙ നഗരമധ്യത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ സ്ത്രീയെ കടന്നുപിടിക്കാൻ യുവാവിന്റെ ശ്രമം. തടയാൻ എത്തിയവരെ തുണിയിൽ കല്ലുകെട്ടി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ കീഴ്പ്പെടുത്തി വെസ്റ്റ് പൊലീസിന് കൈമാറി. മുണ്ടക്കയം സ്വദേശി സുകേഷ് (35) ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 12 മണിയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. സംക്രാന്തിയിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു തൊടുപുഴ സ്വദേശികളായ കുടുംബം. ഭക്ഷണശേഷം സമീപത്തെ കടയിൽ നിന്നു കുപ്പിവെള്ളം വാങ്ങുന്നതിന് പോയ സ്ത്രീയെ യുവാവ് കടന്നുപിടിച്ചു. കുതറിയോടിയ സ്ത്രീ മറ്റൊരു കടയിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി പിന്നാലെയെത്തി. ഇതോടെ നാട്ടുകാർ അക്രമിയെ കീഴടക്കി പൊലീസിനു കൈമാറി.
നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്‌തെന്ന പരാതിയെത്തുടര്‍ന്നു കൊല്ലം സ്വദേശി അഫ്‌സലിനെ(34) മരട് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഭക്ഷണപദാര്‍ഥങ്ങളുമായി ഇയാള്‍ ബംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളില്‍ നടിയുടെ താമസ സ്‌ഥലങ്ങളിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെ താമസ സ്‌ഥലത്തുമെത്തി. ഇതേത്തുടര്‍ന്നാണ് നടി പോലീസില്‍ പരാതി നല്‍കിയത്. പ്രതിക്കു സ്‌റ്റേഷന്‍ ജാമ്യം അനുവദിച്ചു.
2017ല്‍ ബംഗളൂരുവില്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പാര്‍വതിയുടെ പരാതി.
നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്‌ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
‘ഞാനീ മക്കളെയുംകൊണ്ട് എന്തുചെയ്യും? ഒറ്റയ്ക്ക് എനിക്കൊരു ശക്തിയുമില്ല. എന്നെ എന്തിനാ വിധവയാക്കിയത്.’ നെഞ്ചുപൊട്ടുന്ന നിലവിളിയോടെ രഞ്ജിത്ത് ശ്രീനിവാസന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ചുള്ള ഭാര്യ അഡ്വ. ലിഷയുടെ പൊട്ടിക്കരച്ചില്‍ കൂടിനിന്നവരുടെയും കണ്ണുകളെ നനയിച്ചു. അച്ഛാ.. അച്ഛാ… എന്നുറക്കെ വിളിച്ച് വാവിട്ട് കരയുന്ന മക്കള്‍ ഹൃദ്യയും ഭാഗ്യയും നോവ് കാഴ്ചയായി. ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.
മൃതദേഹം വലിയഴീക്കലിലെ വീട്ടിലേക്കു സംസ്‌കാരത്തിനു കൊണ്ടുപോകുംവരെ രഞ്ജിത്ത് ശ്രീനിവാസനുമൊത്തുള്ള ഓരോ നല്ലനിമിഷവും ഓര്‍ത്തെടുത്തായിരുന്നു ലിഷയുടെ പൊട്ടിക്കരച്ചില്‍. ‘ഞാന്‍ കരയുമ്പോഴൊക്കെ ഏട്ടന്‍ പറയും. കരയരുത് നീ രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യയാ. കരയാന്‍ ഇതുവരെ സമ്മതിച്ചിട്ടില്ല.’ ഇതെല്ലാം കേട്ടപ്പോള്‍ രഞ്ജിത്തിന്റെ അമ്മ വിനോദിനിക്കും സഹിക്കാനായില്ല. അടക്കി വെച്ചിരുന്ന സങ്കടം അണപ്പൊട്ടിയൊഴുകി.
അന്തിമോപചാരമര്‍പ്പിക്കാന്‍ കൂടുതല്‍ ആളുകള്‍ എത്തിയതോടെ ലിഷയുടെ സങ്കടം ഇരട്ടിച്ചു. ‘ഏട്ടന്‍ പറയും. ഞാന്‍ സ്വയംസേവകനായി ജീവിക്കും, സ്വയംസേവകനായി മരിക്കും എന്ന്. അറംപറ്റുന്ന വാക്കു പറയല്ലേ എന്ന് ഞാന്‍ പറഞ്ഞതാ. കേട്ടില്ല. ശത്രുക്കളാരുമില്ലായിരുന്നു. എല്ലാവരും മിത്രങ്ങളായിരുന്നു.’ – ലിഷയ്ക്കു സങ്കടം അടക്കാനായില്ല. മൃതദേഹം സംസ്‌കാരത്തിനു കൊണ്ടുപോകാനെടുക്കുമ്പോള്‍ ലിഷ പറഞ്ഞു.
‘എനിക്കൊന്നുമറിയില്ല. എന്തു ചെയ്യണമെന്നു പറഞ്ഞിട്ടു പോകൂ…’ ഏട്ടന് ഏറെ ഇഷ്ടമുള്ള വേഷമാണ് ഗണവേഷം. അതുധരിപ്പിച്ചേ യാത്രയാക്കാവൂ. രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹം ചിതയിലേക്കെടുക്കുംമുന്‍പ് ഭാര്യ ലിഷ പറഞ്ഞു. സംഘപ്രവര്‍ത്തകര്‍ തൊപ്പിയും മറ്റും കൊണ്ടുവന്നു. ലിഷ തന്നെയാണ് അവസാനമായി രഞ്ജിത്തിനു തൊപ്പിവെച്ചുനല്‍കിയത്.
സില്‍വര്‍ലൈന്‍ സ്ഥലമേറ്റെടുപ്പിനെതിരെ പെട്രോള്‍ ഒഴിച്ച് പ്രതിഷേധം. കൊല്ലം ജില്ലയിലെ കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന് ജയകുമാറും കുടുംബവുമാണ് പ്രതിഷേധിച്ചത്.
കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. ഇവർ കൈയില്‍ ലൈറ്ററും കരുതിയിരുന്നു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.