Kerala

പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തി അപമാനിച്ച എട്ടുവയസുകാരിയുടെ കുടുംബം സമരത്തിലേക്ക്. ഈ മാസം 25ന് പെണ്‍കുട്ടിയുടെ കുടുംബം സെക്രട്ടേറിയറ്റ് പടിയ്ക്കൽ ഉപവാസമിരിക്കും. മോഷണം ആരോപിച്ച് അച്ഛനെയും മകളെയും അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലം മാറ്റുക മാത്രമാണുണ്ടായതെന്നും കൃത്യമായ നടപടി ഉദ്യോഗസ്ഥക്കെതിരെ എടുക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിൻറെ വാഹനവും പാർക്ക് ചെയ്തിരുന്നു. തന്റെ മൊബൈൽ മോഷ്ടിച്ചു എന്ന് ആരോപിച്ച് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു. .

ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. സംഭവത്തിൽ രഹസ്യാന്വേഷണ വിഭാഗമടക്കം അന്വേഷണം നടത്തി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. തുടര്‍ന്ന് അന്വേഷണവിധേയമായി പൊലീസ് ഉദ്യോഗസ്ഥ സി.പി. രജിതയെ സ്ഥലംമാറ്റിയിരുന്നു. നേരത്തെ തന്നെ കുട്ടിയുടെ ബന്ധുക്കൾ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു.

പ്രൊഫസര്‍ ടിജെ ജോസഫിന് ഉന്നത പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗമാക്കാനാണ് ആലോചന. ഇന്ന് സുരേഷ് ഗോപി എംപി പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദര്‍ശിച്ചു

അതേസമയം, എംപിയുടെ സന്ദര്‍ശനം സൗഹാര്‍ദ്ദപരം മാത്രമാണെന്ന് ജോസഫ് പ്രതികരിച്ചു. ഇനി ഒരുപാട് നല്ല കാര്യങ്ങള്‍ സംഭവിക്കട്ടെയെന്ന് പ്രൊഫസറിനെ ആശംസിച്ചാണ് സുരേഷ് ഗോപി എംപി മടങ്ങിയത്. പ്രൊഫസര്‍ ടിജെ ജോസഫ് നിയമനം സ്വീകരിക്കാന്‍ താത്പര്യം അറിയിച്ചതായാണ് വിവരം. ഇക്കാര്യം സുരേഷ് ഗോപി എംപി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

സംസ്ഥാനത്തെ മതതീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഭീകരമായ സംഭവമായിരുന്നു ജോസഫ് മാഷിന്റെ അനുഭവം. നാര്‍കോട്ടിക് ജിഹാദ് വിവാദം കത്തിനില്‍ക്കുമ്പോള്‍ ജോസഫ് മാഷിന്റെ അനുഭവം വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.

2010 ജൂലൈ 4നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദയാരോപിച്ച് പ്രൊഫസര്‍ ടിജെ ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് വിടുകയും അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു. കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

ചില തമാശകള്‍ മറ്റുള്ളവര്‍ക്ക് ക്രൂരത സമ്മാനിക്കുന്നവയാകും. അത്തരത്തിലെ ഒരു ബംപര്‍ തമാശയാണ് പ്രവാസിയായ വയനാട്ടുകാരന്‍ സെയ്തലവിയുടെ ജീവിതത്തിലുമുണ്ടായത്. മണിക്കൂറുകള്‍ നേരത്തേക്ക് എല്ലാവരും ഉറ്റു നോക്കിയ ബംപര്‍ കോടീശ്വരനാവുകയും ശേഷം പരിഹാസ കഥാപാത്രമാവുകയും ചെയ്ത അവസ്ഥയിലൂടെയാണ് സെയ്തലവിയുടെ ജീവിതം മാറിമറിഞ്ഞത്.

ഓണം ബംപര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് പറഞ്ഞത് കള്ളവാണെന്ന് സെയ്തലവി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തെറ്റു പറ്റിയതില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂട്ടുകാരെ കബളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെന്നും എന്നാല്‍ സംഭവം കൈവിട്ട് പോവുകയായിരുന്നെന്നും സെയ്തലവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.

”ഞാന്‍ കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്തതാണ്. എനിക്കൊരു തെറ്റ് പറ്റി പോയി. എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ഇത് ഇത്രയും വലിയ വിഷയമാകുമെന്ന് കരുതിയില്ല. എല്ലാവരോടും മാപ്പ് ചോദിക്കുന്നു.”

വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തെറ്റ് ഏറ്റുപറയാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടുവെന്നും കൂട്ടുകാര്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടായ ബുദ്ധിമുട്ടുകളില്‍ വേദനയുണ്ടെന്നും സെയ്തലവി അറിയിച്ചു.

നാട്ടിലുള്ള സുഹൃത്ത് വഴി താനെടുത്ത ടിക്കറ്റിനാണ് ഓണം ബംപറെന്നായിരുന്നു പ്രവാസിയായ സെയ്തലവി ആദ്യം പറഞ്ഞിരുന്നത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സുഹൃത്ത് ഫോട്ടോ എടുത്ത് അയച്ചെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്നാല്‍ വൈകുന്നേരം കൊച്ചി മരട് സ്വദേശിക്കാണ് ബംപറടിച്ചതെന്ന വിവരം പുറത്തുവരുന്നതുവരെ സെയ്തലവിയായിരുന്നു വാര്‍ത്താതാരം. കൊച്ചി മരട് സ്വദേശിയായ ഓട്ടോ ഡ്രൈവറായ ജയപാലനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് ജയപാലന്‍ എറണാകുളത്തെ ബാങ്കില്‍ സമര്‍പ്പിച്ചു. 12 കോടി രൂപയുടെ ഭാഗ്യക്കുറിയായിരുന്നു ജയപാലന്‍ നേടിയത്.

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുവാനും വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുവാനും വിശദമായ മാര്‍ഗരേഖ തയ്യാറാക്കി ഗതാഗത വകുപ്പ്. ഡ്രൈവര്‍മാരും ബസ് അറ്റന്‍ഡര്‍മാരും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കേണ്ടതും അവരുടെ താപനില എല്ലാ ദിവസവും പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതുമാണ്. പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

സ്‌കൂള്‍ വാഹനങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉണ്ടാവണം. എല്ലാ വിദ്യാര്‍ഥികളും ഹാന്‍ഡ് സാനിറ്റൈസര്‍ കരുതണമെന്നും ഒരു സീറ്റില്‍ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നിന്നു കൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ കുട്ടികളും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിച്ച് പരസ്പരമുള്ള സ്പര്‍ശനം ഒഴിവാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

വാഹനത്തില്‍ എസിയും തുണി കൊണ്ടുള്ള സീറ്റ് കവറും കര്‍ട്ടനും പാടില്ല. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്നും ഓരോ ദിവസവും യാത്ര അവസാനിക്കുമ്പോള്‍ അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങള്‍ കഴുകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ ട്രിപ്പിനായി മറ്റ് കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത്തരം വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതായി ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം.

ഒക്ടോബര്‍ 20-ന് മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി വാഹനങ്ങളുടെ യാന്ത്രിക ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കി ട്രയല്‍ റണ്ണിനു ശേഷം മാത്രമേ വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാവൂ. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ സൂക്ഷിക്കുകയും വേണം.

സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യാറാക്കിയ ‘സ്റ്റുഡന്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പ്രോട്ടോക്കോള്‍’ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീന എം-ന് നല്‍കി പ്രകാശനം ചെയ്തു. എല്ലാ സ്‌കൂള്‍ അധികൃതരും ഇതിലെ നിര്‍ദേശങ്ങള്‍ അച്ചടിച്ച് രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും വിതരണം ചെയ്യേണ്ടതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ കൂട്ടംകൂടാന്‍ ആരെയും അനുവദിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

കുറേ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് സ്‌റ്റേഷന്‍ തലത്തില്‍ സംവിധാനം ഒരുക്കും. സ്‌കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇക്കാര്യം ഉറപ്പ് വരുത്തും. സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്ക് സ്റ്റഷന്‍ ഹൗസ് ഓഫീസര്‍മാര്‍ പ്രത്യേക പരിശീലനം നല്‍കും. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികള്‍ സംബന്ധിച്ചായിരിക്കും പരിശീലനം നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

പന്തളം ∙ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ചു യുവാവിൽനിന്നു 11 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും, തട്ടിപ്പിനു കൂട്ടുനിന്ന ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവതി ടി.പിള്ള (31), ഭർത്താവ് സുനിൽ ലാൽ (43) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുളനട സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

പൊലീസ് പറയുന്നത്: 2020 ഏപ്രിലിലാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണെന്നും യുവാവിനോട് പറഞ്ഞു. എസ്എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനിടെ വിവാഹ സന്നദ്ധത അറിയിച്ച പാർവതി യുവാവിൽനിന്നു പണം ആവശ്യപ്പെട്ടു. 10 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് ആദ്യം പറഞ്ഞത്. ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചു. പലവട്ടമായി യുവാവ് ബാങ്ക് വഴിയും മറ്റും 11,07,975 ലക്ഷം രൂപ നൽകി. പാർവതിയുടെ യാത്രാ ആവശ്യത്തിനായി കാർ വാടകയ്‌ക്കെടുത്തു നൽകിയതിന് 8,000 രൂപയും ചെലവഴിച്ചു.

വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോൾ‍ പാർവതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നി. വിവരം അന്വേഷിക്കാൻ പാർവതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനിൽ ലാൽ ഭർത്താവാണെന്നും ഇവർക്ക് കുട്ടിയുണ്ടെന്നും അറി‍ഞ്ഞത്.

തുടർന്നു പന്തളം പൊലീസിൽ പരാതി നൽകി. എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്‌ഐ ടി.കെ.വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

നാടിനെ നടുക്കിയ പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അറസ്റ്റിൽ. അയല്‍വാസിയായ കായക്കുന്ന് നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ(24) ആണ് അറസ്റ്റിലായത്. ജൂണ്‍ 10നു രാത്രിയാണ് റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവൻ നായർ (70), ഭാര്യ പത്മാവതി (65) എന്നിവർ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും മോഷണം നടത്തുന്നതിനാണ് വീട്ടിനുള്ളിൽ കയറിയതെന്നും ജില്ലാ പൊലീസ് മേധാവി ഡോ. ആര്‍.അരവിന്ദ് സുകുമാര്‍ പറഞ്ഞു.

ഒന്നര വർഷം മുൻപ് സമീപത്തെ മറ്റൊരു വീട്ടിൽ നിന്നു മോഷണം പോയ ഫോണാണ് അർജുൻ ഉപയോഗിച്ചിരുന്നത്. ഇൗ സംഭവത്തിലും കേസെടുക്കും. ചോദ്യം ചെയ്യലിനായി ഇൗ മാസം 9ന് മാനന്തവാടി ഡിവൈഎസ്പി ഓഫിസിൽ വിളിച്ചുവരുത്തി. ചോദ്യം ചെയ്യുന്നതിനിടെ ഓഫിസിൽ നിന്ന് ഇറങ്ങിയോടിയ അര്‍ജുന്‍ കയ്യിൽ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയ്ക്കു ശേഷം 16നാണ് അറസ്റ്റ് ചെയ്തത്.

വയോധിക ദമ്പതികളെ കൊന്നവരെക്കുറിച്ച് അറിയണമെന്നും ഉടൻ പിടികൂടണമെന്നും ഉണ്ടായിരുന്നെങ്കിലും പരിചയമുള്ള മുഖമാകരുതേ പ്രതിക്ക് എന്നായിരുന്നു നാട്ടുകാരുടെ പ്രാർഥന. കേശവൻ നായരും പത്മാവതിയും സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ് അർജുനനെ കണ്ടിരുന്നത്. ആ ചെറുപ്പക്കാരനാണ് ദമ്പതികളെ വകവരുത്തിയതെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നു കൊല്ലപ്പെട്ടവരുടെ അകന്ന ബന്ധുക്കളിൽ ഒരാൾ പറയുന്നു.

സംഭവം നടന്ന വീട്ടിൽ നിന്നു പ്രതിയുടെ വീട്ടിലേക്ക് 300 മീറ്ററോളം ദൂരം മാത്രമാണുള്ളത്. തോട്ടത്തിലൂടെ കയറിയാൽ ദൂരം ഇതിലും കുറവാണ്. ഇതു കൊണ്ടു തന്നെ വളരെ ചെറുപ്പം മുതൽ അർജുന് ഈ വീടുമായി അടുപ്പം ഉണ്ടായിരുന്നു. 13 വർഷം മുൻപ് അർജുന്റെ അച്ഛൻ എം.പി. ബാബു കലുങ്കിൽ നിന്നു വീണാണു മരിച്ചത്. മാനസികമായി തകർന്ന അമ്മ ഇന്ദിരയും പിന്നീട് മരണപ്പെട്ടതോടെ ഇവരുടെ അർജുനും ജ്യേഷ്ഠനും തനിച്ചായി. പിന്നീട് കോളനിക്കാരുടെയും കൊല്ലപ്പെട്ട ദമ്പതികളുടെയും കരുതലിലാണ് ഇവർ വളർന്നത്.

ഹോട്ടൽ മാനേജ്മെന്റ് അടക്കമുളള പഠനം കഴിഞ്ഞ് ബെംഗളൂരുവിലും ചെന്നൈയിലും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ടതോടെ മാനസികമായി തകർന്ന ഈ യുവാവ് പിന്നീട് നടവയൽ അടക്കമുള്ള പ്രദേശങ്ങളിൽ മറ്റൊരു തൊഴിലാളിയോടൊപ്പം യന്ത്രമുപയോഗിച്ചു കാടുവെട്ടുന്ന ജോലിയിലായിരുന്നു കഴിഞ്ഞദിവസം വരെ എന്നു നാട്ടുകാർ പറയുന്നു.

സംഭവ ശേഷം അന്വേഷണ സംഘത്തിനൊപ്പമെത്തിയ പൊലീസ് നായ മണം പിടിച്ചു പോയതു പ്രതിയുടെ വീടിന് മുകൾ ഭാഗത്തുള്ള തോട്ടത്തിലൂടെയായിരുന്നു. പിന്നീട് ചില സൂചനകൾ ലഭിച്ച സംഘം പ്രതിയെ ഒഴിവാക്കി കോളനിയിൽ തന്നെയുള്ള മറ്റു പലരെയും ചോദ്യം ചെയ്തു. ഇത് പൊലീസിന്റെ തന്ത്രമായിരുന്നെന്നും പ്രതിയെ പൊലീസിന് അറിയാമായിരുന്നെന്നും ഇപ്പോൾ കോളനിയിലെ ചിലർ പറയുന്നു.

പൊലീസ് തൊട്ടടുത്തുള്ള പലരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുമ്പോഴും താനല്ല പ്രതിയെന്ന രീതിയിലായിരുന്നു അർജുന്റെ പെരുമാറ്റം.കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനിടെ വിഷം കഴിച്ച് ആശുപത്രിയിലായപ്പോഴും ഇതേക്കുറിച്ചു ഒരു സൂചന പോലും നാട്ടുകാർക്കോ കോളനിക്കാർക്കോ ഇല്ലായിരുന്നു. ഇതു കൊണ്ടു തന്നെയാണു നിരപരാധിയെ പൊലീസ് തല്ലിച്ചതയ്ക്കുന്നു എന്ന പരാതിയുമായി കോളനിക്കാർ സംഘടിച്ചതും മുഖ്യമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകിയതും.

ആദ്യ പിടിവള്ളിയായതു കോവിഡ് നിയന്ത്രണങ്ങള്‍

ആദ്യ ഘട്ടത്തിൽ തന്നെ പ്രതി പ്രദേശവാസികളാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. കൊലപാതകം മോഷണത്തിന് വേണ്ടിയാകാമെന്നും പൊലീസ് പറഞ്ഞിരുന്നു. കൊലപാതകം നടന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാലും കൊലപാതകം നടന്നയുടൻ അന്വേഷണം ആരംഭിച്ചതിനെത്തുടർന്നും പ്രതി രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഇതുകൊണ്ടു തന്നെ കൊലപാതകത്തിന് സമീപവാസികളുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്.

തെളിവുകൾ ഒന്നുതന്നെ അവശേഷിപ്പിക്കാതെ പോയതും സംഭവ ദിവസം മാനന്തവാടി മെഡിക്കൽ കോളജിൽ എത്തുന്നതു വരെ സംസാരിച്ചിരുന്ന കേശവന്റെ ഭാര്യ പത്മാവതിയോട് വിവരങ്ങൾ ചോദിച്ചറിയാതിരുന്നതും പൊലീസിന് ആദ്യഘട്ടത്തിൽ തിരിച്ചടിയായി. സംഭവം നടന്നയുടൻ വീട്ടിലെത്തിയവരോട് ഇവർ പറഞ്ഞ വിവരങ്ങൾ വച്ചാണ് അന്വേഷണം നീങ്ങിയത്. അന്നേ ദിവസം പൊലീസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചിരുന്നെങ്കിലും മാരകമായി പരുക്കേറ്റ പത്മാവതിക്ക് പറയാൻ കഴിഞ്ഞിരുന്നില്ല.

സംഭവ ശേഷം കടന്നുകളഞ്ഞ പ്രതി വീട്ടിലോ പരിസരത്തോ കാര്യമായ തെളിവുകൾ അവശേഷിപ്പിക്കാതെ പോയതിനാൽ കരുതിക്കൂട്ടിയുള്ള കൊലപാതകം തന്നെയായിരുന്നു എന്ന നിഗമനമായിരുന്നു ആദ്യം. പിന്നീട് കുടുംബത്തിലുള്ളവരെയും ബന്ധുക്കളെയും കേശവന്റെ വീട്ടിൽ തൊഴിലെടുത്തവരെയും കമുകിന് മരുന്നടിക്കാൻ എത്തിയവരെയും നാട്ടുകാരിൽ ചിലരെയും ചോദ്യം ചെയ്തിരുന്നു.

തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക്

സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയ രക്തക്കറയും തുണിക്കഷണവും വിരലടയാളവും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാൻ പൊലീസ്. ഇവയെല്ലാം പ്രതിയുടേതെന്നു തെളിഞ്ഞാൽ കോടതിയിൽ കാര്യങ്ങൾ എളുപ്പമാകും. വിരലടയാളം വ്യക്തമല്ലെന്നതാണു പ്രശ്നം. വീടിനകത്തു കയറിപ്പറ്റാനായി വാതിൽ കുത്തിത്തുറക്കാനാണു പ്രതി ആയുധം കൊണ്ടുവന്നത്. എന്നാൽ, ദമ്പതികൾ കണ്ടതോടെ പദ്ധതി പാളി. പ്രതിയും ദമ്പതികളുമായി വീട്ടിനുള്ളിൽ വാക്കേറ്റമുണ്ടായി.

തടയാനെത്തിയ പത്മാവതിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതും അർജുൻ പൊലീസിനോടു വിവരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും മുഖം മൂടിയിരുന്ന തുണിക്കഷണവും ധരിച്ചിരുന്ന ഷൂസും പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. തലയിലിട്ട തുണി അർജുൻ വായ്കൊണ്ടു കടിച്ചു പിടിച്ചിരുന്നു. മുഖം മൂടിയിട്ടയാളാണ് അക്രമിയെന്നു പത്മാവതി പൊലീസിനോടു പറ‍ഞ്ഞിരുന്നു.

മിമിക്രി എന്നാല്‍ ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം കേള്‍ക്കുന്നതിനെ കുറിച്ച് നടന്‍ സലിം കുമാര്‍. മിമിക്രി താരങ്ങള്‍ അഭിനയിക്കുന്ന സിനിമയെ മിമിക്രി സിനിമ എന്ന പേരില്‍ തരംതാഴ്ത്തിയിട്ടുണ്ട് എന്നാണ് പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നത്.

ഒരുപാട് കലാകാരന്മാര്‍ ജീവിച്ചു പോകുന്ന ഒരു മേഖലയാണ് മിമിക്രി. മറ്റേത് കലയെടുത്താലും അതിനേക്കാള്‍ ഉപരിയായി മിമിക്രി ജീവിതമാര്‍ഗമാക്കിയവര്‍ നിരവധിയാണ്. മിമിക്രി എന്നത് വലിയ ഒരു കാര്യം തന്നെയാണ്. അതിനെ ചെറുതാക്കി കാണാന്‍ പറ്റില്ല. അതുപോലെ കലാഭവന്‍ എന്നത് വലിയൊരു പ്രസ്ഥാനമാണ്.

എത്ര പേര്‍ അതുകൊണ്ട് ജീവിച്ചു പോകുന്നുണ്ട്. അവിടെയുള്ള എല്ലാവരും നമ്മുടെ ഗുരുക്കന്‍മാരായിരുന്നു. മിമിക്രിക്കാര്‍ ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരംതാഴ്ത്തിയ സമയമുണ്ടായിരുന്നു. കലാഭവന്‍ മണിയുടെ അഭിനയത്തെയൊക്കെ മിമിക്രി കാണിച്ചു എന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്.

അത് അദ്ദേഹം മിമിക്രിക്കാരനായതു കൊണ്ട് മാത്രമായിരുന്നു. ജയറാമിനെ നായകനാക്കിയപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും പലരും ചോദിച്ചിരുന്നു. അപരന്‍ എന്ന ആ സിനിമ വിജയിക്കാനായി അന്ന് പരിചയം പോലുമില്ലാത്ത ജയറാമിന് വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടുണ്ടെന്നും സലിം കുമാര്‍ പറയുന്നു.

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി. ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായിരുന്നു വേണു.

നേരത്തെയും വേണുവിനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ കൈകൊണ്ടിരുന്നില്ല. രണ്ടാമതും സമാന രീതിയില്‍ പെരുമാറിയതോടെയാണ് വേണുവിനെ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ശേഷം, ചാനലില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു.വേണു ബാലകൃഷ്ണന്റെ സഹോദരനും ന്യൂസ് ഹെഡുമായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ നേരത്തെ മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ചിരുന്നു. ഇപ്പോള്‍ രാജീവ് ദേവരാജാണ് ന്യൂസിന്റെ തലപ്പത്ത്.

ചെങ്ങറ ഭൂ സമര നേതാവ് ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഭൂസമരം സംഘടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് അദ്ദേഹം. കേരളത്തിലെ നിരവധി ഭൂ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലന്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.

2007 ഓഗസ്റ്റ് 4ന് തുടക്കം കുറിച്ച ചെങ്ങറ സമരം കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ്. ഭൂരഹിതരുടെ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു നല്‍കിയ സമരമായിരുന്നു ചെങ്ങറയിലേത്. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തിയത്. 143 ഹെക്ടറോളം ഭൂമിയില്‍ കുടില്‍ കെട്ടിയായിരുന്നു സമരം. അഞ്ച് വര്‍ഷം മുമ്പ് സമര സമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് ചെങ്ങറയില്‍ നിന്ന് ഇറങ്ങി.

അംബേദ്കര്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവാണ് ളാഹ ഗോപാലന്‍. ദലിതരുടെ അവകാശങ്ങള്‍ക്കായി എന്നും പ്രവര്‍ത്തിച്ചു. ആലപ്പുഴ സ്വദേശിയാണ്. കെഎസ്ഇബി ജീവനക്കാരനായിരുന്നു.

ചിറ്റില്ലഞ്ചേരി: മദ്യപിച്ചുണ്ടായ വഴക്കിനിടെ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. ചിറ്റില്ലഞ്ചേരി കാത്താംപൊറ്റ പാട്ട രതീഷ് കുമാറാണ് (38) മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ ബാലകൃഷ്ണന്‍(67) സഹോദരന്‍ പ്രമോദ്(35) എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

സ്വര്‍ണ്ണപ്പണിയ്ക്ക് പോകുന്ന രതീഷ് അടുത്ത കാലത്തായി പണിയ്ക്ക് പോകാതെ മദ്യപിച്ചും ലഹരി ഉപയോഗിച്ചും വീട്ടില്‍ എന്നും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് വീട്ടുകാര്‍ പറയുന്നു. മദ്യപാനം കൂടിയതിനെ തുടര്‍ന്ന് രതീഷിനെ പാലക്കാട് ലഹരി വിമുക്ത കേന്ദ്രത്തിലാക്കി. ഒരു മാസത്തെ ചികിത്സക്കിടെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് മേലാര്‍കോട് പഞ്ചായത്തിലെ കരുതല്‍ വാസ കേന്ദ്രത്തിലേക്ക് രതീഷിനെ മാറ്റിയിരുന്നു. ഇവിടെയും മറ്റുള്ളവരുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ചിറ്റില്ലഞ്ചേരി കോഴിപ്പാടത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.

കോവിഡ് ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വൈകീട്ടോടെയാണ് രതീഷ് വീട്ടിലേക്ക് മടങ്ങിവന്നത്. മദ്യപിച്ചെത്തിയ രതീഷ് ലഹരി വിമുക്ത കേന്ദ്രത്തിലാക്കിയതിനെ ചൊല്ലി അച്ഛനോടും, സഹോദരനോടും വഴക്കിടുകയും അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ അച്ഛന്‍ നടക്കാന്‍ ഉപയോഗിക്കുന്ന വടികൊണ്ട് തല്ലിയെങ്കിലും വീണ്ടു അച്ചനെ മര്‍ദ്ദിക്കാനൊരുങ്ങിയപ്പോള്‍ സഹോദരന്‍ പ്രമോദ് രതീഷിനെ വടികൊണ്ട് അടിക്കുകയായിരിന്നുവെന്ന് പോലീസ് പറഞ്ഞു.

തലയ്ക്ക് അടിയേറ്റ രതീഷ് നിലത്തു വീണു. എന്നും വഴക്കുണ്ടാകുന്നതിനാല്‍ സമീപവാസികളാരും ശ്രദ്ധിച്ചില്ല. പിന്നീട് ചേരാമംഗലത്തുളള സഹോദരിയെ വിളിച്ചുവരുത്തി സമീപവാസികളും ചേര്‍ന്ന് ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, ആലത്തൂര്‍ എസി.ഐ. റിയാസ് ചാക്കേരി, എസ്.ഐ. ജിഷ് മോന്‍ വര്‍ഗീസ് എന്നിവര്‍ പരിശോധന നടത്തി.

RECENT POSTS
Copyright © . All rights reserved