ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിന് പിന്നാലെ വാഹനം കൈമാറുന്നതിനെ സംബന്ധിച്ച് തർക്കം. താൽക്കാലികമായാണ് ലേലം ഉറപ്പിച്ചതെന്നും വാഹനം വിട്ടുനൽകണമോ എന്ന് പുനരാലോചിക്കേണ്ടി വരുമെന്നും ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസ് പ്രതികരിച്ചു. ലേലം സംബന്ധിച്ച് ഭരണ സമിതിയിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്ന പക്ഷം വാഹനം വിട്ടുനൽകില്ലെന്നായിരുന്നു പ്രതികരണം. ഡിസംബർ 21ന് ചേരുന്ന ദേവസ്വം ഭരണസമിതി അന്തിമ തീരുമാനമെടുക്കും.

ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദാണ് വാഹനം 15.10 ലക്ഷത്തിന് ലേലത്തിൽ പിടിച്ചത്. ലേലം ഉറപ്പിച്ച ശേഷം വാക്കുമാറ്റുന്നത് ശരിയല്ലെന്ന് ലേലം നേടിയ അമലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന 15 ലക്ഷം രൂപയിൽ നിന്ന് പതിനായിരം രൂപ അധികം ലേലം വിളിച്ചാണ് എറണാകുളം സ്വദേശി അമൽ മുഹമ്മദ് അലി വാഹനം സ്വന്തമാക്കിയത്. 15 ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. ബഹ്‌റൈനിലുള്ള പ്രവാസി ബിസിനസ്സുകാരനാണ് അമൽ.