നാടിനെ നടുക്കിയ പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അറസ്റ്റിൽ. അയല്‍വാസിയായ കായക്കുന്ന് നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ(24) ആണ് അറസ്റ്റിലായത്. ജൂണ്‍ 10നു രാത്രിയാണ് റിട്ട. അധ്യാപകനായ പത്മാലയത്തിൽ കേശവൻ നായർ (70), ഭാര്യ പത്മാവതി (65) എന്നിവർ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും മോഷണം നടത്തുന്നതിനാണ് വീട്ടിനുള്ളിൽ കയറിയതെന്നും ജില്ലാ പൊലീസ് മേധാവി ഡോ. ആര്‍.അരവിന്ദ് സുകുമാര്‍ പറഞ്ഞു.
ഒന്നര വർഷം മുൻപ് സമീപത്തെ മറ്റൊരു വീട്ടിൽ നിന്നു മോഷണം പോയ ഫോണാണ് അർജുൻ ഉപയോഗിച്ചിരുന്നത്. ഇൗ സംഭവത്തിലും കേസെടുക്കും. ചോദ്യം ചെയ്യലിനായി ഇൗ മാസം 9ന് മാനന്തവാടി ഡിവൈഎസ്പി ഓഫിസിൽ വിളിച്ചുവരുത്തി. ചോദ്യം ചെയ്യുന്നതിനിടെ ഓഫിസിൽ നിന്ന് ഇറങ്ങിയോടിയ അര്‍ജുന്‍ കയ്യിൽ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചികിത്സയ്ക്കു ശേഷം 16നാണ് അറസ്റ്റ് ചെയ്തത്.
വയോധിക ദമ്പതികളെ കൊന്നവരെക്കുറിച്ച് അറിയണമെന്നും ഉടൻ പിടികൂടണമെന്നും ഉണ്ടായിരുന്നെങ്കിലും പരിചയമുള്ള മുഖമാകരുതേ പ്രതിക്ക് എന്നായിരുന്നു നാട്ടുകാരുടെ പ്രാർഥന. കേശവൻ നായരും പത്മാവതിയും സ്വന്തം വീട്ടിലെ ഒരംഗത്തെപ്പോലെയാണ് അർജുനനെ കണ്ടിരുന്നത്. ആ ചെറുപ്പക്കാരനാണ് ദമ്പതികളെ വകവരുത്തിയതെന്നു വിശ്വസിക്കാൻ കഴിയുന്നില്ലെന്നു കൊല്ലപ്പെട്ടവരുടെ അകന്ന ബന്ധുക്കളിൽ ഒരാൾ പറയുന്നു.
സംഭവം നടന്ന വീട്ടിൽ നിന്നു പ്രതിയുടെ വീട്ടിലേക്ക് 300 മീറ്ററോളം ദൂരം മാത്രമാണുള്ളത്. തോട്ടത്തിലൂടെ കയറിയാൽ ദൂരം ഇതിലും കുറവാണ്. ഇതു കൊണ്ടു തന്നെ വളരെ ചെറുപ്പം മുതൽ അർജുന് ഈ വീടുമായി അടുപ്പം ഉണ്ടായിരുന്നു. 13 വർഷം മുൻപ് അർജുന്റെ അച്ഛൻ എം.പി. ബാബു കലുങ്കിൽ നിന്നു വീണാണു മരിച്ചത്. മാനസികമായി തകർന്ന അമ്മ ഇന്ദിരയും പിന്നീട് മരണപ്പെട്ടതോടെ ഇവരുടെ അർജുനും ജ്യേഷ്ഠനും തനിച്ചായി. പിന്നീട് കോളനിക്കാരുടെയും കൊല്ലപ്പെട്ട ദമ്പതികളുടെയും കരുതലിലാണ് ഇവർ വളർന്നത്.
ഹോട്ടൽ മാനേജ്മെന്റ് അടക്കമുളള പഠനം കഴിഞ്ഞ് ബെംഗളൂരുവിലും ചെന്നൈയിലും ഹോട്ടലുകളിലും റിസോർട്ടുകളിലും ജോലി ചെയ്തിരുന്ന അർജുൻ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ടതോടെ മാനസികമായി തകർന്ന ഈ യുവാവ് പിന്നീട് നടവയൽ അടക്കമുള്ള പ്രദേശങ്ങളിൽ മറ്റൊരു തൊഴിലാളിയോടൊപ്പം യന്ത്രമുപയോഗിച്ചു കാടുവെട്ടുന്ന ജോലിയിലായിരുന്നു കഴിഞ്ഞദിവസം വരെ എന്നു നാട്ടുകാർ പറയുന്നു.
സംഭവ ശേഷം അന്വേഷണ സംഘത്തിനൊപ്പമെത്തിയ പൊലീസ് നായ മണം പിടിച്ചു പോയതു പ്രതിയുടെ വീടിന് മുകൾ ഭാഗത്തുള്ള തോട്ടത്തിലൂടെയായിരുന്നു. പിന്നീട് ചില സൂചനകൾ ലഭിച്ച സംഘം പ്രതിയെ ഒഴിവാക്കി കോളനിയിൽ തന്നെയുള്ള മറ്റു പലരെയും ചോദ്യം ചെയ്തു. ഇത് പൊലീസിന്റെ തന്ത്രമായിരുന്നെന്നും പ്രതിയെ പൊലീസിന് അറിയാമായിരുന്നെന്നും ഇപ്പോൾ കോളനിയിലെ ചിലർ പറയുന്നു.
പൊലീസ് തൊട്ടടുത്തുള്ള പലരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുമ്പോഴും താനല്ല പ്രതിയെന്ന രീതിയിലായിരുന്നു അർജുന്റെ പെരുമാറ്റം.കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനിടെ വിഷം കഴിച്ച് ആശുപത്രിയിലായപ്പോഴും ഇതേക്കുറിച്ചു ഒരു സൂചന പോലും നാട്ടുകാർക്കോ കോളനിക്കാർക്കോ ഇല്ലായിരുന്നു. ഇതു കൊണ്ടു തന്നെയാണു നിരപരാധിയെ പൊലീസ് തല്ലിച്ചതയ്ക്കുന്നു എന്ന പരാതിയുമായി കോളനിക്കാർ സംഘടിച്ചതും മുഖ്യമന്ത്രി അടക്കമുള്ളവർക്കു പരാതി നൽകിയതും.
ആദ്യ പിടിവള്ളിയായതു കോവിഡ് നിയന്ത്രണങ്ങള്‍
ആദ്യ ഘട്ടത്തിൽ തന്നെ പ്രതി പ്രദേശവാസികളാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. കൊലപാതകം മോഷണത്തിന് വേണ്ടിയാകാമെന്നും പൊലീസ് പറഞ്ഞിരുന്നു. കൊലപാതകം നടന്ന സമയത്ത് കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിനാലും കൊലപാതകം നടന്നയുടൻ അന്വേഷണം ആരംഭിച്ചതിനെത്തുടർന്നും പ്രതി രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഇതുകൊണ്ടു തന്നെ കൊലപാതകത്തിന് സമീപവാസികളുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്.
തെളിവുകൾ ഒന്നുതന്നെ അവശേഷിപ്പിക്കാതെ പോയതും സംഭവ ദിവസം മാനന്തവാടി മെഡിക്കൽ കോളജിൽ എത്തുന്നതു വരെ സംസാരിച്ചിരുന്ന കേശവന്റെ ഭാര്യ പത്മാവതിയോട് വിവരങ്ങൾ ചോദിച്ചറിയാതിരുന്നതും പൊലീസിന് ആദ്യഘട്ടത്തിൽ തിരിച്ചടിയായി. സംഭവം നടന്നയുടൻ വീട്ടിലെത്തിയവരോട് ഇവർ പറഞ്ഞ വിവരങ്ങൾ വച്ചാണ് അന്വേഷണം നീങ്ങിയത്. അന്നേ ദിവസം പൊലീസ് ആശുപത്രിയിൽ എത്തി വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചിരുന്നെങ്കിലും മാരകമായി പരുക്കേറ്റ പത്മാവതിക്ക് പറയാൻ കഴിഞ്ഞിരുന്നില്ല.
സംഭവ ശേഷം കടന്നുകളഞ്ഞ പ്രതി വീട്ടിലോ പരിസരത്തോ കാര്യമായ തെളിവുകൾ അവശേഷിപ്പിക്കാതെ പോയതിനാൽ കരുതിക്കൂട്ടിയുള്ള കൊലപാതകം തന്നെയായിരുന്നു എന്ന നിഗമനമായിരുന്നു ആദ്യം. പിന്നീട് കുടുംബത്തിലുള്ളവരെയും ബന്ധുക്കളെയും കേശവന്റെ വീട്ടിൽ തൊഴിലെടുത്തവരെയും കമുകിന് മരുന്നടിക്കാൻ എത്തിയവരെയും നാട്ടുകാരിൽ ചിലരെയും ചോദ്യം ചെയ്തിരുന്നു.
തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക്
സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയ രക്തക്കറയും തുണിക്കഷണവും വിരലടയാളവും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാൻ പൊലീസ്. ഇവയെല്ലാം പ്രതിയുടേതെന്നു തെളിഞ്ഞാൽ കോടതിയിൽ കാര്യങ്ങൾ എളുപ്പമാകും. വിരലടയാളം വ്യക്തമല്ലെന്നതാണു പ്രശ്നം. വീടിനകത്തു കയറിപ്പറ്റാനായി വാതിൽ കുത്തിത്തുറക്കാനാണു പ്രതി ആയുധം കൊണ്ടുവന്നത്. എന്നാൽ, ദമ്പതികൾ കണ്ടതോടെ പദ്ധതി പാളി. പ്രതിയും ദമ്പതികളുമായി വീട്ടിനുള്ളിൽ വാക്കേറ്റമുണ്ടായി.
തടയാനെത്തിയ പത്മാവതിയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചതും അർജുൻ പൊലീസിനോടു വിവരിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും മുഖം മൂടിയിരുന്ന തുണിക്കഷണവും ധരിച്ചിരുന്ന ഷൂസും പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. തലയിലിട്ട തുണി അർജുൻ വായ്കൊണ്ടു കടിച്ചു പിടിച്ചിരുന്നു. മുഖം മൂടിയിട്ടയാളാണ് അക്രമിയെന്നു പത്മാവതി പൊലീസിനോടു പറഞ്ഞിരുന്നു.
മിമിക്രി എന്നാല്‍ ഒരു മൂന്നാംകിട കലയാണെന്ന ആക്ഷേപം കേള്‍ക്കുന്നതിനെ കുറിച്ച് നടന്‍ സലിം കുമാര്‍. മിമിക്രി താരങ്ങള്‍ അഭിനയിക്കുന്ന സിനിമയെ മിമിക്രി സിനിമ എന്ന പേരില്‍ തരംതാഴ്ത്തിയിട്ടുണ്ട് എന്നാണ് പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ പറയുന്നത്.
ഒരുപാട് കലാകാരന്മാര്‍ ജീവിച്ചു പോകുന്ന ഒരു മേഖലയാണ് മിമിക്രി. മറ്റേത് കലയെടുത്താലും അതിനേക്കാള്‍ ഉപരിയായി മിമിക്രി ജീവിതമാര്‍ഗമാക്കിയവര്‍ നിരവധിയാണ്. മിമിക്രി എന്നത് വലിയ ഒരു കാര്യം തന്നെയാണ്. അതിനെ ചെറുതാക്കി കാണാന്‍ പറ്റില്ല. അതുപോലെ കലാഭവന്‍ എന്നത് വലിയൊരു പ്രസ്ഥാനമാണ്.
എത്ര പേര്‍ അതുകൊണ്ട് ജീവിച്ചു പോകുന്നുണ്ട്. അവിടെയുള്ള എല്ലാവരും നമ്മുടെ ഗുരുക്കന്‍മാരായിരുന്നു. മിമിക്രിക്കാര്‍ ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരംതാഴ്ത്തിയ സമയമുണ്ടായിരുന്നു. കലാഭവന്‍ മണിയുടെ അഭിനയത്തെയൊക്കെ മിമിക്രി കാണിച്ചു എന്ന് പറഞ്ഞ് ആക്ഷേപിച്ചിട്ടുണ്ട്.
അത് അദ്ദേഹം മിമിക്രിക്കാരനായതു കൊണ്ട് മാത്രമായിരുന്നു. ജയറാമിനെ നായകനാക്കിയപ്പോള്‍ പത്മരാജന് ഭ്രാന്തുണ്ടോ എന്ന് പോലും പലരും ചോദിച്ചിരുന്നു. അപരന്‍ എന്ന ആ സിനിമ വിജയിക്കാനായി അന്ന് പരിചയം പോലുമില്ലാത്ത ജയറാമിന് വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടുണ്ടെന്നും സലിം കുമാര്‍ പറയുന്നു.
സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി. ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായിരുന്നു വേണു.
നേരത്തെയും വേണുവിനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ട നടപടികള്‍ കൈകൊണ്ടിരുന്നില്ല. രണ്ടാമതും സമാന രീതിയില്‍ പെരുമാറിയതോടെയാണ് വേണുവിനെ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ശേഷം, ചാനലില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു.വേണു ബാലകൃഷ്ണന്റെ സഹോദരനും ന്യൂസ് ഹെഡുമായിരുന്ന ഉണ്ണി ബാലകൃഷ്ണന്‍ നേരത്തെ മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ചിരുന്നു. ഇപ്പോള്‍ രാജീവ് ദേവരാജാണ് ന്യൂസിന്റെ തലപ്പത്ത്.
ചെങ്ങറ ഭൂ സമര നേതാവ് ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഭൂസമരം സംഘടിപ്പിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് അദ്ദേഹം. കേരളത്തിലെ നിരവധി ഭൂ സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലന്‍ ശാരീരിക അവശതകളെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
2007 ഓഗസ്റ്റ് 4ന് തുടക്കം കുറിച്ച ചെങ്ങറ സമരം കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ്. ഭൂരഹിതരുടെ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു നല്‍കിയ സമരമായിരുന്നു ചെങ്ങറയിലേത്. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തിയത്. 143 ഹെക്ടറോളം ഭൂമിയില്‍ കുടില്‍ കെട്ടിയായിരുന്നു സമരം. അഞ്ച് വര്‍ഷം മുമ്പ് സമര സമിതിയിലെ വിഭാഗീയതയെ തുടര്‍ന്ന് ചെങ്ങറയില്‍ നിന്ന് ഇറങ്ങി.
അംബേദ്കര്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവാണ് ളാഹ ഗോപാലന്‍. ദലിതരുടെ അവകാശങ്ങള്‍ക്കായി എന്നും പ്രവര്‍ത്തിച്ചു. ആലപ്പുഴ സ്വദേശിയാണ്. കെഎസ്ഇബി ജീവനക്കാരനായിരുന്നു.
ചിറ്റില്ലഞ്ചേരി: മദ്യപിച്ചുണ്ടായ വഴക്കിനിടെ തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. ചിറ്റില്ലഞ്ചേരി കാത്താംപൊറ്റ പാട്ട രതീഷ് കുമാറാണ് (38) മരിച്ചത്. സംഭവത്തില്‍ അച്ഛന്‍ ബാലകൃഷ്ണന്‍(67) സഹോദരന്‍ പ്രമോദ്(35) എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
സ്വര്‍ണ്ണപ്പണിയ്ക്ക് പോകുന്ന രതീഷ് അടുത്ത കാലത്തായി പണിയ്ക്ക് പോകാതെ മദ്യപിച്ചും ലഹരി ഉപയോഗിച്ചും വീട്ടില്‍ എന്നും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് വീട്ടുകാര്‍ പറയുന്നു. മദ്യപാനം കൂടിയതിനെ തുടര്‍ന്ന് രതീഷിനെ പാലക്കാട് ലഹരി വിമുക്ത കേന്ദ്രത്തിലാക്കി. ഒരു മാസത്തെ ചികിത്സക്കിടെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് മേലാര്‍കോട് പഞ്ചായത്തിലെ കരുതല്‍ വാസ കേന്ദ്രത്തിലേക്ക് രതീഷിനെ മാറ്റിയിരുന്നു. ഇവിടെയും മറ്റുള്ളവരുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ചിറ്റില്ലഞ്ചേരി കോഴിപ്പാടത്തെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
കോവിഡ് ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ച വൈകീട്ടോടെയാണ് രതീഷ് വീട്ടിലേക്ക് മടങ്ങിവന്നത്. മദ്യപിച്ചെത്തിയ രതീഷ് ലഹരി വിമുക്ത കേന്ദ്രത്തിലാക്കിയതിനെ ചൊല്ലി അച്ഛനോടും, സഹോദരനോടും വഴക്കിടുകയും അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ അച്ഛന്‍ നടക്കാന്‍ ഉപയോഗിക്കുന്ന വടികൊണ്ട് തല്ലിയെങ്കിലും വീണ്ടു അച്ചനെ മര്‍ദ്ദിക്കാനൊരുങ്ങിയപ്പോള്‍ സഹോദരന്‍ പ്രമോദ് രതീഷിനെ വടികൊണ്ട് അടിക്കുകയായിരിന്നുവെന്ന് പോലീസ് പറഞ്ഞു.
തലയ്ക്ക് അടിയേറ്റ രതീഷ് നിലത്തു വീണു. എന്നും വഴക്കുണ്ടാകുന്നതിനാല്‍ സമീപവാസികളാരും ശ്രദ്ധിച്ചില്ല. പിന്നീട് ചേരാമംഗലത്തുളള സഹോദരിയെ വിളിച്ചുവരുത്തി സമീപവാസികളും ചേര്‍ന്ന് ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.
പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, ആലത്തൂര്‍ എസി.ഐ. റിയാസ് ചാക്കേരി, എസ്.ഐ. ജിഷ് മോന്‍ വര്‍ഗീസ് എന്നിവര്‍ പരിശോധന നടത്തി.
കെ.എസ്.ആര്‍.ടി.സി ബസിനടിയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടില്‍ സണ്ണിയുടെയും ബിജിയുടെയും ഏകമകള്‍ സുബി ജോസഫ്(25) ആണ് മരിച്ചത്. വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിനു സമീപം ചൊവ്വാഴ്ച വൈകുന്നരം 5.35 ഓടെയാണ് അപകടം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
പ്രതിശ്രുത വരനൊപ്പം ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സുബി.ചങ്ങനാശ്ശേരി ഭാഗത്തേക്കു വരികയായിരുന്നു ഇരു വാഹനങ്ങളും. കുമളിയില്‍ നിന്നും കായംകുളത്തേക്കും പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് പൂവത്തുമൂടിനു സമീപത്തുവച്ച് ബൈക്കിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ ബൈക്ക് എഡ്ജില്‍ നിന്നും തെന്നിമാറുകയും പിന്നില്‍ ഇരുന്നു യാത്ര ചെയ്ത സുബി ബസിനടിയിലേക്ക് വീഴുകയും ബസിന്റെ പിന്‍ചക്രം സുബിയുടെ തലയിലൂടെ കയറുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്നും ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിന്റെ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ യഥാർത്ഥ ദൃശ്യങ്ങൾ അല്ല, മറ്റെവിടെയോ നടന്ന അപകട ദൃശ്യങ്ങൾ ആണ്. അപകടത്തെ തുടര്‍ന്ന് ബഹളംകേട്ട് നാട്ടുകാരും വഴിയാത്രക്കാരും ഓടിയെത്തിയെങ്കിലും തല പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും നാട്ടുകാര്‍ വിവരം അറിയിച്ചു. മുക്കാല്‍ മണിക്കൂറോളം മൃതദേഹം റോഡില്‍ കിടന്നു.
നാട്ടുകാര്‍ ചേര്‍ന്നാണ് യുവതിയുടെ മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റിയത്.അപകടത്തെ തുടര്‍ന്ന് മുക്കാല്‍ മണിക്കൂറോളം റോഡില്‍ വലിയ ആള്‍ക്കൂട്ടവും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. തൃക്കൊടിത്താനം പൊലീസും സംഭവസ്ഥലത്തെത്തിയാണ് ഗാതാഗതം നിയന്ത്രിച്ചത്. ചങ്ങനാശ്ശേരി ഫയര്‍ഫോഴ്‌സ് എത്തിയാണ് റോഡില്‍ തളം കെട്ടികിടന്ന രക്തവും ശരീര അവശിഷ്ടങ്ങളും കഴുകി മാറ്റി വൃത്തിയാക്കിയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
തെലങ്കാനയിൽ രണ്ടു വന്‍കിട പദ്ധതികൾ ആരംഭിക്കുന്നതിനുള്ള കരാറുകളിൽ കിറ്റെക്‌സ് ഒപ്പിട്ടത് കഴിഞ്ഞ ദിവസമാണ്. കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ചാണ് കിറ്റെക്സ് സംസ്ഥാനം വിട്ടതും. ഇതിനു പിന്നാലെ തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ.ടി.രാമറാവു ഒരു ചടങ്ങിൽ കിറ്റെക്സിനെക്കുറിച്ചും കേരളത്തെക്കുറിച്ചും നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
‘ഞാൻ സാബു എം.ജേക്കബിനെ ഹൈദരാബാദിലേക്ക് ക്ഷണിച്ചു. നേരിൽ വന്നുകണ്ട് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടു നിക്ഷേപം നടത്തിയാൽ മതിയെന്ന് പറഞ്ഞു. ആ ആഴ്ചതന്നെ വരാൻ അദ്ദേഹത്തെ നിർബന്ധിച്ചു. കോവിഡ് ആയതിനാൽ തെലങ്കാന സർക്കാർ സ്വകാര്യ വിമാനം അയയ്ക്കാമെന്നും പറഞ്ഞു. അത് സാബുവിന് വലിയ അദ്ഭുതമായി. കാര്യമായി തന്നെയല്ലേ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീർച്ചയായുമെന്ന് ഞാനും പറഞ്ഞു.
എങ്കിൽ വിമാനം അയച്ച് ക്ഷണിക്കുന്ന വിവരം കേരളത്തിലെ ജനങ്ങളോടും മാധ്യമങ്ങളോടും പറയട്ടെ എന്ന് സാബു എന്നോട് ചോദിച്ചു. തീർച്ചയായും പറയാം, പക്ഷേ ഒരു നിബന്ധനയുണ്ട്. കേരളത്തോട് ഇക്കാര്യം പറയുന്നത് വിമാനത്തിൽ കയറിയ ശേഷം മതി. അല്ലെങ്കിൽ കേരള സർക്കാർ നിങ്ങളുടെ വീടിനും ഓഫിസിനും മുന്നിൽവന്ന് സമരം ഇരിക്കും. നിങ്ങളെ പുറത്തേക്ക് വിടാൻ സമ്മതിക്കില്ല. അതു സംഭവിക്കരുത്. അതുകൊണ്ടു വിമാനത്തിൽ കയറിയ ശേഷം മാത്രം പറഞ്ഞാല്‍ മതി..’– രാമറാവു പറയുന്നു.
കിറ്റെക്‌സുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഓരോ സംഭവങ്ങളും നിമിഷങ്ങളും എണ്ണിയെണ്ണി പറഞ്ഞാണ് രാമറാവു സംസാരിക്കുന്നത്. സന്ദർശനത്തിനു പിന്നാലെ വാറങ്കലിലെ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെയും പദ്ധതികളുടെ കരാറിലാണ് കിറ്റെക്സ് ഒപ്പിട്ടത്. തെലങ്കാന സര്‍ക്കാരിന് വേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും കിറ്റെക്‌സിനു വേണ്ടി മാനേജിങ് ഡയറക്ടര്‍ സാബു എം.ജേക്കബുമാണ് ഹൈദരാബാദില്‍ കരാറില്‍ ഒപ്പിട്ടത്.
വ്യവസായ മന്ത്രി കെ.ടി.രാമറാവുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഒപ്പിടല്‍. വന്‍ ആനുകൂല്യങ്ങളാണ് തെലങ്കാനയില്‍ നിക്ഷേപത്തിനായി സര്‍ക്കാര്‍ കിറ്റെക്‌സിന് നല്‍കിയിരിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞിരുന്നു. ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ തുടര്‍ച്ചയായ പരിശോധനയെ തുടര്‍ന്നാണ് കിറ്റെക്‌സ് കേരളത്തില്‍ നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്‍വാങ്ങിയത്.
തുടര്‍ന്നു തെലങ്കാന ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചു. തെലങ്കാനയെ കൂടാതെ ഇന്ത്യയിലെ മറ്റ് 9 സംസ്ഥാനങ്ങളും ശ്രീലങ്ക, യുഎഇ, ബഹ്‌റൈന്‍, മൗറീഷ്യസ്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും കിറ്റെക്‌സിനെ നിക്ഷേപത്തിനായി ക്ഷണിച്ചിട്ടുണ്ട്. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണ രംഗത്തെ ലോകത്തിലെ രണ്ടാമത്തെ ബ്രാൻഡാണ് കിറ്റെക്‌സ്.
ബൈപാസ് റോഡില്‍ അപകടത്തില്‍പെട്ടു കിടന്ന സൈക്കിള്‍ യാത്രികന് രക്ഷകനായി മന്ത്രി റോഷി അഗസ്റ്റിന്‍. കൊല്ലം ബൈപാസിലെ കുരിയപ്പുഴ പാലത്തില്‍ സൈക്കിളില്‍നിന്നു വീണ കുരിയപ്പുഴ തെക്കേചിറ സ്വദേശി തുളസീധരനാണ് റോഡില്‍ ആരുടെയും സഹായം ലഭിക്കാതെ കിടന്നത്.
കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങവെയാണ് കുരിയപ്പുഴയില്‍ റോഡില്‍ വീണുകിടന്ന തുളസീധരനെ കണ്ടത്. മന്ത്രി, വാഹനത്തില്‍നിന്നിറങ്ങി ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്‌ഐ ധന്യയുടെ നേതൃത്വത്തിലുള്ള പോലീസ്, തുളസീധരനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചു.
തുളസീധരന്റെ പരിക്ക് ഗുരുതരമല്ലെന്ന് പറഞ്ഞ മന്ത്രി, റോഡില്‍ അപകടത്തില്‍പെട്ടു കിടക്കുന്നവരെ രക്ഷിക്കാന്‍ മടികാണിക്കരുതേ എന്നും ഓര്‍മ്മിപ്പിക്കുകയും ചെയ്തു. തുളസീധരനെ ആശുപത്രിയിലെത്തിക്കാന്‍ മറ്റു വാഹനങ്ങള്‍ക്ക് കൈകാണിച്ചിട്ട് നിര്‍ത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ വേളയിലാണ് മടികാണിക്കരുതെന്ന മന്ത്രിയുടെ അപേക്ഷ.
ഫലസ്തീൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ ഈഴവ വിഭാഗത്തിൽ നിന്നുള്ള സ്ത്രീയായിട്ടും സംസ്കരിച്ചത് പള്ളിയിലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇടുക്കി ജില്ലയിലെ കീരിത്തോട് ശാഖാ സെക്രട്ടറിയുടെ മകളാണ് സൗമ്യ. മാതാപിതാക്കൾ പൊന്നോമന പോലെ പഠിപ്പിച്ച യുവതി ക്രിസ്ത്യൻ ചെറുക്കനെ പ്രേമിച്ച് വിവാഹം ചെയ്യുകയാണുണ്ടായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർ രംഗത്തുണ്ടെന്ന് ഫാ. റോയ് കണ്ണൻചിറയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ നടത്തിയ റോക്കറ്റാക്രമണത്തിൽ മരിച്ച സൗമ്യയുടെ മൃതദേഹം അവിടെ നിന്നും ഇടുക്കിയിൽ എത്തിച്ചപ്പോൾ സംസ്കരിച്ചത് പള്ളിയിലാണ്. മാതാപിതാക്കൾ കഷ്ടപ്പെട്ടും താലോലിച്ചും വളർത്തിയ ഈഴവ സ്ത്രീയെ പ്രേമിച്ചാണ് ക്രിസ്ത്യാനിയായ അവൻ കൊണ്ട് പോയത്. സൗമ്യയുടെ മരണത്തിന് പിന്നാലെ ഇസ്രായേൽ സർക്കാർ ഇഷ്ടം പോലെ സാമ്പത്തിക സഹായങ്ങൾ ആ വീട്ടിൽ നൽകുകയും ചെയ്തു. എന്നാൽ അച്ഛനും അമ്മയ്ക്കും വളർത്തിയതിൻ്റെ പേരിൽ സൗമ്യയുടെ ഭർത്താവ് എന്തേലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
സൗമ്യയുടെ പേരിൽ ലഭിച്ച പണം ഭർത്താവ് മാത്രമാണ് എടുത്തത്. വെറുതേ വീട്ടിലിരുന്ന ഭർത്താവ് ഭാര്യയുടെ ശമ്പളം വാങ്ങി ജീവിക്കുകയായിരുന്നുവെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കി. ഇല്ലായ്‌മ ചൂഷണം ചെയ്ത് ഈ രാജ്യത്ത് ഏറ്റവുമധികം മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. ക്രിസ്ത്യൻ വിഭാഗത്തിലെ മിഷണറിമാർ മതംമാറ്റം നടത്തുന്നുണ്ട്. മുസ്ലീം വിഭാഗത്തേക്കാൾ മതം മാറ്റം നടത്തിയത് ക്രിസ്ത്യൻ വിഭാഗത്തിലെ മിഷണറിമാരാണ്. ഈ സാഹചര്യത്തിൽ മുസ്ലീം വിഭാഗത്തെ മാത്രം ലക്ഷ്യമാക്കി പ്രസ്താവന നടത്തുന്നത് ശരിയല്ല. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. സത്യം തുറന്ന് പറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും മതപരിവർത്തനം നടത്തുന്നില്ല. ഇന്ത്യയിലെ മിഷണറി പ്രവർത്തനം മൂലം നിരവധി പേരാണ് മതപരിവർത്തനത്തിന് ഇരയായത്. അതിനാൽ മതപരിവർത്തനം ലൗ ജിഹാദ് വിഷയങ്ങളെക്കുറിച്ച് പറയുമ്പോൾ തന്നെ ഏറ്റവുമധികം മതപരിവർത്തനം നടത്തിയ ക്രിസ്ത്യൻ വിഭാഗമാണെന്ന് പറയുന്നതിൽ യാതൊരു സംശയവും വേണ്ട. ലൗ ജിഹാദ് മുഖേനെ ഒരാളെ കൊണ്ടു പോയെന്ന് ഹൈലേറ്റ് ചെയ്യുമ്പോൾ മറ്റേത് എന്തുകൊണ്ടാണ് പറയാതിരിക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഈ സത്യങ്ങളെല്ലാം തുറന്ന് പറയുമ്പോൾ ഞങ്ങൾ വർഗീയവാദികളും മറ്റുള്ളവർ ദേശിവാദികളുമാകും. ന്യൂനപക്ഷ വിഭാഗം ദേശീയ രാഷ്ട്രീയ പാർട്ടികളെ മുൾമുനയിൽ നിർത്തുകയാണ്. ന്യൂനപക്ഷം എന്ന് പറഞ്ഞുകൊണ്ട് രാജ്യത്തിൻ്റെ ഖജനാവ് മുഴുവൻ ചൊർത്തിക്കൊണ്ട് പോകുകയാണ്. സംഘടിച്ച വോട്ട് ബാങ്കായി നിലകൊണ്ട് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് അർഹതപ്പെട്ടതും അതിൻ്റെ കൂടുതലും ഈ വിഭാഗക്കാർ സ്വന്തമാക്കാൻ പോകുകയാണ്. ഈ പശ്ചാത്തലത്തിൽ മറ്റ് പിന്നാക്ക, പട്ടികജാതി – വർഗ സമുദായത്തിന് എന്ത് നീതി കൊടുത്തെന്ന് പരിശോധിക്കട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംഘടിത വോട്ട് ബാങ്കിന് മുന്നിൽ മുഴുവൻ രാഷ്ട്രീയ പാർട്ടികളും സാഷ്ടാംഗം പ്രണാമം നടത്തുകയാണ്. ജനാധിത്യത്തിൽ വോട്ടിനാണ് പ്രാധാന്യം. ദീപികയുടെ തലപ്പത്തിരുന്ന ഫാ. റോയി കണ്ണൻ ചിറ പറഞ്ഞത് സംസ്ക്കാരത്തിന് നിരക്കാത്ത കാര്യമാണ്. ഒരു മുതിർന്ന വൈദികൻ്റെ ഭാഗത്ത് നിന്നുമാണ് ഈഴവ വിഭാഗത്തിനെതിരെ പരാമർശം ഉണ്ടായത്. അദ്ദേഹത്തെ പദവിയിൽ നിന്നും നീക്കുകയാണ് ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈഴവ വിഭാഗത്തിലേക്കാണോ ഈഴവ വിഭാഗത്തിൽ ക്രിസ്ത്യൻ വിഭാഗത്തിലേക്കാണോ കൂടുതൽ പേർ പോയതെന്ന് കണക്കെടുത്ത് പരിശോധിക്കാം. ലൗ ജിഹാദ് കൂടുതൽ നടത്തുന്നത് ക്രിസ്ത്യാനികളാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ബി.ജെ.പിയിൽ അവഗണന നേരിടുന്നതായി പരാതിയുമായി പ്രമുഖർ രംഗത്ത്. മെട്രോമാൻ ഇ. ശ്രീധരനും മുൻ ഡി.ജി.പി ജേക്കബ് തോമസും ബി.ജെ.പി അവഗണനയിൽ അതൃപ്തി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയിൽ ചേർന്ന പല പ്രമുഖരെയും അവഗണിക്കുന്നതായാണ് പരാതി.
അതേസമയം, തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയെ തുടർന്ന് സംഘടനാ തലത്തിൽ സമഗ്ര അഴിച്ചുപണിക്ക് ഒരുങ്ങി ബി.ജെ.പി. സംസ്ഥാനത്തെ 5 ജില്ലാ അദ്ധ്യക്ഷന്മാരെ മാറ്റാനാണ് തീരുമാനം. കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലാ പ്രസിഡന്റുമാർക്കെതിരെ നടപടിയുണ്ടാകും. തിരുവനതപുരത്ത് വി വി രാജേഷ് മാറാൻ സന്നദ്ധത അറിയിച്ചു. എന്നാൽ തിരുവനന്തപുരത്ത് നേതൃമാറ്റം ഉടൻ വേണ്ടെന്നാണ് കോർ കമ്മിറ്റിയുടെ അഭിപ്രായം. ജില്ലാ പ്രസിഡന്റുമാരെ മാത്രമല്ല എല്ലാ ഘടകങ്ങളിലും നേതാക്കളെ മാറ്റാനും നിർദേശമുണ്ട്.
ബിജെപി കോർ കമ്മിറ്റി യോഗത്തിൽ വി മുരളീധരനെതിരെ രൂക്ഷവിമർശനമാണ് കൃഷ്ണദാസ് പക്ഷം ഉന്നയിച്ചത്. മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു എന്ന് കൃഷ്ണദാസ് പക്ഷം ആരോപിച്ചു. യോഗത്തിൽ സുരേന്ദ്രൻ ഏകപക്ഷീയമായി നിലപാട് എടുക്കുന്നു എന്നും വിമർശനം ഉയർന്നു.